Saturday, August 8, 2009

ജഡം (കഥ)

അന്നു പ്രഭാത സവാരിക്കിറങ്ങിയ നഗരവാസികളെ സ്വാഗതം ചെയ്തതു പുതിയൊരു നാറ്റമാണ്‌. വല്ലാതെ കുത്തിക്കയറുന്ന രൂക്ഷ ഗന്ധം.

കാറിടിച്ചു തല ചിതറിയ കൊടിച്ചിപ്പട്ടി. ട്രക്കടിച്ചു വയറു പൊളിഞ്ഞ കാള. അല്ലെങ്കില്‍ എരുമ. കുപ്പ തൊട്ടിയിലെ ചാക്കു കെട്ടില്‍ അളിഞ്ഞമരുന്ന ചോരക്കുഞ്ഞ്‌. വിടര്‍ന്ന മൂക്കുകള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു "പരിചിതമായ ആ നാറ്റങ്ങളൊന്നുമല്ല".

എങ്കില്‍ പിന്നെ എന്തിന്‍റെ നാറ്റമാണിത്‌? കൌതുകം കണ്ണു തുറന്നു. അന്വേഷണം കാറ്റിന്‍റെ ഗതികളിലേക്കു മൂക്കു വിടര്‍ത്തി.

ഏറെ ദൂരം പോകേണ്ടി വന്നില്ല. ഉയര്‍ന്ന അപ്പാര്‍ട്ടുമെണ്റ്റുകള്‍ക്കിടയിലെ വീതിയേറിയ പാതയുടെ നടുക്കൊരു വര്‍ണ്ണ മഞ്ചല്‍! ഒരു മുന്തിയ ഇനം കാറിനേക്കാള്‍ മനോഹരമായത്‌. അടുത്തെത്തിയപ്പോള്‍ മാത്രമാണു വാസ്തവത്തില്‍ അതൊരു കാറല്ല മഞ്ചലാണെന്നു അറിഞ്ഞതു തന്നെ. എന്നിട്ടും അവര്‍ക്കു വിശ്വാസം വരുന്നില്ല. 'നഗരത്തില്‍ ഒരു മഞ്ചലോ!?'

"വല്ല നാടകക്കാരും മറന്നു വെച്ചതാകും. "

"അതിനിവിടെ നാടകമെവിടെ?" പൊളിത്തീന്‍ കവറുകള്‍ കടലാസു പൊതികളെ ആട്ടിയകറ്റിയതു പോലെ കൂട്ടം കൂട്ടമായെത്തിയ സിനിമകളും സീരിയലുകളും നാടകങ്ങളെ കുരച്ചോടിച്ചിട്ടു കാലം ഏറെയായില്ലെ?

ആ മഞ്ചല്‍ അവിടെ എങ്ങിനെ വന്നു എന്നു അറിയില്ലെങ്കിലും അതില്‍ നിന്നാണു ആ നാറ്റം പരക്കുന്നതെന്നു അവിടെ കൂടിയവര്‍ക്കൊക്കെ ഇപ്പോള്‍ അറിയാം. ആകാംഷ അടക്കാനാവാത്ത ചില ധീരന്‍മാര്‍ പതുക്കെ മഞ്ചലിന്‍റെ വാതില്‍ ശീല പതുക്കെ അകറ്റി നോക്കി. അകത്തു മടങ്ങിയൊടിഞ്ഞ ഒരു ജഡം!

ആദ്യം കണ്ടവരോടു പോലീസുകാര്‍ക്കുള്ള പ്രേമത്തെക്കുറിച്ചറിയാവുന്നവര്‍ മുങ്ങി. അല്ലാത്തവര്‍ അവിടവിടെ ചുറ്റിപ്പറ്റി നിന്നു. അവരുടെ വാക്കുകളില്‍, നോട്ടങ്ങളില്‍ ജഡം ഇപ്പോഴും ജീവിച്ചിരിക്കുന്നു.

