Friday, July 11, 2008

അമ്മിണി

"നിന്‍റെ താളത്തിനൊത്തു തുള്ളാന്‍ ഞാന്‍ നിന്‍റെ ആരാണ്ടാ?"

ഡിക്രൂസിന്‍റെ കനത്ത മൌനം അമ്മിണിയുടെ സഹന പരിധിക്കപ്പുറത്തേക്കു നീളുകയാണ്‌. അവള്‍ തന്‍റെ കനത്ത ചെരിപ്പു ഡിക്രൂസിന്‍റെ കവിളത്ത്‌ ചാര്‍ത്തിക്കൊണ്ട്‌ അതു തന്നെ വീണ്ടും ചോദിച്ചു.

ഡിക്രൂസിന്‍റെ കവിള്‍ത്തടങ്ങള്‍ മാത്രമല്ല, കണ്ണും മൂക്കും നെറ്റിയുമൊക്കെ ചുവന്നിട്ടുണ്ട്‌. എല്ലാം അമ്മിണിയുടെ ചെരിപ്പു മുത്തിച്ചുവപ്പിച്ചതാണ്‌.

ഡിക്രൂസ്‌ അവളുടെ ചോദ്യത്തിനുള്ള ഉത്തരം ആലോചിക്കുകയായിരുന്നു - "ഞാന്‍ ഇവളുടെ ആരാണ്‌?" തന്തയാണെന്ന്‌ പറഞ്ഞാല്‍..? അവളുടെ കൈയിലെ ചെരിപ്പ്‌ എങ്ങിനെ പ്രതികരിക്കും എന്നറിയില്ല.

ഡിക്രൂസിന്‍റെ ചോര കിനിയുന്ന മുഖം കനത്ത മൌനത്തിന്‍റെ മടിയിലേക്കു തൂങ്ങി കിടന്നു. മുഴുവനായി മുന്നോട്ട്‌ നീട്ടി വെച്ച അയാളുടെ കാലുകളിലിരുന്ന്‌ അമ്മിണി ഭേദ്യം തുടരുകയാണ്‌.

"ഓ, തന്തയാണല്ലേ. ആരു പറഞ്ഞിട്ടാ നീ എന്നെ ഉണ്ടാക്കിയത്‌?" ചെരിപ്പു വീണ്ടും തൂങ്ങിക്കിടക്കുന്ന ഡിക്രൂസിന്‍റെ തലയെ ഉലച്ചു.

വിജൃംഭിതമായ ക്ഷോഭത്താല്‍ ഡിക്രൂസ്‌ വിറച്ചു. ഒറ്റപ്പിടുത്തത്തിനു അവളുടെ കഴുത്ത്‌ ഞെരിച്ചു കൊല്ലാന്‍ വെമ്പുകയായിരുന്നു അയാള്‍. പക്ഷേ അയാളുടെ കൈകള്‍ പുറകിലേക്ക്‌ കൂച്ചിക്കെട്ടിയിരുന്നു അമ്മിണി.

"നീ പറയില്ലേടാ?" അമ്മിണിയുടെ കൈയിലെ ചെരിപ്പു വീണ്ടും പൊന്തി. താണു. ഡിക്രൂസിന്‍റെ തൂങ്ങിക്കിടക്കുന്ന മുഖമൊന്നുലഞ്ഞു. ഈളയും ചോരയും കലര്‍ന്ന്‌ മടിയിലേക്കിറ്റി. ഉള്ളതപ്പടി പറഞ്ഞാല്‍ ഒരു പക്ഷേ ഇവള്‍ തന്നെ വിട്ടേക്കുമോ?

"നിന്‍റെ ആലോചന നല്ല വഴിക്കാണ്‌. വേഗം പറയെടാ പട്ടീ. "

ഇവള്‍ക്കു തന്‍റെ മനസിലുള്ളതു പോലും അറിയാന്‍ കഴിയുന്നുണ്ടല്ലോ. പിന്നെന്തിനാ ഈ ഭേദ്യം?

