Wednesday, February 20, 2008

ഒറപ്പ്‌ന്ന്യായിരുന്നു ഗോപാലന്‌

(പ്രിയ സുഹൃത്തുക്കളെ.. മലയാളം ബ്ളോഗിംഗിന്‍റെ പൂമുഖത്തേക്ക്‌ ഞാനും കാല്‍വക്കുകയാണ്‌. മിക്കബ്ളോഗുകളും വായിക്കാറുണ്ടെങ്കിലും ജോലിത്തിരക്കുകാരണം കമന്‍റിടാന്‍ കഴിയാറില്ല. ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ബ്ളോഗ്‌ മാധ്യമത്തില്‍ ഒരു കുരുന്നു കൈനീട്ടം ഞാനും വക്കുന്നു. 'എന്‍റെ ശിഖരവേരുകള്‍' എന്ന കഥാസമാഹാരത്തിലെ ഒരു കഥ തന്നെ ആദ്യമായി പോസ്റ്റുന്നു.. അനുഗ്രഹിക്കുക )

. "എന്തിനാ ഗോപാലാ നീ വേലീലെ പാമ്പിനെ എടുത്ത്‌ തോളിമ്മേലിടണത്‌?" സരസ്വതി ടീച്ചര്‍ കുട്ടിക്കാലത്ത്‌ ന്നെ ഉപദേശിച്ചീര്‍ന്നതല്ലേ? ന്ന്ട്ടീ ഗോപാലന്‍ നന്നായോ? "

ഇല്ല. ആവില്ല. ഇവനൊക്കെ എങ്ങിനെ നേരെ ആവാനാ?

ഗുരുതംന്ന് പറേണത്‌ കണി കാണാന്‍ കിട്ട്വോ ഇവന്‍റെ തലേമ്മില്‌" അമ്മ പറഞ്ഞീര്‍ന്നതാരിയുന്നു ശരി. അതോണ്ട്ന്ന്യാവും ഇങ്ങിനെ കിടന്ന് നരകിക്കണത്‌. കൈയ്യും കാലും അനക്കാന്‍ പറ്റാണ്ട്‌ തരിച്ച്‌ കെടക്ക്വാണ്‌. തരിപ്പ്‌ മാറണ ഭാഗത്തൊക്കെ കടിച്ചു കീറണ്‌ണ്ട്‌ വേദനേടെ അണലി പാമ്പുകള്‌. കൂടെ തണുപ്പിന്‍റെ കാരമുള്ളുകളും. മരണത്തിന്‍റെ തണുപ്പന്ന്യാണോ ഇത്‌?. അതിന്‍റെ ഇരുട്ടന്ന്യാണോ ചുറ്റും കട്ടപിടിച്ചു കിടക്കണത്‌?. അതോ കണ്ണു പൊട്ടിയതാണോ?. ഒന്നും അറിയാന്‍ പറ്റ്‌ണില്ല്യ.

എവിട്യോ വെള്ളം വീഴണ ചെത്തം മാത്രം കേക്ക്‌ണുണ്ട്‌. കനാലാണോ? അഴുക്കു ചാലാണോ? എന്ത്‌ പണ്ടാരായാലും വേണ്ടില്ല്യ, ഒരിറ്റ്‌ തൊണ്ട നനക്കാന്‍ കിട്ടീര്‌ന്നെങ്കില്‌. ആഗ്രഹിച്ചത്‌ കിട്ടാന്‍ എന്നെങ്കിലും ഭാഗ്യംണ്ടായിട്ടുണ്ടോ ഈ ഗോപാലന്‌?

ഇല്ല്യാന്ന് തീര്‍ത്ത്‌ പറയാനും പറ്റില്ല്. കുറേ കൊല്ലങ്ങള്‍ക്കു മുമ്പ്‌ ഒരിക്കല്‌ ഗോപാലനും അങ്ങിനെ തോന്നീട്ട്‌ണ്ടായിരുന്നു.