എല്ലാ കണ്ണുകളിലും ഒരേ ചോദ്യമാണു ഒളിഞ്ഞു നോക്കുന്നത്‌. 'നല്ല പരിചയമുള്ള മുഖം. എന്നാല്‍ എപ്പോള്‍, അവിടെ വെച്ചു കണ്ടു എന്നു ആര്‍ക്കും ഓര്‍ത്തെടുക്കാന്‍ കഴിയുന്നുമില്ല.

അല്‍പ്പം കഴിഞ്ഞാല്‍ പോലീസു വരും. പോലീസു നായും വരും. വഴിയെ പോകുന്നവനെ ചോദ്യം ചെയ്യല്‍, കണ്ടവനെ വിരട്ടല്‍, വിരലടയാളം, പടമെടുപ്പ്‌ തുടങ്ങി അല്‍പ്പനേരം അവിടെ വട്ടം കറങ്ങും. മണം പിടിക്കുന്ന പട്ടിയും വട്ടം കറങ്ങി ഓടും. പിന്നെ ജഡം പോസ്റ്റ്‌ മോര്‍ട്ടത്തിന്‍റെ ജാഥ നയിച്ചുകൊണ്ട്‌ അപ്രത്യക്ഷമാകും. റിയാലിറ്റി ടീ. വി യില്‍ ക്യാബറേ നര്‍ത്തകിയുടെ സ്വയം വരവും ആദ്യ രാത്രിയും തുടങ്ങേണ്ട നേരമാകുന്നതോടെ നഗരവാസികളും.

അടുത്ത ദിവസത്തെ പത്രത്തില്‍ ഒരു വാര്‍ത്ത. ചിലപ്പോള്‍ ഒരു പരസ്യം. അതിന്‍റെ താഴെ തിരിച്ചറിയുന്നവര്‍ വിളിച്ചറിയിക്കേണ്ട പോലീസിന്‍റെ ഫോണ്‍ നമ്പരും കൊടുത്തെന്നിരിക്കും. കഴിഞ്ഞു. പിന്നെയാ ജഡത്തെ നഗരത്തിരക്കിന്‍റെ തിട്ടയില്‍ വിസ്മൃതിയുടെ കുഴി വെട്ടി മൂടും.

ആരെങ്കിലും തിരിച്ചറിഞ്ഞു ഉച്ചത്തില്‍ അലമുറയിട്ടാല്‍ താല്‍ക്കാലികമയെങ്കിലും ജഡത്തിനൊരു ഉയര്‍ത്തെഴുന്നേല്‍പ്പു ഉണ്ടായേക്കും. കാണാന്‍ കൊള്ളാവുന്ന യുവതിയുടെ ജഡമാണെങ്കില്‍, അന്നു തൊട്ടാണു അതു ജീവിച്ചു തുടങ്ങുക, പത്രത്താളുകളില്‍.

പക്ഷേ ഈ ജഡത്തിന്‍റെ കാര്യത്തില്‍ അങ്ങിനെയൊന്നും ഉണ്ടാകില്ല. കാരണം ഇനി ഒരിക്കല്‍ കൂടെ കണ്ടാല്‍ ജഡം അവിടെക്കൊണ്ടിട്ട ശങ്കറും ശാരിയും പോലും തിരിച്ചറിഞ്ഞെന്നു വരില്ല. മാത്രമല്ല, അവരതു വീണ്ടും കാണാനുള്ള സാദ്ധ്യതയും തീരെയില്ല. കാരണം ജഡം ഉപേക്ഷിച്ച്‌ ഓട്ടം തുടങ്ങിയ അവര്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്‌.

വാസ്തവത്തില്‍ സോഫ്റ്റ്‌ വേര്‍ എന്‍ജിനിയറുടെ ബൂട്ട്‌ അണിഞ്ഞ നാള്‍ തൊട്ട്‌ ശങ്കര്‍ ഓട്ടത്തിലാണ്‌. കീശ നിറയെ കാശും ലാപ്പ്ടോപ്പും മൊബേല്‍ ഫോണുകളുമായി മുന്തിയ കാറില്‍ വന്‍നഗരത്തിലൂടെ ഒഴുകി.. ഒഴുകി...