"ഞാന്‍ മാത്രം അറിഞ്ഞാല്‍ പോരല്ലോ. വേറേം നാലാളു അറിയണ്ടേ. പ്രത്യേകിച്ച്‌ നിന്‍റെ പുന്നാര വായനക്കാര്‍. "

'അപ്പോള്‍ അതാണ്‌ നിന്‍റെ ലക്ഷ്യം. എന്നെ വായനക്കാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം. '

"പ്രദര്‍ശിപ്പിക്കുമെഡാ. അതും തുണിയില്ലാതെ" ഡിക്രൂസ്‌ വിയര്‍ത്തൊലിച്ചു.

മേരി ഷെല്ലിയുടെ ഫ്രാങ്കന്‍സ്റ്റയീന്‍ വായിച്ചതിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ന്നു. അതിനേക്കാള്‍ അപകടകരമായി തീര്‍ന്നല്ലോ തന്‍റെ പ്രവര്‍ത്തി എന്നു സ്വയം പരിതപിക്കുകയും ചെയ്തു.

"ഒക്കെ അറിഞ്ഞിട്ടും നീ എന്തിനാടാ ഈ മറ്റേപ്പണിക്ക്‌ ഒരുമ്പെട്ടത്‌?"

എന്തിനായിരുന്നു? പണം? അതോ പ്രശസ്തിയോ? പ്രശസ്തി എന്നു പറയാമോ? നാലാളുടെ മുമ്പില്‍ ഞെളിഞ്ഞു നടക്കാനുള്ള ദുര്‍മോഹം. സ്വല്‍പ്പം കാലുവാരല്‍ തുടങ്ങിയ നമ്പറുകള്‍. ഒക്കെ കൂടെ വരുത്തി വെച്ച വിനയാണിത്‌.

"ഇനിയും കണ്ണു തുറന്ന്‌ ഇരുട്ടു നീക്കാനാവും. "

അമ്മിണി തെല്ലു തളര്‍ന്നുവോ? തല്ലുന്നവനും തളരുമെന്നു എവിടെയാ വായിച്ചത്‌?

"നിന്‍റെ ഒരു പരട്ടു കഥയിലാ"

ഒരു രാത്രി ഉറക്കമിളച്ചിരുന്ന്‌ എഴുതിയ തന്‍റെ കഥയിലേക്കു അമ്മിണി വിളക്കു തെളിക്കുകയാണ്‌.

പെണ്ണും പുള്ളേരുമൊക്കെയായി സുഖമായി കഴിഞ്ഞു കൂടുന്ന കാലം. നിലാവുള്ള ഒരു രാത്രി സ്തംഭിച്ച വയറുമായി പുറത്തേക്ക്‌ ഇരിക്കുമ്പോള്‍ ഓരിയിടാന്‍ ഉത്കടമായ ഒരാശ. അടക്കാനാവാതെ വന്നപ്പോള്‍ ഓരിയിട്ടു, ഉച്ചത്തില്‍. ദൂരെ നീലക്കുന്നുകളില്‍ അവ ചെന്നിടിച്ച്‌ തിരിച്ചു വരുമ്പോള്‍ കൂടെയുണ്ട്‌ കുറെ കുറുക്കന്‍മാര്‍. അതുവരെ കാണാത്തവ. ഒക്കെ കൂടെ തിണ്ണയില്‍ നിരന്നിരുന്ന്‌ ഒരു റിലേ ഓരിയിടല്‍ ആയിരുന്നു പിന്നീട്‌.

സഹികെട്ട കുടുംബം ഓടി അകന്നപ്പോള്‍ ഓരിയിടല്‍ രാവില്‍ നിന്നും പകലിലേക്കും പടര്‍ന്നു. ഒക്കെ കുറുക്കന്‍മാരല്ലേ, ഓരിയിടലിലെ ഓരോ കുതന്ത്രങ്ങളേയ്‌! എത്ര വേഗമാണ്‌ താന്‍ അക്കാര്യത്തില്‍ എല്ലാവരേയും കവച്ചു വെച്ചത്‌! മറ്റു കുറുക്കന്‍മാരുമായി ഒരു വാക്കാല്‍ ഉടമ്പടി ഉണ്ടാക്കി. അല്‍പം കാശിറക്കിയാലും ആദ്യത്തെ ഓരിശ്രീ അവാര്‍ഡ്‌ കൈക്കലാക്കി. പിന്നീടതു നിര്‍ത്തലാക്കാനുള്ള ബുദ്ധി കൂടെ കാണിച്ചതോടെ സാധാ ഡിക്രൂസ്‌ ഓരിശ്രീ ഡിക്രൂസായി മാറി.