"കോപാലേട്ടാ, പെണ്ണിനെ ഞമ്മ കണ്ടൂട്ട്വാ. ഒരു പയ്യ്‌ക്കുട്ടീന്‍റെ മട്ടും ചൊടീം. കസ്‌റ്‌ണുണ്ട്‌. ഉസ്ക്കൂളിലൊക്കെ പോയതാണത്രെ, തെരണ്ടണേന്‌ മുമ്പ്‌. ബാക്യം ന്ന്ല്ലാണ്ട്‌ എന്താ പറയ്യ്വാ... " ക്ളീനര്‍ അപ്പുക്കുട്ടന്‍ ഓസില്‍ കിട്ടിയ കള്ളിനു സ്തുതി പാടിയതായിരുന്നില്ല. അങ്ങിനേന്ന്യാരുന്നു അവള്‌. എന്നാല്‍ ഇപ്പോളോ?

"സോക്കേട്‌ പിടിച്ച കൊടിച്ചി പട്ടീന്‍റെ മാതിരീണ്ടല്ലോ" ന്ന് മണ്ണാത്തി പറേണത്‌ കാതോണ്ട്‌ കേട്ടതാ ഗോപാലന്‍, ആസ്പത്രീന്ന് വരുമ്പോ, പൊഴ കടക്കണ നേരത്ത്‌. മൂത്താച്ചി പറയാറുള്ള മറുത തന്ന്യാണോ ആ ദൂരെ കാണണത്‌.. മാറില്‍ തലയോട്ടി മാല, ഭസ്മം പൂശിയ ശരീരം. ചൂട്ട്‌ കത്തിച്ചു നൃത്തം ചവിട്ടുന്ന മറുത. ഭൂമി കുലുക്കിക്കൊണ്ട്‌ പാഞ്ഞു വരികയാണ്‌ മരണത്തിന്‍റെ കാട്ടുമറുത.

എന്തൊരു സ്പീഡാ!. ന്നാലും തീവണ്ടീടെ വിളക്കിന്‌ ഇത്ര വെളിച്ചം ണ്ടാവ്വോ!. പകലു പോലെ തെളിഞ്ഞു കണ്ടു. അറ്റുപോയ തലേം വെളുമ്പന്‍ എല്ല് തുറിച്ചു നില്‍ക്കണ മുട്ടോളം മുറിഞ്ഞ ചുവന്ന കാലും തൊട്ടു മുമ്പിലെ കുറ്റിച്ചെടീമ്പ്‌ല്‌ ഒടക്കി കിടക്കണത്‌. അവന്‍റെ കാലന്ന്യാവും. ഒറപ്പ്‌ന്ന്യായിരുന്നു ഗോപാലന്‌. "ഗോപാലന്‍റെ ഒറപ്പ്‌" നാട്ടുകാരുടെ മുഖത്ത്‌ ചിരിയാ വിരിഞ്ഞീര്‌ന്നത്‌.

"എട്ട്‌ അധികം എട്ട്‌. എത്രയാ ഗോപാലാ?"എന്തുത്തരം പറഞ്ഞാലും ടീച്ചര്‍ ചോദിക്കുമായിരുന്നു. "ഉറപ്പാണോ ഗോപാലാ?" സംശയക്കടലില്‍ മുങ്ങിപ്പൊങ്ങുമ്പോള്‍ കാണുന്ന ഉത്തരങ്ങളിലൊക്കെ മാറിമാറി പിടിക്കുകയല്ലാതെന്തു ചെയ്യാന്‍? നാലാം ക്ളാസിലെ കൂട്ടച്ചിരിയില്‍ മുങ്ങിനിവര്‍ന്ന് ടീച്ചര്‍ പറയുമായിരുന്നു

"വല്ല്യേ തറവാട്ടില്‍ നിന്നൊക്കെ ആണെങ്കിലും തലേല്‌ ഒത്തിരി ദാരിദ്ര്യം ആണല്ലോ ഗോപാലാ?"

"ഒറപ്പ്‌ ന്ന്യാ ടീച്ചറേ " സത്യം അംഗീകരിക്കാന്‍ ഗോപാലനൊരിക്കലും മടി കാണിച്ചിട്ടില്ല.

