Monday, March 24, 2008

തുമ്പിക്കൈകള്‍ മുളയ്ക്കുന്നത്‌

അസാധാരണമായ, കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു അത്ഭുതം സന്ദീപ്‌ കുമാറിന്‍റെ ജീവിതത്തിലേക്കു തലനീട്ടിയ ദിവസമായിരുന്നു അത്‌.

എന്നത്തേയും പോലെ അന്നും അമ്മയുടെ ഇടതടവില്ലാത്ത ഉപദേശങ്ങളും ശകാരങ്ങളും കേട്ട്‌ പൊറുതിമുട്ടിയപ്പോഴാണ്‌ സന്ദീപ്‌ ‌ ഉറക്കം മതിയാക്കാന്‍ തീരുമാനിച്ചത്‌. ജനലഴികളൊടു സദാ സല്ലപിച്ചു നില്‍ക്കുന്ന ചാമ്പക്കാ മരത്തിന്‍റെ ശിഖരങ്ങള്‍ക്കിടയിലൂടെ പാളി നോക്കുന്ന സൂര്യനും ആ തീരുമാനത്തെ ചൂടായി പിന്താങ്ങിയിരുന്നു.

പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞെത്തുമ്പോള്‍ ക്ളോക്ക്‌ ഇരട്ടി വേഗത്തിലോടുകയാണ്‌. ഒരു കക്ഷണം പുട്ട്‌ കടലക്കറിയോടൊപ്പം അകത്താക്കി. ഒരു നേന്ത്രപ്പഴം കൂടെ ചെന്നപ്പോള്‍ ഏമ്പക്കം പുറത്തു ചാടി. ബൈക്കു സ്റ്റാര്‍ട്ട്‌ ചെയ്ത്‌ കോളേജിലേക്കു പറന്നു. എല്ലാം തികച്ചും സാധാരണം.

കോളേജു ലൈബ്രറിയുടെ മുന്നില്‍ ബൈക്കു നിന്നു. ബെല്ലടിച്ചിട്ടില്ല. മരത്തണലില്‍ അമനും അക്ഷയും അരുണ്‍പിള്ളയും ഇരിക്കുന്നുണ്ട്‌. ഹീറോ ഹോണ്ടായുടെ പുതിയ മോഡല്‍ ബൈക്കാണ്‌ ചര്‍ച്ചാ വിഷയം. തെല്ലകലെ ബിന്ദു തരകന്‍, ആശാ മാത്യു, അംബികാ വിജയന്‍ ഒക്കെ വട്ടം കൂടി നില്‍പുണ്ട്‌. ഉള്ളിലൊതുങ്ങാത്ത ആശയുമായി പൊരുതുന്ന ജീന്‍സും ടോപ്പും. അതു രജനീകാന്തിന്‍റെ സിനിമയിലെ പുതുമുഖനായികയുടെ വേഷവിധാനവുമായി താരതമ്യം ചെയ്യപ്പെടുന്നതിനിടയില്‍ ബെല്ലടിച്ചു. പെണ്‍ കുട്ടികള്‍ ധൃതി പിടിച്ചും ആണ്‍ കുട്ടികള്‍ ഇതൊന്നും തങ്ങള്‍ ക്കു ബാധകമല്ല എന്ന മട്ടിലും ക്ളാസുകളിലേക്കു നടന്നു.

ആനി ടീച്ചര്‍ ക്ളാസിലെത്തിക്കഴിഞ്ഞിരുന്നു. തിരിഞ്ഞു നിന്ന്‌ തലേന്നു ഫിസിക്സ്‌ ടീച്ചര്‍ ബ്ളാക്ക്‌ ബോര്‍ഡില്‍ ചിക്കിപ്പരത്തിയ ന്യൂട്ടന്‍റെ സിദ്ധാന്തങ്ങള്‍ തുടച്ചു മാറ്റുകയാണ്‌ ടീച്ചര്‍. ടീച്ചര്‍ ധരിച്ചിരിക്കുന്ന സാരി കൊള്ളാമെന്നു പിന്‍സീറ്റിലേക്കു നടക്കുന്നതിനിടയില്‍ സന്ദീപ്‌ ആംഗ്യ ഭാഷയില്‍ അവതരിപ്പിച്ചു. ദിവ്യ എഴുന്നേറ്റു നിന്ന്‌ തള്ള വിരലിന്‍റേയും ചൂണ്ടു വിരലിന്‍റേയും തലപ്പുകള്‍ മുട്ടിച്ചു 'അടിപൊളി'യെന്നു സെക്കന്‍ഡു ചെയ്തതോടെ ചിരി പല ചുണ്ടുകളും ഭേദിച്ചു പുറത്തു ചാടി. പിന്നിലെ റിയാക്ഷന്‍ ആനി ടീച്ചര്‍ അറിഞ്ഞെങ്കിലും ബുദ്ധിപൂര്‍വ്വം അവഗണിച്ചു തന്‍റെ ആക്ഷന്‍ തുടര്‍ ന്നു.

