Saturday, March 7, 2009

നല്ലതു ചെയ്താല്‍ നല്ലതേ വരൂ (കഥ)


മണിക്കൂറൊന്നായി തിരയാന്‍ തുടങ്ങിയിട്ട്‌. ഇനിയും ആ ഫയലു കണ്‍വെട്ടത്തു വന്നിട്ടില്ല. ഈ ഓഫീസിന്‍റെ പ്രധാന പ്രത്യേകതയും ഇതു തന്നെ. തിരയുന്നതു മാത്രം കിട്ടില്ല.

ഇവിടുത്തെ മാനേജര്‍ മാരുടെ അതേ സ്വഭാവമാണ്‌ ഫോണിനും. ഒരു പണിക്കും സമ്മതിക്കില്ല. ഫയലു കിട്ടിയില്ലെങ്കിലും കാതിനല്‍പ്പം സ്വൈരം കിട്ടുമല്ലോ. ഫോണെടുത്തേക്കാം. "ഹലോ"

"ചേട്ടാ, വീട്ടില്‍ കള്ളന്‍ കയറി അലമാറയില്‍ വെച്ചിരുന്ന കാശു മൊത്തം എടുത്തോണ്ടു പോയി. " "ങേ! വീടും തുറന്നിട്ട്‌ നീ എവിടെ തിണ്ണ നിരങ്ങാന്‍ പോയിരുന്നെടീ. ഞാനിതാ വരുണൂ"

പിന്നെ ഓഫീസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

കൈ കാണിക്കുന്ന ഓട്ടോയിലൊക്കെ യാത്രക്കാരുണ്ട്‌. അടുത്തു ഒരു ഓട്ടോ സ്റ്റാന്‍ഡ്‌ പോലും ഇല്ല. നാശം. അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതിനിടയില്‍ ഒരു ഓട്ടോ മുന്നില്‍ വന്നു നിന്നു.

"എങ്ങോട്ടാ?"

"വീട്ടിലേക്ക്‌. കത്തിച്ചു വിട്ടോ"

"അത്‌ എവിടാന്നാ ചോദിച്ചത്‌?"

"അരിക്കാരാ സ്ട്രീറ്റ്‌. നമ്പര്‍ ഒമ്പത്‌" ഓട്ടോ കുലുങ്ങി ഓടി.

തല ശരിക്കു പ്രവര്‍ത്തിക്കുന്നില്ല. എന്താ ചെയ്യേണ്ടത്‌ എന്നു ഒരു പിടിയുമില്ല. ഒന്നര ലക്ഷം രൂപ. ഭാര്യയുടെ ഹൃദയത്തിന്‍റെ വാള്‍വിലെ ഓട്ട അടയ്ക്കാന്‍ വേണ്ടി കഷ്ടപ്പെട്ടു സംഘടിപ്പിച്ചത്‌. അതു നഷ്ടമായാല്‍... പണയം വെക്കാന്‍ ഇനി ഒരു മോതിരം പോലും ബാക്കിയില്ല. ദൈവമേ എന്തു ചെയ്യും? ഓടുന്ന ഓട്ടോയിലിരുന്നിട്ടും വിയര്‍ത്തൊലിക്കുന്നു. വല്ലാത്ത ദാഹം.

"സാറെ എന്തെങ്കിലും പ്രശ്നം?" ഡ്രൈവര്‍ കണ്ണാടിയിലൂടെ തന്നെ ശ്രദ്ധിക്കുന്നുണ്ട്‌.

"ഹേയ്‌, ഒന്നുമില്ല നീ വിട്ടോ”

"അല്ല, എന്തെങ്കിലും സഹായം വേണമെങ്കില്‍.... "

'ഒന്നും വേണ്ട' എന്നു പറയാനാണ്‌ വായ തുറന്നത്‌. പക്ഷേ പറഞ്ഞു പോയത്‌ "അല്‍പ്പം വെള്ളം കിട്ടുമോ?" എന്നായിരുന്നു.

"ഉണ്ടല്ലോ. ആ സീറ്റിനു പിന്നിലൊരു പ്ളാസ്റ്റിക്‌ ബോട്ടിലില്‍ക്കാണും. "

ശരിയാണ്‌ ഒരു നരച്ച പ്ളാസ്റ്റിക്‌ ബോട്ടിലില്‍ പാതിയോളം വെള്ളം കുലുങ്ങി കളിക്കുന്നു. എടുത്തപ്പോഴേ അതു കൈയിലൊട്ടി. അടപ്പു തുറന്നപ്പോള്‍ ഗ്രീസിന്‍റേയും തുരുമ്പിന്‍റേയുമൊക്കെ ഗന്ധം. എന്തായാലും ഒരു കവിള്‍ കുടിക്കാതെ വയ്യ.

പെട്ടെന്നു ഡ്രൈവര്‍ ബ്രേക്കു ചെയ്തുകൊണ്ട്‌ പറഞ്ഞു. "സാറെ ഒന്നു തന്നേ". നീട്ടുന്നതിനു മുന്‍പേ അയാള്‍ ബോട്ടില്‍ വാങ്ങി വെള്ളം പുറത്തേക്കു കമിഴ്ത്തിക്കളഞ്ഞു.

"എന്താ അതു നല്ല വെള്ളം ആയിരുന്നില്ലേ?"

"ങാ, അങ്ങിനെ കരുതുന്നതാ നല്ലത്‌. "

"മനസിലായില്ല. പിന്നെന്തിനാ അതു തന്നത്‌?"

"എന്‍റെ പുതിയ തീരുമാനം ഒരു നിമിഷത്തേക്കു മറന്നു പോയതുകൊണ്ടാ സാറെ. "

"പുതിയ തീരുമാനമോ?"

"അതെ, എല്ലാവരേയും കണ്ണടച്ചു സഹായിക്കുന്ന ഒരു ദുശ്ശീലം എനിക്കുണ്ടായിരുന്നു സാറെ. എന്നാല്‍ എന്‍റെ പുതിയ തീരുമാനം ആരേയും ഒരിക്കലും ഒരു തരത്തിലും സഹായിക്കില്ല എന്നതാണ്‌. അതു പെട്ടെന്നു ഓര്‍ത്തതു കൊണ്ടാ വെള്ളം കമിഴ്ത്തിയത്‌. ഇതു കുടിച്ച്‌ ഇനി... വേണ്ട"

"നിനക്കെന്തിന്‍റെ വട്ടാ?"

