Friday, December 26, 2008
ചാട്ടുളി
ഇളവെയിലിലേക്കു ചരിച്ചു പിടിച്ചപ്പോള്‍ താഴെ തെളിവെള്ളത്തില്‍ വെളിച്ച തുണ്ടുകള്‍ വീണു ചിതറി. അതില്‍ പരല്‍മീനുകളുടെ കണ്ണും ചെകിളകളും പൂത്തു തിളങ്ങി.
ആര്‍ക്കു വേണം ഈ പൊടി പരലുകള്‍? വല്ല മൊയ്യോ തിരണ്ടിയോ പൊട്ടക്കുളത്തിന്‍റെ ആഴങ്ങളില്‍ നിന്നും വശങ്ങളിലെ തെളിവെള്ളത്തിലേക്കു കയറി വരാതിരിക്കില്ല. വലിപ്പത്തിനാണല്ലോ പ്രാധാന്യം.
ചാട്ടുളി ശ്രദ്ധയോടെ കുഴലിലേക്കു കയറ്റി. പച്ചമാംസത്തില്‍ അലിഞ്ഞിറങ്ങാന്‍ അതിന്‍റെ അഗ്രങ്ങള്‍ വല്ലാതെ വെമ്പുന്നുണ്ട്. തറച്ച് ഇറങ്ങിയാലും പോരാ. പിടയുന്ന ഇരയുടെ ചോര നുണയണം. അപ്പോള്‍ ഇര പിടഞ്ഞകലാന്‍ ശ്രമിക്കും. വിടാതെ കോര്‍ത്തു പിടിക്കണം. അതിനു വേണ്ടിയാണ് അഗ്രങ്ങള്‍ വളച്ച് ഒരു അമ്പിന്‍റെ തല പോലെ രുപപ്പെടുത്തിയിരിക്കുന്നത്. തറച്ചു കയറുന്നത് ഒരു കൂര്‍പ്പിലാണെങ്കില്‍ ഊരാതെ നോക്കുന്നത് ഇരു കൂര്‍പ്പുകളാണ്. ഒരു തരത്തിലും ഇരയെ രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ. ഓരോ ഇരയുടേയും പ്രാണ നൃത്തങ്ങളുടെ താളക്രമങ്ങള്‍ തീര്‍ത്തും വേറിട്ടതാണ്. അതു നഷ്ടപ്പെടുത്തിക്കൂടാ.
അതാ, മുള്ളന്‍ മീശ ഇളക്കിക്കൊണ്ട് ഒരു തടിയന്‍ ചളിയുടെ വരകള്‍ തീര്‍ത്തുകൊണ്ട് വശങ്ങളിലേക്കു വരണോ വേണ്ടയോ എന്നു സംശയിച്ചുകൊണ്ട് നില്‍ക്കുന്നുണ്ട്. അതിന്‍റെ വാലിട്ടടിയില്‍ തെളിമയകന്ന വെള്ളത്തില്‍ ഇപ്പോള്‍ പരലുകള്‍ പലതും മറഞ്ഞിരിക്കുന്നു. പതുക്കെ പതുക്കെ അതു ആ വശത്തെ ശാന്തമായ തെളിവെള്ളത്തിലെത്തി.
അപകടങ്ങള്‍ കൂടുതലായും ഒളിച്ചിരിക്കുന്നത് അത്തരം സ്ഥലങ്ങളിലാണെന്നു മനുഷ്യനു പോലും അറിഞ്ഞുകൂടാ. അപ്പോള്‍ മീനുകളുടെ കാര്യം പറയാനുണ്ടോ? ശബ്ദിക്കാനും കരയാനും കഴിയാത്ത പാവം മീനുകള്‍. ഒരു പക്ഷേ അവയ്ക്കറിയുമായിരിക്കും, കരഞ്ഞാലും കണ്ണീരൊഴുക്കിയാലും അത് ജലരേഖകളാകുമെന്ന്. എണ്ണം കൂടുന്നിടത്തേക്കും വണ്ണം കുറയുന്നിടത്തേക്കും നിയമം പോലും കണ്ണടയ്ക്കുമെന്നും.
പക്ഷേ ഇപ്പോള്‍ കണ്ണടയ്ക്കാന്‍ വയ്യ. പറ്റാവുന്നത്ര തുറന്നു പിടിച്ചിരിക്കുകയാണ്. കണ്ണുകള്‍ കാണുന്നിടത്തല്ല മീനെന്നു മനസിനറിയാം. വായുവില്‍ നിന്നും വെള്ളത്തിലെത്തുന്ന രശ്മികള്‍ക്കു അല്‍പ്പം ദിശാ പരിവര്‍ത്തനം വരുമെന്നു ശാസ്ത്രം പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് മീന്‍ കുടുതല്‍ ജലോപരിതലത്തിലേക്കു വരുന്നതുവരെ കാത്തിരിക്കുക തന്നെ.
ചൂണ്ടയാണെങ്കില്‍ ഈ പ്രശ്നമില്ല. ഇര കുടുക്കി കൊളുത്ത് താഴേക്കിട്ടാല്‍ മതി. മീന്‍ അതു കണ്ടുപിടിച്ച് തൊണ്ടയിലിട്ടോളം. പിന്നെ മയത്തിലൊന്നു വലിച്ചാല്‍ മതി. തൊണ്ടയില്‍ വേദനയുടെ കൂര്‍ത്ത നഖങ്ങളുള്ള കൈ കൊണ്ടു കുത്തിപ്പിടിച്ചാലെന്ന പോലെ മീന്‍ നാരില്‍ തൂങ്ങിക്കിടന്നു മരണ നൃത്തമാടും. പിന്നെ നിത്യമായ നിദ്രയില്‍ ചലനമറ്റു കിടക്കും. കൈകെട്ടി നിന്ന് മുഖം കാണിച്ചുത്തരുന്നവന്‍റെ കവിളത്തടിക്കുന്ന ആ പണി പരമ ബോറാണ്. മീനിനു വേണ്ടി മീന്‍ പിടിക്കുന്നവര്‍ക്കുള്ളതാണ് ചൂണ്ട. മീന്‍ പിടിക്കാനായി മീന്‍ പിടിക്കുന്നവര്‍ക്കുള്ളതല്ല.
തോക്കാണെങ്കിലും സ്ഥിതി വിഭിന്നമല്ല. ലക്ഷ്യം പിടിക്കുന്ന ഒരു രസമുണ്ട്. പക്ഷേ തോക്കിന്‍റെ ശക്തിയാണ് മീനിലേക്കു കയറുക. അതില്‍ അത് ചിതറിപ്പോകും. അല്ലെങ്കില്‍ത്തന്നെ ഒന്നു പിടയ്ക്കുക പോലും ചെയ്യാതെ മലച്ചു പൊങ്ങും.
ചാട്ടുളിയില്‍ ലക്ഷ്യം കാണുന്നതിന്‍റെ രസമുണ്ട്. തന്‍റെ ശക്തിയാണ് ചാട്ടുളിയുടെ ശക്തി. വേണ്ട പോലെ കൂട്ടാം. കുറയ്ക്കാം. മീനിലേക്കുള്ള ദൂരത്തിനനുസരിച്ച്. ചാട്ടുളിയില്‍ കോര്‍ത്തു കിടക്കുന്ന മീന്‍ നാര് അനുവദിക്കുന്ന ദൂരപരിധിയില്‍ കിടന്നു വെട്ടിപ്പിടയും. തെന്നിപ്പുളയും. അല്‍പ്പമൊന്നുയര്‍ത്തിയാല്‍ ആ പ്രാണപ്പിടച്ചില്‍ കണ്ട് വെള്ളം പോലും ഇളകിച്ചിരിക്കും. പിന്നെ ബക്കറ്റിലെ വെള്ളം ചുവപ്പിച്ചു കൊണ്ട് ഓടിനടക്കുന്ന മീന്‍ ഏതെങ്കിലും വീട്ടമ്മയുടെ കറിക്കത്തിയുടെ മൂര്‍ച്ചയിലോ അലക്കു കല്ലിന്‍റെ കാഠിന്യത്തിലോ ചെന്നേ നിശ്ചലമാകാറുള്ളു. പിന്നീട് ചട്ടിയില്‍ വേവുന്നതും എണ്ണയില്‍ പൊരിയുന്നതും അതു അറിയുകയുമില്ല.
മീന്‍ തീരത്തോടടുത്തിരിക്കുന്നു. ചിരട്ടയില്‍ ശേഖരിച്ച മണ്ണിരയുടെ പാതി നുള്ളി വെള്ളത്തിലിട്ടു. വെള്ളത്തിനടിയിലെ മണ്ണിരപ്പാതിയുടെ നൃത്തത്തിലേക്കു ചാട്ടുളി കൂര്‍ത്ത നോട്ടമുറപ്പിച്ചു. ശ്വാസം ആവതും വലിച്ചു നിന്നു.
മീന്‍ മണ്ണിരയിലേക്കു ഞൊടിയിടയില്‍ ഇരച്ചെത്തും. ഇര വിഴുങ്ങിയ ശേഷമുള്ള ഒരു നിമിഷത്തെ നിശ്ചലത. അപ്പോഴാണ് ചാട്ടുളി ചീറി വീഴുക. മണ്ണിര നൃത്തം നിര്‍ത്തിയേടത്തു നിന്നും മീന്‍ തുടങ്ങും. പ്രകൃതിയുടെ ഈ സിദ്ധാന്തം ശരിയെങ്കില്‍ ഇനി തനിക്കുമൊരു ഊഴമുണ്ടാകുമോ? ആ.. അതൊന്നും ചിന്തിക്കാനുള്ള നേരമല്ല ഇത്. മീന്‍ അതാ ബാണം പോലെ വരുന്നു. ഒന്നല്ല രണ്ടെണ്ണം.
ഏതിനെ ലക്ഷ്യം വെക്കണം?
ഇത്തരം പ്രതിസന്ധി ആദ്യമായിട്ടല്ല. ആദ്യത്തേത് ഇപ്പോഴും ഓര്‍മ്മയുണ്ട്. സ്ക്കൂളിലേക്കു പോകുന്നതിനു മുന്‍പ് ഒരു കോഴിയെ കൊന്ന് അടുക്കളപ്പുറത്തിടുന്നതായിരുന്നു അമ്മച്ചി ഏല്‍പ്പിച്ച ജോലി. രണ്ടു കോഴികളാണ് കൂട്ടില്‍. ഒന്നു ഇന്നത്തെ വിരുന്നുകാരെ സുഖിപ്പിക്കാനുള്ളത്. മറ്റേത് ചേച്ചിയെ കാണാന്‍ അടുത്ത ആഴ്ച്ച വരുന്നവര്‍ക്കുള്ളത്. വെള്ളപ്പൂവന്‍ കൂടിന്‍റെ ഇങ്ങേ തലയ്ക്കലും ചാര നിറമുള്ളത് അങ്ങേ കോണിലും. രണ്ടും ദൈവത്തോടെന്ന പോലെ തന്നോടു തൊണ്ട ഇളക്കി പ്രാര്‍ത്ഥിക്കുന്നുണ്ട്. 'ഞാന്‍ ഒരാഴ്ച്ച കൂടി ജീവിച്ചോട്ടെ'.
ഇവിടെ പ്രാര്‍ഥനയൊന്നുമില്ല. വലിപ്പമാണ് കണ്ണുകളെ ആകര്‍ഷിക്കുന്നത്. വലിയ മീനൊന്നു വെട്ടി വളഞ്ഞു. മണ്ണിരയുടെ നൃത്തം വായും കടന്ന് വയറ്റിലെത്തിയിരിക്കുന്നു. ആ നൃത്തം മീനിന്‍റെ വയറ്റില്‍ച്ചെന്നു കാണാന്‍ ചാട്ടുളിക്കു ധൃതിയേറി. നെഞ്ചിന്‍ കൂടിലെ കൊടുങ്കാറ്റിന്‍റെ ശക്തി ചാട്ടുളിയിലേക്കു കയറി. ഒരു 'ഗ്ളും' ശബ്ദത്തോടെ അതു വെള്ളത്തിലേക്കു ഊളിയിട്ടിറങ്ങി. നാര് ഒന്നു വിറച്ചു. പിന്നെ ശാന്തമായി. കലക്ക വെള്ളത്തില്‍ അനക്കമറ്റു കിടക്കുന്ന നാര് പറയുന്നുണ്ട്, ചാട്ടുളിയുടെ ലക്ഷ്യം പാളിയ കഥ.
വഴുതി മാറുന്ന ഇരകള്‍ എന്നും വേട്ടയുടെ രസം വര്‍ദ്ധിപ്പിക്കാറെ ഉള്ളു എന്ന് ആര്‍ക്കാണറിയാത്തത്?
പക്ഷേ ഇനി ഏറെ കാത്തിരിക്കേണ്ടി വരും. അപകടത്തിന്‍റെ അടയാളങ്ങള്‍ മായണം. കലക്ക വെള്ളം തെളിയണം. അതു വരെ ഇളവെയിലുകൊണ്ട് ആ പാറപ്പുറത്ത് ഇരിക്കാം. കൂടെ ആഴ്ച്ചപ്പതിപ്പിന്‍റെ വാര്‍ഷീക പതിപ്പിനു വേണ്ടി കൊടുക്കാനെന്നേറ്റ ആ ലേഖനം പുര്‍ത്തിയാക്കുകയും ചെയ്യാം.
ലെതര്‍ ബാഗ് തുറന്ന് ഡയറി എടുത്തു. കൂര്‍ത്ത കൊളുത്തുകള്‍ക്കിടയില്‍ നിന്നും കറുത്ത പേനയും.
"കാട്ടിലെ ശാന്തതയിലും കുളിര്‍മ്മയിലും സ്വച്ഛന്ദം വിഹരിക്കുന്ന കാട്ടാനകള്‍ നാട്ടിലിറങ്ങിയാല്‍ ബഹളമുണ്ടാക്കിയും തീ കത്തിച്ചും ഭയപ്പെടുത്തിയാണ് അവയെ കാട്ടിലേക്കു തന്നെ തിരിച്ചോടിക്കാറുള്ളത്. ഇന്ന് ആനകളെ പൊള്ളുന്ന വേലപ്പറമ്പുകളില്‍ വാദ്യമേളങ്ങള്‍ക്കും തീവെട്ടികള്‍ക്കും പടക്കങ്ങള്‍ക്കും ഇടയില്‍ മണിക്കൂറുകള്‍ നിര്‍ത്തുന്നത് ആനകളോടുള്ള കൊടും ക്രൂരത തന്നെയാണ്. വിശേഷ ബുദ്ധിയുണ്ടെന്നു കരുതുന്ന മനുഷ്യര്‍ ഇത്ര ക്രൂരന്‍മാരായിക്കൂടാ. "
എഴുത്തു നിര്‍ത്തി കുളത്തിലേക്ക് ഒന്നു നോക്കി. പിന്നെ പേന പാറപ്പുറത്തിട്ടു ചാടിയിറങ്ങി. ചാട്ടുളി എടുത്ത് തെളിഞ്ഞ വെള്ളത്തില്‍ വീണ്ടും എത്തിയ മീനിനെ ലക്ഷ്യം വെച്ചു.
Wednesday, December 17, 2008
ചെരിപ്പ് (കഥ)
നടന്നു തീര്‍ന്ന ദൂരം സമ്മാനിച്ച ക്ഷീണം കാലുകളില്‍ കനക്കുന്നു. എന്നു വെച്ച് നില്‍ക്കാന്‍ കഴിയില്ല. നടക്കാനുണ്ട് നടന്നതിലുമേറെ. കൂസാതെ നടക്കുക തന്നെ. കാലുകളുടെ ധര്‍മ്മം നടക്കലാണല്ലോ. ആ ധര്‍മ്മം നിറവേറ്റാന്‍ നടന്നുകൊണ്ടേയിരിക്കണം.
എത്രദൂരം? എങ്ങോട്ട്? എവിടെ വരെ? എന്തിന് ? ആാാ.. അതൊന്നും തിരക്കാന്‍ കാലുകള്‍ക്കു അവകാശമില്ല. ചുമ്മാ നടക്കുക. മുന്നോട്ടു മുന്നോട്ടു നടന്നു കൊണ്ടേയിരിക്കുക.
മുന്നില്‍ കാണുന്ന വഴികളില്‍ ഒന്നു തിരഞ്ഞെടുക്കാന്‍ പോലും അവകാശമില്ല. പറയുന്ന വഴികളിലൂടെ തുറുക്കനെ നടക്കുക. പലപ്പോഴും നടക്കാന്‍ വേണ്ടി നടക്കുകയാവും. ഓടിയും നടന്നും അണച്ചണച്ച് തുടങ്ങിയേടത്തുതന്നെ എത്തുമ്പോള്‍ അരിശം തോന്നും. ശരീരം നന്നാക്കാനുള്ള കോപ്രാട്ടിയാണത്രെ. 'ആനപ്പിണ്ടം കണ്ട് അണ്ണാന്‍ മുക്കിയാല്‍' എന്ന ആ പഴയ ചൊല്ലാണ് ഓര്‍മ്മയിലെത്താറ്. മൂക്കു മുട്ടെ തിന്നും കുടിച്ചും മേദസ്സു കൂടുന്നവര്‍ വിശപ്പുണ്ടാവാന്‍ വേണ്ടി രാവിലെ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ ഈ പട്ടിണി ദേഹത്തെ നന്നാക്കാന്‍ വേണ്ടി ചെയ്യുന്നതിന്‍റെ ഔചിത്യം? യുക്തി? പ്രത്യേകിച്ച് കെട്ടിയവളും കുട്ടികളുമൊക്കെയായി കുടുംബം വളര്‍ന്നതോടെ കൃശഗാത്രത്തിലെ വയറിന്‍റെ വളര്‍ച്ച ഉള്ളിലോട്ടു മാത്രമാണ്.
ഉച്ചക്കഞ്ഞിയില്‍ അല്‍പ്പം മിച്ചം വരുന്ന ദിവസങ്ങളില്‍ മാത്രം രാത്രി കൂര്‍ക്കം വലി കേള്‍ക്കാം. അല്ലാത്ത രാത്രികളില്‍ അടുപ്പിലിട്ട് വേവിക്കുന്ന ഗ്യാസിന്‍റെ ശേഖരം പാത്തും പതുങ്ങിയും അലറിയും പായുന്ന ബഹളമാവും പുലരുവോളം. എന്നാലും രാവിലെ എഴുന്നേറ്റാല്‍ കാലുകളോടു കല്‍പ്പിക്കും, ഓടാന്‍. മൊട്ടപ്പറമ്പില്‍ നാലുവട്ടം. കടിത്തൂവ തട്ടി പുകഞ്ഞാലും നില്‍ക്കാനോ ഇരിക്കാനോ സമ്മതമില്ല. എന്തിനു, ഒന്നു ചൊറിയാന്‍ കൈകളെപ്പോലും കിട്ടില്ല. ഓട്ടം തന്നെ ഓട്ടം. നിന്നാല്‍ വ്യായാമത്തിന്‍റെ ഫലം കിട്ടാതെ പോയാലോ. അതാണു പേടിയെന്നറിയാം.
എന്നാല്‍ ഓടുന്ന നേരത്തെങ്കിലും ഈ പരട്ട ലുങ്കിക്കു പകരം ഒരു പാന്‍റ്. ഒരു ഷൂസ്. ങൂ ഹും...
എങ്കിലും സമാധാനിക്കാന്‍ ശ്രമിക്കും. കാലുകളുടെ ധര്‍മ്മം ഓടലും നടക്കലുമല്ലേ. ഫലം ഇച്ഛിക്കരുതെന്നല്ലേ ഗീതോപദേശത്തില്‍പ്പോലും. നടക്കുക തന്നെ.
പക്ഷേ ഇത് എവിടേക്കാണ് ഈ വഴിക്ക്? ചാലുപോലെ വളഞ്ഞു നീളുന്ന വഴിയുടെ പല കക്ഷണങ്ങളും വശങ്ങളിലെ മാലിന്യ കൂമ്പാരങ്ങള്‍ വിഴുങ്ങിയിരിക്കുന്നു. കല്ലും മുള്ളും കുപ്പിച്ചില്ലും ഇഴജന്തുക്കളും ഒക്കെ പതുങ്ങിയിരിക്കുന്ന വൃത്തികെട്ട ഏതോ കുറുക്കു വഴി.
ഇനി ഇതിലൂടെ നടക്കേണ്ട കാലുകളുടെ അവസ്ഥയോ? ചളി തിന്നു കൊഴുത്ത നഖങ്ങള്‍. വിരലുകള്‍ക്കിടയില്‍ ചളിപ്പുണ്ണിന്‍റെ വൃണങ്ങള്‍. കട്ട വിണ്ടു കീറിയ ഉപ്പൂറ്റിയിലെ ചുവന്ന നീറ്റല്‍ വരകള്‍. ആരു ശ്രദ്ധിക്കുന്നു? അല്ല, എന്തിനു ശ്രദ്ധിക്കണം? നടക്കലിനു ഭംഗം വന്നിട്ടില്ലല്ലോ.
ചളിയില്‍ പതുങ്ങിയിരുന്ന ഒരു കുപ്പിച്ചീളു ഉള്ളം കാലിലേക്കു വേദനയുടെ കത്തി കേറ്റി. ഒന്നു വെട്ടി പുളഞ്ഞ ദേഹം തളര്‍ന്ന കാലുകളില്‍ കുന്തിച്ചിരുന്നു. പറിച്ചെടുക്കുമ്പോഴേക്കും ചളിയുടെ ചീള് ചുവന്നിരുന്നു. പിന്നീട് ഒറ്റക്കാലില്‍ വലിച്ചു വലിച്ചു നടന്നു.
മരുന്നും ബാന്‍ഡേജും ഇഞ്ചക്ഷനും. പണം എണ്ണി കൊടുക്കുമ്പോള്‍ പറയുന്നതു കേട്ടു. "കാലിന്‍റെ ക്ഷേമത്തിനായി എന്തു ചെയ്യാനും മടിയില്ല". കേട്ടപ്പോള്‍ ചിരിയാണു വന്നത്. ഒന്നു നടന്നു കിട്ടാന്‍ വേണ്ടി മനസില്ലാമനസോടെ ചെയ്തതാണെന്നു ആര്‍ക്കാ അറിഞ്ഞുകൂടാത്തത്?
അടുത്ത ദിവസം ചെരിപ്പു കടയിലേക്കാണു നടക്കുന്നതെന്നറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഭംഗിയുള്ള എത്രയേറെ ചെരിപ്പുകളാണ് ആ കടയില്‍!
"സൌന്ദര്യ മത്സരത്തിനല്ലല്ലോ പോകുന്നത്. നടക്കാനല്ലേ. അപ്പോള്‍ വേണ്ടത് ഭംഗിയല്ല, ബലവും ഉറപ്പുമാണ്." അത്തരത്തില്‍ ഒന്നിന്‍റെ വില കേട്ട് ഞെട്ടിയതിന്‍റെ പ്രകമ്പനത്തില്‍ കാലുകള്‍ പോലും വിറച്ചു.
ഒടുവില്‍ വില കുറഞ്ഞ ഒന്നെടുത്തിട്ട് കടയുടമ പറഞ്ഞു, "നനയ്ക്കാതെ സൂക്ഷിച്ചാല്‍ ഇതും കുറച്ചു കാലം ഓടും".
ഏതെങ്കിലുമാകട്ടെ, ഒരു ജോഡി കിട്ടിയല്ലോ എന്നു സന്തോഷിച്ചു.
വീണ്ടും കുപ്പിച്ചില്ലും ചളിയും നിറഞ്ഞ വഴിയിലേക്കു കയറുമ്പോള്‍ പഴയപോലെ ഭീതി തോന്നിയില്ല. പക്ഷേ അങ്ങോട്ടു കയറിയതും കൈകളിലേക്കു ആജ്ഞയെത്തി. - "ചെരിപ്പൂരി പിടിച്ചോ, നനഞ്ഞാല്‍ കേടു വരും".
തന്നെ രക്ഷിക്കേണ്ടുന്ന ചെരിപ്പുകളെ പോലും ചുമക്കേണ്ടി വന്ന തന്‍റെ ഭാഗ്യക്കേടിനെ പഴിച്ചു കൊണ്ട് നടക്കുമ്പോള്‍ ഒരു കീറക്കടലാസു കാലില്‍ ഒട്ടി. കൈകള്‍ അതു പറിച്ചെടുക്കുമ്പോള്‍ ചളി പടര്‍ന്ന അതിലെ ചില വരികളിലേക്കു കണ്ണുകള്‍ പതിഞ്ഞു. "ഗവണ്‍മെന്‍റ് ഭീകരവാദത്തെ പരാജയപ്പെടുത്താന്‍ ശക്തമായ നടപടികള്‍ തുടങ്ങി. പാര്‍ലിമെണ്ട് മന്ദിരത്തിന്‍റേയും മന്ത്രിമാരുടേയും സുരക്ഷ കൂടുതല്‍ ശക്തമാക്കി. "
Monday, November 24, 2008
ചായ
എന്നുവെച്ച് കൈയില്‍ കിട്ടിയ പുസ്തകങ്ങളെല്ലാം വലിഞ്ഞുകേറി വായിക്കുന്ന ഒരു വിഢിയുമല്ല വര്‍ഗീസ്. കഥാപുസ്തകങ്ങള്‍ മാത്രമേ വര്‍ഗീസ് വായിക്കാറുള്ളു. ഒരു പുതിയ കഥാപുസ്തകം കൈയിലെത്തിയാല്‍ അതു വായിക്കാന്‍ എങ്ങിനേയും വര്‍ഗീസ് സമയം കണ്ടെത്തും. സ്റ്റേഷനിലെ ജോലിക്കിടയില്‍. പോലീസ് വണ്ടിയിലെ യാത്രക്കിടയില്‍. നെറ്റ് പട്രോളിങ്ങിനിടയില്‍ ഏതെങ്കിലും വിളക്കു കാലിനു കീഴിലിരുന്ന്. എങ്ങിനെയെങ്കിലും അതൊന്നു വായിച്ചു തീര്‍ത്താലേ വര്‍ഗീസിനു ഉറക്കം വരൂ. സ്വൈരം കിട്ടൂ. അല്ലെങ്കില്‍ പോക്കറ്റില്‍ കിടക്കുന്ന മദ്യക്കുപ്പി പോലെ അതു മറ്റു ചിന്തകളെ നിരന്തരം അടിച്ചോടിച്ചുകൊണ്ടിരിക്കും.
നോക്കൂ. ഇപ്പോള്‍ അയാള്‍ ഒരു കഥ വായിക്കുകയാണ്. വിജനമായ ഒരു കുറ്റിക്കാട്ടിലെ റെയില്‍പ്പാളത്തിലിരുന്ന്. തലയറ്റ ഒരു അജ്ഞാത ശവത്തിന്‍റെ രാത്രി കാവലിനാണ് അയാള്‍ അവിടെ എത്തിയിരിക്കുന്നത്. പക്ഷേ പുതിയതായി കൈയിലെത്തിയ കഥാ പുസ്തകത്തിലൂടെ ആ നശിച്ച കാവല്‍ ജോലിയെ ആനന്ദകരമാക്കുവാനുള്ള ശ്രമത്തിലാണ് വര്‍ഗീസ്. മൊബേല്‍ ഫോണിലെ മങ്ങിയ ടോര്‍ച്ച് തെളിച്ചാണു വായന മുന്നേറുന്നത്. ബാറ്ററി കഴിയുന്നതിനു മുന്‍പ് കഥകള്‍ വായിച്ചു തീര്‍ക്കാനുള്ള തത്രപ്പാടിലാണു വര്‍ഗീസ്. കുറഞ്ഞത് അതിലെ നല്ല കഥകളെങ്കിലും.
