ആവിഷ്ക്കാര സ്വാതന്ത്യ്രത്തിനായി പടവാളെടുത്ത ബുദ്ധിജീവികളൊക്കെ ഉറക്കത്തിലായിരുന്നു, തസ്ളീമ ഇവിടെ വന്നു തല്ലു കൊള്ളുമ്പോള്‍. അതു തന്നെയാണു യഥാര്‍ത്ഥ ബുദ്ധിജീവികളുടെ ലക്ഷണവും. കല്ലേറു കിട്ടാനിടയുള്ള ഇടങ്ങള്‍ മുന്‍കൂട്ടി കണ്ടു ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തു ബുദ്ധിജീവി? എന്നാല്‍ ആ കേവല ബുദ്ധി പോലും ഇല്ലാത്ത ചിലരുമുണ്ട്. ആവിഷ്ക്കാര സ്വാതന്ത്യ്രം എന്നൊക്കെ കേട്ടാല്‍ രക്തം തിളപ്പിച്ച് ചാടി പുറപ്പെട്ടോളും. 'എന്ത്' എന്നതിനേക്കാള്‍ പ്രാധാന്യം 'ആര്' എന്നതാണ് എന്നു പോലും അറിയാത്ത ശുദ്ധന്മാര്. ഏറെ ചെന്നിട്ടാവും ചുറ്റുമൊന്ന് കണ്ണോടിക്കുക. അപ്പോഴേക്കും കൂടെയുണ്ടായിരുന്നവരൊക്കെ മുള്ളാനും പടുക്കാനും ഒക്കെയായി മുങ്ങിക്കഴിഞ്ഞിരിക്കും. പിന്നെ ഒറ്റയ്ക്ക് ഏറു കൊണ്ട് വശം കെടുന്ന അവര്‍ ശിഷ്ടകാലം വെറും ജീവിയായി കഷ്ടപ്പെടുകയും ചെയ്യും.
മനുഷ്യരില്‍ മാത്രമല്ല, രാജ്യങ്ങള്‍ക്കിടയ്ക്കും ഇങ്ങിനെ തന്നെയാണു ബുദ്ധിയുടെ കളികള്‍. ഉദാഹരണത്തിനു രോഗങ്ങളുടെ കാര്യം എടുക്കം. ചില രാജ്യങ്ങള്‍ രോഗപ്രതിരോധത്തിനു മുന്‍തൂക്കം കൊടുക്കുമ്പോള്‍ മറ്റു ചിലത് രോഗം വന്നശേഷം മരുന്നു കഴിക്കുന്നു. ഇനിയും ഒരു വിഭാഗമുണ്ട്. അവര്‍ക്ക് രോഗം മാറുന്നതിനേക്കാള്‍ പ്രാധാന്യം രോഗാണു അവകാശ സംരക്ഷണമാണ്. ഇത് അറിയുന്ന വേറെ ചില രാജ്യങ്ങളാവട്ടെ രോഗാണുക്കളെ വളര്‍ത്തി മൊത്തമായും ചില്ലറയായും വിതരണം ചെയ്യുന്നുമുണ്ട്. ഇതൊക്കെ കണ്ടാലും കണ്ണടയ്ക്കാനുള്ള വിശേഷ ബുദ്ധി ചില പെരിയ രാജ്യങ്ങള്‍ക്കുണ്ട്. ഡോക്ടര്‍, പോലീസ്, ന്യായാധിപന്, തുടങ്ങി ഒട്ടനവധി ജോലികള്‍ ലോക നന്മയെ മുന്‍നിര്‍ത്തി അവര്‍ ചെയ്യുന്നുണ്ട്. രോഗാണുക്കള്‍ക്കു പൊതുവേ ഒരു തകരാറുണ്ട്. അഭിനയമാണെങ്കിലും ഇടഞ്ഞ ആന സിനിമയാണോ നാടകമാണോ എന്നൊന്നും നോക്കില്ല എന്നു ആരോ പറഞ്ഞതു പോലെ തീരെ രംഗ ബോധമില്ലാത്തെ ഒരു വര്‍ഗമാണിത്. മാത്രമല്ല, പാലു കൊടുക്കുന്ന കൈയ്ക്ക് ഒരിക്കല്‍ കടിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധ ബുദ്ധിയും ഇവയ്ക്കുണ്ട്.
ഈ ബുദ്ധിക്കു മറുബുദ്ധി കണ്ട ഒരു കൊച്ചു രാജ്യമാണു ശ്രീലങ്ക. പുലിത്തലവനെ പിടിച്ചാല്‍ ഉടനടി ആ പുലിവാല് ഇന്ത്യയുടെ കൈയില്‍ പിടിപ്പിച്ചു കൊള്ളാമെന്നു അവര്‍ ആണയിട്ടിട്ടുണ്ട്. രോഗാണു അവകാശങ്ങള്‍ക്കായി കച്ചകെട്ടിയിറങ്ങിയ ഒട്ടേറെ പേര് ഇവിടെയുള്ളതുകൊണ്ട് പുലിവാലിനും വലിയ പേടിയുണ്ടാകേണ്ടതില്ല. ഒരിക്കല്‍ ഇന്ത്യയൊന്നു പിടിച്ചു കിട്ടിയാല്‍ പിന്നെ കൈയെടുക്കാനാവില്ലെന്നു പുലിവാലിനു നല്ലോണം അറിയാം. വിവിധ മേഖലകളിലേക്കായി തുടരെ തുടരെ തിരഞ്ഞെടുപ്പുത്സവങ്ങള്‍ നടത്താനേ ഇവിടെ നേരം കുറവ്. പിന്നെ അഞ്ചു കൊല്ലം കൂടുമ്പോള്‍ തിരെഞ്ഞെടുപ്പ് മാമാങ്കം. ഇതൊക്കെ കഴിഞ്ഞ് പുലിവാലു ഡീല്‍ ചെയ്യാന്‍ എവിടെയാ നേരം? ആര്‍ക്കാ താല്‍പ്പര്യം? കര്ണ്ണന് അര്‍ജുനനെ വധിക്കാന്‍ കരുതിവെച്ച വേല് പോലെ വാല് സുരക്ഷിതമായിരുന്നോളും. കേന്ദ്രത്തില്‍ മുപ്പത്തിയൊമ്പത് സീറ്റുകളുള്ള തമിഴ്നാടിണ്റ്റെ പുലിവാലു പോകട്ടെ ഒരു എലിവാലു പോലും തൊട്ടുകളിക്കാന്‍ ആര്‍ക്കാ ധൈര്യമുണ്ടാകുക.