ആറാം ക്ളാസീന്ന് കരകയറാന്‍ പറ്റാണ്ട്‌ ആയപ്പളാ പൊസ്തകസഞ്ചി വലിച്ചെറിഞ്ഞ്‌ കൊടിപിടിക്കാന്‍ പോയത്‌. വിപ്ളവത്തിന്‍റെ കൊടി. അതോണ്ടും നേട്ടംണ്ടായി. ഉത്തരങ്ങള്‌ മാറ്റാണ്ടെ ആദ്യ ഉത്തരത്തില്‍ കണ്ണടച്ച്‌ വിശ്വസിക്കാന്‍ പഠിച്ചു. അതിലൊറച്ച്‌ നില്‍ക്കാന്‍ പഠിച്ചു. അതിനെ ശരിയെന്നു സമര്‍ഥിക്കാന്‍ പഠിച്ചു. പിന്നീട്‌ പരസ്യമായി വിപ്ളവ വീര്യം കുടിച്ചു തുടങ്ങിയ കാലത്തണ്‌ മരണം ആദ്യമായി തന്‍റെ കറുത്ത മുഖം കോട്ടി കൊഞ്ഞനം കുത്തിയത്‌.

പടിയടച്ച്‌ പിണ്ഡത്തിന്‍റെ രൂപത്തില്‍.

വീട്ടുകാര്‍ക്ക്‌ നഷ്ടപ്പെട്ടതൊരു പുകഞ്ഞ കൊള്ളി. ഇല്ലം മുടിക്കാന്‍ കുലച്ച മുച്ചീര്‍പ്പന്‍.

മറിച്ച്‌ ഗോപാലനോ.. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, വീട്‌, പറമ്പ്‌... എല്ലാം ഒറ്റയടിക്കില്ലാണ്ടായി.

പിണ്ഡസദ്യ കൂട്ടുകാരന്‍റെ ശീലക്കുടയില്‍ വരുത്തി വായനശാലയുടെ മുന്നിലിരുന്ന് വെട്ടിവിഴുങ്ങുമ്പോള്‍ നാട്ടുകാര്‍ കണ്ണുതുറിച്ച്‌ നോക്കിക്കണ്ടു. യഥാര്‍ഥ വിപ്ളവം. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയും അതുതന്നല്ലെ ചെയ്തത്‌. പിണ്ഡസദ്യ നടത്തിയില്ലെന്നു മാത്രം.

കൊടി വലിച്ചെറിഞ്ഞു വളയം പിടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജീവിതം പച്ചപിടിക്കുമെന്ന് ഉറപ്പ്‌ന്ന്യായിരുന്നു ഗോപാലന്‌.

അതിനുവേണ്ടി തന്ന്യാ ശപഥം ചെയ്തത്‌., ഹൈവേയിലെ തട്ടുകടയുടെ പിന്നാമ്പുറത്തേക്ക്‌ പൂവില്ല്യാന്ന്. ന്ന്ട്ട്‌ എന്താ ണ്ടായത്‌?

"തുമ്മല്‌ വന്നാ പിടിച്ചു വെക്കാമ്പറ്റ്വോ അളിയാ.. അതുപോലന്നല്ലേ ഇതും. കുപ്പായം ശരിക്കിട്ടാ മതി ആശാനെ. അസുഖങ്ങള്‌ അടുക്കാന്‍ കൂട്ടാക്കില്ല. ടീവീലൊക്കെ ഇടയ്ക്കിടെ പറേണതല്ലേ.. വല്യ വല്യ സിനിമാനടന്‍മാരു വരെ.. "

ഡ്രൈവര്‍മാര്‍ വച്ചുനീട്ടിയ ധൈര്യം കോപ്പയില്‍ നിന്ന് തൊണ്ടകത്തിച്ചുകൊണ്ട്‌ സിരകളിലേക്ക്‌ പാഞ്ഞപ്പോള്‍ അവരിലൊരാളുടെ പോക്കറ്റില്‍നിന്ന് കുപ്പായവുമെടുത്ത്‌ തട്ടുകടയുടെ പിന്നിലേക്ക്‌ നടക്കുമ്പോള്‍ ഒറപ്പ്‌ന്ന്യായിരുന്നു ഗോപാലന്‌, ഇതൊരു ശീലം ആവില്ലാന്ന്. അസുഖം വരില്ല്യാന്നും.