നല്ല കഥ എങ്ങിനെ തിരിച്ചറിയാം എന്നാണോ സംശയിക്കുന്നത് ? നിങ്ങളുടെ കാര്യം പോകട്ടെ, പല പ്രമുഖ സാഹിത്യ കാരന്‍മാര്‍ക്കു പോലും അതിനു വ്യക്തമായ ഉത്തരമില്ല. ഏതാണ് നല്ല കഥ എന്നു അവര്‍ തമ്മില്‍ തര്‍ക്കിക്കാറുണ്ട്. പ്രത്യേകിച്ച് അവാര്‍ഡ് ഒക്കെ നിര്‍ണ്ണയിക്കേണ്ടി വരുമ്പോള്‍. ഈ കഥയുടെ ആഖ്യാന സവിശേഷത കണ്ടോ! ഇതിലെ പ്രമേയം കണ്ടോ! ഇതിണ്റ്റെ ക്രാഫ്റ്റ് കണ്ടോ! അവതരണം കണ്ടോ! ചിന്തയുടെ വ്യക്തത കണ്ടോ! ഒഴുക്കു കണ്ടോ! ... ഇത്തരം ആശയക്കുഴപ്പങ്ങളൊന്നും ഇക്കാര്യത്തില്‍ വര്‍ഗീസിനില്ല. വളരെ വ്യക്തമായ, ലളിതമായ കാഴ്ച്ചപ്പാടാണ് വര്‍ഗീസിന്‍റേത്. 'വര്‍ഗീസിനു ഇഷ്ടമാവുന്ന കഥ നല്ല കഥ. അല്ലാത്തത് ചവറ്. '
നല്ല കഥകള്‍ വര്‍ഗീസ് സൂക്ഷിക്കും. വീണ്ടും വായിക്കാനായി അലമാറയില്‍ കയറ്റാന്‍. ചവറ് കഥകളും സൂക്ഷിക്കും. ബീഡി കൊളുത്താനും കള്ളു നിരത്താനും തൂവിപ്പോകുന്ന ചായ തുടയ്ക്കാനുമൊക്കെ.
ചായയുടെ കാര്യത്തിലും വര്‍ഗീസിനു ഇതേ അഭിപ്രായമാണുള്ളത്. ലൈറ്റ്, സ്ട്രോങ്ങ്, കട്ടന്‍, സുലൈമാനി, ഇഞ്ചിച്ചായ തുടങ്ങി ഒട്ടേറെ തരം ചായകള്‍ ഉണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ. പക്ഷേ പൊതുവേ ചായ എന്നു പറയുന്നത് ചായപ്പൊടി, പഞ്ചസാര, പാല്, വെള്ളം എന്നിവയുടെ ചൂടുള്ള മിശ്രിതമാണ്. പ്രമേഹത്തിന്‍റെ ശല്യമുള്ളവര്‍ പൊതുവേ പഞ്ചസാര ഒഴിവാക്കാറുണ്ട്. ഉറക്കം വരാതിരിക്കാന്‍ പാലൊഴിവാക്കി നാരങ്ങാനീരൊഴിച്ച് സുലൈമാനി ചായ കുടിക്കുന്നവരുമുണ്ട്. ചിലരാകട്ടെ ഇഞ്ചി നീരു ചേര്‍ത്തി ദഹനം ശരിയാക്കാനും ചായയെ ഉപയോഗിക്കാറുണ്ട്. ഇത്തരം ചായകളൊക്കെ കഷായങ്ങളുടെ വകഭേദങ്ങളാണെന്ന് വര്‍ഗീസ് ഉറച്ചു വിശ്വസിക്കുന്നു.
പാലും പഞ്ചസാരയും ചായപ്പൊടിയും വെള്ളവുമൊക്കെ അളന്നൊഴിച്ച് വാച്ചുനോക്കി ഒരു കൃത്യസമയം തിളപ്പിച്ചാലും പലപ്പോഴും നല്ല ചായ ആവാറില്ല. എന്നാല്‍ ഇങ്ങിനെയൊന്നും ചെയ്യാതെ തന്നെ ബഷീര്‍ നല്ല ചായ ഉണ്ടാക്കാറുണ്ട്. തവികൊണ്ട് അല്‍പ്പം പാലൊഴിച്ച് ലേശം ചായപ്പൊടിയും പഞ്ചസാരയും കോരിയിട്ട് സമോവറിലെ തിളച്ചവെള്ളം പകര്‍ന്ന് കൈകള്‍ ആകാവുന്നതും അകറ്റി രണ്ടു തവണ വീശും. ഒരു പാമ്പിനെപ്പോലെ ചായ കുപ്പിഗ്ളാസിലേക്കു കയറും. പതയില്‍ പൊതിഞ്ഞ ആ ചായ ഡസ്ക്കിലേക്ക് ഇടിച്ചിറങ്ങും. അതൊന്നു മൊത്തുമ്പോള്‍ത്തന്നെ വര്‍ഗീസ് അറിയാതെ പറഞ്ഞുപോകും, "ഹായ്! നല്ല ചായ!".
കുടിക്കുമ്പോള്‍ അങ്ങിനെ തോന്നാത്ത ചായകളൊക്കെ വര്‍ഗീസിനെ സംബന്ധിച്ചിടത്തോളം ഇറവെള്ളം മാത്രം.
എല്ലാ ചായക്കടകളിലും ഇങ്ങിനെയൊക്കെത്തന്നെയാണ് ചായ ഉണ്ടാക്കുന്നത്. എന്നാല്‍ ഉപയോഗിച്ച അതേ ചായപ്പൊടി കൊണ്ടുതന്നെ പാലിന്‍റേയും പഞ്ചസാരയുടേയും അളവു കൂട്ടിയും കുറച്ചും എത്രയേറെ ചായകളുണ്ടാക്കാമെന്ന ഗവേഷണത്തിലേര്‍പ്പിട്ടിരിക്കുന്ന പപ്പനാവന്‍റേയോ വാസു അണ്ണന്‍റേയോ അദ്രു ഇകാക്കയുടേയോ ചായക്കടകളില്‍ നിന്നും പത്തോ ഇരുപതോ ചായ കുടിച്ചാലും ചിലപ്പോള്‍ ഒരു തവണ പോലും "ഹായ്" എന്നു പറഞ്ഞെന്നു വരില്ല.
ഇതൊന്നുമല്ലാതെയും ഒരു തവണ ചായ കുടിച്ച് ശേഷം "ഹായ്!" എന്നു പറഞ്ഞിട്ടുണ്ട് വര്‍ഗീസ്. ആദിവാസി പെണ്ണിന്‍റെ മരണം പീഡനം കൊണ്ടാണെന്നു ആരോപണം ഉയര്‍ന്നപ്പോള്‍ അതു അന്വേഷിക്കാന്‍ മല കയറിയ ദിവസം. അന്തിയോളം ആഹാരവും വെള്ളവുമില്ലാതെ ആദിവാസി കോളനിയില്‍ അലഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ ജീപ്പു കേടായി. പിന്നെ നടന്നു അടിവാരത്തിലെത്തുമ്പോഴേക്കും ഏറെ ഇരുട്ടിയിരുന്നു. വിശപ്പും ദാഹവും തളര്‍ച്ചയും ശരീരത്തെ ഉലച്ചിരുന്നു. ഒരു ഗ്ളാസ് വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കില്‍!
വിളക്കു കണ്ട വീട്ടിലേക്കു വലിഞ്ഞു കയറി. ഒരു വൃദ്ധയും മകളും മാത്രമാണ് അവിടെയുണ്ടായിരുന്നത്. പോലീസിനെ കണ്ടു അവര്‍ വിരണ്ടു പോയിരുന്നു. കാര്യം പറഞ്ഞപ്പോള്‍ വെള്ളം മാത്രമല്ല, ഒരു കട്ടന്‍ ചായയും കിട്ടി. ഞണുങ്ങിയ സ്റ്റീല്‍ ഗ്ളാസില്‍ നിന്നും പുകചുറ്റിയ ശര്‍ക്കരയുടെ ആവി ഉയരുന്നുണ്ടായിരുന്നു. വലിച്ചു കുടിച്ചപ്പോള്‍ തളര്‍ന്ന ശരീരം അറിയാതെ പറഞ്ഞുപോയി, "ഹായ്!".
അന്നാണ് വര്‍ഗീസിനു മനസിലായത് ചായ നന്നാകുന്നത് ചായയുടെ ഗുണം കൊണ്ടു മാത്രമല്ല, കുടിക്കുന്നവന്‍റെ ശാരീരികവും മാനസികവുമായ അവസ്ഥകള്‍ക്കും അതില്‍ ഒരു പ്രധാന പങ്കുണ്ടെന്ന്.
മൊബൈല്‍ ഫോണ്‍ അണഞ്ഞു. ഇനി നേരം വെളുത്താലേ അടുത്ത കഥ വായിക്കാന്‍ കഴിയൂ. അതുവരെ എന്തു ചെയ്യും? കഥ വായിക്കാതെ ഉറക്കവും വരില്ല. ഒരു ചായ കിട്ടിയിരുന്നെങ്കില്‍!
പാതി ചന്ദ്രന്‍ ആകാശത്തു നിന്നും അപ്രത്യക്ഷമായി. കിഴക്ക് സൂര്യന്‍റെ തുടുത്ത മുഖം പുഞ്ചിരിച്ചു. ഒരു പോലീസ് ജീപ്പ് കിതച്ചുകൊണ്ട് കുറ്റിക്കാട്ടിലെത്തി. ജീപ്പില്‍ നിന്നിറങ്ങിയ ഇന്‍സ്പെക്ടര്‍ക്ക് വര്‍ഗീസ് ഒരു ഉശിരന്‍ സല്യൂട്ട് അടിച്ചു. ഇന്‍സ്പെക്ടറുടെ മുന്നിലേക്കു കയറിനിന്നു പോലീസ് പട്ടി സല്യൂട്ട് ഏറ്റു വാങ്ങി. പിന്നെ ജഢത്തിന്‍റെ മണം പിടിച്ച ശേഷം ജീപ്പു നില്‍ക്കുന്നതിനു എതിര്‍ വശത്തേക്കു ഓടി. തൊട്ടാവാടിയും നായ്ക്കുരണയും വകവെക്കാതെ വര്‍ഗീസ് പട്ടിയുടെ പുറകേ വെച്ചു പിടിച്ചു.
പിന്നെ തോട്ടുപാലം കടന്ന് പാടവരമ്പത്തുകൂടെ. ഇത് എവിടേയ്ക്കാണ് പട്ടി ഇങ്ങിനെ അണച്ചുകൊണ്ടോടുന്നത്? ഈ പാടം കടന്നാല്‍ ചാത്തുക്കുട്ടിയുടെ ഷാപ്പു മാത്രമേ ഉള്ളു. അപ്പോള്‍ ആ കള്ളുഷാപ്പിനു ഈ കൊലപാതകവുമായി എന്തോ ബന്ധമുണ്ടെന്നുറപ്പ്. വര്‍ഗീസിന്‍റെ കുറ്റാന്വേഷണകണ്ണുകള്‍ ചുളിഞ്ഞു.
ഷാപ്പിനെ പട്ടി ഒന്നു വലം വെച്ചു. അകത്ത് ആരെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടാകുമോ? അതോ ചാത്തുക്കുട്ടിയുടെ വീട്ടിലേക്കുള്ള വഴി തിരയുകയാണോ പട്ടി. ചാരിയിട്ട വാതില്‍ മൂക്കു കൊണ്ട് ഉന്തിമാറ്റി പട്ടി ഷാപ്പിനകത്തേക്കു കയറി. ഷാപ്പിനകത്ത് ഒളിഞ്ഞിരിക്കുന്ന ഒരുപാട് രഹസ്യങ്ങളിലേക്കാണോ പട്ടി നുഴഞ്ഞു കയറുന്നത്? നിരത്തിയിട്ട കന്നാസുകള്‍ക്കിടയിലൂടെ മണത്തു മണത്തു പട്ടി ഷാപ്പിന്‍റെ പുറകിലെ പറമ്പിലെത്തി. ഷാപ്പില്‍ നിന്നെറിയുന്ന എച്ചിലുകള്‍ വളമാക്കി കൊഴുത്തു വളര്‍ന്ന തകരച്ചെടികള്‍ക്കിടയില്‍ നിന്നും എന്തോ കടിച്ചെടുത്ത് പട്ടി തുറുക്കനെ പടിഞ്ഞാറോട്ട് വെച്ചു പിടിച്ചു. വര്‍ഗീസും ഓട്ടം വേഗത്തിലാക്കി. എന്താണ് പട്ടി കടിച്ചെടുത്തിരിക്കുന്നത്?
മാലിന്യം അടിഞ്ഞുകൂടിയ ആ പറമ്പിലൂടെ ഓടി പട്ടിക്കൊപ്പം എത്തുക വിഷമമായിരുന്നു. ഒപ്പമെത്താതെ അറിയുകയുമില്ല, പട്ടിയുടെ വായിലെന്താണെന്ന്. പറമ്പില്‍ നിന്നും വെട്ടുവഴിയിലേക്കുള്ള കലുങ്കു ചാടിക്കയറുമ്പോള്‍ പട്ടിയുടെ കടി വഴുതി. ഒരു എല്ലിന്‍തുണ്ട് കലുങ്കിണ്റ്റെ വശത്തുകൂടെ ഉരുണ്ട് കഴായില്‍ വീണു. കള്ളുകുടിയന്‍മാര്‍ വലിച്ചെറിഞ്ഞ ഒരു എല്ലിന്‍ കക്ഷണം!
ഒരു നിമിഷം സംശയിച്ച വര്‍ഗീസിന്‍റെ കുറ്റാന്വേഷണ ബുദ്ധി ഓര്‍മ്മിച്ചു, ജഢത്തിണ്റ്റെ അറ്റുപോയ ഇടതു കൈപ്പത്തി! കഴായിലിറങ്ങി പരതാന്‍ നേരമില്ല. പട്ടി വെട്ടുവഴിയിലൂടെ തുറുക്കനെ പായുകയാണ്.
വഴിയോരത്തു കിടക്കുന്ന ഒരു കടലാസ് പൊതി. ആരുടേയോ കൈയില്‍ നിന്നും വീണുപോയതെന്നു തോന്നിപ്പിക്കുന്ന ഒരു കടലാസ് പൊതി. പട്ടി മൂക്കുകൊണ്ട് അതു തിരിച്ചിട്ടു. കീറക്കടലാസില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുകയാണ് പുതിയ അമേരിക്കന്‍ പ്രസിഡന്‍ഡ്. അദ്ദേഹവും ഈ കൊലപാതകവും! പട്ടി എന്തിലേക്കാണു മൂക്ക് ചൂണ്ടുന്നത്? ഇനി ഇതുമായി ബന്ധപ്പെട്ട് വല്ല വാതുവെപ്പും? ക്രിക്കറ്റ് മത്സരങ്ങള്‍ കുറഞ്ഞ കാലമായതുകൊണ്ട് വാതുവെപ്പ് പുതിയ മേഖലകളിലേക്കു കയറിയോ?
പട്ടി കടലാസ് പൊതി കടിച്ചു കുടഞ്ഞു. ഒരു ഉണക്കമീന്‍ പൊതിയില്‍ നിന്നും തെറിച്ചു വീണു. അതും കടിച്ചെടുത്തു പട്ടി കിഴക്കോട്ടേക്ക് ഓടി. കരുവാന്‍ തറയിലേക്കുള്ള ഇടവഴിയില്‍ വെച്ച് പട്ടി ആ മീന്‍തല കറുമുറെ തിന്നു. വര്‍ഗീസിനു ഒരു പിടിയും കിട്ടുന്നില്ല. കരുവാന്‍ തറയുടെ അങ്ങേ അറ്റത്തുള്ള ഒരു വലിയ വീടാണ് ചാത്തുക്കുട്ടിയുടെ. ഒരു പക്ഷേ പട്ടി ഇനി അങ്ങോട്ടാണോ വെച്ചുപിടിക്കുന്നത്?
വര്‍ഗീസിന്‍റെ കണക്കു കൂട്ടല്‍ വീണ്ടും തെറ്റി. പട്ടി ഇങ്ങേ വശത്തുള്ള ഒരു ചെറ്റപ്പുരയുടെ അടുക്കള ചായ്പ്പിലേക്കു കയറി. അവിടെ വെച്ചിരുന്ന പഴങ്കഞ്ഞി പാത്രത്തിലേക്കു പട്ടി തലയിടാന്‍ ശ്രമിച്ചപ്പോള്‍ വീട്ടമ്മ പട്ടിയെ ചൂലുകൊണ്ട് മയമില്ലാതെ താങ്ങി.
"പട്ടിക്കു പെട്ടെന്നു എന്തേ ഇത്ര ആര്‍ത്തി കയറാന്‍? അതു പട്ടിണിയൊന്നും ആയിരുന്നില്ലല്ലോ." വര്‍ഗീസിന്‍റെ ചിന്തകള്‍ കുഴഞ്ഞു മറിഞ്ഞു.
ഇബ്രാഹിം റാവുത്തരുടെ ഇറച്ചിക്കട. ശാന്തകുമാരന്‍റെ നഴ്സറി സ്ക്കൂള്. മനോഹരന്‍റെ തയ്യല്‍ക്കട. തങ്കപ്പന്‍ നായരുടെ കറ്റക്കളം. തേരാ പാരാ ഓടിനടന്ന പട്ടി ഒടുവില്‍ കുറ്റിക്കാട്ടില്‍ തിരിച്ചെത്തി. പുറകേ തളര്‍ന്ന കാലുകളോടെ വര്‍ഗീസും.
പാളത്തിലിരുന്ന് സിഗററ്റ് വലിക്കുന്ന ഇന്‍സ്പെക്ടറോട് വര്‍ഗീസ് ചോദിച്ചു. "സാറെന്തേ പട്ടിയെ പിന്തുടരുന്നില്ല!"
“ജീപ്പില്‍ നിന്നിറങ്ങി ഈ കുറ്റിക്കാട്ടിലെത്തുമ്പോഴേക്കും എനിക്കു മനസിലായിക്കഴിഞ്ഞിരുന്നു, പട്ടിക്കു പേയാണെന്ന്. 'എവിടെയെങ്കിലും പോയി ചത്തോട്ടേ' ന്ന് കരുതീട്ടാ തുടലൂരി വിട്ടത്. അപ്പോഴാ ഞാന്‍ കണ്ടത് താനതിണ്റ്റെ പുറകേ വെച്ചു പിടിക്കുന്നത്. താനും പട്ടിയെ അതിണ്റ്റെ പാട്ടിനു വിട്ടിട്ട് പെട്ടെന്നു തിരിച്ചു വരുമെന്നാ കരുതിയത്. "
അരിശത്തോടെ വര്‍ഗീസ് നോക്കുമ്പോള്‍ പട്ടി പാളത്തിലൂടെ പായുകയാണ്, ഒരു ചരക്കു തീവണ്ടിക്കു പിന്നാലെ.
ഒന്നു നടു നിവര്‍ത്താനായി കഥാ പുസ്തകത്തിന്‍റെ ഏടുകള്‍ പറിച്ചു വിരിക്കുമ്പോള്‍ വര്‍ഗീസ് അമര്‍ഷത്തോടെ പറഞ്ഞു - "ചവറ്"
Saturday, October 18, 2008
ട്രൂത്ത് സെറം (കഥ)
ശബ്ദമില്ലാതെ കറങ്ങുന്ന പങ്കയുടെ കാറ്റിനൊത്ത് അളകങ്ങളിളകുന്നതും ശ്വാസം ആ സുന്ദരശരീരത്തിലേക്കു തിരകളായി കയറുന്നതും ഇറങ്ങുന്നതും നോക്കിക്കൊണ്ട് തെല്ലുനേരം അങ്ങിനെ കിടന്നു സതീഷ്. ഇഞ്ചുകളകലെ. അതേ കട്ടിലില്‍. വിവസ്ത്രനായി.
അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്; എപ്പോഴോ ഒരു വശത്തേക്കു തെന്നിമാറിയ അവളുടെ തലയിണ. വലിയ ഇതളുകളുള്ള ഏതോ കാട്ടു പൂക്കളുടെ ചിത്രങ്ങളുള്ളത്. സതീഷ് അത് കൈയെത്തി എടുത്തു. പഞ്ഞിയേക്കാള്‍ മൃദുലമായ തലയിണ. വായുവിനോളം ഭാരമില്ലാത്തതും.
പതുക്കെ, അവള്‍ ഉണരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച്, ആ തലയിണ അവളുടെ മുഖത്തിനു കുറുകെ വെച്ചു. പിന്നെ രതിമൂര്‍ച്ഛയിലെന്നോണം ആ തലയിണയെ അമിതമായ ശക്തിയില്‍ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേര്‍ത്തു. മേഘയുടെ സ്നിഗ്ദ്ധമായ ശരീരം വലിഞ്ഞു മുറുകുന്നതും വന്യമായി പിടയുന്നതും സതീഷിന്‍റെ നഗ്നമായ ഉടല്‍ അറിയുന്നുണ്ട്. തലയിണയ്ക്കകത്തെ പഞ്ഞി പോലെ തന്‍റെ പിടിയില്‍ അമര്‍ന്നു കിടക്കുന്ന മരണത്തിന്‍റെ സാന്നിദ്ധ്യം മനസൂം.
തിരയിളക്കം നിലച്ചെന്നുറപ്പായപ്പോള്‍ സതീഷ് പിടി അയച്ചു. തലയിണ മാറ്റി. തുറിച്ച കാഴ്ച്ചകളെ തഴുകിയടച്ചു. കോടിയ ചുണ്ടുകളെ പരമാവധി സ്വാഭാവികമാക്കി. പിന്നെ ജനലിനടുത്തേക്കു നടന്നു. ഒരു സിഗററ്റിനു തീ കൊടുത്ത് ജനല്‍ കര്‍ട്ടണ്‍ വകഞ്ഞു മാറ്റി. സൂര്യന്‍ അകത്തേക്കു താണു നോക്കുന്നുണ്ട്, ചില്ലു ജാലകത്തിലൂടെ. തെല്ലകലെയിരിക്കുന്ന ഒരു കാക്ക ഇടം കണ്ണിട്ടും. ഝടുതിയില്‍ കര്‍ട്ടണ്‍ വലിച്ചടച്ചു കട്ടിലില്‍ ചെന്നിരുന്നു.
ദൂരെയുള്ള പ്രധാന പാതയിലൂടെ സൈറണ്‍ മുഴക്കിക്കൊണ്ടൊരു വാഹനം പാഞ്ഞകലുന്നതിന്‍റെ നേര്‍ത്ത ശബ്ദം കേള്‍ക്കുന്നുണ്ട്. ഏതെങ്കിലും മന്ത്രിയുടെ പരാക്രമം പിടിച്ച പാച്ചിലാകാം. ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള ആംബുലന്‍സിന്‍റെ നെട്ടോട്ടമാകാം. അഗ്നിയുടെ ഒടുങ്ങാത്ത ദാഹത്തിലേക്കു വെള്ളവുമായി കുതിക്കുന്ന അഗ്നിശമന വാഹനമാകാം. അല്ലെങ്കില്‍ ഏതെങ്കിലും പോലീസുകാര്‍ തിരക്കിട്ടു ചായകുടിക്കാന്‍ പോകുന്നതുമാകാം.
"സൂര്യന്‍ പതിവിലേറെ ജ്വലിക്കുന്നതുകൊണ്ടാണോ താന്‍ ഇത്രയധികം വിയര്‍ക്കുന്നത്? അതോ ഈ സൈറണ്‍ കേട്ടിട്ടോ? ഇത്രയേ ഉള്ളോ തന്‍റെ മനക്കരുത്ത്?" സ്വയം കളിയാക്കിക്കൊണ്ട് പിരിമുറുക്കം അയക്കാനുള്ള ശ്രമത്തിലാണ് സതീഷ്.
ഏറെ ദിവസമായി പിരിമുറുക്കത്തിന്‍റെ പിടിയിലാണ് സതീഷ്. കൃത്യമായി പറഞ്ഞാല്‍ ഈ കൊലപാതകം പദ്ധതിയിട്ട അന്നു മുതല്‍ത്തന്നെ. അതിനു പ്രധാന കാരണം എന്നോ എവിടെയോ വായിച്ച ചില വരികളാണ്. 'എത്രയേറെ ശ്രദ്ധിച്ചാലും കൊലപാതകത്തില്‍ ഒരടയാളം അവശേഷിക്കും. അതു കുറ്റവാളിയിലേക്കെത്താനുള്ള വഴികള്‍ തുറന്നിടും.' മറവിയുടെ കൂട തുറന്ന് ഇടയ്ക്കിടെ ഫണം വിരിച്ചാടുന്ന ആ വരികളാണ് സതീഷിന്‍റെ പിരിമുറുക്കത്തിനു പ്രധാന കാരണം.
അതുകൊണ്ടു മാത്രമാണ് സതീഷ് കഴിഞ്ഞ കുറേ നാളായി ഇത്രയേറെ തയ്യാറെടുപ്പുകളില്‍ മുഴുകിയത്.
മേഘയുമായി ഫോണിലൂടെയുള്ള ബന്ധപ്പെടല്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. തന്‍റെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു. മേഘയുടെ മൊബൈല്‍ ഫോണ്‍ ചുളുവില്‍ കവര്‍ന്നെടുത്ത് കൊഴുത്തൊഴുകുന്ന ഓടയിലേക്കു വലിച്ചെറിഞ്ഞു. കണ്ടുമുട്ടലുകള്‍ പരമാവധി കുറച്ചു. എന്തിന് കൃത്യം നടത്താനായി ഈ വീട് തിരഞ്ഞെടുത്തതു പോലും ആ തയ്യാറെടുപ്പിന്‍റെ ഭാഗമായിട്ടായിരുന്നു.
ഭാസ്ക്കറിന്‍റേയാണ് ഈ വീട്. മാസത്തില്‍ പത്തിരുപത് ദിവസവും പുറം യാത്ര വേണ്ടിവരുന്ന ജോലിയാണ് ഭാസ്ക്കറിന്‍റേത്. അങ്ങിനെ വീടുവിട്ടു പുറത്ത് പോകുമ്പോള്‍ സതീഷിന്‍റെ വീട്ടുവേലക്കാരനെ കൊണ്ട് ഒരു പൊടിതട്ടല്‍, അടിച്ചുവാരല്‍, ചട്ടികളിലെ ചെടികള്‍ക്ക് അല്‍പ്പം വെള്ളം... ഇതിനൊക്കെ വേണ്ടിയാണ് ഭാസ്ക്കര്‍ വീടിന്‍റെ ഒരു താക്കോല്‍ തന്‍റെ സഹപ്രവര്‍ത്തകനും ഏറെ ദൂരെയല്ലാതെ താമസിക്കുകയും ചെയ്യുന്ന സതീഷിനെ ഏല്‍പ്പിച്ചത്. ഉള്ളില്‍ നിന്നും പുറത്തുനിന്നും പൂട്ടുകയും തുറക്കുകയും ചെയ്യാവുന്ന തരത്തില്‍ മുന്‍വാതിലില്‍ ഘടിപ്പിച്ചിട്ടുള്ള പൂട്ട് ഇതിനു വലിയൊരു സൌകര്യമാവുകയും ചെയ്തു.