ശ്രീലങ്കയുടെ ഈ അതിബുദ്ധി അറിയാന്‍ വയ്യാത്ത രാജ്യമാണ് ഇന്ത്യയെന്നു ധരിച്ചേക്കരുത്. രോഗം എത്രയേറെ കലശലായാലും ഏതു മരുന്നു വേണമെന്നു തര്‍ക്കിച്ചുകൊണ്ട് സഹനത്തിണ്റ്റെ 'നാച്ചുറോപ്പതി'യെ മുറുകെ പ്പിടിച്ച് രോഗാണുക്കളെ ബോറടിപ്പിച്ച് അവയുടെ മനോബലം തകര്‍ക്കാമെന്നു തന്നെ ഇന്ത്യ വിശ്വസിക്കുന്നു. പോരാത്തതിനു സ്വന്തം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ രോഗാണുക്കളെ വിട്ടു തരാന്‍ അവര്‍ അയല്‍ രാജ്യത്തോട് ആദ്യം ആജ്ഞാപിക്കും. പിന്നെ ആവശ്യപ്പെടും. അതിനുശേഷം അഭ്യര്‍ത്ഥിക്കും. എന്നിട്ടും ചെവിക്കൊണ്ടില്ലെങ്കില്‍ വെറുതെ ഇരിക്കുമെന്നു കരുതുന്നുണ്ടോ? നേരെ അമേരിക്കന്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി പറയും. എഴുതികൊടുത്തെന്നുമിരിക്കും. ഇത്രയൊക്കെ ആകുമ്പോഴേക്കും ഏതു രോഗാണുവിനും ബോറടിക്കും. രോഗം ബാധിച്ച അവയവം പോലും ആ രോഗവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞോളും. അതോടെ സര്‍വ്വം മംഗളം ശുഭം.
ഇപ്പോള്‍ ഇവിടെ സ്ഥിരീകരിക്കപ്പെട്ട ഒരു രോഗാണു ആണുള്ളത്. പാര്‍ലിമെണ്റ്റില്‍ നിന്നു പിടിച്ചത്. വധിക്കാന്‍ തീരുമാനമായിട്ടുണ്ട്. പക്ഷേ ആരു എപ്പോള്‍ വധിക്കുമെന്നു തീരുമാനിച്ചിട്ടില്ല. അതു തീരുമാനിക്കപ്പെടുന്നതുവരെ ആ രോഗാണു രോഗാണു അവകാശ സംരക്ഷകരുടെ നിതാന്ത വീക്ഷണത്തില്‍ സര്‍ക്കാര്‍ ചെലവില്‍ സസുഖം വാഴും. ഓരോ ഗവണ്‍മെണ്റ്റും അടുത്ത സര്‍ക്കാറിനായി ആ കാളകൂട വിഷം മാറ്റി വെക്കും. ആരും ഒന്നും ചെയ്യില്ലെന്നു രോഗാണുവിനറിയാം. അങ്ങിനെ ചെയ്താല്‍ "വാ" വട്ടമുള്ള ഒരു തമിഴ് നാടല്ല, ഇന്ത്യയിലെ മൊത്തം വോട്ട് ബാങ്കുകള്‍ തങ്ങളെ എന്നേക്കുമായി എഴുതിത്തള്ളുമെന്നു അറിയാനുള്ള കേവലബുദ്ധി എല്ലാ ഗവണ്‍മെണ്റ്റുകള്‍ക്കുമുണ്ട്. തന്നെ കുത്താനുള്ള കത്തി ഏതെങ്കിലും കൊല്ലന് സ്വമേധയാ പണിയുമോ?
അപ്പോള്‍ പിന്നെ സാദ്ധ്യത വാര്‍ദ്ധക്യസഹജമായ മരണത്തിനാണ്. അല്ലെങ്കില്‍ വിദേശകാര്യമന്ത്രി പോക്കറ്റ് നിറയെ പണവും കൊടുത്ത് വിമാനത്തില്‍ ദൂരെ എവിടേയെങ്കിലും കൊണ്ടുചെന്ന് കളയണം. അപ്പോഴേക്കും വേറെ ചില രോഗാണുക്കളെ ഇവിടെ കരുതി വെക്കേണ്ടേ? അതല്ലെങ്കില്‍ പണിയും ത്വരവുമില്ലാതെ നിരങ്ങുന്ന രോഗാണു അവകാശ സംരക്ഷകര്‍ അബദ്ധത്തില്‍ വേണ്ടാതിടങ്ങളിലേക്കു കയറിയെന്നു വരും. അതൊഴിവാക്കാനാണ് പാക്കിസ്ഥാനിലേക്കു പുതിയ ഇരുപത് എണ്ണത്തിനായി ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്.
എന്നാല്‍ രോഗ പ്രതിരോധത്തില്‍ വിശ്വസിക്കുന്ന ഒരു കൊച്ചു രാജ്യമാണ് ഇസ്രായേല്‍. ഇന്നു ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന ആ രാജ്യത്തിലേക്കു നമുക്കും ഒന്നു ചുഴിഞ്ഞു നോക്കാം.
ഗര്‍ഭാവസ്ഥക്കു മുന്‍പു തന്നെ ഇത്രയും പീഡനങ്ങള്‍ അനുഭവിച്ച മറ്റൊരു അബലയില്ലെന്നു ചരിത്രം പറയുന്നു. നാസികള്‍ അവരെ കൂട്ടമായി പിടിച്ച് ഗ്യാസിലിട്ടു വേവിച്ചു. ലക്ഷങ്ങള്‍ ചത്തു പോയെങ്കിലും വിത്തു ഗുണമുള്ള ഒത്തിരി പിന്നേയും ബാക്കിയായി. ഡാര്വിന് പറഞ്ഞതുപോലെ തന്നെ - സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്.