"വട്ടു പിടിക്കാതിരിക്കാനാ സാറെ." ചുവന്ന സിഗ്നലില്‍ ഓട്ടോ നിര്‍ത്തി അവന്‍ തിരിഞ്ഞിരുന്ന്‌ തുടര്‍ന്നു. "കുറച്ചു കാലം ഞാന്‍ സ്ക്കൂളിലൊക്കെ പഠിച്ചിട്ടുണ്ടായിരുന്നു. ഒരിക്കല്‍ എന്തോ കുസൃതി കാണിച്ചതിനു ടീച്ചര്‍ എനിക്കു തന്ന ശിക്ഷ 'നല്ലതു ചെയ്താല്‍ നല്ലതേ വരൂ' എന്നു നൂറു തവണ എഴുതിക്കൊണ്ടു വരാനായിരുന്നു. ഞാനത്‌ എഴുതിയത്‌ എന്‍റെ മനസിലായിരുന്നു. പിന്നീട്‌ അതിനുള്ള ശിക്ഷ ഏറെ അനുഭവിച്ചു. ഒടുവില്‍ കഴിഞ്ഞ മാസം ജയിലില്‍ നിന്നും ഇറങ്ങുമ്പോള്‍ തീരുമാനിച്ചു ആ വരി മനസില്‍ നിന്നും എന്നേക്കുമായി മായ്ച്ചു കളയാന്‍. മേലില്‍ ഒരു നല്ല കാര്യവും ചെയ്യില്ലെന്നും".
പച്ച വെളിച്ചം തെളിഞ്ഞു. ഓട്ടോ വീണ്ടും കുലുങ്ങിയോടി.

"എന്തിനാ ജയിലില്‍ പോയത്‌?"

"കളവു കേസില്‍, ആറു മാസത്തിന്‌"

"അപ്പോള്‍ അതാണു പണി. പകല്‍ ഓട്ടം. രാത്രി കളവ്‌. "

"കട്ടിരുന്നെങ്കില്‍ സങ്കടമെന്തിന്‌? കട്ടത്‌ കൈയിലുണ്ടെന്നു സമാധാനിക്കാമാല്ലോ. അതുകൊണ്ട്‌ അന്നു തീരുമാനിച്ചതായിരുന്നു ഒന്നര ലക്ഷം രൂപാ കട്ടിട്ടേ ഇനി കാര്യമുള്ളൂ എന്ന്‌".

അതു കേട്ട പാടെ ഉള്ളൊന്നു ഞെട്ടി

"സാറെന്താ ഞെട്ടിയത്‌?" ഡ്രൈവര്‍ മുന്നിലെ കണ്ണാടിയിലൂടെ തന്നെ ശ്രദ്ധിച്ചാണു സംസാരിക്കുന്നത്‌.

"നിങ്ങള്‍ കട്ടില്ലെങ്കില്‍ പിന്നെ... ? തെളിവില്ലാതെ കോടതി ശിക്ഷിക്കില്ലല്ലോ?"

"തെളിവൊക്കെ ഉണ്ടായിരുന്നു സാറെ." ഒന്നു നിര്‍ത്തിയിട്ട്‌ അവന്‍ തുടര്‍ന്നു.

"ഓട്ടം കഴിഞ്ഞ്‌ രാത്രി വീട്ടിലേക്കു പോണ വഴി. റോഡിലൊരു സ്ക്കൂട്ടര്‍ മറിഞ്ഞു കിടക്കുന്നു. തൊട്ടടുത്തു തന്നെ ഒരാളും. ചെയ്ത ഉപകാരങ്ങളൊക്കെ കുരിശായ ചരിത്രമാണെങ്കിലും മനസിലൊരു വലി. നൂറു തവണ എഴുതി ഉറച്ചതല്ലേ. ഇറങ്ങി നോക്കി. നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ട്‌. ഷര്‍ട്ടിലെ ചോര കണ്ടാല്‍ അറിയാം ദേഹത്തും മുറിവുകളുണ്ടെന്ന്‌. വിജനമായ സ്ഥലം. രാവിലെ വരെ അവിടെ കിടന്നാല്‍ മരിച്ചു പോകുമെന്നുറപ്പ്‌. പതുക്കെ പൊക്കിയെടുത്ത്‌ ഓട്ടോയിട്ടു. തെറിച്ചു വീണു കിടക്കുന്ന ബാഗും. നേരെ ആശുപത്രിയിലേക്കു വിട്ടു. ഡോക്ടര്‍ എന്തൊക്കേയോ മരുന്നു കുറിച്ചു തന്നു. ഓടി കിട്ടിയ കാശിനു അതും വാങ്ങി വരുമ്പോള്‍ പോലീസെത്തിയിരുന്നു.

കക്ഷിക്കു ബോധം വീണിരുന്നു. പുറകില്‍ നിന്നും വന്ന ഒട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയെന്നും പിന്നെ വെള്ള ടൌവല്‍ മുഖത്തു കെട്ടിയ ഒരുത്തന്‍ ഇറങ്ങി വന്ന്‌ കമ്പിവടികൊണ്ടു തലയ്ക്കടിച്ചു ബാഗ്‌ പിടിച്ചു പറിച്ച്‌ അതേ ഓട്ടോയില്‍ കയറി പോയെന്നും അവന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു പേടിക്കേണ്ട, ബാഗ്‌ കിട്ടിയിട്ടുണ്ട്‌.
പക്ഷേ ബാഗ്‌ തുറന്നിട്ട്‌ അവന്‍ എന്നോടൊരു ചോദ്യം. 'ഇതിലെ ഒന്നര ലക്ഷം രൂപാ എവിടെ?'

ചുറ്റുമുണ്ടായിരുന്ന പോലീസുകാരുടെ മട്ടും ഭാവവും മാറുന്നത്‌ ഞാനറിഞ്ഞു. ഇടിച്ച ഓട്ടോറിക്ഷയുടെ നമ്പര്‍ അവന്‍ ഓര്‍ത്തു പറഞ്ഞപ്പോള്‍ എന്‍റെ തല കറങ്ങി. അവനെ എടുത്ത്‌ വണ്ടിയിലിട്ട ശേഷം ഉപയോഗിച്ചതുകൊണ്ടാവണം, എന്‍റെ പോക്കറ്റില്‍ കിടന്ന വെളുത്ത ടൌവലില്‍ രക്തവും പുരണ്ടിരുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ ഇടികളുടെ ഘോഷയാത്രകളായിരുന്നു എന്‍റെ ദേഹത്ത്‌. കട്ടെടുത്ത ഒന്നരലക്ഷത്തിന്‍റെ പാതിയെങ്കിലും തരാമെങ്കില്‍ തുമ്പില്ലാക്കേസാക്കി ഊരിവിടാമെന്നു ഇന്‍സ്പെക്ട്രര്‍ പറഞ്ഞപ്പോള്‍ എന്‍റെ മനസില്‍ ഒരുപാട്‌ കള്ളന്‍മാരുടെ മുഖങ്ങള്‍ തെളിയുന്നുണ്ടായിരുന്നു.

തന്‍റെ ഓട്ടോയുടെ നമ്പര്‍ ഒട്ടിച്ചു ഈ പണി ഒപ്പിച്ച വിരുതനായ കള്ളന്‍.
ഓട്ടോയില്‍ നിന്നും ബാഗുമെടുത്ത്‌ ആശുപത്രിയിലേക്കു വന്ന പോലീസുകാരന്‍.
കമ്പനിയുടെ കാശ്‌ കക്കാന്‍ കപടനാടകം കളിച്ച യാത്രക്കാരന്‍.