പിന്നീട് ഭാസ്ക്കര്‍ സ്വന്തമായി ബിസിനസ് ചെയ്തു തുടങ്ങി. അതോടെ അയാളുടെ യാത്രകളുടെ എണ്ണവും ദൈര്‍ഘ്യവും വര്‍ദ്ധിച്ചു. സതീഷും കൂടെക്കൂടെ ഭാസ്ക്കറിന്‍റെ വീട്ടിലേക്കു പോകാതായി. എങ്കിലും താക്കോല്‍ കൈയിലുള്ളതുകൊണ്ട് ഞായറാഴ്ച്ചകളില്‍ അങ്ങോട്ടു ചെല്ലും. മിക്കവാറും ഭാസ്ക്കര്‍ അവിടെ ഉണ്ടാകാറില്ല. ഒരു ചെക്കനെ വിളിച്ചു ഒന്നു തൂത്ത് വാരിക്കും. പത്തു രൂപാ കൊടുക്കും. ആദ്യമൊക്കെ ഭാസ്ക്കര്‍ അവിടെ ഇല്ലെങ്കില്‍ കുപ്പി കാറില്‍ തന്നെ വെക്കുമായിരുന്നു. ഈയിടെയായി ഒറ്റയ്ക്കു വീശുന്നതിന്‍റെ രസം അറിഞ്ഞുതുടങ്ങിയിരിക്കുന്നു. അതുകൊണ്ട് വാതില്‍ ഉള്ളില്‍ നിന്നു പൂട്ടും. നന്നായി മിനുങ്ങി ബോധം കെട്ടുറങ്ങും. കണ്ണുതുറക്കുമ്പോള്‍ ചിലപ്പോള്‍ കാണാം ഭാസ്ക്കര്‍ ബാക്കിയുള്ളത് വിഴുങ്ങി ബോധം കെട്ടുറങ്ങുന്നത്. അവനെ ഉണര്‍ത്താതെ വാതില്‍ പുറത്തുനിന്നും പൂട്ടി കാറില്‍ കയറി വീട്ടിലേക്കു പറപ്പിച്ചു വിടും. അടുത്ത ദിവസം തലേന്ന് തങ്ങള്‍ ഒന്നിച്ചാണോ മദ്യപിച്ചതെന്നു രണ്ടുപേരും സംശയിക്കുകയും ചെയ്യും.
അത്തരമൊരു ഉദ്ദേശ്യത്തോടെ ആയിരുന്നിയല്ല ഇത്തവണ സതീഷ് വന്നത്. ഭാസ്ക്കര്‍ ആഴ്ച്ചകളോ മാസങ്ങളോ നീളുന്ന ഒരു യാത്ര പോയിരിക്കുകയാണെന്നു അറിഞ്ഞപ്പോള്‍ത്തന്നെ മനസില്‍ ഉറപ്പിച്ചു. ഇതാണു പറ്റിയ സ്ഥലം. സന്ദര്‍ഭവും. അങ്ങിനെയാണ് മേഘയുമായി ഇവിടെ എത്തിയത്. കൃത്യം ഭംഗിയായി നടത്തിക്കഴിഞ്ഞിരിക്കുന്നു. ഒരു ശല്യമായി മേല്‍ത്തുടയിലരിക്കുന്ന ഉറുമ്പിനെ കീശയില്‍ കൈയിട്ട് ഞെരിച്ചു കൊല്ലുന്നതു പോലെ ആരും അറിയാതെ കാര്യം നടത്തിയിരിക്കുന്നു.
ഇനിയാണ് ഏറ്റവും കരുതലുകള്‍ വേണ്ട രണ്ടാം ഘട്ടം. തെളിവുകള്‍ എല്ലാം നശിപ്പിക്കണം. ആരുമറിയാതെ. നിര്‍ഭാഗ്യത്തിന്‍റെ ഒരു കണ്ണുമതി, എല്ലാം തകരാന്‍. പുതിയ കാമുകനെ കാമുകിയും പഴയ കാമുകനും കൂടെ കൊന്നു മുന്നൂറു തുണ്ടുകളാക്കി കാട്ടില്‍ കൊണ്ടുചെന്നു കത്തിച്ചു കളഞ്ഞ കേസിലേക്കു നിര്‍ഭാഗ്യം തുറിച്ചു നോക്കിയത് അപ്പാര്‍ട്ട് മെന്‍റിലെ ഗാര്‍ഡിന്‍റെ കണ്ണുകളിലൂടെയാണ്. ഗാര്‍ഡ് അവരെ ശ്രദ്ധിക്കുന്നതു അവരറിഞ്ഞില്ല. ചെറിയ ഒരു അശ്രദ്ധ. ആ പഴുതിലൂടെ കയറി വന്ന ഒരു ചോദ്യം പുകഞ്ഞു കത്തി. പടക്കപ്പുരയിലൊന്നു പൊട്ടിയാല്‍ പോരെ നിരന്നു പൊട്ടാന്‍. പൊള്ളല്‍ ഏല്‍ക്കാന്‍. അതുണ്ടാകരുത്.
തെളിവുകളൂടെ തുണികളും വിരികളും മറ്റും തുണ്ടുകളായി. പിന്നെ കത്തിച്ചാരമായി കക്കൂസിലെ ഫ്ളഷിന്‍റെ ശക്തിയിലപ്രത്യക്ഷമായി. മേഘയുടെ ചേതനയറ്റ ശരീരം മാത്രമാണ് ഇനി ബാക്കിയുള്ളത്. പ്രപഞ്ചത്തിലെ എണ്ണമറ്റ രഹസ്യങ്ങളൊടൊപ്പം അതും ചെന്നു ചേരണം. പിന്നെ ബാക്കിയാവുന്നത് അവളുടെ ഓര്‍മ്മകള്‍ മാത്രമാവും. താനുള്ളിടത്തോളം അതു തന്നോടൊപ്പം ഉണ്ടാവുമെന്നുറപ്പ്. ആ ഒര്‍മ്മകളല്ലാതെ മറ്റൊന്നും ബാക്കിയാവരുത്.
മുറിയില്‍ നിന്നും തന്‍റെ ഒരു മുടിയിഴ പോലും കിട്ടിക്കൂടാ. അതു തന്നിലേക്കെത്താവുന്ന തെളിവിന്‍റെ പാലമായേക്കും. ഡി.ഏന്‍.എ. ടെസ്റ്റിലൂടെ. കോടതിക്കു അതു കണ്‍കണ്ട തെളിവാണ്. അതു മാത്രമല്ല, സംശയത്തിന്‍റെ ലെന്‍സില്‍ കുടുങ്ങിയാല്‍ പിന്നെ ആദ്യം നേരിടേണ്ടി വരുക നാര്‍കോ അനാലിസിസ് എന്ന ഭൂതത്തെയാവും. ആ ഭൂതത്തെ ഓര്‍ക്കുമ്പോഴേ പേടിയാകും. ട്രൂത്ത് സെറം എന്നും സോഡിയം പെന്തോത്തല്‍ എന്നും പേരുള്ള മാന്ത്രിക കുപ്പായവും ധരിച്ച് ഭൂതത്താന്‍ ശരീരത്തില്‍ കയറിയാല്‍ പിന്നെ മനസിന്‍റെ ഉള്‍പോക്കറ്റിലൊളിപ്പിച്ച സത്യങ്ങള്‍ വരെ ചുളുവില്‍ കവര്‍ന്നെടുത്തിട്ടേ പുറത്തു വരൂ. മനസിന്‍റെ ഉറച്ച കോട്ടകളില്‍ വിള്ളലുണ്ടാക്കി അകത്തു കയറുന്ന ഭൂതം ആദ്യം യുക്തിയെ കള്ളുകുടിപ്പിക്കും. അതോടെ നാവുറയ്ക്കാതാവുന്ന ബോധത്തെ നുണയന്‍മാരായ പരിചാരകര്‍ വിട്ടൊഴിയും. പിന്നീട് മനസിന്‍റെ ഉള്ളറകളിലേക്കു കയറി സത്യങ്ങള്‍ മൊത്തമായി അടിച്ചു മാറ്റും. പക്ഷേ, മോഷ്ടിച്ചെടുക്കുന്ന മൊഴികളെ കോടതി ബഹുമാനിക്കുന്നില്ല. എന്നാല്‍ അവ കാണിച്ചു കൊടുക്കുന്ന തെളിവുകളെ കോടതി മാനിക്കുന്നുമുണ്ട്. മൂന്നാംമുറ പീഡനങ്ങളെ നേരിടാന്‍ വരെ തയ്യാറെടുത്തിട്ടുള്ള സതീഷ് ഈ പോക്കറ്റടി വീരനെ നേരിടാന്‍ ആയുധമില്ലാതെ കുഴങ്ങുകയാണ്. കൊലപാതകത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ പാളിച്ചകളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ ഈ ഭൂതത്താനെ നേരിടേണ്ടി വരില്ല എന്നതു കൊണ്ടാണ് സതീഷ് ഇത്രയേറെ കരുതലുകള്‍ എടുക്കുന്നത്.
തെളിവിന്‍റെ ഒരു തരിമ്പുപോലും ഇപ്പോള്‍ അവശേഷിക്കുന്നില്ല, മേഘയുടെ തണുത്തുറഞ്ഞ ജഡമല്ലാതെ. ലോകത്തിന്‍റെ കണ്ണുകളില്‍ നിന്നും ഒളിപ്പിച്ച് മേഘയെ ഇങ്ങോട്ടു കൊണ്ടുവന്നതു പോലെ അവളുടെ ജഡത്തേയും ആരും കാണാതെ കടത്തണം. പ്രപഞ്ചത്തിന്‍റെ ഇരുണ്ട ഒരു കോണില്‍ എന്നേക്കുമായി ഒളിപ്പിക്കണം. രഹസ്യങ്ങളുടെ യാത്രക്ക് എപ്പോഴും നല്ലത് ഇരുട്ടിന്‍റെ വഴികളാണ്. ഇരുട്ടു പരക്കുന്നതു വരെ, കാഴ്ച്ചകളിലേക്കു ഉറക്കം കയറുന്നതുവരെ, അല്‍പ്പനേരം കൂടെ മേഘയുടെ അടുത്തു ചെന്നിരിക്കുക തന്നെ.
മുറിയിലേക്കു കയറിയ സതീഷിന് ദേഷ്യം വന്നു. കറുത്തു വിറങ്ങലിച്ച ചുണ്ടുകളിലും മൂക്കിലും ഇരിക്കുകയും ഇടയ്ക്കിടെ വട്ടമിട്ടു പറക്കുകയും ചെയ്യുന്ന രണ്ടു മൂന്ന് ഈച്ചകള്‍. മരണത്തിണ്റ്റെ മണം പിടിച്ചെത്തിയ ആര്‍ത്തിപ്പണ്ടാരങ്ങള്‍. മേഘയെ ആരെങ്കിലും തൊടുന്നതു പോകട്ടെ, നോക്കുന്നതു പോലും സതീഷിനു സഹിക്കില്ല. അതു മറ്റൊരു പുരുഷനാണെങ്കിലും പൂച്ചയാണെങ്കിലും ഈച്ചയാണെങ്കിലും. ജീവനുണ്ടെങ്കിലും ഇല്ലെങ്കിലും കണ്ട ഈച്ചകള്‍ക്ക് കേറിനിരങ്ങാനുള്ള ശരീരമല്ല അവളുടേത്. ജാലക പഴുതുകളുള്ള ഈ മുറിയില്‍ നിന്നും ശരീരത്തെ പിന്‍വശത്തെ ഇരുട്ടു മുറിയിലേക്കു മാറ്റുക തന്നെ. ജാലകങ്ങളില്ലാത്ത, ഒറ്റവാതില്‍ മാത്രമുള്ള ആ മുറിയിലേക്കു ഒരു ഉറുമ്പിനു പോലും കയറിച്ചെല്ലാന്‍ കഴിയില്ല.
ആനന്ദത്തിന്‍റെ നിമിഷങ്ങളില്‍ ഒരു പഞ്ഞിക്കെട്ടു പോലെ എടുത്തുയര്‍ത്തിയിരുന്ന മേഘയുടെ ശരീരത്തിനു ഇപ്പോള്‍ പൊക്കാന്‍ വയ്യാത്ത ഭാരം! കൈകള്‍ക്കിടയിലൂടെ കൈയിട്ട് പണിപ്പെട്ടു അല്‍പ്പം ഉയര്‍ത്തി. പിന്നെ പതുക്കെ പതുക്കെ വലിച്ചു വലിച്ച് ഇടനാഴിയിലൂടെ പിന്‍ വശത്തെ മുറിയിലേക്കു നടക്കുമ്പോള്‍ പിന്നിലൊരു ശബ്ദം. പകച്ച കണ്ണുകള്‍ ഞെട്ടിത്തിരിഞ്ഞു. മുന്‍വാതിലില്‍ താക്കോല്‍ കിടന്നു കറങ്ങുന്നതിന്‍റേയും താഴുകള്‍ ചാടി മാറുന്നതിന്‍റേയും ശബ്ദം. ഭാസ്ക്കര്‍ ഇപ്പോള്‍! ഇവിടെ!
ഒന്നു പതറി നിന്ന ബോധത്തിന്‍റെ കാലുകള്‍ പെട്ടെന്നു ചടുലമായി. ബദ്ധപ്പെട്ട് ഇരുട്ടു മുറിയിലേക്കു ചാടിക്കയറി. അവിടെ ഭിത്തിയോട് ചേര്‍ന്ന് കിടന്നിരുന്ന രണ്ട് കൂറ്റന്‍ അലമാറകള്‍ക്കിടയിലെ കട്ടപിടിച്ച ഇരുട്ടിലേക്കു സതീഷ് പതുങ്ങി നിന്നു. മേഘയുടെ വിറങ്ങലിച്ച ശരീരത്തോടൊപ്പം.
ഇടനാഴിയിലൂടെ അടുക്കുന്ന കാലൊച്ച. അതു ഭാസ്ക്കര്‍ ആയിരിക്കുമോ? അതോ ആ താക്കോലുമായി മറ്റാരെങ്കിലും? കാലൊച്ചയുടെ താളം പറയുന്നുണ്ട്, അതു ഭാസ്ക്കര്‍ ആണെന്ന്. ഇങ്ങോട്ടു തന്നെയാണോ അവന്‍ വരുന്നത്?
വാതില്‍പ്പാളികള്‍ ചെറുക്കനെ ഞെരങ്ങി. അലമാറയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നു വരുന്ന ശബ്ദം. പെട്ടെന്നൊരു ടോര്‍ച്ച് കണ്ണുതുറന്നു. തുറന്നിട്ട അലമാറിയുടെ പാളി രഹസ്യങ്ങളെ ടോര്‍ച്ചിന്‍റെ കണ്ണില്‍ നിന്നും ഒളിപ്പിച്ചു.
എങ്കിലും മേഘയുടെ പിങ്ക് നിറം പൂശിയ കാല്‍നഖങ്ങളിലേക്കു ടോര്‍ച്ചിന്‍റെ കണ്ണുകള്‍ താഴ്‌ന്നു നോക്കുന്നുണ്ട്. ജഡത്തെ ഒന്നു കൂടെ ഉയര്‍ത്തി തന്നോട് ചേര്‍ത്തു പിടിച്ചു. ഹിമശൈത്യത്തെ ആശ്ളേഷിച്ചു നില്‍ക്കുമ്പോഴും വിയര്‍ത്തൊഴുകുകയാണ്. മുറിയാകെ മുഴങ്ങുന്ന തന്‍റെ ഹൃദയമിടിപ്പ് ഭാസ്ക്കര്‍ കേള്‍ക്കുമോ? കേട്ടിട്ടില്ലെങ്കിലും അവന്‍ കാണും നഗ്നമായ സത്യങ്ങള്‍, അലമാറയുടെ വാതില്‍ വലിച്ചടയ്ക്കുമ്പോള്‍.
ഭാസ്ക്കര്‍ അലമാറയിലേക്കു എന്തൊക്കെയോ കയറ്റി അടുക്കുകയാണ്. ഒരോ സെക്കണ്ടുകള്‍ക്കിടയിലേക്കും മണിക്കൂറുകള്‍ കയറി നില്‍ക്കുന്നതു പോലെ നീളുന്ന നിമിഷങ്ങള്‍! പെട്ടെന്നു ടോര്‍ച്ച് ഒന്നു കറങ്ങി. സര്‍ക്കസ് തുടങ്ങുന്നതിനു മുന്‍പുള്ള സെര്‍ച്ച് ലൈറ്റിന്‍റെ സ്വാഗതമല്ല, ഭീതിയുടെ നിഴലാട്ടമാണ് ടോര്‍ച്ചിന്‍റെ കണ്ണുകളില്‍ കാണുന്നത്. ഭാസ്ക്കര്‍ എന്തിനെയാണ് ഭയക്കുന്നത്? ടോര്‍ച്ച് അണഞ്ഞു. അലമാറയുടെ വാതില്‍ അടഞ്ഞു. ഭാസ്ക്കര്‍ മുറിയില്‍ നിന്നിറങ്ങിപ്പോകുന്ന കാലൊച്ച.
വിയര്‍ത്തൊലിക്കുന്ന സതീഷിന്‍റെ നെഞ്ചില്‍നിന്നും ഹിമപര്‍വ്വതം ഊര്‍ന്നിറങ്ങി. തെല്ലും വളയാതെ. പതിവില്ലാതെ ഭാസ്ക്കര്‍ എന്തിനാണ് ഈ മുറിയുടെ വാതില്‍ പുറത്തു നിന്നും പൂട്ടുന്നത്? ഒളിച്ചിരിക്കുന്ന കള്ളനെ നാട്ടുകാരെ ക്കൊണ്ട് പിടിപ്പിക്കാനാണോ? അതോ പോലീസിനെ വരുത്താനോ?
"ദൈവമേ" സതീഷ് അറിയാതെ വിളിച്ചുപോയി. ഉടന്‍ യുക്തി ഓര്‍ത്തു, കൊലപാതകം ഒളിപ്പിക്കാന്‍ ദൈവത്തെ കൂട്ടു വിളിക്കുന്നതിലെ മൌഢ്യം. മനുഷ്യന്‍റെ കാലങ്ങളായുള്ള ആസൂത്രണങ്ങളെപ്പോലും ദൈവത്തിന്‍റെ നൈമിഷികമായ കുസൃതികള്‍ കീഴ് മേല്‍ മറിക്കും എന്നതും ഓര്‍ത്തു.
ഒന്നു ഉറക്കെ വിളിച്ചാല്‍, ഒരു പക്ഷേ, ഭാസ്ക്കര്‍ തിരിച്ചു വന്നേക്കും. മുറി തുറന്നേക്കും. പക്ഷേ മൂന്നമതൊരാള്‍, അയാള്‍ എത്ര വിശ്വസ്തനെങ്കിലും ഇതറിയുന്നത്? കൊലപാതകത്തിന്‍റെ ഗുഹക്ക് രണ്ടു മുഖങ്ങളേ ഉണ്ടാകാവൂ. ഒന്നു മരണത്തിലേക്കും മറ്റേതു ംകുറ്റവാളിയുടെ കെട്ടുറപ്പുള്ള മനസിലേക്കും. അതല്ലാതെ ആ ഗുഹയില്‍ ഒരു സുഷിരം പോലും ഉണ്ടാകരുത്. അതുകൊണ്ട് ആ വിളി ഒഴിവാക്കുന്നതു തന്നെയാണ് ബുദ്ധി.
മുന്‍വാതില്‍ അടയുന്ന ശബ്ദം. മെയിന്‍ സ്വിച്ച് ഓഫ് ആകുന്ന ശബ്ദം. നടന്നകലുന്ന ശബ്ദം. ഇനിയും ബാക്കിയാകുന്നത് ഭീതിയുടെ, നെഞ്ചിടിപ്പിന്‍റെ, ശബ്ദം മാത്രം.
ഒന്നുകൂടെ ശക്തിയോടെ വലിച്ചു നോക്കി. ബലവത്തായ വാതില്‍ തുറക്കില്ലെന്നു ഉറപ്പായി. ഇനി? ഈ ഇരുട്ടുമുറിയില്‍ വെച്ച് മരണം തന്നെ ഭക്ഷിക്കുമോ? അതോ ജീവിതം ഭാസ്ക്കറിന്‍റെ രൂപത്തില്‍ തിരിച്ചു വരുമോ? അതോ അവന്‍ പോലീസുകാരേയും കൊണ്ട് വരുമോ? ഇല്ല, ആ ടോര്‍ച്ചിന്‍റെ കണ്ണുകളിലെ ഭീതി വിളിച്ചു പറയുന്നുണ്ടായിരുന്നു. കയറ്റി വെച്ചത് കാണിക്കാന്‍ കൊള്ളാത്തതാണെന്ന്. എങ്കില്‍ അവന്‍ പോലീസുകാരെ അടുപ്പിക്കില്ല.
എന്നാലും ഇനി ജീവിതത്തിന്‍റെ വെളിച്ചത്തിലേക്കു കാല്‍ വെക്കുന്നുണ്ടെങ്കില്‍ അത് പോലീസ് അന്വേഷണത്തിന്‍റെ ഇടനാഴിയില്‍ കൂടെ മാത്രമായിരിക്കും. ഇനി തലയൂരാന്‍ എണ്ണമറ്റ നുണകളുടെ മാലകള്‍ കൊരുക്കേണ്ടി വരും.
'കള്ളന്‍മാരുടെ കൈകളില്‍ നിന്നു ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന താനും ആ ഭാഗ്യം ലഭികാതെ പോയ മേഘയും.' ആ വഴിക്കു നീങ്ങിയാല്‍? അടുത്ത ചോദ്യം, "നിങ്ങള്‍ എങ്ങിനെ, എന്തിനു, അവിടെ..?" ഹോ! യോജിക്കാത്ത എത്രയെത്ര മുത്തുകള്‍ കോര്‍ക്കണ്ടി വരും ആ മാലയില്‍! പിന്നെ ഓരോ കണ്ണികളും ബലവത്തായി വിളക്കിച്ചേര്‍ക്കണം. ട്രുത്ത് സെറത്തിനു പോലും ഇളക്കാന്‍ കഴിയാത്ത വിധം.
II
രണ്ട് ഇരുട്ടു മുറിയുടെ ഒരു മൂലയില്‍ അഴുകിയ ജഡവും എതിര്‍വശത്ത് ഏറ്റവും ദൂരെയുള്ള മൂലയില്‍ സതീഷും കിടക്കുന്നു. വിശപ്പും ദാഹവും ചൂടും ഒക്കെ സതീഷിനെ അവശനാക്കിയിരിക്കുന്നു. സഹനത്തിന്‍റെ ഏത് പടവിലാണു താനെന്നു പോലും അയാള്‍ക്കു അറിഞ്ഞുകൂടാ.
തീരെ സഹിക്കാനാവാത്തത് അഴുകുന്ന മാംസത്തിന്‍റെ ഗന്ധമാണ്. സ്വന്തം വിസര്‍ജ്യങ്ങളുടെ നാറ്റത്തെ തള്ളിമാറ്റി അതു മൂക്കിലേക്കു കുത്തിക്കയറുകയാണ്. ഇരുട്ടിനുപോലും ഇരുട്ടായ മുറിയെങ്കിലും ഓരോ മയക്കവും ചെന്നെത്തുന്നത് അഴുകിച്ചീര്‍ത്ത ജഢത്തിന്‍റെ കണ്ണുകളിലാണ്.
അങ്ങിനെ ഒരു മയക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റ സതീഷ് നെഞ്ചു കുലുങ്ങി കിതച്ചു. ഇല്ലെന്നറിഞ്ഞിട്ടും വെള്ളത്തിനായി പരതി. പിന്നെ നെറ്റിയിലെ വിയര്‍പ്പു വടിച്ചെടുത്തു വരണ്ട നാവില്‍ തേച്ചു. എല്ലാ ശക്തിയും ആവാഹിച്ച് ഒന്നു അലറി. ഒരു ചെറിയ മോങ്ങലിന്‍റെ വിങ്ങലായി അതു പുറത്തു വന്നു. ശബ്ദത്തിലും പൂട്ട് വീണിരിക്കുന്നു. ഇനി?
പീളകെട്ടിയ കണ്ണുകളിലെ പ്രതീക്ഷയുടെ ഇമകള്‍ തുറന്നു. ചുവരില്‍ തെല്ലുയരത്തിലായി വെളിച്ചത്തിന്‍റെ ഒരു വെള്ളരി വിത്ത് വീണതായിരുന്നു അതിനു കാരണം. ഈയിടെയായി സതീഷിന്‍റെ ഒരോ ദിവസത്തിന്‍റേയും അവസാനം ആരംഭിക്കുന്നത് ആ വെള്ളരി വിത്തിന്‍റെ രൂപപ്പെടലിലാണ്. ചുവരിലേക്കു പൊട്ടി വീഴുന്ന ആ പാതി വിത്ത് മുഴുവിത്താവും.
ഭസ്മത്തിലിട്ടുണക്കിയ വിത്ത്, മനസിലെന്നും വിഷുക്കണിയായ മുഴുത്തു പഴുത്ത വെള്ളരിക്കയുടേത്. അട്ടത്തു നിരത്തി കെട്ടിതൂക്കിയ വെള്ളരിക്കകളില്‍ ഏറ്റവും സുന്ദരമായത്. വെള്ളരിക്കാപ്പാടത്തു നിന്നും കറിച്ചട്ടിയിലേക്കു കയറാതെ പോയത്. കച്ചവടക്കാരനു കൊടുക്കാഞ്ഞത്. പിന്തുവെള്ളരിക്കയുടെ കുളിര്‍മധുരമായി വെള്ളം ഒഴിക്കുന്ന പെണ്‍കുട്ടിയുടെ വായില്‍ അലിയാതെ പോയത്. പൂമ്പാറ്റകള്‍ പരാഗണം നടത്തിയ മഞ്ഞപ്പൂവില്‍ ഉണ്ണി പിടിച്ചത്. ഒരു വെള്ളരിക്കാപ്പാടത്തിന്‍റെ മൊത്തം മാധുര്യവും മനോഹാരിതയും നിറഞ്ഞത്. അതിന്‍റെ ഒരു വെളുത്ത വിത്ത്. എത്രയെത്ര വെള്ളരിക്കാപ്പാടങ്ങളാണ് അതു ഉള്ളിലൊളിപ്പിച്ചിരിക്കുക! എത്രയെത്രെ പൂമ്പാറ്റകള്‍ക്കുള്ള ആഹ്ളാദമാണ് ആതിനുള്ളിലുണ്ടാവുക! പ്രപഞ്ചത്തിലെ ജീവചൈതന്യത്തിന്‍റെ ഒരു വിത്ത്!
പ്രതീക്ഷയുടെ ആ വിത്ത് ചുമരിലൂടെ അല്‍പ്പദൂരം അരിച്ചു കയറിയിരിക്കുന്നു. ഇനി അതൊരു പാതി വിത്താവും. പിന്നെ ഒരോ ദിവസത്തെ വിഴുങ്ങുന്ന ഇരുട്ട് അതിനേയും വിഴുങ്ങും. ആ വെളിച്ചത്തിന്‍റെ വിത്തു മാത്രമാണ് ഇന്ന് ആ പീളകെട്ടിയ കണ്ണുകള്‍ക്കു പ്രതീക്ഷിക്കാനായി ബാക്കിയുള്ളത്.
ഒരു കസേരയോ സ്റ്റൂളോ ഉണ്ടായിരുന്നെങ്കില്‍ അതില്‍ കയറി വെളിച്ച വിത്തിന്‍റെ സ്റോതസുഷിരത്തിലേക്കെത്താമായിരുന്നു. പ്രപഞ്ചത്തിലെ ശുദ്ധമായ വായു. ഒരു മൂക്ക് നിറച്ച് വലിച്ചെടുക്കാമായിരുന്നു! പക്ഷേ എന്തു ചെയ്യാം. ഉയരമുള്ള ഒരു വസ്തുവും ആ മുറിയിലില്ല. നടുക്കടലില്‍ കുടുങ്ങിയവനെ ചക്രവാളസീമകളില്‍ രൂപംകൊള്ളുന്ന കാര്‍മേഘത്തുണ്ടുകള്‍ കപ്പലിന്‍റെ പുകക്കുഴലായി കൊതിപ്പിക്കുന്നതു പോലെ വെറും മിഥ്യയാവുമോ ഈ സുഷിര വെളിച്ചവും?