ലോകയുദ്ധത്തിനുശേഷം പശ്ചിമേഷ്യയുടെ പാലസ്തീന് ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ കൊള്ളയടിക്കാനുള്ള അവകാശം തുര്‍ക്കിയെ തകര്‍ത്ത് ബ്രിട്ടന് നേടിയിരുന്നു. 'പോകുന്ന പോക്കില്‍ ഒരു വെട്ടും കൂടെ' എന്ന തങ്ങളുടെ നയം നാല്പ്പത്തിയേഴില് വിജയകരമായി ഇന്ത്യയില്‍ നടപ്പിലാക്കിയതിണ്റ്റെ പശ്ചാത്തലത്തില്‍ നാല്‍പ്പത്തിയെട്ട് മേയ് പതിനഞ്ചിനു അവിടേയും ചെയ്യാനായിരുന്നു ബ്രിട്ടണ്റ്റെ പദ്ധതി. വെട്ടൊന്നിനു മുറി മാത്രമല്ല മുറിവും രണ്ടാണെന്നു ബ്രിട്ടനു നന്നായി അറിയാം. മുറിവുണ്ടായാല്‍ രോഗാണു ബാധ ഉണ്ടാകും. അതോടെ മരുന്നിണ്റ്റെ ആവശ്യം വരും. പിന്നെ മരുന്നു വിറ്റ് ശിഷ്ടകാലവും കൊള്ള തുടരാം. ഇതിനെയാണു വെടിമരുന്നു ബുദ്ധി എന്നു പറയുന്നത്.
പക്ഷേ ഓടുന്ന ബ്രിട്ടണ്റ്റെ ഒരു ദിവസം മുന്നിലായി ഇസ്രായേല്‍ സ്വയം വെട്ടി സ്വാതന്ത്യ്രം തെളിയിച്ചു. രക്തം കണ്ട് കൊതി പൂണ്ട കഴുതപ്പുലികളെപ്പോലെ ചുറ്റിലുമുള്ള അറബി രാജ്യങ്ങള്‍ ആ മുറിവിലേക്കു ചാടി വീണു. ഇസ്രായേലിനെ കടിക്കാനും പാലസ്തീനിനെ നക്കാനുമായി എത്തിയത് ഈജിപ്ത്, സിറിയ, ഇറാഖ്, ജോര്ഡാന്, സൌദി എന്നീ രാജ്യങ്ങളായിരുന്നു. ഇസ്രായേലിനെ കടിക്കാനുള്ള പല്ലുറപ്പില്ലെന്നു മനസിലാക്കാനുള്ള ബുദ്ധി ഈജിപ്തിനും ജോര്‍ഡാനുമാണ് ആദ്യം ഉണ്ടായത്. അതോടെ അവര്‍ യഥാക്രമം പാലസ്തീനിണ്റ്റെ ഗാസയും വെസ്റ്റ് ബാങ്കും കടിച്ചെടുക്കുകയും ചെയ്തു.
ഇറച്ചി കണ്ടിടത്തു കടിക്കാന്‍ വെമ്പി നില്ക്കുന്ന കഴുതപ്പുലികളാണ് ചുറ്റിലുമെന്ന് അറിയാതിരിക്കാന്‍ ഇന്ത്യയല്ലല്ലോ ഇസ്രേയേല്‍. അവര്‍ പെരിയ ഡോക്ടര്‍മാരില്‍ നിന്നും കിട്ടാവുന്നിടത്തോളം മരുന്നു ശേഖരിച്ചു തുടങ്ങി. മൊത്തമായും ചില്ലറയായും റിഡക്ഷന്‍ സെയിലിലും ഒക്കെ വാങ്ങിക്കൂട്ടി. ഉള്ള രോഗങ്ങള്‍ക്കും ഉണ്ടാകാനിടയുള്ള രോഗങ്ങള്‍ക്കും ഒക്കെ.
അതോടെ ഒരിക്കല്‍ തങ്ങളുടെ ശരീര ഭാഗങ്ങളായിരുന്ന ഗാസയും വെസ്റ്റ് ബാങ്കും മറ്റു രാജ്യങ്ങള്‍ പിടിച്ചടക്കി വെച്ചിരുന്നത് അവര്‍ക്കു ദഹിച്ചില്ല. തല്ലിപ്പിരിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ അന്യം നിന്നാലും പഴയ തറവാട്ടു വീട്ടിലേക്കു തിരിഞ്ഞു നോക്കരുത് എന്ന ചൊല്ലു അവര്‍ കേള്‍ക്കാതെ പോയി. മാത്രമല്ല, ബ്രിട്ടണ്റ്റെ വെട്ടിണ്റ്റെ ഒരു സവിശേഷ ഗുണം അറിയാനുള്ള ബുദ്ധിയും അവര്‍ക്കു ഇല്ലാതെ പോയി. എവിട്ക്കു ചേര്‍ന്നാലും ശരി, വെട്ടിയ ഭാഗത്തേക്കു തിരിച്ചു ചേരാത്ത രീതിയിലാണു ബ്രിട്ടന് വെട്ടാറ്. അഥവാ ആരെങ്കിലും ബലമായി ചേര്‍ത്തു വെച്ചാലോ എപ്പോഴും അവിടെ പുണ്ണു പഴുത്ത് ചൊറിഞ്ഞു കൊണ്ടിരിക്കും.
എങ്കിലും തൊണ്ണൂറ്റി മൂന്നു സപ്തമ്പര്‍ പതിമൂന്നിനു ഓസ്ളോ ഔഷധം പുരട്ടിയതോടെ പുണ്ണു കരിയുന്നു എന്നു തോന്നിച്ചതാണ്. പക്ഷേ തൊണ്ണുറ്റിയഞ്ചു നവമ്പര്‍ നാലിനു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ജീവനില്‍ കത്തികേറ്റിക്കൊണ്ട് കൂടുന്നമുറിവ് ഇളക്കാന്‍ പാലസ്തീന് തീവ്രവാദികള്‍ക്കു കഴിഞ്ഞു. തൊണ്ണുറ്റി ആറ് മാര്‍ച്ച് മാസത്തോടെ നിരവധി ചാവേര്‍ ആക്രമണങ്ങളിലൂടെ ഹമാസ് പുണ്ണു മാന്തി ക്യാന്‍സറാക്കുന്നതില്‍ വിജയിച്ചു.
ഇതിനകം ഇസ്രായേലാകട്ടെ ചികിത്സയും മരുന്നു വില്‍പ്പനയുമുള്ള ഒരു കൊച്ചു ഡോക്ടറായി മാറിക്കഴിഞ്ഞിരുന്നു. അവര്‍ ശക്തമായ ഡോസില്‍ ആണ്റ്റീ ബയോട്ടിക്കുകള്‍ പ്രയോഗിച്ചു തുടങ്ങി. അതു അങ്ങിനെയല്ലേ വരൂ. ഒരു ഗ്രാമീണനു ചെറിയ മുറിവു പറ്റിയാല്‍ അവന് ചിലപ്പോള്‍ കൊട്ടപ്പാലു തേച്ചു കെട്ടും. പൊള്ളിയാല്‍ തുളസിച്ചാറൊഴിക്കും. അല്ലെങ്കില്‍ മഷി. എന്നുവെച്ച് അലമാറ നിറയെ മരുന്നുകള്‍ അടുക്കിവെച്ചിരിക്കുന്ന ഡോക്ടറും കൊട്ടപ്പാല് തിരഞ്ഞുപോകണമെന്നു ശഠിക്കാമോ?
