ഇഞ്ചോടിഞ്ച് ആസ്വദിച്ച ഒരു തകര്‍പ്പന്‍ മൈഥുനത്തിന്റെ സുഖമുള്ള ആലസ്യത്തില്‍ മാംസപേശികള്‍ അയഞ്ഞലിഞ്ഞില്ലാതായി ഉറങ്ങുകയാണ് മേഘ. വസ്ത്രങ്ങളുടെ അലോസരം പോലുമില്ലാത്ത സുഖസുക്ഷുപ്തി.
ശബ്ദമില്ലാതെ കറങ്ങുന്ന പങ്കയുടെ കാറ്റിനൊത്ത് അളകങ്ങളിളകുന്നതും ശ്വാസം ആ സുന്ദരശരീരത്തിലേക്കു തിരകളായി കയറുന്നതും ഇറങ്ങുന്നതും നോക്കിക്കൊണ്ട് തെല്ലുനേരം അങ്ങിനെ കിടന്നു സതീഷ്. ഇഞ്ചുകളകലെ. അതേ കട്ടിലില്‍. വിവസ്ത്രനായി.
അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്; എപ്പോഴോ ഒരു വശത്തേക്കു തെന്നിമാറിയ അവളുടെ തലയിണ. വലിയ ഇതളുകളുള്ള ഏതോ കാട്ടു പൂക്കളുടെ ചിത്രങ്ങളുള്ളത്. സതീഷ് അത് കൈയെത്തി എടുത്തു. പഞ്ഞിയേക്കാള്‍ മൃദുലമായ തലയിണ. വായുവിനോളം ഭാരമില്ലാത്തതും.
പതുക്കെ, അവള് ഉണരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച്, ആ തലയിണ അവളുടെ മുഖത്തിനു കുറുകെ വെച്ചു. പിന്നെ രതിമൂര്‍ച്ഛയിലെന്നോണം ആ തലയിണയെ അമിതമായ ശക്തിയില്‍ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേര്‍ത്തു. മേഘയുടെ സ്നിഗ്ദ്ധമായ ശരീരം വലിഞ്ഞു മുറുകുന്നതും വന്യമായി പിടയുന്നതും സതീഷിന്റെ നഗ്നമായ ഉടല് അറിയുന്നുണ്ട്. തലയിണയ്ക്കകത്തെ പഞ്ഞി പോലെ തന്റെ പിടിയില്‍ അമര്‍ന്നു കിടക്കുന്ന മരണത്തിന്റെ സാന്നിദ്ധ്യം മനസൂം.
തിരയിളക്കം നിലച്ചെന്നുറപ്പായപ്പോള്‍ സതീഷ് പിടി അയച്ചു. തലയിണ മാറ്റി. തുറിച്ച കാഴ്ച്ചകളെ തഴുകിയടച്ചു. കോടിയ ചുണ്ടുകളെ പരമാവധി സ്വാഭാവികമാക്കി. പിന്നെ ജനലിനടുത്തേക്കു നടന്നു. ഒരു സിഗററ്റിനു തീ കൊടുത്ത് ജനല്‍ കര്ട്ടണ് വകഞ്ഞു മാറ്റി. സൂര്യന് അകത്തേക്കു താണു നോക്കുന്നുണ്ട്, ചില്ലു ജാലകത്തിലൂടെ. തെല്ലകലെയിരിക്കുന്ന ഒരു കാക്ക ഇടം കണ്ണിട്ടും. ഝടുതിയില്‍ കര്ട്ടണ് വലിച്ചടച്ചു കട്ടിലില്‍ ചെന്നിരുന്നു.
ദൂരെയുള്ള പ്രധാന പാതയിലൂടെ സൈറണ്‍ മുഴക്കിക്കൊണ്ടൊരു വാഹനം പാഞ്ഞകലുന്നതിന്റെ നേര്‍ത്ത ശബ്ദം കേള്‍ക്കുന്നുണ്ട്. ഏതെങ്കിലും മന്ത്രിയുടെ പരാക്രമം പിടിച്ച പാച്ചിലാകാം. ജീവന് പിടിച്ചു നിര്‍ത്താനുള്ള ആംബുലന്‍സിന്റെ നെട്ടോട്ടമാകാം. അഗ്നിയുടെ ഒടുങ്ങാത്ത ദാഹത്തിലേക്കു വെള്ളവുമായി കുതിക്കുന്ന അഗ്നിശമന വാഹനമാകാം. അല്ലെങ്കില്‍ ഏതെങ്കിലും പോലീസുകാര്‍ തിരക്കിട്ടു ചായകുടിക്കാന്‍ പോകുന്നതുമാകാം.
"സൂര്യന് പതിവിലേറെ ജ്വലിക്കുന്നതുകൊണ്ടാണോ താന്‍ ഇത്രയധികം വിയര്‍ക്കുന്നത്? അതോ ഈ സൈറണ്‍ കേട്ടിട്ടോ? ഇത്രയേ ഉള്ളോ തന്റെ മനക്കരുത്ത്?" സ്വയം കളിയാക്കിക്കൊണ്ട് പിരിമുറുക്കം അയക്കാനുള്ള ശ്രമത്തിലാണ് സതീഷ്.
ഏറെ ദിവസമായി പിരിമുറുക്കത്തിന്റെ പിടിയിലാണ് സതീഷ്. കൃത്യമായി പറഞ്ഞാല്‍ ഈ കൊലപാതകം പദ്ധതിയിട്ട അന്നു മുതല്‍ത്തന്നെ. അതിനു പ്രധാന കാരണം എന്നോ എവിടെയോ വായിച്ച ചില വരികളാണ്. 'എത്രയേറെ ശ്രദ്ധിച്ചാലും കൊലപാതകത്തില്‍ ഒരടയാളം അവശേഷിക്കും. അതു കുറ്റവാളിയിലേക്കെത്താനുള്ള വഴികള്‍ തുറന്നിടും.' മറവിയുടെ കൂട തുറന്ന് ഇടയ്ക്കിടെ ഫണം വിരിച്ചാടുന്ന ആ വരികളാണ് സതീഷിന്റെ പിരിമുറുക്കത്തിനു പ്രധാന കാരണം.
അതുകൊണ്ടു മാത്രമാണ് സതീഷ് കഴിഞ്ഞ കുറേ നാളായി ഇത്രയേറെ തയ്യാറെടുപ്പുകളില്‍ മുഴുകിയത്.
മേഘയുമായി ഫോണിലൂടെയുള്ള ബന്ധപ്പെടല്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. തന്റെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു. മേഘയുടെ മൊബൈല്‍ ഫോണ്‍ ചുളുവില്‍ കവര്‍ന്നെടുത്ത് കൊഴുത്തൊഴുകുന്ന ഓടയിലേക്കു വലിച്ചെറിഞ്ഞു. കണ്ടുമുട്ടലുകള്‍ പരമാവധി കുറച്ചു. എന്തിന് കൃത്യം നടത്താനായി ഈ വീട് തിരഞ്ഞെടുത്തതു പോലും ആ തയ്യാറെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു.
