മൂര്‍ച്ച തിളങ്ങുന്ന ചാട്ടുളിയുടെ മിനുസമുള്ള വശങ്ങളില്‍ പതുക്കെ വിരലുരസുമ്പോള്‍ പൊരിച്ച മീന്‍ ചവയ്ക്കുന്നതിനേക്കാള്‍ രസം. പക്ഷേ വളരെ ശ്രദ്ധിച്ചേ മൂര്‍ച്ചയില്‍ വിരലുരസാവൂ. വിരലൊന്നു ചരിഞ്ഞാല്‍, വളഞ്ഞു കൂര്‍ത്ത അഗ്രങ്ങളില്‍ മുട്ടിയാല്‍, ചോര ചീറ്റും. ഉറപ്പ്.
ഇളവെയിലിലേക്കു ചരിച്ചു പിടിച്ചപ്പോള്‍ താഴെ തെളിവെള്ളത്തില്‍ വെളിച്ച തുണ്ടുകള്‍ വീണു ചിതറി. അതില്‍ പരല്‍മീനുകളുടെ കണ്ണും ചെകിളകളും പൂത്തു തിളങ്ങി.
ആര്‍ക്കു വേണം ഈ പൊടി പരലുകള്‍? വല്ല മൊയ്യോ തിരണ്ടിയോ പൊട്ടക്കുളത്തിന്‍റെ ആഴങ്ങളില്‍ നിന്നും വശങ്ങളിലെ തെളിവെള്ളത്തിലേക്കു കയറി വരാതിരിക്കില്ല. വലിപ്പത്തിനാണല്ലോ പ്രാധാന്യം.
ചാട്ടുളി ശ്രദ്ധയോടെ കുഴലിലേക്കു കയറ്റി. പച്ചമാംസത്തില്‍ അലിഞ്ഞിറങ്ങാന്‍ അതിന്‍റെ അഗ്രങ്ങള്‍ വല്ലാതെ വെമ്പുന്നുണ്ട്. തറച്ച് ഇറങ്ങിയാലും പോരാ. പിടയുന്ന ഇരയുടെ ചോര നുണയണം. അപ്പോള്‍ ഇര പിടഞ്ഞകലാന്‍ ശ്രമിക്കും. വിടാതെ കോര്‍ത്തു പിടിക്കണം. അതിനു വേണ്ടിയാണ് അഗ്രങ്ങള്‍ വളച്ച് ഒരു അമ്പിന്‍റെ തല പോലെ രുപപ്പെടുത്തിയിരിക്കുന്നത്. തറച്ചു കയറുന്നത് ഒരു കൂര്‍പ്പിലാണെങ്കില്‍ ഊരാതെ നോക്കുന്നത് ഇരു കൂര്‍പ്പുകളാണ്. ഒരു തരത്തിലും ഇരയെ രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ. ഓരോ ഇരയുടേയും പ്രാണ നൃത്തങ്ങളുടെ താളക്രമങ്ങള്‍ തീര്‍ത്തും വേറിട്ടതാണ്. അതു നഷ്ടപ്പെടുത്തിക്കൂടാ.
അതാ, മുള്ളന്‍ മീശ ഇളക്കിക്കൊണ്ട് ഒരു തടിയന്‍ ചളിയുടെ വരകള്‍ തീര്‍ത്തുകൊണ്ട് വശങ്ങളിലേക്കു വരണോ വേണ്ടയോ എന്നു സംശയിച്ചുകൊണ്ട് നില്‍ക്കുന്നുണ്ട്. അതിന്‍റെ വാലിട്ടടിയില്‍ തെളിമയകന്ന വെള്ളത്തില്‍ ഇപ്പോള്‍ പരലുകള്‍ പലതും മറഞ്ഞിരിക്കുന്നു. പതുക്കെ പതുക്കെ അതു ആ വശത്തെ ശാന്തമായ തെളിവെള്ളത്തിലെത്തി.
അപകടങ്ങള്‍ കൂടുതലായും ഒളിച്ചിരിക്കുന്നത് അത്തരം സ്ഥലങ്ങളിലാണെന്നു മനുഷ്യനു പോലും അറിഞ്ഞുകൂടാ. അപ്പോള്‍ മീനുകളുടെ കാര്യം പറയാനുണ്ടോ? ശബ്ദിക്കാനും കരയാനും കഴിയാത്ത പാവം മീനുകള്‍. ഒരു പക്ഷേ അവയ്ക്കറിയുമായിരിക്കും, കരഞ്ഞാലും കണ്ണീരൊഴുക്കിയാലും അത് ജലരേഖകളാകുമെന്ന്. എണ്ണം കൂടുന്നിടത്തേക്കും വണ്ണം കുറയുന്നിടത്തേക്കും നിയമം പോലും കണ്ണടയ്ക്കുമെന്നും.
