Wednesday, April 30, 2008

അനുധാവനം (ചെറുകഥ)

ചരല്‍ക്കുന്നു താണ്ടി വളവു തിരിഞ്ഞതും ഉഷയുടെ കണ്ണുകള്‍ പാഞ്ഞു, ആലിന്‍ ചുവട്ടിലേക്ക്‌. ആശ്വാസം. അമല നില്‍ക്കുന്നുണ്ട്‌, തണലത്ത്‌.

പക്ഷേ മുരുകന്‍റെ ചായക്കടയുടെ മുമ്പിലെ മരബെഞ്ചുകളില്‍ ബഷീറും വേണുവും ഇരിക്കുന്നില്ല. അതിനര്‍ത്ഥം അമല ഉടന്‍ ഓടിത്തുടങ്ങുമെന്നാണ്‌. ചെട്ടിക്കുളത്തുനിന്നുള്ള ഒന്നേകാല്‍ മണിക്കൂറിന്‍റെ ആ ഓട്ടം ടൌണിലാണ്‌ അവസാനിക്കാറ്‌.

നീണ്ട ഹോറണ്‍ മുഴങ്ങി. ഉഷയുടെ നടത്തം ചെറുക്കനെ ഒരോട്ടമായി.

ഉഷ കയറിയതോടെ ബസ്‌ ഉരുണ്ടുനീങ്ങി. മഴക്കാലത്ത്‌ ഏതോ ട്രാക്റ്ററിന്‍റെ ചക്രം പുതഞ്ഞു രൂപം കൊണ്ട കുഴിയില്‍ക്കയറി ബസ്‌ നല്ലപോലെ ഒന്നൊലുഞ്ഞു. പിന്നെ പിച്ച വെക്കാന്‍ തുടങ്ങിയ ഒരു കുട്ടിയെപ്പോലെ ബസ്‌ അതിന്‍റെ യാത്ര തുടങ്ങി. പട്ടണത്തിലെ തിരക്കുകളിലേക്ക്‌, ബഹളങ്ങളിലേക്ക്‌, ധൃതികളിലേക്ക്‌, നിര്‍വികാരതകളിലേക്ക്‌.

ബസില്‍ കുറച്ചു യാത്രക്കാര്‍ ഇരിക്കുന്നുണ്ട്‌. എല്ലാവരേയും ഉഷക്കറിയാം. അവര്‍ക്ക്‌ ഉഷയേയും അറിയാമെന്നു അവരുടെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ തെളിയിക്കുന്നു.

"ഉഷക്കുട്ടീന്ന്‌ ബ്ളൂസ്റ്റാറില്‌ പോയില്ലേ?" ഏറ്റവും പിന്നിലെ നീളന്‍ സീറ്റിനു മുന്നിലിട്ടിരിക്കുന്ന സ്റ്റെപ്പിനി ടയറില്‍ വാഴക്കുലകള്‍ നിരത്തി, അതേ ടയറിന്‍റെ വക്കത്ത്‌ ചടഞ്ഞിരിക്കുന്ന തങ്കമ്മ കുശലങ്ങള്‍ക്കു തുടക്കമിട്ടു.

"ഉഷക്ക്‌ ഞായറാഴ്ച്ചയും വീട്ടിലിരുന്നൂടാന്ന്‌ ണ്ട്വോ?" കണ്ണാശുപത്രിക്ക്‌ പോണ രാമന്‍ നായര്‍.

"ഉഷങ്ക്ഡ്‌ ഇരുന്നോളു, അതുവരെ മിണ്ടീം പറഞ്ഞും പോവാലോ" പരദൂഷണം പാര്‍വ്വതി തന്‍റെ ഉദ്ദേശ്യം മറച്ചു വെച്ചില്ല.