ഭാസ്ക്കറിന്റേയാണ് ഈ വീട്. മാസത്തില്‍ പത്തിരുപത് ദിവസവും പുറം യാത്ര വേണ്ടിവരുന്ന ജോലിയാണ് ഭാസ്ക്കറിന്റേത്. അങ്ങിനെ വീടുവിട്ടു പുറത്ത് പോകുമ്പോള്‍ സതീഷിന്റെ വീട്ടുവേലക്കാരനെ കൊണ്ട് ഒരു പൊടിതട്ടല്‍, അടിച്ചുവാരല്‍, ചട്ടികളിലെ ചെടികള്‍ക്ക് അല്‍പ്പം വെള്ളം... ഇതിനൊക്കെ വേണ്ടിയാണ് ഭാസ്ക്കര്‍ വീടിന്റെ ഒരു താക്കോല്‍ തന്റെ സഹപ്രവര്‍ത്തകനും ഏറെ ദൂരെയല്ലാതെ താമസിക്കുകയും ചെയ്യുന്ന സതീഷിനെ ഏല്‍പ്പിച്ചത്. ഉള്ളില്‍ നിന്നും പുറത്തുനിന്നും പൂട്ടുകയും തുറക്കുകയും ചെയ്യാവുന്ന തരത്തില്‍ മുന്‍വാതിലില്‍ ഘടിപ്പിച്ചിട്ടുള്ള പൂട്ട് ഇതിനു വലിയൊരു സൌകര്യമാവുകയും ചെയ്തു.
പിന്നീട് ഭാസ്ക്കര്‍ സ്വന്തമായി ബിസിനസ് ചെയ്തു തുടങ്ങി. അതോടെ അയാളുടെ യാത്രകളുടെ എണ്ണവും ദൈര്‍ഘ്യവും വര്‍ദ്ധിച്ചു. സതീഷും കൂടെക്കൂടെ ഭാസ്ക്കറിന്റെ വീട്ടിലേക്കു പോകാതായി. എങ്കിലും താക്കോല്‍ കൈയിലുള്ളതുകൊണ്ട് ഞായറാഴ്ച്ചകളില്‍ അങ്ങോട്ടു ചെല്ലും. മിക്കവാറും ഭാസ്ക്കര്‍ അവിടെ ഉണ്ടാകാറില്ല. ഒരു ചെക്കനെ വിളിച്ചു ഒന്നു തൂത്ത് വാരിക്കും. പത്തു രൂപാ കൊടുക്കും. ആദ്യമൊക്കെ ഭാസ്ക്കര്‍ അവിടെ ഇല്ലെങ്കില്‍ കുപ്പി കാറില്‍ തന്നെ വെക്കുമായിരുന്നു. ഈയിടെയായി ഒറ്റയ്ക്കു വീശുന്നതിന്റെ രസം അറിഞ്ഞുതുടങ്ങിയിരിക്കുന്നു. അതുകൊണ്ട് വാതില്‍ ഉള്ളില്‍ നിന്നു പൂട്ടും. നന്നായി മിനുങ്ങി ബോധം കെട്ടുറങ്ങും. കണ്ണുതുറക്കുമ്പോള്‍ ചിലപ്പോള്‍ കാണാം ഭാസ്ക്കര്‍ ബാക്കിയുള്ളത് വിഴുങ്ങി ബോധം കെട്ടുറങ്ങുന്നത്. അവനെ ഉണര്‍ത്താതെ വാതില്‍ പുറത്തുനിന്നും പൂട്ടി കാറില്‍ കയറി വീട്ടിലേക്കു പറപ്പിച്ചു വിടും. അടുത്ത ദിവസം തലേന്ന് തങ്ങള്‍ ഒന്നിച്ചാണോ മദ്യപിച്ചതെന്നു രണ്ടുപേരും സംശയിക്കുകയും ചെയ്യും.
അത്തരമൊരു ഉദ്ദേശ്യത്തോടെ ആയിരുന്നിയല്ല ഇത്തവണ സതീഷ് വന്നത്. ഭാസ്ക്കര്‍ ആഴ്ച്ചകളോ മാസങ്ങളോ നീളുന്ന ഒരു യാത്ര പോയിരിക്കുകയാണെന്നു അറിഞ്ഞപ്പോള്‍ത്തന്നെ മനസില്‍ ഉറപ്പിച്ചു. ഇതാണു പറ്റിയ സ്ഥലം. സന്ദര്‍ഭവും. അങ്ങിനെയാണ് മേഘയുമായി ഇവിടെ എത്തിയത്. കൃത്യം ഭംഗിയായി നടത്തിക്കഴിഞ്ഞിരിക്കുന്നു. ഒരു ശല്യമായി മേല്‍ത്തുടയിലരിക്കുന്ന ഉറുമ്പിനെ കീശയില്‍ കൈയിട്ട് ഞെരിച്ചു കൊല്ലുന്നതു പോലെ ആരും അറിയാതെ കാര്യം നടത്തിയിരിക്കുന്നു.
ഇനിയാണ് ഏറ്റവും കരുതലുകള്‍ വേണ്ട രണ്ടാം ഘട്ടം. തെളിവുകള്‍ എല്ലാം നശിപ്പിക്കണം. ആരുമറിയാതെ. നിര്‍ഭാഗ്യത്തിന്റെ ഒരു കണ്ണുമതി, എല്ലാം തകരാന്‍. പുതിയ കാമുകനെ കാമുകിയും പഴയ കാമുകനും കൂടെ കൊന്നു മുന്നൂറു തുണ്ടുകളാക്കി കാട്ടില്‍ കൊണ്ടുചെന്നു കത്തിച്ചു കളഞ്ഞ കേസിലേക്കു നിര്‍ഭാഗ്യം തുറിച്ചു നോക്കിയത് അപ്പാര്‍ട്ട് മെന്റിലെ ഗാര്‍ഡിന്റെ കണ്ണുകളിലൂടെയാണ്. ഗാര്‍ഡ് അവരെ ശ്രദ്ധിക്കുന്നതു അവരറിഞ്ഞില്ല. ചെറിയ ഒരു അശ്രദ്ധ. ആ പഴുതിലൂടെ കയറി വന്ന ഒരു ചോദ്യം പുകഞ്ഞു കത്തി. പടക്കപ്പുരയിലൊന്നു പൊട്ടിയാല്‍ പോരെ നിരന്നു പൊട്ടാന്‍. പൊള്ളല്‍ ഏല്ക്കാന്. അതുണ്ടാകരുത്.
തെളിവുകളൂടെ തുണികളും വിരികളും മറ്റും തുണ്ടുകളായി. പിന്നെ കത്തിച്ചാരമായി കക്കൂസിലെ ഫ്ളഷിന്റെ ശക്തിയിലപ്രത്യക്ഷമായി. മേഘയുടെ ചേതനയറ്റ ശരീരം മാത്രമാണ് ഇനി ബാക്കിയുള്ളത്. പ്രപഞ്ചത്തിലെ എണ്ണമറ്റ രഹസ്യങ്ങളൊടൊപ്പം അതും ചെന്നു ചേരണം. പിന്നെ ബാക്കിയാവുന്നത് അവളുടെ ഓര്‍മ്മകള്‍ മാത്രമാവും. താനുള്ളിടത്തോളം അതു തന്നോടൊപ്പം ഉണ്ടാവുമെന്നുറപ്പ്. ആ ഒര്‍മ്മകളല്ലാതെ മറ്റൊന്നും ബാക്കിയാവരുത്.