പക്ഷേ ഇപ്പോള്‍ കണ്ണടയ്ക്കാന്‍ വയ്യ. പറ്റാവുന്നത്ര തുറന്നു പിടിച്ചിരിക്കുകയാണ്. കണ്ണുകള്‍ കാണുന്നിടത്തല്ല മീനെന്നു മനസിനറിയാം. വായുവില്‍ നിന്നും വെള്ളത്തിലെത്തുന്ന രശ്മികള്‍ക്കു അല്‍പ്പം ദിശാ പരിവര്‍ത്തനം വരുമെന്നു ശാസ്ത്രം പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് മീന്‍ കുടുതല്‍ ജലോപരിതലത്തിലേക്കു വരുന്നതുവരെ കാത്തിരിക്കുക തന്നെ.
ചൂണ്ടയാണെങ്കില്‍ ഈ പ്രശ്നമില്ല. ഇര കുടുക്കി കൊളുത്ത് താഴേക്കിട്ടാല്‍ മതി. മീന്‍ അതു കണ്ടുപിടിച്ച് തൊണ്ടയിലിട്ടോളം. പിന്നെ മയത്തിലൊന്നു വലിച്ചാല്‍ മതി. തൊണ്ടയില്‍ വേദനയുടെ കൂര്‍ത്ത നഖങ്ങളുള്ള കൈ കൊണ്ടു കുത്തിപ്പിടിച്ചാലെന്ന പോലെ മീന്‍ നാരില്‍ തൂങ്ങിക്കിടന്നു മരണ നൃത്തമാടും. പിന്നെ നിത്യമായ നിദ്രയില്‍ ചലനമറ്റു കിടക്കും. കൈകെട്ടി നിന്ന് മുഖം കാണിച്ചുത്തരുന്നവന്‍റെ കവിളത്തടിക്കുന്ന ആ പണി പരമ ബോറാണ്. മീനിനു വേണ്ടി മീന്‍ പിടിക്കുന്നവര്‍ക്കുള്ളതാണ് ചൂണ്ട. മീന്‍ പിടിക്കാനായി മീന്‍ പിടിക്കുന്നവര്‍ക്കുള്ളതല്ല.
തോക്കാണെങ്കിലും സ്ഥിതി വിഭിന്നമല്ല. ലക്ഷ്യം പിടിക്കുന്ന ഒരു രസമുണ്ട്. പക്ഷേ തോക്കിന്‍റെ ശക്തിയാണ് മീനിലേക്കു കയറുക. അതില്‍ അത് ചിതറിപ്പോകും. അല്ലെങ്കില്‍ത്തന്നെ ഒന്നു പിടയ്ക്കുക പോലും ചെയ്യാതെ മലച്ചു പൊങ്ങും.
ചാട്ടുളിയില്‍ ലക്ഷ്യം കാണുന്നതിന്‍റെ രസമുണ്ട്. തന്‍റെ ശക്തിയാണ് ചാട്ടുളിയുടെ ശക്തി. വേണ്ട പോലെ കൂട്ടാം. കുറയ്ക്കാം. മീനിലേക്കുള്ള ദൂരത്തിനനുസരിച്ച്. ചാട്ടുളിയില്‍ കോര്‍ത്തു കിടക്കുന്ന മീന്‍ നാര് അനുവദിക്കുന്ന ദൂരപരിധിയില്‍ കിടന്നു വെട്ടിപ്പിടയും. തെന്നിപ്പുളയും. അല്‍പ്പമൊന്നുയര്‍ത്തിയാല്‍ ആ പ്രാണപ്പിടച്ചില്‍ കണ്ട് വെള്ളം പോലും ഇളകിച്ചിരിക്കും. പിന്നെ ബക്കറ്റിലെ വെള്ളം ചുവപ്പിച്ചു കൊണ്ട് ഓടിനടക്കുന്ന മീന്‍ ഏതെങ്കിലും വീട്ടമ്മയുടെ കറിക്കത്തിയുടെ മൂര്‍ച്ചയിലോ അലക്കു കല്ലിന്‍റെ കാഠിന്യത്തിലോ ചെന്നേ നിശ്ചലമാകാറുള്ളു. പിന്നീട് ചട്ടിയില്‍ വേവുന്നതും എണ്ണയില്‍ പൊരിയുന്നതും അതു അറിയുകയുമില്ല.
