Saturday, December 12, 2009

എ.ടി.എം. (കഥ)

തിരയാന്‍ തുടങ്ങിയിട്ടേറെ നേരമായി. ഒന്നും ബോധിക്കുന്നില്ല. എങ്ങിനെ ബോധിക്കും? ബോധിക്കാന്‍ എന്തെല്ലാം ഒത്തുവരണം? മനോഹരമായില്ലെങ്കില്‍ പോലും 'അയ്യേ.." ന്ന്‌ പറയിക്കാത്തത്‌. കീശക്കു വഴങ്ങുന്നത്‌. കൌതുകക്കണ്ണ്‌ വിടര്‍ത്തുന്നത്‌. ഓര്‍മ്മയിലെന്നും വിരിയുന്നത്‌. വാടാതെ പുഞ്ചിരിക്കുന്നത്‌. അങ്ങിനെ.. അങ്ങിനെ...

പുഞ്ചിരിച്ചാനയിച്ച സുന്ദരി മുഖങ്ങളിലൊക്കെ ഇപ്പോള്‍ പുച്ഛമാണ്‌. 'രാവിലെ തന്നെ വലിഞ്ഞു കേറിക്കോളും' എന്ന ഭാവമാണ്‌. 'ഒന്നിറങ്ങിത്തരുമോ' എന്ന്‌ ഓരോ നോട്ടങ്ങളും കെഞ്ചുന്നുണ്ട്‌. അങ്ങിനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. തിരഞ്ഞിട്ടും തിരഞ്ഞിട്ടും തിരഞ്ഞുകൊണ്ടിരിക്കുന്നവര്‍ വെറും തിരവുകാരാണെന്നും ഒന്നും വാങ്ങാതെ മടങ്ങുന്നവരുമാണെന്നു ഏതു വില്‍പ്പനക്കാര്‍ക്കാണ്‌ അറിയാത്തത്‌?

കയറി വരുമ്പോഴേ സെയിത്സ്‌ സുന്ദരിമാരുടെ വില്‍പ്പനച്ചിരി കടയുടമയുടെ മുഖത്തുണ്ടായിരുന്നില്ല. ചോദ്യ ചിഹ്നത്തിന്‍റെ ആ കണ്ണുകള്‍ തന്‍റെ കൈയിലെ പൊളിത്തീന്‍ കവറിലും അതിലെ ചോറ്റുപാത്രത്തിലും വെള്ളക്കുപ്പിയിലുമൊക്കെ ഇഴയുകയായിരുന്നു. അയാളുടെ ക്യാഷ്‌ കൌണ്ടറില്‍ നിന്നുള്ള പാളിനോട്ടത്തില്‍ ശല്യവും ശകാരവുമൊക്കെ ഇപ്പോള്‍ തെളിഞ്ഞു കാണാം. എന്തെങ്കിലും ഒന്നു തടഞ്ഞിരുന്നെങ്കില്‍ !

തടയുന്നുണ്ടു പലതും. സമ്മാനിക്കാന്‍ മനസു കൊതിക്കുന്നവ തന്നെ. പക്ഷേ അതില്‍ നൂലിട്ടു തൂക്കിയ പ്രൈസ്‌ ടാഗ്‌ ആണു യഥാര്‍ത്ഥത്തില്‍ 'തട'യാവുന്നത്‌. ഇനി തിരയാനും അധികം നേരമില്ല. തീവണ്ടിയെത്താനുള്ള നേരമായി. വെറും കയ്യുമായി ചെല്ലുന്നതേ അവള്‍ പ്രതീക്ഷിക്കൂ. അപ്പോള്‍ ഒരു സമ്മാനപ്പൊതി കാണുമ്പോഴേ ആ കണ്ണുകള്‍ വിടരും. വെറുതെ വിടര്‍ന്നാല്‍ പോരാ, നീലാകാശത്തിന്‍റെ ആഴങ്ങളില്‍ വര്‍ണ്ണ വിസ്മയങ്ങള്‍ പൂക്കണം. പക്ഷേ ആശക്കൊത്ത ഒരു കീശയുണ്ടായിരുന്നെങ്കില്‍ !

പെട്ടന്നാണതു കണ്ണില്‍ തടഞ്ഞത്‌. ഞെട്ടറ്റിട്ടും പൊട്ടിവീഴാത്ത പൊന്‍കതിരിലേക്കു കണ്ണും നട്ട്‌ ഒരു പഞ്ചവര്‍ണ്ണക്കിളി! അതിസുന്ദരം. കാണുന്നതിനു മുന്‍പേ കയ്യ്‌ അതു എടുത്തു കഴിഞ്ഞിരുന്നു. മനസു മയങ്ങിയിരുന്നു. ഉദ്വേഗത്തിന്‍റെ ഹൃദയമിടിപ്പുകള്‍ കണ്ണുകളെ പ്രൈസ്‌ ടാഗിലെത്തിച്ചിരുന്നു. അഞ്ഞൂറ്റി തൊണ്ണുറ്റൊമ്പത്‌ രൂപാ തൊണ്ണൂറു പൈസ.