മുറിയില്‍ നിന്നും തന്റെ ഒരു മുടിയിഴ പോലും കിട്ടിക്കൂടാ. അതു തന്നിലേക്കെത്താവുന്ന തെളിവിന്റെ പാലമായേക്കും. ഡി.ഏന്.എ. ടെസ്റ്റിലൂടെ. കോടതിക്കു അതു കണ്‍കണ്ട തെളിവാണ്. അതു മാത്രമല്ല, സംശയത്തിന്റെ ലെന്‍സില്‍ കുടുങ്ങിയാല്‍ പിന്നെ ആദ്യം നേരിടേണ്ടി വരുക നാര്‍കോ അനാലിസിസ് എന്ന ഭൂതത്തെയാവും. ആ ഭൂതത്തെ ഓര്‍ക്കുമ്പോഴേ പേടിയാകും. ട്രൂത്ത് സെറം എന്നും സോഡിയം പെന്തോത്തല്‍ എന്നും പേരുള്ള മാന്ത്രിക കുപ്പായവും ധരിച്ച് ഭൂതത്താന്‍ ശരീരത്തില്‍ കയറിയാല്‍ പിന്നെ മനസിന്റെ ഉള്‍പോക്കറ്റിലൊളിപ്പിച്ച സത്യങ്ങള്‍ വരെ ചുളുവില്‍ കവര്‍ന്നെടുത്തിട്ടേ പുറത്തു വരൂ. മനസിന്റെ ഉറച്ച കോട്ടകളില്‍ വിള്ളലുണ്ടാക്കി അകത്തു കയറുന്ന ഭൂതം ആദ്യം യുക്തിയെ കള്ളുകുടിപ്പിക്കും. അതോടെ നാവുറയ്ക്കാതാവുന്ന ബോധത്തെ നുണയന്മാരായ പരിചാരകര്‍ വിട്ടൊഴിയും. പിന്നീട് മനസിന്റെ ഉള്ളറകളിലേക്കു കയറി സത്യങ്ങള്‍ മൊത്തമായി അടിച്ചു മാറ്റും. പക്ഷേ, മോഷ്ടിച്ചെടുക്കുന്ന മൊഴികളെ കോടതി ബഹുമാനിക്കുന്നില്ല. എന്നാല്‍ അവ കാണിച്ചു കൊടുക്കുന്ന തെളിവുകളെ കോടതി മാനിക്കുന്നുമുണ്ട്. മൂന്നാംമുറ പീഡനങ്ങളെ നേരിടാന്‍ വരെ തയ്യാറെടുത്തിട്ടുള്ള സതീഷ് ഈ പോക്കറ്റടി വീരനെ നേരിടാന്‍ ആയുധമില്ലാതെ കുഴങ്ങുകയാണ്. കൊലപാതകത്തിന്റെ ആദ്യഘട്ടങ്ങളില്‍ പാളിച്ചകളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ ഈ ഭൂതത്താനെ നേരിടേണ്ടി വരില്ല എന്നതു കൊണ്ടാണ് സതീഷ് ഇത്രയേറെ കരുതലുകള്‍ എടുക്കുന്നത്.
തെളിവിന്റെ ഒരു തരിമ്പുപോലും ഇപ്പോള്‍ അവശേഷിക്കുന്നില്ല, മേഘയുടെ തണുത്തുറഞ്ഞ ജഡമല്ലാതെ. ലോകത്തിന്റെ കണ്ണുകളില്‍ നിന്നും ഒളിപ്പിച്ച് മേഘയെ ഇങ്ങോട്ടു കൊണ്ടുവന്നതു പോലെ അവളുടെ ജഡത്തേയും ആരും കാണാതെ കടത്തണം. പ്രപഞ്ചത്തിന്റെ ഇരുണ്ട ഒരു കോണില്‍ എന്നേക്കുമായി ഒളിപ്പിക്കണം. രഹസ്യങ്ങളുടെ യാത്രക്ക് എപ്പോഴും നല്ലത് ഇരുട്ടിന്റെ വഴികളാണ്. ഇരുട്ടു പരക്കുന്നതു വരെ, കാഴ്ച്ചകളിലേക്കു ഉറക്കം കയറുന്നതുവരെ, അല്‍പ്പനേരം കൂടെ മേഘയുടെ അടുത്തു ചെന്നിരിക്കുക തന്നെ.
മുറിയിലേക്കു കയറിയ സതീഷിന് ദേഷ്യം വന്നു. കറുത്തു വിറങ്ങലിച്ച ചുണ്ടുകളിലും മൂക്കിലും ഇരിക്കുകയും ഇടയ്ക്കിടെ വട്ടമിട്ടു പറക്കുകയും ചെയ്യുന്ന രണ്ടു മൂന്ന് ഈച്ചകള്‍. മരണത്തിണ്റ്റെ മണം പിടിച്ചെത്തിയ ആര്ത്തിപ്പണ്ടാരങ്ങള്. മേഘയെ ആരെങ്കിലും തൊടുന്നതു പോകട്ടെ, നോക്കുന്നതു പോലും സതീഷിനു സഹിക്കില്ല. അതു മറ്റൊരു പുരുഷനാണെങ്കിലും പൂച്ചയാണെങ്കിലും ഈച്ചയാണെങ്കിലും. ജീവനുണ്ടെങ്കിലും ഇല്ലെങ്കിലും കണ്ട ഈച്ചകള്‍ക്ക് കേറിനിരങ്ങാനുള്ള ശരീരമല്ല അവളുടേത്. ജാലക പഴുതുകളുള്ള ഈ മുറിയില്‍ നിന്നും ശരീരത്തെ പിന്‍വശത്തെ ഇരുട്ടു മുറിയിലേക്കു മാറ്റുക തന്നെ. ജാലകങ്ങളില്ലാത്ത, ഒറ്റവാതില്‍ മാത്രമുള്ള ആ മുറിയിലേക്കു ഒരു ഉറുമ്പിനു പോലും കയറിച്ചെല്ലാന്‍ കഴിയില്ല.
ആനന്ദത്തിന്റെ നിമിഷങ്ങളില്‍ ഒരു പഞ്ഞിക്കെട്ടു പോലെ എടുത്തുയര്‍ത്തിയിരുന്ന മേഘയുടെ ശരീരത്തിനു ഇപ്പോള്‍ പൊക്കാന്‍ വയ്യാത്ത ഭാരം! കൈകള്‍ക്കിടയിലൂടെ കൈയിട്ട് പണിപ്പെട്ടു അല്‍പ്പം ഉയര്‍ത്തി. പിന്നെ പതുക്കെ പതുക്കെ വലിച്ചു വലിച്ച് ഇടനാഴിയിലൂടെ പിന് വശത്തെ മുറിയിലേക്കു നടക്കുമ്പോള്‍ പിന്നിലൊരു ശബ്ദം. പകച്ച കണ്ണുകള്‍ ഞെട്ടിത്തിരിഞ്ഞു. മുന്‍വാതിലില്‍ താക്കോല്‍ കിടന്നു കറങ്ങുന്നതിന്റേയും താഴുകള്‍ ചാടി മാറുന്നതിന്റേയും ശബ്ദം. ഭാസ്ക്കര്‍ ഇപ്പോള്‍! ഇവിടെ!
