Wednesday, December 17, 2008

ചെരിപ്പ്‌ (കഥ)


നടന്നു തീര്‍ന്ന ദൂരം സമ്മാനിച്ച ക്ഷീണം കാലുകളില്‍ കനക്കുന്നു. എന്നു വെച്ച്‌ നില്‍ക്കാന്‍ കഴിയില്ല. നടക്കാനുണ്ട്‌ നടന്നതിലുമേറെ. കൂസാതെ നടക്കുക തന്നെ. കാലുകളുടെ ധര്‍മ്മം നടക്കലാണല്ലോ. ആ ധര്‍മ്മം നിറവേറ്റാന്‍ നടന്നുകൊണ്ടേയിരിക്കണം.

എത്രദൂരം? എങ്ങോട്ട്‌? എവിടെ വരെ? എന്തിന്‌ ? ആാാ.. അതൊന്നും തിരക്കാന്‍ കാലുകള്‍ക്കു അവകാശമില്ല. ചുമ്മാ നടക്കുക. മുന്നോട്ടു മുന്നോട്ടു നടന്നു കൊണ്ടേയിരിക്കുക.

മുന്നില്‍ കാണുന്ന വഴികളില്‍ ഒന്നു തിരഞ്ഞെടുക്കാന്‍ പോലും അവകാശമില്ല. പറയുന്ന വഴികളിലൂടെ തുറുക്കനെ നടക്കുക. പലപ്പോഴും നടക്കാന്‍ വേണ്ടി നടക്കുകയാവും. ഓടിയും നടന്നും അണച്ചണച്ച്‌ തുടങ്ങിയേടത്തുതന്നെ എത്തുമ്പോള്‍ അരിശം തോന്നും. ശരീരം നന്നാക്കാനുള്ള കോപ്രാട്ടിയാണത്രെ. 'ആനപ്പിണ്ടം കണ്ട്‌ അണ്ണാന്‍ മുക്കിയാല്‍' എന്ന ആ പഴയ ചൊല്ലാണ്‌ ഓര്‍മ്മയിലെത്താറ്‌. മൂക്കു മുട്ടെ തിന്നും കുടിച്ചും മേദസ്സു കൂടുന്നവര്‍ വിശപ്പുണ്ടാവാന്‍ വേണ്ടി രാവിലെ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ ഈ പട്ടിണി ദേഹത്തെ നന്നാക്കാന്‍ വേണ്ടി ചെയ്യുന്നതിന്‍റെ ഔചിത്യം? യുക്തി? പ്രത്യേകിച്ച്‌ കെട്ടിയവളും കുട്ടികളുമൊക്കെയായി കുടുംബം വളര്‍ന്നതോടെ കൃശഗാത്രത്തിലെ വയറിന്‍റെ വളര്‍ച്ച ഉള്ളിലോട്ടു മാത്രമാണ്‌.

ഉച്ചക്കഞ്ഞിയില്‍ അല്‍പ്പം മിച്ചം വരുന്ന ദിവസങ്ങളില്‍ മാത്രം രാത്രി കൂര്‍ക്കം വലി കേള്‍ക്കാം. അല്ലാത്ത രാത്രികളില്‍ അടുപ്പിലിട്ട്‌ വേവിക്കുന്ന ഗ്യാസിന്‍റെ ശേഖരം പാത്തും പതുങ്ങിയും അലറിയും പായുന്ന ബഹളമാവും പുലരുവോളം. എന്നാലും രാവിലെ എഴുന്നേറ്റാല്‍ കാലുകളോടു കല്‍പ്പിക്കും, ഓടാന്‍. മൊട്ടപ്പറമ്പില്‍ നാലുവട്ടം. കടിത്തൂവ തട്ടി പുകഞ്ഞാലും നില്‍ക്കാനോ ഇരിക്കാനോ സമ്മതമില്ല. എന്തിനു, ഒന്നു ചൊറിയാന്‍ കൈകളെപ്പോലും കിട്ടില്ല. ഓട്ടം തന്നെ ഓട്ടം. നിന്നാല്‍ വ്യായാമത്തിന്‍റെ ഫലം കിട്ടാതെ പോയാലോ. അതാണു പേടിയെന്നറിയാം.