ഓടുന്ന മിടിപ്പുകള്‍ കാലില്‍ കല്ലു കെട്ടിയപോലെ ഇഴഞ്ഞു. കീശയിലുള്ള നോട്ടുകള്‍ ഒന്നുകൂടെ എണ്ണി നോക്കി. അഞ്ഞൂറു തന്നെ. ഓഫീസില്‍ കൂടെ പണിയെടുക്കുന്നവനോടു കടം ഇരന്നു വാങ്ങിയത്‌. മുന്‍പു കടം വാങ്ങലായിരുന്നു. ഈയിടെയായി വിലക്കയറ്റത്തിന്‍റെ മുന്‍ചക്രങ്ങളോടൊത്തു ശമ്പളത്തിന്‍റെ പിന്‍ചക്രങ്ങള്‍ക്കു കുതിക്കാന്‍ കഴിയാത്തതുകൊണ്ട്‌ കടം വീട്ടല്‍ കടംകഥയായി. അതോടെ കടം ഇരക്കലായി. പുതിയ കടം കൊണ്ട്‌ പഴയ കടം വീട്ടി ജീവിതത്തിന്‍റെ ചക്രങ്ങള്‍ ഉരുട്ടി നീക്കുന്ന ഈ വിദ്യ എത്ര നാള്‍ കൂടെ നടക്കുമെന്നറിയില്ല. പക്ഷേ ഒന്നറിയാം. ചക്രങ്ങള്‍ കുതിച്ചെത്താറായി തെല്ലകലെയുള്ള പ്ളാറ്റ്‌ ഫോമിലേക്ക്‌.

മൊബേല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കില്‍ അറിയാമായിരുന്നു, തീവണ്ടി എപ്പോഴെത്തുമെന്ന്‌. രാവില്‍ നിന്നും പകലിലേക്കും ഭാഷയില്‍ നിന്നു ഭാഷയിലേക്കും നഗരത്തില്‍ നിന്നും നഗരത്തിലേക്കും കുതിച്ചുകൊണ്ടേയിരിക്കുന്ന എക്സ്പ്രസ്‌ തീവണ്ടിക്ക്‌ വെറും അഞ്ചു മിനുട്ട്‌ വിശ്രമമാണ്‌ ഈ നഗരത്തില്‍. ആ അഞ്ചു മിനുട്ട്‌ അവളെ കാണാം. സംസാരിക്കാം.

എത്ര വര്‍ഷങ്ങളായി അവളെ കണ്ടിട്ട്‌! ആ ശബ്ദം കേട്ടിട്ട്‌! വര്‍ഷങ്ങളുടെ നീളത്തെക്കുറിച്ച്‌ ഒരോ ഫോണിലും അവള്‍ പറയാറുണ്ട്‌. കാത്തിരിപ്പിലെ ഉത്കണ്ഠയെ പറ്റി വേവലാതിപ്പെടാറുണ്ട്‌. എന്നാലും ഒളിഞ്ഞു നില്‍ക്കുന്ന പ്രതീക്ഷയുടെ പുഞ്ചിരി വാക്കുകള്‍ക്കിടയില്‍ നിന്നും തലനീട്ടാറുണ്ട്‌.

"ഈ ജോലി തല ഉയര്‍ത്തി നില്‍ക്കാന്‍ ഇടം തരുമെന്നു തോന്നുന്നു. അതുകൊണ്ടാണു അങ്ങു ജോലി ചെയ്യുന്ന നഗരവും കടന്നേറെ ദൂരെയുള്ള ഈ ജോലിക്കായി ഞാന്‍ പോകുന്നത്‌. ഞാന്‍ കൊതിക്കുന്ന തണല്‍ അകലുകയാണോ എന്ന ഭീതി വല്ലാതെ വളരുന്നു. നാട്ടിലേക്കില്ല. ഫോണ്‍ വിളിയില്ല. അങ്ങോട്ടു വിളിക്കാമെന്നു വെച്ചാല്‍ മൊബേല്‍ ഫോണുമില്ല. ആ മനസ്‌ അറിയാമെന്ന വിശ്വാസത്തെ ഇനിയും ഭീതി വിഴുങ്ങിയിട്ടില്ല. അതുകൊണ്ട്‌ തീവണ്ടി അവിടെ എത്തുമ്പോള്‍ സ്റ്റേഷനില്‍ വരണം. നേരിട്ടു കാണണം. വന്നില്ലെങ്കില്‍.... എന്നെ തഴയുകയാണെന്ന ഭീതി ഒരു പക്ഷേ... ഇല്ല, വരും. വരണം. വരുമെന്ന പ്രതീക്ഷയോടെ ...
സ്നേഹ പൂര്‍വ്വം
സുമി"

