Saturday, August 8, 2009

ജഡം (കഥ)

അന്നു പ്രഭാത സവാരിക്കിറങ്ങിയ നഗരവാസികളെ സ്വാഗതം ചെയ്തതു പുതിയൊരു നാറ്റമാണ്‌. വല്ലാതെ കുത്തിക്കയറുന്ന രൂക്ഷ ഗന്ധം.

കാറിടിച്ചു തല ചിതറിയ കൊടിച്ചിപ്പട്ടി. ട്രക്കടിച്ചു വയറു പൊളിഞ്ഞ കാള. അല്ലെങ്കില്‍ എരുമ. കുപ്പ തൊട്ടിയിലെ ചാക്കു കെട്ടില്‍ അളിഞ്ഞമരുന്ന ചോരക്കുഞ്ഞ്‌. വിടര്‍ന്ന മൂക്കുകള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു "പരിചിതമായ ആ നാറ്റങ്ങളൊന്നുമല്ല".

എങ്കില്‍ പിന്നെ എന്തിന്‍റെ നാറ്റമാണിത്‌? കൌതുകം കണ്ണു തുറന്നു. അന്വേഷണം കാറ്റിന്‍റെ ഗതികളിലേക്കു മൂക്കു വിടര്‍ത്തി.

ഏറെ ദൂരം പോകേണ്ടി വന്നില്ല. ഉയര്‍ന്ന അപ്പാര്‍ട്ടുമെണ്റ്റുകള്‍ക്കിടയിലെ വീതിയേറിയ പാതയുടെ നടുക്കൊരു വര്‍ണ്ണ മഞ്ചല്‍! ഒരു മുന്തിയ ഇനം കാറിനേക്കാള്‍ മനോഹരമായത്‌. അടുത്തെത്തിയപ്പോള്‍ മാത്രമാണു വാസ്തവത്തില്‍ അതൊരു കാറല്ല മഞ്ചലാണെന്നു അറിഞ്ഞതു തന്നെ. എന്നിട്ടും അവര്‍ക്കു വിശ്വാസം വരുന്നില്ല. 'നഗരത്തില്‍ ഒരു മഞ്ചലോ!?'

"വല്ല നാടകക്കാരും മറന്നു വെച്ചതാകും. "

"അതിനിവിടെ നാടകമെവിടെ?" പൊളിത്തീന്‍ കവറുകള്‍ കടലാസു പൊതികളെ ആട്ടിയകറ്റിയതു പോലെ കൂട്ടം കൂട്ടമായെത്തിയ സിനിമകളും സീരിയലുകളും നാടകങ്ങളെ കുരച്ചോടിച്ചിട്ടു കാലം ഏറെയായില്ലെ?

ആ മഞ്ചല്‍ അവിടെ എങ്ങിനെ വന്നു എന്നു അറിയില്ലെങ്കിലും അതില്‍ നിന്നാണു ആ നാറ്റം പരക്കുന്നതെന്നു അവിടെ കൂടിയവര്‍ക്കൊക്കെ ഇപ്പോള്‍ അറിയാം. ആകാംഷ അടക്കാനാവാത്ത ചില ധീരന്‍മാര്‍ പതുക്കെ മഞ്ചലിന്‍റെ വാതില്‍ ശീല പതുക്കെ അകറ്റി നോക്കി. അകത്തു മടങ്ങിയൊടിഞ്ഞ ഒരു ജഡം!

ആദ്യം കണ്ടവരോടു പോലീസുകാര്‍ക്കുള്ള പ്രേമത്തെക്കുറിച്ചറിയാവുന്നവര്‍ മുങ്ങി. അല്ലാത്തവര്‍ അവിടവിടെ ചുറ്റിപ്പറ്റി നിന്നു. അവരുടെ വാക്കുകളില്‍, നോട്ടങ്ങളില്‍ ജഡം ഇപ്പോഴും ജീവിച്ചിരിക്കുന്നു.

എല്ലാ കണ്ണുകളിലും ഒരേ ചോദ്യമാണു ഒളിഞ്ഞു നോക്കുന്നത്‌. 'നല്ല പരിചയമുള്ള മുഖം. എന്നാല്‍ എപ്പോള്‍, അവിടെ വെച്ചു കണ്ടു എന്നു ആര്‍ക്കും ഓര്‍ത്തെടുക്കാന്‍ കഴിയുന്നുമില്ല.