പക്ഷേ കോടതിയില്‍ തെളിവുകള്‍ വിളിച്ചു പറഞ്ഞ കള്ളന്‍ ഞാനായിരുന്നു. ഒരുപാട്‌ ദുരിതം അനുഭവിച്ചു സാറെ, ഒരുപാട്‌. എന്‍റെ പെണ്ണ്‌ വീട്ടുവേലക്കു പോയതു കൊണ്ടാ രണ്ടു പിള്ളേരും കഞ്ഞികുടിച്ചു കിടന്നത്‌. അതിനു അവള്‍ക്കും കിട്ടി വേണ്ടുവോളം ചീത്തപ്പേര്‌.

എന്നാലും അവളിപ്പോഴും പറയുന്നത്‌ നല്ലതു ചെയ്താല്‍ ആണ്ടവന്‍ കൈവിടില്ലെന്നാണ്‌. എന്‍റെ പേരു അതായതുകൊണ്ടല്ലാ കേട്ടോ.”

പെട്ടെന്നു മൊബൈല്‍ ഫോണ്‍ കീശയില്‍ കിടന്നു തുള്ളിത്തുടങ്ങി. ഓഫീസില്‍ നിന്നു മാനേജറാണ്‌. ഇയാളോട്‌ ഇനി എന്താ പറയുക? "സോറി സാര്‍, ആ ഫയല്‍ കമ്പ്ളീറ്റ്‌ ആയില്ല. നാളെ തരാം സാര്‍. വീട്ടിലൊരു അത്യാവശ്യം. ഇന്നു ഹാഫ്‌ ഡേ അവധിയിലാ. "

മൊബൈല്‍ ഓഫ്‌ ചെയ്യുമ്പോള്‍ ഓര്‍ത്തു. വല്ലാത്ത മറവി തന്നെ. ഇറങ്ങി ഓടുമ്പോള്‍ ഓഫീസില്‍ ആരോടും ഒന്നു പറഞ്ഞതു പോലുമില്ല. ഇപ്പോള്‍ ഇതാ കള്ളന്‍ കയറിയ കാര്യവും. അതുകൊണ്ടാണല്ലോ കണ്ട ആണ്ടവന്‍റെ പരിദേവനങ്ങള്‍ കേട്ടിങ്ങനെ ഇരിക്കുന്നത്‌. ഇനി കാശു എങ്ങോട്ടെങ്കിലും മാറ്റി വെച്ചിട്ടുണ്ടോ? ഇല്ല, പ്രോവിഡണ്ട്‌ ഫണ്ടിന്‍റെ ലോണ്‍ കൂടെ ചേര്‍ത്തി ഒന്നര ലക്ഷം തികച്ച്‌ എണ്ണിവെച്ചതു അലമാറയില്‍ തന്നെയാണ്‌.

"സാറെ അരിക്കാര സ്ട്രീറ്റ്‌ നമ്പര്‍ ഒമ്പത്‌" ഡ്രൈവര്‍ ഒട്ടോ ഒതുക്കി നിര്‍ത്തി.

ഓട്ടോ പറഞ്ഞുവിട്ട്‌ വീട്ടിലേക്കു കയറുമ്പോള്‍ അത്ഭുതപ്പെട്ടു പോയി. ഇത്രയധികം വീട്ടമ്മമാര്‍ ആ മേഖലയിലുണ്ടെന്നു ഒരു ഊഹം പോലുമില്ലായിരുന്നു. മോഷണം പോയതെന്ത്‌ എന്നറിയാന്‍ മോഷണം പോകാത്ത വസ്തുക്കള്‍ പരിശോധിക്കുകയാണ്‌ അവര്‍. വഴി ഒതുങ്ങാതെ നിന്നിരുന്ന അവരെ തട്ടാതെയും മുട്ടാതെയും ഒരുവിധം വീട്ടിനകത്തെത്തി. തന്നെ കണ്ടതും ഭാര്യ പറഞ്ഞു. "ചേട്ടാ ഞാന്‍ ഔസേപ്പിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്‌. പുള്ളി ഉടന്‍ പോലീസുമായി ഇങ്ങെത്തും. "

ഭാര്യക്കു തന്നേക്കാള്‍ പ്രായോഗിക ബുദ്ധി ഉണ്ട്‌. കുടുംബ സുഹൃത്തായി അങ്ങിനെ ഒരു പോലീസുകാരന്‍ ഉണ്ടെന്നു പോലും തനിക്കു ഓര്‍മ്മയില്ലായിരുന്നു.

പോലീസെന്നു കേട്ടതോടെ അയല്‍പക്കങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു തുടങ്ങി. പക്ഷേ അവര്‍ മുഴുവന്‍ കൊഴിയുന്നതിനു മുമ്പേ പോലീസിനേയും കൊണ്ട്‌ ഔസേപ്പെത്തി.

ജന സമുദ്രം കയറി നിരങ്ങിയതുകൊണ്ട്‌ ഇനി വിരലടയാളത്തിനു സ്ക്കോപ്പ്‌ ഇല്ലെന്നു പോലീസുകാരന്‍ പറഞ്ഞു. ആദ്യമായിട്ടല്ലല്ലോ അവര്‍ ഒരു കളവു കേസ്‌ ഡീല്‍ ചെയ്യുന്നത്‌.

"എപ്പഴാ സംഭവം?" പോലീസ്‌ ചോദ്യം വന്നു.

ഞാന്‍ ഭാര്യയെ നോക്കി. ഒന്നാലോചിച്ച്‌ അവള്‍ പറഞ്ഞു. "പത്തരമണിയോടെ ഞാന്‍ അപ്പുറത്തെ ലോലിതയുടെ വീട്ടില്‍ ഒന്നു ചെന്നിരുന്നു. പതിനൊന്നു മണിക്കു തിരിച്ചെത്തുകയും ചെയ്തു. "

"എന്നിട്ടെന്താ അപ്പോള്‍ ആരേയും അറിയിക്കാതിരുന്നത്‌?"

"അപ്പോള്‍ അറിയില്ലായിരുന്നു, കള്ളന്‍ കടന്നത്‌. വീടൊക്കെ അടച്ചിട്ട പോലെ തന്നെ കിടന്നിരുന്നു. ഞാന്‍ കുറെനേരം ടിവി കണ്ടു. പിന്നെ അടുക്കളയിലേക്കു ചെന്നു. കറിക്കു ഇടാന്‍ നോക്കുമ്പോള്‍ ഉപ്പില്ല. അതു വാങ്ങാന്‍ വേണ്ടി കാശെടുക്കാന്‍ ചെന്നപ്പോള്‍ അലമാറയില്‍ കാശില്ല!"

"അലമാറ പൂട്ടിയിരുന്നോ?"

"പൂട്ടി താക്കോലു ടിവിക്കു മുകളില്‍ വെച്ചിരുന്നു"

"വീടു പൂട്ടിയിട്ട്‌ താക്കോല്‍ എവിടാ വെച്ചിരുന്നത്‌?"