മീന്‍ തീരത്തോടടുത്തിരിക്കുന്നു. ചിരട്ടയില്‍ ശേഖരിച്ച മണ്ണിരയുടെ പാതി നുള്ളി വെള്ളത്തിലിട്ടു. വെള്ളത്തിനടിയിലെ മണ്ണിരപ്പാതിയുടെ നൃത്തത്തിലേക്കു ചാട്ടുളി കൂര്‍ത്ത നോട്ടമുറപ്പിച്ചു. ശ്വാസം ആവതും വലിച്ചു നിന്നു.
മീന്‍ മണ്ണിരയിലേക്കു ഞൊടിയിടയില്‍ ഇരച്ചെത്തും. ഇര വിഴുങ്ങിയ ശേഷമുള്ള ഒരു നിമിഷത്തെ നിശ്ചലത. അപ്പോഴാണ് ചാട്ടുളി ചീറി വീഴുക. മണ്ണിര നൃത്തം നിര്‍ത്തിയേടത്തു നിന്നും മീന്‍ തുടങ്ങും. പ്രകൃതിയുടെ ഈ സിദ്ധാന്തം ശരിയെങ്കില്‍ ഇനി തനിക്കുമൊരു ഊഴമുണ്ടാകുമോ? ആ.. അതൊന്നും ചിന്തിക്കാനുള്ള നേരമല്ല ഇത്. മീന്‍ അതാ ബാണം പോലെ വരുന്നു. ഒന്നല്ല രണ്ടെണ്ണം.
ഏതിനെ ലക്ഷ്യം വെക്കണം?
ഇത്തരം പ്രതിസന്ധി ആദ്യമായിട്ടല്ല. ആദ്യത്തേത് ഇപ്പോഴും ഓര്‍മ്മയുണ്ട്. സ്ക്കൂളിലേക്കു പോകുന്നതിനു മുന്‍പ് ഒരു കോഴിയെ കൊന്ന് അടുക്കളപ്പുറത്തിടുന്നതായിരുന്നു അമ്മച്ചി ഏല്‍പ്പിച്ച ജോലി. രണ്ടു കോഴികളാണ് കൂട്ടില്‍. ഒന്നു ഇന്നത്തെ വിരുന്നുകാരെ സുഖിപ്പിക്കാനുള്ളത്. മറ്റേത് ചേച്ചിയെ കാണാന്‍ അടുത്ത ആഴ്ച്ച വരുന്നവര്‍ക്കുള്ളത്. വെള്ളപ്പൂവന്‍ കൂടിന്‍റെ ഇങ്ങേ തലയ്ക്കലും ചാര നിറമുള്ളത് അങ്ങേ കോണിലും. രണ്ടും ദൈവത്തോടെന്ന പോലെ തന്നോടു തൊണ്ട ഇളക്കി പ്രാര്‍ത്ഥിക്കുന്നുണ്ട്. 'ഞാന്‍ ഒരാഴ്ച്ച കൂടി ജീവിച്ചോട്ടെ'.
ഇവിടെ പ്രാര്‍ഥനയൊന്നുമില്ല. വലിപ്പമാണ് കണ്ണുകളെ ആകര്‍ഷിക്കുന്നത്. വലിയ മീനൊന്നു വെട്ടി വളഞ്ഞു. മണ്ണിരയുടെ നൃത്തം വായും കടന്ന് വയറ്റിലെത്തിയിരിക്കുന്നു. ആ നൃത്തം മീനിന്‍റെ വയറ്റില്‍ച്ചെന്നു കാണാന്‍ ചാട്ടുളിക്കു ധൃതിയേറി. നെഞ്ചിന്‍ കൂടിലെ കൊടുങ്കാറ്റിന്‍റെ ശക്തി ചാട്ടുളിയിലേക്കു കയറി. ഒരു 'ഗ്ളും' ശബ്ദത്തോടെ അതു വെള്ളത്തിലേക്കു ഊളിയിട്ടിറങ്ങി. നാര് ഒന്നു വിറച്ചു. പിന്നെ ശാന്തമായി. കലക്ക വെള്ളത്തില്‍ അനക്കമറ്റു കിടക്കുന്ന നാര് പറയുന്നുണ്ട്, ചാട്ടുളിയുടെ ലക്ഷ്യം പാളിയ കഥ.
