Wednesday, April 30, 2008

അനുധാവനം (ചെറുകഥ)

ചരല്‍ക്കുന്നു താണ്ടി വളവു തിരിഞ്ഞതും ഉഷയുടെ കണ്ണുകള്‍ പാഞ്ഞു, ആലിന്‍ ചുവട്ടിലേക്ക്‌. ആശ്വാസം. അമല നില്‍ക്കുന്നുണ്ട്‌, തണലത്ത്‌.

പക്ഷേ മുരുകന്‍റെ ചായക്കടയുടെ മുമ്പിലെ മരബെഞ്ചുകളില്‍ ബഷീറും വേണുവും ഇരിക്കുന്നില്ല. അതിനര്‍ത്ഥം അമല ഉടന്‍ ഓടിത്തുടങ്ങുമെന്നാണ്‌. ചെട്ടിക്കുളത്തുനിന്നുള്ള ഒന്നേകാല്‍ മണിക്കൂറിന്‍റെ ആ ഓട്ടം ടൌണിലാണ്‌ അവസാനിക്കാറ്‌.

നീണ്ട ഹോറണ്‍ മുഴങ്ങി. ഉഷയുടെ നടത്തം ചെറുക്കനെ ഒരോട്ടമായി.

ഉഷ കയറിയതോടെ ബസ്‌ ഉരുണ്ടുനീങ്ങി. മഴക്കാലത്ത്‌ ഏതോ ട്രാക്റ്ററിന്‍റെ ചക്രം പുതഞ്ഞു രൂപം കൊണ്ട കുഴിയില്‍ക്കയറി ബസ്‌ നല്ലപോലെ ഒന്നൊലുഞ്ഞു. പിന്നെ പിച്ച വെക്കാന്‍ തുടങ്ങിയ ഒരു കുട്ടിയെപ്പോലെ ബസ്‌ അതിന്‍റെ യാത്ര തുടങ്ങി. പട്ടണത്തിലെ തിരക്കുകളിലേക്ക്‌, ബഹളങ്ങളിലേക്ക്‌, ധൃതികളിലേക്ക്‌, നിര്‍വികാരതകളിലേക്ക്‌.

ബസില്‍ കുറച്ചു യാത്രക്കാര്‍ ഇരിക്കുന്നുണ്ട്‌. എല്ലാവരേയും ഉഷക്കറിയാം. അവര്‍ക്ക്‌ ഉഷയേയും അറിയാമെന്നു അവരുടെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ തെളിയിക്കുന്നു.

"ഉഷക്കുട്ടീന്ന്‌ ബ്ളൂസ്റ്റാറില്‌ പോയില്ലേ?" ഏറ്റവും പിന്നിലെ നീളന്‍ സീറ്റിനു മുന്നിലിട്ടിരിക്കുന്ന സ്റ്റെപ്പിനി ടയറില്‍ വാഴക്കുലകള്‍ നിരത്തി, അതേ ടയറിന്‍റെ വക്കത്ത്‌ ചടഞ്ഞിരിക്കുന്ന തങ്കമ്മ കുശലങ്ങള്‍ക്കു തുടക്കമിട്ടു.

"ഉഷക്ക്‌ ഞായറാഴ്ച്ചയും വീട്ടിലിരുന്നൂടാന്ന്‌ ണ്ട്വോ?" കണ്ണാശുപത്രിക്ക്‌ പോണ രാമന്‍ നായര്‍.

"ഉഷങ്ക്ഡ്‌ ഇരുന്നോളു, അതുവരെ മിണ്ടീം പറഞ്ഞും പോവാലോ" പരദൂഷണം പാര്‍വ്വതി തന്‍റെ ഉദ്ദേശ്യം മറച്ചു വെച്ചില്ല.

കുറേ മുന്നിലൊരു ഒഴിഞ്ഞ സീറ്റില്‍ ഇരിപ്പുറക്കുന്നതു വരെ ചോദ്യങ്ങള്‍ ഉഷയെ അനുഗമിച്ചു.

