Saturday, September 26, 2009

നിലാ നിഴല്‍ (കഥ)

തുണി പൊക്കി നിന്ന ചിക്കലി ബെന്‍ മുഖം തിരിച്ചു തുപ്പി. ചോരകലര്‍ന്ന കൊഴുത്ത തുപ്പല്‍. അതില്‍ അവളുടെ തുള വീണ അണപ്പല്ല്‌ അടര്‍ന്നുകിടന്നതു അവള്‍ കണ്ടിട്ടില്ല. അറിഞ്ഞിട്ടുമില്ല. കാരണം അടിയേറ്റകവിളാകെ തരിച്ചു മരവിച്ചിരുന്നു.

ചവയ്ക്കാന്‍ കൊള്ളാത്ത പൊട്ടപ്പല്ലും പുലഭ്യം പതയുന്ന തുപ്പലും ചോരയുമൊക്കെ എന്‍റെ കറുത്ത മേലാപ്പിലൊളിപ്പിക്കാന്‍തത്രപ്പെടുകയായിരുന്നു ഞാന്‍. ഒന്നു കുനിഞ്ഞു നിവര്‍ന്ന ചിക്കലി തലവെട്ടിച്ചു കാറി "ബേന്‍ക്കി ലോഡാ, സാലാ, ബൂസഡീക്കാ.. " കവിളിലൂടെ തികട്ടിയൊലിച്ച ചോര പുലഭ്യങ്ങളുടെ ഒഴുക്കു മുറിച്ചു.

തെല്ലകലെ പച്ച വെളിച്ചം കാത്തു കിടന്നിരുന്ന നീലക്കാറിന്‍റെ വാതില്‍ തുറന്ന്‌ ഒരു സര്‍ദാര്‍ പുറത്തേക്കിറങ്ങി. പുച്ഛംകലര്‍ന്ന ക്രൌര്യത്തിന്‍റെ തുണി അഹങ്കാര ചുറ്റലുകളോടെ അയാളുടെ തലയില്‍ ഉണ്ടായിരുന്നു. അതു കണ്ട ചിക്കലി കടലാസു പൊതിയും കക്ഷത്തില്‍ഇറുക്കിപ്പിടിച്ചു പൊള്ളുന്ന നിരത്തിലൂടെ ഓട്ടം തുടങ്ങി. കൂടെ ഞാനും.

തെല്ലു ദൂരം ഓടിയ ചിക്കലി പെട്ടെന്നു തിരിഞ്ഞു നിന്നു. നാലഞ്ചുതെറിത്തുണ്ടുകള്‍ ആട്ടി തുപ്പിയിട്ട്‌ വീണ്ടും അവള്‍ തിരിഞ്ഞു നടന്നു. അവള്‍.. ??

അതെ, വേഷവിധാനം കൊണ്ടു ചിക്കലി അവളാണ്‌. പക്ഷേ സമൂഹത്തിനുചിക്കലി അവനോ അവളോ അല്ല. മനുഷ്യനും മൃഗവുമല്ലാത്ത വെറും ഒരുഹിജഡ (നപുംസകം). എന്നെപ്പോലെ.

ബീഹാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ദേവ്‌ ലഖന്‍ സിഹ്നയുടേയും കഠോരിദേവിയുടേയും മകളായി ജനിക്കുമ്പോള്‍ അവള്‍ ഭാഗ്യവതിയായിരുന്നു. കാരണം ആ ഗ്രാമത്തിലെ മറ്റു പെണ്‍കുഞ്ഞുങ്ങളില്‍ നിന്നും വ്യത്യസ്തമായി അവള്‍ അച്ഛനമ്മമാരുടെ പഴി തിന്നു കൊണ്ടിരുന്നില്ല. പക്ഷേ നിര്‍ഭാഗ്യം ആഴ്ച്ചകള്‍ക്കുള്ളില്‍ അവളെ കാണാനെത്തി. തുടരെ കൈകൊട്ടിയും ചെണ്ടയടിച്ചും പാട്ടു പാടിയും വെറ്റില മുറുക്കിത്തുപ്പിയും അവരെത്തുമ്പോള്‍ വലി വണ്ടിയുടെ ചക്രങ്ങളിലെ ചളിക്കട്ടകള്‍കുത്തിയിളക്കുകയായിരുന്നു ദേവ്‌ ലഖന്‍. ചിക്കലി മലര്‍ന്നു കിടന്നു തന്‍റെ തളയിട്ട കാലുകള്‍ കൊണ്ടു വായുവില്‍ നൃത്തം ചെയ്തു അവരെവരവേറ്റു.