ഒന്നു പതറി നിന്ന ബോധത്തിന്റെ കാലുകള്‍ പെട്ടെന്നു ചടുലമായി. ബദ്ധപ്പെട്ട് ഇരുട്ടു മുറിയിലേക്കു ചാടിക്കയറി. അവിടെ ഭിത്തിയോട് ചേര്‍ന്ന് കിടന്നിരുന്ന രണ്ട് കൂറ്റന്‍ അലമാറകള്‍ക്കിടയിലെ കട്ടപിടിച്ച ഇരുട്ടിലേക്കു സതീഷ് പതുങ്ങി നിന്നു. മേഘയുടെ വിറങ്ങലിച്ച ശരീരത്തോടൊപ്പം.
ഇടനാഴിയിലൂടെ അടുക്കുന്ന കാലൊച്ച. അതു ഭാസ്ക്കര്‍ ആയിരിക്കുമോ? അതോ ആ താക്കോലുമായി മറ്റാരെങ്കിലും? കാലൊച്ചയുടെ താളം പറയുന്നുണ്ട്, അതു ഭാസ്ക്കര്‍ ആണെന്ന്. ഇങ്ങോട്ടു തന്നെയാണോ അവന് വരുന്നത്?
വാതില്‍പ്പാളികള്‍ ചെറുക്കനെ ഞെരങ്ങി. അലമാറയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നു വരുന്ന ശബ്ദം. പെട്ടെന്നൊരു ടോര്‍ച്ച് കണ്ണുതുറന്നു. തുറന്നിട്ട അലമാറിയുടെ പാളി രഹസ്യങ്ങളെ ടോര്‍ച്ചിന്റെ കണ്ണില്‍ നിന്നും ഒളിപ്പിച്ചു.
എങ്കിലും മേഘയുടെ പിങ്ക് നിറം പൂശിയ കാല്‍നഖങ്ങളിലേക്കു ടോര്‍ച്ചിന്റെ കണ്ണുകള്‍ താഴ്ന്നു നോക്കുന്നുണ്ട്. ജഡത്തെ ഒന്നു കൂടെ ഉയര്‍ത്തി തന്നോട് ചേര്‍ത്തു പിടിച്ചു. ഹിമശൈത്യത്തെ ആശ്ളേഷിച്ചു നില്‍ക്കുമ്പോഴും വിയര്‍ത്തൊഴുകുകയാണ്. മുറിയാകെ മുഴങ്ങുന്ന തന്റെ ഹൃദയമിടിപ്പ് ഭാസ്ക്കര്‍ കേള്‍ക്കുമോ? കേട്ടിട്ടില്ലെങ്കിലും അവന് കാണും നഗ്നമായ സത്യങ്ങള്‍, അലമാറയുടെ വാതില്‍ വലിച്ചടയ്ക്കുമ്പോള്‍.
ഭാസ്ക്കര്‍ അലമാറയിലേക്കു എന്തൊക്കെയോ കയറ്റി അടുക്കുകയാണ്. ഒരോ സെക്കണ്ടുകള്‍ക്കിടയിലേക്കും മണിക്കൂറുകള്‍ കയറി നില്ക്കുന്നതു പോലെ നീളുന്ന നിമിഷങ്ങള്‍! പെട്ടെന്നു ടോര്‍ച്ച് ഒന്നു കറങ്ങി. സര്‍ക്കസ് തുടങ്ങുന്നതിനു മുന്‍പുള്ള സെര്‍ച്ച് ലൈറ്റിന്റെ സ്വാഗതമല്ല, ഭീതിയുടെ നിഴലാട്ടമാണ് ടോര്‍ച്ചിന്റെ കണ്ണുകളില്‍ കാണുന്നത്. ഭാസ്ക്കര്‍ എന്തിനെയാണ് ഭയക്കുന്നത്? ടോര്‍ച്ച് അണഞ്ഞു. അലമാറയുടെ വാതില്‍ അടഞ്ഞു. ഭാസ്ക്കര്‍ മുറിയില്‍ നിന്നിറങ്ങിപ്പോകുന്ന കാലൊച്ച.
വിയര്‍ത്തൊലിക്കുന്ന സതീഷിന്റെ നെഞ്ചില്‍നിന്നും ഹിമപര്‍വ്വതം ഊര്‍ന്നിറങ്ങി. തെല്ലും വളയാതെ. പതിവില്ലാതെ ഭാസ്ക്കര്‍ എന്തിനാണ് ഈ മുറിയുടെ വാതില്‍ പുറത്തു നിന്നും പൂട്ടുന്നത്? ഒളിച്ചിരിക്കുന്ന കള്ളനെ നാട്ടുകാരെ ക്കൊണ്ട് പിടിപ്പിക്കാനാണോ? അതോ പോലീസിനെ വരുത്താനോ?
"ദൈവമേ" സതീഷ് അറിയാതെ വിളിച്ചുപോയി. ഉടന്‍ യുക്തി ഓര്‍ത്തു, കൊലപാതകം ഒളിപ്പിക്കാന്‍ ദൈവത്തെ കൂട്ടു വിളിക്കുന്നതിലെ മൌഢ്യം. മനുഷ്യന്റെ കാലങ്ങളായുള്ള ആസൂത്രണങ്ങളെപ്പോലും ദൈവത്തിന്റെ നൈമിഷികമായ കുസൃതികള്‍ കീഴ് മേല്‍ മറിക്കും എന്നതും ഓര്‍ത്തു.
ഒന്നു ഉറക്കെ വിളിച്ചാല്‍, ഒരു പക്ഷേ, ഭാസ്ക്കര്‍ തിരിച്ചു വന്നേക്കും. മുറി തുറന്നേക്കും. പക്ഷേ മൂന്നമതൊരാള്‍, അയാള്‍ എത്ര വിശ്വസ്തനെങ്കിലും ഇതറിയുന്നത്? കൊലപാതകത്തിന്റെ ഗുഹക്ക് രണ്ടു മുഖങ്ങളേ ഉണ്ടാകാവൂ. ഒന്നു മരണത്തിലേക്കും മറ്റേതു ംകുറ്റവാളിയുടെ കെട്ടുറപ്പുള്ള മനസിലേക്കും. അതല്ലാതെ ആ ഗുഹയില്‍ ഒരു സുഷിരം പോലും ഉണ്ടാകരുത്. അതുകൊണ്ട് ആ വിളി ഒഴിവാക്കുന്നതു തന്നെയാണ് ബുദ്ധി.
മുന്‍വാതില്‍ അടയുന്ന ശബ്ദം. മെയിന്‍ സ്വിച്ച് ഓഫ് ആകുന്ന ശബ്ദം. നടന്നകലുന്ന ശബ്ദം. ഇനിയും ബാക്കിയാകുന്നത് ഭീതിയുടെ, നെഞ്ചിടിപ്പിന്റെ, ശബ്ദം മാത്രം.
ഒന്നുകൂടെ ശക്തിയോടെ വലിച്ചു നോക്കി. ബലവത്തായ വാതില്‍ തുറക്കില്ലെന്നു ഉറപ്പായി. ഇനി? ഈ ഇരുട്ടുമുറിയില്‍ വെച്ച് മരണം തന്നെ ഭക്ഷിക്കുമോ? അതോ ജീവിതം ഭാസ്ക്കറിന്റെ രൂപത്തില്‍ തിരിച്ചു വരുമോ? അതോ അവന് പോലീസുകാരേയും കൊണ്ട് വരുമോ? ഇല്ല, ആ ടോര്‍ച്ചിന്റെ കണ്ണുകളിലെ ഭീതി വിളിച്ചു പറയുന്നുണ്ടായിരുന്നു. കയറ്റി വെച്ചത് കാണിക്കാന്‍ കൊള്ളാത്തതാണെന്ന്. എങ്കില്‍ അവന് പോലീസുകാരെ അടുപ്പിക്കില്ല.