പെട്ടെന്നാണ് പരതുന്ന കൈകളില്‍ അലമാറയുടെ കൈപ്പിടി തടഞ്ഞത്. ഉയരവും വീതിയുമുള്ള കൂറ്റന്‍ അലമാറ! അതിന്‍റെ കൈപ്പിടിയില്‍ കയറി നില്‍ക്കാന്‍ പലതവണ ശ്രമിച്ച് പരാജയപ്പെട്ടതെങ്കിലും വീണ്ടും ശ്രമിച്ചു. ഇത്തവണ വല്ല വിധേനയും അതിലേക്കു വലിഞ്ഞു കയറാന്‍ കഴിഞ്ഞു. പിന്നെ പതുക്കെ പതുക്കെ അലമാറയുടെ എത്താത്ത വശങ്ങളില്‍ കൈയെത്തിപ്പിടിച്ച് പതുക്കെ പതുക്കെ എഴുന്നേറ്റു നിന്നു. ഇനി പതുക്കെയൊന്നു തിരിഞ്ഞുനോക്കിയാല്‍ ഭിത്തിയിലെ സുഷിരം കണ്ടേക്കും. അതോടെ അതു സത്യമാണോ മിഥ്യയാണോ എന്നു തീര്‍ച്ചയാവും.
പതുക്കെ തിരിയുമ്പോള്‍ അറിഞ്ഞു, അള്ളിപ്പിടിയിലേക്കു വിയര്‍പ്പു നുഴഞ്ഞു കയറുന്നത്. അലമാറയുടെ മിനുസമുള്ള കൈപ്പിടിയിലേക്കു അതു ചെന്നെത്തുന്നത്. പൂര്‍ണ്ണമായും തിരിയുന്നതിനു മുമ്പേ അള്ളിപ്പിടി വഴുതി. കാലും.
തറയിലെത്തുന്നതിനു മുന്‍പേ നഗ്നമായ അടിവയറിലേക്കു ഇടിവെട്ടുപോലെ ആ കൈപ്പിടി കയറി. ഒരു നിമിഷം ശരീരം അവിടെ തങ്ങി നിന്നു. പിന്നെ നിലത്തേക്കൂര്‍ന്നു വീണു. അടിവയറ്റില്‍ രണ്ടുകൈകളും കൊണ്ടമര്‍ത്തി ചുരുളാവുന്നതിനേക്കാള്‍ ചുരുണ്ടു കിടന്നു ഞരങ്ങി. മഴുകൊണ്ട് വെട്ടിയതു പോലെ വേദന. ഉരുക്കു കൈകള്‍ കൊണ്ട് കശക്കിപ്പിടിച്ചതുപോലെ വയറു ചുരുങ്ങി കൂടുകയാണ്.
വരള്‍ച്ച വരളുന്ന തൊണ്ടയിലേക്കൊരു തുള്ളി വിയര്‍പ്പെങ്കിലും. ഇപ്പോള്‍ നെറ്റിയും വരണ്ടിരിക്കുന്നു. അടിവയറ്റില്‍ നിന്നും ചോര ഇറ്റുന്നുണ്ട്. അതിലേക്കു കൈകള്‍ കുമ്പിളായി. ചുണ്ടോടടുപ്പിക്കുമ്പോള്‍ മൂക്ക് പറഞ്ഞു, ചോരയല്ല മൂത്രമാണ്. കുടിക്കേണ്ടെന്നു ബോധവും സാരമില്ലെന്നു തൊണ്ടയും. തര്‍ക്കത്തിലേക്കു തല താണപ്പോള്‍ ചുണ്ടുകള്‍ ഉപ്പുവെള്ളം നനഞ്ഞ് നീറി.
ചേരട്ട പോലെ തറയില്‍ ചുരുണ്ടു കിടക്കുമ്പോള്‍ കണ്ടു, പതിവില്ലാതെ സുഷിര വെളിച്ചം മേഘയുടെ ജഡത്തിലേക്കു പാളിനോക്കുന്നത്. വെളിച്ചം കണ്ടു ഭയന്ന ഇരുട്ടിന്‍റെ പുഴുക്കള്‍ ജഡത്തിന്‍റെ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും പുറത്തേക്കു ചാടുന്നു. അടച്ച വായ തുറന്നുവെച്ച് നുരയ്ക്കുന്ന പുഴുക്കള്‍. തറയിലൂടെ ഇഴഞ്ഞെത്തുന്ന പുഴുക്കള്‍.
ചാടി എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിറക്കുന്ന ബലമില്ലാത്ത കാലുകളില്‍ കുമ്പിട്ട് വളഞ്ഞു നിന്നു. കാലിലേക്കും ആ പുഴുക്കള്‍ അരിച്ചെത്തുന്നുണ്ടോ? അപ്പോഴും ഒറ്റി വീഴുന്ന വേദനയിലേക്കാണോ അവ അരിച്ചെത്തുന്നത്? എത്രനേരം ഇങ്ങിനെ നില്‍ക്കണം? ശരീരം തണുത്തുറയുന്നതിനു മുമ്പ് കാലുകള്‍ കുഴഞ്ഞു വീണാല്‍ ഈ പുഴുക്കള്‍... ?
ഒന്നു ചത്തുകിട്ടിയാല്‍ മതിയായിരുന്നു. എങ്ങിനെ? സ്വയം കഴുത്തു ഞെരിച്ചു മരിക്കാന്‍ ആവില്ലല്ലോ. പണം നിറച്ച ഈ കൂറ്റന്‍ അലമാറ തന്‍റെ മേലേക്കു വലിച്ചിട്ടാലോ? പക്ഷേ അലമാറ ഒന്നിളകുന്നു പോലുമില്ല.
പെട്ടെന്നു സതീഷ് തിരിഞ്ഞു നിന്ന് മേഘയുടെ ജഡത്തെ നോക്കി ചോദിച്ചു. "എന്തിന് നീ എന്നെ ഇങ്ങിനെ തവണകളായി കൊല്ലുന്നു. ഞാന്‍ നിനക്കു ഒരു നിമിഷം കൊണ്ട് സമ്മാനിച്ചില്ലേ മരണം? പഞ്ഞിപോലെ മൃദുലമായ മരണം. പക്ഷേ നീ... "
"എന്നെ കൊല്ലാനല്ലല്ലോ നിങ്ങളുടെ സ്വാര്‍ഥ നേട്ടങ്ങള്‍ക്കു വേണ്ടിയല്ലേ നിങ്ങളതു ചെയ്തത്?" സതീഷിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് മേഘയുടെ തൊണ്ട ശബ്ദിച്ചു.
"അതെ ഞാന്‍ സ്വാര്‍ഥനായിരുന്നു. എങ്കിലും നിന്നെ ഞാന്‍ വളരെയധികം സ്നേഹിച്ചിരുന്നു, ഒരു പക്ഷേ എന്‍റെ ഭാര്യയേക്കാളധികം. അതേ സമയം ഭാര്യയേയും കുഞ്ഞുങ്ങളേയും ഞാന്‍ സ്നേഹിച്ചിരുന്നു. അതെ, അവര്‍ എന്‍റെ ഭാര്യയും എന്‍റെ മക്കളും ആയതുകൊണ്ട് മാത്രം തന്നെ. എന്നെ നീയും അവരും സ്നേഹിക്കുന്നുണ്ടായിരുന്നു. ആ സ്നേഹത്തിന്‍റെ പ്രധാന തൂണുകള്‍ എന്‍റെ ധനം, സമൂഹത്തിലെ വിലയും നിലയും, അങ്ങിനെ പലതും ആയിരുന്നു. അതൊക്കെ ഇല്ലാതാകുന്നതോടെ നിങ്ങള്‍ക്കാര്‍ക്കും എന്നെ വേണ്ടാതാകും എന്നു എനിക്കു നല്ലപോലെ അറിയാമായിരുന്നു. അതൊഴിവാക്കാനാണു നഷ്ടങ്ങളുടെ ഒരു നീണ്ട ചങ്ങലക്കു പകരം നീയെന്ന ഒരു കണ്ണി മാത്രം ഇല്ലാതാക്കാന്‍ ഞാന്‍ തീരുമാനിച്ചത്. എന്‍റെ സ്വാര്‍ഥത തന്നെ. സമ്മതിച്ചു. അതിനു പ്രതികാരമായാണോ നീ എന്നോട് ഇത്ര ക്രൂരയാകുന്നത്?"
"ഞാന്‍ എന്തു ക്രൂരത കാണിച്ചെന്നാണു പറയുന്നത്? നിങ്ങളെ വിശ്വസിച്ചതോ? എല്ലാം അറിഞ്ഞിട്ടും സ്നേഹിച്ചതോ? നിങ്ങള്‍ പറഞ്ഞതൊക്കെ അനുസരിച്ചതോ? ങാ, ഒരു ക്രൂരത ഞാന്‍ ചെയ്തിട്ടുണ്ട്. നിങ്ങളുടെ കുട്ടിയെ എന്‍റെ വയറ്റിലിട്ടു കൊന്ന ക്രൂരത. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ചെയ്ത ഒരേ ഒരു ക്രൂരകൃത്യം. അതിന്‍റെ പാപ പുഴുക്കളാണ് എന്നില്‍ ഇപ്പോള്‍ നുരയ്ക്കുന്നത്." ഒന്നു നിര്‍ത്തിയിട്ട് അവള്‍ തുടര്‍ന്നു. "എന്നിട്ട് നിങ്ങള്‍ എന്തു നേടി?"
"ശരിയാണ്, നീയല്ല, എന്‍റെ ചെയ്തികളാണ് എന്‍റെ പ്രശ്നങ്ങള്‍ക്കു കാരണം. എന്‍റെ ഇരുട്ട് ഞാന്‍ അകത്തി നിര്‍ത്തിയ വെളിച്ചം മാത്രമാണ്. ആ വെളിച്ചത്തെ ക്ഷണിക്കേണ്ടതു ഞാന്‍ തന്നെയാണ്. "
ഊക്കില്‍ ഒന്നു വലിച്ചപ്പോള്‍ അലമാറ ഇളകി. അതു ശക്തിയോടെ തന്‍റെ തലയിലേക്കു വലിച്ചിട്ട സതീഷ് അത്ഭുതപ്പെട്ടുപോയി. ഒരു ചിലന്തിവലയിലൂടെന്നപോലെ അലമാറ തുളച്ച് തല മറുവശത്തേക്കു വന്നിരിക്കുന്നു. അപ്പോള്‍ മുറിയിലെങ്ങും വെളിച്ചം പരന്നിരിക്കുന്നു. മൃതഗന്ധം അകന്നിരിക്കുന്നു. ഈ ചെറിയ സുഷിരത്തിലൂടെ ഇത്രയേറെ വെളിച്ചവും വായുവും വന്നെത്തുമെന്നോ!
അവിശ്വാസത്തോടെ തിരിഞ്ഞപ്പോള്‍ സതീഷ് കണ്ടു, മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നത്. അതിലൂടെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിജയകരമായി ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചതിന്‍റെ സന്തോഷത്തോടെ ഇറങ്ങിപ്പോകുന്നത്.
Tuesday, September 23, 2008
സുനാമി
ഒറ്റക്കിരുന്ന് ചെതുമ്പിക്കുമ്പോഴാണ് ഓര്‍മ്മകളുടെ വേലിയേറ്റമുണ്ടാകുന്നത്. ചിന്തകളുടെ കുത്തൊഴുക്കിനു ശക്തി കൂടുന്നത്. 'ഇനിയെന്ത്?' എന്ന ചോദ്യം കൂടെക്കൂടെ അസ്വസ്ഥതയുടെ തല ഉയര്‍ത്തുന്നത്. ഉത്കണ്ഠ വരിഞ്ഞു മുറുക്കുന്നത്. പിന്നെ ആശ്വാസം ലഭിക്കാന്‍ തത്ത്വചിന്തകളുടെ നൂലാമാല നിറച്ചുണ്ടാക്കിയ ഏതെങ്കിലും തലയിണ തപ്പിയെടുത്ത് കണ്ണടച്ച് അതിലേക്ക് തല ചായ്ക്കേണ്ടി വരും. ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഞാനല്ലെന്ന് സ്വയം വിശ്വസിപ്പിക്കേണ്ടി വരും. പലതും മൊത്തമായെടുത്തു വിധിയുടെ പിടലിക്കു കെട്ടേണ്ടി വരും.
എങ്കിലും ഈയിടെയായി അറിയുന്നു, ചെതുമ്പിക്കാതിരിക്കാന്‍ ചിന്തകള്‍ സഹായിക്കുമെന്ന്. ഓര്‍മ്മകള്‍ ചിന്തക്കു വളം ആകുമെന്നും. അതു മാത്രമല്ല, ഓര്‍മ്മകളിലൂടെ അലയാനും ഒരു രസമുണ്ട്. ഒരുപക്ഷേ അവയൊക്കെ വേദനയും വിഷമങ്ങളും ചാലിച്ചു ചേര്‍ത്തതാണെങ്കില്‍ പോലും.
വസന്തയുടെ കൂരയില്‍ താമസിക്കുന്ന കാലത്തെ ഓര്‍മ്മകളാണ് ഏറെയും. അവളുടെ കൂടെ ആ മരക്കട്ടിലില്‍ കിടന്നിരുന്ന കാലം. ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. ഞങ്ങള്‍ നൂറുപേര്‍ ഒന്നിച്ച് ഒരു കടലാസില്‍....
അക്കാലത്ത് അങ്ങാടിയില്‍ സുലഭമായിരുന്ന ഒരു തിരുമ്പ് സോപ്പിന്‍റെ മണമായിരുന്നു വസന്തക്ക്. അവളുടെ കെട്ടിയവനും കുട്ടികള്‍ക്കുമാവട്ടെ വസന്തയുടെ മണമാണ് കൂടുതലും. തോരാതെ കിട്ടുന്ന സ്നേഹത്തിന്‍റെ മണം. എനിക്കും പകര്‍ന്നു കിട്ടിയിട്ടുണ്ട്, ആ മണം.
അയല്‍ വീടുകളില്‍ വീട്ടു പണിക്കും അത്യാവശ്യം പാടത്തു പണിക്കുമൊക്കെ പോകുമെങ്കിലും കിട്ടുന്ന ഇടവേളകളില്‍ അവള്‍ കൂരയിലേക്കോടിയെത്തും. ഇളയ കുട്ടിയെ മുലയൂട്ടും. മൂത്തവളുടെ മുടി ചീകി പേനെടുക്കും. അല്ലെങ്കില്‍ അവളുടെ സ്ളേറ്റില്‍ മഷിത്തണ്ടു തേച്ച് മിനുക്കും. കെട്ടിയവനു വേണ്ടി പിഞ്ഞാണത്തില്‍ മാറ്റി വെച്ച പഴങ്കഞ്ഞിയില്‍ മോരും കാന്താരി മുളകും ഞെരടി ചേര്‍ക്കും. അതിനു വേണ്ടി പണിക്കു ചെല്ലുന്ന വീടുകളില്‍ നിന്ന് അല്‍പം മോര് ഇരന്നു വാങ്ങാനും അവള്‍ക്ക് മടിയില്ല. പകലന്തിയോളം പൊരിവെയിലില്‍ പണിയെടുക്കുന്ന കെട്ടിയവനെ രാത്രിയില്‍ ഉഷ്ണമൂത്രത്തിന്‍റെ പിടിയില്‍ നിന്നു രക്ഷിക്കാന്‍ മോരിനു മാത്രമേ കഴിയൂ എന്നു അവള്‍ക്കറിയാം.
ചെറിയൊരു സമയത്തിന്‍റെ ആ ഇടവേളകള്‍ എപ്പോഴും അവസാനിക്കുന്നത് ഒരേ രീതിയിലാണ്. അയയില്‍ നിന്നും ഒറ്റമുണ്ട് വലിച്ചെടുത്ത് അതിന്‍റെ കോന്തല എളിയില്‍ കുത്തി സാരി പോലെ വലിച്ചു ചുറ്റി അവള്‍ ഓടും. പാടത്തേക്ക്, അല്ലെങ്കില്‍ അടുത്ത വീട്ടിലേക്ക്.
പടി കടന്നാല്‍ എനിക്കവളെ കാണാന്‍ കഴിയില്ല. കാരണം വീട്ടിനു പുറത്തേക്കു അവള്‍ എന്നെ കൊണ്ടു പോകാറില്ല.
ങാ, ഒന്നു രണ്ടു തവണ കൊണ്ടുപോയിട്ടുണ്ട്. പെരുമഴ തോര്‍ന്ന ഒരു സന്ധ്യക്ക് മഞ്ഞക്കാമാല മൂത്ത ഇളയവളെ തോളിലിട്ട് അവള്‍ ഇറങ്ങിയോടുമ്പോള്‍ എന്നെ മുണ്ടിന്‍റെ കോന്തലയില്‍ കുടുക്കി എളിയില്‍ കുത്തിയിരുന്നു. ശ്വാസം പിടിച്ച് പകച്ചിരിക്കുകയായിരുന്നു ഞാന്‍. ഞാന്‍ മാത്രമല്ല, മറ്റു തൊണ്ണൂറ്റി ഒന്‍പതും മിഴിച്ചിരുപ്പാണ്. ഓടി അണച്ച് ഒരു വലിയ വീട്ടിലേക്കു കയറിയ വസന്ത ഉറക്കെ കരഞ്ഞു. വാതില്‍ തുറന്നിറങ്ങി വന്ന ഡോക്ടറുടെ കാലില്‍ വീണ് അവള്‍ കരഞ്ഞു പറഞ്ഞു - "എന്‍റെ കുഞ്ഞിനെ രക്ഷിക്കണം. " കുഞ്ഞിനു ഇന്‍ജക്ഷനും മരുന്നും ഡ്രിപ്പ്സും ഒക്കെ കൊടുക്കുമ്പോള്‍ അവളുടെ നെഞ്ചിലെ ഏങ്ങലടി ഇങ്ങ് എളിയിലേക്കു കേള്‍ക്കുന്നുണ്ടായിരുന്നു. തെല്ലു സുഖം പ്രാപിച്ച കുഞ്ഞിനേയും കൊണ്ടിറങ്ങാന്‍ നേരം അവള്‍ മുണ്ടിന്‍റെ കോന്തലയഴിച്ച് ഞങ്ങളെ ഡോക്ടര്‍ക്കു വെച്ചു നീട്ടി.
വസന്തയെ വിട്ടു പിരിയുന്ന കാര്യമോര്‍ത്തപ്പോള്‍ എന്‍റെ കണ്ണു നിറഞ്ഞു. എന്‍റെ മാത്രമല്ല, കൂടെയുള്ളവരുടേയും. വിയര്‍പ്പിലും കണ്ണീരിലും മുങ്ങിയ മുഖങ്ങള്‍ കണ്ടു സഹതപിച്ചാവണം, ഡോക്ടര്‍ നിര്‍ബന്ധപൂര്‍വ്വം ഞങ്ങളെ മുണ്ടിന്‍റെ കോന്തലതുമ്പിലേക്ക് തന്നെ മടക്കി വെപ്പിച്ചു.
അന്നു രാത്രി വസന്തയുടെ കെട്ടിയവന്‍ അതിശയിച്ചു - "എന്ത് ധൈര്യത്തിലാ നീ അത്ര വലിയ ഡോക്ടറുടെ വീട്ടിലേക്ക് കയറിച്ചെന്നത്?" കോന്തലയില്‍ ഞങ്ങള്‍ കിടന്നിരുന്നതിന്‍റെ ധൈര്യത്തിലാണെന്നു വസന്ത മറുപടി പറഞ്ഞപ്പോള്‍ ഒരു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചതിന്‍റെ ചാരിതാര്‍ഥ്യം ഞാന്‍ ഉള്ളാലെ തൊട്ടറിഞ്ഞു.
പിന്നീടൊരിക്കല്‍ വസന്തയൂടെ കൂടെ ഞാന്‍ പുറത്തിറങ്ങിയത് അവളുടെ മൂത്ത കുട്ടിയെ സ്ക്കൂളില്‍ ചേര്‍ക്കാനാണ്. സ്ക്കൂളില്‍ കാശിന്‍റെ ആവശ്യം ഉണ്ടായില്ലെങ്കിലും പുസ്തകം, സഞ്ചി, കുട, അങ്ങിനെ കുറച്ച് കാശ് കടയില്‍ കൊടുക്കേണ്ടതായി വന്നു. അത്രയും കാശൊക്കെ കെട്ടിയവന്‍ കരുതിയിരുന്നു. പക്ഷേ അതിനിടയില്‍ കുട്ടിയുടെ കണ്ണ് കടയില്‍ തൂക്കിയിട്ടിരുന്ന ഒരു മിന്നുന്ന മഞ്ഞ ഉടുപ്പിലേക്ക് വിടര്‍ന്നു. അവള്‍ അതിനു വേണ്ടി ചിണുങ്ങാനും വാശി പിടിച്ചു കരയാനും തുടങ്ങി. ഒരുവേള വസന്ത കുപ്പായമെടുത്ത് മുണ്ടിന്‍റെ കോന്തലയില്‍ നിന്ന് ഞങ്ങളെ നിവര്‍ത്തിയെടുത്തതായിരുന്നു. പക്ഷേ പെട്ടെന്ന് ആ മഞ്ഞനിറത്തില്‍ തെളിഞ്ഞ ചില മുന്‍കരുതലുകള്‍ കണ്ടിട്ടാവണം, ഉടുപ്പ് തിരിച്ചു വെച്ച് അവള്‍ ഞങ്ങളെ മുണ്ടിന്‍റെ കോന്തലയിലേക്കു തന്നെ ചുരുട്ടിക്കയറ്റി. വാശിപിടിച്ചു കരയുന്ന ആ കുഞ്ഞിനെ തല്ലുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു, കടക്കാരന്‍റെ മേശവലിപ്പിലേക്കു കയറിച്ചെന്ന് ആ കുപ്പായം കുഞ്ഞിനു സമ്മാനിക്കാന്‍.
പക്ഷെ, എന്തെങ്കിലുമൊക്കെ തീരുമാനിക്കാന്‍ ഞങ്ങളാര്? എല്ലാം നിശബ്ദരായി കാണാനും കേള്‍ക്കാനും മാത്രം വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്‍മാര്‍! പണിയും കൂലിയും അപൂര്‍വ്വമാകുന്ന കര്‍ക്കിടക രാവുകളില്‍ കഞ്ഞിക്കു വേണ്ടി കരയുന്ന കുട്ടികളുടെ വാടിയ മുഖങ്ങളിലേക്കു നോക്കി വെറുതെ ഇരിക്കേണ്ടുന്നവര്‍. കെട്ടുതാലി പോലും കഴുത്തിലില്ലാത്തതുകൊണ്ട് കൂടെ പണിയെടുക്കുന്നവരും അയല്‍ക്കാരും നിഷ്ക്കരുണം തൊടുക്കുന്ന അസ്ത്രങ്ങളേറ്റ് സജലങ്ങളാകുന്ന വസന്തയുടെ കണ്ണുകള്‍ തുടയ്ക്കാന്‍ കഴിയാത്തവര്‍. സ്ക്കൂളിലേക്കു പോകുന്ന മൂത്തവളുടെ ചോറ്റു പാത്രത്തിലേക്കു കെട്ടിയവന്‍റെ പിഞ്ഞാണത്തില്‍ നിന്ന് പഴങ്കഞ്ഞി പകുക്കേണ്ടി വരുമ്പോള്‍ അതിലേക്കിറ്റുന്ന കണ്ണീര്‍ത്തുള്ളികള്‍ക്ക് തട കെട്ടാന്‍ കഴിയാത്തവര്‍. ഒന്നു കരയാന്‍ പോലുമാവാതെ എല്ലാം ഉള്ളിലടക്കിപ്പിടിച്ചിരുന്ന എത്രയെത്ര ദിവസങ്ങള്‍!
എങ്കിലും സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചിരുന്നു, 'ഞങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും?'
ഒരു ദിവസം രാവിലെ സ്ക്കൂളില്‍ പോകാന്‍ നേരത്ത് മൂത്തവള്‍ പത്തു രൂപാ ചോദിച്ചു.
"പത്തു രൂപയോ!! എന്തിനാ?" വസന്തക്ക് അത്ഭുതവും ദേഷ്യവും തോന്നി.
"സുനാമി ഫണ്ടിലേക്കു കൊടുക്കാനാ. "
"അതെന്തു പണ്ടാരാ?"
"പണ്ടാരല്ല, ഫണ്ട്. "
മൂത്തവള്‍ ക്ളാസ് ടീച്ചര്‍ പറഞ്ഞതൊക്കെ അതുപോലെ പറഞ്ഞെങ്കിലും വസന്ത കാശു കൊടുത്തില്ല. കൈയിലില്ലാത്തത് കൊടുക്കാന്‍ ആവില്ലല്ലോ, ആര്‍ക്കും.
അപ്പോള്‍ കുട്ടി ടീച്ചര്‍ കൊടുത്തു വിട്ട ഒരു നോട്ടീസ് തുറന്ന് അമ്മയെ കാണിച്ചു. അക്ഷരമറിയാത്ത വസന്ത നോട്ടീസിലെ ചിത്രം വായിച്ചു. - കടലെടുത്ത വീടിന്‍റെ അവശിഷ്ടങ്ങള്‍ക്കു മുമ്പില്‍ ഒരു കൊച്ചു പെണ്‍കുട്ടിയും ചാവാലിപ്പട്ടിയും തളര്‍ന്നുറങ്ങുന്ന ചിത്രം! -
വസന്തയുടെ കണ്ണുകളില്‍ കരുണയുടെ ഒരായിരം സുനാമികള്‍ ഉയര്‍ന്നു പൊങ്ങുന്നത് കാണാമായിരുന്നു. അവള്‍ ആ ചിത്രത്തിലേക്കും തന്‍റെ മകളുടെ മുഖത്തേക്കും ഒന്നു നോക്കി. പിന്നെ തെല്ലും മടിക്കാതെ ഞങ്ങളെ കുട്ടിയുടെ കൈവെള്ളയിലേക്കു ചുരുട്ടി വെച്ചു.
വസന്തയെ പിരിയുകയാണ്. എന്‍റെ ഉള്ളില്‍ കരച്ചിലുകള്‍ മുളപൊട്ടാനാവാതെ വിങ്ങി.
ഒരു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചതിന്‍റെ ചാരിതാര്‍ഥ്യം തൊട്ടറിഞ്ഞതാണ്. അങ്ങിനെ എത്രയെത്ര കുഞ്ഞുങ്ങളെ രക്ഷിക്കാനാവും! ഞാന്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സ്ക്കൂളിന്‍റെ ബാങ്ക് അക്കൌണ്ടിലൂടെ ഞാന്‍ സര്‍ക്കാറിന്‍റെ ദുരിതാശ്വാസ നിധിയിലെത്തി. അതിനിടയില്‍ ഞങ്ങള്‍ നൂറുപേരും തമ്മില്‍പ്പിരിയാന്‍ നിര്‍ബ്ബന്ധിതരായി. പക്ഷേ അതൊന്നും ഞങ്ങളെ വേദനിപ്പിച്ചില്ല. കാരണം ദുരിതങ്ങളുടെ സുനാമിക്കു തടയിടാന്‍ ഞങ്ങള്‍ക്കു തിടുക്കമായിരുന്നു.
വൈകിയാണെങ്കിലും ഇന്നറിയുന്നു, ഞങ്ങളിലൊന്നു പോലും സുനാമിയുടെ കെടുതിക്കിരയായവരെ ഇന്നുവരെ കണ്ടിട്ടില്ലെന്ന്. അതേ സമയം ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും മദ്യഷാപ്പും വ്യഭിചാര ശാലയും വരെ കാണേണ്ടി വരികയും ചെയ്തു.
അതിലും പരിതാപകരമാണ് എന്‍റെ കാര്യം. വസന്തയുടെ കൈയില്‍ നിന്നും എന്നെ പറിച്ചെറിഞ്ഞ ആ സുനാമിയെ പഴിച്ച്, എന്നെ വിട്ടകന്ന മറ്റു തൊണ്ണൂറ്റൊന്‍പതിന്‍റേയും വിധി വിപര്യയങ്ങളോര്‍ത്ത്, ഈ ഇരുട്ടറയില്‍ നിഷ്ക്രിയനായി, ക്ളാവു പിടിച്ച്, ചൊറികുത്തി.... ഇനിയുമെത്ര കാലം ഇങ്ങിനെ?? അറിഞ്ഞുകൂടാ.
Saturday, August 16, 2008
പാണ്ടിയുടെ അന്ത്യയാത്ര
"വേലകണ്ട് പോ...
