Tuesday, July 22, 2008

കൊഴുത്ത പട്ടിയും ഭ്രാന്തനും പിന്നെ സദാനന്ദനും

സദാനന്ദന്‍ ഓഫീസില്‍ നിന്നിറങ്ങി തുറുക്കനെ നടന്നു. തല അല്‍പം ചരിച്ച്‌. ദൃഷ്ടി കാലടികളില്‍ നിന്നും കഷ്ടിച്ച്‌ മൂന്നടി മുന്നിലേക്കു കേന്ദ്രീകരിച്ച്‌. ഒരു നടത്ത മത്സരത്തിലെന്ന പോലെ വേഗത്തില്‍.

സദാനന്ദന്‍ അങ്ങിനെ വരുന്നതു കാണുമ്പോള്‍ തന്നെ പലരും വശത്തേക്ക്‌ വഴിയൊഴിയും. അങ്ങിനെ ചെയ്യാത്ത ചിലരുമായി അയാള്‍ കൂട്ടിയിടിച്ചിട്ടുണ്ട്‌. ഇടിയേറ്റ ആളുടെ മുഖത്തേക്ക്‌ ഒരു കടുത്ത 'സോറി' വലിച്ചെറിഞ്ഞിട്ട്‌ സദാനന്ദന്‍ നടന്നകലും. കൂടുതല്‍ വേഗത്തില്‍.

ഇനിയൊരു തിരക്കേറിയ പാതയാണ്‌. നഗരത്തിന്‍റെ ഹൃദയത്തിലേക്കുള്ള പ്രധാന പാത. അതിന്‍റെ അങ്ങേ വശത്തുള്ള ബസ്സ്റ്റോപ്പാണ്‌ സദാനന്ദണ്റ്റെ ലക്ഷ്യം. കൊഴുത്തൊഴുകുന്ന വാഹനങ്ങളുടെ നിര മെലിയുന്ന ലക്ഷണമില്ല. വേഗം കുറയുന്നതിന്‍റെയും. അക്ഷമയുടെ സ്റ്റാര്‍ട്ടിംഗ്‌ ബ്ളോക്കില്‍ എത്ര നേരം ഇങ്ങിനെ നില്‍ക്കേണ്ടി വരും?

പെട്ടെന്നതാ ഒരാള്‍ കുത്തിയൊഴുകുന്ന നദിയിലേക്കു സ്പീഡ്‌ ബോട്ടെന്ന പോലെ ചാടി നീങ്ങുന്നു. ഞൊടിയിട ചിന്തിക്കാതെ സദാനന്ദനും അയാളുടെ തൊട്ടു പിന്നിലായി വെച്ചു പിടിച്ചു. മുന്നിലും പിന്നിലും ചീറിക്കടന്നു പോകുന്ന വാഹനങ്ങള്‍ അയാളുടെ മുഖത്തും പുറത്തും ആപത്തിന്‍റെ കാറ്റുതുപ്പിക്കൊണ്ടിരുന്നു. മുന്നില്‍ നടക്കുന്ന ആള്‍ക്ക്‌ നൂല്‍ കോര്‍ത്തിട്ടെന്നപോലെ സദാനന്ദന്‍ തെന്നിച്ചാടിയും നിന്നും ഓടിയും റോഡിനപ്പുറത്തെത്തി ഒരു ദീര്‍ഘശ്വാസം എടുത്തു.

അപ്പോള്‍ മുന്നില്‍ നടന്ന ആള്‍ തിരിഞ്ഞു നിന്നു. വൃത്തികെട്ട താടിയും മുടിയും മൂക്കിണ്റ്റെ ഇടതുവശത്തു ഈച്ചയാര്‍ക്കുന്ന വ്രണവുമുള്ള ആയാള്‍ ഒരു ഭ്രാന്തനാണെന്നു ഏതു ഭ്രാന്തനും എളുപ്പം ഊഹിക്കാം. ഇയാളെ വിശ്വസിച്ചാണല്ലോ താന്‍ ഈ റോഡ്‌ മുറിച്ചു കടന്നതെന്നോര്‍ത്ത്‌ അത്ഭുതപ്പെടുമ്പോള്‍ ഭ്രാന്തന്‍ കൂടുതല്‍ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ സദാനന്ദനോട്‌ പത്തു രൂപ ആവശ്യപ്പെട്ടു.