എന്നാല്‍ ഓടുന്ന നേരത്തെങ്കിലും ഈ പരട്ട ലുങ്കിക്കു പകരം ഒരു പാന്‍റ്‌‌. ഒരു ഷൂസ്‌. ങൂ ഹും...

എങ്കിലും സമാധാനിക്കാന്‍ ശ്രമിക്കും. കാലുകളുടെ ധര്‍മ്മം ഓടലും നടക്കലുമല്ലേ. ഫലം ഇച്ഛിക്കരുതെന്നല്ലേ ഗീതോപദേശത്തില്‍പ്പോലും. നടക്കുക തന്നെ.

പക്ഷേ ഇത്‌ എവിടേക്കാണ്‌ ഈ വഴിക്ക്‌? ചാലുപോലെ വളഞ്ഞു നീളുന്ന വഴിയുടെ പല കക്ഷണങ്ങളും വശങ്ങളിലെ മാലിന്യ കൂമ്പാരങ്ങള്‍ വിഴുങ്ങിയിരിക്കുന്നു. കല്ലും മുള്ളും കുപ്പിച്ചില്ലും ഇഴജന്തുക്കളും ഒക്കെ പതുങ്ങിയിരിക്കുന്ന വൃത്തികെട്ട ഏതോ കുറുക്കു വഴി.

ഇനി ഇതിലൂടെ നടക്കേണ്ട കാലുകളുടെ അവസ്ഥയോ? ചളി തിന്നു കൊഴുത്ത നഖങ്ങള്‍. വിരലുകള്‍ക്കിടയില്‍ ചളിപ്പുണ്ണിന്‍റെ വൃണങ്ങള്‍. കട്ട വിണ്ടു കീറിയ ഉപ്പൂറ്റിയിലെ ചുവന്ന നീറ്റല്‍ വരകള്‍. ആരു ശ്രദ്ധിക്കുന്നു? അല്ല, എന്തിനു ശ്രദ്ധിക്കണം? നടക്കലിനു ഭംഗം വന്നിട്ടില്ലല്ലോ.

ചളിയില്‍ പതുങ്ങിയിരുന്ന ഒരു കുപ്പിച്ചീളു ഉള്ളം കാലിലേക്കു വേദനയുടെ കത്തി കേറ്റി. ഒന്നു വെട്ടി പുളഞ്ഞ ദേഹം തളര്‍ന്ന കാലുകളില്‍ കുന്തിച്ചിരുന്നു. പറിച്ചെടുക്കുമ്പോഴേക്കും ചളിയുടെ ചീള്‌ ചുവന്നിരുന്നു. പിന്നീട്‌ ഒറ്റക്കാലില്‍ വലിച്ചു വലിച്ചു നടന്നു.

മരുന്നും ബാന്‍ഡേജും ഇഞ്ചക്ഷനും. പണം എണ്ണി കൊടുക്കുമ്പോള്‍ പറയുന്നതു കേട്ടു. "കാലിന്‍റെ ക്ഷേമത്തിനായി എന്തു ചെയ്യാനും മടിയില്ല". കേട്ടപ്പോള്‍ ചിരിയാണു വന്നത്‌. ഒന്നു നടന്നു കിട്ടാന്‍ വേണ്ടി മനസില്ലാമനസോടെ ചെയ്തതാണെന്നു ആര്‍ക്കാ അറിഞ്ഞുകൂടാത്തത്‌?

അടുത്ത ദിവസം ചെരിപ്പു കടയിലേക്കാണു നടക്കുന്നതെന്നറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഭംഗിയുള്ള എത്രയേറെ ചെരിപ്പുകളാണ്‌ ആ കടയില്‍!

"സൌന്ദര്യ മത്സരത്തിനല്ലല്ലോ പോകുന്നത്‌. നടക്കാനല്ലേ. അപ്പോള്‍ വേണ്ടത്‌ ഭംഗിയല്ല, ബലവും ഉറപ്പുമാണ്‌." അത്തരത്തില്‍ ഒന്നിന്‍റെ വില കേട്ട്‌ ഞെട്ടിയതിന്‍റെ പ്രകമ്പനത്തില്‍ കാലുകള്‍ പോലും വിറച്ചു.

ഒടുവില്‍ വില കുറഞ്ഞ ഒന്നെടുത്തിട്ട്‌ കടയുടമ പറഞ്ഞു, "നനയ്ക്കാതെ സൂക്ഷിച്ചാല്‍ ഇതും കുറച്ചു കാലം ഓടും".