'ബോംബുണ്ടാക്കുന്നത് പൊട്ടിക്കാനാണെന്ന്' ഒരു സിനിമയില്‍ കേട്ടിട്ടുണ്ട്. ഹമാസും ഇസ്രായേലികളും അതു കേട്ടിട്ടുണ്ടെന്നു കരുതണം. അതില്‍ നിന്നൊരു പടി കൂടെ മുന്നോട്ടു ഹമാസ് ചിന്തിച്ചു പോയിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനൊക്കുമോ? കച്ചവടക്കാരനു വില്‍പ്പനയെന്ന പോലെ, ഡോക്ടര്‍ക്കു ചികിത്സയെന്ന പോലെ ബുദ്ധിജീവികള്‍ക്കു പുത്തന്‍ ചിന്തകള്‍ ഒഴിച്ചു കൂടാനാവാത്തതല്ലേ? എന്തിനാ ഫത്തക്കു പകരമായി ഹമാസ് ഉണ്ടാക്കിയത്?? അവര്‍ മൊട്ടു സൂചി റോക്കറ്റുകള്‍ വാങ്ങി 'എത്തുന്നോടത്ത്' കുത്തിക്കൊണ്ടിരുന്നു.
ഇസ്രായേലികള്‍ മൊട്ടു സൂചിയെ ഉലക്കകൊണ്ട് നേരിട്ടു. ഹമാസ് ന്യായമായും ചോദിച്ചു? ഇതേത് യുദ്ധനീതി? ലോകമെമ്പാടുമുള്ള റഫറിമാരും കാണികളും അവരോടു യോജിച്ചു. കളിയില്‍ ഇസ്രായേല്‍ സ്പോര്‍ട്ട്സുമാന്‍ സ്പിരിറ്റ് പാലിക്കണം. ഞങ്ങളുടെ കൈയില്‍ മൊട്ടുസൂചി ഇല്ല, ഉലക്കയേ ഉള്ളു എന്നു ഇസ്രായേല്‍. കളിക്കാരന് കളി നിര്‍ത്തി പിന്നെന്തു ചെയ്യുമെന്ന് ഹമാസ്? ആര്‍ക്കും ഉത്തരമില്ല. ഗുരു ഡോക്ടര്‍ക്കാവട്ടെ ഇത്തരം കളികളിലൊന്നും താല്‍പ്പര്യമേ ഇല്ല. ദൂരദേശങ്ങളില്‍ ചെന്നു കളിക്കുമ്പോഴേ കളിയാകൂ എന്നാണു മൂപ്പരുടെ മതം. എന്തായാലും ശിഷ്യന് കളി പഠിക്കുകയല്ലേ, തടഞ്ഞിട്ടെന്തു കിട്ടാനാ? എന്തു ചെയ്താലും മരുമകന് സിഗറരറ്റ് വലി ഉപേക്ഷിക്കില്ലെന്നു അറിയാവുന്ന അമ്മാവനു ബുദ്ധിയുണ്ടെങ്കില്‍ വലി നിര്‍ത്താന്‍ മരുമകനോട് പരസ്യമായി പറയുമോ?
എന്നാല്‍ ഹമാസിനറിയില്ലേ കൂടുതല്‍ നല്ല കളികള്‍. അവര്‍ സ്ക്കൂളുകളിലും ആശുപത്രികളിലും കയറി ഇസ്രായേലിലേക്കു മൊട്ടുസൂചികള്‍ എറിഞ്ഞു. സ്ക്കൂളാണെന്നു കരുതി മിണ്ടാതിരിക്കാനൊക്കുമോ. ഇസ്രായേലികള്‍ തിരിച്ചെറിഞ്ഞു. മൊട്ടുസൂചിയല്ല, ഉലക്കതന്നെ. മരിച്ചു കിടക്കുന്ന കുട്ടികളുടെ ദയനീയ ചിത്രങ്ങള്‍ വെറുതെ കളയാനുള്ളതാണോ? അതെല്ലാം അപ്പോഴപ്പോള്‍ ഒപ്പിയെടുത്ത് കാണികള്‍ക്കും റഫറിമാര്‍ക്കും കൈമാറാനുള്ള അവസരമുണ്ടാക്കാന്‍ ഹമാസ് മറന്നില്ല. മക്കള്‍ മരിച്ചാലെന്താ... അല്ല, അവര്‍ മരിക്കാനുള്ളതാണല്ലോ. എല്ലാ യുദ്ധങ്ങളിലും അങ്ങിനെയല്ലേ സംഭവിച്ചിട്ടുള്ളു. ചരിത്രത്തിലിന്നോളം. യുദ്ധത്തിണ്റ്റെ മുഴുവന്‍ വിലയും കൊടുക്കാറുള്ളത് സാധാരണ ജനങ്ങളാണ്. ഇരു പക്ഷത്തേയും നിഷ്ക്കളങ്കരായ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സാധാരണ ജനത. ജയിച്ചാലും തോറ്റാലും. യുദ്ധവെറിയന്മാരായ നേതാക്കളാവട്ടെ വിജയം അവകാശപ്പെടാനും ആഘോഷിക്കാനും മാത്രമുള്ളവര്‍. സമ്പൂര്‍ണ്ണ പരാജയമാണെങ്കില്‍ ബന്ധുവീട്ടിലേക്ക് പാലായനം ചെയ്ത് അവിടെ യിരുന്നു നാവുപയറ്റ് തുടരും. ആര്‍ക്കാ ഇതൊക്കെ അറിയാത്തത്? അത്തരം സംഭ്രമ ജനകമായ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരേയും പഴി ചാരുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ക്കും ജീവിച്ചു പോണ്ടേ?