എന്നാലും ഇനി ജീവിതത്തിന്റെ വെളിച്ചത്തിലേക്കു കാല് വെക്കുന്നുണ്ടെങ്കില്‍ അത് പോലീസ് അന്വേഷണത്തിന്റെ ഇടനാഴിയില്‍ കൂടെ മാത്രമായിരിക്കും. ഇനി തലയൂരാന്‍ എണ്ണമറ്റ നുണകളുടെ മാലകള്‍ കൊരുക്കേണ്ടി വരും.
'കള്ളന്മാരുടെ കൈകളില്‍ നിന്നു ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന താനും ആ ഭാഗ്യം ലഭികാതെ പോയ മേഘയും.' ആ വഴിക്കു നീങ്ങിയാല്‍? അടുത്ത ചോദ്യം, "നിങ്ങള്‍ എങ്ങിനെ, എന്തിനു, അവിടെ..?" ഹോ! യോജിക്കാത്ത എത്രയെത്ര മുത്തുകള്‍ കോര്‍ക്കണ്ടി വരും ആ മാലയില്‍! പിന്നെ ഓരോ കണ്ണികളും ബലവത്തായി വിളക്കിച്ചേര്‍ക്കണം. ട്രുത്ത് സെറത്തിനു പോലും ഇളക്കാന്‍ കഴിയാത്ത വിധം.
II
രണ്ട് ഇരുട്ടു മുറിയുടെ ഒരു മൂലയില്‍ അഴുകിയ ജഡവും എതിര്‍വശത്ത് ഏറ്റവും ദൂരെയുള്ള മൂലയില്‍ സതീഷും കിടക്കുന്നു. വിശപ്പും ദാഹവും ചൂടും ഒക്കെ സതീഷിനെ അവശനാക്കിയിരിക്കുന്നു. സഹനത്തിന്റെ ഏത് പടവിലാണു താനെന്നു പോലും അയാള്‍ക്കു അറിഞ്ഞുകൂടാ.
തീരെ സഹിക്കാനാവാത്തത് അഴുകുന്ന മാംസത്തിന്റെ ഗന്ധമാണ്. സ്വന്തം വിസര്‍ജ്യങ്ങളുടെ നാറ്റത്തെ തള്ളിമാറ്റി അതു മൂക്കിലേക്കു കുത്തിക്കയറുകയാണ്. ഇരുട്ടിനുപോലും ഇരുട്ടായ മുറിയെങ്കിലും ഓരോ മയക്കവും ചെന്നെത്തുന്നത് അഴുകിച്ചീര്‍ത്ത ജഢത്തിന്റെ കണ്ണുകളിലാണ്.
അങ്ങിനെ ഒരു മയക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റ സതീഷ് നെഞ്ചു കുലുങ്ങി കിതച്ചു. ഇല്ലെന്നറിഞ്ഞിട്ടും വെള്ളത്തിനായി പരതി. പിന്നെ നെറ്റിയിലെ വിയര്‍പ്പു വടിച്ചെടുത്തു വരണ്ട നാവില്‍ തേച്ചു. എല്ലാ ശക്തിയും ആവാഹിച്ച് ഒന്നു അലറി. ഒരു ചെറിയ മോങ്ങലിന്റെ വിങ്ങലായി അതു പുറത്തു വന്നു. ശബ്ദത്തിലും പൂട്ട് വീണിരിക്കുന്നു. ഇനി?
പീളകെട്ടിയ കണ്ണുകളിലെ പ്രതീക്ഷയുടെ ഇമകള്‍ തുറന്നു. ചുവരില്‍ തെല്ലുയരത്തിലായി വെളിച്ചത്തിന്റെ ഒരു വെള്ളരി വിത്ത് വീണതായിരുന്നു അതിനു കാരണം. ഈയിടെയായി സതീഷിന്റെ ഒരോ ദിവസത്തിന്റേയും അവസാനം ആരംഭിക്കുന്നത് ആ വെള്ളരി വിത്തിന്റെ രൂപപ്പെടലിലാണ്. ചുവരിലേക്കു പൊട്ടി വീഴുന്ന ആ പാതി വിത്ത് മുഴുവിത്താവും.
ഭസ്മത്തിലിട്ടുണക്കിയ വിത്ത്, മനസിലെന്നും വിഷുക്കണിയായ മുഴുത്തു പഴുത്ത വെള്ളരിക്കയുടേത്. അട്ടത്തു നിരത്തി കെട്ടിതൂക്കിയ വെള്ളരിക്കകളില്‍ ഏറ്റവും സുന്ദരമായത്. വെള്ളരിക്കാപ്പാടത്തു നിന്നും കറിച്ചട്ടിയിലേക്കു കയറാതെ പോയത്. കച്ചവടക്കാരനു കൊടുക്കാഞ്ഞത്. പിന്തുവെള്ളരിക്കയുടെ കുളിര്‍മധുരമായി വെള്ളം ഒഴിക്കുന്ന പെണ്‍കുട്ടിയുടെ വായില്‍ അലിയാതെ പോയത്. പൂമ്പാറ്റകള്‍ പരാഗണം നടത്തിയ മഞ്ഞപ്പൂവില്‍ ഉണ്ണി പിടിച്ചത്. ഒരു വെള്ളരിക്കാപ്പാടത്തിന്റെ മൊത്തം മാധുര്യവും മനോഹാരിതയും നിറഞ്ഞത്. അതിന്റെ ഒരു വെളുത്ത വിത്ത്. എത്രയെത്ര വെള്ളരിക്കാപ്പാടങ്ങളാണ് അതു ഉള്ളിലൊളിപ്പിച്ചിരിക്കുക! എത്രയെത്രെ പൂമ്പാറ്റകള്‍ക്കുള്ള ആഹ്ളാദമാണ് ആതിനുള്ളിലുണ്ടാവുക! പ്രപഞ്ചത്തിലെ ജീവചൈതന്യത്തിന്റെ ഒരു വിത്ത്!
പ്രതീക്ഷയുടെ ആ വിത്ത് ചുമരിലൂടെ അല്‍പ്പദൂരം അരിച്ചു കയറിയിരിക്കുന്നു. ഇനി അതൊരു പാതി വിത്താവും. പിന്നെ ഒരോ ദിവസത്തെ വിഴുങ്ങുന്ന ഇരുട്ട് അതിനേയും വിഴുങ്ങും. ആ വെളിച്ചത്തിന്റെ വിത്തു മാത്രമാണ് ഇന്ന് ആ പീളകെട്ടിയ കണ്ണുകള്‍ക്കു പ്രതീക്ഷിക്കാനായി ബാക്കിയുള്ളത്.