പെണ്ണ് കൊണ്ടു പോ....
ഞണ്ടു കൂട്ടി, ചാറു കൂട്ടിചോറുണ്ട് പോ...
കൂയ്... കൂയ്..... കൂയ്..... "
പാണ്ടിക്ക് പ്രായമോ ഉണങ്ങി മെലിഞ്ഞ തന്‍റെ ശരീരമോ ഒരു പ്രശ്നമായിരുന്നില്ല. ചാടിത്തിമിര്‍ക്കുകയാണ് പാണ്ടി.
നരച്ചു നീണ്ട താടിയിലൂടെ ഈള പതഞ്ഞൊഴുകി. ഒട്ടിയ വയറില്‍ നിന്നും കീറമുണ്ടിന്‍റെ പാതിയോളം ഊര്‍ന്നിറങ്ങിക്കഴിഞ്ഞു. വള്ളി ട്രൌസറിട്ട ചെക്കന്‍മാര്‍ പൂഴിമണ്ണും പുളിയിലയും വീശിയെറിഞ്ഞ് കൂടെ ചാടുന്നുണ്ട്. കൈയിലെ തകരപ്പാട്ടയില്‍ തുള്ളിച്ചാടിത്തളര്‍ന്ന അലൂമിനിയത്തിന്‍റെ രണ്ടു പൈസ തുട്ടുകളും മൂന്നു പൈസ തുട്ടുകളും പൂഴിമണ്ണിലേക്കു ചാടി. കനമുള്ള അഞ്ച് പൈസ തുട്ടുകള്‍ ഇപ്പോഴും പാട്ടയില്‍ തുള്ളിക്കളിക്കുന്നുണ്ട്.
"ആരാണ്ടാ പാണ്ടിക്ക് പിരാന്ത് കേറ്റണത്? ഓടെഡാ മുണ്ടന്‍റെ മക്കളെ...." തങ്കമ്മച്ചെട്ടിച്ചി ചുണ്ണാമ്പു വട്ടി താഴെയിട്ട് വേലി ചുവട്ടിലെ മഞ്ഞരളിക്കൊമ്പ് പൊട്ടിച്ചപ്പോള്‍ ചെക്കന്‍മാര്‍ കൂവി വിളിച്ച് ചിതറിയോടി.
എന്നിട്ടും പാണ്ടി നിര്‍ത്തിയില്ല. "ഡാ പാണ്ടിയേ, വല്ല മുക്കിലും ചുരുണ്ടുകെടന്ന് ചത്തൂടെ നിനക്ക്? ങ്നെ ചാടിചാകണോ?" തങ്കമ്മ ഒച്ചയെടുത്തപ്പോള്‍ പാണ്ടി അടങ്ങി. പിന്നെ പൂഴി മണ്ണില്‍ വളഞ്ഞു കിടന്നു കിതച്ചു.
"പാണ്ടീന്‍റെ പണ്ടാരടക്കല് ന്നും ന്‍റെ കുടീന്‍റെ മുമ്പീ തന്ന്യാ." തങ്കമ്മ തന്‍റെ തലയില്‍ കൈവെച്ചു. പിന്നെ ചുറ്റുപാടും കണ്ണോടിച്ച് ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പ് വരുത്തിയ ശേഷം മണ്ണില്‍ കിടക്കുന്ന കീറ മുണ്ട് കാലുകൊണ്ടെടുത്ത് പാണ്ടിയുടെ ദേഹത്തിട്ടു. പൂഴിമണ്ണില്‍ ചിതറിക്കിടക്കുന്ന നാണയത്തുട്ടുകള്‍ പെറുക്കി തകരപ്പാട്ടയിലിട്ടു. തൊടിയില്‍ വീണുകിടന്ന തേക്കിലയും ഇറയത്തെ ചൂലില്‍ നിന്നും ഈര്‍ക്കില്‍ തുണ്ടും പൊട്ടിച്ചെടുത്ത് തങ്കമ്മ തന്‍റെ പനമ്പട്ട കൊണ്ട് കെട്ടിമേഞ്ഞ കുടിലിലേക്ക് കയറിപ്പോയി.
"ഡാ, പാണ്ടിയേ..., ണീറ്റ് കുത്തിരിക്കെഡാ. പിരാന്ത് കാട്ടുമ്പോ പൊലം ണ്ടാവണം. നീയിത് ബെക്കം കുടിച്ച് സ്ഥലം കാലിയാക്ക്". പൂഴിമണ്ണില്‍ കുത്തിയിരുന്ന് വിറക്കുന്ന പാണ്ടിയുടെ വിശപ്പിലേക്ക് ഒരു തേക്കിലക്കുമ്പിള്‍ സാന്ത്വനവുമായി തങ്കമ്മ ഇറങ്ങി വന്നു.
ശബ്ദത്തോടെ വായിലേക്കു കയറുന്ന പഴങ്കഞ്ഞിയില്‍ കുറേ പാണ്ടിയുടെ കുഴിഞ്ഞ കവിളിലൂടെ, നരച്ച താടിരോമങ്ങളിലൂടെ ഒലിച്ചിറങ്ങി.
"വറ്റ് വാരി തിന്നുമ്പോ ദ് നാക്കീ തേച്ചോ" ഒരു വറ്റല്‍ മുളക് പാട്ടയിലേക്കിട്ടുകൊണ്ട് തങ്കമ്മ പറഞ്ഞു. "തീറ്റ കഴിഞ്ഞാ ചെത്തല്ല്യാണ്ടെ വെശക്ക് വിട്ടോളണം. മമ്മതിന്‍റെ വെറക് പേട്ടേല് നാല് ദിവസായീത്രെ കൊടിച്ചി കിടക്കുണൂ. "
താടി രോമങ്ങളില്‍ കുടുങ്ങിയ വറ്റ് നാവുകൊണ്ടെടുക്കാന്‍ യത്നിച്ചു കൊണ്ടിരുന്ന പാണ്ടി തലകുലുക്കി സമ്മതിച്ചു. അനുസരിക്കാതിരിക്കാന്‍ പാണ്ടിക്ക് കഴിയില്ല. തങ്കമ്മയെന്നല്ല, ഒരു കൊച്ചു കുട്ടി പറഞ്ഞാല്‍പ്പോലും.
വേരും നാരുമില്ലാത്ത പ്രായം എത്രയെന്നറിയാത്ത പാണ്ടി ഒരിക്കലും ഒന്നും ഇരക്കാറില്ല. എന്നാല്‍ എന്തെങ്കിലും കൊടുത്താല്‍ വേണ്ടെന്നു പറയുന്ന നിഷേധിയുമല്ല. പക്ഷേ പാട്ടു കേട്ടാല്‍ കൂടെ പാടി നൃത്തം വെച്ചു തുടങ്ങുന്ന പാണ്ടിയെ പിന്തിരിപ്പിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്ത് ഭ്രാന്തായാലും ഈണത്തില്‍ പാടിയാല്‍ പാണ്ടിക്ക് ഉന്‍മാദം കേറും. വിറച്ചു ചാടും.
അന്തിവെട്ടം താണപ്പോള്‍, പ്ളാച്ചിപ്പൊത്തില്‍ നിന്നും കാലന്‍ കോഴികള്‍ ഊഴമിട്ട് ഊളിക്കരക്കാരെ വിളിച്ചപ്പോള്‍, പാണ്ടി എഴുന്നേറ്റ് വേച്ചു വേച്ചു നടന്നു. തോട്ടിന്‍ കരയിലെ കള്ളുഷാപ്പിനു അനുബന്ധമായി കെട്ടിമേഞ്ഞ മമ്മതിന്‍റെ വിറക് പേട്ടയിലേക്കാണ് പാണ്ടിയുടെ വിണ്ടു കീറിയ പാദങ്ങള്‍ നിരങ്ങി നീങ്ങിയത്.
ഷാപ്പടച്ചപ്പോള്‍, അവസാനത്തെ എല്ലിന്‍ തുണ്ടും കാര്‍ന്നു കഴിഞ്ഞപ്പോള്‍, നാലഞ്ചു ദിവസത്തെ കുടികിടപ്പവകാശവുമായി കൊടിച്ചിപ്പട്ടി പാണ്ടിയെ ശല്യപ്പെടുത്തി. ഒടുവില്‍ പരാജയം സമ്മതിച്ച പാണ്ടി തന്‍റെ കീറച്ചാക്കും തകരപ്പാട്ടയുമെടുത്ത് പുറത്തേക്കിറങ്ങി.
ഇരുട്ട് ഒളിച്ച കൈതക്കാടുകള്‍. തൊട്ടാവാടിച്ചെടികളുറങ്ങുന്ന തോട്ടു വരമ്പ്. മീനച്ചൂടില്‍ കട്ടവിണ്ടുണങ്ങിയ പടപ്പരപ്പ്. അങ്ങിങ്ങു ഒളിച്ചു കളിക്കുന്ന മിന്നാമിനുങ്ങുകള്‍. പനമ്പട്ടകളിലിരുന്ന് ചൂളം വിളിക്കുന്ന വരണ്ട കാറ്റ്. അതില്‍ ചെണ്ടയുടേയും ഇലത്താളത്തിന്‍റേയും മണം കലര്‍ന്നിട്ടുണ്ടോ? മൂക്കു വിടര്‍ത്തി മണം പിടിച്ചു പാണ്ടി നടന്നു.
ഇപ്പോള്‍ പൊറാട്ടും കളി പന്തലിലെ റാന്തലുകള്‍ തെളിഞ്ഞു കാണാം. വെയില്‍ തിന്നതിന്‍റെ ക്ഷീണമകറ്റാന്‍ അല്‍പ്പ സ്വല്‍പ്പം സേവിച്ച് പൊറ്റ വരമ്പിലിരുന്ന് ബീഡി വലിക്കുന്ന ആസ്വാദകര്‍. പായും പരമ്പും വിരിച്ചിട്ടിരിക്കുന്ന പെണ്ണുങ്ങളും കുട്ടികളും. അവരുടെ വായില്‍ ചുട്ട ചക്കക്കുരുവും പുളിങ്കുരുവുമൊക്കെയാണ്. പലരുടേയും കൈയില്‍ കുഞ്ഞിപനമ്പട്ട ചെത്തിയുണ്ടാക്കിയ മനോഹരമായ വിശറികളുമുണ്ട്. കളി കൊഴുക്കുന്നതിനൊപ്പം തലകളും വിശറികളും ഇളകുന്നുണ്ട്.
"അപ്പനിന്ന് പറഞ്ഞാടി കാട്ടീ പോണംന്ന്
ഊളിക്കര പൊഴേം കടന്ന് കാട്ടീ പോണംന്ന്"
രാമന്‍ ഇപ്പോള്‍ ആറുമുഖന്‍റെ ശരീരത്തിലാണ്.
"കഞ്ഞി വീത്താന്‍ വരട്ടെടാ പൊണ്ടാട്ടി നാന്
കയ്യാള് കിട്ടാക്കാടാണ് കൂട്ടു വേണ്ടേടാ.. "
ചണ്ടി വേലന്‍ തന്‍റെ ലുങ്കി തോളിലൂടെയിട്ട് സീതയായി മാറി.
"കപ്പ പുഴ്‌ക്കും കാന്താരീം കൂട്ടി കഞ്ഞി കുടിച്ചിട്ട്
കൊട്ടാരത്തീ കെടന്നൊറങ്ങടി രാസാത്തീ നീയ്"
രാമന്‍ സീതയെ പിന്തിരിപ്പിക്കുകയാണ്.
"നീയില്ലാണ്ട് എനിക്കെന്ത് ചീവിതമാണ്ടാ
ഒണ്ടെങ്കീത്തന്നെ നാരില്ലാത്ത കോണകം പോലാണ്ടാ.. "
ചിരിയലകള്‍ക്കൊപ്പം പാണ്ടി പന്തലില്‍ കയറി നൃത്തം തുടങ്ങി.
"പുകാടീ പുകാടീ ഞമ്മളു രണ്ടാളും
പുകാടീ കാട്ടിലിക്ക് ഞമ്മളു രണ്ടാളും. "
പാതി രാത്രി കഴിഞ്ഞു. കളി കഴിഞ്ഞു. കളിക്കാര്‍ കളിപ്പണത്തെ കള്ളുപ്പണമാക്കാന്‍ നടന്നകന്നു. കാണികള്‍ തങ്ങളുടെ ചാളകളിലേക്കും.
തന്‍റെ വീട് കൊടിച്ചിക്ക് തീറെഴുതിയ പാണ്ടി മൊട്ടക്കുന്നിന്‍റെ ഇങ്ങേവശത്തെ പാറക്കെട്ടില്‍ തന്‍റെ കീറച്ചാക്ക് വിരിച്ചു. കിടക്കേണ്ട താമസംപാണ്ടി ഉറങ്ങി. അത്രക്ക് അവശനായിരുന്നു പാണ്ടി. മുമ്പ് മണിക്കൂറുകള്‍ചാടിത്തിമിര്‍ത്താലും അവശനാവാറില്ലായിരുന്നു പാണ്ടി. കഴിഞ്ഞ കൊല്ലംവേനല്‍ക്കാലത്താണ് അവശത പാണ്ടിയെ പിടികൂടിയത്.
ഊളിക്കരക്കാവില്‍ കുമ്മാട്ടി. നെറ്റിപ്പട്ടവും മുത്തുക്കുടയുമായി ഗജവീരന്‍മാര്‍ നിരന്നു. പഞ്ചവാദ്യം പൊടിപൊടിക്കുകയാണ്. കൈതക്കാട്ടില്‍ തൂറ്റല്‍ പിടിച്ചു കിടക്കുന്ന പാണ്ടിക്കു തലയൊന്നു പൊക്കാന്‍ പോലും വയ്യ.
അല്‍പ്പം കഴിഞ്ഞപ്പോള്‍ കരിവേല തുടങ്ങി. ഉള്ളിയും മുളകും കാതിലിട്ട, കരിദൈവങ്ങള്‍ക്കായി ചെണ്ടയും കുഴലും ഇലത്താളവും പറവാദ്യം തുടങ്ങി. കൈതക്കാട്ടില്‍ പാണ്ടിയുടെ തല പൊങ്ങി.
"ആരിന്‍റെ ആരിന്‍റെ ചങ്കര നായാടി
ഊളിക്കര പഗവതീന്‍റെ ചങ്കര നായാടി.... "
നൃത്തം ചവിട്ടാന്‍ ചങ്കരനേക്കാള്‍ ആവേശം പാണ്ടിക്കായിരുന്നു. അവസാനത്തെ അമിട്ടും ആകാശത്ത് പൊട്ടിവിരിയുന്നതു വരെ ചാടിത്തിമിര്‍ത്തു പാണ്ടി.
വേലപ്പറമ്പില്‍ പാണ്ടി ചത്തുകിടക്കുന്ന വാര്‍ത്തയുമായാണ് അടുത്ത പ്രഭാതം ഊളിക്കരയിലെത്തിയത്. ചില്ലറ വൈദ്യം കൈവശമുണ്ടായിരുന്ന മമ്മതിന്‍റെ കൈപുണ്യം കൊണ്ടു മാത്രമാണ് പാണ്ടി വീണ്ടും എഴുന്നേറ്റത്. ആരോഗ്യം ഏറെ കൈയൊഴിഞ്ഞെങ്കിലും. അതിനുശേഷം ക്ഷീണം പാണ്ടിയെ വിട്ടൊഴിഞ്ഞിട്ടേയില്ല.
ശുക്ര നക്ഷത്രം ചിരിച്ചപ്പോള്‍ പാറക്കെട്ടില്‍ നിന്നു തെല്ലു മാറി മാരിയമ്മന്‍ കോവിലിനു മുമ്പില്‍ വിസ്താരത്തില്‍ വെട്ടിയ കനല്‍പ്പാടത്തെ കരിക്കട്ടകള്‍ ചുവന്നു തുടങ്ങി. തുടുതുടുത്ത കനല്‍ക്കട്ടകള്‍ക്കിടയിലൂടെ അഗ്നി ആര്‍ത്തിയുടെ നാവു നീട്ടി.
വെട്ടുവഴിയില്‍ പന്തങ്ങള്‍ തെളിഞ്ഞു. ഉടുക്കുകളുടേയും കോല്‍വിളക്കുകളുടേയും അകമ്പടിയോടെ കുംഭക്കളിക്കാര്‍ തലയില്‍ ഏഴും ഒമ്പതും കുടങ്ങള്‍ വെച്ച് ആടിപ്പാടി വന്നു. കുടങ്ങളില്‍ നിന്നും തുളുമ്പിത്തെറിക്കുന്ന കുരുതി വെള്ളം അവരുടെ ചേലകള്‍ക്ക് നിറം പകര്‍ന്നു. നഗ്ന പാദരായി അവര്‍ കനല്‍പ്പാടം കടന്ന് കാവു തീണ്ടി. ചിലര്‍ കനല്‍പ്പാടത്തുകൂടെ ഓടി. ചിലര്‍ ധൃതിയില്‍ നടന്നു. ഇനിയും ചിലര്‍ പൂക്കളിലെന്നപോലെ നൃത്തം വെച്ചു നീങ്ങി.
ഉടുക്കുമേളം കേട്ടുണര്‍ന്ന പാണ്ടിയുടെ കാലുകള്‍ ചടുലങ്ങളായി. കീറച്ചാക്കില്‍ നിന്നും ചളിക്കട്ടകള്‍ ഇളകിത്തെറിച്ചു.
കനല്‍പ്പാടത്തിനപ്പുറത്ത്, പുകപടലങ്ങള്‍ക്കപ്പുറത്ത്, കളിക്കാരെല്ലാം കാവു തീണ്ടിക്കഴിഞ്ഞതിന്‍റെ ആവേശത്തില്‍ ഉച്ചത്തില്‍ പാടിയാടുകയാണ്.
ഉങ്ങില്‍ കൊമ്പിലിരുന്ന മൂങ്ങ ഭയപ്പാടോടെ നീട്ടിമൂളി. തന്‍റെ കിടക്കയില്‍ ആരംഭിച്ച പാണ്ടിയുടെ നൃത്തം, പാറക്കല്ലുകള്‍ കടന്ന്, കാരപ്പൊന്തകള്‍ കടന്ന്, കനല്‍പ്പാടത്തെത്തുകയാണ്.
"മഞ്ഞള്‍ ചേല ചുറ്റി,
വേപ്പിന്‍ കുരുതി ചൂടി,
ആട്...ആട്... മാരിയമ്മന്‍ തായേ... "
പാണ്ടിയുടെ പാട്ട് നേരിയ ഞരക്കങ്ങളായി കനല്‍പ്പാടത്തൊടുങ്ങി. പിന്നെ ചാരവും പുകയുമൊത്ത് ആകാശത്തേക്കു പടര്‍ന്നു കയറി കാര്‍മേഘങ്ങളില്‍ വിലയിച്ചു.
പിന്നെ മഴത്തുള്ളികളോടൊപ്പം വന്ന് ചങ്കരന്‍റേയും ആറുമുഖന്‍റേയുമൊക്കെ തലയില്‍ മുത്തമിട്ടു. കരിമ്പനകളിലിരുന്ന് കുടുക്കയിലെ കള്ള് മോന്തുന്ന കാക്കകള്‍, പ്ളാച്ചിപ്പൊത്തിലെ കാലന്‍ കോഴികള്‍, മൂങ്ങകള്‍... തവളകള്‍.... എല്ലാം ആ മഴയുടെ താളത്തില്‍ മതി മറന്നാഹ്ളാദിച്ചു.
`എന്തൊക്കെണ്ടായ്ട്ടെന്താ കാര്യം ശകുന്തളേ' കഥ വായിക്കാന്‍ ഇതിലൂടെ
Tuesday, July 22, 2008
കൊഴുത്ത പട്ടിയും ഭ്രാന്തനും പിന്നെ സദാനന്ദനും
സദാനന്ദന്‍ അങ്ങിനെ വരുന്നതു കാണുമ്പോള്‍ തന്നെ പലരും വശത്തേക്ക് വഴിയൊഴിയും. അങ്ങിനെ ചെയ്യാത്ത ചിലരുമായി അയാള്‍ കൂട്ടിയിടിച്ചിട്ടുണ്ട്. ഇടിയേറ്റ ആളുടെ മുഖത്തേക്ക് ഒരു കടുത്ത 'സോറി' വലിച്ചെറിഞ്ഞിട്ട് സദാനന്ദന്‍ നടന്നകലും. കൂടുതല്‍ വേഗത്തില്‍.
ഇനിയൊരു തിരക്കേറിയ പാതയാണ്. നഗരത്തിന്‍റെ ഹൃദയത്തിലേക്കുള്ള പ്രധാന പാത. അതിന്‍റെ അങ്ങേ വശത്തുള്ള ബസ്സ്റ്റോപ്പാണ് സദാനന്ദണ്റ്റെ ലക്ഷ്യം. കൊഴുത്തൊഴുകുന്ന വാഹനങ്ങളുടെ നിര മെലിയുന്ന ലക്ഷണമില്ല. വേഗം കുറയുന്നതിന്‍റെയും. അക്ഷമയുടെ സ്റ്റാര്‍ട്ടിംഗ് ബ്ളോക്കില്‍ എത്ര നേരം ഇങ്ങിനെ നില്‍ക്കേണ്ടി വരും?
പെട്ടെന്നതാ ഒരാള്‍ കുത്തിയൊഴുകുന്ന നദിയിലേക്കു സ്പീഡ് ബോട്ടെന്ന പോലെ ചാടി നീങ്ങുന്നു. ഞൊടിയിട ചിന്തിക്കാതെ സദാനന്ദനും അയാളുടെ തൊട്ടു പിന്നിലായി വെച്ചു പിടിച്ചു. മുന്നിലും പിന്നിലും ചീറിക്കടന്നു പോകുന്ന വാഹനങ്ങള്‍ അയാളുടെ മുഖത്തും പുറത്തും ആപത്തിന്‍റെ കാറ്റുതുപ്പിക്കൊണ്ടിരുന്നു. മുന്നില്‍ നടക്കുന്ന ആള്‍ക്ക് നൂല്‍ കോര്‍ത്തിട്ടെന്നപോലെ സദാനന്ദന്‍ തെന്നിച്ചാടിയും നിന്നും ഓടിയും റോഡിനപ്പുറത്തെത്തി ഒരു ദീര്‍ഘശ്വാസം എടുത്തു.
അപ്പോള്‍ മുന്നില്‍ നടന്ന ആള്‍ തിരിഞ്ഞു നിന്നു. വൃത്തികെട്ട താടിയും മുടിയും മൂക്കിണ്റ്റെ ഇടതുവശത്തു ഈച്ചയാര്‍ക്കുന്ന വ്രണവുമുള്ള ആയാള്‍ ഒരു ഭ്രാന്തനാണെന്നു ഏതു ഭ്രാന്തനും എളുപ്പം ഊഹിക്കാം. ഇയാളെ വിശ്വസിച്ചാണല്ലോ താന്‍ ഈ റോഡ് മുറിച്ചു കടന്നതെന്നോര്‍ത്ത് അത്ഭുതപ്പെടുമ്പോള്‍ ഭ്രാന്തന്‍ കൂടുതല്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് സദാനന്ദനോട് പത്തു രൂപ ആവശ്യപ്പെട്ടു.
"പത്തു രൂപയോ!"
"അതെ, വല്ല വാഹനവും ഇടിച്ചിട്ടിരുന്നെങ്കില്‍... വണ്ടി വാടക, ഹോസ്പിറ്റല്‍ ബില്ല് ഒക്കെയായി ചിലവെത്യ്രാവും! അതൊക്കെ ഒഴിവാക്കി തന്നില്ലേ? പത്തു രൂപ കൂടുതലൊന്നുമല്ല. പിന്നെ വിശപ്പടക്കാനല്ലേ എന്നു കരുതൂ"
ഭ്രാന്തന്‍ ആളു കൊള്ളാമല്ലോ. അഞ്ചു രൂപ നീട്ടിക്കൊണ്ട് സദാനന്ദന്‍ സ്റ്റോപ്പിലേക്കു വന്ന ബസിലേക്കു കുതിക്കാന്‍ തുടങ്ങി.
ഭ്രാന്തന്‍ വഴിതടഞ്ഞുകൊണ്ടു പറഞ്ഞു. "എവിടെക്കാ സാറേ ഇങ്ങിനെ ധൃതിപിടിച്ച്? ഓഫീസിലേക്കൊന്നുമല്ലല്ലോ. വീട്ടില്‍ ചെന്ന് ടീവിക്കു മുമ്പില്‍ ചടഞ്ഞിരിക്കാനല്ലേ ഈ ഓട്ടം?"
'അപ്പോള്‍ ഇവന്‍ ഭ്രാന്തന്‍ അല്ലേ? പറയുന്നതില്‍ പതിരൊന്നുമില്ലല്ലോ' പത്തു രൂപാ നീട്ടുമ്പോള്‍ പെട്ടെന്നുണ്ടായ ഒരു കൌതുകം സദാനന്ദന്‍റെ ശീലമായിപ്പോയ ധൃതിയുടെ വഴിക്കു കുറുകെ നിന്നു. പിന്നെ ആ കൌതുകം ഭ്രാന്തനെ പിന്തുടര്‍ന്നു.
സ്റ്റാന്‍ഡിനു തൊട്ടടുത്തുള്ള തട്ടു കടയിലേക്കു കയറാതെ അതിനപ്പുറത്തെ കടയില്‍ നിന്നും മുന്തിയ ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി ഭ്രാന്തന്‍ നടന്നു. തെല്ലു ദൂരം നടന്ന ഭ്രാന്തന്‍ ആക്രിത്തെരുവിലേക്കു കയറി. അഞ്ചാറു തെരുവു പിള്ളേര്‍ അയാള്‍ക്കു ചുറ്റും കൂടി. സ്വന്തം വിശപ്പു വക വെക്കാതെ മറ്റു പിള്ളേര്‍ക്ക് ആഹാരം കൊടുക്കുന്ന ഇയാള്‍ ഭ്രാന്തനല്ല. തീര്‍ച്ച.
സദാനന്ദന്‍റെ ആ ചിന്ത അധികം മുന്നോട്ടു പോയില്ല. അതിനു മുന്‍പേ ഭ്രാന്തന്‍ ബിസ്ക്കറ്റ് പാക്കറ്റ് കുപ്പായത്തിണ്റ്റെ ആഴങ്ങളിലേക്കു പൂഴ്ത്തിവെച്ച് ഒരു ചെക്കന്‍റെ തലക്കു ശക്തിയോടെ കിഴുക്കി. മറ്റൊരുത്തന്‍റെ ചന്തിക്കു ചവുട്ടി. പിള്ളേര്‍ കൂക്കിവിളിച്ചു കൊണ്ട് ചിതറിയോടി. ഇപ്പോള്‍ ഒരു മുഴുത്ത ഭ്രാന്തനെ അയാളില്‍ കാണാം.
ആക്രിത്തെരുവ് അവസാനിക്കുന്നത് സമ്പന്നര്‍ താമസിക്കുന്ന ഭാഗത്തെക്കു നീളുന്ന മറ്റൊരു തെരുവിലേക്കാണ്. അങ്ങോട്ട് കയറേണ്ട താമസം, ഒരു തടിച്ചു കൊഴുത്ത പട്ടി കുരച്ചുകൊണ്ട് ചാടിവീണു. സദാനന്ദന്‍ പേടിച്ചു വഴിയൊഴിഞ്ഞു. പട്ടി സദാനന്ദനെ വിട്ട് ഭ്രാന്തനെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. ഒരു പിച്ചക്കാരനേയോ ഭ്രാന്തനേയൊ കണ്ടാല്‍ ഏതു കൊടിച്ചിപ്പട്ടിക്കും ശൌര്യം കൂടുമെന്ന് സദാനന്ദനറിയാം. നിമിഷങ്ങള്‍ക്കകം ആ കൊഴുത്ത പട്ടിയുടെ കൂര്‍ത്തു നീണ്ട പല്ലുകള്‍ ഭ്രാന്തന്‍റെ മെലിഞ്ഞ ശരീരത്തിലേക്കു ആഴ്ന്നിറങ്ങുമെന്നും.