അല്‍പ്പം കഴിഞ്ഞാല്‍ പോലീസു വരും. പോലീസു നായും വരും. വഴിയെ പോകുന്നവനെ ചോദ്യം ചെയ്യല്‍, കണ്ടവനെ വിരട്ടല്‍, വിരലടയാളം, പടമെടുപ്പ്‌ തുടങ്ങി അല്‍പ്പനേരം അവിടെ വട്ടം കറങ്ങും. മണം പിടിക്കുന്ന പട്ടിയും വട്ടം കറങ്ങി ഓടും. പിന്നെ ജഡം പോസ്റ്റ്‌ മോര്‍ട്ടത്തിന്‍റെ ജാഥ നയിച്ചുകൊണ്ട്‌ അപ്രത്യക്ഷമാകും. റിയാലിറ്റി ടീ. വി യില്‍ ക്യാബറേ നര്‍ത്തകിയുടെ സ്വയം വരവും ആദ്യ രാത്രിയും തുടങ്ങേണ്ട നേരമാകുന്നതോടെ നഗരവാസികളും.

അടുത്ത ദിവസത്തെ പത്രത്തില്‍ ഒരു വാര്‍ത്ത. ചിലപ്പോള്‍ ഒരു പരസ്യം. അതിന്‍റെ താഴെ തിരിച്ചറിയുന്നവര്‍ വിളിച്ചറിയിക്കേണ്ട പോലീസിന്‍റെ ഫോണ്‍ നമ്പരും കൊടുത്തെന്നിരിക്കും. കഴിഞ്ഞു. പിന്നെയാ ജഡത്തെ നഗരത്തിരക്കിന്‍റെ തിട്ടയില്‍ വിസ്മൃതിയുടെ കുഴി വെട്ടി മൂടും.

ആരെങ്കിലും തിരിച്ചറിഞ്ഞു ഉച്ചത്തില്‍ അലമുറയിട്ടാല്‍ താല്‍ക്കാലികമയെങ്കിലും ജഡത്തിനൊരു ഉയര്‍ത്തെഴുന്നേല്‍പ്പു ഉണ്ടായേക്കും. കാണാന്‍ കൊള്ളാവുന്ന യുവതിയുടെ ജഡമാണെങ്കില്‍, അന്നു തൊട്ടാണു അതു ജീവിച്ചു തുടങ്ങുക, പത്രത്താളുകളില്‍.

പക്ഷേ ഈ ജഡത്തിന്‍റെ കാര്യത്തില്‍ അങ്ങിനെയൊന്നും ഉണ്ടാകില്ല. കാരണം ഇനി ഒരിക്കല്‍ കൂടെ കണ്ടാല്‍ ജഡം അവിടെക്കൊണ്ടിട്ട ശങ്കറും ശാരിയും പോലും തിരിച്ചറിഞ്ഞെന്നു വരില്ല. മാത്രമല്ല, അവരതു വീണ്ടും കാണാനുള്ള സാദ്ധ്യതയും തീരെയില്ല. കാരണം ജഡം ഉപേക്ഷിച്ച്‌ ഓട്ടം തുടങ്ങിയ അവര്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്‌.

വാസ്തവത്തില്‍ സോഫ്റ്റ്‌ വേര്‍ എന്‍ജിനിയറുടെ ബൂട്ട്‌ അണിഞ്ഞ നാള്‍ തൊട്ട്‌ ശങ്കര്‍ ഓട്ടത്തിലാണ്‌. കീശ നിറയെ കാശും ലാപ്പ്ടോപ്പും മൊബേല്‍ ഫോണുകളുമായി മുന്തിയ കാറില്‍ വന്‍നഗരത്തിലൂടെ ഒഴുകി.. ഒഴുകി...

ഏറെ വൈകി വീട്ടിലെത്തിയാലും ഒഴുക്കു തുടരും. ഇന്‍റ്റര്‍ നെറ്റിന്‍റെ ആഴക്കടലുകളിലൂടെ. ചാറ്റിന്‍റെ ദിശക്കൊപ്പം ഒരു പായ്ക്കപ്പല്‍ പോലെ.

അന്നേരമൊക്കെ അയാളുടെ തല ഇടതോട്ടോ വലതോട്ടോ ഒടിഞ്ഞു കിടക്കും. ആ ഒടിഞ്ഞ തലക്കും തോളിനുമിടയ്ക്ക്‌ മൊബേല്‍ ഫോണ്‍ ഇരിപ്പുണ്ടാകും. സംസാരിച്ചു കഴിഞ്ഞാലും ഏറെ നേരം അത്‌ അവിടെ ഇരിക്കും. ഒന്നുകില്‍ ഇടതു കൈയിലെ സാന്‍ഡ്‌ വിച്ച്‌ തീരുന്നതു വരെ. അല്ലെങ്കില്‍ ലാപ്പ്‌ ടോപ്പിലെ ചാര്‍ജു തീര്‍ന്ന്‌ വലതു കൈ കീ ബോര്‍ഡില്‍ നിന്നും മൌസില്‍ നിന്നും സ്വതന്ത്രമാകുന്നതു വരെ.