ഒന്നു പരുങ്ങിയ ശേഷം ഭാര്യ ബ്ളൌസിലേക്കു വിരല്‍ ചൂണ്ടി.

"അപ്പഴ്‌ കള്ളനെ പിടികിട്ടി." ഔസേപ്പിന്‍റെ അനൌണ്‍സുമെണ്റ്റ്‌ കേട്ട്‌ ബാക്കിയുള്ളവരുടെ കണ്ണു തള്ളിപ്പോയി. പോലീസുകാരന്‍ വിക്രമാദിത്യ കഥയിലെ വേതാള ചോദ്യം കേട്ടപോലെ കണ്ണും തുറിച്ചിരിക്കുമ്പോള്‍ ഔസേപ്പു തുടര്‍ന്നു. "അതിരിക്കട്ടെ, വീട്ടിനു മറ്റൊരു താക്കോലുണ്ടായിരുന്നോ?"

"അതു കാണാതായിട്ട്‌ കുറേയായി. "

"ഇപ്പഴ്‌ കാര്യം ക്ളിയറ്‌. ആ താക്കോല്‍ നഷ്ടപ്പെട്ടതല്ല, കളവു പോയതാണ്‌. അതുകൊണ്ട്‌ വാതില്‍ തുറന്നു അകത്തു കയറിയ കള്ളന്‍ അല്ലെങ്കില്‍ കള്ളി ടി.വി യുടെ മുകളില്‍ നിന്നും താക്കോല്‍ എടുത്ത്‌ അലമാറ തുറന്ന്‌ രൂപാ എടുക്കുന്നു. പിന്നെ എല്ലാം പഴയ പടി പൂട്ടി പുറത്തിറങ്ങുന്നു. നിങ്ങളോളം വീടു പരിചയമുള്ള ആ കള്ളി നിങ്ങളുടെ ആ വേലക്കാരി തന്നെ. "

ഔസേപ്പിന്‍റെ നിഗമനത്തിനു യുക്തിയുണ്ട്‌, പക്ഷേ..

"അവള്‍ വേലക്കാരി അല്ല. അസുഖം കൂടുതലായി എഴുന്നേല്‍ക്കാന്‍ പോലും വയ്യാതായപ്പോള്‍ ഭാര്യയെ പരിചരിക്കാനും കുട്ടിയെ നോക്കാനുമൊക്കെ ഒന്നു രണ്ടു ദിവസത്തിനായി അയല്‍പക്കത്തെ വേലക്കാരി കൊണ്ടുവന്നതായിരുന്നു അവളെ. പിന്നെ ഞങ്ങളുടെ അവസ്ഥ കണ്ട്‌ കുറച്ചു ദിവസം കൂടെ സഹായിക്കാന്‍ വന്നിരുന്നു അവള്‍. ഇപ്പോള്‍ ഭാര്യയുടെ അസുഖം കുറേ മാറിയതുകൊണ്ട്‌ അവള്‍ വരുന്നുമില്ല." ഞാന്‍ പറഞ്ഞു.

"അവള്‌ തന്നെ കക്ഷി. പണി ചെയ്യുന്ന വീട്ടില്‍ കളവു നടന്നാല്‍ പോലീസിന്‍റെ ചോദ്യങ്ങള്‍ക്കു ഉത്തരം പറയേണ്ടി വരും. അതുകൊണ്ട്‌ ഇവറ്റകളൊക്കെ പണി വിട്ട ശേഷമാ ഈ പണിക്ക്‌ ഇറങ്ങാറ്‌. എവിടാ അവളുടെ വീട്‌?"

"അറിഞ്ഞുകൂടാ. ദൂരെ എവിടെയോ നിന്നു ബസിലാണു അവള്‍ വന്നിരുന്നത്‌. ഇല്ല, അവള്‍ അങ്ങിനെ ചെയ്യില്ല. നല്ല സ്വഭാവമാണ്‌. ബസ്‌ സമരം ഉള്ള ദിവസങ്ങളില്‍ അവള്‍ ഓട്ടോ പിടിച്ചാണു വന്നിരുന്നത്‌. ഇങ്ങിനെ സഹായിക്കുന്ന വരെ കാണാന്‍ തന്നെ വിഷമമാണ്‌. "

"നീ അഡ്രസിങ്ങു താ. ഇടിച്ചു കൂമ്പു കലക്കുമ്പോ അവള്‌ പുഷ്പം പോലെ എടുത്തു തരും, കട്ട കാശൊക്കെ. "
"നിങ്ങള്‍ക്കു അറിയാഞ്ഞിട്ടാ. അവള്‍ അങ്ങിനെ ചെയ്യില്ല. രണ്ടു ചെറിയ കുട്ടികളെ വീട്ടിലിട്ടിട്ടാ അവള്‍ ഞങ്ങളെ സഹായിക്കാന്‍ വന്നിരുന്നത്‌. "

"അതൊക്കെ ഞങ്ങള്‍ പോലീസുകാരുടെ ഡ്യൂട്ടി. നിങ്ങള്‍ അതൊന്നും അറിയേണ്ടാ. ഭാര്യയുടെ ആഭരണം കട്ട ഭര്‍ത്താവിനെ ഞങ്ങള്‍ പിടിച്ചിട്ടുണ്ട്‌. ഭര്‍ത്താവിന്‍റെ പണം മോഷ്ടിച്ച ഭാര്യയേയും. പിന്നെയാ ഒരു വേലക്കാരി. ഇവറ്റയൊക്കെ അടുത്തു കൂടുന്നതും വിശ്വാസം പിടിച്ചു പറ്റുന്നതും അവസരം കിട്ടിയാല്‍ കക്കാനും പറിക്കാനും വേണ്ടിയാ. "

"ഒരു വേള അവളല്ലെങ്കില്‍.... ഞങ്ങളെ ഒരു പാട്‌ സഹായിച്ച അവളോടിതു ചെയ്താല്‍ ദൈവം പോലും പൊറുക്കില്ല. "

"കൂമ്പു നോക്കി നാലു കീച്ചിയാല്‍ ഞങ്ങള്‍ക്കു സത്യം പിടികിട്ടും. ചെയ്തിട്ടില്ലെങ്കില്‍ തുറന്നങ്ങു വിടുക്യേം ചെയ്യും. പോരെ. "

അപ്പോഴേക്കും പോലീസുകാരന്‍ അടുത്ത വീട്ടിലെ വേലക്കാരിയേയും കൊണ്ടു എത്തി. അവളോട്‌ നീങ്ങി നില്‍ക്കാന്‍ ഔസേപ്പ്‌ വിരലുകൊണ്ടു കാണിച്ചു.

"എന്താഡീ നിന്‍റെ പേര്‌? "

"വസന്ത"

"ആകെ ഒരു കള്ളലക്ഷണമുണ്ടല്ലോ. എന്താഡീ അവടെ പേര്‌?"

"ആര്‌ടെ?"