അങ്ങിനെ തിളങ്ങി നില്‍ക്കുന്ന കാലത്താണ്‌ മാതൃവാനം പത്രാധിപരുടെ ഫോണ്‍ വരുന്നത്‌. ഓണപ്പതിപ്പിലേക്ക്‌ യുവ ഓരിയിടലിന്‍റെ ഒരു കലക്കന്‍ സാധനം വേണം.

കഥയോ, നോവലോ? ഡിക്രൂസ്‌ ഉഷാറായി.

"എന്തായാലും നല്ല നീളം വേണം. പിന്നെ ഒരു കാര്യം കൂടെ, ഇത്തവണത്തേത്‌ ഒരു സ്പെഷ്യല്‍ ഇഷ്യു ആണ്‌. 'പെണ്ണുങ്ങള്‍ കലിതുള്ളും നൂറ്റാണ്ട്‌ എന്നൊരു പാട്ട്‌ കേട്ടിട്ടില്ലേ. അത്തരത്തിലൊന്ന്‌. "

അങ്ങിനെയാണ്‌ അമ്മിണി പിറക്കുന്നത്‌. ഉണ്ണിയാര്‍ച്ചയെ വെല്ലുന്ന ഉറുമിക്കടകന്‍റെ ലഹരിയില്‍ അമ്മിണി അടിച്ചു കയറുമ്പോള്‍ മാതൃവാനവും ഡിക്രൂസും വാനോളം ഉയരുകയായിരുന്നു. അടിച്ചൊതുക്കല്‍ ഒരു രോഗമായി അവളിലേക്കു പടര്‍ന്നു കയറി. ഡിക്രൂസിന്‌ ഓരിയിടല്‍ എന്നതു പോലെ ഇന്ന്‌ അവളും ഒരു രോഗത്തിനു അടിമയാണ്‌.

കഥാകൃത്തിന്‍റെ രോഗങ്ങള്‍ക്കു മരുന്നുണ്ട്‌, പക്ഷേ കഥാപാത്രത്തിന്‍റെ രോഗത്തിനോ? പക്ഷിപ്പനി പോലെ പക്ഷികളില്‍ ഒതുങ്ങി നില്‍ക്കാതെ മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിലേക്കു അതു കയറി വന്നാലോ? ദൈവമേ, ഓര്‍ക്കാന്‍ തന്നെ വയ്യ!

"അതു ശരി, അപ്പോള്‍ ആ പന്നക്കഴുവേറികള്‍ക്കു വേണ്ടിയാണല്ലേ നീ എന്നെ തല്ലിപ്പടച്ചുണ്ടാക്കിയത്‌. അവര്‍ക്കിട്ടു നാല്‌ താങ്ങിയിട്ടു വരാം. " അമ്മിണി ഒരു കാലിലും ഒരു കൈയിലും ചെരിപ്പുമായി ധൃതിയില്‍ നടന്നു.

13 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"....പക്ഷിപ്പനി പോലെ പക്ഷികളില്‍ ഒതുങ്ങി നില്‍ക്കാതെ മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിലേക്കു അതു കയറി വന്നാലോ? ദൈവമേ, ഓര്‍ക്കാന്‍ തന്നെ വയ്യ!..."

അമ്മിണിയെ ഒന്നു പരിചയപ്പെട്ടോളു. കഥയിലാണെങ്കിലും അല്‍പ്പം സൂക്ഷിച്ചാല്‍ നന്ന്.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഒരു കാര്യം കൂടെ ഇവിടെ പറയണമെന്നു തോന്നുന്നു. പ്രശസ്ത എഴുത്തുകാരി ശ്രീമതി വത്സല നടത്തിയ ഒരു പരാമര്‍ശം (ഫെമിനിസത്തെക്കുറിച്ച്‌) മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ വായിച്ചതാണ്‌ ഈ കഥക്കു പ്രചോദനമായത്‌.