പക്ഷേ ദേവ്‌ ലഖന്‍ അവരുമായി തര്‍ക്കത്തിലാണ്‌, കാശ്‌ കുറയ്ക്കാന്‍. വിവാഹം, വീടു വെക്കല്‍, കുഞ്ഞുണ്ടാകല്‍ ഒക്കെ ഹിജഡകള്‍ക്കുഅപൂര്‍വ അവസരങ്ങളാണ്‌. നക്കാപിച്ചയല്ലാതെ നാലു കാശുണ്ടാക്കാന്‍ കിട്ടുന്നഅസുലഭ സന്ദര്‍ഭങ്ങള്‍. പക്ഷേ ഈയിടെയായി പെണ്‍കുഞ്ഞു ജനിച്ചാല്‍നക്കാപിച്ച പോലും കിട്ടാതാകുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ദേവ്‌ ലഖന്‍റെ സ്ഥിതി കൂടെ അറിയുന്ന അവര്‍ അങ്ങോട്ടു പോകേണ്ടെന്നു കരുതിയതായിരുന്നു. പക്ഷെ ഗ്രാമത്തില്‍ അങ്ങിനെ ഒരു ശീലം ഉണ്ടാകേണ്ട എന്നു കരുതിയാണ്‌ വൈകിയെങ്കിലും അവര്‍ അങ്ങോട്ടു ചെന്നത്‌.

ഷീറ്റു പൊക്കി ചാളയിലേക്കു കയറിയ ഒരു ഹിജഡ ചിക്കലിയെ പൊക്കിയെടുത്തുപുറത്തു വന്നു.

"ദേഖ്‌ ഇസേ, ചാന്ദ്‌ കീ ട്ടൂക്കഡാ ഹേ. ലചുമി ഹേലചുമി. സച്ച്‌ മേം ഹം പൈസേ കം മാംഗേ. " മൂത്രം നനഞ്ഞ അവളുടെഅരക്കുപ്പായം വലിച്ചഴിക്കുന്നതിനിടയില്‍ ഒരു ഹിജഡ പറഞ്ഞു. പെട്ടെന്നു ഒന്നു പകച്ചുപോയ അവള്‍ മറ്റു ഹിജഡകളെ വിളിച്ചു.

കാശിനുള്ള തര്‍ക്കം പെട്ടെന്നു മറ്റൊരു കാര്യത്തെ ചൊല്ലിയായി. ചീരപ്പാടത്തു നിന്നും ചിക്കലിയുടെ അമ്മ അലമുറയിട്ടു കൊണ്ടു വന്നു. പിന്നാലെ അയല്‍ക്കാരും പഞ്ചായത്ത്‌ പ്രമുഖരും. ദേവ്‌ ലഖന്‍റെ ന്യായ വാദങ്ങള്‍ ഒന്നും ഗ്രാമ മുഖ്യനായ ചൌധരി സാബിനെ ബോധിപ്പിക്കാന്‍ പോന്നതായിരുന്നില്ല.