കുറേ മുന്നിലൊരു ഒഴിഞ്ഞ സീറ്റില്‍ ഇരിപ്പുറക്കുന്നതു വരെ ചോദ്യങ്ങള്‍ ഉഷയെ അനുഗമിച്ചു.

എല്ലാ ചോദ്യങ്ങള്‍ക്കും ഉഷയുടെ ഉത്തരം ഒരു ഇടത്തരം പുഞ്ചിരിയായിരുന്നു. ഉഷയുടെ മുഖത്തൊട്ടിച്ച ആ ചിരി അവള്‍ക്കു ദൈവം കൊടുത്തതാണ്‌, നുണക്കുഴിക്കും കവിളിലെ മറുകിനോടുമൊപ്പം. ഒരിക്കലും അസ്തമിക്കാത്ത ആ ചിരി ഒരു കണ്ണാടിച്ചിരിയാണെന്ന്‌ കുറേക്കാലം കോളേജില്‍ അവളുടെ പുറകെ നടന്ന ശിവരാമന്‍ ഒരിക്കല്‍ പറയുകയുണ്ടായിട്ടുണ്ട്‌. അതേ ചിരിയാണ്‌ അതിനും മറുപടിയായി അവള്‍ കൊടുത്തത്‌. 'ഒരു പെണ്‍കുട്ടിയെങ്കിലും തന്നെ സ്നേഹിച്ചിരുന്നെങ്കില്‍!' എന്ന ഉത്ക്കടമായ അഭിവാഞ്ചയുമായി കോളേജില്‍ കറങ്ങി നടക്കുന്നതിനിടയിലാണ്‌ ശിവരാമന്‍ ഉഷയുടെ പുഞ്ചിരിയില്‍ തടഞ്ഞു വീണത്‌. സ്നേഹം പെയ്യുന്ന പുഞ്ചിരി. അതോ കാമം കണ്ണിറുക്കുന്ന വശ്യച്ചിരിയോ? അറിയാതെ അവന്‍ ആ പുഞ്ചിരിയെ അനുധാവനം ചെയ്തു.

ഒരു ദിവസം ഒരു കൊച്ചു കാര്യത്തിന്‌ ശിവരാമന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഉഷയുടെ ചിരിയില്‍ ദേഷ്യം. അത്രയ്ക്കത്ര! ശിവരാമന്‍ അതിശയിച്ചു പോയി. അപ്പോള്‍ ഉഷയുടെ ചിരിയിലും അതേ അതിശയം! പിന്നീട്‌ പലപ്പോഴായി നീരസം, നിര്‍വികാരത, വെറുപ്പ്‌, എല്ലാം ആ പുഞ്ചിരിയില്‍ തെളിഞ്ഞപ്പോള്‍ ശിവരാമന്‌ അതൊരു പിടികിട്ടാച്ചിരിയായി മാറി. എത്ര മേക്കപ്പ്‌ ചെയ്താലും കരിങ്കുരങ്ങിന്‍റെ വംശപരമ്പരയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ തന്‍റെ രൂപം കണ്ണാടിയില്‍ തെളിയുന്നതുപോലെ വെറുമൊരു കണ്ണാടിച്ചിരി മാത്രമായിരുന്നോ അത്‌. ശിവരാമന്‌ തന്നോടു തന്നെ പുച്ഛം തോന്നി. അപ്പോള്‍ ഉഷയുടെ ചിരിയിലും പുച്ഛം നുരഞ്ഞു. പിന്നീടൊരിക്കലും ശിവരാമന്‍ ഉഷയുടെ മുഖത്തേക്കു നോക്കിയിട്ടില്ല.

എന്നാല്‍ സുഹൃത്തുക്കള്‍ക്കോ, ഉഷ എന്നും പുഞ്ചിരിക്കുന്ന ഒരു സൌഹൃദം മാത്രം.

