Tuesday, September 23, 2008

സുനാമി

ഒറ്റക്കിരുന്ന്‌ ചെതുമ്പിക്കുമ്പോഴാണ്‌ ഓര്‍മ്മകളുടെ വേലിയേറ്റമുണ്ടാകുന്നത്‌. ചിന്തകളുടെ കുത്തൊഴുക്കിനു ശക്തി കൂടുന്നത്‌. 'ഇനിയെന്ത്‌?' എന്ന ചോദ്യം കൂടെക്കൂടെ അസ്വസ്ഥതയുടെ തല ഉയര്‍ത്തുന്നത്‌. ഉത്കണ്ഠ വരിഞ്ഞു മുറുക്കുന്നത്‌. പിന്നെ ആശ്വാസം ലഭിക്കാന്‍ തത്ത്വചിന്തകളുടെ നൂലാമാല നിറച്ചുണ്ടാക്കിയ ഏതെങ്കിലും തലയിണ തപ്പിയെടുത്ത്‌ കണ്ണടച്ച്‌ അതിലേക്ക്‌ തല ചായ്ക്കേണ്ടി വരും. ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഞാനല്ലെന്ന്‌ സ്വയം വിശ്വസിപ്പിക്കേണ്ടി വരും. പലതും മൊത്തമായെടുത്തു വിധിയുടെ പിടലിക്കു കെട്ടേണ്ടി വരും.

എങ്കിലും ഈയിടെയായി അറിയുന്നു, ചെതുമ്പിക്കാതിരിക്കാന്‍ ചിന്തകള്‍ സഹായിക്കുമെന്ന്‌. ഓര്‍മ്മകള്‍ ചിന്തക്കു വളം ആകുമെന്നും. അതു മാത്രമല്ല, ഓര്‍മ്മകളിലൂടെ അലയാനും ഒരു രസമുണ്ട്‌. ഒരുപക്ഷേ അവയൊക്കെ വേദനയും വിഷമങ്ങളും ചാലിച്ചു ചേര്‍ത്തതാണെങ്കില്‍ പോലും.

വസന്തയുടെ കൂരയില്‍ താമസിക്കുന്ന കാലത്തെ ഓര്‍മ്മകളാണ്‌ ഏറെയും. അവളുടെ കൂടെ ആ മരക്കട്ടിലില്‍ കിടന്നിരുന്ന കാലം. ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. ഞങ്ങള്‍ നൂറുപേര്‍ ഒന്നിച്ച്‌ ഒരു കടലാസില്‍....

അക്കാലത്ത്‌ അങ്ങാടിയില്‍ സുലഭമായിരുന്ന ഒരു തിരുമ്പ്‌ സോപ്പിന്‍റെ മണമായിരുന്നു വസന്തക്ക്‌. അവളുടെ കെട്ടിയവനും കുട്ടികള്‍ക്കുമാവട്ടെ വസന്തയുടെ മണമാണ്‌ കൂടുതലും. തോരാതെ കിട്ടുന്ന സ്നേഹത്തിന്‍റെ മണം. എനിക്കും പകര്‍ന്നു കിട്ടിയിട്ടുണ്ട്‌, ആ മണം.

അയല്‍ വീടുകളില്‍ വീട്ടു പണിക്കും അത്യാവശ്യം പാടത്തു പണിക്കുമൊക്കെ പോകുമെങ്കിലും കിട്ടുന്ന ഇടവേളകളില്‍ അവള്‍ കൂരയിലേക്കോടിയെത്തും. ഇളയ കുട്ടിയെ മുലയൂട്ടും. മൂത്തവളുടെ മുടി ചീകി പേനെടുക്കും. അല്ലെങ്കില്‍ അവളുടെ സ്ളേറ്റില്‍ മഷിത്തണ്ടു തേച്ച്‌ മിനുക്കും. കെട്ടിയവനു വേണ്ടി പിഞ്ഞാണത്തില്‍ മാറ്റി വെച്ച പഴങ്കഞ്ഞിയില്‍ മോരും കാന്താരി മുളകും ഞെരടി ചേര്‍ക്കും. അതിനു വേണ്ടി പണിക്കു ചെല്ലുന്ന വീടുകളില്‍ നിന്ന്‌ അല്‍പം മോര്‌ ഇരന്നു വാങ്ങാനും അവള്‍ക്ക്‌ മടിയില്ല. പകലന്തിയോളം പൊരിവെയിലില്‍ പണിയെടുക്കുന്ന കെട്ടിയവനെ രാത്രിയില്‍ ഉഷ്ണമൂത്രത്തിന്‍റെ പിടിയില്‍ നിന്നു രക്ഷിക്കാന്‍ മോരിനു മാത്രമേ കഴിയൂ എന്നു അവള്‍ക്കറിയാം.

