Monday, November 24, 2008

ചായ

വര്‍ഗീസ്‌ പോലീസുകാരനാണ്‌. പ്രാരാബ്ധങ്ങളില്ലാത്ത ഒറ്റത്തടി പോലീസുകാരന്‍. വലിയും കുടിയും പിടിയും പേടിയും ഒക്കെയുള്ള ഒരു സാധാ പോലീസുകാരന്‍. എന്നാല്‍ പോലീസിനു പറഞ്ഞിട്ടില്ലാത്ത ഒരു നല്ല ശീലവും വര്‍ഗീസിനുണ്ട്‌. പുസ്തകവായന!

എന്നുവെച്ച്‌ കൈയില്‍ കിട്ടിയ പുസ്തകങ്ങളെല്ലാം വലിഞ്ഞുകേറി വായിക്കുന്ന ഒരു വിഢിയുമല്ല വര്‍ഗീസ്‌. കഥാപുസ്തകങ്ങള്‍ മാത്രമേ വര്‍ഗീസ്‌ വായിക്കാറുള്ളു. ഒരു പുതിയ കഥാപുസ്തകം കൈയിലെത്തിയാല്‍ അതു വായിക്കാന്‍ എങ്ങിനേയും വര്‍ഗീസ്‌ സമയം കണ്ടെത്തും. സ്റ്റേഷനിലെ ജോലിക്കിടയില്‍. പോലീസ്‌ വണ്ടിയിലെ യാത്രക്കിടയില്‍. നെറ്റ്‌ പട്രോളിങ്ങിനിടയില്‍ ഏതെങ്കിലും വിളക്കു കാലിനു കീഴിലിരുന്ന്‌. എങ്ങിനെയെങ്കിലും അതൊന്നു വായിച്ചു തീര്‍ത്താലേ വര്‍ഗീസിനു ഉറക്കം വരൂ. സ്വൈരം കിട്ടൂ. അല്ലെങ്കില്‍ പോക്കറ്റില്‍ കിടക്കുന്ന മദ്യക്കുപ്പി പോലെ അതു മറ്റു ചിന്തകളെ നിരന്തരം അടിച്ചോടിച്ചുകൊണ്ടിരിക്കും.

നോക്കൂ. ഇപ്പോള്‍ അയാള്‍ ഒരു കഥ വായിക്കുകയാണ്‌. വിജനമായ ഒരു കുറ്റിക്കാട്ടിലെ റെയില്‍പ്പാളത്തിലിരുന്ന്‌. തലയറ്റ ഒരു അജ്ഞാത ശവത്തിന്‍റെ രാത്രി കാവലിനാണ്‌ അയാള്‍ അവിടെ എത്തിയിരിക്കുന്നത്‌. പക്ഷേ പുതിയതായി കൈയിലെത്തിയ കഥാ പുസ്തകത്തിലൂടെ ആ നശിച്ച കാവല്‍ ജോലിയെ ആനന്ദകരമാക്കുവാനുള്ള ശ്രമത്തിലാണ്‌ വര്‍ഗീസ്‌. മൊബേല്‍ ഫോണിലെ മങ്ങിയ ടോര്‍ച്ച്‌ തെളിച്ചാണു വായന മുന്നേറുന്നത്‌. ബാറ്ററി കഴിയുന്നതിനു മുന്‍പ്‌ കഥകള്‍ വായിച്ചു തീര്‍ക്കാനുള്ള തത്രപ്പാടിലാണു വര്‍ഗീസ്‌. കുറഞ്ഞത്‌ അതിലെ നല്ല കഥകളെങ്കിലും.

