Thursday, February 5, 2009

ചക്കപ്പായസം

പ്രധാന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടു തന്നെ കഥ തുടങ്ങിക്കളയാം.

ദിനേശപ്പണിക്കര്‍ പള്ളിക്കൂടത്തില്‍ കൂട്ടമണി അടിച്ചതും ഇറങ്ങി നടന്നു. ആല്‍ത്തറയിലും അങ്ങാടിയിലും തങ്ങാതെ നേരെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഭവാനിയമ്മ കുളിക്കാനുള്ള ഒരുക്കത്തിലാണ്‌. പണിക്കരുടെ റിട്ടയര്‍മെന്‍റിനു ഇനി മാസങ്ങളേ ബാക്കിയുള്ളു എങ്കിലും പണിക്കരുടെ വിശപ്പിനു റിട്ടയര്‍മെണ്റ്റിനുള്ള ലാഞ്ചന പോലും കാണുന്നില്ലെന്നു ഭവാനിയമ്മക്കു നന്നായി അറിയാം. അതുകൊണ്ട്‌ കുളിമുറിയിലേക്കു കയറുന്നതിനിടയില്‍ ഭവാനിയമ്മ പറഞ്ഞു "ചക്കപ്പായസം ഉണ്ടാക്കി അടുക്കളയില്‍ വെച്ചിട്ടുണ്ട്‌. എടുത്തു കഴിച്ചോളു. ഞാനൊന്നു മേക്കഴുകി വരാം.

" അനുസരണാ ശീലം ധാരാളം ഉള്ള പണിക്കര്‍ അടുക്കളിയിലേക്കു കയറി. കുളിമുറിയില്‍ നിന്നും നുഴഞ്ഞിറങ്ങുന്ന വാസന സോപ്പിന്‍റെ മണത്തെ അടിച്ചു പറത്തുകയാണ്‌ അടുക്കളയില്‍ നിന്നും കുതിച്ചുയരുന്ന ചക്കപ്പായസത്തിന്‍റെ മണം. പായസം പാത്രത്തോടെ എടുത്തു തീന്‍ മേശയിലേക്കു വെച്ചു. ഗ്ളാസ്‌ നിറച്ചെടുത്തു. പിന്നെ ഒരു സ്പൂണ്‍ വായിലിട്ടു. അറിയാതെ അല്‍പ്പം ഉച്ചത്തില്‍ത്തന്നെ പറഞ്ഞുപോയി "ഹായ്‌, എന്തു സ്വാദ്‌!"

സോപ്പു തേച്ചു കൊണ്ടിരുന്ന ഭവാനിയമ്മ പറഞ്ഞു "എത്ര മെനക്കെട്ടാ ഞാന്‍ അതു ഉണ്ടാക്ക്യേ ന്നറിയാല്ലോ. അതും സൌദാമിനിക്കു കൊണ്ടോവാന്‍ വെച്ച തടിച്ചക്കടെ. നന്നാവ്വാണ്ടിരിക്ക്വോ?"

'ശരിയാ' പണിക്കര്‍ ഓര്‍ത്തു. പ്ളാവിന്‍റെ തടിയിലുണ്ടാവുന്ന ചക്കയ്ക്കാണ്‌ മധുരം കൂടുതല്‍. അതുകൊണ്ടാണ്‌ എല്ലാവര്‍ഷവും വേനല്‍ അവധിക്കു കല്‍ക്കട്ടയില്‍ നിന്നും നാട്ടിലെത്താറുള്ള ഏകമകള്‍ സൌദാമിനിക്കായി അത്തരം ഒരു മുഴുത്ത ചക്ക മാറ്റി വെക്കാറുള്ളത്‌. സൌദാമിനി തിരിച്ചു വണ്ടി കയറുന്നതിനു മുമ്പ്‌ അതു പഴുത്തില്ലെങ്കില്‍ കറിവെച്ചു കൊടുക്കും. അല്ലെങ്കില്‍ ഉപ്പേരി വറുത്തോ, അരച്ച്‌ പപ്പടമുണ്ടാക്കിയോ ബാഗിലിട്ടു കല്‍ക്കട്ടക്ക്‌ കയറ്റിവിടും. പക്ഷേ ഇത്തവണ തടിയിലുണ്ടായതു ഒരേ ഒരു ചക്ക മാത്രം. അതു അവരെ ചതിക്കുകയും ചെയ്തു. സൌദാമിനി അവധിക്കു വരുന്നതിനു ഒരാഴ്ച്ച മുമ്പേ മണം പരത്തി പഴുത്തു. അപ്പോള്‍ ഭവാനിയമ്മ കണ്ട ഉപായമാണ്‌ ചക്ക വരട്ടി വെക്കുക. സൌദാമിനി വരുമ്പോള്‍ പായസം ഉണ്ടാക്കിക്കൊടുക്കാം. ബാക്കിയുണ്ടെങ്കില്‍ പൊതിഞ്ഞു കൊടുത്തയക്കുകയും ചെയ്യാം.