ചെറിയൊരു സമയത്തിന്‍റെ ആ ഇടവേളകള്‍ എപ്പോഴും അവസാനിക്കുന്നത്‌ ഒരേ രീതിയിലാണ്‌. അയയില്‍ നിന്നും ഒറ്റമുണ്ട്‌ വലിച്ചെടുത്ത്‌ അതിന്‍റെ കോന്തല എളിയില്‍ കുത്തി സാരി പോലെ വലിച്ചു ചുറ്റി അവള്‍ ഓടും. പാടത്തേക്ക്‌, അല്ലെങ്കില്‍ അടുത്ത വീട്ടിലേക്ക്‌.

പടി കടന്നാല്‍ എനിക്കവളെ കാണാന്‍ കഴിയില്ല. കാരണം വീട്ടിനു പുറത്തേക്കു അവള്‍ എന്നെ കൊണ്ടു പോകാറില്ല.

ങാ, ഒന്നു രണ്ടു തവണ കൊണ്ടുപോയിട്ടുണ്ട്‌. പെരുമഴ തോര്‍ന്ന ഒരു സന്ധ്യക്ക്‌ മഞ്ഞക്കാമാല മൂത്ത ഇളയവളെ തോളിലിട്ട്‌ അവള്‍ ഇറങ്ങിയോടുമ്പോള്‍ എന്നെ മുണ്ടിന്‍റെ കോന്തലയില്‍ കുടുക്കി എളിയില്‍ കുത്തിയിരുന്നു. ശ്വാസം പിടിച്ച്‌ പകച്ചിരിക്കുകയായിരുന്നു ഞാന്‍. ഞാന്‍ മാത്രമല്ല, മറ്റു തൊണ്ണൂറ്റി ഒന്‍പതും മിഴിച്ചിരുപ്പാണ്‌. ഓടി അണച്ച്‌ ഒരു വലിയ വീട്ടിലേക്കു കയറിയ വസന്ത ഉറക്കെ കരഞ്ഞു. വാതില്‍ തുറന്നിറങ്ങി വന്ന ഡോക്ടറുടെ കാലില്‍ വീണ്‌ അവള്‍ കരഞ്ഞു പറഞ്ഞു - "എന്‍റെ കുഞ്ഞിനെ രക്ഷിക്കണം. " കുഞ്ഞിനു ഇന്‍ജക്ഷനും മരുന്നും ഡ്രിപ്പ്സും ഒക്കെ കൊടുക്കുമ്പോള്‍ അവളുടെ നെഞ്ചിലെ ഏങ്ങലടി ഇങ്ങ്‌ എളിയിലേക്കു കേള്‍ക്കുന്നുണ്ടായിരുന്നു. തെല്ലു സുഖം പ്രാപിച്ച കുഞ്ഞിനേയും കൊണ്ടിറങ്ങാന്‍ നേരം അവള്‍ മുണ്ടിന്‍റെ കോന്തലയഴിച്ച്‌ ഞങ്ങളെ ഡോക്ടര്‍ക്കു വെച്ചു നീട്ടി.

വസന്തയെ വിട്ടു പിരിയുന്ന കാര്യമോര്‍ത്തപ്പോള്‍ എന്‍റെ കണ്ണു നിറഞ്ഞു. എന്‍റെ മാത്രമല്ല, കൂടെയുള്ളവരുടേയും. വിയര്‍പ്പിലും കണ്ണീരിലും മുങ്ങിയ മുഖങ്ങള്‍ കണ്ടു സഹതപിച്ചാവണം, ഡോക്ടര്‍ നിര്‍ബന്ധപൂര്‍വ്വം ഞങ്ങളെ മുണ്ടിന്‍റെ കോന്തലതുമ്പിലേക്ക്‌ തന്നെ മടക്കി വെപ്പിച്ചു.