അന്നാണ്‌ ചിക്കലി മാനം നോക്കിയുള്ള തന്‍റെ നരക യാത്രതുടങ്ങിയത്‌. വര്‍ഷങ്ങളിലൂടെ ചിക്കലി സിന്‍ഹ ചിക്കലി ബെന്‍ ആയി വളര്‍ന്നു. തല വളരുന്തോറും ചിക്കലി തളര്‍ന്നു. വാസ്തവത്തില്‍ ചിക്കലിയെ ശരിക്കും തളര്‍ത്തിയതു ചവിട്ടിത്തേക്കപ്പെടുന്ന അഭിമാനം എന്തെന്നറിയാന്‍ മാത്രം ബുദ്ധി വളര്‍ന്നതാണ്‌.

എന്നു വെച്ചു ചിക്കലിക്കു അക്ഷരാഭ്യാസം ഉണ്ടെന്നൊന്നും കരുതരുത്‌. പെന്‍സിലോപേനയോ മര്യാദക്കു പിടിക്കാന്‍ പോലും അറിഞ്ഞു കൂടാ. അവള്‍ക്കെന്നല്ല അവരുടെ കൂട്ടത്തിലാര്‍ക്കും. അതേസമയം അതൊന്നും അറിഞ്ഞിട്ടും കാര്യമില്ലെന്ന സത്യം അവര്‍ക്കൊക്കെ അറിയുകയും ചെയ്യാം. സെക്സിന്‍റെ വൈകൃതങ്ങളാല്‍ രാപ്പകല്‍ വേട്ടയാടപ്പെടുന്ന അവരെ നോക്കി അപേക്ഷാ ഫോറത്തിലെ സെക്സിന്‍റെ കോളം കൊഞ്ഞനം കുത്തുമ്പോള്‍ അതിലേക്കു എന്തെങ്കിലും കോറിയിടാന്‍ അവര്‍ക്കാവില്ല എന്ന പരമമായ സത്യം. ആ സത്യം കൈകൊട്ടി വിളംബരം ചെയ്തുകൊണ്ട്‌ മരണത്തിന്‍റെ അപമാനക്കുഴിയിലേക്കു നടക്കേണ്ടവര്‍.

അതേ സമയം വിവാഹം കഴിഞ്ഞു പതിറ്റാണ്ടു നീണ്ട ചികിത്സക്കൊടുവില്‍ ഷണ്ഡനെന്ന സര്‍ട്ടിഫിക്കറ്റു വാങ്ങിയ സര്‍ദാറാണു മാന്യതയുടെ അഹങ്കാരംതലയില്‍ കെട്ടി ചിക്കലിയുടെ കവിളടിച്ചു തകര്‍ത്തതിരിക്കുന്നത്‌. അതുംതന്‍റെ ജന്‍മ സത്യം തുണിപൊക്കി കാണിച്ചു എന്ന കൊച്ചു തെറ്റിന്‌.

എല്ലാവര്‍ക്കും അവളോടു പുച്ഛമാണു. രാപ്പകല്‍ ഇരന്നു ജീവിക്കുന്നപിച്ചക്കാര്‍ക്കു പോലും. ചിക്കലി ഒരു നപുംസകമായതു കൊണ്ടുമാത്രം. മനുഷ്യരല്ലാത്ത ജീവികള്‍ മാത്രമാണു അവളോടു മാന്യമായിപെരുമാറുന്നതു. അതു കൊണ്ടാവണം ചിക്കലിക്കു എന്നെ വലിയ ഇഷ്ടമാണു. മണിക്കൂറുകളോളം വെയിലത്തിരുന്നു എന്നോടു സംസാരിക്കും. ശകാരിക്കും. പുലഭ്യം പറഞ്ഞു സ്നേഹിക്കും. പക്ഷേ കളി പറയാനും ചിരിക്കാനുംചിക്കലി പഠിച്ചിട്ടില്ല.

എന്നു വെച്ചു ചിക്കലി സന്തോഷിക്കാറില്ല എന്നു ധരിച്ചേക്കരുത്‌. കവിളത്തു അടി വീഴാത്ത പകലുകളിലും അടിവയറ്റില്‍ ഷൂസുകള്‍ നൃത്തംവെക്കാത്ത രാത്രികളിലും അവള്‍ സന്തോഷിക്കുന്നു. അത്തരം ദിവസങ്ങള്‍വളരെ വിരളമാണെങ്കിലും.