കുഞ്ഞന്‍ said...

ജിതേന്ദ്ര കുമാര്‍..

ഒറ്റ വായനയില്‍ ഒരു അഭിപ്രായം പറയുവാന്‍ പറ്റുന്നില്ല മാഷെ.. എന്നാലും ഒരു തേങ്ങ ഉടക്കുന്നു..ഠേ....

ചര്‍ച്ച ചെയ്യപ്പെടും, തീര്‍ച്ച

സജീവ് കടവനാട് said...

അവളുകേറിയങ്ങു പെരുമാറീട്ടും മാറീല്ല്യോടാ...(ഞാനേതായാലും മുഴുമിപ്പിക്കുന്നില്ല)

കഥകളൊക്കെ ബ്ലോഗില്‍ കേറാന്‍ തുടങ്ങ്യേതോണ്ട് മാതൃവാനത്തെ ഇനിയും ചൂണ്ടുന്നതുശരിയല്ല കേട്ടോ :)

പാമരന്‍ said...

ഒടുക്കം വിജയിക്കുന്നതു 'ഡിക്രൂസ്‌' തന്നെ.. :)

നല്ല കഥ!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കുഞ്ഞന്‍:
തേങ്ങ ഉടഞ്ഞതിന്‍റെ ശബ്ദം കേട്ടാണ്‌ ഞാന്‍ വന്നത്‌. സന്തോഷം.

കിനാവ്‌:
നല്ല രീതിയിലല്ല ചൂണ്ടിയത്‌. സത്യമെന്ന് തോന്നുന്നതും (ബോദ്ധ്യമുള്ളതും) കഥയില്‍ ആവശ്യമെങ്കില്‍ പറയാമെന്നുകരുതുന്നു. വളരെ നന്ദി. വന്നതിലും അഭിപ്രായം പറഞ്ഞതിലും.

പാമരന്‍: കണ്ണ്‍ എപ്പോഴും `വിജയ'ത്തിലാണല്ലേ??

ഭൂമിപുത്രി said...

മാനസപുത്രിയുമായൊരു ഡയലോഗ്-
നല്ലൊരു പാഠഭേദമായി ഇത്.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഭൂമിപുത്രി:
ഞാന്‍ ഉദ്ദേശിക്കാത്ത വേറിട്ട ഒരു കാഴ്ച്ചപ്പാട്‌. ഇവിടെ വന്നതിനും അഭിപ്രായം സൂചിപ്പിച്ചതിനും നന്ദി.

Jayesh/ജയേഷ് said...

കഥകള്‍ ഓരോന്നായി വായിച്ച് തുടങ്ങുന്നു....മഞ്ഞള്ളൂര്‍ ആണല്ലേ.. ഞാന്‍ വിളയനൂര്‍ കാരനാണ്`

ഗുപ്തന്‍ said...

അതെ.. കഥാപാത്രങ്ങളെ പേടിച്ച് ജീവിക്കാനാവാത്ത ഒരവസ്ഥ ഉണ്ടായെന്ന് വരാം :)

ശ്രീ said...

:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഡിലൈല:
നന്ദി.
അതെ, മഞ്ഞളൂര്‍ തന്നെ. വിളയന്നൂരില്‍.. എവിടെ?

ഗുപ്തന്‍:
കഥാപാത്രങ്ങള്‍ ജീവിതത്തിലേക്കു കയറിവന്നാല്‍ സ്ഥിതി കൂടുതല്‍അപകടമായേക്കാം. നന്ദി.

ശ്രീ"
കുറേക്കാലമായി ഒളിവിലാണല്ലോ. എത്തിനോക്കിയതില്‍ സന്തോഷം.

Jayasree Lakshmy Kumar said...

ഭസ്മാസുരൻ കഥ ഓർമ്മ വന്നു. ഓരോ അവസ്ഥകളേ..
നല്ല കഥ