നല്ല കഥ എങ്ങിനെ തിരിച്ചറിയാം എന്നാണോ സംശയിക്കുന്നത്‌ ? നിങ്ങളുടെ കാര്യം പോകട്ടെ, പല പ്രമുഖ സാഹിത്യ കാരന്‍മാര്‍ക്കു പോലും അതിനു വ്യക്തമായ ഉത്തരമില്ല. ഏതാണ്‌ നല്ല കഥ എന്നു അവര്‍ തമ്മില്‍ തര്‍ക്കിക്കാറുണ്ട്‌. പ്രത്യേകിച്ച്‌ അവാര്‍ഡ്‌ ഒക്കെ നിര്‍ണ്ണയിക്കേണ്ടി വരുമ്പോള്‍. ഈ കഥയുടെ ആഖ്യാന സവിശേഷത കണ്ടോ! ഇതിലെ പ്രമേയം കണ്ടോ! ഇതിണ്റ്റെ ക്രാഫ്റ്റ്‌ കണ്ടോ! അവതരണം കണ്ടോ! ചിന്തയുടെ വ്യക്തത കണ്ടോ! ഒഴുക്കു കണ്ടോ! ... ഇത്തരം ആശയക്കുഴപ്പങ്ങളൊന്നും ഇക്കാര്യത്തില്‍ വര്‍ഗീസിനില്ല. വളരെ വ്യക്തമായ, ലളിതമായ കാഴ്ച്ചപ്പാടാണ്‌ വര്‍ഗീസിന്‍റേത്‌. 'വര്‍ഗീസിനു ഇഷ്ടമാവുന്ന കഥ നല്ല കഥ. അല്ലാത്തത്‌ ചവറ്‌. '

നല്ല കഥകള്‍ വര്‍ഗീസ്‌ സൂക്ഷിക്കും. വീണ്ടും വായിക്കാനായി അലമാറയില്‍ കയറ്റാന്‍. ചവറ്‌ കഥകളും സൂക്ഷിക്കും. ബീഡി കൊളുത്താനും കള്ളു നിരത്താനും തൂവിപ്പോകുന്ന ചായ തുടയ്ക്കാനുമൊക്കെ.

ചായയുടെ കാര്യത്തിലും വര്‍ഗീസിനു ഇതേ അഭിപ്രായമാണുള്ളത്‌. ലൈറ്റ്‌, സ്ട്രോങ്ങ്‌, കട്ടന്‍, സുലൈമാനി, ഇഞ്ചിച്ചായ തുടങ്ങി ഒട്ടേറെ തരം ചായകള്‍ ഉണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ. പക്ഷേ പൊതുവേ ചായ എന്നു പറയുന്നത്‌ ചായപ്പൊടി, പഞ്ചസാര, പാല്‌, വെള്ളം എന്നിവയുടെ ചൂടുള്ള മിശ്രിതമാണ്‌. പ്രമേഹത്തിന്‍റെ ശല്യമുള്ളവര്‍ പൊതുവേ പഞ്ചസാര ഒഴിവാക്കാറുണ്ട്‌. ഉറക്കം വരാതിരിക്കാന്‍ പാലൊഴിവാക്കി നാരങ്ങാനീരൊഴിച്ച്‌ സുലൈമാനി ചായ കുടിക്കുന്നവരുമുണ്ട്‌. ചിലരാകട്ടെ ഇഞ്ചി നീരു ചേര്‍ത്തി ദഹനം ശരിയാക്കാനും ചായയെ ഉപയോഗിക്കാറുണ്ട്‌. ഇത്തരം ചായകളൊക്കെ കഷായങ്ങളുടെ വകഭേദങ്ങളാണെന്ന്‌ വര്‍ഗീസ്‌ ഉറച്ചു വിശ്വസിക്കുന്നു.