വഴുതി മാറുന്ന ഇരകള്‍ എന്നും വേട്ടയുടെ രസം വര്‍ദ്ധിപ്പിക്കാറെ ഉള്ളു എന്ന് ആര്‍ക്കാണറിയാത്തത്?
പക്ഷേ ഇനി ഏറെ കാത്തിരിക്കേണ്ടി വരും. അപകടത്തിന്‍റെ അടയാളങ്ങള്‍ മായണം. കലക്ക വെള്ളം തെളിയണം. അതു വരെ ഇളവെയിലുകൊണ്ട് ആ പാറപ്പുറത്ത് ഇരിക്കാം. കൂടെ ആഴ്ച്ചപ്പതിപ്പിന്‍റെ വാര്‍ഷീക പതിപ്പിനു വേണ്ടി കൊടുക്കാനെന്നേറ്റ ആ ലേഖനം പുര്‍ത്തിയാക്കുകയും ചെയ്യാം.
ലെതര്‍ ബാഗ് തുറന്ന് ഡയറി എടുത്തു. കൂര്‍ത്ത കൊളുത്തുകള്‍ക്കിടയില്‍ നിന്നും കറുത്ത പേനയും.
"കാട്ടിലെ ശാന്തതയിലും കുളിര്‍മ്മയിലും സ്വച്ഛന്ദം വിഹരിക്കുന്ന കാട്ടാനകള്‍ നാട്ടിലിറങ്ങിയാല്‍ ബഹളമുണ്ടാക്കിയും തീ കത്തിച്ചും ഭയപ്പെടുത്തിയാണ് അവയെ കാട്ടിലേക്കു തന്നെ തിരിച്ചോടിക്കാറുള്ളത്. ഇന്ന് ആനകളെ പൊള്ളുന്ന വേലപ്പറമ്പുകളില്‍ വാദ്യമേളങ്ങള്‍ക്കും തീവെട്ടികള്‍ക്കും പടക്കങ്ങള്‍ക്കും ഇടയില്‍ മണിക്കൂറുകള്‍ നിര്‍ത്തുന്നത് ആനകളോടുള്ള കൊടും ക്രൂരത തന്നെയാണ്. വിശേഷ ബുദ്ധിയുണ്ടെന്നു കരുതുന്ന മനുഷ്യര്‍ ഇത്ര ക്രൂരന്‍മാരായിക്കൂടാ. "
എഴുത്തു നിര്‍ത്തി കുളത്തിലേക്ക് ഒന്നു നോക്കി. പിന്നെ പേന പാറപ്പുറത്തിട്ടു ചാടിയിറങ്ങി. ചാട്ടുളി എടുത്ത് തെളിഞ്ഞ വെള്ളത്തില്‍ വീണ്ടും എത്തിയ മീനിനെ ലക്ഷ്യം വെച്ചു.
Friday, December 26, 2008
Wednesday, December 17, 2008
ചെരിപ്പ് (കഥ)
നടന്നു തീര്‍ന്ന ദൂരം സമ്മാനിച്ച ക്ഷീണം കാലുകളില്‍ കനക്കുന്നു. എന്നു വെച്ച് നില്‍ക്കാന്‍ കഴിയില്ല. നടക്കാനുണ്ട് നടന്നതിലുമേറെ. കൂസാതെ നടക്കുക തന്നെ. കാലുകളുടെ ധര്‍മ്മം നടക്കലാണല്ലോ. ആ ധര്‍മ്മം നിറവേറ്റാന്‍ നടന്നുകൊണ്ടേയിരിക്കണം.
എത്രദൂരം? എങ്ങോട്ട്? എവിടെ വരെ? എന്തിന് ? ആാാ.. അതൊന്നും തിരക്കാന്‍ കാലുകള്‍ക്കു അവകാശമില്ല. ചുമ്മാ നടക്കുക. മുന്നോട്ടു മുന്നോട്ടു നടന്നു കൊണ്ടേയിരിക്കുക.