ഒരു കസേരയോ സ്റ്റൂളോ ഉണ്ടായിരുന്നെങ്കില്‍ അതില്‍ കയറി വെളിച്ച വിത്തിന്റെ സ്റോതസുഷിരത്തിലേക്കെത്താമായിരുന്നു. പ്രപഞ്ചത്തിലെ ശുദ്ധമായ വായു. ഒരു മൂക്ക് നിറച്ച് വലിച്ചെടുക്കാമായിരുന്നു! പക്ഷേ എന്തു ചെയ്യാം. ഉയരമുള്ള ഒരു വസ്തുവും ആ മുറിയിലില്ല. നടുക്കടലില്‍ കുടുങ്ങിയവനെ ചക്രവാളസീമകളില്‍ രൂപംകൊള്ളുന്ന കാര്‍മേഘത്തുണ്ടുകള്‍ കപ്പലിന്റെ പുകക്കുഴലായി കൊതിപ്പിക്കുന്നതു പോലെ വെറും മിഥ്യയാവുമോ ഈ സുഷിര വെളിച്ചവും?
പെട്ടെന്നാണ് പരതുന്ന കൈകളില്‍ അലമാറയുടെ കൈപ്പിടി തടഞ്ഞത്. ഉയരവും വീതിയുമുള്ള കൂറ്റന്‍ അലമാറ! അതിന്റെ കൈപ്പിടിയില്‍ കയറി നില്ക്കാന് പലതവണ ശ്രമിച്ച് പരാജയപ്പെട്ടതെങ്കിലും വീണ്ടും ശ്രമിച്ചു. ഇത്തവണ വല്ല വിധേനയും അതിലേക്കു വലിഞ്ഞു കയറാന്‍ കഴിഞ്ഞു. പിന്നെ പതുക്കെ പതുക്കെ അലമാറയുടെ എത്താത്ത വശങ്ങളില് കൈയെത്തിപ്പിടിച്ച് പതുക്കെ പതുക്കെ എഴുന്നേറ്റു നിന്നു. ഇനി പതുക്കെയൊന്നു തിരിഞ്ഞുനോക്കിയാല്‍ ഭിത്തിയിലെ സുഷിരം കണ്ടേക്കും. അതോടെ അതു സത്യമാണോ മിഥ്യയാണോ എന്നു തീര്‍ച്ചയാവും.
പതുക്കെ തിരിയുമ്പോള്‍ അറിഞ്ഞു, അള്ളിപ്പിടിയിലേക്കു വിയര്‍പ്പു നുഴഞ്ഞു കയറുന്നത്. അലമാറയുടെ മിനുസമുള്ള കൈപ്പിടിയിലേക്കു അതു ചെന്നെത്തുന്നത്. പൂര്‍ണ്ണമായും തിരിയുന്നതിനു മുമ്പേ അള്ളിപ്പിടി വഴുതി. കാലും.
തറയിലെത്തുന്നതിനു മുന്‍പേ നഗ്നമായ അടിവയറിലേക്കു ഇടിവെട്ടുപോലെ ആ കൈപ്പിടി കയറി. ഒരു നിമിഷം ശരീരം അവിടെ തങ്ങി നിന്നു. പിന്നെ നിലത്തേക്കൂര്‍ന്നു വീണു. അടിവയറ്റില്‍ രണ്ടുകൈകളും കൊണ്ടമര്‍ത്തി ചുരുളാവുന്നതിനേക്കാള്‍ ചുരുണ്ടു കിടന്നു ഞരങ്ങി. മഴുകൊണ്ട് വെട്ടിയതു പോലെ വേദന. ഉരുക്കു കൈകള്‍ കൊണ്ട് കശക്കിപ്പിടിച്ചതുപോലെ വയറു ചുരുങ്ങി കൂടുകയാണ്.
വരള്‍ച്ച വരളുന്ന തൊണ്ടയിലേക്കൊരു തുള്ളി വിയര്‍പ്പെങ്കിലും. ഇപ്പോള്‍ നെറ്റിയും വരണ്ടിരിക്കുന്നു. അടിവയറ്റില്‍ നിന്നും ചോര ഇറ്റുന്നുണ്ട്. അതിലേക്കു കൈകള്‍ കുമ്പിളായി. ചുണ്ടോടടുപ്പിക്കുമ്പോള്‍ മൂക്ക് പറഞ്ഞു, ചോരയല്ല മൂത്രമാണ്. കുടിക്കേണ്ടെന്നു ബോധവും സാരമില്ലെന്നു തൊണ്ടയും. തര്‍ക്കത്തിലേക്കു തല താണപ്പോള്‍ ചുണ്ടുകള്‍ ഉപ്പുവെള്ളം നനഞ്ഞ് നീറി.
ചേരട്ട പോലെ തറയില്‍ ചുരുണ്ടു കിടക്കുമ്പോള്‍ കണ്ടു, പതിവില്ലാതെ സുഷിര വെളിച്ചം മേഘയുടെ ജഡത്തിലേക്കു പാളിനോക്കുന്നത്. വെളിച്ചം കണ്ടു ഭയന്ന ഇരുട്ടിന്റെ പുഴുക്കള്‍ ജഡത്തിന്റെ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും പുറത്തേക്കു ചാടുന്നു. അടച്ച വായ തുറന്നുവെച്ച് നുരയ്ക്കുന്ന പുഴുക്കള്‍. തറയിലൂടെ ഇഴഞ്ഞെത്തുന്ന പുഴുക്കള്‍.
ചാടി എഴുന്നേല്ക്കാന് കഴിഞ്ഞില്ലെങ്കിലും വിറക്കുന്ന ബലമില്ലാത്ത കാലുകളില്‍ കുമ്പിട്ട് വളഞ്ഞു നിന്നു. കാലിലേക്കും ആ പുഴുക്കള്‍ അരിച്ചെത്തുന്നുണ്ടോ? അപ്പോഴും ഒറ്റി വീഴുന്ന വേദനയിലേക്കാണോ അവ അരിച്ചെത്തുന്നത്? എത്രനേരം ഇങ്ങിനെ നില്‍ക്കണം? ശരീരം തണുത്തുറയുന്നതിനു മുമ്പ് കാലുകള്‍ കുഴഞ്ഞു വീണാല്‍ ഈ പുഴുക്കള്‍... ?
ഒന്നു ചത്തുകിട്ടിയാല്‍ മതിയായിരുന്നു. എങ്ങിനെ? സ്വയം കഴുത്തു ഞെരിച്ചു മരിക്കാന്‍ ആവില്ലല്ലോ. പണം നിറച്ച ഈ കൂറ്റന്‍ അലമാറ തന്റെ മേലേക്കു വലിച്ചിട്ടാലോ? പക്ഷേ അലമാറ ഒന്നിളകുന്നു പോലുമില്ല.
പെട്ടെന്നു സതീഷ് തിരിഞ്ഞു നിന്ന് മേഘയുടെ ജഡത്തെ നോക്കി ചോദിച്ചു. "എന്തിന് നീ എന്നെ ഇങ്ങിനെ തവണകളായി കൊല്ലുന്നു. ഞാന്‍ നിനക്കു ഒരു നിമിഷം കൊണ്ട് സമ്മാനിച്ചില്ലേ മരണം? പഞ്ഞിപോലെ മൃദുലമായ മരണം. പക്ഷേ നീ... "
"എന്നെ കൊല്ലാനല്ലല്ലോ നിങ്ങളുടെ സ്വാര്‍ഥ നേട്ടങ്ങള്‍ക്കു വേണ്ടിയല്ലേ നിങ്ങളതു ചെയ്തത്?" സതീഷിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് മേഘയുടെ തൊണ്ട ശബ്ദിച്ചു.
