Saturday, August 16, 2008

പാണ്ടിയുടെ അന്ത്യയാത്ര


"വേലകണ്ട്‌ പോ...
പെണ്ണ്‌ കൊണ്ടു പോ....
ഞണ്ടു കൂട്ടി, ചാറു കൂട്ടിചോറുണ്ട്‌ പോ...
കൂയ്‌... കൂയ്‌..... കൂയ്‌..... "

പാണ്ടിക്ക്‌ പ്രായമോ ഉണങ്ങി മെലിഞ്ഞ തന്‍റെ ശരീരമോ ഒരു പ്രശ്നമായിരുന്നില്ല. ചാടിത്തിമിര്‍ക്കുകയാണ്‌ പാണ്ടി.

നരച്ചു നീണ്ട താടിയിലൂടെ ഈള പതഞ്ഞൊഴുകി. ഒട്ടിയ വയറില്‍ നിന്നും കീറമുണ്ടിന്‍റെ പാതിയോളം ഊര്‍ന്നിറങ്ങിക്കഴിഞ്ഞു. വള്ളി ട്രൌസറിട്ട ചെക്കന്‍മാര്‍ പൂഴിമണ്ണും പുളിയിലയും വീശിയെറിഞ്ഞ്‌ കൂടെ ചാടുന്നുണ്ട്‌. കൈയിലെ തകരപ്പാട്ടയില്‍ തുള്ളിച്ചാടിത്തളര്‍ന്ന അലൂമിനിയത്തിന്‍റെ രണ്ടു പൈസ തുട്ടുകളും മൂന്നു പൈസ തുട്ടുകളും പൂഴിമണ്ണിലേക്കു ചാടി. കനമുള്ള അഞ്ച്‌ പൈസ തുട്ടുകള്‍ ഇപ്പോഴും പാട്ടയില്‍ തുള്ളിക്കളിക്കുന്നുണ്ട്‌.

"ആരാണ്ടാ പാണ്ടിക്ക്‌ പിരാന്ത്‌ കേറ്റണത്‌? ഓടെഡാ മുണ്ടന്‍റെ മക്കളെ...." തങ്കമ്മച്ചെട്ടിച്ചി ചുണ്ണാമ്പു വട്ടി താഴെയിട്ട്‌ വേലി ചുവട്ടിലെ മഞ്ഞരളിക്കൊമ്പ്‌ പൊട്ടിച്ചപ്പോള്‍ ചെക്കന്‍മാര്‍ കൂവി വിളിച്ച്‌ ചിതറിയോടി.

എന്നിട്ടും പാണ്ടി നിര്‍ത്തിയില്ല. "ഡാ പാണ്ടിയേ, വല്ല മുക്കിലും ചുരുണ്ടുകെടന്ന്‌ ചത്തൂടെ നിനക്ക്‌? ങ്നെ ചാടിചാകണോ?" തങ്കമ്മ ഒച്ചയെടുത്തപ്പോള്‍ പാണ്ടി അടങ്ങി. പിന്നെ പൂഴി മണ്ണില്‍ വളഞ്ഞു കിടന്നു കിതച്ചു.

"പാണ്ടീന്‍റെ പണ്ടാരടക്കല്‌ ന്നും ന്‍റെ കുടീന്‍റെ മുമ്പീ തന്ന്യാ." തങ്കമ്മ തന്‍റെ തലയില്‍ കൈവെച്ചു. പിന്നെ ചുറ്റുപാടും കണ്ണോടിച്ച്‌ ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പ്‌ വരുത്തിയ ശേഷം മണ്ണില്‍ കിടക്കുന്ന കീറ മുണ്ട്‌ കാലുകൊണ്ടെടുത്ത്‌ പാണ്ടിയുടെ ദേഹത്തിട്ടു. പൂഴിമണ്ണില്‍ ചിതറിക്കിടക്കുന്ന നാണയത്തുട്ടുകള്‍ പെറുക്കി തകരപ്പാട്ടയിലിട്ടു. തൊടിയില്‍ വീണുകിടന്ന തേക്കിലയും ഇറയത്തെ ചൂലില്‍ നിന്നും ഈര്‍ക്കില്‍ തുണ്ടും പൊട്ടിച്ചെടുത്ത്‌ തങ്കമ്മ തന്‍റെ പനമ്പട്ട കൊണ്ട്‌ കെട്ടിമേഞ്ഞ കുടിലിലേക്ക്‌ കയറിപ്പോയി.