പാതയും പായുന്ന വാഹനങ്ങളും ഇപ്പോള്‍ ഏറെ പിന്നിലായിരിക്കുന്നു. മുന്നിലൊരുചേരിപ്രദേശമാണ്‌. കണ്ണുകള്‍ അറയ്ക്കുന്ന നഗരത്തിന്‍റെ ഗുഹ്യഭാഗം. പക്ഷേ നിയമ പാലകരുടെ കണ്ണുകള്‍ ആ ഗണത്തില്‍ പെടില്ല. ഏതെങ്കിലും കൊള്ളയോ കവര്‍ച്ചയോ തെളിയാഞ്ഞാല്‍, അതിനായി ഉയരങ്ങളില്‍ നിന്നുസമ്മര്‍ദ്ധമേറിയാല്‍, കാക്കിയുടെ ജീപ്പു ചേരിയിലേക്കു ഇരച്ചെത്തും. തീട്ടപ്പന്നികള്‍ ചിതറിയോടും. ചൂടിക്കട്ടിലുകളിലിരുന്നു ചീട്ടുകളിക്കുന്ന ചെറുപ്പക്കാരും. അതില്‍ ഒന്നു രണ്ടെണ്ണത്തിനെ പിടിച്ചുഅകത്തിട്ടു ജീപ്പു അകലും. പോലീസുകാരുടെ തൊപ്പി രക്ഷിക്കേണ്ടുന്ന ജോലിയുംഅവരുടെ തലയില്‍ വെച്ചു കെട്ടും.

അങ്ങിനെ ഒരു ഉദ്ദേശ്യത്തോടെയാവണം ഇന്നലേയും ഒരു ജീപ്പുചേരിയിലെത്തിയത്‌. രണ്ടു ഉണക്ക ചപ്പാത്തിയും ഉറുളക്കിഴങ്ങു കറിയും മോഹിച്ചു ആക്രിക്കടയുടെ മേല്‍ക്കൂരയിലിരുന്നു കുപ്പികളും പ്ളാസ്റ്റിക്കുംവേര്‍തിരിക്കുകയായിരുന്നു ചിക്കലി. ജീപ്പിന്‍റെ ശബ്ദം കേട്ടപ്പോള്‍ചിക്കലിക്കൊരു ബുദ്ധി തോന്നി. നേരത്തും കാലത്തും ചുളുവില്‍ ആഹാരം കിട്ടാനുള്ള ഒരു ചളുക്കു ബുദ്ധി.

പെട്ടെന്നു ചിക്കിലി തന്‍റെ കീറക്കുപ്പായവും കെട്ടിവെച്ച നീളന്‍ മുടിയും പറിച്ചെറിഞ്ഞു. ആക്രിക്കടക്കാരന്‍ ഊരിയിട്ടിരുന്ന പാണ്റ്റും കുപ്പായവും അയയില്‍ നിന്നെടുത്തു ഉണങ്ങിയ ദേഹം മറച്ചു. പിന്നെ മേല്‍ക്കൂരയുടെ ഷീറ്റിലൂടെ ഊര്‍ന്നിറങ്ങി ജീപ്പിന്‍റെ വഴിയിലേക്കു ചാടിയോടി. കൂടെ ഞാനും.

പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. കീറത്തുണി ചവറ്റു കൊട്ടയിലേക്കെന്നപോലെ കാക്കിയുടെ ശക്തമായ ഒരു കൈ ചിക്കലിയെ തൂക്കിയെടുത്ത്‌ ജീപ്പിലേക്കിട്ടു.