"നീ ഇവരടെ തലേല്‍ കെട്ടിവെച്ച ആ കള്ള കൂത്തിച്ചീന്‍റെ പേരാ ചോദിച്ചത്‌." ഔസേപ്പ്‌ എഴുന്നേറ്റ്‌ രണ്ടടി മുന്നോട്ടു വെച്ചുകൊണ്ട്‌ തുടര്‍ന്നു.

"നിനക്കെത്ര കാശ്‌ കിട്ടിയെടീ?"

"അയ്യോ, പങ്കജ ചേച്ചിയോ? അവളത്തരക്കാരിയല്ല. "

"ഏതു തരമാന്നു സ്റ്റേഷനില്‍ കയറ്റുമ്പോള്‍ അറിയും. അവളെവിടാഡീ താമസിക്കുന്നത്‌?”

"റെയില്‍ വേ കോളനീലാ. ആട്ടോക്കാരന്‍ ആണ്ടവന്‍റെ വീട്‌ ഏതാന്ന്‌ ചോദിച്ചാ ആരും കാണിച്ചു തരും. ആണ്ടവന്‍റെ പെണ്ണാ അവള്‌"

"ഏത്‌? കള്ളന്‍ ആണ്ടവനാ? അവന്‍ ജയിലീന്നെറങ്ങ്യാ?" പിന്നെ ഔസേപ്പ്‌ പോലീസുകാരനോടു പറഞ്ഞു. "ബാ, രണ്ടിനേം ഇപ്പോ തന്നെ പൊക്കണം. "

അവരിറങ്ങിയതും ഭാര്യ പറഞ്ഞു "വേണ്ടായിരുന്നു. ഞാനിന്നു എണീറ്റ്‌ നടക്കണത്‌ അവളുടെ ഉഴിച്ചിലിന്‍റെ കൈപ്പുണ്യം കൊണ്ടാ. നമുക്ക്‌ വേണ്ടി ഇത്ര കഷ്ടപ്പെട്ടത്‌... കക്കാന്‍ വേണ്ടിയാണെന്നു പറഞ്ഞാല്‍... "

II

അടുത്ത ദിവസം ഉച്ചയോടെ ആശുപത്രിയില്‍ നിന്നും ഡോക്ടറുടെ ഫോണ്‍ വന്നതും വീണ്ടും ഇറങ്ങിയോടി. കിട്ടിയ ഓട്ടോ പിടിച്ചു സ്റ്റേഷനില്‍ എത്തി.

ഔസേപ്പ്‌ മുറ്റത്തിട്ട ജീപ്പിന്‍റെ അടുത്ത്‌ തന്നെ ഉണ്ടായിരുന്നു. കണ്ടപാടെ ഔസേപ്പു പറഞ്ഞു. "സമ്മതിച്ചു കേട്ടോ. കട്ടത്‌ അവന്‍ തന്നെ. പക്ഷേ കാശൊക്കെ ആ കള്ളന്‍ പൊടിച്ചെന്നു. ഓട്ടോ വിറ്റിട്ട്‌ തരാമെന്നാ ഇപ്പഴ്‌ പറയണത്‌. "

"അല്ല, ഔസേപ്പേ, അതു... ഒരു ഓര്‍മ്മപ്പിശക്‌. ഡോക്ടറുടെ ഫോണ്‍ വന്നപ്പോഴാ ആശുപത്രിയില്‍ പണം അടച്ച കാര്യം ഓര്‍ത്തത്‌. "

"നല്ല പാര്‍ട്ടി. വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഞാന്‍ എടുത്തിട്ട്‌ പെരുക്കിയേനെ. ഇനി അവറ്റകളെ എന്തു ചെയ്യും?" ഒന്നാലോചിച്ച ശേഷം ഔസേപ്പ്‌ അകത്തേക്കു നടന്നു.

അഴിവാതില്‍ തുറന്നുകൊണ്ട്‌ ഔസേപ്പു പറഞ്ഞു. "ഈ സാറ്‌ പറയുന്നത്‌ കൊറേ സഹായിച്ചതല്ലേ കാശ്‌ പോയാല്‍ പോട്ടെ കേസൊന്നും വേണ്ടെന്നാ. അതോണ്ട്‌ നിങ്ങള്‍ ഇത്തവണ രക്ഷപ്പെട്ടു. ങും പൊക്കോ. പിന്നെ ഒാട്ടോ വിറ്റാലുടന്‍ കാശു കൊണ്ടു തന്നേക്കണം. "

ആണ്ടവനെ നേരിടാന്‍ കഴിയാതെ തിരിഞ്ഞു നിന്നു.

അപ്പോഴേക്കും പെണ്‍ സെല്ലില്‍ നിന്നു പങ്കജവും ഹാജരാക്കപ്പെട്ടു. ആണ്ടവവനു തന്‍റെ വീറ്‍ത്ത തല ഉയര്‍ത്താന്‍ തന്നെ കഴിയുന്നുണ്ടായിരുന്നില്ല.

പ്രാഞ്ചി പ്രാഞ്ചി അവര്‍ സ്റ്റേഷന്‍റെ പടിയിറങ്ങുമ്പോള്‍ മനസാലെ അവരുടെ കാലു പിടിച്ചുകൊണ്ട്‌ പുറകേ നടന്നു.

പങ്കജത്തിന്‍റെ ചോര കല്ലിച്ച ചുണ്ടുകള്‍ ആണ്ടവനോടു പറഞ്ഞു. "ഒന്നര ലച്ചം കക്കും കക്കും ന്ന്‌ പറഞ്ഞപ്പോ നാന്‌ നെനച്ചത്‌ കോപം കൊണ്ട്‌ വെറ്‌തെ പറയ്യ്വാന്നാ. ന്ന്ട്ട്‌ അയ്‌ കാശ്‌ എവടെ?"

ഒന്നും പറയാതെ ഒരു വശത്തേക്കു തൂക്കിയിട്ട തലയുമായി ആണ്ടവന്‍ വേച്ചു വേച്ചു നടക്കുമ്പോള്‍ പങ്കജം വീണ്ടും പറഞ്ഞു.

"കണ്ടാ, നാന്‌ ഉഴിയാമ്പോയതോണ്ടാ സാറ്‌ കേസ്സാക്കാണ്ട്‌ വിട്ടത്‌. അതോണ്ടാ പറഞ്ഞത്‌ നല്ലതു ചെയ്താല്‍ നല്ലതേ വരൂ. "

35 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

അതോണ്ടാ പറഞ്ഞത്‌ നല്ലതു ചെയ്താല്‍ നല്ലതേ വരൂ.

ബോണ്‍സ് said...

super kadha...rasichu!!

ശ്രീക്കുട്ടന്‍ | Sreekuttan said...

രസകരമായിരിക്കുന്നു.. നല്ല കഥ..

ഗുപ്തന്‍ said...