"ഡാ, പാണ്ടിയേ..., ണീറ്റ്‌ കുത്തിരിക്കെഡാ. പിരാന്ത്‌ കാട്ടുമ്പോ പൊലം ണ്ടാവണം. നീയിത്‌ ബെക്കം കുടിച്ച്‌ സ്ഥലം കാലിയാക്ക്‌". പൂഴിമണ്ണില്‍ കുത്തിയിരുന്ന്‌ വിറക്കുന്ന പാണ്ടിയുടെ വിശപ്പിലേക്ക്‌ ഒരു തേക്കിലക്കുമ്പിള്‍ സാന്ത്വനവുമായി തങ്കമ്മ ഇറങ്ങി വന്നു.

ശബ്ദത്തോടെ വായിലേക്കു കയറുന്ന പഴങ്കഞ്ഞിയില്‍ കുറേ പാണ്ടിയുടെ കുഴിഞ്ഞ കവിളിലൂടെ, നരച്ച താടിരോമങ്ങളിലൂടെ ഒലിച്ചിറങ്ങി.

"വറ്റ്‌ വാരി തിന്നുമ്പോ ദ്‌ നാക്കീ തേച്ചോ" ഒരു വറ്റല്‍ മുളക്‌ പാട്ടയിലേക്കിട്ടുകൊണ്ട്‌ തങ്കമ്മ പറഞ്ഞു. "തീറ്റ കഴിഞ്ഞാ ചെത്തല്ല്യാണ്ടെ വെശക്ക്‌ വിട്ടോളണം. മമ്മതിന്‍റെ വെറക്‌ പേട്ടേല്‌ നാല്‌ ദിവസായീത്രെ കൊടിച്ചി കിടക്കുണൂ. "

താടി രോമങ്ങളില്‍ കുടുങ്ങിയ വറ്റ്‌ നാവുകൊണ്ടെടുക്കാന്‍ യത്നിച്ചു കൊണ്ടിരുന്ന പാണ്ടി തലകുലുക്കി സമ്മതിച്ചു. അനുസരിക്കാതിരിക്കാന്‍ പാണ്ടിക്ക്‌ കഴിയില്ല. തങ്കമ്മയെന്നല്ല, ഒരു കൊച്ചു കുട്ടി പറഞ്ഞാല്‍പ്പോലും.

വേരും നാരുമില്ലാത്ത പ്രായം എത്രയെന്നറിയാത്ത പാണ്ടി ഒരിക്കലും ഒന്നും ഇരക്കാറില്ല. എന്നാല്‍ എന്തെങ്കിലും കൊടുത്താല്‍ വേണ്ടെന്നു പറയുന്ന നിഷേധിയുമല്ല. പക്ഷേ പാട്ടു കേട്ടാല്‍ കൂടെ പാടി നൃത്തം വെച്ചു തുടങ്ങുന്ന പാണ്ടിയെ പിന്തിരിപ്പിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്ത്‌ ഭ്രാന്തായാലും ഈണത്തില്‍ പാടിയാല്‍ പാണ്ടിക്ക്‌ ഉന്‍മാദം കേറും. വിറച്ചു ചാടും.

അന്തിവെട്ടം താണപ്പോള്‍, പ്ളാച്ചിപ്പൊത്തില്‍ നിന്നും കാലന്‍ കോഴികള്‍ ഊഴമിട്ട്‌ ഊളിക്കരക്കാരെ വിളിച്ചപ്പോള്‍, പാണ്ടി എഴുന്നേറ്റ്‌ വേച്ചു വേച്ചു നടന്നു. തോട്ടിന്‍ കരയിലെ കള്ളുഷാപ്പിനു അനുബന്ധമായി കെട്ടിമേഞ്ഞ മമ്മതിന്‍റെ വിറക്‌ പേട്ടയിലേക്കാണ്‌ പാണ്ടിയുടെ വിണ്ടു കീറിയ പാദങ്ങള്‍ നിരങ്ങി നീങ്ങിയത്‌.