നല്ലപോലെ മുഴുത്തു പഴുത്ത ചക്കയുടെ ചുളകള്‍ അടര്‍ത്തിയെടുത്ത്‌ കുരു മാറ്റി വലിയ ഉരുളിയിലിട്ടു ശര്‍ക്കര ചേര്‍ത്ത്‌ മണിക്കൂറുകളോളം വേവിച്ചു. ഭവാനിയമ്മയുടെ കൈ കഴച്ചപ്പോഴൊക്കെ തവകൊണ്ട്‌ ഇളക്കി ഇളക്കി നാരെടുക്കാന്‍ പണിക്കരും സഹായിച്ചിരുന്നു. അങ്ങിനെ കുറുക്കി കുറുക്കി അധികം ഉറപ്പില്ലാത്ത ഹല്‍വ പോലെ ചക്കവരട്ടി തയ്യാറായി. സൌദാമിനിക്കു വേണ്ടി അതു പാത്രങ്ങളില്‍ നിറച്ചു. പക്ഷേ വലിയ ചക്കയായിരുന്നതു കൊണ്ട്‌ പിന്നേയും കുറേ ബാക്കിയായി.

വെള്ളം വറ്റിത്തുടങ്ങിയ രണ്ടു തേങ്ങകള്‍ ചിരവിയെടുത്ത തേങ്ങാപ്പാലില്‍ അതിനെ കുതിര്‍ത്തി വേവിച്ചു. ഒരു കൊട്ടത്തേങ്ങാ ഇരുനൂറായരിഞ്ഞ്‌ നറു നെയ്യില്‍ നല്ലോണം മൂപ്പിച്ചെടുത്തു. ബാക്കിയായ നെയ്യില്‍ പൊട്ടിച്ച അണ്ടിപ്പരിപ്പും ഉണങ്ങിച്ചുങ്ങിയ മുന്തിരിങ്ങയും മൂപ്പിച്ചു ചുവപ്പിച്ചു. ഇങ്ങിനെയൊക്കെയുണ്ടാക്കിയ ചക്കപ്പായസത്തിനു സ്വാദില്ലെങ്കില്‍ പിന്നെ ഏതു പായസത്തിനാണു സ്വാദുണ്ടാവുക! കരിമ്പിന്‍റേയും തെങ്ങിന്‍റേയും പ്ളാവിന്‍റേയും മധുരരസം നിറഞ്ഞ പായസം. നല്ല മുന്തിരിത്തോപ്പുകളേയും കശുമാവിന്‍ തോപ്പുകളേയും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്‌ ഓരോ സ്പൂണ്‍ പായസവും നാവിലൂടെ ഒഴുകിയിറങ്ങിയത്‌.

പണിക്കര്‍ പാത്രം കാലിയാക്കിയപ്പോഴാണ്‌ ഭവാനിയമ്മ കുളിമുറിയില്‍ നിന്നും വന്നത്‌. പുറത്തിറങ്ങിയ പാടെ അവര്‍ തലയില്‍ കൈ വെച്ചു ചോദിച്ചു. "അതു മുഴുവന്‍ തീര്‍ത്തോ!"

"അപ്പോള്‍ നീ കഴിച്ചിട്ടില്ലായിരുന്നോ?" പണിക്കര്‍ക്കു ഭാര്യയേ ഓര്‍ത്ത്‌ ശരിക്കും സങ്കടം തോന്നി. ഇത്രയേറെ ബുദ്ധിമുട്ടി ഉണ്ടാക്കിയ പായസം ഒന്നു വായില്‍ വെക്കാന്‍ പോലും കിട്ടിയില്ലെന്നു പറഞ്ഞാല്‍ ആര്‍ക്കായാലും സങ്കടം വരില്ലേ? പക്ഷേ ഇനി എന്തു ചെയ്യും?