ഭ്രാന്തന്‍റെ അരക്കെട്ടിലേക്കു മുന്‍കാലുകളെടുത്തു വെച്ച പട്ടി, കുതിച്ചുയര്‍ന്നു. പിന്നെ ആര്‍ത്തിയോടെ ചവച്ചിറക്കി, ഒരു ബിസ്ക്കറ്റ്. ഭ്രാന്തന്‍ ആകാശത്തിലേക്കു ഉയര്‍ത്തിയിടുന്ന ബിസ്ക്കറ്റുകള്‍ ചാടിപ്പിടിച്ചു തിന്നുന്നതിനിടയില്‍ പട്ടി ഇടയ്ക്കിടെ സദാനന്ദനെ ക്രൂരമായി നോക്കുന്നുണ്ട്. 'ബിസ്ക്കറ്റ് തീര്‍ന്നാല്‍ നീയാണെന്‍റെ ലക്ഷ്യം' എന്ന ഭാവത്തില്‍.
സദാനന്ദന്‍ ഓടിച്ചെന്നു കിട്ടിയ ബസില്‍ക്കയറി രക്ഷപ്പെട്ടു.
അടുത്ത ദിവസവും അതേ നേരത്ത് അതേ സ്ഥലത്ത് ഭ്രാന്തന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഇത്തവണ അബദ്ധം പറ്റാതിരിക്കാന്‍ ഭ്രാന്തന്‍ റോഡ് മുറിച്ചു കടന്ന് ഏറെ കഴിഞ്ഞാണ് സദാനന്ദന്‍ അപ്പുറത്തേക്ക് നടന്നത്. അവിടെ കാത്തുനിന്നിരുന്ന ഭ്രാന്തന്‍ അന്നും പത്തുരൂപാ ചോദിച്ചു. മര്യാദക്ക് റോഡ് ക്രോസ് ചെയ്യാന്‍ പഠിപ്പിച്ചതിന്. റോഡിന്‍റെ വശത്തു നിന്നും പട്ടി തല നീട്ടി കുരച്ചപ്പോള്‍ അറിയാതെ കാശു കൊടുക്കുകയും ചെയ്തു. അന്നും ഭ്രാന്തന്‍ ആ പട്ടിക്കു തീറ്റ കൊടുത്തു.
തന്‍റെ കാശിനു വാങ്ങിയ ബിസ്ക്കറ്റ് തിന്ന് തന്‍റെ നേരെ കുരച്ചു ചാടുന്ന ആ പട്ടിയും അതിനെ തീറ്റിപോറ്റുന്ന ഭ്രാന്തനും സദാനന്ദണ്റ്റെ സാമാന്യ ബുദ്ധിക്കു വഴങ്ങാത്ത രണ്ടു പ്രതിഭാസങ്ങളായി മാറി.
ഇനി ഒരു പൈസ പോലും ആ ഭ്രാന്തനു കൊടുക്കുന്ന പ്രശ്നമില്ല. സദാനന്ദന്‍ തീരുമാനിച്ചുറപ്പിച്ചു.
അന്ന് വൈകുന്നേരം സദാനന്ദന്‍ മറ്റൊരു വഴിയിലൂടെയാണ് ബസ് സ്റ്റോപ്പിലേക്കു നടന്നത്. അത് ഏറെ വളഞ്ഞ വഴി ആണെങ്കിലും റോഡ് ക്രോസ് ചെയ്യേണ്ടതില്ല. ഏതാണ്ട് എതിര്‍ദിശയിലുള്ള ഒരു പരിക്രമം.
ഇങ്ങേവശത്തു കൂടെ ബസ് സ്റ്റോപ്പ് എത്താറായപ്പോള്‍ സദാനന്ദന്‍റെ കണ്ണുകള്‍ തെല്ലു ദൂരെ റോഡിനപ്പുറത്തേക്കു പാഞ്ഞു. `ഇല്ല, ഇന്നു ഭ്രാന്തന്‍ അവിടെ കാത്തു നില്‍ക്കുന്നില്ല. '
അറിയാതെ അയാളുടെ കണ്ണുകള്‍ ആക്രിക്കടകള്‍ക്കിടയിലെ വഴിയിലേക്കു തിരിഞ്ഞു. വഴിയുടെ അങ്ങേ തലയ്ക്കലിരിക്കുന്ന ഭ്രാന്തന്‍ കൊഴുത്ത പട്ടിയെ ബിസ്ക്കറ്റു തീറ്റുന്നു. മറ്റാരോ ഇന്നു ഭ്രാന്തന്‍റെ കരുവായിരിക്കുന്നു. കൊഴുത്ത പട്ടി തിന്നു തടിച്ചോട്ടെ. തന്‍റെ കീശ ഭദ്രമായിരുന്നാല്‍ മതി.
ആരോ തോണ്ടി വിളിച്ചപ്പോള്‍ സദാനന്ദന്‍ തിരിഞ്ഞു. കണ്ണട വെച്ച ഒരാള്‍. അതെ, ഭ്രാന്തന്‍ എന്നും ബിസ്ക്കറ്റ് വാങ്ങിക്കാറുള്ള ആ കടയുടെ ഉടമ.
"രൂപാ അന്നന്നു തരുന്നോ, അതോ ശമ്പളദിവസം ഒന്നിച്ചോ?"
"ഏതു രൂപാ?"
"നിങ്ങള്‍ ദിവസവും അയാള്‍ക്കു കൊടുക്കാമെന്നേറ്റിരിക്കുന്ന രൂപാ. അതിനുള്ള ബിസ്ക്കറ്റ് വാങ്ങിക്കൊണ്ടു പോകുമ്പോള്‍ കാശ് നിങ്ങളോട് നേരിട്ട് വാങ്ങിച്ചോളാനാണ് അയാള്‍ പറഞ്ഞിരിക്കുന്നത്. "
"ഞാനറിയാതെ ഞാന്‍ ഇയാളുടെ കടക്കാരനായെന്നോ?!"
വക്രിക്കുന്ന അയാളുടെ പുരികത്തിനു താഴെ കണ്ണടയില്‍ തെളിഞ്ഞ തന്‍റെ മുഖം കണ്ട് സദാനന്ദന്‍ ഞെട്ടി. വൃത്തിഹീനമായ നീണ്ട താടിയും മുടിയും വ്രണവും ....
Friday, July 11, 2008
അമ്മിണി
ഡിക്രൂസിന്‍റെ കനത്ത മൌനം അമ്മിണിയുടെ സഹന പരിധിക്കപ്പുറത്തേക്കു നീളുകയാണ്. അവള്‍ തന്‍റെ കനത്ത ചെരിപ്പു ഡിക്രൂസിന്‍റെ കവിളത്ത് ചാര്‍ത്തിക്കൊണ്ട് അതു തന്നെ വീണ്ടും ചോദിച്ചു.
ഡിക്രൂസിന്‍റെ കവിള്‍ത്തടങ്ങള്‍ മാത്രമല്ല, കണ്ണും മൂക്കും നെറ്റിയുമൊക്കെ ചുവന്നിട്ടുണ്ട്. എല്ലാം അമ്മിണിയുടെ ചെരിപ്പു മുത്തിച്ചുവപ്പിച്ചതാണ്.
ഡിക്രൂസ് അവളുടെ ചോദ്യത്തിനുള്ള ഉത്തരം ആലോചിക്കുകയായിരുന്നു - "ഞാന്‍ ഇവളുടെ ആരാണ്?" തന്തയാണെന്ന് പറഞ്ഞാല്‍..? അവളുടെ കൈയിലെ ചെരിപ്പ് എങ്ങിനെ പ്രതികരിക്കും എന്നറിയില്ല.
ഡിക്രൂസിന്‍റെ ചോര കിനിയുന്ന മുഖം കനത്ത മൌനത്തിന്‍റെ മടിയിലേക്കു തൂങ്ങി കിടന്നു. മുഴുവനായി മുന്നോട്ട് നീട്ടി വെച്ച അയാളുടെ കാലുകളിലിരുന്ന് അമ്മിണി ഭേദ്യം തുടരുകയാണ്.
"ഓ, തന്തയാണല്ലേ. ആരു പറഞ്ഞിട്ടാ നീ എന്നെ ഉണ്ടാക്കിയത്?" ചെരിപ്പു വീണ്ടും തൂങ്ങിക്കിടക്കുന്ന ഡിക്രൂസിന്‍റെ തലയെ ഉലച്ചു.
വിജൃംഭിതമായ ക്ഷോഭത്താല്‍ ഡിക്രൂസ് വിറച്ചു. ഒറ്റപ്പിടുത്തത്തിനു അവളുടെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ വെമ്പുകയായിരുന്നു അയാള്‍. പക്ഷേ അയാളുടെ കൈകള്‍ പുറകിലേക്ക് കൂച്ചിക്കെട്ടിയിരുന്നു അമ്മിണി.
"നീ പറയില്ലേടാ?" അമ്മിണിയുടെ കൈയിലെ ചെരിപ്പു വീണ്ടും പൊന്തി. താണു. ഡിക്രൂസിന്‍റെ തൂങ്ങിക്കിടക്കുന്ന മുഖമൊന്നുലഞ്ഞു. ഈളയും ചോരയും കലര്‍ന്ന് മടിയിലേക്കിറ്റി. ഉള്ളതപ്പടി പറഞ്ഞാല്‍ ഒരു പക്ഷേ ഇവള്‍ തന്നെ വിട്ടേക്കുമോ?
"നിന്‍റെ ആലോചന നല്ല വഴിക്കാണ്. വേഗം പറയെടാ പട്ടീ. "
ഇവള്‍ക്കു തന്‍റെ മനസിലുള്ളതു പോലും അറിയാന്‍ കഴിയുന്നുണ്ടല്ലോ. പിന്നെന്തിനാ ഈ ഭേദ്യം?
"ഞാന്‍ മാത്രം അറിഞ്ഞാല്‍ പോരല്ലോ. വേറേം നാലാളു അറിയണ്ടേ. പ്രത്യേകിച്ച് നിന്‍റെ പുന്നാര വായനക്കാര്‍. "
'അപ്പോള്‍ അതാണ് നിന്‍റെ ലക്ഷ്യം. എന്നെ വായനക്കാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം. '
"പ്രദര്‍ശിപ്പിക്കുമെഡാ. അതും തുണിയില്ലാതെ" ഡിക്രൂസ് വിയര്‍ത്തൊലിച്ചു.
മേരി ഷെല്ലിയുടെ ഫ്രാങ്കന്‍സ്റ്റയീന്‍ വായിച്ചതിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ന്നു. അതിനേക്കാള്‍ അപകടകരമായി തീര്‍ന്നല്ലോ തന്‍റെ പ്രവര്‍ത്തി എന്നു സ്വയം പരിതപിക്കുകയും ചെയ്തു.
"ഒക്കെ അറിഞ്ഞിട്ടും നീ എന്തിനാടാ ഈ മറ്റേപ്പണിക്ക് ഒരുമ്പെട്ടത്?"
എന്തിനായിരുന്നു? പണം? അതോ പ്രശസ്തിയോ? പ്രശസ്തി എന്നു പറയാമോ? നാലാളുടെ മുമ്പില്‍ ഞെളിഞ്ഞു നടക്കാനുള്ള ദുര്‍മോഹം. സ്വല്‍പ്പം കാലുവാരല്‍ തുടങ്ങിയ നമ്പറുകള്‍. ഒക്കെ കൂടെ വരുത്തി വെച്ച വിനയാണിത്.
"ഇനിയും കണ്ണു തുറന്ന് ഇരുട്ടു നീക്കാനാവും. "
അമ്മിണി തെല്ലു തളര്‍ന്നുവോ? തല്ലുന്നവനും തളരുമെന്നു എവിടെയാ വായിച്ചത്?
"നിന്‍റെ ഒരു പരട്ടു കഥയിലാ"
ഒരു രാത്രി ഉറക്കമിളച്ചിരുന്ന് എഴുതിയ തന്‍റെ കഥയിലേക്കു അമ്മിണി വിളക്കു തെളിക്കുകയാണ്.
പെണ്ണും പുള്ളേരുമൊക്കെയായി സുഖമായി കഴിഞ്ഞു കൂടുന്ന കാലം. നിലാവുള്ള ഒരു രാത്രി സ്തംഭിച്ച വയറുമായി പുറത്തേക്ക് ഇരിക്കുമ്പോള്‍ ഓരിയിടാന്‍ ഉത്കടമായ ഒരാശ. അടക്കാനാവാതെ വന്നപ്പോള്‍ ഓരിയിട്ടു, ഉച്ചത്തില്‍. ദൂരെ നീലക്കുന്നുകളില്‍ അവ ചെന്നിടിച്ച് തിരിച്ചു വരുമ്പോള്‍ കൂടെയുണ്ട് കുറെ കുറുക്കന്‍മാര്‍. അതുവരെ കാണാത്തവ. ഒക്കെ കൂടെ തിണ്ണയില്‍ നിരന്നിരുന്ന് ഒരു റിലേ ഓരിയിടല്‍ ആയിരുന്നു പിന്നീട്.
സഹികെട്ട കുടുംബം ഓടി അകന്നപ്പോള്‍ ഓരിയിടല്‍ രാവില്‍ നിന്നും പകലിലേക്കും പടര്‍ന്നു. ഒക്കെ കുറുക്കന്‍മാരല്ലേ, ഓരിയിടലിലെ ഓരോ കുതന്ത്രങ്ങളേയ്! എത്ര വേഗമാണ് താന്‍ അക്കാര്യത്തില്‍ എല്ലാവരേയും കവച്ചു വെച്ചത്! മറ്റു കുറുക്കന്‍മാരുമായി ഒരു വാക്കാല്‍ ഉടമ്പടി ഉണ്ടാക്കി. അല്‍പം കാശിറക്കിയാലും ആദ്യത്തെ ഓരിശ്രീ അവാര്‍ഡ് കൈക്കലാക്കി. പിന്നീടതു നിര്‍ത്തലാക്കാനുള്ള ബുദ്ധി കൂടെ കാണിച്ചതോടെ സാധാ ഡിക്രൂസ് ഓരിശ്രീ ഡിക്രൂസായി മാറി.
അങ്ങിനെ തിളങ്ങി നില്‍ക്കുന്ന കാലത്താണ് മാതൃവാനം പത്രാധിപരുടെ ഫോണ്‍ വരുന്നത്. ഓണപ്പതിപ്പിലേക്ക് യുവ ഓരിയിടലിന്‍റെ ഒരു കലക്കന്‍ സാധനം വേണം.
കഥയോ, നോവലോ? ഡിക്രൂസ് ഉഷാറായി.
"എന്തായാലും നല്ല നീളം വേണം. പിന്നെ ഒരു കാര്യം കൂടെ, ഇത്തവണത്തേത് ഒരു സ്പെഷ്യല്‍ ഇഷ്യു ആണ്. 'പെണ്ണുങ്ങള്‍ കലിതുള്ളും നൂറ്റാണ്ട് എന്നൊരു പാട്ട് കേട്ടിട്ടില്ലേ. അത്തരത്തിലൊന്ന്. "
അങ്ങിനെയാണ് അമ്മിണി പിറക്കുന്നത്. ഉണ്ണിയാര്‍ച്ചയെ വെല്ലുന്ന ഉറുമിക്കടകന്‍റെ ലഹരിയില്‍ അമ്മിണി അടിച്ചു കയറുമ്പോള്‍ മാതൃവാനവും ഡിക്രൂസും വാനോളം ഉയരുകയായിരുന്നു. അടിച്ചൊതുക്കല്‍ ഒരു രോഗമായി അവളിലേക്കു പടര്‍ന്നു കയറി. ഡിക്രൂസിന് ഓരിയിടല്‍ എന്നതു പോലെ ഇന്ന് അവളും ഒരു രോഗത്തിനു അടിമയാണ്.
കഥാകൃത്തിന്‍റെ രോഗങ്ങള്‍ക്കു മരുന്നുണ്ട്, പക്ഷേ കഥാപാത്രത്തിന്‍റെ രോഗത്തിനോ? പക്ഷിപ്പനി പോലെ പക്ഷികളില്‍ ഒതുങ്ങി നില്‍ക്കാതെ മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിലേക്കു അതു കയറി വന്നാലോ? ദൈവമേ, ഓര്‍ക്കാന്‍ തന്നെ വയ്യ!
"അതു ശരി, അപ്പോള്‍ ആ പന്നക്കഴുവേറികള്‍ക്കു വേണ്ടിയാണല്ലേ നീ എന്നെ തല്ലിപ്പടച്ചുണ്ടാക്കിയത്. അവര്‍ക്കിട്ടു നാല് താങ്ങിയിട്ടു വരാം. " അമ്മിണി ഒരു കാലിലും ഒരു കൈയിലും ചെരിപ്പുമായി ധൃതിയില്‍ നടന്നു.
Wednesday, April 30, 2008
അനുധാവനം (ചെറുകഥ)
പക്ഷേ മുരുകന്‍റെ ചായക്കടയുടെ മുമ്പിലെ മരബെഞ്ചുകളില്‍ ബഷീറും വേണുവും ഇരിക്കുന്നില്ല. അതിനര്‍ത്ഥം അമല ഉടന്‍ ഓടിത്തുടങ്ങുമെന്നാണ്. ചെട്ടിക്കുളത്തുനിന്നുള്ള ഒന്നേകാല്‍ മണിക്കൂറിന്‍റെ ആ ഓട്ടം ടൌണിലാണ് അവസാനിക്കാറ്.
നീണ്ട ഹോറണ്‍ മുഴങ്ങി. ഉഷയുടെ നടത്തം ചെറുക്കനെ ഒരോട്ടമായി.
ഉഷ കയറിയതോടെ ബസ് ഉരുണ്ടുനീങ്ങി. മഴക്കാലത്ത് ഏതോ ട്രാക്റ്ററിന്‍റെ ചക്രം പുതഞ്ഞു രൂപം കൊണ്ട കുഴിയില്‍ക്കയറി ബസ് നല്ലപോലെ ഒന്നൊലുഞ്ഞു. പിന്നെ പിച്ച വെക്കാന്‍ തുടങ്ങിയ ഒരു കുട്ടിയെപ്പോലെ ബസ് അതിന്‍റെ യാത്ര തുടങ്ങി. പട്ടണത്തിലെ തിരക്കുകളിലേക്ക്, ബഹളങ്ങളിലേക്ക്, ധൃതികളിലേക്ക്, നിര്‍വികാരതകളിലേക്ക്.
ബസില്‍ കുറച്ചു യാത്രക്കാര്‍ ഇരിക്കുന്നുണ്ട്. എല്ലാവരേയും ഉഷക്കറിയാം. അവര്‍ക്ക് ഉഷയേയും അറിയാമെന്നു അവരുടെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ തെളിയിക്കുന്നു.
"ഉഷക്കുട്ടീന്ന് ബ്ളൂസ്റ്റാറില് പോയില്ലേ?" ഏറ്റവും പിന്നിലെ നീളന്‍ സീറ്റിനു മുന്നിലിട്ടിരിക്കുന്ന സ്റ്റെപ്പിനി ടയറില്‍ വാഴക്കുലകള്‍ നിരത്തി, അതേ ടയറിന്‍റെ വക്കത്ത് ചടഞ്ഞിരിക്കുന്ന തങ്കമ്മ കുശലങ്ങള്‍ക്കു തുടക്കമിട്ടു.
"ഉഷക്ക് ഞായറാഴ്ച്ചയും വീട്ടിലിരുന്നൂടാന്ന് ണ്ട്വോ?" കണ്ണാശുപത്രിക്ക് പോണ രാമന്‍ നായര്‍.
"ഉഷങ്ക്ഡ് ഇരുന്നോളു, അതുവരെ മിണ്ടീം പറഞ്ഞും പോവാലോ" പരദൂഷണം പാര്‍വ്വതി തന്‍റെ ഉദ്ദേശ്യം മറച്ചു വെച്ചില്ല.
കുറേ മുന്നിലൊരു ഒഴിഞ്ഞ സീറ്റില്‍ ഇരിപ്പുറക്കുന്നതു വരെ ചോദ്യങ്ങള്‍ ഉഷയെ അനുഗമിച്ചു.
എല്ലാ ചോദ്യങ്ങള്‍ക്കും ഉഷയുടെ ഉത്തരം ഒരു ഇടത്തരം പുഞ്ചിരിയായിരുന്നു. ഉഷയുടെ മുഖത്തൊട്ടിച്ച ആ ചിരി അവള്‍ക്കു ദൈവം കൊടുത്തതാണ്, നുണക്കുഴിക്കും കവിളിലെ മറുകിനോടുമൊപ്പം. ഒരിക്കലും അസ്തമിക്കാത്ത ആ ചിരി ഒരു കണ്ണാടിച്ചിരിയാണെന്ന് കുറേക്കാലം കോളേജില്‍ അവളുടെ പുറകെ നടന്ന ശിവരാമന്‍ ഒരിക്കല്‍ പറയുകയുണ്ടായിട്ടുണ്ട്. അതേ ചിരിയാണ് അതിനും മറുപടിയായി അവള്‍ കൊടുത്തത്. 'ഒരു പെണ്‍കുട്ടിയെങ്കിലും തന്നെ സ്നേഹിച്ചിരുന്നെങ്കില്‍!' എന്ന ഉത്ക്കടമായ അഭിവാഞ്ചയുമായി കോളേജില്‍ കറങ്ങി നടക്കുന്നതിനിടയിലാണ് ശിവരാമന്‍ ഉഷയുടെ പുഞ്ചിരിയില്‍ തടഞ്ഞു വീണത്. സ്നേഹം പെയ്യുന്ന പുഞ്ചിരി. അതോ കാമം കണ്ണിറുക്കുന്ന വശ്യച്ചിരിയോ? അറിയാതെ അവന്‍ ആ പുഞ്ചിരിയെ അനുധാവനം ചെയ്തു.
ഒരു ദിവസം ഒരു കൊച്ചു കാര്യത്തിന് ശിവരാമന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഉഷയുടെ ചിരിയില്‍ ദേഷ്യം. അത്രയ്ക്കത്ര! ശിവരാമന്‍ അതിശയിച്ചു പോയി. അപ്പോള്‍ ഉഷയുടെ ചിരിയിലും അതേ അതിശയം! പിന്നീട് പലപ്പോഴായി നീരസം, നിര്‍വികാരത, വെറുപ്പ്, എല്ലാം ആ പുഞ്ചിരിയില്‍ തെളിഞ്ഞപ്പോള്‍ ശിവരാമന് അതൊരു പിടികിട്ടാച്ചിരിയായി മാറി. എത്ര മേക്കപ്പ് ചെയ്താലും കരിങ്കുരങ്ങിന്‍റെ വംശപരമ്പരയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് തന്‍റെ രൂപം കണ്ണാടിയില്‍ തെളിയുന്നതുപോലെ വെറുമൊരു കണ്ണാടിച്ചിരി മാത്രമായിരുന്നോ അത്. ശിവരാമന് തന്നോടു തന്നെ പുച്ഛം തോന്നി. അപ്പോള്‍ ഉഷയുടെ ചിരിയിലും പുച്ഛം നുരഞ്ഞു. പിന്നീടൊരിക്കലും ശിവരാമന്‍ ഉഷയുടെ മുഖത്തേക്കു നോക്കിയിട്ടില്ല.
എന്നാല്‍ സുഹൃത്തുക്കള്‍ക്കോ, ഉഷ എന്നും പുഞ്ചിരിക്കുന്ന ഒരു സൌഹൃദം മാത്രം.
ബഷീറും ബസ്സിന്‍റെ വശത്തെ കണ്ണാടി പിന്നിലിരിക്കുന്ന ഉഷയെ ലക്ഷ്യമാക്കി തിരിച്ചിട്ടില്ല. ആ കണ്ണാടിച്ചിരി അവനേയും കുഴക്കുന്നുണ്ടെന്നു തീര്‍ച്ച.
പക്ഷേ ഇപ്പോള്‍ ഉഷയുടെ ചിരിയില്‍ കണ്ണു വിടര്‍ത്തുന്നത് അത്ഭുതം. കഴിഞ്ഞ സ്റ്റോപ്പില്‍ നിന്നു കയറിയ ഒരു യുവാവിന്‍റെ മുഖത്ത് ആ കണ്ണാടിച്ചിരി കണ്ടതാണ് ഉഷയെ അത്ഭുതപ്പെടുത്തിയത്. ആ ചിരി?? ഉഷ സംശയിച്ചപ്പോള്‍ യുവാവിന്‍റെ മുഖത്തും സംശയം. പിന്നെ അത് കൌതുകമായി, കുശലമായി, സൌഹൃദമായി... വേണ്ട, ഇനി മുന്നോട്ടു പോകണ്ടാ. ആ ചിരിയില്‍ പ്രേമം വിടര്‍ന്നാലോ?
ഉഷ പുറത്തേക്കു നോക്കി. മിന്നി മറയുന്ന വീടുകളും, പാടങ്ങളും, വൃക്ഷങ്ങളും... ബസ് ബൈപ്പാസിലൂടെ പറപറക്കുകയാണ്. എതിര്‍വശത്തുനിന്നും കടന്നു പോകുന്ന വാഹങ്ങള്‍ക്ക് രൂപമോ നിറമോ ഒന്നും തന്നെയില്ല. ത്സീം.... ത്സീം.... എന്ന ശബ്ദം മാത്രം. ഉഷക്കല്‍പം പേടി തോന്നി. ഇന്നലെ പത്രത്തില്‍ കണ്ടത്... മരണം വാരി വിതറിയ പട്ടിക്കാട് ബസ്സപകടം. തൃശൂര്‍ക്കും പാലക്കാട്ടേക്കുമുള്ള ബസ്സുകള്‍ നേര്‍ക്കുനേര്‍ ഇടിച്ചു തകര്‍ന്ന ചിത്രം. ഉഷ അറിയാതെ മുഖം തിരിച്ചു.
യുവാവിന്‍റെ ചിരിയിലും ഭീതി കൂടുകൂട്ടിയിട്ടുണ്ടോ? മാത്രമല്ല, അയാള്‍ ഇപ്പോള്‍ തന്‍റെ തൊട്ടടുത്തുള്ള സീറ്റിലാണ് ഇരിക്കുന്നത്.
ഉഷ ചുറ്റും കണ്ണോടിച്ചു. ഇല്ല, അറിയുന്ന ആരുമില്ല. ശങ്കരിയും രാമന്‍ നായരുമൊക്കെ ഇറങ്ങി പോയിരിക്കുന്നു. ഉഷ മുന്നിലെ സീറ്റിലേക്ക് തല ചായ്ച്ച് കണ്ണുകള്‍ ഇറുക്കിയടച്ചു.
"സ്റ്റാന്‍ഡ്... സ്റ്റാന്‍ഡ്.... സ്റ്റാന്‍ഡ് ഒക്കെ എറങ്ങ്വാ..." കണ്ടക്ടറുടെ ഉയരുന്ന ശബ്ദം ഉഷയെ ഉണര്‍ത്തി. ഇറങ്ങുമ്പോള്‍ ഉഷ ഭീതിയോടെ ചുറ്റും നോക്കി. ഇല്ല, അയാളെ എങ്ങും കാണുന്നില്ല. ഉഷക്ക് ശ്വാസം നേരെ വീണു.
"ചെട്ടിക്കുളം... ചെട്ടിക്കുളം...." കണ്ടക്ടര്‍ കിടന്നു കാറുകയാണ്. ഉഷക്ക് അയാളോടു സഹതാപം തോന്നി. അവസാനിക്കാത്ത ഒരേ യാത്ര. ചെട്ടിക്കുളം... സ്റ്റാന്‍ഡ്... ചെട്ടിക്കുളം...
ഉഷ കുട നിവര്‍ത്തി. കുടയ്ക്കു മുകളില്‍ ഉച്ച വെയിലു കത്തി. വാഹനങ്ങളുടെ ഹോറണും ചീറ്റലും... എങ്ങും ബഹളം. ഉഷയുടെ കാലുകളില്‍ ധൃതിയുടെ കടിഞ്ഞാണ്‍ അയഞ്ഞു.