ഏറെ വൈകി വീട്ടിലെത്തിയാലും ഒഴുക്കു തുടരും. ഇന്‍റ്റര്‍ നെറ്റിന്‍റെ ആഴക്കടലുകളിലൂടെ. ചാറ്റിന്‍റെ ദിശക്കൊപ്പം ഒരു പായ്ക്കപ്പല്‍ പോലെ.

അന്നേരമൊക്കെ അയാളുടെ തല ഇടതോട്ടോ വലതോട്ടോ ഒടിഞ്ഞു കിടക്കും. ആ ഒടിഞ്ഞ തലക്കും തോളിനുമിടയ്ക്ക്‌ മൊബേല്‍ ഫോണ്‍ ഇരിപ്പുണ്ടാകും. സംസാരിച്ചു കഴിഞ്ഞാലും ഏറെ നേരം അത്‌ അവിടെ ഇരിക്കും. ഒന്നുകില്‍ ഇടതു കൈയിലെ സാന്‍ഡ്‌ വിച്ച്‌ തീരുന്നതു വരെ. അല്ലെങ്കില്‍ ലാപ്പ്‌ ടോപ്പിലെ ചാര്‍ജു തീര്‍ന്ന്‌ വലതു കൈ കീ ബോര്‍ഡില്‍ നിന്നും മൌസില്‍ നിന്നും സ്വതന്ത്രമാകുന്നതു വരെ.

ഏറെ വൈകാതെ ആ പായ്ക്കപ്പല്‍ ഒരു തുരുത്തില്‍ത്തന്നെ കിടന്നു കറങ്ങിത്തുടങ്ങി. ശാരി.

അറിഞ്ഞു വന്നപ്പോള്‍ അവളും ഒരു സോഫ്റ്റ്‌ വേര്‍ ജോലിക്കാരി. മറ്റൊരു കമ്പനിയിലെങ്കിലും അതേ നഗരത്തില്‍!

സൌഹൃദത്തെക്കുറിച്ചറിഞ്ഞ വീട്ടുകാര്‍ പറഞ്ഞു. "ഒരേ വഴിക്കോടുന്നവരല്ലേ? ഒന്നിച്ചു കൂടെ?"

എപ്പോഴെങ്കിലും സംഭവിക്കുന്നതാണ്‌ അത്ഭുതമെങ്കില്‍ അതുണ്ടായി. ഒന്നിച്ചു ഒരാഴ്ച്ചക്കാലത്തെ അവധി കിട്ടി!

ലക്ഷങ്ങളുടെ വിവാഹം പൊടിപൊടിച്ചു. പക്ഷേ ആഴ്ച്ച തികയുന്നതിനു മുന്‍പ്‌ മൊബേല്‍ താക്കീതുകളെത്തി. ഓഫീസിലേക്കു തിരിച്ചോടാന്‍.

'കൂടുതല്‍ ദൂരം. കൂടുതല്‍ വേഗം. കൂടുതല്‍ ഉയരം.' കമ്പനിയിലെ ഓരോ ദിവസവും ഒരോ ഒളിമ്പിക്സായിരുന്നു. ഇന്‍റ്റര്‍ നെറ്റിലൂടെ ഗര്‍ഭം ഉണ്ടാക്കാന്‍ കഴിയാഞ്ഞതും ഭാഗ്യമായി. ടാര്‍ഗറ്റിലേക്കുള്ള ഓട്ടത്തിനു കുഞ്ഞിക്കാലിന്‍റെ തടസങ്ങളും ഒഴിവായിക്കിട്ടി.

ഏറെ ഓടിയപ്പോഴാണു ശ്രദ്ധയില്‍പ്പെട്ടത്‌, പലരും അവരെ ചൂണ്ടി അതിശയിക്കുന്നു. അപ്പോഴാണ്‌ അവരും അതു കണ്ടത്‌. തങ്ങളുടെ തോളിലിരിക്കുന്ന മനോഹരമായ ഒരു മഞ്ചല്‍!