പാലും പഞ്ചസാരയും ചായപ്പൊടിയും വെള്ളവുമൊക്കെ അളന്നൊഴിച്ച്‌ വാച്ചുനോക്കി ഒരു കൃത്യസമയം തിളപ്പിച്ചാലും പലപ്പോഴും നല്ല ചായ ആവാറില്ല. എന്നാല്‍ ഇങ്ങിനെയൊന്നും ചെയ്യാതെ തന്നെ ബഷീര്‍ നല്ല ചായ ഉണ്ടാക്കാറുണ്ട്‌. തവികൊണ്ട്‌ അല്‍പ്പം പാലൊഴിച്ച്‌ ലേശം ചായപ്പൊടിയും പഞ്ചസാരയും കോരിയിട്ട്‌ സമോവറിലെ തിളച്ചവെള്ളം പകര്‍ന്ന്‌ കൈകള്‍ ആകാവുന്നതും അകറ്റി രണ്ടു തവണ വീശും. ഒരു പാമ്പിനെപ്പോലെ ചായ കുപ്പിഗ്ളാസിലേക്കു കയറും. പതയില്‍ പൊതിഞ്ഞ ആ ചായ ഡസ്ക്കിലേക്ക്‌ ഇടിച്ചിറങ്ങും. അതൊന്നു മൊത്തുമ്പോള്‍ത്തന്നെ വര്‍ഗീസ്‌ അറിയാതെ പറഞ്ഞുപോകും, "ഹായ്‌! നല്ല ചായ!".

കുടിക്കുമ്പോള്‍ അങ്ങിനെ തോന്നാത്ത ചായകളൊക്കെ വര്‍ഗീസിനെ സംബന്ധിച്ചിടത്തോളം ഇറവെള്ളം മാത്രം.

എല്ലാ ചായക്കടകളിലും ഇങ്ങിനെയൊക്കെത്തന്നെയാണ്‌ ചായ ഉണ്ടാക്കുന്നത്‌. എന്നാല്‍ ഉപയോഗിച്ച അതേ ചായപ്പൊടി കൊണ്ടുതന്നെ പാലിന്‍റേയും പഞ്ചസാരയുടേയും അളവു കൂട്ടിയും കുറച്ചും എത്രയേറെ ചായകളുണ്ടാക്കാമെന്ന ഗവേഷണത്തിലേര്‍പ്പിട്ടിരിക്കുന്ന പപ്പനാവന്‍റേയോ വാസു അണ്ണന്‍റേയോ അദ്രു ഇകാക്കയുടേയോ ചായക്കടകളില്‍ നിന്നും പത്തോ ഇരുപതോ ചായ കുടിച്ചാലും ചിലപ്പോള്‍ ഒരു തവണ പോലും "ഹായ്‌" എന്നു പറഞ്ഞെന്നു വരില്ല.

ഇതൊന്നുമല്ലാതെയും ഒരു തവണ ചായ കുടിച്ച്‌ ശേഷം "ഹായ്‌!" എന്നു പറഞ്ഞിട്ടുണ്ട്‌ വര്‍ഗീസ്‌. ആദിവാസി പെണ്ണിന്‍റെ മരണം പീഡനം കൊണ്ടാണെന്നു ആരോപണം ഉയര്‍ന്നപ്പോള്‍ അതു അന്വേഷിക്കാന്‍ മല കയറിയ ദിവസം. അന്തിയോളം ആഹാരവും വെള്ളവുമില്ലാതെ ആദിവാസി കോളനിയില്‍ അലഞ്ഞ്‌ തിരിച്ചിറങ്ങുമ്പോള്‍ ജീപ്പു കേടായി. പിന്നെ നടന്നു അടിവാരത്തിലെത്തുമ്പോഴേക്കും ഏറെ ഇരുട്ടിയിരുന്നു. വിശപ്പും ദാഹവും തളര്‍ച്ചയും ശരീരത്തെ ഉലച്ചിരുന്നു. ഒരു ഗ്ളാസ്‌ വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കില്‍!

വിളക്കു കണ്ട വീട്ടിലേക്കു വലിഞ്ഞു കയറി. ഒരു വൃദ്ധയും മകളും മാത്രമാണ്‌ അവിടെയുണ്ടായിരുന്നത്‌. പോലീസിനെ കണ്ടു അവര്‍ വിരണ്ടു പോയിരുന്നു. കാര്യം പറഞ്ഞപ്പോള്‍ വെള്ളം മാത്രമല്ല, ഒരു കട്ടന്‍ ചായയും കിട്ടി. ഞണുങ്ങിയ സ്റ്റീല്‍ ഗ്ളാസില്‍ നിന്നും പുകചുറ്റിയ ശര്‍ക്കരയുടെ ആവി ഉയരുന്നുണ്ടായിരുന്നു. വലിച്ചു കുടിച്ചപ്പോള്‍ തളര്‍ന്ന ശരീരം അറിയാതെ പറഞ്ഞുപോയി, "ഹായ്‌!".