പക്ഷേ ഒരു ആശ്വാസമുണ്ട്. റാമ്പില്‍ തുണിയഴിയുന്ന സംസ്ക്കാരരാഹിത്യത്തില്‍ രോഷം പൂണ്ട് മാലോകര്‍ക്കെല്ലാം മനപ്പാഠമാകുന്നതു വരെ ആഴ്ച്ചകളോളം ഒരു അര്‍ദ്ധ നഗ്ന സുന്ദരിയെ നാഴികക്കു നാലുവട്ടമെന്ന തോതില്‍ ഇരുപത്തിരണ്ടു ഇഞ്ച് സ്ക്ക്രീനില്‍ അച്ചാലും പിച്ചാലും നടത്തിയ ചാനലുകള്‍ക്ക് (ചുരുങ്ങിയത് വടക്കേ ഇന്ത്യയിലെങ്കിലും) ഇതിലൊന്നും കഴമ്പുള്ള ഒരു വാര്‍ത്തയും കണ്ടില്ല. പത്രങ്ങളും തഥൈവ. മരണ സംഖ്യയുടെ അനുപാതം തൂക്കി നോക്കി ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ഇറാഖ്, തുടങ്ങിയ വാര്‍ത്തകളോടൊപ്പം ഉള്ളറകളില്‍ അല്പ്പാല്പ്പം വിളമ്പുന്നു. അതൊക്കെ കണ്ടശേഷം ഒരു മലയാളം പത്രമെടുത്താല്‍ പൊതുവിജ്ഞാനത്തില്‍ ഒരുവിധം പരിജ്ഞാനമുള്ള മലയാളി പോലും ഒരു വേള സംശയിച്ചു പോകും, ഈ ഗാസയെന്നു പറയുന്നത് കാസര്‍കോഡിനും തിരുവനന്തപുരത്തിനും ഇടയില്‍ എവിടെയോ ആണെന്നു.
ഇതൊക്കെ അടിവരയിടുന്നത് ആ പഴയ ചൊല്ലു തന്നെ, മുറി വൈദ്യന് ആളെ കൊല്ലും. ആളെ മാത്രമല്ല, തന്നെ തന്നേയും. എന്തെങ്കിലും പഠിക്കുന്നെങ്കില്‍ മുഴുവന്‍ പഠിക്കണം. അല്ലെങ്കില്‍ തുടക്കത്തില്‍ പറഞ്ഞ ആ ബുദ്ധിജീവികളുടെ ഗതിയാവും വന്നു പെടുക. ഒളിയുദ്ധത്തില്‍ ഹമാസിണ്റ്റെ കോളേജില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ നേടി വന്ന പുലികള്‍ എലികള്‍ ആയി മാറിയതും ഇക്കാരണത്താലാണ്. അല്ലായിരുന്നെങ്കില്‍ ജാഫ്നയല്ല, ശ്രീലങ്ക മൊത്തം പോയാലെന്താ. പുലി വാര്‍ത്തകള്‍ പിന് പേജില്‍ നിന്നും പ്രമോഷന് നേടി മുന്‍ പേജുകളില്‍ ഇടം കണ്ടെത്തുമായിരുന്നു. അതിലൂടെ ചിന്തിക്കുന്ന ജനത്തിണ്റ്റെ ഹൃദയത്തില്‍ ഇടം നേടുമായിരുന്നു. ഒരു തമിഴന്റെ ചിന്തകളിലേക്കു മാത്രമായി ഒതുങ്ങില്ലായിരുന്നു. ഒരു വെടിക്കു രണ്ടു പക്ഷിയല്ല ബുദ്ധിയുടെ ലക്ഷണം. ഒരു വെടിക്കു പല പക്ഷികളുമല്ല. ഒറ്റ വെടി പോലും വെക്കാതെ എണ്ണമറ്റ പക്ഷികളാണ്. ഇനിയും മനസിലായില്ലെങ്കില്‍ 'ഡോക്ടറോട് ചോദിക്കുക'.
എന്തൊക്കെയായാലും എങ്ങിനെയൊക്കെ ആയാലും വെള്ള ഫോസ്ഫറസിണ്റ്റെ നരക വടി എടുത്തതോടെ ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും കൊടിയ ക്രൂരന്മാരായ ഹിറ്റ്ലര്‍, പോള്‍ പോട്ട്, ട്രൂമാന്, സ്റ്റാലിന്, ഇദി അമീന്, സദ്ദാം തുടങ്ങിയവരെയൊക്കെ വെല്ലുവിളിച്ചു കൊണ്ട് മുന്‍നിരയിലെത്തുകയാണ്. ഏത് വടികൊണ്ട് പണ്ട് കൊണ്ടോ അതേ വടിയുമായി അവര്‍ നില്ക്കുന്നു. മുന്നിലോ കൊച്ചു കുട്ടികളും.
അതേ സമയം ഇന്ത്യക്കും ചിലതു ചെയ്യാനുണ്ട്. ഇന്ത്യയുടെ കടുത്ത മീശവിറപ്പിക്കല്‍ ഒന്നു കണേണ്ട താമസമേ ഉള്ളൂ, ഇസ്രായേല്‍ അടിയും വെടിയും നിര്‍ത്തി പാലസ്തീന് അടിയറവെക്കും എന്നു സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാം. എന്നാല്‍ അതല്ലാതെ മറ്റൊരു ശ്രേഷ്ഠമായ വഴി നമ്മള് പിന്തുടരുന്നില്ല? സ്നേഹത്തിണ്റ്റേയും മൈത്രിയുടേയും ആ വഴിയല്ലേ നാം ഇസ്രായേലിനും പഠിപ്പിച്ചു കൊണ്ടുക്കേണ്ടത്? അതുകൊണ്ട് ഇസ്രായേലുമായി എല്ലാ ബന്ധങ്ങളും നിര്‍ത്തി വെക്കുന്നതിനും വെറുക്കുന്നതിനും പകരം അവരെ ഇങ്ങോട്ടു ക്ഷണിക്കണം. രോഗാണുക്കളെ സഹിച്ചും പൂജിച്ചും ബോറടിപ്പിക്കുന്ന ആ "നാച്ചുറോപ്പതി" ഒന്നു പരിശീലിപ്പിക്കണം. എങ്ങിനെ ചൂടന്‍ കത്തുകളെഴുതി ലോകവ്യാപകമായി വിതരണം ചെയ്യാമെന്നും.
Monday, January 19, 2009
Subscribe to:
Post Comments (Atom)
30 comments:
"ഒരു വെടിക്കു രണ്ടു പക്ഷിയല്ല ബുദ്ധിയുടെ ലക്ഷണം. ഒരു വെടിക്കു പല പക്ഷികളുമല്ല. ഒറ്റ വെടി പോലും വെക്കാതെ എണ്ണമറ്റ പക്ഷികളാണ്...."