പണ്ടെങ്ങോ കണ്ടു മറന്ന ചങ്ങാതിയുടെ നീല മുഖം വാതില്‍ക്കല്‍ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം ഇന്‍ലാന്‍ഡു ലെറ്റര്‍ തുറന്നു വായിച്ചപ്പോള്‍ വിദ്വേഷമായി മാറി. പക്ഷേ വിവേകം നന്ദി പറഞ്ഞു. അവളുടെ മനസിലെ തീര്‍ത്തും സ്വാഭാവികമായ ഭീതിയെക്കുറിച്ചു പറഞ്ഞതിന്‌. ആധികള്‍ പങ്കു വെച്ചതിനും.

ആധികളെ ആധികള്‍ കൊണ്ടു അടക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ടാണു ഒന്നും അറിയിക്കാതിരുന്നത്‌. ഫോണ്‍ വിളികള്‍ കുറച്ചതും. നീണ്ട ഒരു കടം മൊബേല്‍ ഫോണ്‍ ഭക്ഷിച്ചു വിടവാങ്ങിയപ്പോഴും ആ സന്തോഷം തന്നെയാണു തോന്നിയതും.

ഓര്‍മ്മകള്‍ പിന്നോട്ടോടുമ്പോള്‍ വാച്ചിലെ സൂചികള്‍ കുതിക്കുന്നത്‌ മുന്നോട്ടാണ്‌. കൃത്യ സമയത്തിനു സ്റ്റേഷനിലെത്തണം. എന്നും ഏറെ വൈകിയെത്തുന്ന ബസ്‌ വീട്ടില്‍ നിന്നിറങ്ങാന്‍ ഒരു മിനുട്ടു വൈകുന്ന ദിവസം തനിക്കു ചന്തിയും കാണിച്ചു ഓടി അകലുന്നത്‌ എത്ര തവണ കണ്ടിരിക്കുന്നു. സമയത്തിനു മുന്‍പെത്തി കാത്തിരുന്നാലോ, ഏറെ വൈകുന്ന വണ്ടി തന്‍റെ അരദിവസത്തെ അവധിയെ ഒരു ദിവസത്തെ അവധിയായി മാറ്റുകയും ചെയ്യും. ഇതൊക്കെ മുന്നില്‍ കണ്ട്‌ ജീവിതത്തെ നേരിടാന്‍ പഠിച്ചിരിക്കുന്നു. എന്നാലും ചില നേരങ്ങളില്‍ ചാടി വീഴുന്ന ചില അത്ഭുതങ്ങള്‍ ശരിക്കും അത്ഭുതപ്പെടുത്താറുണ്ട്‌. അതുപോലെ തന്നെ വന്നെത്താറുണ്ട്‌ ചില ഞെട്ടലുകളും.

ഇന്നു രാവിലെ കഴിഞ്ഞേ ഉള്ളു അങ്ങിനെയൊന്ന്‌. എന്നും രാത്രി ഉറങ്ങാന്‍ കിടന്നു അല്‍പ്പം കഴിഞ്ഞാല്‍ തോന്നും വാതില്‍ കുറ്റിയിട്ടിട്ടില്ലെന്നു. ചെന്നു നോക്കുമ്പോള്‍ കാണാം കുറ്റിയും പൂട്ടുമൊക്കെ കിടക്കുന്നത്‌. ഈ പാഴ്‌ വേലക്കൊരു അറുതി വരുത്താന്‍ ഇന്നലെ വാതില്‍ അടക്കാതെ കിടന്നു. അല്‍പ്പം കഴിഞ്ഞു എഴുന്നേറ്റു ചെല്ലുമ്പോള്‍ വിഡ്ഢിയാവില്ലല്ലോ എന്നു കരുതി.