നല്ല സസ്പെന്‍സ്.. കഥയുടെ തുടക്കം കണ്ടപ്പോള്‍ വെറും മര്‍ഫീ ആണെന്ന് വിചാരിച്ചു. :) പക്ഷെ മര്‍ഫി ഇത്രയും ഒക്കെകുരുക്കുമെന്ന് ഓര്‍ത്തിരുന്നില്ല.

Murphy's principle: If something can go wrong, it certainly will.

G.MANU said...

ജിതേന്ദ്ര..

വളരെ നന്നായി ഈ കഥ. സസ്പെന്‍സ് സൂപ്പര്‍

Haree said...

ഹെന്റമ്മേ! അതുഭയങ്കര മറവിയായിപ്പോയി! അവിശ്വസിനീയം! ഇതൊരുമാതിരി മലയാളം സിനിമയിലെ കുറ്റാന്വേഷണം പോലെയുണ്ട്.
--

ചങ്കരന്‍ said...

loose ends ഇല്ലാതെ കണ്ണികള്‍ മനോഹരമായി കൂട്ടിയിണക്കിയിരിക്കുന്നു.
"ഇസ്രായേലിനു "നാച്ചുറോപ്പതി" പഠിപ്പിക്കണം" എന്നതില്‍ കണ്ടപോലെയുള്ള ലിങ്കിങ്ങ് മികവ്.
കഥയാകട്ടെ ഒരു പോയന്റിലും പിടിതരുന്നുമില്ല.
നന്നായി ഇഷ്ടമായി.

നന്ദ said...

kalakki!

Calvin H said...

ഇതാണ് കഥ....
ആദ്യന്തം രസകരമായി എഴുതിയിരിക്കുന്നു...
ലിങ്കിങ്ങ് വളരെ പെര്‍ഫക്ട്....
:)

ചങ്കരന്‍ said...

Haree | ഹരീ ,
കഥാപാത്രത്തിന്റെ മറവിയെപ്പറ്റി കഥാകാരന്‍ സൂചനതരുന്നുണ്ട്, കഥയുടെ തുടക്കത്തില്‍ കാണാതെ പോകുന്ന ഫയലിലൂടെ, ബോസിനോട് പറയാന്‍ മറക്കുന്ന വാക്കുകളിലൂടെ.

അതുകൊണ്ട് ഒന്നരലക്ഷത്തിന്റെ മറവിയെ അവിശ്വസിക്കേണ്ടതില്ല, മറവിക്കുള്ള കാരണം തേടേണ്ടത് വായനക്കാരന്റെ ബാധ്യതയല്ലേ :)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ബോണ്‍സ്‌:
ശ്രീക്കുട്ടന്‍:
നന്ദി

ഗുപ്തന്‍:
മര്‍ഫി... കുറേയൊക്കെ. പക്ഷേ അതിലുപരി, ഉറച്ചു പോയ പോസിറ്റീവ്‌ തോട്സും നെഗറ്റീവ്‌ തോട്സ്‌ തമ്മിലുള്ള സങ്കര്‍ഷത്തെ പഴയ ചില ത്രെഡ്സിലൂടെ (കളവ്‌, മറവി) ഒന്നു വളര്‍ത്തി നോക്കിയതാണ്‌. താഴെ ഇട്ടിരിക്കുന്ന ലിങ്കില്‍ അതു കാണാം.
www.starbreezes.com/neg.html

മനു: ഇവിടെയെങ്ങുമില്ലല്ലോ.

ഹരി:
വായനക്കാരനായ ജിതേന്ദ്രനു അതിലേറെ ഇതില്‍ അവിശ്വസനീയമാകുന്നത്‌ കള്ളന്‍ കയറിയതുകൊണ്ട്‌ വീട്ടിലേക്കു പോകുന്ന കഥാപാത്രം ആണ്ടവന്‍റെ കളവു കേസിന്‍റെ വിശദാംശങ്ങള്‍ ചോദിക്കുന്നതിനിടയില്‍ തന്നെ തന്‍റെവീട്ടില്‍ കള്ളന്‍ കയറിയതു മറന്നു എന്ന്‌ വെളിവാക്കലാണ്‌. അലമാറയിലല്ലേ കാശ്‌ വെച്ചതു എന്നു ചിന്തിക്കുമ്പോഴും അതു മാറ്റിയത്‌ഓര്‍മ്മ വരുന്നില്ല എന്നതാണ്‌. പക്ഷേ കഥാകൃത്തു പറയുന്നു അതാണ്‌ ഇതിലെ കഥയെന്നു. മുകളില്‍ ഇട്ട ലിങ്ക്‌ താങ്കളും വായിക്കുക. (മറന്നു പോകുമോ എന്ന ചിന്ത, നല്ലതു ചെയ്താല്‍ നല്ലതു വരും എന്ന ചിന്ത (പങ്കജം) നല്ലതു ചെയ്താല്‍ കുരിശാകും എന്ന ആണ്ടവന്‍റെ ചിന്ത)
പിന്നെ സിനിമയുടെ തുലാസില്‍ വെച്ചാല്‍ ആശുപത്രിയില്‍ കാശ്‌ അടച്ചതു പറയുന്നതോടെ കഥ തീരേണ്ടതാണ്‌. പിന്നീട്‌ ഒന്നും എഴുതേണ്ട കാര്യമില്ല. എന്തായാലും ഈ വിരല്‍ ചൂണ്ടിനു വളരെ നന്ദി.

ചങ്കരാ:
ലിങ്കിംഗ്‌... അതു തനിയെ വന്നു പോകുന്നതാണ്‌. ഒറ്റയടിക്കു ഇരുന്ന്‌ എഴുതുന്നതിലേഅതു വരുന്നുന്‍ള്ളു എന്നും അറിയാം. (ഇന്നലെ ഓഫീസില്‍ ഉച്ചക്കുശേഷം പണിയില്ലായിരുന്നു) കഥ എഴുതുന്ന വായനക്കാരനായതുകൊണ്ടാണു ഇതൊക്കെ ശ്രദ്ധിക്കാനുംചൂണ്ടികാണിക്കാനും കഴിയുന്നത്‌. വളരെ നന്ദി.