പക്ഷേ അത്രയ്ക്കുറപ്പ്‌ കുപ്പായങ്ങള്‍ക്കുണ്ടായിരുന്നോ?

"ഉറപ്പ്‌ന്നല്ലേ, അങ്ങിനെ എവിടേം കേറി നെരങ്ങീട്ടില്ല്യാന്ന്? പ്രത്യേകിച്ച്‌ കുപ്പായം ഇടാണ്ട്‌? ഇടാങ്ങേറാക്കണ കൊറേ സൊഖക്കേടൊക്കെ ഉള്ള കാലാത്രെ ഇത്‌. സൂചി വെക്കുമ്പളും നോക്കണത്രെ, പുത്യേതല്ലേന്ന്. അതോണ്ടാ ചോദിക്കണത്‌"ആദ്യരാത്രീല്‌ പയ്യ്‌ക്കുട്ടീന്‍റെ ചോദ്യത്തിന്‌ നിഷേധ മറുപടികൊടുത്തത്‌ കുപ്പായത്തിന്‍റെ ഉറപ്പിലായിരുന്നു.

ഏനക്കേടില്ലാണ്ട്‌ കാലം കുറച്ചങ്ങ്‌ട്‌ പോയിസ്ളേറ്റില്‌ നെറച്ച്‌ മാര്‍ക്കും വാങ്ങി വന്നീര്‍ന്നതാ മോള്‌. ന്ന്ട്ട്‌ വല്ല്യേ ക്ളാസിലു തോറ്റു.

അതെങ്ങിന്യാ തോല്‍ക്കാണ്ടിരിക്ക്യാ.

അമ്മേടെ ദീനം മാറാണ്ട്‌ മോളെങ്ങിന്യാ സമാധാനായി വായിക്ക്വാ?

പറമ്പില്‌ കഷായക്കുപ്പ്യോള്‌ നിറഞ്ഞപ്പോ മോളന്ന്യാ പറഞ്ഞത്‌, ടൌണിലെ ആസ്പത്രീല്‌ കൊണ്ടോണംന്ന്.

"അമ്മേടെ അസുഖം മോള്‍ക്ക്‌ ഉണ്ടാവണമെന്നില്ല. അതെനിക്കറിയാം. പക്ഷേ എന്‍റെ കുട്ടികള്‍ അല്ലല്ലോ അവിടെ പഠിക്കാന്‍ വരണത്‌. അതോണ്ട്‌ ദയവായി മോളെ ഇനി സ്ക്കൂളില്‍ പറഞ്ഞയക്കരുത്‌. അങ്ങോട്ട്‌ കയറ്റില്ല ഞങ്ങള്‌. മനസ്സിലാവുന്നുണ്ടല്ലോ?"അതിന്‍റെ മൂന്നാം പക്കം നമ്പീശന്‍ മാഷ്‌ പടിക്കല്‍തന്നെ നിന്ന് കനപ്പിച്ച്‌ പറഞ്ഞു. അതുകേള്‍ക്കേണ്ട താമസം, നാട്ടുകാരൊത്തു കൂടീല്ലേ മുറ്റത്ത്‌.?

പഞ്ചായത്ത്‌ കെണറ്റീന്ന് വെള്ളം തെക്കണ്ടാന്ന് പറഞ്ഞപ്പോ ആരെങ്കിലും ണ്ടായ്യോ ഗോപാലന്‍റെ പക്ഷം പറയാന്‍?.

അന്ന് വൈകുന്നേരം ലോറീന്‍റെ താക്കോല്‌ തിരിച്ചു മേടിച്ചു കുഞ്ഞുമുതലാളി. നെഞ്ച്‌ പൊളിക്കണ സങ്കടത്തിനൊരറുതി ആവട്ടേന്ന് കരുതീട്ടാ ഷാപ്പില്‍ കേറീത്‌. "ഇവിടത്തെ പറ്റൊന്നും തരേണ്ടാ. പക്ഷേങ്കില്‌ ഇനി മോന്താന്‍ വരരുത്‌. കാലുപിടിക്കാം. ന്‍റെ കച്ചോടം പൂട്ടിക്കരുത്‌"

മുഖത്ത്‌ നോക്കാണ്ടാണ്‌ പറഞ്ഞതെങ്കിലും ചെല്ലപ്പന്‍റെ കണ്ണു നനഞ്ഞത്‌ കാണാണ്ടിരുന്നില്ല.