മുന്നില്‍ കാണുന്ന വഴികളില്‍ ഒന്നു തിരഞ്ഞെടുക്കാന്‍ പോലും അവകാശമില്ല. പറയുന്ന വഴികളിലൂടെ തുറുക്കനെ നടക്കുക. പലപ്പോഴും നടക്കാന്‍ വേണ്ടി നടക്കുകയാവും. ഓടിയും നടന്നും അണച്ചണച്ച് തുടങ്ങിയേടത്തുതന്നെ എത്തുമ്പോള്‍ അരിശം തോന്നും. ശരീരം നന്നാക്കാനുള്ള കോപ്രാട്ടിയാണത്രെ. 'ആനപ്പിണ്ടം കണ്ട് അണ്ണാന്‍ മുക്കിയാല്‍' എന്ന ആ പഴയ ചൊല്ലാണ് ഓര്‍മ്മയിലെത്താറ്. മൂക്കു മുട്ടെ തിന്നും കുടിച്ചും മേദസ്സു കൂടുന്നവര്‍ വിശപ്പുണ്ടാവാന്‍ വേണ്ടി രാവിലെ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ ഈ പട്ടിണി ദേഹത്തെ നന്നാക്കാന്‍ വേണ്ടി ചെയ്യുന്നതിന്‍റെ ഔചിത്യം? യുക്തി? പ്രത്യേകിച്ച് കെട്ടിയവളും കുട്ടികളുമൊക്കെയായി കുടുംബം വളര്‍ന്നതോടെ കൃശഗാത്രത്തിലെ വയറിന്‍റെ വളര്‍ച്ച ഉള്ളിലോട്ടു മാത്രമാണ്.
ഉച്ചക്കഞ്ഞിയില്‍ അല്‍പ്പം മിച്ചം വരുന്ന ദിവസങ്ങളില്‍ മാത്രം രാത്രി കൂര്‍ക്കം വലി കേള്‍ക്കാം. അല്ലാത്ത രാത്രികളില്‍ അടുപ്പിലിട്ട് വേവിക്കുന്ന ഗ്യാസിന്‍റെ ശേഖരം പാത്തും പതുങ്ങിയും അലറിയും പായുന്ന ബഹളമാവും പുലരുവോളം. എന്നാലും രാവിലെ എഴുന്നേറ്റാല്‍ കാലുകളോടു കല്‍പ്പിക്കും, ഓടാന്‍. മൊട്ടപ്പറമ്പില്‍ നാലുവട്ടം. കടിത്തൂവ തട്ടി പുകഞ്ഞാലും നില്‍ക്കാനോ ഇരിക്കാനോ സമ്മതമില്ല. എന്തിനു, ഒന്നു ചൊറിയാന്‍ കൈകളെപ്പോലും കിട്ടില്ല. ഓട്ടം തന്നെ ഓട്ടം. നിന്നാല്‍ വ്യായാമത്തിന്‍റെ ഫലം കിട്ടാതെ പോയാലോ. അതാണു പേടിയെന്നറിയാം.
എന്നാല്‍ ഓടുന്ന നേരത്തെങ്കിലും ഈ പരട്ട ലുങ്കിക്കു പകരം ഒരു പാന്‍റ്. ഒരു ഷൂസ്. ങൂ ഹും...
എങ്കിലും സമാധാനിക്കാന്‍ ശ്രമിക്കും. കാലുകളുടെ ധര്‍മ്മം ഓടലും നടക്കലുമല്ലേ. ഫലം ഇച്ഛിക്കരുതെന്നല്ലേ ഗീതോപദേശത്തില്‍പ്പോലും. നടക്കുക തന്നെ.
പക്ഷേ ഇത് എവിടേക്കാണ് ഈ വഴിക്ക്? ചാലുപോലെ വളഞ്ഞു നീളുന്ന വഴിയുടെ പല കക്ഷണങ്ങളും വശങ്ങളിലെ മാലിന്യ കൂമ്പാരങ്ങള്‍ വിഴുങ്ങിയിരിക്കുന്നു. കല്ലും മുള്ളും കുപ്പിച്ചില്ലും ഇഴജന്തുക്കളും ഒക്കെ പതുങ്ങിയിരിക്കുന്ന വൃത്തികെട്ട ഏതോ കുറുക്കു വഴി.
ഇനി ഇതിലൂടെ നടക്കേണ്ട കാലുകളുടെ അവസ്ഥയോ? ചളി തിന്നു കൊഴുത്ത നഖങ്ങള്‍. വിരലുകള്‍ക്കിടയില്‍ ചളിപ്പുണ്ണിന്‍റെ വൃണങ്ങള്‍. കട്ട വിണ്ടു കീറിയ ഉപ്പൂറ്റിയിലെ ചുവന്ന നീറ്റല്‍ വരകള്‍. ആരു ശ്രദ്ധിക്കുന്നു? അല്ല, എന്തിനു ശ്രദ്ധിക്കണം? നടക്കലിനു ഭംഗം വന്നിട്ടില്ലല്ലോ.