അന്നു രാത്രി വസന്തയുടെ കെട്ടിയവന്‍ അതിശയിച്ചു - "എന്ത്‌ ധൈര്യത്തിലാ നീ അത്ര വലിയ ഡോക്ടറുടെ വീട്ടിലേക്ക്‌ കയറിച്ചെന്നത്‌?" കോന്തലയില്‍ ഞങ്ങള്‍ കിടന്നിരുന്നതിന്‍റെ ധൈര്യത്തിലാണെന്നു വസന്ത മറുപടി പറഞ്ഞപ്പോള്‍ ഒരു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചതിന്‍റെ ചാരിതാര്‍ഥ്യം ഞാന്‍ ഉള്ളാലെ തൊട്ടറിഞ്ഞു.

പിന്നീടൊരിക്കല്‍ വസന്തയൂടെ കൂടെ ഞാന്‍ പുറത്തിറങ്ങിയത്‌ അവളുടെ മൂത്ത കുട്ടിയെ സ്ക്കൂളില്‍ ചേര്‍ക്കാനാണ്‌. സ്ക്കൂളില്‍ കാശിന്‍റെ ആവശ്യം ഉണ്ടായില്ലെങ്കിലും പുസ്തകം, സഞ്ചി, കുട, അങ്ങിനെ കുറച്ച്‌ കാശ്‌ കടയില്‍ കൊടുക്കേണ്ടതായി വന്നു. അത്രയും കാശൊക്കെ കെട്ടിയവന്‍ കരുതിയിരുന്നു. പക്ഷേ അതിനിടയില്‍ കുട്ടിയുടെ കണ്ണ്‌ കടയില്‍ തൂക്കിയിട്ടിരുന്ന ഒരു മിന്നുന്ന മഞ്ഞ ഉടുപ്പിലേക്ക്‌ വിടര്‍ന്നു. അവള്‍ അതിനു വേണ്ടി ചിണുങ്ങാനും വാശി പിടിച്ചു കരയാനും തുടങ്ങി. ഒരുവേള വസന്ത കുപ്പായമെടുത്ത്‌ മുണ്ടിന്‍റെ കോന്തലയില്‍ നിന്ന്‌ ഞങ്ങളെ നിവര്‍ത്തിയെടുത്തതായിരുന്നു. പക്ഷേ പെട്ടെന്ന്‌ ആ മഞ്ഞനിറത്തില്‍ തെളിഞ്ഞ ചില മുന്‍കരുതലുകള്‍ കണ്ടിട്ടാവണം, ഉടുപ്പ്‌ തിരിച്ചു വെച്ച്‌ അവള്‍ ഞങ്ങളെ മുണ്ടിന്‍റെ കോന്തലയിലേക്കു തന്നെ ചുരുട്ടിക്കയറ്റി. വാശിപിടിച്ചു കരയുന്ന ആ കുഞ്ഞിനെ തല്ലുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു, കടക്കാരന്‍റെ മേശവലിപ്പിലേക്കു കയറിച്ചെന്ന്‌ ആ കുപ്പായം കുഞ്ഞിനു സമ്മാനിക്കാന്‍.

പക്ഷെ, എന്തെങ്കിലുമൊക്കെ തീരുമാനിക്കാന്‍ ഞങ്ങളാര്‌? എല്ലാം നിശബ്ദരായി കാണാനും കേള്‍ക്കാനും മാത്രം വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്‍മാര്‍! പണിയും കൂലിയും അപൂര്‍വ്വമാകുന്ന കര്‍ക്കിടക രാവുകളില്‍ കഞ്ഞിക്കു വേണ്ടി കരയുന്ന കുട്ടികളുടെ വാടിയ മുഖങ്ങളിലേക്കു നോക്കി വെറുതെ ഇരിക്കേണ്ടുന്നവര്‍. കെട്ടുതാലി പോലും കഴുത്തിലില്ലാത്തതുകൊണ്ട്‌ കൂടെ പണിയെടുക്കുന്നവരും അയല്‍ക്കാരും നിഷ്ക്കരുണം തൊടുക്കുന്ന അസ്ത്രങ്ങളേറ്റ്‌ സജലങ്ങളാകുന്ന വസന്തയുടെ കണ്ണുകള്‍ തുടയ്ക്കാന്‍ കഴിയാത്തവര്‍. സ്ക്കൂളിലേക്കു പോകുന്ന മൂത്തവളുടെ ചോറ്റു പാത്രത്തിലേക്കു കെട്ടിയവന്‍റെ പിഞ്ഞാണത്തില്‍ നിന്ന്‌ പഴങ്കഞ്ഞി പകുക്കേണ്ടി വരുമ്പോള്‍ അതിലേക്കിറ്റുന്ന കണ്ണീര്‍ത്തുള്ളികള്‍ക്ക്‌ തട കെട്ടാന്‍ കഴിയാത്തവര്‍. ഒന്നു കരയാന്‍ പോലുമാവാതെ എല്ലാം ഉള്ളിലടക്കിപ്പിടിച്ചിരുന്ന എത്രയെത്ര ദിവസങ്ങള്‍!