"പത്തു രൂപയോ!"

"അതെ, വല്ല വാഹനവും ഇടിച്ചിട്ടിരുന്നെങ്കില്‍... വണ്ടി വാടക, ഹോസ്പിറ്റല്‍ ബില്ല്‌ ഒക്കെയായി ചിലവെത്യ്രാവും! അതൊക്കെ ഒഴിവാക്കി തന്നില്ലേ? പത്തു രൂപ കൂടുതലൊന്നുമല്ല. പിന്നെ വിശപ്പടക്കാനല്ലേ എന്നു കരുതൂ"

ഭ്രാന്തന്‍ ആളു കൊള്ളാമല്ലോ. അഞ്ചു രൂപ നീട്ടിക്കൊണ്ട്‌ സദാനന്ദന്‍ സ്റ്റോപ്പിലേക്കു വന്ന ബസിലേക്കു കുതിക്കാന്‍ തുടങ്ങി.

ഭ്രാന്തന്‍ വഴിതടഞ്ഞുകൊണ്ടു പറഞ്ഞു. "എവിടെക്കാ സാറേ ഇങ്ങിനെ ധൃതിപിടിച്ച്‌? ഓഫീസിലേക്കൊന്നുമല്ലല്ലോ. വീട്ടില്‍ ചെന്ന്‌ ടീവിക്കു മുമ്പില്‍ ചടഞ്ഞിരിക്കാനല്ലേ ഈ ഓട്ടം?"

'അപ്പോള്‍ ഇവന്‍ ഭ്രാന്തന്‍ അല്ലേ? പറയുന്നതില്‍ പതിരൊന്നുമില്ലല്ലോ' പത്തു രൂപാ നീട്ടുമ്പോള്‍ പെട്ടെന്നുണ്ടായ ഒരു കൌതുകം സദാനന്ദന്‍റെ ശീലമായിപ്പോയ ധൃതിയുടെ വഴിക്കു കുറുകെ നിന്നു. പിന്നെ ആ കൌതുകം ഭ്രാന്തനെ പിന്തുടര്‍ന്നു.

സ്റ്റാന്‍ഡിനു തൊട്ടടുത്തുള്ള തട്ടു കടയിലേക്കു കയറാതെ അതിനപ്പുറത്തെ കടയില്‍ നിന്നും മുന്തിയ ഒരു പാക്കറ്റ്‌ ബിസ്ക്കറ്റ്‌ വാങ്ങി ഭ്രാന്തന്‍ നടന്നു. തെല്ലു ദൂരം നടന്ന ഭ്രാന്തന്‍ ആക്രിത്തെരുവിലേക്കു കയറി. അഞ്ചാറു തെരുവു പിള്ളേര്‍ അയാള്‍ക്കു ചുറ്റും കൂടി. സ്വന്തം വിശപ്പു വക വെക്കാതെ മറ്റു പിള്ളേര്‍ക്ക്‌ ആഹാരം കൊടുക്കുന്ന ഇയാള്‍ ഭ്രാന്തനല്ല. തീര്‍ച്ച.

സദാനന്ദന്‍റെ ആ ചിന്ത അധികം മുന്നോട്ടു പോയില്ല. അതിനു മുന്‍പേ ഭ്രാന്തന്‍ ബിസ്ക്കറ്റ്‌ പാക്കറ്റ്‌ കുപ്പായത്തിണ്റ്റെ ആഴങ്ങളിലേക്കു പൂഴ്ത്തിവെച്ച്‌ ഒരു ചെക്കന്‍റെ തലക്കു ശക്തിയോടെ കിഴുക്കി. മറ്റൊരുത്തന്‍റെ ചന്തിക്കു ചവുട്ടി. പിള്ളേര്‍ കൂക്കിവിളിച്ചു കൊണ്ട്‌ ചിതറിയോടി. ഇപ്പോള്‍ ഒരു മുഴുത്ത ഭ്രാന്തനെ അയാളില്‍ കാണാം.