(ഒ.ടൊ. ചങ്കരന്‍ നന്നായി കഥയെഴുതുമെന്ന്‌ അറിയാം. കമണ്റ്റ്സും കൊടുക്കാറുണ്ട്‌. അതുകൊണ്ട്‌ ഞാന്‍ മുന്‍പു കേട്ട ഒരു കഥ പറയാം. നടന്ന കഥ. എന്നെ മൂന്നാം ക്ളാസില്‍ പഠിപ്പിച്ച കുട്ടന്‍ മാഷു രണ്ടും മൂന്നുംതമ്മില്‍ കൂട്ടിനോക്കാന്‍ നെയ്യപ്പമാണ്‌ ഉദാഹരണമാക്കിയിരുന്നത്‌. പിന്നീട്‌അതു വീണ്ടും കാക്ക, കോഴി, തുടങ്ങി ചിലതു കൂടി പറഞ്ഞേ നിര്‍ത്തുകയുള്ളു. ഒരു ദിവസം ഒരു കുട്ടി ഈ ആവര്‍ത്തനത്തിന്‍റെ ആവശ്യമെന്തെന്നു ചോദിച്ചു. (അവിശ്വസിക്കാതിരിക്കാന്‍ അതിണ്റ്റെ കാരണം - ആ കുട്ടി മാഷുടെ ബന്ധുവായിരുന്നു)മാഷു പറഞ്ഞു പല കുട്ടികളും ഉറക്കം വിടുന്നത്‌ നെയ്യപ്പം എന്നു കേള്‍ക്കുമ്പോഴാണ്‌. പക്ഷേ അതില്‍ ചുരുക്കം ചിലരാകട്ടെ നെയ്യപ്പത്തില്‍ തന്നെ കുരുങ്ങിപോകും. അതുഅദ്ധ്യാപകനു അറിയാം. അതുകൊണ്ടാണ്‌ മറ്റു ഉദാഹരണത്തിലേക്കു പോകുന്നത്‌എന്നും. എങ്ങിനെയുണ്ട്‌ ഈ കഥയിലെ കഥ?)

നന്ദ:
ശ്റീഹരി:
വളരെ നന്ദി.

പാമരന്‍ said...

super, maashe!

Rare Rose said...

ഹമ്മേ...എവിടേം പിടി തരാതെ പോകുന്നൊരു കഥ...ഇഷ്ടായി..:)

ചങ്കരന്‍ said...

കഥയിലെ കഥ ചിന്തിപ്പിക്കുന്നു, നൊമ്പരപ്പെടുത്തുന്നു.

ഗുപ്തന്‍ said...

Murphy is not much about negative thoughts Jith. It is a half-comical half-philosophical cynical jest at life. Like : If you wait for a bus down-town, only buses up-town will pass by; If you get 5 minutes early for the bus, the bus will arrive 15 minute late; if you arrive just in time, the bus will pass a minute earlier and so on.

Most of it will seem to come true in our day to day life.

It is not pessimism, cuz it is not melancholic. It is much more about being cynically 'content' and laughing at oneself.

But of course, your story is not just murphy. I meant to say at the beginning I thought so. Anyway, murphy could be a good story line.

Just as I hit 'publish this comment', my conncetion will get interruped..cuz this is a fairlylong comment and it really can :p :))

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പാമരന്‍ മാഷേ നന്ദി:

റോസ്‌: ഇവിടെയൊക്കയുണ്ടോ?

ഗുപ്തന്‍:വളരെ ശരിയാണ്‌. പലപ്പോഴും തോന്നുന്ന കാര്യം. (യുക്തി അന്നേരങ്ങളില്‍ ഉപയോഗിക്കാറില്ല, മാത്രമല്ല, വിചാരിച്ച പോലെ കാര്യങ്ങള്‍ പലപ്പോഴുംനടക്കുന്നുണ്ടെന്നു ചിന്തിക്കുകയുമില്ല. ) അപ്പോള്‍ അടുത്ത കഥ മര്‍ഫി ലൈനില്‍ പ്രതീക്ഷിക്കട്ടെ. (ഒാര്‍ക്കുമ്പോഴെ രസമുള്ള സാധനം)
വളരെ നന്ദി.

വേണു venu said...

ആണ്ടവാ..
ജീത്തു കഥ വായിച്ചു.
ഇഷ്ടമായി.:)

ഓടോ.
എന്നാലും അവളിപ്പോഴും പറയുന്നത്‌ നല്ലതു ചെയ്താല്‍ ആണ്ടവന്‍ കൈവിടില്ലെന്നാണ്‌. എന്‍റെ പേരു അതായതുകൊണ്ടല്ലാ കേട്ടോ.
അവസാനിക്കുമ്പോള്‍ ആണ്ടവന്‍ എന്നു തന്നെയാണല്ലോ പേരു്.
പിശകായിട്ട് എനിക്ക് തോന്നിയതാണോ.

പാവപ്പെട്ടവൻ said...

നല്ല വായന സുഖം തരുന്നു മനോഹരമായിരിക്കുന്നു
പ്രതീക്ഷയോടെ

അഭിവാദ്യങ്ങള്‍

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വേണു:
ഡ്രൈവര്‍ എന്നു തുടങ്ങി ആ കഥാപാത്രത്തിനു മനസില്‍ മിഴിവു വന്നപ്പോള്‍ഇട്ട പേരാണു, ആണ്ടവന്‍, ആ രീതിയില്‍ അതു പുറത്തിട്ടു എന്നു മാത്രം. പക്ഷേ ആ സന്ദര്‍ഭത്തില്‍ ആണ്ടവന്‍ (മുരുകന്‍) ദൈവം എന്ന അര്‍ത്ഥത്തിലാണ്‌. (ആണ്ടവാ നീ താന്‍ തുണൈ) അല്‍പ്പം തമാശയില്‍ ആണ്ടവന്‍ അതു പറഞ്ഞെന്നു മാത്രം. നന്ദി.

പാവപ്പെട്ടവന്‍:
സ്വാഗതം. കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.

കാപ്പിലാന്‍ said...

Ugran

Haree said...

@ ചങ്കരന്‍,
:-) ഫയല്‍ മറവി കാണാതിരുന്നതല്ല. പക്ഷെ, നിരവധി ഫയലുകള്‍ക്കിടയില്‍ ഒരു ഫയല്‍ എവിടെയാണുള്ളതെന്ന മറവി അത്ര കുഴപ്പം പിടിച്ചതല്ല. കള്ളന്‍ കയറിയെന്ന് കേള്‍ക്കുമ്പോള്‍, ആരോടും പറയാതെ ഓടുന്നതും സ്വാഭാവികം. എന്നാല്‍ ഭാര്യയുടെ ഓപ്പറേഷനായി പണം ആശുപത്രിയില്‍ അടച്ചത് മറന്നുപോവുക, ഫയല്‍ വെച്ചു മറക്കുന്നതു പോലെയാണോ? സ്ഥിരമായി ചെയ്യുന്ന ഒന്നല്ല അത്, ഭാര്യയുടെ ജീവന്റെ കാര്യവുമാണ് - അതൊക്കെ മറക്കുവാന്‍ തക്കവണ്ണം മറവിയുള്ളയാള്‍ ഇത്രയും മറന്നാല്‍ പോര! മാത്രവുമല്ല, ഭാര്യയോടു പറയാതെ അതെടുത്ത് ആശുപത്രിയിലടച്ചുവെന്നോ, ഭാര്യയ്ക്ക് അതിനെക്കുറിച്ച് വിവരമില്ലായിരുന്നെന്നോ കഥയില്‍ എവിടെയും പറയുന്നുമില്ല. രണ്ടുപേരും ഒരുപോലെ മറന്നുവോ ആ കാര്യം?