പക്ഷേ എഴുന്നേറ്റ്‌ ചെന്നപ്പോള്‍ ഒന്നു ഞെട്ടി. വാതില്‍ തുറന്നു കിടക്കുന്നതു കണ്ടിട്ടല്ല. സൂര്യന്‍ എത്തിനോക്കുന്നതു കണ്ടിട്ടുമല്ല. മുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടതു കണ്ടിട്ട്‌. പിന്നെ ഒരു കുതിപ്പായിരുന്നു, കട്ടിലിലെ അലാറം ക്ളോക്കിനടുത്തേക്കു. എടുത്തു പിന്നിലൊന്നു ഞെക്കിയപ്പോള്‍ അതാ ബാറ്ററിയിടുന്ന സ്ഥലത്തു ചുരുണ്ടു കിടന്നുറങ്ങുന്നു നൂറിന്‍റെ അഞ്ചു നോട്ടുകള്‍. കൈയിലിരുന്നു മിടിക്കുന്ന ഹൃദയത്തെ അപ്പോഴാണു ഉള്ളിലേക്കിട്ടത്‌. പിന്നീടാണോര്‍ത്തത്‌ വില്‍ക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ തലേന്നു അരിച്ചു പെറുക്കി തിരഞ്ഞത്‌.

അതു പോലെ ഒരു നൂറു രൂപാ നോട്ടിന്‍റെ അത്ഭുതം? ഒരിക്കല്‍ കൂടെ പേഴ്സ്‌ എടുത്തു എണ്ണി. ഇപ്പോഴും അഞ്ചു തന്നെ. പേഴ്സിന്‍റെ എല്ലാ പോക്കറ്റുകളും പരതി. അവളുടെ ഒരു പഴയ ഫോട്ടോ. പിന്നെ ഒരു എ.ടി.എം കാര്‍ഡ്‌. സേവിംഗ്‌ അക്കൌണ്ടു തുറന്നപ്പോള്‍ ബാങ്ക്‌ സൌജന്യമായി തന്നത്‌. ശമ്പളച്ചെക്കു മാറി കാശെത്തുന്ന ദിവസം തന്നെ മിനിമം ബാലന്‍സിലേക്കു കൂപ്പുകുത്തുന്ന സേവിംഗ്‌ ബാങ്ക്‌ അക്കൌണ്ട്‌.

ഈയിടെ യായി എട്ടും പത്തും രൂപാ കൂടി അതു പത്ത്‌ അറുപത്‌ രൂപാ ആയിട്ടുണ്ടെന്നു തോന്നുന്നു. നൂറില്‍ താഴെയുള്ള നോട്ടുകള്‍ എ.ടി.എം മെഷിനില്‍ കിട്ടാത്തതുകൊണ്ട്‌ ബാക്കി കിടക്കുന്ന അറുപത്‌ രൂപാ. ഇനി വല്ല പലിശയോ മറ്റോ കൂടിച്ചേര്‍ന്ന്‌ അതു നൂറു രൂപാ തികഞ്ഞിട്ടുണ്ടെങ്കിലോ? രണ്ടു ദിവസം മുമ്പ്‌ കത്തു കിട്ടിയിരുന്നെങ്കില്‍ അക്കൌണ്ട്‌ അടച്ചു മുഴുവന്‍ കാശുമെടുത്ത്‌ നല്ലൊരു സമ്മാനം വാങ്ങാമായിരുന്നു. എന്തായാലും എ.ടി. എം സ്റ്റേഷണ്റ്റെ പിന്നിലുണ്ട്‌. ബാലന്‍സു നോക്കാന്‍ അധികം നേരം വേണ്ടല്ലോ. കടയില്‍ നിന്നും ഇറങ്ങി ഓടുമ്പോള്‍ കടയുടമ നെഞ്ചില്‍ കുരിശു വരക്കുന്നതു കണ്ടു.

പ്രതീക്ഷിച്ചാല്‍ അത്ഭുതം വരില്ല. വന്നാലും അത്ഭുതത്തിന്‍റെ രൂപത്തിലാവില്ല. ടി.വി. വില്‍ക്കുന്നതിനു മുന്‍പ്‌ കണ്ടറിഞ്ഞിട്ടുള്ളതാണ്‌ ഇത്‌. ക്രിക്കറ്റ്‌ കളി തോല്‍ക്കുമെന്ന്‌ ഉറപ്പാകുമ്പോള്‍ ടി. വി. ഓഫ്‌ ചെയ്ത്‌ കിടന്നുറങ്ങും. രാവിലെ പത്രം തുറക്കുമ്പോള്‍ കാണാം അവസാന ഓവറില്‍ അവസാനത്തെ കളിക്കാരന്‍ അത്ഭുതങ്ങള്‍ കാണിച്ച്‌ ഇന്ത്യ കളി ജയിച്ച വാര്‍ത്ത. ജയിക്കുമെന്നുറപ്പായ കളി അതേ വിധത്തില്‍ തോല്‍ക്കാറുമുണ്ട്‌. അങ്ങിനെ ഒരു അത്ഭുതം പ്രതീക്ഷിച്ചു ഉണര്‍ന്നാലോ. കളി മഴ മൂലം ഉപേക്ഷിച്ച വാര്‍ത്തയാകും. നാലു ദിവസം കഴിഞ്ഞു മാച്ച്‌ ഫിക്സിംഗ്‌ വാര്‍ത്ത വരുമ്പോള്‍ എല്ലാ അത്ഭുതങ്ങളും കുത്തിയൊലിച്ചു പോകുകയും ചെയ്യും.