കലക്കി, നല്ല ആക്ഷേപഹാസ്യം, നല്ല ലിങ്കിങ്ങ്.
കുഞ്ഞുങ്ങള്‍ ഏതു പക്ഷത്തിലേതായാലും എന്തു പിഴച്ചു? കൊല്ലുന്നവരും മുന്നിലേക്കെറിയുന്നവരും ഒരേ പോലെ കുറ്റക്കാര്‍ തന്നെ.
അനോണികളേ ഇതിലേ ഇതിലേ...
നിക്ഷ്പക്ഷത അരാഷ്ട്രീയത എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഇക്കാലത്ത് ഇതുപോലെയുള്ള ‘കഥപറച്ചിലിന്’ പൊന്നിന്റെ മാറ്റാണ് ജിതേന്ദ്ര. നന്ദി.
ജിതുമോനെ കലക്കി , ഇത് പൊന്നല്ല കനകക്കട്ട :) .ഒരു നാച്ചുറോപ്പതി ആവശ്യമാണ് .സ്നേഹത്തിന്റെയും സഹനത്തിന്റെയും . ഇസ്രായേലില്‍ മാത്രമല്ല ബ്ലോഗിലും അത്യാവശം .
കൊള്ളാം,ഒരൊറ്റ വെടിക്ക് തന്നെ പല പക്ഷികള്‍ വീണല്ലോ ഇതില്‍? ;)
നല്ല സറ്റയര്‍... ആശംസകള്‍
മരിച്ചു കിടക്കുന്ന കുട്ടികളുടെ ദയനീയ ചിത്രങ്ങള്‍ വെറുതെ കളയാനുള്ളതാണോ? അതെല്ലാം അപ്പോഴപ്പോള്‍ ഒപ്പിയെടുത്ത് കാണികള്‍ക്കും റഫറിമാര്‍ക്കും കൈമാറാനുള്ള അവസരമുണ്ടാക്കാന്‍ ഹമാസ് മറന്നില്ല. മക്കള്‍ മരിച്ചാലെന്താ...
ജിതേന്ദ്രാ..ഈ കറുത്ത ഹാസ്യം ബ്ലോഗിനുമറ്റൊരു മുതല്‍ക്കൂട്ട്.
കഥകള്‍ക്കിടയില്‍ കഥയില്ലയ്മ നിറഞ്ഞ ലോകത്തെപറ്റി ഇങ്ങനെയും ചിലതെഴുതു..
സൂപ്പര്‍ പോസ്റ്റ്...
ചാത്തനേറ്:“ ഈ ഗാസയെന്നു പറയുന്നത് കാസര്‍കോഡിനും തിരുവനന്തപുരത്തിനും ഇടയില്‍ എവിടെയോ ആണെന്നു.
” -- അതിന്റിടയിലൂടെ എന്നാ താങ്ങ്... ഹാറ്റ്സ് ഓഫ് ഫോര്‍ ദ ക്വോട്ട്...
ഗംഭീരം!
ചങ്കരന്:
വളരെ നന്ദി
ശ്രീഹരി:
സത്യം. പക്ഷേ അവരും ആരൊക്കെയാലോ ആയുധമാക്കപ്പെടുന്നു എന്നത് കറുത്ത സത്യം. നന്ദി.
ഗുപ്തന്:
"നിക്ഷ്പക്ഷത അരാഷ്ട്റീയത" ആക്കുന്നതിനു (ശ്രമിക്കുന്നതിനു)പിന്നിലുമില്ലേ ഒരു കളി? "ആടിനെ പട്ടിയാക്കുന്ന കളി.
വളരെ നന്ദി.
കാപ്പിലാന്: VM:
വളരെ നന്ദി.
ജി. മനു:
സത്യം ചിലപ്പോള്‍ വേദനിപ്പിക്കുന്നു..(ഇന്നലെ)
സത്യം പലപ്പോഴും വേദനിപ്പിക്കുന്നു... (ഇന്നു)
സത്യം എപ്പോഴും വേദനിപ്പിക്കുന്നു...
എന്നു നാളെ കേള്‍ക്കേണ്ടിവരുമോ എന്നു പേടിക്കണം. വളരെ നന്ദി.
തോന്ന്യാസി: കുട്ടിച്ചാത്തന്: നന്ദ:
വന്നതില്‍ സന്തോഷം.
നല്ല വാക്കുകള്‍ക്കു വളരെ നന്ദി.
ഉഗ്രൻ പോസ്റ്റ്. ആശംസകൾ
കത്തിക്കേറുന്നുണ്ട്.
അവർക്ക് നാച്ചുറോപ്പതി പഠിപ്പിക്കുകയും, നമുക്ക് കുറച്ചു ഡോക്ടറുഭാഗം പഠിക്കുകയും ചെയ്യാം.
ഒന്നു പറന്ന് വന്നിരിക്കാന്‍ ഒരു മരച്ചില്ല കൊടുത്താല്‍ മതി,ഡെറ്റോള്‍ ഇട്ട പോലെ എല്ലാം കഴുകി വെടുപ്പാക്കിത്തരാംന്ന് പണ്ട് പറഞ്ഞതാ അവര്‍.പക്ഷെ നമ്മള് അഹിംസ പറഞ്ഞ് ഇരുന്നു.ഇനിയെന്താ ?അനുഭവിക്ക തന്നെ !
നന്നായി അവതരിപ്പിച്ചിരിക്കുന്നു. നല്ല നിരീഷണങ്ങളും യുക്തിയും.
ലക്ഷ്മി:
വളരെ നന്ദി.
പാര്ത്ഥന്:
നടക്കുന്ന കാര്യമാണോ ? (രണ്ടും)
വളരെ നന്ദി.
മുസാഫിര്‍:
അയല്‍പക്കവുമായുള്ള വഴക്ക് തീര്‍ക്കാന്‍ കൂലിത്തല്ലുകാരെവിളിക്കുന്നതിനോടു യോജിപ്പില്ല. (കൂലിത്തല്ല് എന്ന വാക്കുഅത്രയ്ക്കു യോജിക്കില്ല. ഒരിക്കല്‍ പാലസ്തീനിനു പാക്കിസ്ഥാന് അണുബോംബു കൈമാറുമോ എന്നാണ് ഇസ്റായേല്‍ ഭയന്നിരുന്നതെന്നു വ്യക്തം).