ഷാപ്പടച്ചപ്പോള്‍, അവസാനത്തെ എല്ലിന്‍ തുണ്ടും കാര്‍ന്നു കഴിഞ്ഞപ്പോള്‍, നാലഞ്ചു ദിവസത്തെ കുടികിടപ്പവകാശവുമായി കൊടിച്ചിപ്പട്ടി പാണ്ടിയെ ശല്യപ്പെടുത്തി. ഒടുവില്‍ പരാജയം സമ്മതിച്ച പാണ്ടി തന്‍റെ കീറച്ചാക്കും തകരപ്പാട്ടയുമെടുത്ത്‌ പുറത്തേക്കിറങ്ങി.

ഇരുട്ട്‌ ഒളിച്ച കൈതക്കാടുകള്‍. തൊട്ടാവാടിച്ചെടികളുറങ്ങുന്ന തോട്ടു വരമ്പ്‌. മീനച്ചൂടില്‍ കട്ടവിണ്ടുണങ്ങിയ പടപ്പരപ്പ്‌. അങ്ങിങ്ങു ഒളിച്ചു കളിക്കുന്ന മിന്നാമിനുങ്ങുകള്‍. പനമ്പട്ടകളിലിരുന്ന്‌ ചൂളം വിളിക്കുന്ന വരണ്ട കാറ്റ്‌. അതില്‍ ചെണ്ടയുടേയും ഇലത്താളത്തിന്‍റേയും മണം കലര്‍ന്നിട്ടുണ്ടോ? മൂക്കു വിടര്‍ത്തി മണം പിടിച്ചു പാണ്ടി നടന്നു.

ഇപ്പോള്‍ പൊറാട്ടും കളി പന്തലിലെ റാന്തലുകള്‍ തെളിഞ്ഞു കാണാം. വെയില്‍ തിന്നതിന്‍റെ ക്ഷീണമകറ്റാന്‍ അല്‍പ്പ സ്വല്‍പ്പം സേവിച്ച്‌ പൊറ്റ വരമ്പിലിരുന്ന്‌ ബീഡി വലിക്കുന്ന ആസ്വാദകര്‍. പായും പരമ്പും വിരിച്ചിട്ടിരിക്കുന്ന പെണ്ണുങ്ങളും കുട്ടികളും. അവരുടെ വായില്‍ ചുട്ട ചക്കക്കുരുവും പുളിങ്കുരുവുമൊക്കെയാണ്‌. പലരുടേയും കൈയില്‍ കുഞ്ഞിപനമ്പട്ട ചെത്തിയുണ്ടാക്കിയ മനോഹരമായ വിശറികളുമുണ്ട്‌. കളി കൊഴുക്കുന്നതിനൊപ്പം തലകളും വിശറികളും ഇളകുന്നുണ്ട്‌.

"അപ്പനിന്ന്‌ പറഞ്ഞാടി കാട്ടീ പോണംന്ന്‌
ഊളിക്കര പൊഴേം കടന്ന്‌ കാട്ടീ പോണംന്ന്‌"

രാമന്‍ ഇപ്പോള്‍ ആറുമുഖന്‍റെ ശരീരത്തിലാണ്‌.

"കഞ്ഞി വീത്താന്‍ വരട്ടെടാ പൊണ്ടാട്ടി നാന്‌
കയ്യാള്‌ കിട്ടാക്കാടാണ്‌ കൂട്ടു വേണ്ടേടാ.. "

ചണ്ടി വേലന്‍ തന്‍റെ ലുങ്കി തോളിലൂടെയിട്ട്‌ സീതയായി മാറി.

"കപ്പ പുഴ്‌ക്കും കാന്താരീം കൂട്ടി കഞ്ഞി കുടിച്ചിട്ട്‌
കൊട്ടാരത്തീ കെടന്നൊറങ്ങടി രാസാത്തീ നീയ്‌"

രാമന്‍ സീതയെ പിന്തിരിപ്പിക്കുകയാണ്‌.

"നീയില്ലാണ്ട്‌ എനിക്കെന്ത്‌ ചീവിതമാണ്ടാ
ഒണ്ടെങ്കീത്തന്നെ നാരില്ലാത്ത കോണകം പോലാണ്ടാ.. "

ചിരിയലകള്‍ക്കൊപ്പം പാണ്ടി പന്തലില്‍ കയറി നൃത്തം തുടങ്ങി.