സാറ്റ്‌ ലൈറ്റ്‌ കണക്ഷന്‍ പ്രശ്നവും പ്രതീക്ഷിച്ചാണ്‌ എ.ടി.എം ലേക്കു ഓടിയെത്തിയത്‌. എന്നും ഒഴിഞ്ഞു കിടക്കുന്നതു കണ്ടിട്ടുള്ള അവിടെ അതാ സാമാന്യം ഭേദപ്പെട്ട ഒരു വരി. വരിയില്‍ നിന്നിട്ടു നില്‍പ്പു ഉറക്കുന്നില്ല. പ്ളാറ്റ്‌ ഫോമിലെ റെയില്‍വേയുടെ അനൌണ്‍സുമെന്‍റുകള്‍ കൃപയോടെ കാറ്റു കൊണ്ടു വരുമ്പോള്‍ അസ്വസ്ഥത ഏറുന്നു. പ്രതീക്ഷിച്ചതു പോലെ അതാ ആ അനൌണ്‍സ്‌മണ്റ്റ്‌, വണ്ടി കൃത്യ സമയത്തു എത്തുമെന്ന്.

എ.ടി.എം ന്‌ അകത്തുള്ള സ്ത്രീ നോട്ടുകള്‍ ഒരോന്നായി എണ്ണി കേടുപാടുകളൊക്കെ സുസൂക്ഷ്മം നിരീക്ഷിച്ച്‌ ബാഗില്‍ വെക്കുകയാണ്‌. ഒടുക്കത്തെ നോട്ടും ബാഗിലിട്ട്‌ വീണ്ടും ബാഗില്‍ തിരയുകയാണ്‌. അതില്‍ നിന്നും ഒരു തുണ്ടു കടലാസു എടുത്ത്‌ പിന്‍ നമ്പര്‍ ഒരോന്നായി നോക്കി നോക്കി കുത്തുന്നതു കണ്ടപ്പോള്‍ ക്ഷമ വിട്ടു പറഞ്ഞു പോയി. 'നാലക്കത്തിന്‍റെ നമ്പര്‍ ഓര്‍ക്കാന്‍ വയ്യാത്ത കഴുത'.

ബാലന്‍സു സ്റ്റേറ്റ്‌ മെന്‍റും വായിച്ചു ഇറങ്ങുന്നതു കണ്ടപ്പോള്‍ ഗേറ്റിലേക്കു ഓടിച്ചെന്നു അവരോടു പറഞ്ഞു, കാര്‍ഡ്‌ കൂടെ എടുത്തോണ്ടു പോകാന്‍.

യാര്‍ഡിലേക്കു മാറ്റുന്ന ഒരു ഗൂഡ്സ്‌ വണ്ടിയുടെ എണ്ണമറ്റ ബോഗികള്‍ പതുക്കെ നടന്നു പോയി.

അയാള്‍ ഇറങ്ങുന്നതിനു മുന്‍പേ ഇടിച്ചു കയറി. ഒറ്റക്കു ഇടിച്ചു കേറുന്നതു കണ്ടിട്ടാവണം അയാള്‍ ചിരിച്ചു കൊണ്ടാണ്‌ ഇറങ്ങിപ്പോയത്‌. കാര്‍ഡ്‌ മെഷീന്‍ വലിക്കേണ്ട താമസം. രഹസ്യ നമ്പര്‍ കുത്തി. ബാലന്‍സ്‌ അന്വേഷണത്തിന്‍റെ ചങ്കിടിപ്പിക്കുന്ന നീണ്ട സെക്കണ്ടുകള്‍.

ചിലപ്പോള്‍ കാരം ബോര്‍ഡില്‍ സ്ട്രക്കര്‍ വെക്കുമ്പോഴേ തോന്നാറില്ലേ, മറുവശത്തെ പള്ളക്കു കിടക്കുന്ന കോയിന്‍ ഈ ചെത്തില്‍ പോക്കറ്റിലേക്കു ഒഴുകുമെന്ന്‌. അത്‌ അതുപോലെ ഒഴുകി പോക്കറ്റില്‍ വീഴുന്ന അതേ ഫീലിംഗ്‌. കട കട ശബ്ദത്തോടെ മെഷീന്‍ നാക്കു നീട്ടിയപ്പോള്‍ മിനിമം ബാലന്‍സിനേക്കാള്‍ നൂറല്ല നൂറ്റി രണ്ടു രൂപാ കൂടുതല്‍! തുള്ളിച്ചാടണമെന്നു തോന്നി. അതോ തുള്ളിച്ചാടിയോ? എന്തായാലും നൂറു രൂപാ പിന്‍ വലിക്കാനുള്ള തന്‍റെ ഓര്‍ഡര്‍ കുത്തിക്കഴിഞ്ഞു.