ഒന്നും അറിഞ്ഞില്ലെന്ന മട്ടില്‍ സന്ദീപ്‌ കെമിസ്റ്റ്രീ ക്ളാസിന്‍റെ പിന്‍സീറ്റിലേക്കു പതുക്കെ നടന്നു. ഇപ്പോഴും എല്ലാം തികച്ചും സാധാരണം.

അല്ലെങ്കില്‍ത്തന്നെ അടുത്ത നിമിഷം അസാധാരണമായെന്തങ്കിലും സംഭവിക്കുമെന്ന്‌ ആരും കരുതാറില്ലല്ലോ. അതിനു വേണ്ടി തയ്യാറെടുക്കാറുമില്ല.

അതുകൊണ്ടാണ്‌ സീറ്റിലിരുന്ന സന്ദീപ്‌ ഷോക്കടിച്ചതു പോലെ ചാടി എഴുന്നേറ്റത്‌. ന്യൂട്ടന്‍ പോലും ഊഹിക്കാത്ത വിധം ശക്തമായ റിയാക്ഷന്‍. സീറ്റിലൊന്നു നല്ല പോലെ നിരീക്ഷിച്ച ശേഷം വീണ്ടും ഇരുന്നു. ഇത്തവണ വളരെ പതുക്കെ. സീറ്റിനെപ്പോലും നോവിക്കാതെ. സന്ദീപ്‌ കണ്ണുകള്‍ തിരുമ്മി. സ്വപ്നമല്ല. പക്ഷേ സ്വപ്നം പോലും വിഭാവനം ചെയ്യാത്ത കാര്യമാണ്‌ സംഭവിച്ചിരിക്കുന്നത്‌. ചുറ്റും കണ്ണോടിച്ചു ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പു വരുത്തിയ ശേഷം അല്‍പം ചരിഞ്ഞിരുന്ന്‌ ആസനത്തില്‍ തടവി നോക്കി. എന്തോ നീണ്ട്‌ ഉരുണ്ട്‌.....

ജീന്‍സിന്‍റെ മുന്‍പോക്കറ്റിലൂടെ കയ്യിട്ട്‌ പരതി. ശൂന്യം. ഉരുകിയൊലിക്കുന്ന ലാവയുടെ കെമിസ്റ്റ്രീ ക്ളാസ്‌ കഴിയേണ്ട താമസം, സന്ദീപ്‌ ബൈക്കില്‍ ചാടിക്കയറി ചരിഞ്ഞിരുന്ന്‌ വീട്ടിലോട്ടു കത്തിച്ചു വിട്ടു. ദിവ്യയോടു പറയാതെ. അവള്‍ക്കൊരു എസ്‌ എം എസ്‌ പോലും അയക്കാതെ.

വീട്ടു മുറ്റത്തെത്തേണ്ട താമസം, ബൈക്ക്‌ മുറ്റത്തിട്ട്‌ ഉമ്മറത്തേക്കു ചാടിക്കയറി. അച്ഛന്‍ ബാങ്കിലേക്കും അമ്മ സ്ക്കൂളിലേക്കും പോയിക്കഴിഞ്ഞിരുന്നു. ആന്തൂറിയത്തിന്‍റെ ചട്ടിക്കടിയില്‍ നിന്നും താക്കോലെടുത്തു വാതില്‍ തുറന്നു.

കുളിമുറിയിലെ വലിയ കണ്ണാടി കൊണ്ടുവന്ന് സോഫയില്‍ വെച്ചു. ലൈറ്റുകള്‍ തെളിച്ചു. ജീന്‍സ്‌ വലിച്ചഴിച്ചു. പിന്നെ അടിവസ്ത്രവും. കണ്ണാടിയില്‍ കണ്ട കാഴ്ച !!! ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത, വിഭാവനം ചെയ്തിട്ടില്ലാത്ത, കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണു നടന്നിരിക്കുന്നത്‌. ജൂനിയര്‍ സന്ദീപ്‌ തന്‍റെ മുന്‍സീറ്റു വിട്ട്‌ പിന്‍സീറ്റിലേക്കു മാറിയിരിക്കുന്നു!!