എല്ലാ ചോദ്യങ്ങള്‍ക്കും ഉഷയുടെ ഉത്തരം ഒരു ഇടത്തരം പുഞ്ചിരിയായിരുന്നു. ഉഷയുടെ മുഖത്തൊട്ടിച്ച ആ ചിരി അവള്‍ക്കു ദൈവം കൊടുത്തതാണ്‌, നുണക്കുഴിക്കും കവിളിലെ മറുകിനോടുമൊപ്പം. ഒരിക്കലും അസ്തമിക്കാത്ത ആ ചിരി ഒരു കണ്ണാടിച്ചിരിയാണെന്ന്‌ കുറേക്കാലം കോളേജില്‍ അവളുടെ പുറകെ നടന്ന ശിവരാമന്‍ ഒരിക്കല്‍ പറയുകയുണ്ടായിട്ടുണ്ട്‌. അതേ ചിരിയാണ്‌ അതിനും മറുപടിയായി അവള്‍ കൊടുത്തത്‌. 'ഒരു പെണ്‍കുട്ടിയെങ്കിലും തന്നെ സ്നേഹിച്ചിരുന്നെങ്കില്‍!' എന്ന ഉത്ക്കടമായ അഭിവാഞ്ചയുമായി കോളേജില്‍ കറങ്ങി നടക്കുന്നതിനിടയിലാണ്‌ ശിവരാമന്‍ ഉഷയുടെ പുഞ്ചിരിയില്‍ തടഞ്ഞു വീണത്‌. സ്നേഹം പെയ്യുന്ന പുഞ്ചിരി. അതോ കാമം കണ്ണിറുക്കുന്ന വശ്യച്ചിരിയോ? അറിയാതെ അവന്‍ ആ പുഞ്ചിരിയെ അനുധാവനം ചെയ്തു.

ഒരു ദിവസം ഒരു കൊച്ചു കാര്യത്തിന്‌ ശിവരാമന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഉഷയുടെ ചിരിയില്‍ ദേഷ്യം. അത്രയ്ക്കത്ര! ശിവരാമന്‍ അതിശയിച്ചു പോയി. അപ്പോള്‍ ഉഷയുടെ ചിരിയിലും അതേ അതിശയം! പിന്നീട്‌ പലപ്പോഴായി നീരസം, നിര്‍വികാരത, വെറുപ്പ്‌, എല്ലാം ആ പുഞ്ചിരിയില്‍ തെളിഞ്ഞപ്പോള്‍ ശിവരാമന്‌ അതൊരു പിടികിട്ടാച്ചിരിയായി മാറി. എത്ര മേക്കപ്പ്‌ ചെയ്താലും കരിങ്കുരങ്ങിന്‍റെ വംശപരമ്പരയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ തന്‍റെ രൂപം കണ്ണാടിയില്‍ തെളിയുന്നതുപോലെ വെറുമൊരു കണ്ണാടിച്ചിരി മാത്രമായിരുന്നോ അത്‌. ശിവരാമന്‌ തന്നോടു തന്നെ പുച്ഛം തോന്നി. അപ്പോള്‍ ഉഷയുടെ ചിരിയിലും പുച്ഛം നുരഞ്ഞു. പിന്നീടൊരിക്കലും ശിവരാമന്‍ ഉഷയുടെ മുഖത്തേക്കു നോക്കിയിട്ടില്ല.

എന്നാല്‍ സുഹൃത്തുക്കള്‍ക്കോ, ഉഷ എന്നും പുഞ്ചിരിക്കുന്ന ഒരു സൌഹൃദം മാത്രം.

ബഷീറും ബസ്സിന്‍റെ വശത്തെ കണ്ണാടി പിന്നിലിരിക്കുന്ന ഉഷയെ ലക്ഷ്യമാക്കി തിരിച്ചിട്ടില്ല. ആ കണ്ണാടിച്ചിരി അവനേയും കുഴക്കുന്നുണ്ടെന്നു തീര്‍ച്ച.

പക്ഷേ ഇപ്പോള്‍ ഉഷയുടെ ചിരിയില്‍ കണ്ണു വിടര്‍ത്തുന്നത്‌ അത്ഭുതം. കഴിഞ്ഞ സ്റ്റോപ്പില്‍ നിന്നു കയറിയ ഒരു യുവാവിന്‍റെ മുഖത്ത്‌ ആ കണ്ണാടിച്ചിരി കണ്ടതാണ്‌ ഉഷയെ അത്ഭുതപ്പെടുത്തിയത്‌. ആ ചിരി?? ഉഷ സംശയിച്ചപ്പോള്‍ യുവാവിന്‍റെ മുഖത്തും സംശയം. പിന്നെ അത്‌ കൌതുകമായി, കുശലമായി, സൌഹൃദമായി... വേണ്ട, ഇനി മുന്നോട്ടു പോകണ്ടാ. ആ ചിരിയില്‍ പ്രേമം വിടര്‍ന്നാലോ?