ചളിയില്‍ പതുങ്ങിയിരുന്ന ഒരു കുപ്പിച്ചീളു ഉള്ളം കാലിലേക്കു വേദനയുടെ കത്തി കേറ്റി. ഒന്നു വെട്ടി പുളഞ്ഞ ദേഹം തളര്‍ന്ന കാലുകളില്‍ കുന്തിച്ചിരുന്നു. പറിച്ചെടുക്കുമ്പോഴേക്കും ചളിയുടെ ചീള് ചുവന്നിരുന്നു. പിന്നീട് ഒറ്റക്കാലില്‍ വലിച്ചു വലിച്ചു നടന്നു.
മരുന്നും ബാന്‍ഡേജും ഇഞ്ചക്ഷനും. പണം എണ്ണി കൊടുക്കുമ്പോള്‍ പറയുന്നതു കേട്ടു. "കാലിന്‍റെ ക്ഷേമത്തിനായി എന്തു ചെയ്യാനും മടിയില്ല". കേട്ടപ്പോള്‍ ചിരിയാണു വന്നത്. ഒന്നു നടന്നു കിട്ടാന്‍ വേണ്ടി മനസില്ലാമനസോടെ ചെയ്തതാണെന്നു ആര്‍ക്കാ അറിഞ്ഞുകൂടാത്തത്?
അടുത്ത ദിവസം ചെരിപ്പു കടയിലേക്കാണു നടക്കുന്നതെന്നറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഭംഗിയുള്ള എത്രയേറെ ചെരിപ്പുകളാണ് ആ കടയില്‍!
"സൌന്ദര്യ മത്സരത്തിനല്ലല്ലോ പോകുന്നത്. നടക്കാനല്ലേ. അപ്പോള്‍ വേണ്ടത് ഭംഗിയല്ല, ബലവും ഉറപ്പുമാണ്." അത്തരത്തില്‍ ഒന്നിന്‍റെ വില കേട്ട് ഞെട്ടിയതിന്‍റെ പ്രകമ്പനത്തില്‍ കാലുകള്‍ പോലും വിറച്ചു.
ഒടുവില്‍ വില കുറഞ്ഞ ഒന്നെടുത്തിട്ട് കടയുടമ പറഞ്ഞു, "നനയ്ക്കാതെ സൂക്ഷിച്ചാല്‍ ഇതും കുറച്ചു കാലം ഓടും".
ഏതെങ്കിലുമാകട്ടെ, ഒരു ജോഡി കിട്ടിയല്ലോ എന്നു സന്തോഷിച്ചു.
വീണ്ടും കുപ്പിച്ചില്ലും ചളിയും നിറഞ്ഞ വഴിയിലേക്കു കയറുമ്പോള്‍ പഴയപോലെ ഭീതി തോന്നിയില്ല. പക്ഷേ അങ്ങോട്ടു കയറിയതും കൈകളിലേക്കു ആജ്ഞയെത്തി. - "ചെരിപ്പൂരി പിടിച്ചോ, നനഞ്ഞാല്‍ കേടു വരും".
തന്നെ രക്ഷിക്കേണ്ടുന്ന ചെരിപ്പുകളെ പോലും ചുമക്കേണ്ടി വന്ന തന്‍റെ ഭാഗ്യക്കേടിനെ പഴിച്ചു കൊണ്ട് നടക്കുമ്പോള്‍ ഒരു കീറക്കടലാസു കാലില്‍ ഒട്ടി. കൈകള്‍ അതു പറിച്ചെടുക്കുമ്പോള്‍ ചളി പടര്‍ന്ന അതിലെ ചില വരികളിലേക്കു കണ്ണുകള്‍ പതിഞ്ഞു. "ഗവണ്‍മെന്‍റ് ഭീകരവാദത്തെ പരാജയപ്പെടുത്താന്‍ ശക്തമായ നടപടികള്‍ തുടങ്ങി. പാര്‍ലിമെണ്ട് മന്ദിരത്തിന്‍റേയും മന്ത്രിമാരുടേയും സുരക്ഷ കൂടുതല്‍ ശക്തമാക്കി. "
Subscribe to:
Posts (Atom)