ഏതെങ്കിലുമാകട്ടെ, ഒരു ജോഡി കിട്ടിയല്ലോ എന്നു സന്തോഷിച്ചു.

വീണ്ടും കുപ്പിച്ചില്ലും ചളിയും നിറഞ്ഞ വഴിയിലേക്കു കയറുമ്പോള്‍ പഴയപോലെ ഭീതി തോന്നിയില്ല. പക്ഷേ അങ്ങോട്ടു കയറിയതും കൈകളിലേക്കു ആജ്ഞയെത്തി. - "ചെരിപ്പൂരി പിടിച്ചോ, നനഞ്ഞാല്‍ കേടു വരും".

തന്നെ രക്ഷിക്കേണ്ടുന്ന ചെരിപ്പുകളെ പോലും ചുമക്കേണ്ടി വന്ന തന്‍റെ ഭാഗ്യക്കേടിനെ പഴിച്ചു കൊണ്ട്‌ നടക്കുമ്പോള്‍ ഒരു കീറക്കടലാസു കാലില്‍ ഒട്ടി. കൈകള്‍ അതു പറിച്ചെടുക്കുമ്പോള്‍ ചളി പടര്‍ന്ന അതിലെ ചില വരികളിലേക്കു കണ്ണുകള്‍ പതിഞ്ഞു. "ഗവണ്‍മെന്‍റ്‌‌‌ ഭീകരവാദത്തെ പരാജയപ്പെടുത്താന്‍ ശക്തമായ നടപടികള്‍ തുടങ്ങി. പാര്‍ലിമെണ്ട്‌ മന്ദിരത്തിന്‍റേയും മന്ത്രിമാരുടേയും സുരക്ഷ കൂടുതല്‍ ശക്തമാക്കി. "

11 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"നടന്നു തീര്‍ന്ന ദൂരം സമ്മാനിച്ച ക്ഷീണം കാലുകളില്‍ കനക്കുന്നു. എന്നു വെച്ച്‌ നില്‍ക്കാന്‍ കഴിയില്ല. നടക്കാനുണ്ട്‌ നടന്നതിലുമേറെ. കൂസാതെ നടക്കുക തന്നെ. കാലുകളുടെ ധര്‍മ്മം നടക്കലാണല്ലോ. ആ ധര്‍മ്മം നിറവേറ്റാന്‍ നടന്നുകൊണ്ടേയിരിക്കണം...."

പാമരന്‍ said...

കഴുതക്കാലുകള്‍!

മാണിക്യം said...

കസറിയിട്ടുണ്ട്!!
കാലുകളുടെ ധര്‍‌മ്മം നടപ്പും ഓട്ടവും
കാലിനു പരിരക്ഷ വേണ്ടാ..
കാലില്‍ മുള്ളോ കുപ്പിചില്ലോ തറക്കുമ്പോള്‍
മാത്രം കാല്പാദം നോക്കുക...
ആ പാദങ്ങളുടെ വിവരണം ശ്ശോ!

ചളി തിന്നു കൊഴുത്ത നഖങ്ങള്‍. വിരലുകള്‍ക്കിടയില്‍ ചളിപ്പുണ്ണിന്‍റെ വൃണങ്ങള്‍. കട്ട വിണ്ടു കീറിയ ഉപ്പൂറ്റിയിലെ ചുവന്ന നീറ്റല്‍ വരകള്‍. ആരു ശ്രദ്ധിക്കുന്നു? ,

ഇതു വായിക്കുന്നവരെങ്കിലും കാല്‍ പാദത്തിലേക്ക് ഒന്നു നോക്കിയിരുന്നെങ്കില്‍ .നഖം വളര്‍‌ന്ന്
‘എര്‍ത്ത്’ആയിട്ടുണ്ടോ?ചളിപിടിച്ച കാലും കൊണ്ടാണോ ഉറങ്ങാന്‍ പോണത്?
സ്വന്തം പാദം വൃത്തിയാക്കാത്തവനെ
ശുചിത്വം ഉള്ളവന്‍‌ എന്ന് എങ്ങനെ പറയും?
ഈ കഥ കൊണ്ട് ഉദ്ദേശിച്ച ബോധവല്കരണം സാധ്യമാകും എന്ന് കരുതാം......