ഏറെ വൈകാതെ ആ പായ്ക്കപ്പല്‍ ഒരു തുരുത്തില്‍ത്തന്നെ കിടന്നു കറങ്ങിത്തുടങ്ങി. ശാരി.

അറിഞ്ഞു വന്നപ്പോള്‍ അവളും ഒരു സോഫ്റ്റ്‌ വേര്‍ ജോലിക്കാരി. മറ്റൊരു കമ്പനിയിലെങ്കിലും അതേ നഗരത്തില്‍!

സൌഹൃദത്തെക്കുറിച്ചറിഞ്ഞ വീട്ടുകാര്‍ പറഞ്ഞു. "ഒരേ വഴിക്കോടുന്നവരല്ലേ? ഒന്നിച്ചു കൂടെ?"

എപ്പോഴെങ്കിലും സംഭവിക്കുന്നതാണ്‌ അത്ഭുതമെങ്കില്‍ അതുണ്ടായി. ഒന്നിച്ചു ഒരാഴ്ച്ചക്കാലത്തെ അവധി കിട്ടി!

ലക്ഷങ്ങളുടെ വിവാഹം പൊടിപൊടിച്ചു. പക്ഷേ ആഴ്ച്ച തികയുന്നതിനു മുന്‍പ്‌ മൊബേല്‍ താക്കീതുകളെത്തി. ഓഫീസിലേക്കു തിരിച്ചോടാന്‍.

'കൂടുതല്‍ ദൂരം. കൂടുതല്‍ വേഗം. കൂടുതല്‍ ഉയരം.' കമ്പനിയിലെ ഓരോ ദിവസവും ഒരോ ഒളിമ്പിക്സായിരുന്നു. ഇന്‍റ്റര്‍ നെറ്റിലൂടെ ഗര്‍ഭം ഉണ്ടാക്കാന്‍ കഴിയാഞ്ഞതും ഭാഗ്യമായി. ടാര്‍ഗറ്റിലേക്കുള്ള ഓട്ടത്തിനു കുഞ്ഞിക്കാലിന്‍റെ തടസങ്ങളും ഒഴിവായിക്കിട്ടി.

ഏറെ ഓടിയപ്പോഴാണു ശ്രദ്ധയില്‍പ്പെട്ടത്‌, പലരും അവരെ ചൂണ്ടി അതിശയിക്കുന്നു. അപ്പോഴാണ്‌ അവരും അതു കണ്ടത്‌. തങ്ങളുടെ തോളിലിരിക്കുന്ന മനോഹരമായ ഒരു മഞ്ചല്‍!

ആയിടെ അല്‍പ്പം തോളു വേദന തോന്നിയിരുന്നെങ്കിലും അതിന്‍റെ കാരണം തിരക്കാന്‍ സമയം കിട്ടിയിരുന്നില്ല. എപ്പോഴാണതു തങ്ങളുടെ തോളില്‍ വന്നതെന്നോ എന്നാണതു ചുമന്നു തുടങ്ങിയതെന്നോ അവര്‍ക്കു അറിയില്ലായിരുന്നു. പക്ഷേ ഒന്നറിയാമായിരുന്നു, അതില്‍ നിന്നും ഒരു ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന്‌.

രണ്ടു പേര്‍ക്കും ഒന്നിച്ചൊന്നു നില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ താഴെ ഇറക്കി നോക്കാമായിരുന്നു. അകത്തെന്താണെന്ന്‌. പക്ഷേ ലീവ്‌ എവിടെ കിട്ടാന്‍?

ഏറെക്കാലം കഴിഞ്ഞിട്ടാണെങ്കിലും അത്ഭുതം വീണ്ടും സംഭവിച്ചു. ഒന്നിച്ചു ലീവു കിട്ടി.

മഞ്ചല്‍ പതുക്കെ താഴെ ഇറക്കി തുറന്നപ്പോള്‍ അകത്തൊരു ജഡം. തീര്‍ത്തും അപരിചിതമായത്‌.

ശങ്കറിന്‍റേയും ശാരിയുടേയും സംശയക്കണ്ണുകള്‍ നേര്‍ക്കു നേര്‍ വന്നപ്പോഴേക്കും അവരുടെ മൊബേല്‍ ഫോണുകള്‍ പാടിത്തുടങ്ങി. മഞ്ചല്‍ അവിടെ കളഞ്ഞ്‌ വീണ്ടും അവരോടി, എതിര്‍ ദിശകളിലേക്ക്‌.