എങ്കിലും സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചിരുന്നു, 'ഞങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും?'

ഒരു ദിവസം രാവിലെ സ്ക്കൂളില്‍ പോകാന്‍ നേരത്ത്‌ മൂത്തവള്‍ പത്തു രൂപാ ചോദിച്ചു.

"പത്തു രൂപയോ!! എന്തിനാ?" വസന്തക്ക്‌ അത്ഭുതവും ദേഷ്യവും തോന്നി.

"സുനാമി ഫണ്ടിലേക്കു കൊടുക്കാനാ. "

"അതെന്തു പണ്ടാരാ?"

"പണ്ടാരല്ല, ഫണ്ട്‌. "

മൂത്തവള്‍ ക്ളാസ്‌ ടീച്ചര്‍ പറഞ്ഞതൊക്കെ അതുപോലെ പറഞ്ഞെങ്കിലും വസന്ത കാശു കൊടുത്തില്ല. കൈയിലില്ലാത്തത്‌ കൊടുക്കാന്‍ ആവില്ലല്ലോ, ആര്‍ക്കും.

അപ്പോള്‍ കുട്ടി ടീച്ചര്‍ കൊടുത്തു വിട്ട ഒരു നോട്ടീസ്‌ തുറന്ന്‌ അമ്മയെ കാണിച്ചു. അക്ഷരമറിയാത്ത വസന്ത നോട്ടീസിലെ ചിത്രം വായിച്ചു. - കടലെടുത്ത വീടിന്‍റെ അവശിഷ്ടങ്ങള്‍ക്കു മുമ്പില്‍ ഒരു കൊച്ചു പെണ്‍കുട്ടിയും ചാവാലിപ്പട്ടിയും തളര്‍ന്നുറങ്ങുന്ന ചിത്രം! -

വസന്തയുടെ കണ്ണുകളില്‍ കരുണയുടെ ഒരായിരം സുനാമികള്‍ ഉയര്‍ന്നു പൊങ്ങുന്നത്‌ കാണാമായിരുന്നു. അവള്‍ ആ ചിത്രത്തിലേക്കും തന്‍റെ മകളുടെ മുഖത്തേക്കും ഒന്നു നോക്കി. പിന്നെ തെല്ലും മടിക്കാതെ ഞങ്ങളെ കുട്ടിയുടെ കൈവെള്ളയിലേക്കു ചുരുട്ടി വെച്ചു.

വസന്തയെ പിരിയുകയാണ്‌. എന്‍റെ ഉള്ളില്‍ കരച്ചിലുകള്‍ മുളപൊട്ടാനാവാതെ വിങ്ങി.

ഒരു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചതിന്‍റെ ചാരിതാര്‍ഥ്യം തൊട്ടറിഞ്ഞതാണ്‌. അങ്ങിനെ എത്രയെത്ര കുഞ്ഞുങ്ങളെ രക്ഷിക്കാനാവും! ഞാന്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സ്ക്കൂളിന്‍റെ ബാങ്ക്‌ അക്കൌണ്ടിലൂടെ ഞാന്‍ സര്‍ക്കാറിന്‍റെ ദുരിതാശ്വാസ നിധിയിലെത്തി. അതിനിടയില്‍ ഞങ്ങള്‍ നൂറുപേരും തമ്മില്‍പ്പിരിയാന്‍ നിര്‍ബ്ബന്ധിതരായി. പക്ഷേ അതൊന്നും ഞങ്ങളെ വേദനിപ്പിച്ചില്ല. കാരണം ദുരിതങ്ങളുടെ സുനാമിക്കു തടയിടാന്‍ ഞങ്ങള്‍ക്കു തിടുക്കമായിരുന്നു.