"അതെ ഞാന്‍ സ്വാര്‍ഥനായിരുന്നു. എങ്കിലും നിന്നെ ഞാന്‍ വളരെയധികം സ്നേഹിച്ചിരുന്നു, ഒരു പക്ഷേ എന്റെ ഭാര്യയേക്കാളധികം. അതേ സമയം ഭാര്യയേയും കുഞ്ഞുങ്ങളേയും ഞാന്‍ സ്നേഹിച്ചിരുന്നു. അതെ, അവര്‍ എന്റെ ഭാര്യയും എന്റെ മക്കളും ആയതുകൊണ്ട് മാത്രം തന്നെ. എന്നെ നീയും അവരും സ്നേഹിക്കുന്നുണ്ടായിരുന്നു. ആ സ്നേഹത്തിന്റെ പ്രധാന തൂണുകള്‍ എന്റെ ധനം, സമൂഹത്തിലെ വിലയും നിലയും, അങ്ങിനെ പലതും ആയിരുന്നു. അതൊക്കെ ഇല്ലാതാകുന്നതോടെ നിങ്ങള്‍ക്കാര്‍ക്കും എന്നെ വേണ്ടാതാകും എന്നു എനിക്കു നല്ലപോലെ അറിയാമായിരുന്നു. അതൊഴിവാക്കാനാണു നഷ്ടങ്ങളുടെ ഒരു നീണ്ട ചങ്ങലക്കു പകരം നീയെന്ന ഒരു കണ്ണി മാത്രം ഇല്ലാതാക്കാന്‍ ഞാന്‍ തീരുമാനിച്ചത്. എന്റെ സ്വാര്‍ഥത തന്നെ. സമ്മതിച്ചു. അതിനു പ്രതികാരമായാണോ നീ എന്നോട് ഇത്ര ക്രൂരയാകുന്നത്?"
"ഞാന്‍ എന്തു ക്രൂരത കാണിച്ചെന്നാണു പറയുന്നത്? നിങ്ങളെ വിശ്വസിച്ചതോ? എല്ലാം അറിഞ്ഞിട്ടും സ്നേഹിച്ചതോ? നിങ്ങള്‍ പറഞ്ഞതൊക്കെ അനുസരിച്ചതോ? ങാ, ഒരു ക്രൂരത ഞാന്‍ ചെയ്തിട്ടുണ്ട്. നിങ്ങളുടെ കുട്ടിയെ എന്റെ വയറ്റിലിട്ടു കൊന്ന ക്രൂരത. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ചെയ്ത ഒരേ ഒരു ക്രൂരകൃത്യം. അതിന്റെ പാപ പുഴുക്കളാണ് എന്നില്‍ ഇപ്പോള്‍ നുരയ്ക്കുന്നത്." ഒന്നു നിര്‍ത്തിയിട്ട് അവള് തുടര്‍ന്നു. "എന്നിട്ട് നിങ്ങള്‍ എന്തു നേടി?"
"ശരിയാണ്, നീയല്ല, എന്റെ ചെയ്തികളാണ് എന്റെ പ്രശ്നങ്ങള്‍ക്കു കാരണം. എന്റെ ഇരുട്ട് ഞാന്‍ അകത്തി നിര്‍ത്തിയ വെളിച്ചം മാത്രമാണ്. ആ വെളിച്ചത്തെ ക്ഷണിക്കേണ്ടതു ഞാന്‍ തന്നെയാണ്. "
ഊക്കില്‍ ഒന്നു വലിച്ചപ്പോള്‍ അലമാറ ഇളകി. അതു ശക്തിയോടെ തന്റെ തലയിലേക്കു വലിച്ചിട്ട സതീഷ് അത്ഭുതപ്പെട്ടുപോയി. ഒരു ചിലന്തിവലയിലൂടെന്നപോലെ അലമാറ തുളച്ച് തല മറുവശത്തേക്കു വന്നിരിക്കുന്നു. അപ്പോള്‍ മുറിയിലെങ്ങും വെളിച്ചം പരന്നിരിക്കുന്നു. മൃതഗന്ധം അകന്നിരിക്കുന്നു. ഈ ചെറിയ സുഷിരത്തിലൂടെ ഇത്രയേറെ വെളിച്ചവും വായുവും വന്നെത്തുമെന്നോ!
അവിശ്വാസത്തോടെ തിരിഞ്ഞപ്പോള്‍ സതീഷ് കണ്ടു, മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നത്. അതിലൂടെ അന്വേഷണ ഉദ്യോഗസ്ഥന് വിജയകരമായി ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചതിന്റെ സന്തോഷത്തോടെ ഇറങ്ങിപ്പോകുന്നത്.
Saturday, October 18, 2008
Subscribe to:
Post Comments (Atom)
42 comments:
'എത്രയേറെ ശ്രദ്ധിച്ചാലും കൊലപാതകത്തില്‍ ഒരടയാളം അവശേഷിക്കും. അതു കുറ്റവാളിയിലേക്കെത്താനുള്ള വഴികള്‍ തുറന്നിടും.' മറവിയുടെ കൂട തുറന്ന് ഇടയ്ക്കിടെ ഫണം വിരിച്ചാടുന്ന ആ വരികളാണ് സതീഷിന്റെ പിരിമുറുക്കത്തിനു പ്രധാന കാരണം. .......
excellent! one of your best.
കലക്കി! ശ്വാസം പിടിച്ചിരുന്നാ വായിച്ചത്. final twist ഗംഭീരം!
ആദ്യമായാണ് ഇവിടെ.
കഥ അതിമനോഹരം.
കുറ്റമറ്റ രചനാവൈഭവത്തിനും മനോഹരമായ ശൈലിക്കും അറുപഴഞ്ചൻ ആയ ഒരു ത്രെഡിനെ ആശ്രയിക്കേണ്ടിവരുന്നു എന്നത് ദു:ഖമുണ്ടാക്കുന്നു.
ആദ്യമായാണ് ഇവിടെ, അതിമനോഹരം,കലക്കി!,ഗംഭീരം!
മനോഹരമായ ശൈലി....BEST WISHES
കഥയെഴുത്തിന്റെ പൊരുളറിയാമെന്ന് മനസ്സിലായി.തുടരുക.
നല്ല ഫീല്‍ ഉള്ള കഥ. വളരെ നന്നായി എഴുതിയിരിക്കുന്നു .
ടിപ്പിക്കല്‍ ആയി മാറിപ്പോകാമായിരുന്ന കഥയെ വ്യത്യസ്തമാക്കാന്‍ രണ്ടാം ഭാഗത്തിന് കഴിയുന്നുണ്ട്.
അഭിനന്ദനങ്ങള്‍
Very good ...അവസാനിപ്പിച്ചതേറെ നന്നായി....
എനിക്കറിയില്ല എന്തെഴുതണം.. എന്ന്...ആകെ,ഒരു ചുട്ടുനീറ്റം മനസ്സിന്..
Find 1000s of Malayalee friends from all over the world.
Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.
Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com
ആഹാ!
വെല്‍!
excellent!
ഉഗ്രന്‍ എഴുത്ത്.