@ Jithendrakumar/ജിതേന്ദ്രകുമാര്‍,
:-) വായിച്ചപ്പോള്‍ മനസില്‍ വന്നത് കമന്റായി കുറിച്ചുവെന്നു മാത്രം. കഥ ശരിക്കും ഇഷ്ടത്തോടെ തന്നെ വായിച്ചു. ഇങ്ങിനെയൊരു ചോദ്യം വന്നതു തന്നെ ആസ്വാദിച്ചുവെന്നതിനു തെളിവാണല്ലോ... കഥയിലെ ഇത്തരം യുക്തികള്‍ തേടുന്നതിലൊരു കൌതുകം, അതുകൊണ്ട് ചങ്കരനോട് ഇത്രയും കൂടി പറയുന്നെന്നു മാത്രം. :-)
--

പ്രിയ ഉണ്ണികൃഷ്ണന്‍ said...

രസകരവും ആസ്വാദനവും ഉള്ള കഥ.
ശരിക്കും രസിച്ചു

Ranjith chemmad / ചെമ്മാടൻ said...

മാഷേ, വ്യത്യസ്ഥമായി വായിച്ചു, നല്ല കഥ..!

ചങ്കരന്‍ said...

ഹരീ, വായന പലര്‍ക്കും പലതരത്തിലാണല്ലോ, ശ്രദ്ധിച്ചില്ലെങ്കിലെന്ന് ചൂണ്ടിക്കാണിച്ചുവെന്നു മാത്രം.

എങ്കിലും താങ്കളുടെ അഭിപ്രായത്തോട് ബഹുമാനത്തോടെ വിയോജിക്കുന്നു.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കാപ്പിലാന്‍: നന്ദി

ഹരി,
ഭാര്യക്കു മറവിയുണ്ടെന്ന് കഥയില്‍ എവിടേയും സൂചന ഇല്ലല്ലോ. അപ്പോള്‍ ഭാര്യക്കു അറിയില്ലെന്നു പ്രത്യേകം പറയേണ്ടതുണ്ടോ?പിന്നെ ഒാരോ കമണ്റ്റിനും വളരെ വിലയുണ്ട്‌ കേട്ടോ ഹരീ. (ഉദാ: ഇവിടെ മുകളില്‍ ശ്രീ വേണുവിന്‍റെ ഒരു കമണ്റ്റ്‌ ഉണ്ട്‌. അതു കണ്ടപ്പോഴാണ്‌ ചില ചെറിയ കഥാപാത്രങ്ങള്‍ക്കു വരെ പേരുണ്ടെങ്കിലും പ്രധാന കഥാപാത്രവും ഭാര്യയും പേരില്ലാതിരിക്കുന്നു എന്നു എന്നെ ഒാര്‍മ്മിപ്പിച്ചത്‌). വളരെ നന്ദി.

ചങ്കരന്‍, പ്രിയാ, രണ്‍ജിത്‌:
നന്ദി

Vinodkumar Thallasseri said...

ജിതേന്ദ്രാ, നല്ല കഥ. പക്ഷെ, മൊത്തം കഥയുടെ സ്പിരിട്ടിന്‌ നിരക്കുന്നില്ല, പൈസ എടുത്തു ആസ്പത്രിയില്‍ അടച്ചത്‌ മറന്നുപോയി എന്ന കാര്യം. വേറെ എന്തെങ്കിലും കാരണം കാണിക്കാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷേ, കുറച്ചുകൂടി നന്നായേക്കും.

smitha adharsh said...

പതിവുപോലെ,'ജിതെന്ദ്രകുമാര്‍' ടച്ച്‌..ഉള്ള അസ്സല്‍ കഥ..
ഇഷ്ടപ്പെട്ടു..നന്നായി..

smitha adharsh said...

iyaalu ithu evide?
no new post..?

Mr. X said...

ജിതേന്ദ്രാ...
വേണ്ടായിരുന്നു. വെറുതെ വേദനിപ്പിച്ചു... കഥ എഴുതാന്‍ നിങ്ങള്‍ക്ക് അറിയാം. ഒരു ദിവസം താങ്കളുടെ പേര് അംഗീകാരങ്ങളോടൊപ്പം എഴുതിക്കാണാന്‍ ഇടയായാല്‍ അദ്ഭുതപ്പെദില്ല. ഓള്‍ ദി ബെസ്റ്റ്.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ആര്യന്‍:
കഥയിലൂടെയെങ്കിലും വേദനിപ്പിച്ചതിനു ക്ഷമ.
നല്ല വാക്കുകള്‍ക്കു ഒത്തിരിയൊത്തിരി നന്ദി

kichu / കിച്ചു said...

ആദ്യായിട്ടാ മാഷേ ഇവിടെ. സജി അച്ചായനാ വഴികാട്ടി.

എന്താപ്പൊ പറയ്യാ..
വിണ്ടു പോയീന്നായാലോ :) :)
വാക്കു തെറ്റിയോ..അതൊ പ്രയോഗം തെറ്റിയോ..
എന്തായാലും സാരല്യാ.. ഞാന്‍ വിണ്ടൂ പോയി:)

ആശംസകള്‍.......

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കിച്ചു:
സ്വാഗതം എപ്പോഴും എപ്പോഴും.

അതെ, എന്തു തെറ്റിയാലും സാരമില്ല, വഴിതെറ്റി പോകാതിരുന്നാല്‍ മതി ("ശിഖരവേരുകളിലേക്കുള്ള")

വളരെ നന്ദി.

കുറുമാന്‍ said...

നര്‍മ്മം കലര്‍ന്ന ഒരു സീരിയസ്സ് കഥ. ഇഷ്ടപെട്ടു എന്ന് പ്രത്യേകം പറയണ്ടല്ലോ.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കുറുമാന്‍:നന്ദി.

ഇട്ടിമാളു അഗ്നിമിത്ര said...

ഇന്നലെ ജഡത്തിന്റെ നാറ്റം കൊണ്ട് വന്നതാ ഇവിടേ :).. ഒന്നു കൂടെ നോക്കിയപ്പോഴേക്കും തിരർക്കായി.. ഇന്ന് ഒത്താൽ ഇവിടെ ഒക്കെ ഒന്നും കറങ്ങണം ന്ന് ഉറപ്പിച്ചിരുന്നതാ..

ലിങ്ക് തന്നതിനു നന്ദി.. ഇല്ലെങ്കിലും ഞാൻ വായിക്കുമായിരുന്നു... പതിയെ പതിയെ.. സമയം പോലെ..

സാധാരണ കാണുന്നത് അല്ലെങ്കിൽ കേൾക്കുന്നത് അറിയുന്നത്.. അപ്പൊഴും അതിലെവിടെയൊ ഒരു തിരിവ് ആരുമറിയാതെ കാത്തുവെക്കുന്നത്.. അതിലേക്ക് ആകാക്ഷയോടെ നയിക്കുന്ന അവതരണം.. നന്നായിരിക്കുന്നു..

എന്തായാലും, എന്തെങ്കിലും വായിക്കണമെന്ന് തോന്നുമ്പോൾ പ്രതീക്ഷയോടെ കേറാൻ ഒരു ബ്ലോഗുകൂടി.. വരാം.. :)