ആക്രിത്തെരുവ്‌ അവസാനിക്കുന്നത്‌ സമ്പന്നര്‍ താമസിക്കുന്ന ഭാഗത്തെക്കു നീളുന്ന മറ്റൊരു തെരുവിലേക്കാണ്‌. അങ്ങോട്ട്‌ കയറേണ്ട താമസം, ഒരു തടിച്ചു കൊഴുത്ത പട്ടി കുരച്ചുകൊണ്ട്‌ ചാടിവീണു. സദാനന്ദന്‍ പേടിച്ചു വഴിയൊഴിഞ്ഞു. പട്ടി സദാനന്ദനെ വിട്ട്‌ ഭ്രാന്തനെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. ഒരു പിച്ചക്കാരനേയോ ഭ്രാന്തനേയൊ കണ്ടാല്‍ ഏതു കൊടിച്ചിപ്പട്ടിക്കും ശൌര്യം കൂടുമെന്ന്‌ സദാനന്ദനറിയാം. നിമിഷങ്ങള്‍ക്കകം ആ കൊഴുത്ത പട്ടിയുടെ കൂര്‍ത്തു നീണ്ട പല്ലുകള്‍ ഭ്രാന്തന്‍റെ മെലിഞ്ഞ ശരീരത്തിലേക്കു ആഴ്ന്നിറങ്ങുമെന്നും.

ഭ്രാന്തന്‍റെ അരക്കെട്ടിലേക്കു മുന്‍കാലുകളെടുത്തു വെച്ച പട്ടി, കുതിച്ചുയര്‍ന്നു. പിന്നെ ആര്‍ത്തിയോടെ ചവച്ചിറക്കി, ഒരു ബിസ്ക്കറ്റ്‌. ഭ്രാന്തന്‍ ആകാശത്തിലേക്കു ഉയര്‍ത്തിയിടുന്ന ബിസ്ക്കറ്റുകള്‍ ചാടിപ്പിടിച്ചു തിന്നുന്നതിനിടയില്‍ പട്ടി ഇടയ്ക്കിടെ സദാനന്ദനെ ക്രൂരമായി നോക്കുന്നുണ്ട്‌. 'ബിസ്ക്കറ്റ്‌ തീര്‍ന്നാല്‍ നീയാണെന്‍റെ ലക്ഷ്യം' എന്ന ഭാവത്തില്‍.

സദാനന്ദന്‍ ഓടിച്ചെന്നു കിട്ടിയ ബസില്‍ക്കയറി രക്ഷപ്പെട്ടു.

അടുത്ത ദിവസവും അതേ നേരത്ത്‌ അതേ സ്ഥലത്ത്‌ ഭ്രാന്തന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഇത്തവണ അബദ്ധം പറ്റാതിരിക്കാന്‍ ഭ്രാന്തന്‍ റോഡ്‌ മുറിച്ചു കടന്ന്‌ ഏറെ കഴിഞ്ഞാണ്‌ സദാനന്ദന്‍ അപ്പുറത്തേക്ക്‌ നടന്നത്‌. അവിടെ കാത്തുനിന്നിരുന്ന ഭ്രാന്തന്‍ അന്നും പത്തുരൂപാ ചോദിച്ചു. മര്യാദക്ക്‌ റോഡ്‌ ക്രോസ്‌ ചെയ്യാന്‍ പഠിപ്പിച്ചതിന്‌. റോഡിന്‍റെ വശത്തു നിന്നും പട്ടി തല നീട്ടി കുരച്ചപ്പോള്‍ അറിയാതെ കാശു കൊടുക്കുകയും ചെയ്തു. അന്നും ഭ്രാന്തന്‍ ആ പട്ടിക്കു തീറ്റ കൊടുത്തു.

തന്‍റെ കാശിനു വാങ്ങിയ ബിസ്ക്കറ്റ്‌ തിന്ന്‌ തന്‍റെ നേരെ കുരച്ചു ചാടുന്ന ആ പട്ടിയും അതിനെ തീറ്റിപോറ്റുന്ന ഭ്രാന്തനും സദാനന്ദണ്റ്റെ സാമാന്യ ബുദ്ധിക്കു വഴങ്ങാത്ത രണ്ടു പ്രതിഭാസങ്ങളായി മാറി.

ഇനി ഒരു പൈസ പോലും ആ ഭ്രാന്തനു കൊടുക്കുന്ന പ്രശ്നമില്ല. സദാനന്ദന്‍ തീരുമാനിച്ചുറപ്പിച്ചു.