വളരെ നാളുകള്‍ കൂടി ഒരു നല്ല കഥ വായിച്ചു
തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റ ശ്വാസത്തില്‍ വായിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മാനസീകവസ്ഥ നിലനിര്‍ത്തിയത് കഥാകാരന്റെ മികവ് തന്നേ.
അടുത്ത് എന്ത് എന്ന് വായനക്കാരന് പ്രവചിക്കാനാവാതെയുള്ള കഥയുടെ പോക്ക്
അപാരം ! ആശംസകള്‍.
നല്ല അവതരണം. നന്നായിരിക്കുന്നു.
കഥ അതിമനോഹരം.
തുടരുക.
നല്ല കഥ. നല്ല കഥ പറച്ചില്. അഭിനന്ദനങ്ങള്‍.
അവസാനം വരെ മനസ്സിലായില്ല, കഥയുടെ അവസാനം ഇങ്ങിനെയാണെന്ന്. വളരേ ഇഷ്ടമായി ഈ ട്രൂത് സെറം/നാർക്കോ അനാലിസിസ് കഥ പറഞ്ഞ രീതി.
നല്ല എഴുത്ത്.
നല്ല കഥ. അഭിനന്ദനങ്ങള്‍.
സിമി, ശ്രീ : നന്ദി
കുറുമാന്, അജീഷ് മാതു, മുസാഫിര്‍, നചികേത്: സ്വാഗതം. നന്ദി.
സനാതനന്: വേറിട്ട അഭിപ്രായത്തിനു പ്രത്യേകം നന്ദി. ശ്രദ്ധിക്കാം.
ഗുപ്തന്: രണ്ടാം ഭാഗമാണ് ആദ്യം മനസിലുണ്ടായിരുന്നത്. ഒന്നാം ഭാഗം അങ്ങോട്ടുള്ള പാത വെട്ടലായിരുന്നു.
സ്മിതാ ആദറ്ശ്: വെളിച്ചത്തിണ്റ്റെ വെള്ളരി വിത്ത് ഇരുട്ടിനെവിഴുങ്ങിയിട്ടും ചുട്ടു നീറ്റം മാറിയില്ലേ? നന്ദി.
പാമരന്: ഇവിടെയൊക്കെയുണ്ടോ? ആല്‍ത്തറയില്‍ `കാണ്മാനില്ല'എന്നൊരു ബോറ്ഡ് തൂക്കിയിരുന്നു ഞാന്‍. ഇന്നലെയോ മറ്റോ.
കിനാവ്, തീരം, കുതിരവട്ടന്‍, കൃഷ്ണ തൃഷ്ണ, ബീരാന് കുട്ടി:എല്ലാവര്ക്കും വളരെ നന്ദി.
മാണിക്യം: ഇത്തരം കമണ്റ്റുകള്‍ കാണുമ്പോഴല്ലേ എഴുത്തിനു ഊര്‍ജം വരൂ. നന്ദി.
ലക്ഷ്മി: അങ്ങിനെയല്ലേ വേണ്ടത്? നന്ദി
ഹരിത്, കൃഷ്, വടവോസ്ക്കി: വളരെ നന്ദി.
വായനക്കാരനെ പിടിച്ചിരുത്തുന്ന ശൈലി.
നല്ല ഇടിവെട്ട് കഥ!!!
മലയാറ്റൂറിന്ടെ യക്ഷിയെ അനുസ്മരിപ്പിച്ചു കഥ..
പ്രിയ:
മേരിക്കുട്ടി:
നന്ദി.
wow!
പ്രിയംവദ:
ആസ്വാദനത്തിണ്റ്റെ ആഴങ്ങള്‍ കാണിക്കാന്‍ ഇത്രയും കുറച്ച് അക്ഷരങ്ങള്‍ മതി അല്ലേ?
(wow!) I liked it.
വളരെ നന്ദി.
ചില്ലിങ്ങ്!
(എങ്കിലും അവസാനഭാഗത്തെ സംഭാഷണം ഏകാഗ്രതയെ സാരമായി ബാധിച്ചതായി തോന്നി)
Jith, ഇനി വിടില്ല, ഈ വേരുകൾ. Keep writing.
ഭൂമിപുത്റി:
അതല്ലേ, കഥയുടെ ക്ളൈമാക്സ്. അന്വേഷണ ഉദ്യോഗസ്ഥണ്റ്റെ ചോദ്യങ്ങള്ക്കുകൊടുക്കുന്ന ഉത്തരത്തിലൂടെയല്ലേ വായനക്കാരന് കഥ അറിയുന്നതു. നന്ദി.
ശ്രീലാല്‍:
സ്വാഗതം, എപ്പോഴുമെപ്പോഴും.
ഇന്ററസ്റ്റിങ്ങ്..
ജിഹേഷ്:
സ്വാഗതം. അഭിപ്റായം രേഖപ്പെടുത്തിയതിനു നന്ദി.
നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു..
സസ്നേഹം,
ജോയിസ്..!!
ജോയിസ്,
വളരെ നന്ദി.
ഉഗ്രന്‍ കഥാകഥനം ജിതേ.
-സുല്‍
സുല്‍:
ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.
നന്ദി.
കൊള്ളാം!
ഒരു ഭ്രമാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ആഖ്യാന ശൈലി. നല്ല കഥകള്‍ ഇനിയും എഴുതാന്‍ കഴിയട്ടെ.
ജിതേന്ദ്രന് ജീ.,ശരിക്കുമിതാണു ട്വിസ്റ്റ്..!!!
ശിഖരവേരുകളില്‍ ഇന്നോളം വായിച്ച കഥകളില്‍ ഏറ്റവും മനസ്സിലാഴ്ന്നിറങ്ങിയ കഥ.കഥയിലൊരു ചുവടും പിഴയ്ക്കാതെ,വായനക്കാരെ ഉത്കണ്ഠപ്പെടുത്തി,സസ്പെന്സില് നിര്‍ത്തി കൂടെ കൂട്ടിക്കൊണ്ടു പോയ നിമിഷങ്ങള്‍.ആശംസകള്‍..
ആര്യന്:
വളരെ നന്ദി.
താങ്കള്‍ ഒരു ദിവസം കൊണ്ടു ഇതിലെ പല കഥകളും വായിച്ചു എന്നത് ഏറെ സന്തോഷം തരുന്നു.
ഒ.ടോ. ഈ കഥക്കു പിന്നീട് മുംബൈ വസായ് മലയാളി സമാജം പ്രവാസികള്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. (താങ്കളുടെ മറ്റൊരു കമണ്റ്റ് അല്‍പ്പം മുമ്പ് വായിച്ചിരുന്നതു ഒാര്‍ക്കുന്നു)
റോസ്:
നന്ദി. അപ്പോള്‍ ഈ കഥ വായിച്ചിരുന്നില്ല, അല്ലേ? എനിക്കറിയേണ്ടത് ട്വിസ്റ്റിന്റെ പാര്‍ട്ടി (അനിയത്തി) എന്തുപറഞ്ഞു എന്നാണ്.
" entamme, jk njan sammathichu.ente heart beat eniku clear ayi kelkkam. ithu vayikkathe munp ayachirunna abhiprayam maychu kalanjekku"
അമ്മൂ,
വളരെ നന്ദി
Post a Comment