Saturday, May 30, 2009

സെഡക്ഷന്‍

സന്ധ്യയുടെ ഉടലാണവള്‍ക്ക്‌. അസ്തമയത്തിന്‍റെ മുഖവും. കാറ്റിലേക്കഴിച്ചിട്ട മേഘങ്ങളുടെ മണം. ഒളി മിന്നുന്ന നോട്ടവും കനലടുപ്പിന്‍റെ ചുണ്ടുകളും.

അന്തിക്കള്ളിന്‍റെ പ്രസരിപ്പുള്ള കിഴക്കന്‍ മഴ പോലെയാണവള്‍ വന്നെത്താറ്‌. നനഞ്ഞ മണ്ണിന്‍റെ കാലു തുടയ്ക്കാന്‍ പോലും നില്‍ക്കാതെ നേരെ കിടപ്പുമുറിയിലേക്ക്‌. അതോടെ രാത്രിയുടെ ശരീരത്തിനു തീ പിടിക്കും. കടല്‍ വെള്ളം തുള്ളിത്തുടിച്ചുയരും. പെയ്തിറങ്ങുന്നതു വരെ. പിന്നെ രാത്രിമഴയുടെ മരണം പോലെ നിശ്ചലമാകുന്ന മയക്കം. അതിലേക്കു കണ്‍തുറക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍...

ആ ക്യാന്‍വാസിലേക്കു നോക്കി അങ്ങിനെ കിടക്കുമ്പോള്‍ ശരത്‌ കൃഷ്ണന്‍റെ മനസിലേക്കു കാട്ടുമുല്ലകളുടെ നനഞ്ഞ മണം പടര്‍ന്നു കയറും. പൊടിമണ്ണിന്‍റെ ലഹരിയും. പക്ഷേ, ആ ശബ്ദം....
"കൃഷ്ണാ, നീ മിറ്റത്തൂന്ന്‌ കേറി വരുണുണ്ടോ ഇങ്കട്‌? പുതു മഴയാ. പാമ്പുകള്‌ പെഞ്ഞലാടാന്‍ പുറത്തിറങ്ങണ സമയം." കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പുതുമഴയായി മനസിലെത്തിയ വാക്കുകള്‍. ഓരോ തുള്ളിയിലും സ്നേഹാമൃത്‌ നിറഞ്ഞ പുതുമഴ.

വിജൃംഭിതമായ മേഘങ്ങള്‍ വന്യമായി പൊട്ടിച്ചിതറുന്നതിന്‍റെ മുഴക്കവും വെളിച്ചത്തിന്‍റെ പൂര്‍ണ്ണനഗ്ന പ്രദര്‍ശനവും. വെളിച്ചമൊളിച്ചപ്പോഴേക്കും ബള്‍ബുകളും ഇരുട്ട്‌ വിഴുങ്ങിയിരുന്നു. മെഴുകു തിരിയുടെ തലയിലൊരു പൊന്‍മൊട്ടു വെച്ച്‌ കുത്തി നിര്‍ത്തി. തുള്ളിപൊട്ടുന്ന ലാവയില്‍ വേരുറയ്ക്കുന്ന പൂമൊട്ട്‌. അതിന്‍റെ ചുംബനത്താല്‍ ഒളിവെട്ടുന്ന ക്യാന്‍വാസിലെ നിഗൂഢ മന്ദസ്മിതങ്ങള്‍. ജനല്‍പ്പാളികളില്‍ കാറ്റിന്‍റെ താളാത്മകമായ ഹൃദയമിടിപ്പ്‌. മുട്ടപ്പെടുന്ന വാതിനിലുള്ളിലെ ഔത്സുക്യം.

പതുക്കെ വാതില്‍ പാളി തുറന്നപ്പോള്‍ നീലിമയുടെ ആഴക്കണ്ണ്‌ യാചിച്ചു, "അകത്തേക്കു വന്നോട്ടെ". മൌനസമ്മതത്തിലേക്കാര്‍ത്തലച്ചു തള്ളിക്കയറി, കുളിര്‍മഴ പോലെ. കാട്ടുമുല്ലപ്പൂവിന്‍റെ മണം നിറഞ്ഞ തുള്ളികളെങ്ങും തുടിച്ചു തുള്ളി. മഴയുടെ മണം. കാട്ടുമുല്ലയുടെ സ്പര്‍ശം. അണയ്ക്കാനാവാത്ത മനസിന്‍റെ ഉന്‍മത്തത. ഒതുങ്ങിക്കുടുന്നതിനുമുന്‍പ്‌ തുള്ളിത്തിമിര്‍ക്കാന്‍ വെമ്പുന്ന ഉടലാഴക്കടലിലെ പേരാച്ചി മഴ.

മറ്റൊരു ഇടി. മിന്നല്‍. മേഘങ്ങളില്‍ മൂര്‍ത്തമായിരുന്ന മഴയാകെ പുഴയായൊഴിഞ്ഞു. നെടുവീര്‍പ്പിന്‍റെ തുണ്ടുകാറ്റുകള്‍ ക്യാന്‍വാസിന്‍റെ ഇരുളിലുറങ്ങി. ശരത്കൃഷ്ണന്‍ മഴയൊഴിഞ്ഞ മുറ്റത്തിന്‍റെ മടിയിലും.