ഉഷ പുറത്തേക്കു നോക്കി. മിന്നി മറയുന്ന വീടുകളും, പാടങ്ങളും, വൃക്ഷങ്ങളും... ബസ്‌ ബൈപ്പാസിലൂടെ പറപറക്കുകയാണ്‌. എതിര്‍വശത്തുനിന്നും കടന്നു പോകുന്ന വാഹങ്ങള്‍ക്ക്‌ രൂപമോ നിറമോ ഒന്നും തന്നെയില്ല. ത്സീം.... ത്സീം.... എന്ന ശബ്ദം മാത്രം. ഉഷക്കല്‍പം പേടി തോന്നി. ഇന്നലെ പത്രത്തില്‍ കണ്ടത്‌... മരണം വാരി വിതറിയ പട്ടിക്കാട്‌ ബസ്സപകടം. തൃശൂര്‍ക്കും പാലക്കാട്ടേക്കുമുള്ള ബസ്സുകള്‍ നേര്‍ക്കുനേര്‍ ഇടിച്ചു തകര്‍ന്ന ചിത്രം. ഉഷ അറിയാതെ മുഖം തിരിച്ചു.

യുവാവിന്‍റെ ചിരിയിലും ഭീതി കൂടുകൂട്ടിയിട്ടുണ്ടോ? മാത്രമല്ല, അയാള്‍ ഇപ്പോള്‍ തന്‍റെ തൊട്ടടുത്തുള്ള സീറ്റിലാണ്‌ ഇരിക്കുന്നത്‌.

ഉഷ ചുറ്റും കണ്ണോടിച്ചു. ഇല്ല, അറിയുന്ന ആരുമില്ല. ശങ്കരിയും രാമന്‍ നായരുമൊക്കെ ഇറങ്ങി പോയിരിക്കുന്നു. ഉഷ മുന്നിലെ സീറ്റിലേക്ക്‌ തല ചായ്ച്ച്‌ കണ്ണുകള്‍ ഇറുക്കിയടച്ചു.

"സ്റ്റാന്‍ഡ്‌... സ്റ്റാന്‍ഡ്‌.... സ്റ്റാന്‍ഡ്‌ ഒക്കെ എറങ്ങ്വാ..." കണ്ടക്ടറുടെ ഉയരുന്ന ശബ്ദം ഉഷയെ ഉണര്‍ത്തി. ഇറങ്ങുമ്പോള്‍ ഉഷ ഭീതിയോടെ ചുറ്റും നോക്കി. ഇല്ല, അയാളെ എങ്ങും കാണുന്നില്ല. ഉഷക്ക്‌ ശ്വാസം നേരെ വീണു.

"ചെട്ടിക്കുളം... ചെട്ടിക്കുളം...." കണ്ടക്ടര്‍ കിടന്നു കാറുകയാണ്‌. ഉഷക്ക്‌ അയാളോടു സഹതാപം തോന്നി. അവസാനിക്കാത്ത ഒരേ യാത്ര. ചെട്ടിക്കുളം... സ്റ്റാന്‍ഡ്‌... ചെട്ടിക്കുളം...

ഉഷ കുട നിവര്‍ത്തി. കുടയ്ക്കു മുകളില്‍ ഉച്ച വെയിലു കത്തി. വാഹനങ്ങളുടെ ഹോറണും ചീറ്റലും... എങ്ങും ബഹളം. ഉഷയുടെ കാലുകളില്‍ ധൃതിയുടെ കടിഞ്ഞാണ്‍ അയഞ്ഞു.

ഇരുമ്പു ഗേറ്റ്‌ തുറക്കുന്ന ശബ്ദം കേട്ട്‌ അമ്മായി വരാന്തയിലേക്കിറങ്ങി വന്നു. താഴത്തെ കൊമ്പില്‍ തൂങ്ങി നില്‍ക്കുന്ന പച്ചമാങ്ങകള്‍ കുടക്കാലുകൊണ്ട്‌ പറിക്കാനുള്ള അമ്മാവന്‍റെ യത്നം തന്നെ കണ്ടതിനുശേഷവും തുടരുകയാണ്‌.