ജീപ്പിന്‍റെ പിന്നില്‍ തനിക്കു മുന്‍പ്‌ പിടിച്ചിട്ട രണ്ടു പേര്‍ ഇരിക്കുന്നുണ്ട്‌. ആണ്‍ വേഷത്തില്‍ ചിക്കലിയെ കണ്ടപ്പോള്‍ അവരുടെ കണ്ണുകളിലെ ഭീതി കൌതുകത്തിനു വഴി മാറി. അതിലൊരുത്തന്‍ ശബ്ദം താഴ്ത്തി കളിയാക്കി ചോദിച്ചു.

"തൂ മാ ക്കി ഓര്‍ ജാ രഹേ ക്യാ?"

"ചൌക്കി തേരാ ബാപ്പ്‌ ക്കാ ഹേ ക്യാ?"

"ഫിര്‍ ഭി... ബോല്‍ ക്യാ ബാത്ത്‌?"

ഒന്നു പരുങ്ങിക്കൊണ്ടു ചിക്കിലി പറഞ്ഞു "ഓ യീ .. ദാല്‍ റോട്ടി.. "

കുലുങ്ങി ചിരിച്ചുകൊണ്ടു അവര്‍ പറഞ്ഞു. "ഓ സബ്‌ ദോ ദിന്‍ രഖേ തബ്ബ്‌. പഹലേ ത്തോ ഖൂബ്‌ പിഠായി ഹോഗി. "

പെട്ടെന്നു ജീപ്പു നിന്നു. ഹിജഡയുടെ ശബ്ദം ഒന്നേ കേള്‍ക്കേണ്ടു, കാക്കിക്കു പിടികിട്ടും. ഒരു പോലീസുകാരന്‍ ചിക്കലിയുടെ കൊങ്ങക്കു കുത്തിപ്പിടിച്ചു. അടുത്ത നിമിഷം ചിക്കലി പൊടിമണ്ണിന്‍റെ പാതയിലേക്കു കമിഴ്ന്നടിച്ചു വീണു. " ഉരഞ്ഞു പൊട്ടിയ കൈമുട്ടുകള്‍ തുപ്പല്‍ തൊട്ടു തുടച്ചു കൊണ്ട്‌ പാതയോരത്തിരുന്നു. കുടലിനു തിന്നാന്‍ കുടല്‍ പോലും ബാക്കിയാവാതാവുന്ന വിശപ്പില്‍ അവള്‍ പുളഞ്ഞു. അറിയാതെ അവളുടെ കൈകള്‍ പാണ്റ്റിന്‍റെ പോക്കറ്റില്‍ പരതി. ഉപയോഗിച്ച ഉറയും രണ്ടു മുഴുത്ത ബീഡികളും.

തീപ്പെട്ടിക്കായുള്ള ശ്രമങ്ങള്‍ അവസാനിക്കുമ്പോഴേക്കും വഴിവിളക്കുകള്‍ കണ്ണു തുറന്നിരുന്നു. അവയുടെ കണ്ണെത്താത്ത ഒരു മൂലയിലേക്കവള്‍ ഒതുങ്ങി. വിസ്മയ ചുരുളുകള്‍ക്കിടയില്‍ ഒളിച്ചു നിന്ന അമ്മയെ അവള്‍ കണ്ടു. സംസാരിച്ചു. രാവേറെ ചെല്ലുവോളം തര്‍ക്കിച്ചു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ കൊല്ലാഞ്ഞതിന്‍റെ കാരണം ചോദിച്ചു. 'ദൈവ നിശ്ചയമെന്ന' അമ്മയുടെ മറുപടി കേട്ട്‌ അവള്‍ പുലഭ്യങ്ങള്‍ കാറി ചുമച്ചു തുപ്പി.