ആയിടെ അല്‍പ്പം തോളു വേദന തോന്നിയിരുന്നെങ്കിലും അതിന്‍റെ കാരണം തിരക്കാന്‍ സമയം കിട്ടിയിരുന്നില്ല. എപ്പോഴാണതു തങ്ങളുടെ തോളില്‍ വന്നതെന്നോ എന്നാണതു ചുമന്നു തുടങ്ങിയതെന്നോ അവര്‍ക്കു അറിയില്ലായിരുന്നു. പക്ഷേ ഒന്നറിയാമായിരുന്നു, അതില്‍ നിന്നും ഒരു ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന്‌.

രണ്ടു പേര്‍ക്കും ഒന്നിച്ചൊന്നു നില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ താഴെ ഇറക്കി നോക്കാമായിരുന്നു. അകത്തെന്താണെന്ന്‌. പക്ഷേ ലീവ്‌ എവിടെ കിട്ടാന്‍?

ഏറെക്കാലം കഴിഞ്ഞിട്ടാണെങ്കിലും അത്ഭുതം വീണ്ടും സംഭവിച്ചു. ഒന്നിച്ചു ലീവു കിട്ടി.

മഞ്ചല്‍ പതുക്കെ താഴെ ഇറക്കി തുറന്നപ്പോള്‍ അകത്തൊരു ജഡം. തീര്‍ത്തും അപരിചിതമായത്‌.

ശങ്കറിന്‍റേയും ശാരിയുടേയും സംശയക്കണ്ണുകള്‍ നേര്‍ക്കു നേര്‍ വന്നപ്പോഴേക്കും അവരുടെ മൊബേല്‍ ഫോണുകള്‍ പാടിത്തുടങ്ങി. മഞ്ചല്‍ അവിടെ കളഞ്ഞ്‌ വീണ്ടും അവരോടി, എതിര്‍ ദിശകളിലേക്ക്‌.

38 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

അന്നു പ്രഭാത സവാരിക്കിറങ്ങിയ നഗരവാസികളെ സ്വാഗതം ചെയ്തതു പുതിയൊരു നാറ്റമാണ്‌. വല്ലാതെ കുത്തിക്കയറുന്ന രൂക്ഷ ഗന്ധം.....

വരവൂരാൻ said...

മനോഹരമായ അവതരണം... ഇഷ്ടെപ്പെട്ടു ആശംസകൾ

പാമരന്‍ said...

ജീവിതത്തിന്‍റെ ജഢമല്ലേ.. നല്ല നാറ്റം കാണും. നന്നായി.

Rare Rose said...

അഴുകിത്തുടങ്ങുന്ന ബന്ധങ്ങള്‍ക്കൊരു മഞ്ചല്‍..നല്ല കഥ..

simy nazareth said...

എന്നാലും മഞ്ചല് അങ്ങനെ ഇറക്കിവെക്കാന്‍ പറ്റുമോ?

ഗീത said...

പ്രത്യേകതയുള്ള പ്രമേയം തന്നെ. വായിച്ചു കഴിഞ്ഞപ്പോള്‍ നേരിയൊരു വിഷമം.

smitha adharsh said...

ഇങ്ങനെ വേറിട്ടൊരു കഥ എങ്ങനെ എഴുതി ജിതെന്ദര്‍ ജീ..??
ആ ജഡത്തിന്റെ നാറ്റം ഞങ്ങളിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞത് തന്നെ ഈ കഥയുടെ അല്ല..കഥാകാരന്റെ വിജയമല്ലേ?

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വരവൂരാന്‍: നന്ദി

പാമരന്‍: റോസ്‌:
അതു തന്നെ. നന്ദി

സിമി:
എന്തുകൊണ്ടില്ല? അപകടകരമായ രീതിയില്‍ ഇന്നു വിവാഹ ബന്ധങ്ങള്‍ തകരുകയാണ്‌. കേരളത്തിലല്ല,ഇന്ത്യയൊട്ടുക്കും. അതിന്‍റെ നാറ്റം ഏറെ അകലെയല്ല. (സ്ത്രീധനത്തിണ്റ്റെ നാറ്റം പെണ്‍ ഭ്രൂണ ഹത്യയിലും അളിയുന്ന ചോരക്കുഞ്ഞുകളിലും എത്തുമെന്ന് പണ്ട്‌ആരെങ്കിലും ഊഹിച്ചിരിക്കുമോ?). പണ്ട്‌ വിവാഹ ജീവിതത്തിനുണ്ടായിരുന്ന സ്ഥാനം ഇന്നു കരിയറിനാണ്‌. അതിണ്റ്റെ ദൂഷ്യഫലമാണിത്‌. സൂക്ഷ്മ വായനക്കു വളരെ നന്ദി.