"ദ്‌ ആരാദ്‌!! ഇങ്ങ്ട്ട്ള്ള വഴിയൊക്കെ ഇപ്പ്ളും ഓര്‍മ്മേണ്ടോ?" അമ്മായിയുടെ വാക്കുകളില്‍ അതിശയം, സന്തോഷം, പരിഭവം, അന്വേഷണം, സ്നേഹം എല്ലാം അളവില്ലാതെ തുളുമ്പി.

ഉച്ചയൂണിന്‌ വിഭവങ്ങളേറെയുണ്ടായിരുന്നില്ലെങ്കിലും വാത്സല്യത്തിന്‍റെ രുചി ആവോളം കഴിച്ചു. യാത്രാക്ഷീണം പതുക്കെ ശരീരത്തെ കീഴടക്കിത്തുടങ്ങി. മയക്കം കണ്ണുകളില്‍ തൂങ്ങി.

"മതി നിന്‍റെ വര്‍ത്തമാനം. അവളിത്തിരി നേരം ഉറങ്ങട്ടെ. മീനച്ചൂടിലെ യാത്രയല്ലേ, നല്ല ക്ഷീണം ണ്ട്വാവും." അമ്മാമന്‍ ആഴ്ച്ചപ്പതിപ്പു മറിച്ചു കൊണ്ട്‌ അമ്മായിയെ ശാസിച്ചു.

"തെക്കേ മുറീലും വടക്കേ തളത്തിലും ഒക്കെ ഓരോ സാധനങ്ങളിട്ട്‌ അലങ്കോലായി കിടക്ക്വാ. അച്ഛന്‍റെ മുറീല്‌ വിരിക്കട്ടെ?" എവിടെയെങ്കിലും ഒന്നു നടുനിവര്‍ത്താല്‍ മതി എന്നു തോന്നിയതുകൊണ്ട്‌ ഉഷ അമ്മായിയോട്‌ ഒന്നും പറഞ്ഞില്ല.

"അച്ഛന്‍ മരിച്ചിട്ട്‌ കൊല്ലം തികയാണ്‌ മേടത്തില്‌. അന്നു നിങ്ങളാരും വരാഞ്ഞപ്പോ എഴുതി തള്ളീല്ലേ ന്ന്‌ സങ്കടപ്പെട്ടു. പിന്ന്യേം കൊറേ കഴിഞ്ഞാ അറിഞ്ഞത്‌, ഉഷേടെ അമ്മടെ ഓപ്പറേഷന്‍.. പാവം ഒരുപാട്‌ കഷ്ടപ്പെട്ടോ ആരൂല്ല്യാണ്ടെ?" വിരിപ്പ്‌ മാറ്റി വിരിച്ച്‌ പോകുമ്പോള്‍ അമ്മായിയുടെ കണ്ണ്‌ നനഞ്ഞിരുന്നു.

വാതില്‍ കുറ്റിയിട്ട്‌ ഫാന്‍ മീഡിയത്തിലിട്ട്‌ ഉഷ കിടന്നു. കിടന്നപാടെ ഉറക്കത്തിലേക്ക്‌ ആണ്ടുപോയി.

ഉറക്കത്തിന്‍റെ ആഴങ്ങളില്‍ എവിടെയോ വെച്ച്‌ കറണ്ടു പോയി. ഫാന്‍ നിലച്ചു.

ഞെട്ടി കണ്ണുതുറന്ന ഉഷ ഒരു നടുക്കത്തോടെ കണ്ടു, നടുക്കം പ്രകടമായ ചിരിയുമായി ആ യുവാവ്‌... അവളുടെ കൂടെ അതേ കട്ടിലില്‍...

Sunday, April 13, 2008

രാത്രി വണ്ടിയിലെ യാത്രക്കാരനും കൂട്ടുകാരിയും

നനുക്കെ മഴ ചാറുന്നുണ്ട്‌. പക്ഷേ ആരും അതു കാര്യമാക്കുന്നില്ല. പത്രമോ മാസികയോ തലയ്ക്കു മുകളില്‍ ചരിച്ചു പിടിച്ചു കൊണ്ട്‌ പ്ളാറ്റ്‌ ഫോമിലേക്കു വന്നെത്തുന്നവരാണേറെയും. കുട മടക്കി കക്ഷത്തു വെച്ചവരുമുണ്ട്‌ അക്കൂട്ടത്തില്‍.