അറുനൂറു രൂപയുടെ സമ്മാനവുമായി സ്റ്റേഷനിലേക്കു കുതിക്കുന്ന ചിത്രമാണു മനസില്‍. ഇല്ല, ജീവിതം പഠിപ്പിച്ചിട്ടുള്ളതൊക്കെ ഒടുക്കത്തെ ട്വിസ്റ്റുകളെ പ്രതീക്ഷിക്കാനാണ്‌. ഒന്നുകില്‍ നൂറിന്‍റെ നോട്ടു ഉണ്ടാകില്ല. അല്ലെങ്കില്‍ സാറ്റ്‌ ലെറ്റ്‌ ലിങ്ക്‌ മുറിഞ്ഞ്‌ അതു പ്രവര്‍ത്തിക്കാതാകും. അതുമല്ലെങ്കില്‍ കടയിലേക്കു കയറുമ്പോള്‍ മറ്റൊരാള്‍ ആ സമ്മാനവും കൊണ്ട്‌ ഇറങ്ങി വരുന്നതു കാണും.

ഇപ്പോഴും സ്ക്റീനില്‍ പ്ളീസ്‌ വെയിറ്റ്‌ എന്ന സന്ദേശമാണ്‌. എത്ര നേരമാണപ്പാ ഈ കാത്തിരുപ്പ്‌. ഒക്കെ തന്‍റെ ധൃതി കൊണ്ടു തോന്നുന്നതാണോ? അല്ല, ഏറെ നേരമായി. എന്തോ ഉടക്കുണ്ട്‌. പ്ളീസ്‌ വെയിറ്റും അപ്രത്യക്ഷമായിരിക്കുന്നു. എ.ടി.എം കാര്‍ഡും അകത്തു കുടുങ്ങിയിരിക്കുന്നു.

ചുറ്റുമൊന്നു നോക്കി. ആരേയും കാണുന്നില്ല. രണ്ടാമതും നമ്പര്‍ കുത്തി. ക്യാന്‍സല്‍ ബട്ടനില്‍ അമര്‍ത്തിപ്പിടിച്ചു. അനക്കമില്ല.

ദേഷ്യം സഹിക്കാന്‍ കഴിഞ്ഞില്ല, രണ്ടു ഇടിയും ഒരു ചവിട്ടും കൊടുത്ത്‌ പുറത്തേക്കു ഇറങ്ങുമ്പോള്‍ അതാ പിന്നില്‍ `കടാ കടാ' ശബ്ദം. തിരിഞ്ഞപ്പോള്‍ ഒരു നൂറു രൂപാ തല നീട്ടി ചിരിക്കുന്നു.

ഒറ്റക്കുതിപ്പിനു അതെടുത്ത്‌ ഒരുമ്മയും കൊടുത്തു കീശയില്‍ തിരുകി പുറത്തേക്കോടുമ്പോള്‍ വീണ്ടും പിന്നില്‍ `കട കടാ' ശബ്ദം. അപ്പോഴാ ഒാര്‍ത്തത്‌ കാറ്‍ഡെടുത്തില്ല. നോക്കുമ്പോള്‍ കാറ്‍ഡ്‌ പുറത്തേക്കു വന്നിട്ടില്ല. നൂറു രൂപാ അതാ കിടക്കുന്നു അവിടെ തന്നെ. അപ്പോള്‍ ആദ്യം കാശിനു പകരം കാറ്‍ഡാണോ എടുത്തത്‌? അല്ല, അതു കീശയില്‍ ഒടിഞ്ഞു കിടപ്പുണ്ട്‌. പതുക്കെ അതും എടുത്തു.

അപ്പോള്‍ അതാ വരുന്നു ഒരു കെട്ടു നോട്ട്‌! സ്വപ്നമല്ലെന്നു ഉറപ്പിക്കാന്‍ തലക്കിട്ടൊന്നു തല്ലി. പിന്നെ നോട്ടുകള്‍ വാരി കീശയില്‍ നിറച്ചു. അപ്പോള്‍ അതാ വരുന്നു വീണ്ടും നോട്ടുകള്‍. വലിച്ചെടുക്കുന്തോറും നോട്ടുകള്‍.. നോട്ടുകള്‍...