വൈകിയാണെങ്കിലും ഇന്നറിയുന്നു, ഞങ്ങളിലൊന്നു പോലും സുനാമിയുടെ കെടുതിക്കിരയായവരെ ഇന്നുവരെ കണ്ടിട്ടില്ലെന്ന്‌. അതേ സമയം ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും മദ്യഷാപ്പും വ്യഭിചാര ശാലയും വരെ കാണേണ്ടി വരികയും ചെയ്തു.

അതിലും പരിതാപകരമാണ്‌ എന്‍റെ കാര്യം. വസന്തയുടെ കൈയില്‍ നിന്നും എന്നെ പറിച്ചെറിഞ്ഞ ആ സുനാമിയെ പഴിച്ച്‌, എന്നെ വിട്ടകന്ന മറ്റു തൊണ്ണൂറ്റൊന്‍പതിന്‍റേയും വിധി വിപര്യയങ്ങളോര്‍ത്ത്‌, ഈ ഇരുട്ടറയില്‍ നിഷ്ക്രിയനായി, ക്ളാവു പിടിച്ച്‌, ചൊറികുത്തി.... ഇനിയുമെത്ര കാലം ഇങ്ങിനെ?? അറിഞ്ഞുകൂടാ.

15 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഒറ്റക്കിരുന്ന്‌ ചെതുമ്പിക്കുമ്പോഴാണ്‌ ഓര്‍മ്മകളുടെ വേലിയേറ്റമുണ്ടാകുന്നത്‌. ചിന്തകളുടെ കുത്തൊഴുക്കിനു ശക്തി കൂടുന്നത്‌. 'ഇനിയെന്ത്‌?' എന്ന ചോദ്യം കൂടെക്കൂടെ അസ്വസ്ഥതയുടെ തല ഉയര്‍ത്തുന്നത്‌. ഉത്കണ്ഠ വരിഞ്ഞു മുറുക്കുന്നത്‌. പിന്നെ ആശ്വാസം ലഭിക്കാന്‍ തത്ത്വചിന്തകളുടെ നൂലാമാല നിറച്ചുണ്ടാക്കിയ ഏതെങ്കിലും തലയിണ തപ്പിയെടുത്ത്‌ കണ്ണടച്ച്‌ അതിലേക്ക്‌ തല ചായ്ക്കേണ്ടി വരും. ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഞാനല്ലെന്ന്‌ സ്വയം വിശ്വസിപ്പിക്കേണ്ടി വരും. പലതും മൊത്തമായെടുത്തു വിധിയുടെ പിടലിക്കു കെട്ടേണ്ടി വരും. ......

കാപ്പിലാന്‍ said...

ഇനിയുമെത്ര കാലം ഇങ്ങിനെ?? അറിഞ്ഞുകൂടാ.

ജിജ സുബ്രഹ്മണ്യൻ said...

വൈകിയാണെങ്കിലും ഇന്നറിയുന്നു, ഞങ്ങളിലൊന്നു പോലും സുനാമിയുടെ കെടുതിക്കിരയായവരെ ഇന്നുവരെ കണ്ടിട്ടില്ലെന്ന്‌. അതേ സമയം ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും മദ്യഷാപ്പും വ്യഭിചാര ശാലയും വരെ കാണേണ്ടി വരികയും ചെയ്തു
കഥ ആണെങ്കിലും മനസ്സില്‍ കൊണ്ടു.

smitha adharsh said...

അതെ സുനാമി ദുരന്തം ആരുടേയും മനസ്സില്‍ നിന്നും ഇപ്പോഴും മായുന്നെയില്ല...
മനസ്സിനെ സ്പര്‍ശിക്കുന്ന കഥ..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കാപ്പിലാന്‍:
സ്മിത ആദര്‍ശ്‌:
നന്ദി.

കാന്താരിക്കുട്ടി:
വെറും കഥയല്ല. സുനാമി ഫണ്ടിലേക്കു പിരിച്ചെടുത്ത തുകയില്‍ പാതിയും ഇനിയും വിതരണം ചെയ്യാതെകിടക്കുകയാണ്‌. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ കാര്യം പോലും ഇതില്‍ നിന്നു വ്യത്യസ്തമല്ല.