"അനുഭവിക്കുക തന്നെ" എന്നു പറഞ്ഞതില്‍ പാക്ക് അണുബോംബു ഉണ്ടാക്കിയ സ്ഥിതിക്കു ഇനി ഇന്ത്യക്കു ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണു ഉദ്ദേശിച്ചതെങ്കില്‍ അതു വേദനിപ്പിക്കുന്ന മറ്റൊരു സത്യമാണു. (പ്രസിഡണ്ട് ആയിരിക്കുമ്പോള്‍ത്തന്നെ കലാം ഇതു പറഞ്ഞിരുന്നു. )
കാമ്പുള്ള കമണ്റ്റുകള്ക്കു വളരെ വളരെ നന്ദി.
ശ്രീ നമതു സാറ്:
സ്വാഗതം.
വളരെ സന്തോഷമുണ്ട്, ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍.
കമണ്റ്റിനു വളരെ നന്ദി.
എഴുത്ത് ഉഗ്രനായി കേട്ടോ...
paamaaran:
വളരെ സന്തോഷ.
ഇസ്രായേല്‍ എന്ന കൊടും ഭീകര രാഷ്ട്രത്തെ വെള്ള പൂശാനുള്ള ഒരു എളിയ ശ്രമം അല്ലേ..
ആദ്യം താങ്കള്‍ എന്താണ് ഫലസ്തീന് പ്രശ്നമെന്നും ഇസ്രായേല്‍ എങ്ങനെ ഉണ്ടായി എന്നും സിയോണിസം എന്നാലെന്തുന്നും, ഹമാസ് ആരാണെന്നും എന്നൊക്കെ പടിച്ചിട്ട് വാ മാഷെ..
അക്രമിയെയും ആക്രമിക്കപ്പെട്ടവനെയും ഒരേ തുലാസില്‍ തൂക്കുന്നത് ശരിയാണോ എന്ന് ചിന്തിച്ചാല്‍ നല്ലത്.
ചിന്തകന്‍:
ഞാനും അതിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്? വേറെ വേറെ തുലാസുകള്‍ ഉണ്ടാവുന്നതിലല്ലേ ഇക്കാലത്ത് ബുദ്ധിയും ചിന്തയും 'ചിന്തകന്‍' മാഷേ?
നിരപരാധികള്‍ എന്ത് പിഴച്ചു... വിടരാതെ കൊഴിയുന്ന പൂമൊട്ടുകള്‍...?
മതതീവ്രവാദികള്‍ക്കൊപ്പം കുഴലൂതാതെ ഇങ്ങനെ ചിന്തിക്കുന്നവരും ഉണ്ടല്ലോ എന്നാലോചിക്കുമ്പോള്‍ സമാധാനം ഉണ്ട്...
ജിതേന്ദ്രന് മാഷെ
ചിന്തകള്‍ക്ക് യാഥാര്‍ഥ്യ ബോധവും സത്യം മനസ്സിലാക്കാനുള്ള ആഗ്രഹവും കൂടി ഉണ്ടായിരിക്കണം.
വര്‍ഗ്ഗീയമായ ഒരു കാഴചപാടില്‍ നിന്ന് കാര്യങ്ങള്‍ നോക്കികാണുന്ന ഒരാള്‍ക്ക് മാത്രമല്ലാതെ ഇസ്രായിലിനെ പോലൊരു കൊടും ഭീകര രാഷ്ട്രത്തെയും അതുണ്ടായ രീതിയെയും ന്യായീകരിക്കാനാവുകയില്ല.
സമയമുണ്ടെങ്കില്‍
ഇവിടെയുമൊന്ന് പോയി നോക്കൂ
ചിന്തകൻ :)
താങ്കൾ കൊടുത്തിരിക്കുന്ന ലിങ്ക് പോസ്റ്റു ചെയ്ത അന്നു തന്നെ വായിച്ചിരുന്നു. ഒരു ഇസ്ലാം പ്രചാരക ബ്ലോഗ് എന്നതിലുപരി അതിൽ ഒന്നും ഇല്ലായിരുന്നു. അതിലെ സത്യ സന്ധത ഈ ഒറ്റ വരിയിൽ നിന്നും മനസ്സിലാക്കാം.
(“ഹോളോകാസ്റ്റിനെ കുറിച്ചും സെമിറ്റിക് വിരോധത്തെ കുറിച്ചും ഊതി പെരുപ്പിച്ച നുണകളും അര്‍ദ്ധ സത്യങ്ങളും പ്രചരിപിച്ച് ജൂത സമൂഹത്തെ ഒരു പീഡിത സമൂഹമായി അവതരിപ്പിച്ചു.“)
10ആം ക്ലാസു വരെ ചരിത്രം പഠിച്ചതിൽ രണ്ടാം ലോക മഹയുദ്ധത്തിനെക്കുറിച്ചൊക്കെ പഠിച്ചത് ഓർമ്മയുണ്ട്. പിന്നീട് ആ ചരിത്രമൊക്കെ മാറിയത് അറിഞ്ഞിരുന്നില്ല.
സൂരജ് ഈ വിഷയത്തെപ്പറ്റി നിഷ്പക്ഷമായ ഒരു പോസ്റ്റ് ഇട്ടിരുന്നു. എല്ലാവരും അത് വായിച്ചിട്ടും ഉണ്ടാകും.
ഭാരതത്തിലുള്ളവർ പണ്ട് താടിവെച്ച സന്ന്യാസിമാരായിരുന്നു എന്നു വെച്ച് ഇക്കാലത്തും എല്ലാവരും ഭജഗോവിന്ദം പാടി നടക്കുന്നവർ മാത്രമായിരിക്കണം എന്ന് നിർബ്ബന്ധം പിടിക്കരുത്.