മഴക്കു ജാള്യം തോന്നിക്കാണണം, പമ്മിയൊളിച്ചു മേഘക്കീറിനു പിന്നില്‍. ആരും അതു കണ്ടില്ല. എങ്ങിനെ കാണും? വെളിച്ചമൊളിച്ച രാത്രിയല്ലേ. കൂട്ടിനു പവര്‍കട്ടും.

ഘടികാരത്തിനു പെട്ടെന്നൊരു ബോധോദയം. ഒന്നും ഉള്ളില്‍ വെക്കുന്ന പതിവ്‌ മൂപ്പര്‍ക്കില്ലല്ലോ. തണ്റ്റെ പുത്തന്‍ അറിവ്‌ ഉടന്‍ വിളിച്ചോതി. നീണ്ട പത്തു മുഴക്കങ്ങളിലൂടെ.

ചുമരില്‍ കുരിശ്ശിലേറ്റിയ കറുത്ത പെട്ടി ചിരട്ടത്തൊണ്ട തുറന്നു. ചകിരി ശബ്ദം കയറുപോലെ പിരിഞ്ഞു നീണ്ടു. പല തവണ. പല ഭാഷയില്‍.

"യാത്രക്കാരുടെ ശ്രദ്ധക്ക്‌. തിരുവനന്തപുരത്തു നിന്നും പാലക്കാട്‌ വരെ പോകുന്ന ട്രെയിന്‍ നമ്പറ്‍ ആറ്‌ മൂന്ന് നാല്‌ മൂന്ന് അമൃതാ എക്സ്പ്രസ്സ്‌ പത്തു മണി അമ്പത്‌ മിനുട്ടുകള്‍ക്ക്‌ മൂന്നാമത്തെ പ്ളാറ്റ്‌ ഫോമിലേക്കു എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു. യാത്രിഗണ്‍ കൃപയാ ധ്യാന്‍ ദേ....... "

ശ്രദ്ധ ഉണര്‍ന്നു. ധൃതി ഉണര്‍ന്നു. ഒച്ച ഉണര്‍ന്നു. മഴ ഉണര്‍ന്നു. എത്തേണ്ടിടത്തിന്‍റെ ഒാര്‍മ്മകള്‍ ഉണര്‍ന്നു. ഉറക്കം വീണ്ടും ഉറങ്ങാനായി ഉണര്‍ന്നു. നിശബ്ദതയുടെ താരാട്ടു കേട്ടുറങ്ങാന്‍.

എത്രയേറെ ഉറക്കങ്ങളാണാ മുറിയില്‍ വിശ്രമിക്കുന്നത്‌! എന്തൊക്കെത്തരം ഉറക്കങ്ങള്‍! നിശബ്ദമായത്‌. കുറുങ്ങുന്നത്‌. മുരളുന്നത്‌. തറയില്‍ വളഞ്ഞത്‌. ബെഞ്ചില്‍ നിവര്‍ന്നത്‌. പെട്ടിപ്പുറത്തേക്ക്‌ ഒടിഞ്ഞത്‌. ബാഗിലേയ്ക്ക്‌ തല ചായ്ച്ചത്‌. മുന്‍സീറ്റിലേക്കു ചാഞ്ഞത്‌. കണ്ണടച്ചത്‌. തുറന്നത്‌. പാതിയടച്ചത്‌. അനുനിമിഷം പെറ്റു പെരുകുന്ന എണ്ണമറ്റ ഉറക്കങ്ങള്‍. എങ്ങും മുഷിഞ്ഞ ഉറക്കത്തിന്‍റെ വാട.

വസ്ത്രങ്ങളും മുഷിഞ്ഞു ചുളിഞ്ഞവയാണെങ്ങും. തീരെ തിളക്കമില്ലാത്തവ. തിളക്കമുള്ളതായി ?? ഒന്നുണ്ട്‌. കറുത്ത ബാഗിനെ പാതിമൂടിയ പട്ടുപ്പാവാട. മഞ്ഞക്കസവുള്ള ചുവന്ന പാവാട. അതിനു താഴേ ബാഗിനിരുവശവുമായി രണ്ടു പൊന്‍പാദസരങ്ങള്‍ പുല്‍കിയ മാന്തളിറ്‍ കണങ്കാലുകള്‍. തീര്‍ന്നു. മറ്റൊന്നുമില്ല അവിടെ തിളക്കമുള്ളതായി. ഉറക്കത്തിനു പോലുമുണ്ട്‌, ഒാര്‍മ്മയുടെ കറ.