ഭൂമിപുത്രി said...

വസന്തയുടെ മനസ്സിതുപോലെയറിഞ്ഞവർ വേറെയാരുണ്ട്?
വസന്തയ്ക്കിത്രയും ആശ്വാസം കൊടുക്കാൻ മറ്റാർക്ക് കഴിഞ്ഞിട്ടുണ്ട്?
അതുപോരേ?

മേരിക്കുട്ടി(Marykutty) said...

:(
Tsunami kazhinju.
ini Bihar aanu Bihar.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഭുമിപുത്രി:
അറിയേണ്ടവര്‍ അത്‌ അറിയുന്നില്ലല്ലോ. അറിഞ്ഞാല്‍ ദുരിതാശ്വാസ ധനം ഇങ്ങിനെ പാഴാകില്ലല്ലോ.
മേരിക്കുട്ടി:
ബീഹാറിലേക്കും ഫണ്ട്‌ പോകുന്നുണ്ട്‌. (ഞാനും ഒരു ദിവസത്തെ ശമ്പളം കൊടുത്തിട്ടുണ്ട്‌). അതൊന്നും ദുരിത ബാധിതരെ കാണില്ലെന്നു ഉറപ്പുമുണ്ട്‌.

Nachiketh said...

;)

അനില്‍@ബ്ലോഗ് // anil said...

സര്‍ക്കാരിന്റെ ഫണ്ടൊക്കെ കെട്ടിക്കിടക്കുന്നു. അമ്മയുടെ കാരുണ്യത്താല്‍ കുറച്ചു വീടുകള്‍ കിട്ടി.

Anoop Technologist (അനൂപ് തിരുവല്ല) said...

:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

നചികേത്‌:
അനൂപ്‌:
സ്വാഗതം.

അനില്‍ബ്ളോഗ്‌:
ഫ`ണ്ടൊക്കെ' കെട്ടികിടക്കുന്നില്ല. വലിയൊരു ഭാഗം ഇനിയും വിതരണം ചെയ്തിട്ടില്ല. വിതരണം ചെയ്തതിന്‍റെ അവസ്ഥയെക്കുറിച്ച്‌ ചില റിപ്പോറ്‍ട്ടുകള്‍ വായിക്കുകയുണ്ടായി. (തൊണ്ണൂറു ശതമാനം വരെ ദൈവങ്ങള്‍ക്കും പൂജാരികള്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും ഞണ്ണാന്‍ കൊടുത്ത്‌ ശേഷിച്ച പത്തുശതമാനത്തിനു കൊട്ടുവടി മൂക്കുമുട്ടെ പിടിപ്പിച്ച്‌ മണല്‍പ്പുറത്ത്‌ കിടന്നുറങ്ങിയ മഹാന്‍മാരുമുണ്ട്‌, അക്കൂട്ടത്തില്‍)

Jayasree Lakshmy Kumar said...

ദുരിതതത്താൽ ശ്വാസം പോകുന്നവരുടെ എണ്ണം പെരുകിയാലെന്ത്, ആ നിധികൾ വിഴുങ്ങുന്നവരുടെ എണ്ണത്തിൽ ഒട്ടും കുറവില്ലല്ലോ. എല്ലാം മുറ പോലെ..

prasad said...

കഥ വളരെ മനോഹരമായിരിക്കുന്നു..നഗ്നമായ സത്യത്തിന്റെ തിരുശേഷിപ്പ്‌

nandakumar said...

ജിതേദ്രന്‍, ഒരു പാടു നാളിനു ശ്ശേഷമാണ് തിരികെ ഈ ബ്ലോഗില്‍ വരുന്നത്. അനായാസമായ വായന പകരുന്നു എഴുത്ത്.
ദുരിതത്തിനു ‘ആശ്വാസം’ പകര്‍ന്നവരെപ്പറ്റി ഒന്നും പറയുന്നില്ല.. ജിതേദ്രന്‍ പറഞ്ഞപോലെ ഒക്കെ ഒടുക്കം വിധിയില്‍ തളച്ചിടാന്‍ ശ്രമിക്കുകയാണ്.