കീശയൊക്കെ നിറഞ്ഞു. പ്ളാസ്റ്റിക്‌ സഞ്ചിയും നിറഞ്ഞു. ഇനി എവിടെ നിറക്കും? ചോറ്റു പാത്രം കാലിയാക്കി അതും നിറച്ചു.

പ്ളാസ്റ്റിക്‌ ബോട്ടിലിലെ വെള്ളം തൂത്തുകളഞ്ഞ്‌ അതിലേക്കു നോട്ടുകള്‍ ചുരുട്ടി നിറച്ചുകൊണ്ടിരിക്കുമ്പോള്‍ പ്ളാറ്റ്‌ ഫോമില്‍ നിന്നും പതിയെ നീങ്ങിയ തീവണ്ടി ദൂരങ്ങളിലേക്കു കുതിക്കുകയായിരുന്നു.

21 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"തിരയാന്‍ തുടങ്ങിയിട്ടേറെ നേരമായി. ഒന്നും ബോധിക്കുന്നില്ല. എങ്ങിനെ ബോധിക്കും? ബോധിക്കാന്‍ എന്തെല്ലാം ഒത്തുവരണം? മനോഹരമായില്ലെങ്കില്‍ പോലും 'അയ്യേ.." ന്ന്‌ പറയിക്കാത്തത്‌. കീശക്കു വഴങ്ങുന്നത്‌. കൌതുകക്കണ്ണ്‌ വിടര്‍ത്തുന്നത്‌. ഓര്‍മ്മയിലെന്നും വിരിയുന്നത്‌. വാടാതെ പുഞ്ചിരിക്കുന്നത്‌. അങ്ങിനെ.. അങ്ങിനെ..."

പാമരന്‍ said...

ഞാനും എപ്പോഴും അത്‌ഭുതങ്ങള്‍ സ്വപ്നം കാണുന്ന ആളാണ്‌..

Sunil said...

ലക്ഷ്യത്തിലെത്താനുള്ള്‌ മാർഗ്ഗങ്ങൾ ലക്ഷ്യങ്ങളാവുകയും, യഥാർത്ഥ ലക്ഷ്യങ്ങൾ മറന്ന് പോകുകയും ചെയ്യുന്ന അവസ്ഥ. നന്നായി പറഞ്ഞിരിയ്ക്കുന്നു.അഭിനന്ദനങ്ങൾ!!!

പട്ടേപ്പാടം റാംജി said...

അഗ്രഹങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ പ്രതീക്ഷ ബാക്കിവെച്ചുള്ള കാത്തിരിപ്പ്....കൊള്ളാം.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പാമരന്‍:
സ്വപ്നങ്ങള്‍ എപ്പോഴും ഫ്രീ ആണല്ലോ. കണ്ടോളു. നന്ദി

സുനില്‍:
യേസ്‌, വളരെ നന്ദി.

റാംജി:
നന്ദി.

ആഗ്നേയ said...

nalla ozhukkode sundaramayi ezhuthiyirikkunnu..aswadichu vayichu :-)

Rare Rose said...

നല്ല കഥ.എത്ര വേഗമാണു ലക്ഷ്യം മറന്നു മറ്റുള്ളതിലേക്ക് മനസ്സ് ചായുന്നത്..

ഇതു പോലെ അത്ഭുതങ്ങള്‍ക്കായി കാത്തിരുന്നു കണ്ണു കഴക്കുന്ന സ്വഭാവം എനിക്കുമുണ്ടു.അന്നേരം വരാതെ തീര്‍ത്തും അപ്രതീക്ഷിതമായി ആവും പിന്നീടോരോന്ന് പൊട്ടിമുളക്കുന്നത്.‍:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ആഗ്നേയാ:
ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. നന്ദി

റോസ്‌:
വളരെ നന്ദി. എന്നാലും പിന്നീടതൊക്കെ വരാറുണ്ട്‌ എന്ന് അറിഞ്ഞതില്‍സന്തോഷം.
എന്നും നല്ല അത്ഭുതങ്ങള്‍ സംഭവിക്കട്ടെ..

കാപ്പിലാന്‍ said...

nannaayi .

ലേഖാവിജയ് said...

നല്ല കഥ .

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കാപ്പിലാന്‍,
നന്ദി

ലേഖാ വിജയ്‌,
നന്ദി.

Jayasree Lakshmy Kumar said...

“കീശയൊക്കെ നിറഞ്ഞു. പ്ളാസ്റ്റിക്‌ സഞ്ചിയും നിറഞ്ഞു. ഇനി എവിടെ നിറക്കും? ചോറ്റു പാത്രം കാലിയാക്കി അതും നിറച്ചു.