അന്ന്‌ വൈകുന്നേരം സദാനന്ദന്‍ മറ്റൊരു വഴിയിലൂടെയാണ്‌ ബസ്‌ സ്റ്റോപ്പിലേക്കു നടന്നത്‌. അത്‌ ഏറെ വളഞ്ഞ വഴി ആണെങ്കിലും റോഡ്‌ ക്രോസ്‌ ചെയ്യേണ്ടതില്ല. ഏതാണ്ട്‌ എതിര്‍ദിശയിലുള്ള ഒരു പരിക്രമം.

ഇങ്ങേവശത്തു കൂടെ ബസ്‌ സ്റ്റോപ്പ്‌ എത്താറായപ്പോള്‍ സദാനന്ദന്‍റെ കണ്ണുകള്‍ തെല്ലു ദൂരെ റോഡിനപ്പുറത്തേക്കു പാഞ്ഞു. `ഇല്ല, ഇന്നു ഭ്രാന്തന്‍ അവിടെ കാത്തു നില്‍ക്കുന്നില്ല. '

അറിയാതെ അയാളുടെ കണ്ണുകള്‍ ആക്രിക്കടകള്‍ക്കിടയിലെ വഴിയിലേക്കു തിരിഞ്ഞു. വഴിയുടെ അങ്ങേ തലയ്ക്കലിരിക്കുന്ന ഭ്രാന്തന്‍ കൊഴുത്ത പട്ടിയെ ബിസ്ക്കറ്റു തീറ്റുന്നു. മറ്റാരോ ഇന്നു ഭ്രാന്തന്‍റെ കരുവായിരിക്കുന്നു. കൊഴുത്ത പട്ടി തിന്നു തടിച്ചോട്ടെ. തന്‍റെ കീശ ഭദ്രമായിരുന്നാല്‍ മതി.

ആരോ തോണ്ടി വിളിച്ചപ്പോള്‍ സദാനന്ദന്‍ തിരിഞ്ഞു. കണ്ണട വെച്ച ഒരാള്‍. അതെ, ഭ്രാന്തന്‍ എന്നും ബിസ്ക്കറ്റ്‌ വാങ്ങിക്കാറുള്ള ആ കടയുടെ ഉടമ.

"രൂപാ അന്നന്നു തരുന്നോ, അതോ ശമ്പളദിവസം ഒന്നിച്ചോ?"

"ഏതു രൂപാ?"

"നിങ്ങള്‍ ദിവസവും അയാള്‍ക്കു കൊടുക്കാമെന്നേറ്റിരിക്കുന്ന രൂപാ. അതിനുള്ള ബിസ്ക്കറ്റ്‌ വാങ്ങിക്കൊണ്ടു പോകുമ്പോള്‍ കാശ്‌ നിങ്ങളോട്‌ നേരിട്ട്‌ വാങ്ങിച്ചോളാനാണ്‌ അയാള്‍ പറഞ്ഞിരിക്കുന്നത്‌. "

"ഞാനറിയാതെ ഞാന്‍ ഇയാളുടെ കടക്കാരനായെന്നോ?!"

വക്രിക്കുന്ന അയാളുടെ പുരികത്തിനു താഴെ കണ്ണടയില്‍ തെളിഞ്ഞ തന്‍റെ മുഖം കണ്ട്‌ സദാനന്ദന്‍ ഞെട്ടി. വൃത്തിഹീനമായ നീണ്ട താടിയും മുടിയും വ്രണവും ....

20 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

സദാനന്ദന്‍ ഓഫീസില്‍ നിന്നിറങ്ങി തുറുക്കനെ നടന്നു. തല അല്‍പം ചരിച്ച്‌. ദൃഷ്ടി കാലടികളില്‍ നിന്നും കഷ്ടിച്ച്‌ മൂന്നടി മുന്നിലേക്കു കേന്ദ്രീകരിച്ച്‌. ഒരു നടത്ത മത്സരത്തിലെന്ന പോലെ വേഗത്തില്‍........

Sanal Kumar Sasidharan said...

കഥ നന്നായിട്ടുണ്ട്.

പാമരന്‍ said...

ബൂലോകത്തില്‍ കഥയുടെ പൂക്കാലമാണെന്നു തോന്നുന്നല്ലോ..

മാപ്ല said...

ജിതേന്ദ്രന്‍ ..നല്ല അസ്സലു കഥ......

മാപ്ല

Rare Rose said...