ബഷീറും ബസ്സിന്‍റെ വശത്തെ കണ്ണാടി പിന്നിലിരിക്കുന്ന ഉഷയെ ലക്ഷ്യമാക്കി തിരിച്ചിട്ടില്ല. ആ കണ്ണാടിച്ചിരി അവനേയും കുഴക്കുന്നുണ്ടെന്നു തീര്‍ച്ച.

പക്ഷേ ഇപ്പോള്‍ ഉഷയുടെ ചിരിയില്‍ കണ്ണു വിടര്‍ത്തുന്നത്‌ അത്ഭുതം. കഴിഞ്ഞ സ്റ്റോപ്പില്‍ നിന്നു കയറിയ ഒരു യുവാവിന്‍റെ മുഖത്ത്‌ ആ കണ്ണാടിച്ചിരി കണ്ടതാണ്‌ ഉഷയെ അത്ഭുതപ്പെടുത്തിയത്‌. ആ ചിരി?? ഉഷ സംശയിച്ചപ്പോള്‍ യുവാവിന്‍റെ മുഖത്തും സംശയം. പിന്നെ അത്‌ കൌതുകമായി, കുശലമായി, സൌഹൃദമായി... വേണ്ട, ഇനി മുന്നോട്ടു പോകണ്ടാ. ആ ചിരിയില്‍ പ്രേമം വിടര്‍ന്നാലോ?

ഉഷ പുറത്തേക്കു നോക്കി. മിന്നി മറയുന്ന വീടുകളും, പാടങ്ങളും, വൃക്ഷങ്ങളും... ബസ്‌ ബൈപ്പാസിലൂടെ പറപറക്കുകയാണ്‌. എതിര്‍വശത്തുനിന്നും കടന്നു പോകുന്ന വാഹങ്ങള്‍ക്ക്‌ രൂപമോ നിറമോ ഒന്നും തന്നെയില്ല. ത്സീം.... ത്സീം.... എന്ന ശബ്ദം മാത്രം. ഉഷക്കല്‍പം പേടി തോന്നി. ഇന്നലെ പത്രത്തില്‍ കണ്ടത്‌... മരണം വാരി വിതറിയ പട്ടിക്കാട്‌ ബസ്സപകടം. തൃശൂര്‍ക്കും പാലക്കാട്ടേക്കുമുള്ള ബസ്സുകള്‍ നേര്‍ക്കുനേര്‍ ഇടിച്ചു തകര്‍ന്ന ചിത്രം. ഉഷ അറിയാതെ മുഖം തിരിച്ചു.

യുവാവിന്‍റെ ചിരിയിലും ഭീതി കൂടുകൂട്ടിയിട്ടുണ്ടോ? മാത്രമല്ല, അയാള്‍ ഇപ്പോള്‍ തന്‍റെ തൊട്ടടുത്തുള്ള സീറ്റിലാണ്‌ ഇരിക്കുന്നത്‌.

ഉഷ ചുറ്റും കണ്ണോടിച്ചു. ഇല്ല, അറിയുന്ന ആരുമില്ല. ശങ്കരിയും രാമന്‍ നായരുമൊക്കെ ഇറങ്ങി പോയിരിക്കുന്നു. ഉഷ മുന്നിലെ സീറ്റിലേക്ക്‌ തല ചായ്ച്ച്‌ കണ്ണുകള്‍ ഇറുക്കിയടച്ചു.

"സ്റ്റാന്‍ഡ്‌... സ്റ്റാന്‍ഡ്‌.... സ്റ്റാന്‍ഡ്‌ ഒക്കെ എറങ്ങ്വാ..." കണ്ടക്ടറുടെ ഉയരുന്ന ശബ്ദം ഉഷയെ ഉണര്‍ത്തി. ഇറങ്ങുമ്പോള്‍ ഉഷ ഭീതിയോടെ ചുറ്റും നോക്കി. ഇല്ല, അയാളെ എങ്ങും കാണുന്നില്ല. ഉഷക്ക്‌ ശ്വാസം നേരെ വീണു.