"പുകാടീ പുകാടീ ഞമ്മളു രണ്ടാളും
പുകാടീ കാട്ടിലിക്ക്‌ ഞമ്മളു രണ്ടാളും. "

പാതി രാത്രി കഴിഞ്ഞു. കളി കഴിഞ്ഞു. കളിക്കാര്‍ കളിപ്പണത്തെ കള്ളുപ്പണമാക്കാന്‍ നടന്നകന്നു. കാണികള്‍ തങ്ങളുടെ ചാളകളിലേക്കും.

തന്‍റെ വീട്‌ കൊടിച്ചിക്ക്‌ തീറെഴുതിയ പാണ്ടി മൊട്ടക്കുന്നിന്‍റെ ഇങ്ങേവശത്തെ പാറക്കെട്ടില്‍ തന്‍റെ കീറച്ചാക്ക്‌ വിരിച്ചു. കിടക്കേണ്ട താമസംപാണ്ടി ഉറങ്ങി. അത്രക്ക്‌ അവശനായിരുന്നു പാണ്ടി. മുമ്പ്‌ മണിക്കൂറുകള്‍ചാടിത്തിമിര്‍ത്താലും അവശനാവാറില്ലായിരുന്നു പാണ്ടി. കഴിഞ്ഞ കൊല്ലംവേനല്‍ക്കാലത്താണ്‌ അവശത പാണ്ടിയെ പിടികൂടിയത്‌.

ഊളിക്കരക്കാവില്‍ കുമ്മാട്ടി. നെറ്റിപ്പട്ടവും മുത്തുക്കുടയുമായി ഗജവീരന്‍മാര്‍ നിരന്നു. പഞ്ചവാദ്യം പൊടിപൊടിക്കുകയാണ്‌. കൈതക്കാട്ടില്‍ തൂറ്റല്‍ പിടിച്ചു കിടക്കുന്ന പാണ്ടിക്കു തലയൊന്നു പൊക്കാന്‍ പോലും വയ്യ.

അല്‍പ്പം കഴിഞ്ഞപ്പോള്‍ കരിവേല തുടങ്ങി. ഉള്ളിയും മുളകും കാതിലിട്ട, കരിദൈവങ്ങള്‍ക്കായി ചെണ്ടയും കുഴലും ഇലത്താളവും പറവാദ്യം തുടങ്ങി. കൈതക്കാട്ടില്‍ പാണ്ടിയുടെ തല പൊങ്ങി.

"ആരിന്‍റെ ആരിന്‍റെ ചങ്കര നായാടി
ഊളിക്കര പഗവതീന്‍റെ ചങ്കര നായാടി.... "

നൃത്തം ചവിട്ടാന്‍ ചങ്കരനേക്കാള്‍ ആവേശം പാണ്ടിക്കായിരുന്നു. അവസാനത്തെ അമിട്ടും ആകാശത്ത്‌ പൊട്ടിവിരിയുന്നതു വരെ ചാടിത്തിമിര്‍ത്തു പാണ്ടി.

വേലപ്പറമ്പില്‍ പാണ്ടി ചത്തുകിടക്കുന്ന വാര്‍ത്തയുമായാണ്‌ അടുത്ത പ്രഭാതം ഊളിക്കരയിലെത്തിയത്‌. ചില്ലറ വൈദ്യം കൈവശമുണ്ടായിരുന്ന മമ്മതിന്‍റെ കൈപുണ്യം കൊണ്ടു മാത്രമാണ്‌ പാണ്ടി വീണ്ടും എഴുന്നേറ്റത്‌. ആരോഗ്യം ഏറെ കൈയൊഴിഞ്ഞെങ്കിലും. അതിനുശേഷം ക്ഷീണം പാണ്ടിയെ വിട്ടൊഴിഞ്ഞിട്ടേയില്ല.