എന്നിട്ടും ദേഷ്യം അടങ്ങാതെ ലഹരിച്ചുരുളുകള്‍ക്കപ്പുറത്തു ചിരിച്ചു കൊണ്ടു നിന്നിരുന്ന ദൈവത്തെ പാതയിലേക്കു വലിച്ചിട്ടു. നടപ്പാതയില്‍ നഗ്നനാക്കപ്പെട്ട ദൈവം ചിക്കിലിയുടെ മുന്നില്‍ ചൂളി നിന്നു. അതു കണ്ട ചിക്കലി പുകഞ്ഞു കത്തി. "നിനക്കെന്നെ ഒരു കൊടിച്ചിപ്പട്ടിയോ തീട്ടപ്പന്നിയോ ആക്കാമായിരുന്നു. എന്നിട്ടും നീ എനിക്കു വെച്ചു നീട്ടിയ ജന്‍മം... ആണിനും പെണ്ണിനും ദളിതനും എന്തിനു ജന്തു സ്നേഹികള്‍ക്കു പോലും വേണ്ടാത്ത നികൃഷ്ട ജന്‍മം...." സംവാദം എപ്പോഴോ നുഴഞ്ഞെത്തിയ ഉറക്കത്തിന്‍റെ രമ്യതയിലാണ്‌ അവസാനിച്ചത്‌.

ബോധം കിഴക്കു കണ്ണു തുറക്കുമ്പോള്‍ പാണ്റ്റും ഷര്‍ട്ടും പാതയോരത്തു കിടപ്പുണ്ടായിരുന്നു. അതു ആക്രിക്കടക്കാരനു തിരിച്ചു കൊടുക്കാന്‍ അവള്‍ കീറ കടലാസില്‍ പൊതിഞ്ഞെടുത്തു. അപ്പോഴാണ്‌ അവള്‍ കണ്ടത്‌ തന്‍റെ ദേഹത്തൊരു അയഞ്ഞ കുപ്പായം. രാത്രിയുടെ ദാനം. ആരാണതു കൊടുത്തതു എന്നൊന്നും അവള്‍ക്കു ഓര്‍മ്മയില്ല. ഓര്‍മ്മയിലുള്ളതു ഉണക്ക ചപ്പാത്തി മാത്രമാണ്‌. അതൊരു തുണ്ടെങ്കിലും കിട്ടിയിരുന്നെങ്കില്‍..

എന്നാല്‍ ഒന്നും ഇരന്നു വാങ്ങാന്‍ ചിക്കലിക്കു ഇഷ്ടമല്ല. അതു കൊണ്ടാണല്ലോ അവള്‍ കൂട്ടരില്‍ നിന്നും ഒറ്റ പെട്ടത്‌. പിന്നെ ചോദിക്കാനുള്ളതു പണിയാണ്‌. അതു ചോദിച്ചാല്‍ കിട്ടുന്ന മറുപടികള്‍.. ഓര്‍ത്താല്‍ തന്നെ തുണി പൊക്കി പോകും. പുലഭ്യങ്ങളുടെ അകമ്പടിയില്ലാതെ അതു ചെയ്യാനും അവള്‍ പഠിച്ചിട്ടില്ല.

അത്രയും മതി. മാന്യതയുടെ കുപ്പായങ്ങളില്‍ കറ പുരളാന്‍. പിന്നെ ആ കറ അകറ്റാന്‍ അവളുടെ കവിളത്തലക്കണം. അതു തന്നെയാണു ആ സര്‍ദാറും ചെയ്തത്‌. അതൊക്കെ ഓര്‍ത്താല്‍ പട്ടിണിയാണ്‌ ഭേദമെന്നു തോന്നും.

പക്ഷേ, വിശപ്പ്‌?? അതു കടിച്ചു കുടയുന്ന പച്ചക്കുടലിന്‍റെ വേദന. ഏതു ആത്മാഭിമാനവും തല കുനിച്ചു പോകും.