"ചെട്ടിക്കുളം... ചെട്ടിക്കുളം...." കണ്ടക്ടര്‍ കിടന്നു കാറുകയാണ്‌. ഉഷക്ക്‌ അയാളോടു സഹതാപം തോന്നി. അവസാനിക്കാത്ത ഒരേ യാത്ര. ചെട്ടിക്കുളം... സ്റ്റാന്‍ഡ്‌... ചെട്ടിക്കുളം...

ഉഷ കുട നിവര്‍ത്തി. കുടയ്ക്കു മുകളില്‍ ഉച്ച വെയിലു കത്തി. വാഹനങ്ങളുടെ ഹോറണും ചീറ്റലും... എങ്ങും ബഹളം. ഉഷയുടെ കാലുകളില്‍ ധൃതിയുടെ കടിഞ്ഞാണ്‍ അയഞ്ഞു.

ഇരുമ്പു ഗേറ്റ്‌ തുറക്കുന്ന ശബ്ദം കേട്ട്‌ അമ്മായി വരാന്തയിലേക്കിറങ്ങി വന്നു. താഴത്തെ കൊമ്പില്‍ തൂങ്ങി നില്‍ക്കുന്ന പച്ചമാങ്ങകള്‍ കുടക്കാലുകൊണ്ട്‌ പറിക്കാനുള്ള അമ്മാവന്‍റെ യത്നം തന്നെ കണ്ടതിനുശേഷവും തുടരുകയാണ്‌.

"ദ്‌ ആരാദ്‌!! ഇങ്ങ്ട്ട്ള്ള വഴിയൊക്കെ ഇപ്പ്ളും ഓര്‍മ്മേണ്ടോ?" അമ്മായിയുടെ വാക്കുകളില്‍ അതിശയം, സന്തോഷം, പരിഭവം, അന്വേഷണം, സ്നേഹം എല്ലാം അളവില്ലാതെ തുളുമ്പി.

ഉച്ചയൂണിന്‌ വിഭവങ്ങളേറെയുണ്ടായിരുന്നില്ലെങ്കിലും വാത്സല്യത്തിന്‍റെ രുചി ആവോളം കഴിച്ചു. യാത്രാക്ഷീണം പതുക്കെ ശരീരത്തെ കീഴടക്കിത്തുടങ്ങി. മയക്കം കണ്ണുകളില്‍ തൂങ്ങി.

"മതി നിന്‍റെ വര്‍ത്തമാനം. അവളിത്തിരി നേരം ഉറങ്ങട്ടെ. മീനച്ചൂടിലെ യാത്രയല്ലേ, നല്ല ക്ഷീണം ണ്ട്വാവും." അമ്മാമന്‍ ആഴ്ച്ചപ്പതിപ്പു മറിച്ചു കൊണ്ട്‌ അമ്മായിയെ ശാസിച്ചു.

"തെക്കേ മുറീലും വടക്കേ തളത്തിലും ഒക്കെ ഓരോ സാധനങ്ങളിട്ട്‌ അലങ്കോലായി കിടക്ക്വാ. അച്ഛന്‍റെ മുറീല്‌ വിരിക്കട്ടെ?" എവിടെയെങ്കിലും ഒന്നു നടുനിവര്‍ത്താല്‍ മതി എന്നു തോന്നിയതുകൊണ്ട്‌ ഉഷ അമ്മായിയോട്‌ ഒന്നും പറഞ്ഞില്ല.