അന്ന് മോന്തിക്ക്‌ എല്ലാരും കൂട്യാ തീരുമാനിച്ചത്‌., കൊട്ടക്കായേന്‍റെ വിഷം കലക്കി മോന്താന്‍.

അതിനന്ന്യാ ചക്കരപ്പയസം ഉണ്ടാക്കീതും.

ആദ്യം മോളാ പായസം എടുത്തത്‌.

അമ്മിഞ്ഞപ്പാലില്‌ വിഷം കലരോ? ഇല്ല. ഒരു തള്ളേടെ മനസ്‌ ശരിക്കും കണ്ടത്‌ അപ്പോളാ. എന്തിനാ തള്ളേനെ പറയണത്‌. ഗോപാലന്‍റെ ചങ്കു പിടച്ചില്ലേ.. എന്നുങ്കണ്ട്‌ പെമ്പിള്ളാരെ ഒറ്റക്ക്‌ വിടാന്‍ പറ്റിയ നാടാ ഇത്‌?

സൂര്യനെല്ലി, കവിയൂറ്‍, കിളിരൂറ്‍.. ഹോ ഓര്‍ക്കാനേ വയ്യ!വീട്ടുകാരുടേം പാര്‍ട്ടിക്കാരുടേം ഭ്രഷ്ട്‌ ഈ ഗോപാലന്‍റെ ഒരു പുല്ലും പറിച്ചില്ല്യാ.. പിന്ന്യാ ഈ നാട്ടുകാര്‌.

വെളുക്കു മുന്നേ സ്ഥലം കാലിയാക്കി. ഫാസ്റ്റ്‌ ബെസില്‌.

പട്ടണത്തിലെത്തിയപ്പോ രക്ഷപെട്ട ആശ്വാസം.

മെക്കിട്ട്‌ കേറണ പേപ്പട്ടികളില്‍ നിന്നും കുറെ ദൂരെ എത്തീല്ല്യേ?

"രപ്തി സാഗര്‍ എക്സ്‌പ്രസ്‌ ഖൊരക്ക്‌പ്പൂറ്‍ വരേ പോകുള്ളൂ.." മോള്‍ക്ക്‌ വേണ്ടീര്‍ന്നത്‌ ലോകത്തിന്‍റെ അങ്ങേ തലയ്ക്കലേക്കുള്ള ടിക്കറ്റായിരുന്നു.

രണ്ടാം ദിവസം ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ തിരക്കു കുറഞ്ഞു. ഒരു ഹിന്ദിക്കാരനെന്തോ ചോദിക്ക്‌ണ്‌ണ്ടായിരുന്നു.

അയാളുടെ കമ്പിളി ഉടുപ്പില്‌ തൊട്ടോണ്ട്‌. ഇപ്പളാ അത്‌ പിടി കിട്ടണത്‌. ന്നാലും ഇത്ര തണുപ്പുള്ള സ്ഥലങ്ങള്‌ണ്ടാവും ന്ന് നിരീച്ചതേ അല്ല.

കുന്തം കൊണ്ടുള്ള കുത്താ. അകത്ത്‌ന്ന് വെശപ്പും പൊറത്ത്‌ന്ന് തണുപ്പും.

എങ്ങിന്യാ ഉറക്കം വര്‌വാ?

അതോണ്ട്‌ മറ്റുയാത്രക്കാരെപ്പോലെ ബഹളം കേട്ട്‌ എണീറ്റതായിരുന്നില്ല ഗോപാലനും കുടുംബവും, ആ അര്‍ദ്ധരാതിക്ക്‌.

അഞ്ചാറു പേരുണ്ടാരുന്നു അവര്‌.

ഹിന്ദീെല്‌ എന്തൊക്കെയോ അലറിക്കൊണ്ട്‌. ഒക്കെ ചെറുപ്പം പിള്ളാര്‌.