ഗീത്‌: നന്ദി

സ്മിതാ ആദര്‍ശ്‌:
നിങ്ങളൊക്കെ ശ്രദ്ധിച്ചു വായിക്കും എന്നതു തന്നെ അതിനു കാരണം. വളരെ നന്ദി.

ചങ്കരന്‍ said...

വേറിട്ട കഥ.
നന്നായിരിക്കുന്നു.

Jayasree Lakshmy Kumar said...

അത്ര പെട്ടെന്ന് വല്ലാതങ്ങു ചീഞ്ഞു നാറിയോ?!

അനീഷ് രവീന്ദ്രൻ said...

അതിമനോഹരമായി എഴുതിയിരിക്കുന്നു. ഞാൻ ആദ്യമായാണ് താങ്കളുടെ കഥ വായിക്കുന്നത്. വളരെ ഇഷ്ടപ്പെറ്റു. ആശംസകൾ!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ചങ്കരന്‍:
നന്ദി.

ലക്ഷ്മി:
എന്താ ജലദോഷമാണോ?
:)

മുണ്ഡിത ശിരസ്കന്‍:
നല്ല വാക്കുകള്‍ക്ക്‌ വളരെ നന്ദി. എന്നും സ്വാഗതം.

Areekkodan | അരീക്കോടന്‍ said...

വ്യത്യസ്തമായ ഒരു കഥ....നന്നായി

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

areekkodan:
vaLare nandi..

കുറുമാന്‍ said...

കഥ ഇഷ്ടമായി.

രണ്ടൂപേരും ഒരേ പോലെയുള്ള ജോലി അഥവാ ഒരേ ധ്രുവത്തിലുള്ള സഞ്ചാരമായതിനാല്‍ വേര്‍പിരിവിനുള്ള സാധ്യത മറ്റുള്ള ബന്ധങ്ങളില്‍ നിന്നും അല്പം കുറവാകില്ലേയെന്നൊരു ശങ്ക ഇല്ലാതില്ല.

yousufpa said...

it is wonderfull story.it is showing present situation.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കുറുമാന്‍:
ശരിയാണ്‌ ഒരേ മേഖലയില്‍ സാദ്ധ്യത കുറവാണ്‌,എക്സെപ്റ്റ്‌ ഐ. ടി മേഖല. അവിടെ `ടാര്‍ഗറ്റ്‌'മാത്രമാണ്‌ `ടാര്‍ഗറ്റ്‌' അതും കടുത്ത ഡെഡ്‌ ലൈനുകള്‍ക്കുള്ളില്‍. മറ്റെല്ലാം സെക്കണ്ടറി. അത്തരം ബന്ധങ്ങള്‍ വേഗം ജഡവല്‍ക്കരിക്കപ്പെടില്ലേ?

സൂക്ഷ്മ വായനക്കു ഏറെ നന്ദി.

യൂസഫ്‌:
Many many thanks..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...
This comment has been removed by the author.
ജ്യോനവന്‍ said...

മഞ്ചല്‍‌ജഡം! പ്രമേയം വളരെ വ്യത്യസ്തമായ് തോന്നി.

മണ്ടന്‍ കുഞ്ചു. said...

നല്ല കഥ.... നന്നായി ഇഷ്ടപ്പെട്ടു...........
ഇതാ താങ്കള്‍ക്ക് ഒരാരാധകന്‍ കൂടി.....

Vinodkumar Thallasseri said...

ഇത്തരം മഞ്ചലുകള്‍ പലരുടേയും തോളില്‍ ഇല്ലേ ? കാണുമായിരിക്കും. ബാക്ഗ്രൌണ്ട്‌ വ്യത്യാസമായിരിക്കുമെന്ന്‌ മാത്രം. നല്ല്‌ കഥ.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ജ്യോനവന്‍:
മണ്ടന്‍(?) കുഞ്ചു:
വിനോദ്‌ തള്ളശ്ശേരി:

സന്ദറ്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

Sathees Makkoth | Asha Revamma said...