ഇരുമ്പു ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അമ്മായി വരാന്തയിലേക്കിറങ്ങി വന്നു. താഴത്തെ കൊമ്പില്‍ തൂങ്ങി നില്‍ക്കുന്ന പച്ചമാങ്ങകള്‍ കുടക്കാലുകൊണ്ട് പറിക്കാനുള്ള അമ്മാവന്‍റെ യത്നം തന്നെ കണ്ടതിനുശേഷവും തുടരുകയാണ്.
"ദ് ആരാദ്!! ഇങ്ങ്ട്ട്ള്ള വഴിയൊക്കെ ഇപ്പ്ളും ഓര്‍മ്മേണ്ടോ?" അമ്മായിയുടെ വാക്കുകളില്‍ അതിശയം, സന്തോഷം, പരിഭവം, അന്വേഷണം, സ്നേഹം എല്ലാം അളവില്ലാതെ തുളുമ്പി.
ഉച്ചയൂണിന് വിഭവങ്ങളേറെയുണ്ടായിരുന്നില്ലെങ്കിലും വാത്സല്യത്തിന്‍റെ രുചി ആവോളം കഴിച്ചു. യാത്രാക്ഷീണം പതുക്കെ ശരീരത്തെ കീഴടക്കിത്തുടങ്ങി. മയക്കം കണ്ണുകളില്‍ തൂങ്ങി.
"മതി നിന്‍റെ വര്‍ത്തമാനം. അവളിത്തിരി നേരം ഉറങ്ങട്ടെ. മീനച്ചൂടിലെ യാത്രയല്ലേ, നല്ല ക്ഷീണം ണ്ട്വാവും." അമ്മാമന്‍ ആഴ്ച്ചപ്പതിപ്പു മറിച്ചു കൊണ്ട് അമ്മായിയെ ശാസിച്ചു.
"തെക്കേ മുറീലും വടക്കേ തളത്തിലും ഒക്കെ ഓരോ സാധനങ്ങളിട്ട് അലങ്കോലായി കിടക്ക്വാ. അച്ഛന്‍റെ മുറീല് വിരിക്കട്ടെ?" എവിടെയെങ്കിലും ഒന്നു നടുനിവര്‍ത്താല്‍ മതി എന്നു തോന്നിയതുകൊണ്ട് ഉഷ അമ്മായിയോട് ഒന്നും പറഞ്ഞില്ല.
"അച്ഛന്‍ മരിച്ചിട്ട് കൊല്ലം തികയാണ് മേടത്തില്. അന്നു നിങ്ങളാരും വരാഞ്ഞപ്പോ എഴുതി തള്ളീല്ലേ ന്ന് സങ്കടപ്പെട്ടു. പിന്ന്യേം കൊറേ കഴിഞ്ഞാ അറിഞ്ഞത്, ഉഷേടെ അമ്മടെ ഓപ്പറേഷന്‍.. പാവം ഒരുപാട് കഷ്ടപ്പെട്ടോ ആരൂല്ല്യാണ്ടെ?" വിരിപ്പ് മാറ്റി വിരിച്ച് പോകുമ്പോള്‍ അമ്മായിയുടെ കണ്ണ് നനഞ്ഞിരുന്നു.
വാതില്‍ കുറ്റിയിട്ട് ഫാന്‍ മീഡിയത്തിലിട്ട് ഉഷ കിടന്നു. കിടന്നപാടെ ഉറക്കത്തിലേക്ക് ആണ്ടുപോയി.
ഉറക്കത്തിന്‍റെ ആഴങ്ങളില്‍ എവിടെയോ വെച്ച് കറണ്ടു പോയി. ഫാന്‍ നിലച്ചു.
ഞെട്ടി കണ്ണുതുറന്ന ഉഷ ഒരു നടുക്കത്തോടെ കണ്ടു, നടുക്കം പ്രകടമായ ചിരിയുമായി ആ യുവാവ്... അവളുടെ കൂടെ അതേ കട്ടിലില്‍...
Sunday, April 13, 2008
രാത്രി വണ്ടിയിലെ യാത്രക്കാരനും കൂട്ടുകാരിയും
മഴക്കു ജാള്യം തോന്നിക്കാണണം, പമ്മിയൊളിച്ചു മേഘക്കീറിനു പിന്നില്‍. ആരും അതു കണ്ടില്ല. എങ്ങിനെ കാണും? വെളിച്ചമൊളിച്ച രാത്രിയല്ലേ. കൂട്ടിനു പവര്‍കട്ടും.
ഘടികാരത്തിനു പെട്ടെന്നൊരു ബോധോദയം. ഒന്നും ഉള്ളില്‍ വെക്കുന്ന പതിവ് മൂപ്പര്‍ക്കില്ലല്ലോ. തണ്റ്റെ പുത്തന്‍ അറിവ് ഉടന്‍ വിളിച്ചോതി. നീണ്ട പത്തു മുഴക്കങ്ങളിലൂടെ.
ചുമരില്‍ കുരിശ്ശിലേറ്റിയ കറുത്ത പെട്ടി ചിരട്ടത്തൊണ്ട തുറന്നു. ചകിരി ശബ്ദം കയറുപോലെ പിരിഞ്ഞു നീണ്ടു. പല തവണ. പല ഭാഷയില്‍.
"യാത്രക്കാരുടെ ശ്രദ്ധക്ക്. തിരുവനന്തപുരത്തു നിന്നും പാലക്കാട് വരെ പോകുന്ന ട്രെയിന്‍ നമ്പറ്‍ ആറ് മൂന്ന് നാല് മൂന്ന് അമൃതാ എക്സ്പ്രസ്സ് പത്തു മണി അമ്പത് മിനുട്ടുകള്‍ക്ക് മൂന്നാമത്തെ പ്ളാറ്റ് ഫോമിലേക്കു എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു. യാത്രിഗണ്‍ കൃപയാ ധ്യാന്‍ ദേ....... "
ശ്രദ്ധ ഉണര്‍ന്നു. ധൃതി ഉണര്‍ന്നു. ഒച്ച ഉണര്‍ന്നു. മഴ ഉണര്‍ന്നു. എത്തേണ്ടിടത്തിന്‍റെ ഒാര്‍മ്മകള്‍ ഉണര്‍ന്നു. ഉറക്കം വീണ്ടും ഉറങ്ങാനായി ഉണര്‍ന്നു. നിശബ്ദതയുടെ താരാട്ടു കേട്ടുറങ്ങാന്‍.
എത്രയേറെ ഉറക്കങ്ങളാണാ മുറിയില്‍ വിശ്രമിക്കുന്നത്! എന്തൊക്കെത്തരം ഉറക്കങ്ങള്‍! നിശബ്ദമായത്. കുറുങ്ങുന്നത്. മുരളുന്നത്. തറയില്‍ വളഞ്ഞത്. ബെഞ്ചില്‍ നിവര്‍ന്നത്. പെട്ടിപ്പുറത്തേക്ക് ഒടിഞ്ഞത്. ബാഗിലേയ്ക്ക് തല ചായ്ച്ചത്. മുന്‍സീറ്റിലേക്കു ചാഞ്ഞത്. കണ്ണടച്ചത്. തുറന്നത്. പാതിയടച്ചത്. അനുനിമിഷം പെറ്റു പെരുകുന്ന എണ്ണമറ്റ ഉറക്കങ്ങള്‍. എങ്ങും മുഷിഞ്ഞ ഉറക്കത്തിന്‍റെ വാട.
വസ്ത്രങ്ങളും മുഷിഞ്ഞു ചുളിഞ്ഞവയാണെങ്ങും. തീരെ തിളക്കമില്ലാത്തവ. തിളക്കമുള്ളതായി ?? ഒന്നുണ്ട്. കറുത്ത ബാഗിനെ പാതിമൂടിയ പട്ടുപ്പാവാട. മഞ്ഞക്കസവുള്ള ചുവന്ന പാവാട. അതിനു താഴേ ബാഗിനിരുവശവുമായി രണ്ടു പൊന്‍പാദസരങ്ങള്‍ പുല്‍കിയ മാന്തളിറ്‍ കണങ്കാലുകള്‍. തീര്‍ന്നു. മറ്റൊന്നുമില്ല അവിടെ തിളക്കമുള്ളതായി. ഉറക്കത്തിനു പോലുമുണ്ട്, ഒാര്‍മ്മയുടെ കറ.
ഘടികാരം വീണ്ടും ഉണര്‍ന്നു. പുതിയ കണ്ടെത്തല്‍ ഒറ്റ മുഴക്കത്തിലൂടെ ഉദ്ഘോഷിച്ചു. ഉറക്കം പരക്കെ ഞെട്ടി. സ്വപ്നങ്ങള്‍ മുറിഞ്ഞു. അങ്ങിങ്ങ് കോട്ടുവായ കാറ്റ് ഊതി. ദൂരെയൊരു ജൂസറിന്‍റെ രോദനം. നടന്നകലുന്ന ചെരുപ്പ് നേറ്‍ത്തു നേറ്‍ത്തില്ലാതാകുന്ന താളം.
ചൂളം വിളി കാറ്റിലലിഞ്ഞു ചേരുന്ന സംഗീതം. ചക്രങ്ങളുടെ കരുത്തില്‍ ഞെരിയുന്ന പാളങ്ങളുടെ കിരുകിരുപ്പ്. എല്ലാം മഴയുടെ സാന്ത്വനത്തിലലിഞ്ഞു മണ്ണിലമരുന്ന ഗന്ധം. പോയത് ഗൂഡ്സ് വണ്ടിയെന്നു കണ്ണുതുറക്കാത്ത ബോധം പറഞ്ഞു. പറഞ്ഞില്ലെങ്കിലും അറിയാമായിരുന്നു. വര്‍ത്തമാന തേനീച്ചക്കൂടിന്‍റെ മുഴക്കമില്ലായ്മയില്‍ നിന്ന്. പാദന്യാസങ്ങളുടെ അഭാവത്തില്‍ നിന്ന്. ചായ, കാപ്പി ബഹളങ്ങളുടെ ഉണരായ്മയില്‍ നിന്ന്.
ഉണറ്‍ന്നത് ഏതോ കുഞ്ഞിത്തൊണ്ട. ദാഹത്താലാവാം. വിശപ്പു കൊണ്ടാവാം. മൂട്ട കടിയാലാവാം. അല്ലെങ്കില്‍ മൂത്ര സഞ്ചി നിറഞ്ഞിട്ടാവാം.
മൂത്രപ്പുര വാതില്‍ക്കല്‍ നാണയത്തുട്ടുകളിലേക്കു കെട്ടുവീണ ഉറക്കം. ബോധത്തിന്‍റെ തിരിയിലെവിടെയോ നനവ്. തോന്നലാണോ? എങ്ങോ വാതില്‍പ്പാളികള്‍ കരയുന്നുണ്ട്. പാട്ടയില്‍ വെള്ളം ചിരിക്കുന്നുണ്ട്. നാണയത്തുട്ട് മേശമേലിട്ടപ്പോള്‍ കെട്ടുവീണ ഉറക്കം ഞെട്ടി.
കറുത്ത പെട്ടിയുടെ തൊണ്ട കാറി. "യാത്രക്കാരുടെ ശ്രദ്ധക്ക് .. " ആകാംക്ഷയുടെ കണ്ണുകള്‍ തുറന്നു. പ്രതീക്ഷയുടെ കാതുകള്‍ കൂര്‍ത്തു. "... അമൃതാ എക്സ്പ്രസ് പന്ത്രണ്ടു മണി അമ്പത്തഞ്ചു മിനിട്ടുകള്‍ക്ക് മൂന്നാമത്തെ പ്ളാറ്റ്ഫോമിലേക്ക്.... "
ഉണര്‍വിന്‍റെ കണ്ണുകള്‍ അടഞ്ഞു. ബോധത്തിന്‍റെ കൂര്‍ക്കം വലി ഉയറ്‍ന്നു. അറിവ് ഉറക്കത്തിലാണ്ടു. പ്രജ്ഞയുടെ സ്വയമലിഞ്ഞില്ലാതാകുന്ന ഗാഢ നിദ്ര.
മഴയിലുണറ്‍ന്ന പാളങ്ങള്‍. പാളത്തിലുറങ്ങുന്ന ഒരു ഗൂഡ്സ് സുന്ദരി. മൈഥുനേച്ഛയില്‍ വന്നു മുട്ടിയ മുട്ടാളന്‍ എന്‍ജിന്‍. വിജൃംഭിതമായ കാമത്തിന്‍റെ വന്യമായ മുഴക്കത്തില്‍ പ്ളാറ്റ്‌ഫോം വിറച്ചു.
മഴ ഞെട്ടി. ഉറക്കം ഞെട്ടി. പാളത്തിലേക്കു പായുന്ന കണ്ണുകള്‍. കറുത്ത പെട്ടിയിലേക്കു കൂര്‍പ്പിക്കുന്ന കാതുകള്‍. പരതുന്ന കൈകള്‍. ചടുലമാകുന്ന കാലുകള്‍. അനങ്ങുന്ന ബാഗുകള്‍. നിരങ്ങുന്ന പെട്ടികള്‍. പ്രസരിപ്പിന്‍റെ പാദസരങ്ങള്‍.
ആരോ വാതില്‍ തള്ളിത്തുറന്നു. ഈറനുടുത്ത കാറ്റാണ്. മഴയുടെ മണം മടിക്കുത്തില്‍ ഒളിപ്പിച്ചത്.
മുകളില്‍ അപ്പോഴും പങ്കയുടെ പടപടപ്പ്. ചുമരിലുറങ്ങുന്ന ഘടികാരത്തിന്‍റെ ഹൃദയമിടിപ്പ്. കറുത്ത പെട്ടിയുടെ പിറുപിറുപ്പ്. കാത്തിരുപ്പിന്‍റെ അറുമുഷിപ്പ്. ഘടികാരം വീണ്ടും മുഴങ്ങി. രണ്ടു നീണ്ട മുഴക്കങ്ങള്‍. അതിനിടയിലും ഉറക്കം ഒളിച്ചിരിപ്പുണ്ടോ?
കറുത്തപെട്ടി പിറുപിറുത്തു. "യാത്രക്കാരുടെ ശ്രദ്ധക്ക്. തിരുവനന്തപുരത്തു നിന്നും പാലക്കാട് വരെ പോകുന്ന ട്രെയിന്‍ നമ്പറ്‍ ആറ് മൂന്ന് നാല് മൂന്ന് അമൃതാ എക്സ്പ്രസ്സ് മൂന്ന് മണി മുപ്പത്തഞ്ചു മിനുട്ടുകള്‍ക്ക് മൂന്നാമത്തെ പ്ളാറ്റ് ഫോമിലേക്കു എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു. യാത്രിഗണ്‍ കൃപയാ ധ്യാന്‍ ദേ....... "
കറുത്തപെട്ടിയുടെ താഴെയിരുന്നുറങ്ങുന്ന പാറ്റ. പെട്ടിക്കു മുകളില്‍ ഉറങ്ങാത്ത പല്ലി. ഒന്നു വെട്ടിച്ചാടിയ പല്ലിയുടെ വായില്‍ പിടയ്ക്കുന്ന പാറ്റ. വേദന വിഴുങ്ങുന്ന പാറ്റ. വെളിപാടു പോലെത്തുന്ന അതിന്‍റെ അറിവുകള്‍.
ചെയ്യേണ്ടത് ചെയ്തില്ലെന്ന അറിവ്. പലതും ചെയ്യാമായിരുന്നെന്ന അറിവ്. ഇനിയൊന്നും ചെയ്യാനാവില്ലെന്ന അറിവ്. ചെയ്തിട്ടും പ്രയോജനമില്ലെന്ന അറിവ്. നിസ്സഹായതയെ ഗര്‍ഭം ധരിച്ച അനേകം അറിവുകള്‍. ഒപ്പം രാത്രിവണ്ടി വന്നെത്തിയെന്ന തിരിച്ചറിവും.
വണ്ടിയില്‍ കയറിപ്പറ്റാന്‍ എന്തൊരു തത്രപ്പാട്! പിന്നെ.... ഇരുളിന്‍റെ തുരങ്കത്തിലലിയുന്ന വണ്ടിയില്‍, മറുവശത്തെ വിസ്മയങ്ങള്‍ക്കായി അയാള്‍ തനിച്ച്...? അല്ല, അയാളുടെ ഒരേയൊരു കൂട്ടുകാരിയുമൊത്ത്....
Monday, March 24, 2008
തുമ്പിക്കൈകള്‍ മുളയ്ക്കുന്നത്
എന്നത്തേയും പോലെ അന്നും അമ്മയുടെ ഇടതടവില്ലാത്ത ഉപദേശങ്ങളും ശകാരങ്ങളും കേട്ട് പൊറുതിമുട്ടിയപ്പോഴാണ് സന്ദീപ് ഉറക്കം മതിയാക്കാന്‍ തീരുമാനിച്ചത്. ജനലഴികളൊടു സദാ സല്ലപിച്ചു നില്‍ക്കുന്ന ചാമ്പക്കാ മരത്തിന്‍റെ ശിഖരങ്ങള്‍ക്കിടയിലൂടെ പാളി നോക്കുന്ന സൂര്യനും ആ തീരുമാനത്തെ ചൂടായി പിന്താങ്ങിയിരുന്നു.
പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞെത്തുമ്പോള്‍ ക്ളോക്ക് ഇരട്ടി വേഗത്തിലോടുകയാണ്. ഒരു കക്ഷണം പുട്ട് കടലക്കറിയോടൊപ്പം അകത്താക്കി. ഒരു നേന്ത്രപ്പഴം കൂടെ ചെന്നപ്പോള്‍ ഏമ്പക്കം പുറത്തു ചാടി. ബൈക്കു സ്റ്റാര്‍ട്ട് ചെയ്ത് കോളേജിലേക്കു പറന്നു. എല്ലാം തികച്ചും സാധാരണം.
കോളേജു ലൈബ്രറിയുടെ മുന്നില്‍ ബൈക്കു നിന്നു. ബെല്ലടിച്ചിട്ടില്ല. മരത്തണലില്‍ അമനും അക്ഷയും അരുണ്‍പിള്ളയും ഇരിക്കുന്നുണ്ട്. ഹീറോ ഹോണ്ടായുടെ പുതിയ മോഡല്‍ ബൈക്കാണ് ചര്‍ച്ചാ വിഷയം. തെല്ലകലെ ബിന്ദു തരകന്‍, ആശാ മാത്യു, അംബികാ വിജയന്‍ ഒക്കെ വട്ടം കൂടി നില്‍പുണ്ട്. ഉള്ളിലൊതുങ്ങാത്ത ആശയുമായി പൊരുതുന്ന ജീന്‍സും ടോപ്പും. അതു രജനീകാന്തിന്‍റെ സിനിമയിലെ പുതുമുഖനായികയുടെ വേഷവിധാനവുമായി താരതമ്യം ചെയ്യപ്പെടുന്നതിനിടയില്‍ ബെല്ലടിച്ചു. പെണ്‍ കുട്ടികള്‍ ധൃതി പിടിച്ചും ആണ്‍ കുട്ടികള്‍ ഇതൊന്നും തങ്ങള്‍ ക്കു ബാധകമല്ല എന്ന മട്ടിലും ക്ളാസുകളിലേക്കു നടന്നു.
ആനി ടീച്ചര്‍ ക്ളാസിലെത്തിക്കഴിഞ്ഞിരുന്നു. തിരിഞ്ഞു നിന്ന് തലേന്നു ഫിസിക്സ് ടീച്ചര്‍ ബ്ളാക്ക് ബോര്‍ഡില്‍ ചിക്കിപ്പരത്തിയ ന്യൂട്ടന്‍റെ സിദ്ധാന്തങ്ങള്‍ തുടച്ചു മാറ്റുകയാണ് ടീച്ചര്‍. ടീച്ചര്‍ ധരിച്ചിരിക്കുന്ന സാരി കൊള്ളാമെന്നു പിന്‍സീറ്റിലേക്കു നടക്കുന്നതിനിടയില്‍ സന്ദീപ് ആംഗ്യ ഭാഷയില്‍ അവതരിപ്പിച്ചു. ദിവ്യ എഴുന്നേറ്റു നിന്ന് തള്ള വിരലിന്‍റേയും ചൂണ്ടു വിരലിന്‍റേയും തലപ്പുകള്‍ മുട്ടിച്ചു 'അടിപൊളി'യെന്നു സെക്കന്‍ഡു ചെയ്തതോടെ ചിരി പല ചുണ്ടുകളും ഭേദിച്ചു പുറത്തു ചാടി. പിന്നിലെ റിയാക്ഷന്‍ ആനി ടീച്ചര്‍ അറിഞ്ഞെങ്കിലും ബുദ്ധിപൂര്‍വ്വം അവഗണിച്ചു തന്‍റെ ആക്ഷന്‍ തുടര്‍ ന്നു.
ഒന്നും അറിഞ്ഞില്ലെന്ന മട്ടില്‍ സന്ദീപ് കെമിസ്റ്റ്രീ ക്ളാസിന്‍റെ പിന്‍സീറ്റിലേക്കു പതുക്കെ നടന്നു. ഇപ്പോഴും എല്ലാം തികച്ചും സാധാരണം.
അല്ലെങ്കില്‍ത്തന്നെ അടുത്ത നിമിഷം അസാധാരണമായെന്തങ്കിലും സംഭവിക്കുമെന്ന് ആരും കരുതാറില്ലല്ലോ. അതിനു വേണ്ടി തയ്യാറെടുക്കാറുമില്ല.
അതുകൊണ്ടാണ് സീറ്റിലിരുന്ന സന്ദീപ് ഷോക്കടിച്ചതു പോലെ ചാടി എഴുന്നേറ്റത്. ന്യൂട്ടന്‍ പോലും ഊഹിക്കാത്ത വിധം ശക്തമായ റിയാക്ഷന്‍. സീറ്റിലൊന്നു നല്ല പോലെ നിരീക്ഷിച്ച ശേഷം വീണ്ടും ഇരുന്നു. ഇത്തവണ വളരെ പതുക്കെ. സീറ്റിനെപ്പോലും നോവിക്കാതെ. സന്ദീപ് കണ്ണുകള്‍ തിരുമ്മി. സ്വപ്നമല്ല. പക്ഷേ സ്വപ്നം പോലും വിഭാവനം ചെയ്യാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ചുറ്റും കണ്ണോടിച്ചു ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പു വരുത്തിയ ശേഷം അല്‍പം ചരിഞ്ഞിരുന്ന് ആസനത്തില്‍ തടവി നോക്കി. എന്തോ നീണ്ട് ഉരുണ്ട്.....
ജീന്‍സിന്‍റെ മുന്‍പോക്കറ്റിലൂടെ കയ്യിട്ട് പരതി. ശൂന്യം. ഉരുകിയൊലിക്കുന്ന ലാവയുടെ കെമിസ്റ്റ്രീ ക്ളാസ് കഴിയേണ്ട താമസം, സന്ദീപ് ബൈക്കില്‍ ചാടിക്കയറി ചരിഞ്ഞിരുന്ന് വീട്ടിലോട്ടു കത്തിച്ചു വിട്ടു. ദിവ്യയോടു പറയാതെ. അവള്‍ക്കൊരു എസ് എം എസ് പോലും അയക്കാതെ.
വീട്ടു മുറ്റത്തെത്തേണ്ട താമസം, ബൈക്ക് മുറ്റത്തിട്ട് ഉമ്മറത്തേക്കു ചാടിക്കയറി. അച്ഛന്‍ ബാങ്കിലേക്കും അമ്മ സ്ക്കൂളിലേക്കും പോയിക്കഴിഞ്ഞിരുന്നു. ആന്തൂറിയത്തിന്‍റെ ചട്ടിക്കടിയില്‍ നിന്നും താക്കോലെടുത്തു വാതില്‍ തുറന്നു.
കുളിമുറിയിലെ വലിയ കണ്ണാടി കൊണ്ടുവന്ന് സോഫയില്‍ വെച്ചു. ലൈറ്റുകള്‍ തെളിച്ചു. ജീന്‍സ് വലിച്ചഴിച്ചു. പിന്നെ അടിവസ്ത്രവും. കണ്ണാടിയില്‍ കണ്ട കാഴ്ച !!! ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത, വിഭാവനം ചെയ്തിട്ടില്ലാത്ത, കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണു നടന്നിരിക്കുന്നത്. ജൂനിയര്‍ സന്ദീപ് തന്‍റെ മുന്‍സീറ്റു വിട്ട് പിന്‍സീറ്റിലേക്കു മാറിയിരിക്കുന്നു!!
തെല്ലിട സ്തബ്ധനായി നിന്ന സന്ദീപ് സോഫയിലേക്കു കുഴഞ്ഞു വീണു. മണിക്കൂറുകളോളം അങ്ങിനെ കിടന്നു. ആത്മഹത്യ ആദ്യമായി സന്ദീപിന്‍റെ മനസില്‍ തലപൊക്കി. ഉടന്‍ ജീവിക്കാനുള്ള ആഗ്രഹം ഇരട്ടി ശക്തിയില്‍ അതിനെ ചവിട്ടി താഴ്ത്തുകയും ചെയ്തു. കിടപ്പ് ഒന്നിനും ഒരു പരിഹാരമല്ലെന്നു മനസിലാക്കിയ സന്ദീപ് എഴുന്നേറ്റു. ടോയ്ലെറ്റില്‍ ചെന്നു തിരിഞ്ഞു നിന്ന് ഒന്നാം നമ്പര്‍ നടത്തി. കോളേജിലെ മൂത്രപ്പുരയില്‍ വെച്ചാണിത് ചെയ്തതെങ്കില്‍....? ഹൊ, ഒാറ്‍ക്കാന്‍ തന്നെ വയ്യ. ദിവ്യ അറിഞ്ഞാല്‍... !!
എരിപൊരി കൊള്ളുന്ന ചിന്തകളുടെ വറവില്‍ രാത്രി തീരെ ഉറങ്ങിയില്ല. എങ്കിലും സമയത്തിനു എഴുന്നേറ്റു തയ്യാറായി. വീട്ടിലിരുന്നാല്‍ എന്താ അസുഖമെന്നാവും. ഡോക്ടറോട് പോലും പറയാന്‍ കൊള്ളാവുന്ന അസുഖമാണോ ഇത്?
ക്രിക്കറ്റ് . പാഡുകള്‍ മുറിച്ച് തുടയ്ക്കു പിന്നില്‍ കെട്ടി അയഞ്ഞ ജീന്‍സു ധരിച്ച് ബൈക്കില്‍ ഇരിക്കുമ്പോള്‍ ആനപ്പുറത്തു കയറിയ പ്രതീതി. കോളജില്‍ ക്ളാസില്‍ കയറാതെ അങ്ങുമിങ്ങും അലഞ്ഞു നടന്നു. എപ്പോഴും ജൂനിയര്‍ സന്ദീപ് ആണ് ചിന്തകളില്‍. തന്‍റെ മുഴുവന്‍ പ്രവര്‍ത്തികളും ഇപ്പോള്‍ ജൂനിയര്‍ സന്ദീപിന്‍റെ നിയന്ത്രണത്തിലാണ്. പക്ഷേ തനിക്കു ഒന്നും ചെയ്യാനാവില്ലെന്ന് സന്ദീപ് വേദനയോടെ മനസിലാക്കി.
ആരോ ചന്തിയില്‍ പുസ്തകം കൊണ്ടടിച്ചപ്പോള്‍ ഞെട്ടിപ്പോയി. ഫിസിക്കല്‍ എഡുക്കേഷന്‍ ടീച്ചറാണ്. "ഏന്തെടാ സന്ദീപേ ഇത്?"
സന്ദീപ് ശരിക്കും ഞെട്ടി. പാഡ് കെട്ടിയിട്ടും പിടിക്കപ്പെട്ടിരിക്കുന്നു. "അത്.... അത്....." സന്ദീപ് നിന്നു പരുങ്ങി.