തോക്കും കത്തീം ഒക്കെ ആയിട്ടാ.. പാവം യാത്രക്കാര്‌. എന്ത്‌ ചെയ്യാന്‍ കഴിയും അവര്‍ക്ക്‌.? കാശിന്‌ പുറമേ വാച്ചും വളേം എന്തിന്‌, താലിമാല വരെ പൊട്ടിച്ചെടുക്ക്‌ണ്‌ണ്ടായിരുന്നു തെമ്മാടികള്‌. അതുപോലും ഉണ്ടായിരുന്നില്ലല്ലോ ഭാര്യേടെ കഴുത്തില്‌?

തീവണ്ടീടെ ടിക്കറ്റായി മാറീല്ല്യേ അത്‌? അതിന്‍റെ ദേഷ്യം തീര്‍ക്കാനവും അവര്‌ മോളേ കേറി പിടിച്ചത്‌.

എന്നാലും അവള്‍ടെ ധൈര്യം! വിശ്വസിക്കാന്‍ പറ്റ്‌ണില്ല്യ.

തന്നെ പിടിച്ചവന്‍റെ ആണത്തത്തിനിട്ടു ചവിട്ടുമ്പോള്‍ കൊട്ടക്കായ കണ്ട മുഖമേ ആയിരുന്നില്ല അത്‌. ചവിട്ടു കൊണ്ടവന്‍ നിവരുന്നതിനു മുമ്പേ വാതില്‍ക്കലേക്കോടിയ അവള്‍ ഒന്നു തിരിഞ്ഞുപോലും നോക്കാതെയാ വണ്ടീന്ന് പുറത്തെ ഇരുട്ടിലേക്കൂളിയിട്ടത്‌.

മോള്‌ കാണിച്ച സാഹസത്തിന്‍റെ ശിക്ഷകൂടെ അമ്മക്കേറ്റു വാങ്ങേണ്ടിവന്നു. സ്വന്തം ഭാര്യയെ തുണിപറിച്ച്‌ കക്കൂസിലേക്ക്‌ വലിച്ചോണ്ട്‌ പോണത്‌ ആര്‍ക്കാ സഹിക്ക്യാ. സകല ശക്തിയുമെടുത്ത്‌ പൊരുതി ഭ്രാന്തെനെപ്പോലെ.

ഒടുവില്‍ പരാജയത്തിന്‍റെ വക്കിലെത്തിയപ്പോ കൈയില്‍ കിട്ടിയ ഒരുത്തനെ കൂട്ടിപ്പിടിച്ച്‌ പുറത്തേക്ക്‌ ചാടി. ആ തെമ്മാടിയുടെ ശരീരമാണ്‌ ചിതറിക്കിടക്കുന്നത്‌.

മറ്റു തെമ്മാടികള്‍ തീവണ്ടിയിലെ കക്കൂസില്‍ വച്ച്‌ ഊഴമിട്ട്‌ തങ്ങളുടെ മരണസര്‍ട്ടിഫിക്കറ്റിലൊപ്പിട്ടിരിക്കാം.

സ്വയമെടുക്കുന്ന വിഷ ഇന്‍ജക്ഷന്‍!

പിന്നീട്‌ സാവധാനമെത്തുന്ന മരണം. രോഗാണുക്കള്‍ തുടങ്ങുന്നതിനു മുമ്പേ നാട്ടുകാരത്‌ നടത്തിയിരിക്കാം.. മരണം ചങ്കില്‍ പിടി മുറുക്കിക്കഴിഞ്ഞു.

പിറുപിറുക്കാന്‍ പോലും കഴിയാതായിരിക്കുന്നു.

കാട്ടുമറുതകള്‍ നേരം തെറ്റി ഓടുന്ന ആ കുറ്റിക്കാട്ടില്‍ ചലനമറ്റ്‌ കിടക്കുമ്പോള്‍ മോക്ഷം കിട്ടുമെന്ന് ഒറപ്പ്‌ന്ന്യായിരുന്നു ഗോപാലന്‌.

------------------------------

പുഴ.കോമില്‍ പുതിയ കവിത “വേദനയുടെ വിവാഹം”