അന്നാണ്‌ വര്‍ഗീസിനു മനസിലായത്‌ ചായ നന്നാകുന്നത്‌ ചായയുടെ ഗുണം കൊണ്ടു മാത്രമല്ല, കുടിക്കുന്നവന്‍റെ ശാരീരികവും മാനസികവുമായ അവസ്ഥകള്‍ക്കും അതില്‍ ഒരു പ്രധാന പങ്കുണ്ടെന്ന്‌.

മൊബൈല്‍ ഫോണ്‍ അണഞ്ഞു. ഇനി നേരം വെളുത്താലേ അടുത്ത കഥ വായിക്കാന്‍ കഴിയൂ. അതുവരെ എന്തു ചെയ്യും? കഥ വായിക്കാതെ ഉറക്കവും വരില്ല. ഒരു ചായ കിട്ടിയിരുന്നെങ്കില്‍!

പാതി ചന്ദ്രന്‍ ആകാശത്തു നിന്നും അപ്രത്യക്ഷമായി. കിഴക്ക്‌ സൂര്യന്‍റെ തുടുത്ത മുഖം പുഞ്ചിരിച്ചു. ഒരു പോലീസ്‌ ജീപ്പ്‌ കിതച്ചുകൊണ്ട്‌ കുറ്റിക്കാട്ടിലെത്തി. ജീപ്പില്‍ നിന്നിറങ്ങിയ ഇന്‍സ്പെക്ടര്‍ക്ക്‌ വര്‍ഗീസ്‌ ഒരു ഉശിരന്‍ സല്യൂട്ട്‌ അടിച്ചു. ഇന്‍സ്പെക്ടറുടെ മുന്നിലേക്കു കയറിനിന്നു പോലീസ്‌ പട്ടി സല്യൂട്ട്‌ ഏറ്റു വാങ്ങി. പിന്നെ ജഢത്തിന്‍റെ മണം പിടിച്ച ശേഷം ജീപ്പു നില്‍ക്കുന്നതിനു എതിര്‍ വശത്തേക്കു ഓടി. തൊട്ടാവാടിയും നായ്ക്കുരണയും വകവെക്കാതെ വര്‍ഗീസ്‌ പട്ടിയുടെ പുറകേ വെച്ചു പിടിച്ചു.

പിന്നെ തോട്ടുപാലം കടന്ന്‌ പാടവരമ്പത്തുകൂടെ. ഇത്‌ എവിടേയ്ക്കാണ്‌ പട്ടി ഇങ്ങിനെ അണച്ചുകൊണ്ടോടുന്നത്‌? ഈ പാടം കടന്നാല്‍ ചാത്തുക്കുട്ടിയുടെ ഷാപ്പു മാത്രമേ ഉള്ളു. അപ്പോള്‍ ആ കള്ളുഷാപ്പിനു ഈ കൊലപാതകവുമായി എന്തോ ബന്ധമുണ്ടെന്നുറപ്പ്‌. വര്‍ഗീസിന്‍റെ കുറ്റാന്വേഷണകണ്ണുകള്‍ ചുളിഞ്ഞു.