ഓ.ടോ. :
ഒപ്പം ജോലി ചെയ്യുന്ന ഒരു മുസ്ലിം സുഹൃത്തിനോട് വെറുതെ ഒരു കാര്യം ചോദിച്ചു, “ബൈബിളിലും ഖുർആനിലും പറയുന്ന ഇസ്രായേലികളും ജൂതന്മാരും താമസിച്ചിരുന്ന സ്ഥലങ്ങൾ എവിടെയായിരുന്നു. മുഹമ്മദ് നബിക്ക് ക്രിസ്ത്യാനികളും ജൂതന്മാരുമായി നല്ല ബന്ധം ഉണ്ടായിരുന്നു എന്നും ചരിത്രം പറയുന്നില്ലേ” എന്ന്. ആദ്യം പറഞ്ഞ മറുപടി, “ഞാൻ വായിക്കുന്ന ഖുർആൻ (മലയാളം തർജ്ജമ) ഒന്നും ശരിയല്ല, അറബികൾ വായിക്കുന്ന ഖുർആൻ ഉണ്ട് അതിൽ പറയുന്നതാണ് ശരി എന്ന്.” ഇസ്രായേലികൾ റോമിലുള്ളവരായിരുന്നെന്നും ഇപ്പോൾ പലസ്തീനിൽ വന്നു കുടിയേറിയവർ അമേരിക്കയിലും മറ്റും ഉള്ള ജൂതന്മാരാണെന്നും ആണ് പുള്ളിയുടെ ഭാഷ്യം. പിന്നെ ഒന്നു കൂടി പറഞ്ഞു, സുന്നത്തു ചെയ്യാത്ത നിങ്ങളോടൊന്നും ഇതു പറഞ്ഞിട്ട് കാര്യമില്ലെന്ന്. ഇതിൽ നിന്നും ഞാൻ എന്തു മനസ്സിലാക്കണം. അദ്ദേഹം ഒരു യാഥാസ്ഥിതിക തീവ്രവാദത്തിന്റെ വക്താവാണെന്ന് എനിയ്ക്കു തോന്നിയാൽ തെറ്റുണ്ടോ. അസഹിഷ്ണുതയോടെയും മുൻധാരണയോടെയും അന്ധമായ ചില പൊരുളുകളെയും മുൻനിർത്തിയുള്ള അഭിപ്രായം ആദ്യം ഒഴിവാക്കണം.
പാര്ത്ഥന്
സൂരജിന്റെ ലേഖനം ഞാനും വായിച്ചിരുന്നു. അതില്‍ ഇസ്രായേല്‍ എന്ന വര്‍ഗ്ഗീയ രാഷ്ട്രമ്ം എങ്ങിനെ ഉണ്ടായി എന്ന അദ്ദേഹം വിവരിക്കുന്നുണ്ട്. എന്നാല്‍ ഫലസ്തീനികളുടെ സ്വാതന്ത്രിയ പോരാട്ടത്തില്‍ ഇസ്ലാം കടന്നുകൂടിയതിനോട് മാത്രമേ അദ്ദേഹത്തിന് വിയോജിപ്പുള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
താങ്കള്‍ മുസ്ലിം സുഹൃത്തിനോട് സംസാരിച്ചതും ഫലസ്തീന് അധിനിവേശവുമായുള്ള ബന്ധം എന്താണ്?
എന്താണ് താങ്കളള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇസ്രായേലാണ് ശരി എന്നാണോ? മുകളില്‍ പറഞ്ഞ ചരിത്രമെല്ലാം മനസ്സിലാക്കിയിട്ടും ഇസ്രായേലിനോട് വല്ലാത്ത ആരാധന തോന്നുന്ന ഒരു സമൂഹം നമ്മുടെ നട്ടിലുമുണ്ട്. ഇന്ത്യയിലെ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍. താങ്കള്‍ അതില്‍ പെടില്ല എന്ന് ധരിക്കട്ടെ.
പാര്ത്ഥന്
(“ഹോളോകാസ്റ്റിനെ കുറിച്ചും സെമിറ്റിക് വിരോധത്തെ കുറിച്ചും ഊതി പെരുപ്പിച്ച നുണകളും അര്‍ദ്ധ സത്യങ്ങളും പ്രചരിപിച്ച് ജൂത സമൂഹത്തെ ഒരു പീഡിത സമൂഹമായി അവതരിപ്പിച്ചു.“)
ഇതില്‍ എന്താണ് അസത്യമുള്ളത് എന്ന് മനസ്സിലാവുന്നില്ല. പത്താം ക്ലാസില്‍ പഠിച്ച ചരിത്രം എന്താണെന്നും വ്യക്താമായില്ല.
പ്രിയ ചിന്തകൻ:)
ഇസ്രായേൽ ജൂതൻ എന്നീ വാക്കുകൾ ആദ്യം കേൾക്കുന്നത് ബൈബിളിലും പിന്നെ ഖുർആനിലും ആണ് (ചെറുപ്പത്തിൽ). പിന്നീടാണ് യൂറോപ്യൻ ചരിത്രം വരുന്നുള്ളൂ എന്നേ ഉദ്ദേശിച്ചുള്ളൂ.(അത് കുറച്ച് വലുതായതിനു ശേഷമാണ് അറിഞ്ഞതും).
(സുഹൃത്തുമായുള്ള സംസാരത്തിൽ നിന്നും അദ്ദേഹത്തിനുള്ള അസഹിഷ്ണുത മനസ്സിലായത് സൂചിപ്പിച്ചെന്നേയുള്ളൂ.)
ഇത്രയൊക്കെ പറഞ്ഞെന്നു വെച്ച് ഞാൻ ഇസ്രായേലിന്റെ ഭാഗത്തുനിന്നും സംസാരിക്കുന്നു എന്നൊന്നും ധരിച്ചേക്കരുത്. സ്കൂളിൽ പഠിക്കുമ്പോൾ പലസ്തീൻ ഫണ്ട് എന്നു പറഞ്ഞ് 50 പൈസയുടെ സ്റ്റാമ്പ് വേടിച്ചത് ഓർമ്മയുണ്ട്. ഇസ്രായേലിനുവേണ്ടി അങ്ങിനെയൊന്നും ചെയ്തതായി ഓർമ്മയില്ല.
ക്ഷമിക്കുക. രണ്ടു ദിവസമായി ബൂലോകത്തേക്കു കയറാന്‍ കഴിഞ്ഞില്ല.
പകല്‍ കിനാവന്:
സത്യമാണത്. വേദനിക്കുന്ന സത്യം.
കൂതറ അവലോകനം:വളരെ നന്ദി.
ചിന്തകന്‍:
പാര്ത്ഥന്:
ഒരു പ്രത്യേക സബ്ജ്ക്റ്റിലേക്കു ചര്‍ച്ച വഴിമാറിയില്ലേ എന്നു സംശയം. (അങ്ങിനെയാകുമ്പോള്‍ പ്രധാന വിഷയംഇടയില് വീണു പോകും). നന്ദി.
ജിതു ഇതാണ് കഥയില്ലായ്മയിലെ കഥ. ഇഷ്ടപ്പെട്ടു...
വേണു:
വളരെ നന്ദി.
Post a Comment