വ്യത്യസ്തതയുള്ള ഈ കഥ ഇഷ്ടപ്പെട്ടു.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

സതീശ്‌ മാക്കോത്ത്‌:
നന്ദി

ഹരിത് said...

ഇപ്പോഴേ കണ്ടുള്ളൂ. കഥ ഗൊഭീരം. ഇഷ്ടമായി.

kichu / കിച്ചു said...

ഇഷ്ടായീട്ടൊ..

ജഢവല്‍ക്കരിക്കപ്പെട്ട ബന്ധങ്ങളുടെ ഈ സുവിശേഷം :)

Sanal Kumar Sasidharan said...

കഥയുടെ മധ്യത്തിൽ “പക്ഷേ ഈ ജഡത്തിന്‍റെ കാര്യത്തില്‍ അങ്ങിനെയൊന്നും ഉണ്ടാകില്ല. കാരണം ഇനി ഒരിക്കല്‍ കൂടെ കണ്ടാല്‍ ജഡം അവിടെക്കൊണ്ടിട്ട ശങ്കറും ശാരിയും പോലും തിരിച്ചറിഞ്ഞെന്നു വരില്ല. മാത്രമല്ല, അവരതു വീണ്ടും കാണാനുള്ള സാദ്ധ്യതയും തീരെയില്ല. കാരണം ജഡം ഉപേക്ഷിച്ച്‌ ഓട്ടം തുടങ്ങിയ അവര്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്‌.“ ഈ വരികൾ കൊണ്ട് കഥാകൃത്ത് വെട്ടിയ ചാലാണ് എനിക്കിഷ്ടമായത്..അതുവരെ വായനക്കാരൻ ഓടിയ വഴിക്കല്ല പിന്നീടുള്ള ഓട്ടം

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഹരിത്‌: കിച്ചു: സനാതനന്‍:
വളരെ നന്ദി.
സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും.

മാണിക്യം said...

മനസ്സ് മരിച്ചു മരവിച്ചാല്‍ അതഴുകി തുടങ്ങുന്നു പിന്നെ വ്യമിക്കുന്നത് ദുര്‍ഗന്ധമാണ്
അതിലേക്ക് അടുക്കുന്നുന്നത് ഈച്ചകളായി പിന്നെ പുഴുക്കളായി തിരികെ പൂര്‍വ്വാവസ്ഥയില്‍ തുടിക്കുന്ന ജീവനുള്ള മനസ്സാവാനൊ സുഗന്ധപൂരിതമാവനോ കഴിയാത്ത അവസ്തയെ പ്രാപിച്ചാല്‍ പിന്നെ മോചനമില്ല.ഏറ്റം പരിതാപകരം ഇമ്മാതിരി ദുര്‍ഗന്ധം
വ്യമിക്കുന്ന മനസ്സുമായി നടന്ന് ചുറ്റും പരത്തുന്നത് ദുര്‍ഗന്ധമാനു അതു മറ്റുള്ളവര്‍ക്ക് അസഹ്യമാണു എന്ന് തിരിച്ചറിയാത്ത അവസ്ഥയാണ്..പരിതാപകരം അല്ലാതെന്തു പറയാന്‍

വയനാടന്‍ said...

അതിമനോഹരം. ഉള്ളിൽ തട്ടിയ കഥ.
വളരെ വൈകിയാണു വായിക്കാൻ കഴിഞ്ഞത്‌.

ഓണാശംസകൾ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മാണിക്യം,
വളരെ ശരി. ഒാണാശംസകള്‍..

വയനാടന്‍:
ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.
വളരെ നന്ദി. ഓണാശംസകള്‍..

ammu said...

jk ningalude chinthakalum kazhchapadukalum valere intrestingum ,athiloode udaledukkuna storikal kurikku kollunnavayumanalllo.congratulations

ammu said...

jk ningalude chinthakalum kazhchapadukalum valere intrestingum ,athiloode udaledukkuna storikal kurikku kollunnavayumanalllo.congratulations

രഘു said...
This comment has been removed by the author.
രഘു said...