കാപ്പിലാന്‍ said...

Kozhikkaalukal :)

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാല്ലോ.പാദങ്ങളെ രക്ഷിക്കേണ്ട ചെരുപ്പിനെ പോലും ചുമക്കേണ്ടി വന്ന ഗതികേട് !

K C G said...

നടക്കേണ്ടിവരുന്നതിന്റെ പേരിലും ചെരിപ്പുപോലും ചുമക്കേണ്ടിവരുന്നതിന്റെ പേരിലും അരിശം കൊണ്ടാലും ആരോഗ്യം വരൂല്ലേ നടന്നാല്‍? അതോണ്ട് നട നടയോ നട....

Rare Rose said...

തന്നെ രക്ഷിക്കേണ്ടതിനെ താന്‍ തന്നെ സംരക്ഷിക്കേണ്ടി വരിക...എല്ലാം ചുമലിലേറ്റി കാലുകള്‍ നടത്തം തുടരട്ടെ..സഹനത്തിന്റെ വഴി നീണ്ടുനിവര്‍ന്നു കിടക്കയല്ലേ..:)

Jayasree Lakshmy Kumar said...

‘മരുന്നും ബാന്‍ഡേജും ഇഞ്ചക്ഷനും. പണം എണ്ണി കൊടുക്കുമ്പോള്‍ പറയുന്നതു കേട്ടു. "കാലിന്‍റെ ക്ഷേമത്തിനായി എന്തു ചെയ്യാനും മടിയില്ല". കേട്ടപ്പോള്‍ ചിരിയാണു വന്നത്‌. ഒന്നു നടന്നു കിട്ടാന്‍ വേണ്ടി മനസില്ലാമനസോടെ ചെയ്തതാണെന്നു ആര്‍ക്കാ അറിഞ്ഞുകൂടാത്തത്‌?‘
അങ്ങിനെയൊന്നു ചിന്തിക്കാൻ കാലുകൾക്കവകാശമില്ല. അവയുടെ ധർമ്മം നടക്കുക എന്നതാണ്. അതിനാൽ നടയോ നട

smitha adharsh said...

"ചെരുപ്പ്" ശിഖരവേരിനു തീര്ച്ചയായും ഒരു മുതല്‍ക്കൂട്ട് തന്നെ..ഇല്ലായ്മകളെ ഇത്ര നന്നായി ചിത്രീകരിച്ചത് അഭിനന്ദനാര്‍ഹം തന്നെ..good post..

മുസാഫിര്‍ said...

ആക്ഷേപ ഹാസ്യമാണെന്ന് അവസാനത്തെ ഖന്ധിക വായിച്ചപ്പഴേ മനസ്സിലായുള്ളു.നല്ല ഒതുക്കമുള്ള എഴുത്ത്.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പാമരന്‍:
കാപ്പിലാന്‍:
കാന്താരിക്കുട്ടി:
നന്ദി.

മാണിക്യം: ബോധവല്‍ക്കരണം അത്ര എളുപ്പമാണോ?

ഗീതാഗീതികള്‍:അരിശം വന്നാല്‍ ആരോഗ്യം തകരും എന്നാണ്‌ വൈദ്യശാസ്ത്രം.

റോസ്‌:വയറിനുവേണ്ടിയുള്ള സഹനമാണ്‌ ഏറെയും.

ലക്ഷ്മി: യാതോരു വകതിരിവുമില്ലാത്ത, ഭരണത്തിണ്റ്റെ പേരില്‍ കട്ടുമുടിച്ചു കൂത്തടിക്കുന്ന നേതാക്കളുടെ സംരക്ഷണമാണ്‌ യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്നു കാലുകള്‍ ചിന്തിക്കുന്നേയില്ല. കാലുകള്‍ അങ്ങിനെ ചിന്തിച്ചു പോയാല്‍... അപകടങ്ങള്‍ ഏറെ യാണ്‌. ലക്ഷ്മി പറഞ്ഞപോലെ കാലുകള്‍ അങ്ങിനെ ചിന്തിക്കാതെ നടക്കട്ടെ.

സ്മിതാ ആദര്‍ശ്‌:
മുസാഫിര്‍:
ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.
നല്ല വാക്കുകള്‍ക്കു വളരെ നന്ദി.