"വേണ്ട, ഒന്നും പറയേണ്ടാ. ഒക്കെ എനിക്കറിയാം. "
അക്ഷരാറ്‍ഥത്തില്‍ സന്ദീപിന്‍റെ കണ്ണൂ തള്ളി.
"മുട്ടന്‍ മടി തന്നെ കാരണം. ഇങ്ങിനെ മേദസ് കൂടിയാല്‍ ഇക്കൊല്ലത്തെ ബാസ്ക്കറ്റ് ബോള്‍ ടീമില്‍ നീയുണ്ടാവില്ല, പറഞ്ഞേക്കാം. "
ടീച്ചറ്‍ നടന്നകന്നിട്ടും സന്ദീപിനു ശ്വാസം നേരെ വീണില്ല. ചെന്നിയില്‍ വിയര്‍പ്പിന്‍റെ അരുവികള്‍. തൊണ്ട വരളുന്ന ദാഹം. പക്ഷേ വെള്ളം... അതൊരു തുള്ളി പോലും കുടിക്കാന്‍ ധൈര്യമില്ല. മൂത്രമൊഴിക്കേണ്ടി വന്നാലോ? ഉമിനീര്‍ പോലും ഇറക്കാതെ ഉച്ചയാക്കി.
തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഉറക്ക ഗുളികകള്‍ക്കായി ഒരു ശ്രമം നടത്തി. ഒരെണ്ണം ഷോപ്പുടമ കനിഞ്ഞു നല്‍കി.
ഗുളിക സമ്മാനിച്ച ഒന്നര മുഴത്തിന്‍റെ ഉറക്കമുണര്‍ന്ന് ടോയ് ലെറ്റിലെത്തിയ സന്ദീപ് വീണ്ടും ഞെട്ടി. ഇന്നലെ വരെ വലതനായിരുന്ന ജൂനിയര്‍ സന്ദീപ് ഇടത്തേ ആസനത്തിലേക്കു സ്ഥാനം മാറിയിരിക്കുന്നു!
ഉളുപ്പില്ലാത്ത സ്ഥാനചലനങ്ങള്‍ പല കുറി നടന്നു. സന്ദീപ് ഇപ്പോള്‍ ഞെട്ടാറില്ല. പലപ്പോഴും ഇതൊന്നും ശ്രദ്ധിക്കാറോ അറിയാറോ ഇല്ല. ആഗോള വത്ക്കരണം പടിക്കല്‍ വന്നു നില്‍ക്കുമ്പോള്‍ ഇക്കാര്യത്തിനൊക്കെ എന്തു പ്രസക്തി? പ്രസക്തി കളിക്കാണ്. ശ്രദ്ധിക്കേണ്ടത് കളിയിലാണ്. ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് സന്ദീപ്. അടുത്ത ആഴ്ച മത്സരങ്ങള്‍ ആരംഭിക്കുകയാണ്. അതിനായി ഡല്‍ഹിയിലേക്കു തിരിച്ചിരിക്കുകയാണ് സന്ദീപ്.
തീവണ്ടി വളരെ പതുക്കെയാണ് നീങ്ങുന്നത്. നാളെ വൈകുന്നേരം പരിശീലന ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. സമയത്തിനു ഡല്‍ഹിയിലെത്തുമോ?
"എന്തു ചെയ്യാനാ ചങ്ങാതി, മുന്നിലെ എന്‍ ജിന്‍ പ്രവര്‍ത്തിക്കുന്നില്ല. പിന്നിലെ എന്‍ ജിന്‍ മാത്രമാണു തള്ളുന്നത്" സഹയാത്രക്കാരന്‍ പറഞ്ഞു.
സന്ദീപിനു പെട്ടെന്നൊരു സംശയം. എന്തുദ്ദേശിച്ചാണ് ഇയാള്‍ സംസാരിക്കുന്നത്? പെട്ടെന്നു സന്ദീപിന്‍റെ കണ്ണുകള്‍ ബര്‍ത്തിന്‍റെ വശത്തുള്ള കണ്ണാടിയിലേക്കു പാഞ്ഞു. കണ്ണാടിയിലെ സന്ദീപിന്‍റെ മൂക്കിനു മുകളില്‍ ആടിക്കളിക്കുന്നു ജൂനിയര്‍ സന്ദീപ്!
സാവധാനം സന്ദീപ് ഞെട്ടിയത് ജൂനിയര്‍ സന്ദീപിന്‍റെ പുതിയ സ്ഥാനചലനം കണ്ടിട്ടായിരുന്നില്ല. പക്ഷേ എന്നിട്ടും സഹയാത്രക്കാര്‍ ഞെട്ടുകയോ കളിയാക്കുകയോ ചെയ്തില്ലല്ലോ എന്നോര്‍ത്തിട്ടായിരുന്നു.
പതുക്കെ സന്ദീപ് തന്‍റെ സഹയാത്രക്കാരെ നോക്കി. അത്ഭുതം: അവരുടെയെല്ലാം മൂക്ക് നീണ്ട്... തുമ്പിക്കൈകള്‍ പോലെ ആടിയാടി..... !!
പുതിയ കവിത പുഴ. കോമില്‍ "വട്ട്"
Wednesday, February 20, 2008
ഒറപ്പ്‌ന്ന്യായിരുന്നു ഗോപാലന്
(പ്രിയ സുഹൃത്തുക്കളെ.. മലയാളം ബ്ളോഗിംഗിന്‍റെ പൂമുഖത്തേക്ക് ഞാനും കാല്‍വക്കുകയാണ്. മിക്കബ്ളോഗുകളും വായിക്കാറുണ്ടെങ്കിലും ജോലിത്തിരക്കുകാരണം കമന്‍റിടാന്‍ കഴിയാറില്ല. ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ബ്ളോഗ് മാധ്യമത്തില്‍ ഒരു കുരുന്നു കൈനീട്ടം ഞാനും വക്കുന്നു. 'എന്‍റെ ശിഖരവേരുകള്‍' എന്ന കഥാസമാഹാരത്തിലെ ഒരു കഥ തന്നെ ആദ്യമായി പോസ്റ്റുന്നു.. അനുഗ്രഹിക്കുക )
. "എന്തിനാ ഗോപാലാ നീ വേലീലെ പാമ്പിനെ എടുത്ത് തോളിമ്മേലിടണത്?" സരസ്വതി ടീച്ചര്‍ കുട്ടിക്കാലത്ത് ന്നെ ഉപദേശിച്ചീര്‍ന്നതല്ലേ? ന്ന്ട്ടീ ഗോപാലന്‍ നന്നായോ? "
ഇല്ല. ആവില്ല. ഇവനൊക്കെ എങ്ങിനെ നേരെ ആവാനാ?
ഗുരുതംന്ന് പറേണത് കണി കാണാന്‍ കിട്ട്വോ ഇവന്‍റെ തലേമ്മില്" അമ്മ പറഞ്ഞീര്‍ന്നതാരിയുന്നു ശരി. അതോണ്ട്ന്ന്യാവും ഇങ്ങിനെ കിടന്ന് നരകിക്കണത്. കൈയ്യും കാലും അനക്കാന്‍ പറ്റാണ്ട് തരിച്ച് കെടക്ക്വാണ്. തരിപ്പ് മാറണ ഭാഗത്തൊക്കെ കടിച്ചു കീറണ്‌ണ്ട് വേദനേടെ അണലി പാമ്പുകള്. കൂടെ തണുപ്പിന്‍റെ കാരമുള്ളുകളും. മരണത്തിന്‍റെ തണുപ്പന്ന്യാണോ ഇത്?. അതിന്‍റെ ഇരുട്ടന്ന്യാണോ ചുറ്റും കട്ടപിടിച്ചു കിടക്കണത്?. അതോ കണ്ണു പൊട്ടിയതാണോ?. ഒന്നും അറിയാന്‍ പറ്റ്‌ണില്ല്യ.
എവിട്യോ വെള്ളം വീഴണ ചെത്തം മാത്രം കേക്ക്‌ണുണ്ട്. കനാലാണോ? അഴുക്കു ചാലാണോ? എന്ത് പണ്ടാരായാലും വേണ്ടില്ല്യ, ഒരിറ്റ് തൊണ്ട നനക്കാന്‍ കിട്ടീര്‌ന്നെങ്കില്. ആഗ്രഹിച്ചത് കിട്ടാന്‍ എന്നെങ്കിലും ഭാഗ്യംണ്ടായിട്ടുണ്ടോ ഈ ഗോപാലന്?
ഇല്ല്യാന്ന് തീര്‍ത്ത് പറയാനും പറ്റില്ല്. കുറേ കൊല്ലങ്ങള്‍ക്കു മുമ്പ് ഒരിക്കല് ഗോപാലനും അങ്ങിനെ തോന്നീട്ട്‌ണ്ടായിരുന്നു.
"കോപാലേട്ടാ, പെണ്ണിനെ ഞമ്മ കണ്ടൂട്ട്വാ. ഒരു പയ്യ്‌ക്കുട്ടീന്‍റെ മട്ടും ചൊടീം. കസ്‌റ്‌ണുണ്ട്. ഉസ്ക്കൂളിലൊക്കെ പോയതാണത്രെ, തെരണ്ടണേന് മുമ്പ്. ബാക്യം ന്ന്ല്ലാണ്ട് എന്താ പറയ്യ്വാ... " ക്ളീനര്‍ അപ്പുക്കുട്ടന്‍ ഓസില്‍ കിട്ടിയ കള്ളിനു സ്തുതി പാടിയതായിരുന്നില്ല. അങ്ങിനേന്ന്യാരുന്നു അവള്. എന്നാല്‍ ഇപ്പോളോ?
"സോക്കേട് പിടിച്ച കൊടിച്ചി പട്ടീന്‍റെ മാതിരീണ്ടല്ലോ" ന്ന് മണ്ണാത്തി പറേണത് കാതോണ്ട് കേട്ടതാ ഗോപാലന്‍, ആസ്പത്രീന്ന് വരുമ്പോ, പൊഴ കടക്കണ നേരത്ത്. മൂത്താച്ചി പറയാറുള്ള മറുത തന്ന്യാണോ ആ ദൂരെ കാണണത്.. മാറില്‍ തലയോട്ടി മാല, ഭസ്മം പൂശിയ ശരീരം. ചൂട്ട് കത്തിച്ചു നൃത്തം ചവിട്ടുന്ന മറുത. ഭൂമി കുലുക്കിക്കൊണ്ട് പാഞ്ഞു വരികയാണ് മരണത്തിന്‍റെ കാട്ടുമറുത.
എന്തൊരു സ്പീഡാ!. ന്നാലും തീവണ്ടീടെ വിളക്കിന് ഇത്ര വെളിച്ചം ണ്ടാവ്വോ!. പകലു പോലെ തെളിഞ്ഞു കണ്ടു. അറ്റുപോയ തലേം വെളുമ്പന്‍ എല്ല് തുറിച്ചു നില്‍ക്കണ മുട്ടോളം മുറിഞ്ഞ ചുവന്ന കാലും തൊട്ടു മുമ്പിലെ കുറ്റിച്ചെടീമ്പ്‌ല് ഒടക്കി കിടക്കണത്. അവന്‍റെ കാലന്ന്യാവും. ഒറപ്പ്‌ന്ന്യായിരുന്നു ഗോപാലന്. "ഗോപാലന്‍റെ ഒറപ്പ്" നാട്ടുകാരുടെ മുഖത്ത് ചിരിയാ വിരിഞ്ഞീര്‌ന്നത്.
"എട്ട് അധികം എട്ട്. എത്രയാ ഗോപാലാ?"എന്തുത്തരം പറഞ്ഞാലും ടീച്ചര്‍ ചോദിക്കുമായിരുന്നു. "ഉറപ്പാണോ ഗോപാലാ?" സംശയക്കടലില്‍ മുങ്ങിപ്പൊങ്ങുമ്പോള്‍ കാണുന്ന ഉത്തരങ്ങളിലൊക്കെ മാറിമാറി പിടിക്കുകയല്ലാതെന്തു ചെയ്യാന്‍? നാലാം ക്ളാസിലെ കൂട്ടച്ചിരിയില്‍ മുങ്ങിനിവര്‍ന്ന് ടീച്ചര്‍ പറയുമായിരുന്നു
"വല്ല്യേ തറവാട്ടില്‍ നിന്നൊക്കെ ആണെങ്കിലും തലേല് ഒത്തിരി ദാരിദ്ര്യം ആണല്ലോ ഗോപാലാ?"
"ഒറപ്പ് ന്ന്യാ ടീച്ചറേ " സത്യം അംഗീകരിക്കാന്‍ ഗോപാലനൊരിക്കലും മടി കാണിച്ചിട്ടില്ല.
ആറാം ക്ളാസീന്ന് കരകയറാന്‍ പറ്റാണ്ട് ആയപ്പളാ പൊസ്തകസഞ്ചി വലിച്ചെറിഞ്ഞ് കൊടിപിടിക്കാന്‍ പോയത്. വിപ്ളവത്തിന്‍റെ കൊടി. അതോണ്ടും നേട്ടംണ്ടായി. ഉത്തരങ്ങള് മാറ്റാണ്ടെ ആദ്യ ഉത്തരത്തില്‍ കണ്ണടച്ച് വിശ്വസിക്കാന്‍ പഠിച്ചു. അതിലൊറച്ച് നില്‍ക്കാന്‍ പഠിച്ചു. അതിനെ ശരിയെന്നു സമര്‍ഥിക്കാന്‍ പഠിച്ചു. പിന്നീട് പരസ്യമായി വിപ്ളവ വീര്യം കുടിച്ചു തുടങ്ങിയ കാലത്തണ് മരണം ആദ്യമായി തന്‍റെ കറുത്ത മുഖം കോട്ടി കൊഞ്ഞനം കുത്തിയത്.
പടിയടച്ച് പിണ്ഡത്തിന്‍റെ രൂപത്തില്‍.
വീട്ടുകാര്‍ക്ക് നഷ്ടപ്പെട്ടതൊരു പുകഞ്ഞ കൊള്ളി. ഇല്ലം മുടിക്കാന്‍ കുലച്ച മുച്ചീര്‍പ്പന്‍.
മറിച്ച് ഗോപാലനോ.. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, വീട്, പറമ്പ്... എല്ലാം ഒറ്റയടിക്കില്ലാണ്ടായി.
പിണ്ഡസദ്യ കൂട്ടുകാരന്‍റെ ശീലക്കുടയില്‍ വരുത്തി വായനശാലയുടെ മുന്നിലിരുന്ന് വെട്ടിവിഴുങ്ങുമ്പോള്‍ നാട്ടുകാര്‍ കണ്ണുതുറിച്ച് നോക്കിക്കണ്ടു. യഥാര്‍ഥ വിപ്ളവം. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയും അതുതന്നല്ലെ ചെയ്തത്. പിണ്ഡസദ്യ നടത്തിയില്ലെന്നു മാത്രം.
കൊടി വലിച്ചെറിഞ്ഞു വളയം പിടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജീവിതം പച്ചപിടിക്കുമെന്ന് ഉറപ്പ്‌ന്ന്യായിരുന്നു ഗോപാലന്.
അതിനുവേണ്ടി തന്ന്യാ ശപഥം ചെയ്തത്., ഹൈവേയിലെ തട്ടുകടയുടെ പിന്നാമ്പുറത്തേക്ക് പൂവില്ല്യാന്ന്. ന്ന്ട്ട് എന്താ ണ്ടായത്?
"തുമ്മല് വന്നാ പിടിച്ചു വെക്കാമ്പറ്റ്വോ അളിയാ.. അതുപോലന്നല്ലേ ഇതും. കുപ്പായം ശരിക്കിട്ടാ മതി ആശാനെ. അസുഖങ്ങള് അടുക്കാന്‍ കൂട്ടാക്കില്ല. ടീവീലൊക്കെ ഇടയ്ക്കിടെ പറേണതല്ലേ.. വല്യ വല്യ സിനിമാനടന്‍മാരു വരെ.. "
ഡ്രൈവര്‍മാര്‍ വച്ചുനീട്ടിയ ധൈര്യം കോപ്പയില്‍ നിന്ന് തൊണ്ടകത്തിച്ചുകൊണ്ട് സിരകളിലേക്ക് പാഞ്ഞപ്പോള്‍ അവരിലൊരാളുടെ പോക്കറ്റില്‍നിന്ന് കുപ്പായവുമെടുത്ത് തട്ടുകടയുടെ പിന്നിലേക്ക് നടക്കുമ്പോള്‍ ഒറപ്പ്‌ന്ന്യായിരുന്നു ഗോപാലന്, ഇതൊരു ശീലം ആവില്ലാന്ന്. അസുഖം വരില്ല്യാന്നും.
പക്ഷേ അത്രയ്ക്കുറപ്പ് കുപ്പായങ്ങള്‍ക്കുണ്ടായിരുന്നോ?
"ഉറപ്പ്‌ന്നല്ലേ, അങ്ങിനെ എവിടേം കേറി നെരങ്ങീട്ടില്ല്യാന്ന്? പ്രത്യേകിച്ച് കുപ്പായം ഇടാണ്ട്? ഇടാങ്ങേറാക്കണ കൊറേ സൊഖക്കേടൊക്കെ ഉള്ള കാലാത്രെ ഇത്. സൂചി വെക്കുമ്പളും നോക്കണത്രെ, പുത്യേതല്ലേന്ന്. അതോണ്ടാ ചോദിക്കണത്"ആദ്യരാത്രീല് പയ്യ്‌ക്കുട്ടീന്‍റെ ചോദ്യത്തിന് നിഷേധ മറുപടികൊടുത്തത് കുപ്പായത്തിന്‍റെ ഉറപ്പിലായിരുന്നു.
ഏനക്കേടില്ലാണ്ട് കാലം കുറച്ചങ്ങ്‌ട് പോയിസ്ളേറ്റില് നെറച്ച് മാര്‍ക്കും വാങ്ങി വന്നീര്‍ന്നതാ മോള്. ന്ന്ട്ട് വല്ല്യേ ക്ളാസിലു തോറ്റു.
അതെങ്ങിന്യാ തോല്‍ക്കാണ്ടിരിക്ക്യാ.
അമ്മേടെ ദീനം മാറാണ്ട് മോളെങ്ങിന്യാ സമാധാനായി വായിക്ക്വാ?
പറമ്പില് കഷായക്കുപ്പ്യോള് നിറഞ്ഞപ്പോ മോളന്ന്യാ പറഞ്ഞത്, ടൌണിലെ ആസ്പത്രീല് കൊണ്ടോണംന്ന്.
"അമ്മേടെ അസുഖം മോള്‍ക്ക് ഉണ്ടാവണമെന്നില്ല. അതെനിക്കറിയാം. പക്ഷേ എന്‍റെ കുട്ടികള്‍ അല്ലല്ലോ അവിടെ പഠിക്കാന്‍ വരണത്. അതോണ്ട് ദയവായി മോളെ ഇനി സ്ക്കൂളില്‍ പറഞ്ഞയക്കരുത്. അങ്ങോട്ട് കയറ്റില്ല ഞങ്ങള്. മനസ്സിലാവുന്നുണ്ടല്ലോ?"അതിന്‍റെ മൂന്നാം പക്കം നമ്പീശന്‍ മാഷ് പടിക്കല്‍തന്നെ നിന്ന് കനപ്പിച്ച് പറഞ്ഞു. അതുകേള്‍ക്കേണ്ട താമസം, നാട്ടുകാരൊത്തു കൂടീല്ലേ മുറ്റത്ത്.?
പഞ്ചായത്ത് കെണറ്റീന്ന് വെള്ളം തെക്കണ്ടാന്ന് പറഞ്ഞപ്പോ ആരെങ്കിലും ണ്ടായ്യോ ഗോപാലന്‍റെ പക്ഷം പറയാന്‍?.
അന്ന് വൈകുന്നേരം ലോറീന്‍റെ താക്കോല് തിരിച്ചു മേടിച്ചു കുഞ്ഞുമുതലാളി. നെഞ്ച് പൊളിക്കണ സങ്കടത്തിനൊരറുതി ആവട്ടേന്ന് കരുതീട്ടാ ഷാപ്പില്‍ കേറീത്. "ഇവിടത്തെ പറ്റൊന്നും തരേണ്ടാ. പക്ഷേങ്കില് ഇനി മോന്താന്‍ വരരുത്. കാലുപിടിക്കാം. ന്‍റെ കച്ചോടം പൂട്ടിക്കരുത്"
മുഖത്ത് നോക്കാണ്ടാണ് പറഞ്ഞതെങ്കിലും ചെല്ലപ്പന്‍റെ കണ്ണു നനഞ്ഞത് കാണാണ്ടിരുന്നില്ല.
അന്ന് മോന്തിക്ക് എല്ലാരും കൂട്യാ തീരുമാനിച്ചത്., കൊട്ടക്കായേന്‍റെ വിഷം കലക്കി മോന്താന്‍.
അതിനന്ന്യാ ചക്കരപ്പയസം ഉണ്ടാക്കീതും.
ആദ്യം മോളാ പായസം എടുത്തത്.
അമ്മിഞ്ഞപ്പാലില് വിഷം കലരോ? ഇല്ല. ഒരു തള്ളേടെ മനസ് ശരിക്കും കണ്ടത് അപ്പോളാ. എന്തിനാ തള്ളേനെ പറയണത്. ഗോപാലന്‍റെ ചങ്കു പിടച്ചില്ലേ.. എന്നുങ്കണ്ട് പെമ്പിള്ളാരെ ഒറ്റക്ക് വിടാന്‍ പറ്റിയ നാടാ ഇത്?
സൂര്യനെല്ലി, കവിയൂറ്‍, കിളിരൂറ്‍.. ഹോ ഓര്‍ക്കാനേ വയ്യ!വീട്ടുകാരുടേം പാര്‍ട്ടിക്കാരുടേം ഭ്രഷ്ട് ഈ ഗോപാലന്‍റെ ഒരു പുല്ലും പറിച്ചില്ല്യാ.. പിന്ന്യാ ഈ നാട്ടുകാര്.
വെളുക്കു മുന്നേ സ്ഥലം കാലിയാക്കി. ഫാസ്റ്റ് ബെസില്.
പട്ടണത്തിലെത്തിയപ്പോ രക്ഷപെട്ട ആശ്വാസം.
മെക്കിട്ട് കേറണ പേപ്പട്ടികളില്‍ നിന്നും കുറെ ദൂരെ എത്തീല്ല്യേ?
"രപ്തി സാഗര്‍ എക്സ്‌പ്രസ് ഖൊരക്ക്‌പ്പൂറ്‍ വരേ പോകുള്ളൂ.." മോള്‍ക്ക് വേണ്ടീര്‍ന്നത് ലോകത്തിന്‍റെ അങ്ങേ തലയ്ക്കലേക്കുള്ള ടിക്കറ്റായിരുന്നു.
രണ്ടാം ദിവസം ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ തിരക്കു കുറഞ്ഞു. ഒരു ഹിന്ദിക്കാരനെന്തോ ചോദിക്ക്‌ണ്‌ണ്ടായിരുന്നു.
അയാളുടെ കമ്പിളി ഉടുപ്പില് തൊട്ടോണ്ട്. ഇപ്പളാ അത് പിടി കിട്ടണത്. ന്നാലും ഇത്ര തണുപ്പുള്ള സ്ഥലങ്ങള്‌ണ്ടാവും ന്ന് നിരീച്ചതേ അല്ല.
കുന്തം കൊണ്ടുള്ള കുത്താ. അകത്ത്‌ന്ന് വെശപ്പും പൊറത്ത്‌ന്ന് തണുപ്പും.
എങ്ങിന്യാ ഉറക്കം വര്‌വാ?
അതോണ്ട് മറ്റുയാത്രക്കാരെപ്പോലെ ബഹളം കേട്ട് എണീറ്റതായിരുന്നില്ല ഗോപാലനും കുടുംബവും, ആ അര്‍ദ്ധരാതിക്ക്.
അഞ്ചാറു പേരുണ്ടാരുന്നു അവര്.
ഹിന്ദീെല് എന്തൊക്കെയോ അലറിക്കൊണ്ട്. ഒക്കെ ചെറുപ്പം പിള്ളാര്.
തോക്കും കത്തീം ഒക്കെ ആയിട്ടാ.. പാവം യാത്രക്കാര്. എന്ത് ചെയ്യാന്‍ കഴിയും അവര്‍ക്ക്.? കാശിന് പുറമേ വാച്ചും വളേം എന്തിന്, താലിമാല വരെ പൊട്ടിച്ചെടുക്ക്‌ണ്‌ണ്ടായിരുന്നു തെമ്മാടികള്. അതുപോലും ഉണ്ടായിരുന്നില്ലല്ലോ ഭാര്യേടെ കഴുത്തില്?
തീവണ്ടീടെ ടിക്കറ്റായി മാറീല്ല്യേ അത്? അതിന്‍റെ ദേഷ്യം തീര്‍ക്കാനവും അവര് മോളേ കേറി പിടിച്ചത്.
എന്നാലും അവള്‍ടെ ധൈര്യം! വിശ്വസിക്കാന്‍ പറ്റ്‌ണില്ല്യ.
തന്നെ പിടിച്ചവന്‍റെ ആണത്തത്തിനിട്ടു ചവിട്ടുമ്പോള്‍ കൊട്ടക്കായ കണ്ട മുഖമേ ആയിരുന്നില്ല അത്. ചവിട്ടു കൊണ്ടവന്‍ നിവരുന്നതിനു മുമ്പേ വാതില്‍ക്കലേക്കോടിയ അവള്‍ ഒന്നു തിരിഞ്ഞുപോലും നോക്കാതെയാ വണ്ടീന്ന് പുറത്തെ ഇരുട്ടിലേക്കൂളിയിട്ടത്.
മോള് കാണിച്ച സാഹസത്തിന്‍റെ ശിക്ഷകൂടെ അമ്മക്കേറ്റു വാങ്ങേണ്ടിവന്നു. സ്വന്തം ഭാര്യയെ തുണിപറിച്ച് കക്കൂസിലേക്ക് വലിച്ചോണ്ട് പോണത് ആര്‍ക്കാ സഹിക്ക്യാ. സകല ശക്തിയുമെടുത്ത് പൊരുതി ഭ്രാന്തെനെപ്പോലെ.
ഒടുവില്‍ പരാജയത്തിന്‍റെ വക്കിലെത്തിയപ്പോ കൈയില്‍ കിട്ടിയ ഒരുത്തനെ കൂട്ടിപ്പിടിച്ച് പുറത്തേക്ക് ചാടി. ആ തെമ്മാടിയുടെ ശരീരമാണ് ചിതറിക്കിടക്കുന്നത്.
മറ്റു തെമ്മാടികള്‍ തീവണ്ടിയിലെ കക്കൂസില്‍ വച്ച് ഊഴമിട്ട് തങ്ങളുടെ മരണസര്‍ട്ടിഫിക്കറ്റിലൊപ്പിട്ടിരിക്കാം.
സ്വയമെടുക്കുന്ന വിഷ ഇന്‍ജക്ഷന്‍!
പിന്നീട് സാവധാനമെത്തുന്ന മരണം. രോഗാണുക്കള്‍ തുടങ്ങുന്നതിനു മുമ്പേ നാട്ടുകാരത് നടത്തിയിരിക്കാം.. മരണം ചങ്കില്‍ പിടി മുറുക്കിക്കഴിഞ്ഞു.
പിറുപിറുക്കാന്‍ പോലും കഴിയാതായിരിക്കുന്നു.
കാട്ടുമറുതകള്‍ നേരം തെറ്റി ഓടുന്ന ആ കുറ്റിക്കാട്ടില്‍ ചലനമറ്റ് കിടക്കുമ്പോള്‍ മോക്ഷം കിട്ടുമെന്ന് ഒറപ്പ്‌ന്ന്യായിരുന്നു ഗോപാലന്.
------------------------------
പുഴ.കോമില്‍ പുതിയ കവിത “വേദനയുടെ വിവാഹം”