ഷാപ്പിനെ പട്ടി ഒന്നു വലം വെച്ചു. അകത്ത്‌ ആരെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടാകുമോ? അതോ ചാത്തുക്കുട്ടിയുടെ വീട്ടിലേക്കുള്ള വഴി തിരയുകയാണോ പട്ടി. ചാരിയിട്ട വാതില്‍ മൂക്കു കൊണ്ട്‌ ഉന്തിമാറ്റി പട്ടി ഷാപ്പിനകത്തേക്കു കയറി. ഷാപ്പിനകത്ത്‌ ഒളിഞ്ഞിരിക്കുന്ന ഒരുപാട്‌ രഹസ്യങ്ങളിലേക്കാണോ പട്ടി നുഴഞ്ഞു കയറുന്നത്‌? നിരത്തിയിട്ട കന്നാസുകള്‍ക്കിടയിലൂടെ മണത്തു മണത്തു പട്ടി ഷാപ്പിന്‍റെ പുറകിലെ പറമ്പിലെത്തി. ഷാപ്പില്‍ നിന്നെറിയുന്ന എച്ചിലുകള്‍ വളമാക്കി കൊഴുത്തു വളര്‍ന്ന തകരച്ചെടികള്‍ക്കിടയില്‍ നിന്നും എന്തോ കടിച്ചെടുത്ത്‌ പട്ടി തുറുക്കനെ പടിഞ്ഞാറോട്ട്‌ വെച്ചു പിടിച്ചു. വര്‍ഗീസും ഓട്ടം വേഗത്തിലാക്കി. എന്താണ്‌ പട്ടി കടിച്ചെടുത്തിരിക്കുന്നത്‌?

മാലിന്യം അടിഞ്ഞുകൂടിയ ആ പറമ്പിലൂടെ ഓടി പട്ടിക്കൊപ്പം എത്തുക വിഷമമായിരുന്നു. ഒപ്പമെത്താതെ അറിയുകയുമില്ല, പട്ടിയുടെ വായിലെന്താണെന്ന്‌. പറമ്പില്‍ നിന്നും വെട്ടുവഴിയിലേക്കുള്ള കലുങ്കു ചാടിക്കയറുമ്പോള്‍ പട്ടിയുടെ കടി വഴുതി. ഒരു എല്ലിന്‍തുണ്ട്‌ കലുങ്കിണ്റ്റെ വശത്തുകൂടെ ഉരുണ്ട്‌ കഴായില്‍ വീണു. കള്ളുകുടിയന്‍മാര്‍ വലിച്ചെറിഞ്ഞ ഒരു എല്ലിന്‍ കക്ഷണം!

ഒരു നിമിഷം സംശയിച്ച വര്‍ഗീസിന്‍റെ കുറ്റാന്വേഷണ ബുദ്ധി ഓര്‍മ്മിച്ചു, ജഢത്തിണ്റ്റെ അറ്റുപോയ ഇടതു കൈപ്പത്തി! കഴായിലിറങ്ങി പരതാന്‍ നേരമില്ല. പട്ടി വെട്ടുവഴിയിലൂടെ തുറുക്കനെ പായുകയാണ്‌.

വഴിയോരത്തു കിടക്കുന്ന ഒരു കടലാസ്‌ പൊതി. ആരുടേയോ കൈയില്‍ നിന്നും വീണുപോയതെന്നു തോന്നിപ്പിക്കുന്ന ഒരു കടലാസ്‌ പൊതി. പട്ടി മൂക്കുകൊണ്ട്‌ അതു തിരിച്ചിട്ടു. കീറക്കടലാസില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുകയാണ്‌ പുതിയ അമേരിക്കന്‍ പ്രസിഡന്‍ഡ്‌. അദ്ദേഹവും ഈ കൊലപാതകവും! പട്ടി എന്തിലേക്കാണു മൂക്ക്‌ ചൂണ്ടുന്നത്‌? ഇനി ഇതുമായി ബന്ധപ്പെട്ട്‌ വല്ല വാതുവെപ്പും? ക്രിക്കറ്റ്‌ മത്സരങ്ങള്‍ കുറഞ്ഞ കാലമായതുകൊണ്ട്‌ വാതുവെപ്പ്‌ പുതിയ മേഖലകളിലേക്കു കയറിയോ?