ഘടികാരം വീണ്ടും ഉണര്‍ന്നു. പുതിയ കണ്ടെത്തല്‍ ഒറ്റ മുഴക്കത്തിലൂടെ ഉദ്ഘോഷിച്ചു. ഉറക്കം പരക്കെ ഞെട്ടി. സ്വപ്നങ്ങള്‍ മുറിഞ്ഞു. അങ്ങിങ്ങ്‌ കോട്ടുവായ കാറ്റ്‌ ഊതി. ദൂരെയൊരു ജൂസറിന്‍റെ രോദനം. നടന്നകലുന്ന ചെരുപ്പ്‌ നേറ്‍ത്തു നേറ്‍ത്തില്ലാതാകുന്ന താളം.

ചൂളം വിളി കാറ്റിലലിഞ്ഞു ചേരുന്ന സംഗീതം. ചക്രങ്ങളുടെ കരുത്തില്‍ ഞെരിയുന്ന പാളങ്ങളുടെ കിരുകിരുപ്പ്‌. എല്ലാം മഴയുടെ സാന്ത്വനത്തിലലിഞ്ഞു മണ്ണിലമരുന്ന ഗന്ധം. പോയത്‌ ഗൂഡ്സ്‌ വണ്ടിയെന്നു കണ്ണുതുറക്കാത്ത ബോധം പറഞ്ഞു. പറഞ്ഞില്ലെങ്കിലും അറിയാമായിരുന്നു. വര്‍ത്തമാന തേനീച്ചക്കൂടിന്‍റെ മുഴക്കമില്ലായ്മയില്‍ നിന്ന്. പാദന്യാസങ്ങളുടെ അഭാവത്തില്‍ നിന്ന്. ചായ, കാപ്പി ബഹളങ്ങളുടെ ഉണരായ്മയില്‍ നിന്ന്.

ഉണറ്‍ന്നത്‌ ഏതോ കുഞ്ഞിത്തൊണ്ട. ദാഹത്താലാവാം. വിശപ്പു കൊണ്ടാവാം. മൂട്ട കടിയാലാവാം. അല്ലെങ്കില്‍ മൂത്ര സഞ്ചി നിറഞ്ഞിട്ടാവാം.

മൂത്രപ്പുര വാതില്‍ക്കല്‍ നാണയത്തുട്ടുകളിലേക്കു കെട്ടുവീണ ഉറക്കം. ബോധത്തിന്‍റെ തിരിയിലെവിടെയോ നനവ്‌. തോന്നലാണോ? എങ്ങോ വാതില്‍പ്പാളികള്‍ കരയുന്നുണ്ട്‌. പാട്ടയില്‍ വെള്ളം ചിരിക്കുന്നുണ്ട്‌. നാണയത്തുട്ട്‌ മേശമേലിട്ടപ്പോള്‍ കെട്ടുവീണ ഉറക്കം ഞെട്ടി.

കറുത്ത പെട്ടിയുടെ തൊണ്ട കാറി. "യാത്രക്കാരുടെ ശ്രദ്ധക്ക്‌ .. " ആകാംക്ഷയുടെ കണ്ണുകള്‍ തുറന്നു. പ്രതീക്ഷയുടെ കാതുകള്‍ കൂര്‍ത്തു. "... അമൃതാ എക്സ്പ്രസ്‌ പന്ത്രണ്ടു മണി അമ്പത്തഞ്ചു മിനിട്ടുകള്‍ക്ക്‌ മൂന്നാമത്തെ പ്ളാറ്റ്ഫോമിലേക്ക്‌.... "

ഉണര്‍വിന്‍റെ കണ്ണുകള്‍ അടഞ്ഞു. ബോധത്തിന്‍റെ കൂര്‍ക്കം വലി ഉയറ്‍ന്നു. അറിവ്‌ ഉറക്കത്തിലാണ്ടു. പ്രജ്ഞയുടെ സ്വയമലിഞ്ഞില്ലാതാകുന്ന ഗാഢ നിദ്ര.