ശുക്ര നക്ഷത്രം ചിരിച്ചപ്പോള്‍ പാറക്കെട്ടില്‍ നിന്നു തെല്ലു മാറി മാരിയമ്മന്‍ കോവിലിനു മുമ്പില്‍ വിസ്താരത്തില്‍ വെട്ടിയ കനല്‍പ്പാടത്തെ കരിക്കട്ടകള്‍ ചുവന്നു തുടങ്ങി. തുടുതുടുത്ത കനല്‍ക്കട്ടകള്‍ക്കിടയിലൂടെ അഗ്നി ആര്‍ത്തിയുടെ നാവു നീട്ടി.

വെട്ടുവഴിയില്‍ പന്തങ്ങള്‍ തെളിഞ്ഞു. ഉടുക്കുകളുടേയും കോല്‍വിളക്കുകളുടേയും അകമ്പടിയോടെ കുംഭക്കളിക്കാര്‍ തലയില്‍ ഏഴും ഒമ്പതും കുടങ്ങള്‍ വെച്ച്‌ ആടിപ്പാടി വന്നു. കുടങ്ങളില്‍ നിന്നും തുളുമ്പിത്തെറിക്കുന്ന കുരുതി വെള്ളം അവരുടെ ചേലകള്‍ക്ക്‌ നിറം പകര്‍ന്നു. നഗ്ന പാദരായി അവര്‍ കനല്‍പ്പാടം കടന്ന്‌ കാവു തീണ്ടി. ചിലര്‍ കനല്‍പ്പാടത്തുകൂടെ ഓടി. ചിലര്‍ ധൃതിയില്‍ നടന്നു. ഇനിയും ചിലര്‍ പൂക്കളിലെന്നപോലെ നൃത്തം വെച്ചു നീങ്ങി.

ഉടുക്കുമേളം കേട്ടുണര്‍ന്ന പാണ്ടിയുടെ കാലുകള്‍ ചടുലങ്ങളായി. കീറച്ചാക്കില്‍ നിന്നും ചളിക്കട്ടകള്‍ ഇളകിത്തെറിച്ചു.

കനല്‍പ്പാടത്തിനപ്പുറത്ത്‌, പുകപടലങ്ങള്‍ക്കപ്പുറത്ത്‌, കളിക്കാരെല്ലാം കാവു തീണ്ടിക്കഴിഞ്ഞതിന്‍റെ ആവേശത്തില്‍ ഉച്ചത്തില്‍ പാടിയാടുകയാണ്‌.

ഉങ്ങില്‍ കൊമ്പിലിരുന്ന മൂങ്ങ ഭയപ്പാടോടെ നീട്ടിമൂളി. തന്‍റെ കിടക്കയില്‍ ആരംഭിച്ച പാണ്ടിയുടെ നൃത്തം, പാറക്കല്ലുകള്‍ കടന്ന്‌, കാരപ്പൊന്തകള്‍ കടന്ന്‌, കനല്‍പ്പാടത്തെത്തുകയാണ്‌.

"മഞ്ഞള്‍ ചേല ചുറ്റി,
വേപ്പിന്‍ കുരുതി ചൂടി,
ആട്‌...ആട്‌... മാരിയമ്മന്‍ തായേ... "

പാണ്ടിയുടെ പാട്ട്‌ നേരിയ ഞരക്കങ്ങളായി കനല്‍പ്പാടത്തൊടുങ്ങി. പിന്നെ ചാരവും പുകയുമൊത്ത്‌ ആകാശത്തേക്കു പടര്‍ന്നു കയറി കാര്‍മേഘങ്ങളില്‍ വിലയിച്ചു.

പിന്നെ മഴത്തുള്ളികളോടൊപ്പം വന്ന്‌ ചങ്കരന്‍റേയും ആറുമുഖന്‍റേയുമൊക്കെ തലയില്‍ മുത്തമിട്ടു. കരിമ്പനകളിലിരുന്ന്‌ കുടുക്കയിലെ കള്ള്‌ മോന്തുന്ന കാക്കകള്‍, പ്ളാച്ചിപ്പൊത്തിലെ കാലന്‍ കോഴികള്‍, മൂങ്ങകള്‍... തവളകള്‍.... എല്ലാം ആ മഴയുടെ താളത്തില്‍ മതി മറന്നാഹ്ളാദിച്ചു.

`എന്തൊക്കെണ്ടായ്ട്ടെന്താ കാര്യം ശകുന്തളേ' കഥ വായിക്കാന്‍ ഇതിലൂടെ