തെല്ലിട സ്തബ്ധനായി നിന്ന സന്ദീപ്‌ സോഫയിലേക്കു കുഴഞ്ഞു വീണു. മണിക്കൂറുകളോളം അങ്ങിനെ കിടന്നു. ആത്മഹത്യ ആദ്യമായി സന്ദീപിന്‍റെ മനസില്‍ തലപൊക്കി. ഉടന്‍ ജീവിക്കാനുള്ള ആഗ്രഹം ഇരട്ടി ശക്തിയില്‍ അതിനെ ചവിട്ടി താഴ്ത്തുകയും ചെയ്തു. കിടപ്പ്‌ ഒന്നിനും ഒരു പരിഹാരമല്ലെന്നു മനസിലാക്കിയ സന്ദീപ്‌ എഴുന്നേറ്റു. ടോയ്ലെറ്റില്‍ ചെന്നു തിരിഞ്ഞു നിന്ന് ഒന്നാം നമ്പര്‍ നടത്തി. കോളേജിലെ മൂത്രപ്പുരയില്‍ വെച്ചാണിത്‌ ചെയ്തതെങ്കില്‍....? ഹൊ, ഒാറ്‍ക്കാന്‍ തന്നെ വയ്യ. ദിവ്യ അറിഞ്ഞാല്‍... !!

എരിപൊരി കൊള്ളുന്ന ചിന്തകളുടെ വറവില്‍ രാത്രി തീരെ ഉറങ്ങിയില്ല. എങ്കിലും സമയത്തിനു എഴുന്നേറ്റു തയ്യാറായി. വീട്ടിലിരുന്നാല്‍ എന്താ അസുഖമെന്നാവും. ഡോക്ടറോട്‌ പോലും പറയാന്‍ കൊള്ളാവുന്ന അസുഖമാണോ ഇത്‌?

ക്രിക്കറ്റ്‌ . പാഡുകള്‍ മുറിച്ച്‌ തുടയ്ക്കു പിന്നില്‍ കെട്ടി അയഞ്ഞ ജീന്‍സു ധരിച്ച്‌ ബൈക്കില്‍ ഇരിക്കുമ്പോള്‍ ആനപ്പുറത്തു കയറിയ പ്രതീതി. കോളജില്‍ ക്ളാസില്‍ കയറാതെ അങ്ങുമിങ്ങും അലഞ്ഞു നടന്നു. എപ്പോഴും ജൂനിയര്‍ സന്ദീപ്‌ ആണ്‌ ചിന്തകളില്‍. തന്‍റെ മുഴുവന്‍ പ്രവര്‍ത്തികളും ഇപ്പോള്‍ ജൂനിയര്‍ സന്ദീപിന്‍റെ നിയന്ത്രണത്തിലാണ്‌. പക്ഷേ തനിക്കു ഒന്നും ചെയ്യാനാവില്ലെന്ന് സന്ദീപ്‌ വേദനയോടെ മനസിലാക്കി.

ആരോ ചന്തിയില്‍ പുസ്തകം കൊണ്ടടിച്ചപ്പോള്‍ ഞെട്ടിപ്പോയി. ഫിസിക്കല്‍ എഡുക്കേഷന്‍ ടീച്ചറാണ്‌. "ഏന്തെടാ സന്ദീപേ ഇത്‌?"

സന്ദീപ്‌ ശരിക്കും ഞെട്ടി. പാഡ്‌ കെട്ടിയിട്ടും പിടിക്കപ്പെട്ടിരിക്കുന്നു. "അത്‌.... അത്‌....." സന്ദീപ്‌ നിന്നു പരുങ്ങി.

"വേണ്ട, ഒന്നും പറയേണ്ടാ. ഒക്കെ എനിക്കറിയാം. "

അക്ഷരാറ്‍ഥത്തില്‍ സന്ദീപിന്‍റെ കണ്ണൂ തള്ളി.

"മുട്ടന്‍ മടി തന്നെ കാരണം. ഇങ്ങിനെ മേദസ്‌ കൂടിയാല്‍ ഇക്കൊല്ലത്തെ ബാസ്ക്കറ്റ്‌ ബോള്‍ ടീമില്‍ നീയുണ്ടാവില്ല, പറഞ്ഞേക്കാം. "

ടീച്ചറ്‍ നടന്നകന്നിട്ടും സന്ദീപിനു ശ്വാസം നേരെ വീണില്ല. ചെന്നിയില്‍ വിയര്‍പ്പിന്‍റെ അരുവികള്‍. തൊണ്ട വരളുന്ന ദാഹം. പക്ഷേ വെള്ളം... അതൊരു തുള്ളി പോലും കുടിക്കാന്‍ ധൈര്യമില്ല. മൂത്രമൊഴിക്കേണ്ടി വന്നാലോ? ഉമിനീര്‍ പോലും ഇറക്കാതെ ഉച്ചയാക്കി.

തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഉറക്ക ഗുളികകള്‍ക്കായി ഒരു ശ്രമം നടത്തി. ഒരെണ്ണം ഷോപ്പുടമ കനിഞ്ഞു നല്‍കി.

ഗുളിക സമ്മാനിച്ച ഒന്നര മുഴത്തിന്‍റെ ഉറക്കമുണര്‍ന്ന് ടോയ്‌ ലെറ്റിലെത്തിയ സന്ദീപ്‌ വീണ്ടും ഞെട്ടി. ഇന്നലെ വരെ വലതനായിരുന്ന ജൂനിയര്‍ സന്ദീപ്‌ ഇടത്തേ ആസനത്തിലേക്കു സ്ഥാനം മാറിയിരിക്കുന്നു!

ഉളുപ്പില്ലാത്ത സ്ഥാനചലനങ്ങള്‍ പല കുറി നടന്നു. സന്ദീപ്‌ ഇപ്പോള്‍ ഞെട്ടാറില്ല. പലപ്പോഴും ഇതൊന്നും ശ്രദ്ധിക്കാറോ അറിയാറോ ഇല്ല. ആഗോള വത്ക്കരണം പടിക്കല്‍ വന്നു നില്‍ക്കുമ്പോള്‍ ഇക്കാര്യത്തിനൊക്കെ എന്തു പ്രസക്തി? പ്രസക്തി കളിക്കാണ്‌. ശ്രദ്ധിക്കേണ്ടത്‌ കളിയിലാണ്‌. ഇന്ത്യന്‍ ബാസ്ക്കറ്റ്‌ ബോള്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ്‌ സന്ദീപ്‌. അടുത്ത ആഴ്ച മത്സരങ്ങള്‍ ആരംഭിക്കുകയാണ്‌. അതിനായി ഡല്‍ഹിയിലേക്കു തിരിച്ചിരിക്കുകയാണ്‌ സന്ദീപ്‌.

തീവണ്ടി വളരെ പതുക്കെയാണ്‌ നീങ്ങുന്നത്‌. നാളെ വൈകുന്നേരം പരിശീലന ക്യാമ്പില്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതുണ്ട്‌. സമയത്തിനു ഡല്‍ഹിയിലെത്തുമോ?

"എന്തു ചെയ്യാനാ ചങ്ങാതി, മുന്നിലെ എന്‍ ജിന്‍ പ്രവര്‍ത്തിക്കുന്നില്ല. പിന്നിലെ എന്‍ ജിന്‍ മാത്രമാണു തള്ളുന്നത്‌" സഹയാത്രക്കാരന്‍ പറഞ്ഞു.

സന്ദീപിനു പെട്ടെന്നൊരു സംശയം. എന്തുദ്ദേശിച്ചാണ്‌ ഇയാള്‍ സംസാരിക്കുന്നത്‌? പെട്ടെന്നു സന്ദീപിന്‍റെ കണ്ണുകള്‍ ബര്‍ത്തിന്‍റെ വശത്തുള്ള കണ്ണാടിയിലേക്കു പാഞ്ഞു. കണ്ണാടിയിലെ സന്ദീപിന്‍റെ മൂക്കിനു മുകളില്‍ ആടിക്കളിക്കുന്നു ജൂനിയര്‍ സന്ദീപ്‌!

സാവധാനം സന്ദീപ്‌ ഞെട്ടിയത്‌ ജൂനിയര്‍ സന്ദീപിന്‍റെ പുതിയ സ്ഥാനചലനം കണ്ടിട്ടായിരുന്നില്ല. പക്ഷേ എന്നിട്ടും സഹയാത്രക്കാര്‍ ഞെട്ടുകയോ കളിയാക്കുകയോ ചെയ്തില്ലല്ലോ എന്നോര്‍ത്തിട്ടായിരുന്നു.

പതുക്കെ സന്ദീപ്‌ തന്‍റെ സഹയാത്രക്കാരെ നോക്കി. അത്ഭുതം: അവരുടെയെല്ലാം മൂക്ക്‌ നീണ്ട്‌... തുമ്പിക്കൈകള്‍ പോലെ ആടിയാടി..... !!
പുതിയ കവിത പുഴ. കോമില്‍ "വട്ട്‌"