മഴയിലുണറ്‍ന്ന പാളങ്ങള്‍. പാളത്തിലുറങ്ങുന്ന ഒരു ഗൂഡ്സ്‌ സുന്ദരി. മൈഥുനേച്ഛയില്‍ വന്നു മുട്ടിയ മുട്ടാളന്‍ എന്‍ജിന്‍. വിജൃംഭിതമായ കാമത്തിന്‍റെ വന്യമായ മുഴക്കത്തില്‍ പ്ളാറ്റ്‌ഫോം വിറച്ചു.

മഴ ഞെട്ടി. ഉറക്കം ഞെട്ടി. പാളത്തിലേക്കു പായുന്ന കണ്ണുകള്‍. കറുത്ത പെട്ടിയിലേക്കു കൂര്‍പ്പിക്കുന്ന കാതുകള്‍. പരതുന്ന കൈകള്‍. ചടുലമാകുന്ന കാലുകള്‍. അനങ്ങുന്ന ബാഗുകള്‍. നിരങ്ങുന്ന പെട്ടികള്‍. പ്രസരിപ്പിന്‍റെ പാദസരങ്ങള്‍.

ആരോ വാതില്‍ തള്ളിത്തുറന്നു. ഈറനുടുത്ത കാറ്റാണ്‌. മഴയുടെ മണം മടിക്കുത്തില്‍ ഒളിപ്പിച്ചത്‌.

മുകളില്‍ അപ്പോഴും പങ്കയുടെ പടപടപ്പ്‌. ചുമരിലുറങ്ങുന്ന ഘടികാരത്തിന്‍റെ ഹൃദയമിടിപ്പ്‌. കറുത്ത പെട്ടിയുടെ പിറുപിറുപ്പ്‌. കാത്തിരുപ്പിന്‍റെ അറുമുഷിപ്പ്‌. ഘടികാരം വീണ്ടും മുഴങ്ങി. രണ്ടു നീണ്ട മുഴക്കങ്ങള്‍. അതിനിടയിലും ഉറക്കം ഒളിച്ചിരിപ്പുണ്ടോ?

കറുത്തപെട്ടി പിറുപിറുത്തു. "യാത്രക്കാരുടെ ശ്രദ്ധക്ക്‌. തിരുവനന്തപുരത്തു നിന്നും പാലക്കാട്‌ വരെ പോകുന്ന ട്രെയിന്‍ നമ്പറ്‍ ആറ്‌ മൂന്ന് നാല്‌ മൂന്ന് അമൃതാ എക്സ്പ്രസ്സ്‌ മൂന്ന് മണി മുപ്പത്തഞ്ചു മിനുട്ടുകള്‍ക്ക്‌ മൂന്നാമത്തെ പ്ളാറ്റ്‌ ഫോമിലേക്കു എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു. യാത്രിഗണ്‍ കൃപയാ ധ്യാന്‍ ദേ....... "

കറുത്തപെട്ടിയുടെ താഴെയിരുന്നുറങ്ങുന്ന പാറ്റ. പെട്ടിക്കു മുകളില്‍ ഉറങ്ങാത്ത പല്ലി. ഒന്നു വെട്ടിച്ചാടിയ പല്ലിയുടെ വായില്‍ പിടയ്ക്കുന്ന പാറ്റ. വേദന വിഴുങ്ങുന്ന പാറ്റ. വെളിപാടു പോലെത്തുന്ന അതിന്‍റെ അറിവുകള്‍.

ചെയ്യേണ്ടത്‌ ചെയ്തില്ലെന്ന അറിവ്‌. പലതും ചെയ്യാമായിരുന്നെന്ന അറിവ്‌. ഇനിയൊന്നും ചെയ്യാനാവില്ലെന്ന അറിവ്‌. ചെയ്തിട്ടും പ്രയോജനമില്ലെന്ന അറിവ്‌. നിസ്സഹായതയെ ഗര്‍ഭം ധരിച്ച അനേകം അറിവുകള്‍. ഒപ്പം രാത്രിവണ്ടി വന്നെത്തിയെന്ന തിരിച്ചറിവും.

വണ്ടിയില്‍ കയറിപ്പറ്റാന്‍ എന്തൊരു തത്രപ്പാട്‌! പിന്നെ.... ഇരുളിന്‍റെ തുരങ്കത്തിലലിയുന്ന വണ്ടിയില്‍, മറുവശത്തെ വിസ്മയങ്ങള്‍ക്കായി അയാള്‍ തനിച്ച്‌...? അല്ല, അയാളുടെ ഒരേയൊരു കൂട്ടുകാരിയുമൊത്ത്‌....