കഥ വായിച്ചു...ശിഖരവേരുകള്‍ കൂടുതല്‍ ആഴങ്ങളിലേക്കാണല്ലോ പോകുന്നത്...കൊഴുത്ത പട്ടിയും..,സദാനന്ദനും ..,ഭ്രാന്തനും പരിചിത മുഖങ്ങളായി മുന്നില്‍ തെളിയുന്നു....:)

പോരാളി said...

കഥ നന്നായിരിക്കുന്നു, തുടരുകയിനിയും

തറവാടി said...

നല്ല കഥ ,

ഒഴുക്കുള്ള എഴുത്ത് :)

നല്ല ഉള്ളടക്കം :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആസ്വദിച്ചു വായിച്ച കഥ.

നന്നായീ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

സനാതന്‍:
നന്ദി

പാമരന്‍:
പൂക്കാലത്തിലേക്കൊരു പൂവായെങ്കില്‍... !സന്തോഷം.

മാര്‍ക്കോസ്‌ മാപ്ള:സ്വാഗതം.
നല്ല വാക്കുകള്‍ക്ക്‌ നന്ദി. - പേരു കണ്ടപ്പോള്‍ പത്മരാജന്‍റെ `അരപ്പട്ട കെട്ടിയ ഗ്രാമ'മാണ്‌ മനസിലേക്കോടിയെത്തിയത്‌. -

അപൂര്‍വ്വ റോസേ, അങ്ങിനെയല്ലേ വേണ്ടത്‌?നന്ദി.

കുഞ്ഞിക്ക:സ്വാഗതം.

തറവാടി:
പ്രിയ:
വളരെ നന്ദി.

ഗുപ്തന്‍ said...

നന്നായി ജിതേന്ദ്രാ :)

ഇടയ്ക്കിടയക്ക് ചില മൃഗയാവിനോദങ്ങള്‍ക്ക് ഉള്ളില്‍ നിന്നാരോ ഇറങ്ങിപ്പോകാറുണ്ട്.

siva // ശിവ said...

നല്ല കഥ...ഒരുപാട് ഇഷ്ടമായി ഭ്രാന്തന്‍ എന്ന ആ കഥാപാത്രം...

reshma said...

നന്നായിട്ടുണ്ട്.

ഹരിത് said...

കൊള്ളാം , ഇഷ്ടമായി.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഗുപ്തന്‍:
ശിവ:
രേഷ്മ:
ഹരിത്‌:
എല്ലാവര്‍ക്കും നന്ദി.
വന്നതിനും അഭിപ്രായം അറിയിച്ചതിനും.

M C JOHN said...

fine good narration write more

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

Dear John,
welcome!
also thanks for the encouragement.

Jayasree Lakshmy Kumar said...

സദാനന്ദനെ നോക്കി മുറുമുറുത്തു കൊണ്ട് ,സദാനന്ദന്റെ കാശു കൊണ്ട് ഏതൊക്കെയോ നായ്ക്കൾ തിന്നു കൊഴുക്കുമ്പോഴും സദാനന്ദൻ കടക്കാരൻ തന്നെ, ഭ്രാന്തനും പലചരക്കുകാരനുമുൾപ്പെടെയുള്ള സദാനന്ദന് അജ്ഞാതമായ ഏതൊക്കെയോ ചങ്ങലക്കണ്ണികളുടെ.

നല്ല ചിന്ത, നല്ല അവതരണം. ഇഷ്ടമായി

കാപ്പിലാന്‍ said...

ആ മൂന്നു കഥാപാത്രങ്ങളും മുന്നില്‍ നില്‍ക്കുന്നതുപോലെയുള്ള ആ എഴുത്തിന്റെ സ്റ്റൈല്‍ എനിക്കിഷ്ടപ്പെട്ടു .വളരെ ഒതുക്കത്തില്‍ ഒരു നല്ല കഥ .ഗുഡ് .

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ലക്ഷ്മി:
കഥയുടെ ആഴങ്ങളിലേക്കു കടക്കുന്ന ഗഹനമായ വായനക്കുവളരെ നന്ദി.

കാപ്പില്‍സ്‌:കഥ ഇഷ്ടപെട്ടെന്നറിഞ്ഞതില്‍ സന്തോഷം. നന്ദി.

d said...

നല്ല കഥ.