പട്ടി കടലാസ്‌ പൊതി കടിച്ചു കുടഞ്ഞു. ഒരു ഉണക്കമീന്‍ പൊതിയില്‍ നിന്നും തെറിച്ചു വീണു. അതും കടിച്ചെടുത്തു പട്ടി കിഴക്കോട്ടേക്ക്‌ ഓടി. കരുവാന്‍ തറയിലേക്കുള്ള ഇടവഴിയില്‍ വെച്ച്‌ പട്ടി ആ മീന്‍തല കറുമുറെ തിന്നു. വര്‍ഗീസിനു ഒരു പിടിയും കിട്ടുന്നില്ല. കരുവാന്‍ തറയുടെ അങ്ങേ അറ്റത്തുള്ള ഒരു വലിയ വീടാണ്‌ ചാത്തുക്കുട്ടിയുടെ. ഒരു പക്ഷേ പട്ടി ഇനി അങ്ങോട്ടാണോ വെച്ചുപിടിക്കുന്നത്‌?

വര്‍ഗീസിന്‍റെ കണക്കു കൂട്ടല്‍ വീണ്ടും തെറ്റി. പട്ടി ഇങ്ങേ വശത്തുള്ള ഒരു ചെറ്റപ്പുരയുടെ അടുക്കള ചായ്പ്പിലേക്കു കയറി. അവിടെ വെച്ചിരുന്ന പഴങ്കഞ്ഞി പാത്രത്തിലേക്കു പട്ടി തലയിടാന്‍ ശ്രമിച്ചപ്പോള്‍ വീട്ടമ്മ പട്ടിയെ ചൂലുകൊണ്ട്‌ മയമില്ലാതെ താങ്ങി.

"പട്ടിക്കു പെട്ടെന്നു എന്തേ ഇത്ര ആര്‍ത്തി കയറാന്‍? അതു പട്ടിണിയൊന്നും ആയിരുന്നില്ലല്ലോ." വര്‍ഗീസിന്‍റെ ചിന്തകള്‍ കുഴഞ്ഞു മറിഞ്ഞു.

ഇബ്രാഹിം റാവുത്തരുടെ ഇറച്ചിക്കട. ശാന്തകുമാരന്‍റെ നഴ്സറി സ്ക്കൂള്‌. മനോഹരന്‍റെ തയ്യല്‍ക്കട. തങ്കപ്പന്‍ നായരുടെ കറ്റക്കളം. തേരാ പാരാ ഓടിനടന്ന പട്ടി ഒടുവില്‍ കുറ്റിക്കാട്ടില്‍ തിരിച്ചെത്തി. പുറകേ തളര്‍ന്ന കാലുകളോടെ വര്‍ഗീസും.

പാളത്തിലിരുന്ന്‌ സിഗററ്റ്‌ വലിക്കുന്ന ഇന്‍സ്പെക്ടറോട്‌ വര്‍ഗീസ്‌ ചോദിച്ചു. "സാറെന്തേ പട്ടിയെ പിന്തുടരുന്നില്ല!"

“ജീപ്പില്‍ നിന്നിറങ്ങി ഈ കുറ്റിക്കാട്ടിലെത്തുമ്പോഴേക്കും എനിക്കു മനസിലായിക്കഴിഞ്ഞിരുന്നു, പട്ടിക്കു പേയാണെന്ന്‌. 'എവിടെയെങ്കിലും പോയി ചത്തോട്ടേ' ന്ന്‌ കരുതീട്ടാ തുടലൂരി വിട്ടത്‌. അപ്പോഴാ ഞാന്‍ കണ്ടത്‌ താനതിണ്റ്റെ പുറകേ വെച്ചു പിടിക്കുന്നത്‌. താനും പട്ടിയെ അതിണ്റ്റെ പാട്ടിനു വിട്ടിട്ട്‌ പെട്ടെന്നു തിരിച്ചു വരുമെന്നാ കരുതിയത്‌. "

അരിശത്തോടെ വര്‍ഗീസ്‌ നോക്കുമ്പോള്‍ പട്ടി പാളത്തിലൂടെ പായുകയാണ്‌, ഒരു ചരക്കു തീവണ്ടിക്കു പിന്നാലെ.

ഒന്നു നടു നിവര്‍ത്താനായി കഥാ പുസ്തകത്തിന്‍റെ ഏടുകള്‍ പറിച്ചു വിരിക്കുമ്പോള്‍ വര്‍ഗീസ്‌ അമര്‍ഷത്തോടെ പറഞ്ഞു - "ചവറ്‌"