ആ തലയിലേക്കാണ്‌ ആക്രിക്കടക്കാരന്‍ കുടിച്ച ചായയുടെ ബാക്കി കമിഴ്ത്തിയത്‌. എന്നിട്ടും ചിക്കലി തല കുനിച്ചു തന്നെ നിന്നു. അത്യാവശ്യം ആക്രിപ്പണികളും അതിനു നക്കാപിച്ച കൂലിയും കൊടുക്കാറുള്ള ഒരേയൊരു മനുഷ്യ രൂപമാണ്‌ അയാള്‍. പക്ഷേ താന്‍ ഒന്നു ഉപയോഗിച്ചു എന്ന കാരണം കൊണ്ടു കടലാസു പൊതിയിലെ പാണ്റ്റും ഷര്‍ട്ടും അയാള്‍ ഓടയിലേക്കു വലിച്ചെറിഞ്ഞപ്പോള്‍, അറിയാതെ തന്‍റെ അയഞ്ഞ കുപ്പായത്തില്‍ പിടിച്ച ചിക്കലി ഉള്ളുരുകി ആഗ്രഹിച്ചു, 'പൊക്കാനൊരു തുണിയെങ്കിലും സ്വന്തമായുണ്ടായിരുന്നെങ്കില്‍.. !

എനിക്കു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പറഞ്ഞു, ശേഷിച്ച ആ ബീഡി കൂടെ പുകയ്ക്കാന്‍. ആദ്യമായി ഞാന്‍ സംസാരിക്കുന്നതു കേട്ടു അവള്‍ വിസ്മയത്തോടെ എന്‍റെ കറുത്ത മുഖത്തേക്കു നോക്കി. പിന്നെ ഞാന്‍ പറഞ്ഞതൊക്കെ അപ്പാടെ അനുസരിച്ചു. ഇപ്പോള്‍ അവള്‍ നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിന്‍റെ ഉച്ചിയിലെ കൈവരികളില്‍ പിടിച്ചു നില്‍ക്കുകയാണ്‌. ഒറ്റക്ക്‌. അല്ല, മുകളില്‍ പൂര്‍ണ്ണ ചന്ദ്രനും തോട്ടടുത്തു ഞാനും. വളരെ യത്നിച്ചാണെങ്കിലും നഗര സുന്ദരിയുടെ തിളങ്ങുന്ന നിശാ വസ്ത്രത്തിലേക്കവള്‍ തൊണ്ട കാറി നീട്ടി തുപ്പി. പിന്നേയും .. പിന്നേയും...

ഒടുവില്‍ തളര്‍ന്നു നിന്ന ചിക്കലിയെ ഞാന്‍ കറുത്ത വായ തുറന്നു ചൊടിപ്പിച്ചു. "തക്‌ ഗയാ ക്യാ?"

"നഹീ.., കബി നഹീ" കൈവരിയില്‍ പിടിച്ചെഴുന്നേറ്റ അവള്‍ നോക്കിയത്‌ താഴെ നിലമഴയില്‍ കിടക്കുന്ന ഒരു നീല കാറിലേക്കാണ്‌.

അവളുടെ മുഖം ജ്വലിച്ചു. പക്ഷേ എത്ര കാറിയിട്ടും തൊണ്ടയിലൊന്നും കിനിഞ്ഞില്ല. എന്നെ സ്നേഹപൂര്‍വം ഒന്നു നോക്കിയ ശേഷം അവള്‍ കൈവരിയില്‍ നിന്നും താഴേക്കു ചാടി.

എട്ടാം നിലയിലെ താമസക്കാരന്‍ വലിച്ചെറിഞ്ഞ പഴയ ചവിട്ടി പോലെ ജാമുന്‍ മരത്തിന്‍റെ കൊമ്പുകളില്‍ തട്ടിത്തടഞ്ഞു നിലാമഴയില്‍ കിടന്നിരുന്ന നീലക്കാറിന്‍റെ മുകളില്‍ അവള്‍ ചലനമറ്റു വീണു. കൂടെ ഞാനും.
കാറിന്‍റെ പൊട്ടിയ ചില്ലുകളിലേക്കു ചോര പതുക്കെ ചാലിട്ടിറങ്ങി.

മറ്റൊരു കഥ ഇവിടെ വായിക്കാം.