"അച്ഛന്‍ മരിച്ചിട്ട്‌ കൊല്ലം തികയാണ്‌ മേടത്തില്‌. അന്നു നിങ്ങളാരും വരാഞ്ഞപ്പോ എഴുതി തള്ളീല്ലേ ന്ന്‌ സങ്കടപ്പെട്ടു. പിന്ന്യേം കൊറേ കഴിഞ്ഞാ അറിഞ്ഞത്‌, ഉഷേടെ അമ്മടെ ഓപ്പറേഷന്‍.. പാവം ഒരുപാട്‌ കഷ്ടപ്പെട്ടോ ആരൂല്ല്യാണ്ടെ?" വിരിപ്പ്‌ മാറ്റി വിരിച്ച്‌ പോകുമ്പോള്‍ അമ്മായിയുടെ കണ്ണ്‌ നനഞ്ഞിരുന്നു.

വാതില്‍ കുറ്റിയിട്ട്‌ ഫാന്‍ മീഡിയത്തിലിട്ട്‌ ഉഷ കിടന്നു. കിടന്നപാടെ ഉറക്കത്തിലേക്ക്‌ ആണ്ടുപോയി.

ഉറക്കത്തിന്‍റെ ആഴങ്ങളില്‍ എവിടെയോ വെച്ച്‌ കറണ്ടു പോയി. ഫാന്‍ നിലച്ചു.

ഞെട്ടി കണ്ണുതുറന്ന ഉഷ ഒരു നടുക്കത്തോടെ കണ്ടു, നടുക്കം പ്രകടമായ ചിരിയുമായി ആ യുവാവ്‌... അവളുടെ കൂടെ അതേ കട്ടിലില്‍...

9 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"ചരല്‍ക്കുന്നു താണ്ടി വളവു തിരിഞ്ഞതും ഉഷയുടെ കണ്ണുകള്‍ പാഞ്ഞു, ആലിന്‍ ചുവട്ടിലേക്ക്‌. ആശ്വാസം. അമല നില്‍ക്കുന്നുണ്ട്‌, തണലത്ത്‌...."

നാരായം സാഹിത്യ മാസികയില്‍ (ഫെബ്രുവരി) വന്ന കഥ വായിക്കുക.

പാമരന്‍ said...

വായിച്ചു..

Unknown said...

നല്ല ഒഴുക്കുള്ള രചന ശൈലി ഒരു നല്ല അസ്വാദനം വായനക്കാരില്‍ ഉണ്ടാക്കുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗുഡ്.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പാമരന്‍: }
അനൂപ്‌ : }
സജീ : } വളരെ നന്ദി.

ഒ.ടോ.
മിന്നാമിനുങ്ങ്‌ (സ്വയം പ്രകാശിക്കുന്ന.... ) കലക്കന്‍ പേര്‌.

Rare Rose said...

ജിതേന്ദ്രന്‍ ജീ..,കഥ വായിച്ചൂ ട്ടാ..തന്റെ കണ്ണാടിച്ചിരിയില്‍ ഭാവങ്ങളെല്ലാം തന്നെ പ്രതിഫലിപ്പിച്ചു കൊണ്ട് ‍നില്‍ക്കുന്ന പെണ്‍കുട്ടി..ഒടുവില്‍ പിന്തുടര്‍ന്നെത്തിയ യുവാവിന്റെ ചിരിയിലും‍ അതേ ഭാവങ്ങള്‍ തെളിയുന്ന കാഴ്ച്ച...വ്യത്യസ്തമായ ഒരു സമീപനം തന്നെ മാഷെ...ആശംസകള്‍..
ഓ.ടോ:-
പുഴയിലെ “വട്ടി” ന്റെ സംശയം മാറീട്ടാ..ഇപ്പോള്‍ ശരിക്കും ആസ്വദിക്കാനായി..:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

അപൂര്‍വ്വ പനിനിര്‍ പൂവേ, നന്ദി

Ranjith chemmad / ചെമ്മാടൻ said...

വായിച്ചു..
ഒരു നല്ല അസ്വാദനം!
All the best

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

രന്‍ജിത്‌
സ്വാഗതം.
ആസ്വദിച്ചെന്നറിഞ്ഞതില്‍ സന്തോഷം. അറിയിച്ചതിനു നന്ദി.