ഇന്നിവിടേ നാടകമുണ്ടോ എന്നല്ല, ഇന്നിവിടെ നാടകമല്ലേ ഉള്ളൂ എന്നാണ് ചോദിക്കേണ്ടത്!

പക്ഷേ ആ മഞ്ചല്‍ അവരെങ്ങനെ ഇറക്കി!
സോഫ്റ്റ്വെയറന്മാര്‍ക്കും വെയറിമാര്‍ക്കും ഈ നാറ്റം തിരിച്ചറിയാനുള്ള സമയം പോലുമുണ്ടാവില്ലല്ലോ, അങ്ങനെ നോക്കിയാല്‍ മഞ്ചലെങ്ങനെ ഇറക്കി എന്നതിനേക്കാള്‍ ആ മഞ്ചലെങ്ങനെ തിരിച്ചറിഞ്ഞു എന്നതാണ് വലിയ ചോദ്യം!

കഥ നന്നായി!

ഇട്ടിമാളു അഗ്നിമിത്ര said...

അവരുടെ ഓട്ടം തുടരുന്നെങ്കിലും ആ മഞ്ചൽ ഇറക്കിവെക്കാനായല്ലോ.. അതിനു പോലും കഴിയാതെ ഒടിഞ്ഞ ചുമലുകളുമായി എത്രപേർ ഓടുന്നു...
വർണ്ണശബളിമയുടെ നാറ്റവും സഹിച്ച്...

നല്ല കഥ - അവതരണത്തിലും പ്രമേയത്തിലും.. ഇഷ്ടമായെന്ന് പ്രത്യേകം പറയണ്ടല്ലൊ.. :)

ശ്രീജ എന്‍ എസ് said...

ആദ്യമായാണ് ഇവിടെ...ഒരു സോഫ്റ്റ്‌വെയര്‍ ഗുമസ്ത ആണ് സുഹൃത്തേ ഞാനും..കളഞ്ഞു പോയത് ജീവിതം ആണെന്ന് എപ്പോളും ഓര്‍ക്കുന്ന ഒരാള്‍..നന്നായി എഴുതി..ഇനി ഈ വഴിയെ സ്ഥിരം വരണം എന്നും കരുതുന്നു

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

അമ്മു: നന്ദി

രഘൂ:
അതും സത്യം തന്നെ. വളരെ നന്ദി.

ഇട്ടിമാളു: അങ്ങിനെ അവരേയും ഭാഗ്യവാനുംഭാഗ്യവതിയുമാക്കാം അല്ലേ.
(വീണു കാലൊടിഞ്ഞാലും ഭാഗ്യമായികരുതാം. തലയൊടിഞ്ഞില്ലല്ലോ. )നല്ലൊരു ചിന്താ രീതിയാണിത്‌. ഇതും ഈ ബ്ളോഗില്‍ ഒരു കഥയായിട്ടുണ്ട്‌. ലിങ്ക്‌ താഴെ.

http://sikharaverukal.blogspot.com/2009/03/blog-post.html

ശ്രീദേവി.
ഈ ബ്ളോഗിലേക്കു എപ്പോഴുംസ്വാഗതം.
മുകളിലെ ലിങ്കില്‍ ഉള്ള കഥ കാണൂ.
നമ്മുടെ ചിന്തയാണു അതൊക്കെ.
ജീവിതം നഷ്ടപ്പെടുത്തി എന്നതൊക്കെ. ജീവിതത്തില്‍ തുടക്കവും ഒടുക്കവും ഒന്നുതന്നെ. പക്ഷേ അതിനിടയ്ക്കുള്ള വഴികള്‍ വേറെ വേറെ ആണ്‌. ഒന്നു വഴി നേടുമ്പോള്‍ മറ്റൊരു വഴിയിലുള്ളത്‌നഷ്ടപ്പെടും. ഗ്ളാസിലെ നിറഞ്ഞ ഭാഗംശ്രദ്ധിക്കൂ.
നന്ദി.