അതിനിടയില്‍ അടുക്കളയില്‍ എത്തിയ ഭവാനിയമ്മ കരച്ചിലിന്‍റെ വക്കില്‍ നിന്നും അറിയാതെ സ്വയം പറഞ്ഞു. "പായസത്തിന്‍റെ പാത്രം അങ്ങന്ന്യേ ദാ ഇരിക്കൂണൂ. രാത്രീക്ക്‌ ണ്ടാക്കിവെച്ച ഉള്ളി സാമ്പാറാണെങ്കില്‍ മുഴുവന്‍ കുടിച്ചര്‍ക്കണൂ. ദ്‌ എന്തിന്‍റെ അസുഖാ ന്‍റെ ദൈവമേ?"

ഇതാണ്‌ ദിനേശപ്പണിക്കരുടെ രോഗം. പായസമാണെന്നു കരുതി സാമ്പാര്‍ ആരെങ്കിലും കുടിക്കുമോ? അതും അബദ്ധത്തില്‍ ഒരു സ്പൂണല്ല. ഒരു പാത്രം നിറച്ച്‌. അതും പായസം കുടിക്കുന്ന അതേ ആനന്ദത്തോടെ. പായസവും സാമ്പാറും മാത്രമല്ല. പാലും മോരും, പുളിവെള്ളവും കട്ടന്‍ ചായയും, തുടങ്ങി കാര്യം ചമ്മന്തിയിലും പൂച്ചക്കാട്ടത്തിലുമെത്തി നില്‍ക്കുന്നു.

ഭക്ഷണത്തില്‍ മാത്രം പ്രശ്നം ഒതുങ്ങുന്നില്ല. മിനിഞ്ഞാന്ന്‌ രാവിലെ സ്ക്കൂളിലേക്കു പോകാനായി അലക്കിതേച്ച വെള്ള ഷര്‍ട്ടും ഭവാനിയമ്മയുടെ വെള്ള അടിപ്പാവാടയും ധരിച്ച്‌ പടിയിറങ്ങുന്ന പണിക്കരെ തണ്റ്റെ കണ്ണില്‍പ്പെടുത്തിയതിനു ഭവാനിയമ്മ ഇപ്പോഴും ദൈവത്തോടു നന്ദി പറയുന്നു. പാവാട മടക്കി വെക്കുമ്പോള്‍ പുതിയ മുണ്ടു വാങ്ങുന്ന കാര്യം സംസാരിച്ചതാണ്‌ ആ അപകടത്തില്‍ കലാശിച്ചത്‌.

അതുപോലെ സ്ക്കൂളില്‍ കുട്ടികളുടെ ഭാവനാലോകത്ത്‌ പലതരം പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നാണ്‌ ഹെഡ്‌ മാസ്റ്റര്‍ പറഞ്ഞത്‌.

മലയാള ഭാഷാ പണ്ഡിതനും പ്രമുഖ വിമര്‍ശകനുമായ പണിക്കരുടെ ഒരു വിക്രിയ കൂടി പറയുന്നതോടെ ഈ കഥ പൂര്‍ണ്ണമാവുകയാണ്‌. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്‌ ഒരു ആനുകാലികത്തിനു വേണ്ടി വിമര്‍ശന പഠനം തയ്യാറാക്കുമ്പോള്‍ ഒരു പ്രശസ്തന്‍റെ കവിതാ സമാഹാരത്തെ കഥയായും കഥാസമാഹാരത്തെ കവിതയായും വായിച്ചാണത്രെ വിമര്‍ശനം എഴുതിയത്‌. എന്നാല്‍ പണിക്കര്‍ ഇപ്പോഴും പറയുന്നത്‌ ഒന്നും മാറി പോയിട്ടില്ലെന്നാണ്‌.

രോഗം വ്യക്തമാക്കുന്നതോടെ കഥാകൃത്തിന്‍റെ ജോലി തീരുന്നു. മരുന്ന്‌ കൊടുത്ത്‌ പണിക്കരെ രക്ഷിക്കണമെന്നു ഏതെങ്കിലും വായനക്കാരനു തോന്നുന്നുണ്ടെങ്കില്‍ അതു അവര്‍ സ്വന്തം ചെലവില്‍ ചെയ്യേണ്ടതാണെന്നു കൂടി പറയുന്നതോടെ ഈ കഥ അവസാനിക്കുന്നു.