പ്ളാസ്റ്റിക്‌ ബോട്ടിലിലെ വെള്ളം തൂത്തുകളഞ്ഞ്‌ അതിലേക്കു നോട്ടുകള്‍ ചുരുട്ടി നിറച്ചുകൊണ്ടിരിക്കുമ്പോള്‍ പ്ളാറ്റ്‌ ഫോമില്‍ നിന്നും പതിയെ നീങ്ങിയ തീവണ്ടി ദൂരങ്ങളിലേക്കു കുതിക്കുകയായിരുന്നു“

ഹ ഹ. അതു കലക്കി. കഥ ഇങ്ങിനെ കൊണ്ടെത്തിക്കാൻ പോകുവാനെന്ന് അശേഷം മനസ്സിലായിലായിരുന്നു. പല ക്ലൈമാക്സുകളും ഊഹിച്ചു. അപ്പൊ ദാ “ അത്ഭുതപ്പെടുത്തിയ” ഒരു ക്ലൈമാക്സ്. അസ്സലായി :)

ശ്രീ said...

നല്ലൊരു കഥ. തീരെ പ്രതീക്ഷിയ്ക്കാത്ത ഒരു ക്ലൈമാക്സ്...

ആശംസകള്‍, മാഷേ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ലക്ഷ്മി
ആസ്വദിച്ചുള്ള ആ വായനക്ക്‌ വളരെ നന്ദി.

ശ്റീ.
വളരെ വളരെ നന്ദി.

G.MANU said...

ബാഗിലിട്ട്‌ വീണ്ടും ബാഗില്‍ തിരയുകയാണ്‌. അതില്‍ നിന്നും ഒരു തുണ്ടു കടലാസു എടുത്ത്‌ പിന്‍ നമ്പര്‍ ഒരോന്നായി നോക്കി നോക്കി കുത്തുന്നതു കണ്ടപ്പോള്‍ ക്ഷമ വിട്ടു പറഞ്ഞു പോയി. 'നാലക്കത്തിന്‍റെ നമ്പര്‍ ഓര്‍ക്കാന്‍ വയ്യാത്ത കഴുത'

ആത്മാംശം ഉള്ളതുകൊണ്ട് ഈ വരികള്‍ കൊളുത്തിവലിച്ചു... അവസാനത്തെ ഭ്രമാത്മകത നല്ലൊരു അനുഭൂ‍തിയും ആയി.

ജിതേന്ദ്രാ..തന്റെ കീബോര്‍ഡിന് എന്റെ വണക്കം

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ജി. മനു:

മാഷേ, വളരെ നന്ദി.
അതുപോലെ വളരെ സന്തോഷം വീണ്ടും ബ്ളോഗിലേക്കുസജീവമായി കടന്നു വന്നതിനു.
(ഇനി കുറച്ചു മനു ടച്ചുള്ള കഥകള്‍ വായിക്കാമല്ലോ)

Irshad said...

എന്റമ്മേ... കിടിലം.
ആകെ ഭ്രമിപ്പിച്ചു. ഇനി തനിക്കു ആ എ.ടി.എമ്മിലെ കാശ് മുഴുവന്‍ കിട്ടിയോ എന്ന വിഷമത്തിലായി ഞാന്‍.

എതിരന്‍ കതിരവന്‍ said...

വണ്ടി പോയതൊരു പ്രശ്നമാണോ? ഇനി ഒരു സമ്മാനം പാഴ്സൽ ആയി അയയ്ക്കാമല്ലൊ. അത്രേം പൈസ കിട്ടിയതല്ലെ.
പരിണാമഗുപ്തി, ഭ്രമാത്മകത.
അതിബുദ്ധിജീവി നാട്യങ്ങളില്ലാതെ അവതരിപ്പിച്ച ഒന്നാന്തരം കഥ.

ഹരിത് said...

നല്ല കഥ. അവസാന ഓവറില്‍ അവസാനത്തെ പന്തില്‍ സിക്സറടിച്ചു ജയിച്ച പ്രതീതി.
നവവത്സരാശംസകള്‍.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പഥികന്‍:
വളരെ നന്ദി.

എതിരന്‍ കതിരവന്‍:
സൂക്ഷ്മ വായനക്കും ആ നല്ല കമണ്റ്റിനും നന്ദി. വായനക്കാരണ്റ്റെ ഇഷ്ടം, കഥാകൃത്തിണ്റ്റെ സ്വപ്നം.

ഹരിത്‌:
സുപ്പര്‍ കമണ്റ്റ്‌!
വളരെ നന്ദി വായനക്കും ആശംസകള്‍ക്കും. ഹരിതിനും പുതു വത്സരാശംസകള്‍...

നന്ദ said...

vayichirunnu, thirakku karanam commentan pattiyilla :P

Fantasy aanallo odukkam :) athu real life il vannirunnel ennu chumma oru aagraham :)

New Year Wishes!