Sunday, May 29, 2011

പുതിയ സമവാക്യങ്ങള്‍ (കഥ)

1 + 1 = 0. ചുവന്ന മഷികൊണ്ട്‌ കോറുമ്പോള്‍ സാക്ഷിയുടെ മുഖത്തു നിറഞ്ഞ ചിരിയായിരുന്നു.

സ്വതസിദ്ധമായ ഒരു കുസൃതിച്ചിരി. ഒരു വേള കടലാസിലേക്കു ശ്രദ്ധ പതിഞ്ഞപ്പോള്‍ ആ ചിരി അവിടെ നിന്നും മായുകയും ചെയ്തു. ദൈവമേ, എന്തായീ കാണിച്ചത്‌? ബോര്‍ഡ്‌ മീറ്റിംഗ്‌ തുടങ്ങാന്‍ കഷ്ടിച്ചു പത്തു മിനുട്ടേയുള്ളു. ഡയറക്ടര്‍മാരുടെ പെര്‍ക്ക്സ്‌ കണക്കു കൂട്ടിയിട്ടിരിക്കുന്ന പേപ്പറിലാ തണ്റ്റെ പുതിയ കണ്ടുപിടിത്തം കോറിയത്‌. അതും ചുവന്ന മഴികൊണ്ട്‌. ഈ മീറ്റിങ്ങു തന്നെ ഡയറക്ടര്‍ മാരുടെ ശമ്പള വര്‍ദ്ധന നടപ്പിലാക്കാന്‍ വേണ്ടി മാത്രമുള്ളതാ.

മറ്റൊരു പ്രിണ്റ്റ്‌ ഔട്ട്‌ എടുക്കാനാണു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തത്‌. പക്ഷേ മൌസ്‌ അമര്‍ത്തിയത്‌ ഇണ്റ്റര്‍ നെറ്റിലെ ഒരു തമാശ വെബ്ബ്‌ സൈറ്റിലും. ശരിക്കും ഇന്നെന്താ തനിക്കു പറ്റിയത്‌?

രാവിലെ തൊട്ടേ തുടങ്ങിയതാ. കൃത്യമായി പറഞ്ഞാല്‍ കുളിക്കാനായി കുളിമുറിയിലേക്കു കയറിയ നിമിഷം തൊട്ട്‌. ഷവറില്‍ നിന്നും തണുത്ത വെള്ളം ചീറ്റി തലയില്‍ വീണതും ഒരു തോന്നല്‍. വെറും തോന്നലല്ല. ഉത്കട മായ ഒരു ആഗ്രഹമെന്നോ അല്ലെങ്കില്‍ അടക്കാനാവാത്ത ഒരു വെമ്പലെന്നോ ഒക്കെ പറയാം. മറ്റൊന്നുമല്ല, ഒന്നു തുള്ളിച്ചാടാന്‍. അതില്‍ പുതുമയൊന്നും തോന്നിയില്ല. കാരണം അങ്ങിനെ അകാരണമായി പലതും പലപ്പോഴും മനസില്‍ തോന്നാറുണ്ട്‌. സ്ഥലകാല ബോധം പോലുമില്ലാതെ. പുറത്തു കാണിക്കാതെ അതൊക്കെ അപ്പോള്‍ തന്നെ കുഴിച്ചു മൂടുകയാണു പതിവ്‌. ആ പതിവാണ്‌ ഇന്നു തെറ്റിയത്‌. കുളിമുറിയിലായതുകൊണ്ട്‌ ചാടിയാലും കരണം മറിഞ്ഞാലും ആരറിയാന്‍? പക്ഷേ അത്ഭുതം അതല്ല, തുള്ളിച്ചാടുന്തോറും ശരീരം ഉണരുന്നു. കാലുകളില്‍ ഊര്‍ജം വിജ്രംഭിക്കുന്നു. ആഞ്ഞെറിഞ്ഞ ഒരു റബ്ബര്‍ പന്തു പോലെ മേലോട്ടു മേലോട്ടു തെറിച്ചുയരുന്നു. ഒടുവില്‍ തല ഷവറില്‍ ചെന്നു മുട്ടുമെന്നായപ്പോഴാണു വല്ലവിധേനയും സ്വയമൊന്ന്‌ അടങ്ങിയത്‌.

ടൌവല്‍ എടുത്തപ്പോള്‍ തൊന്നിയതു തോര്‍ത്താനല്ല, വലിച്ചെറിയാന്‍. തോന്നലുകളെല്ലാം ഉടനടി നടപ്പിലാകുന്നുമുണ്ട്‌. ഡ്രസിംഗ്‌ ടേബിളിനു മുന്നില്‍ നിന്നു കഴുത്തോളം വെട്ടിയ മുടി കുടഞ്ഞപ്പോള്‍ കണ്ണാടിയുടെ മിനുപ്പില്‍ തണുത്ത മുത്തുമണികള്‍ ചിതറി വീണു. ലിപ്സ്റ്റിക്ക്‌ ചുണ്ടിലൊന്നു തൊട്ടപ്പോള്‍ കവിളുവരെ തുടുത്തു. എങ്ങിനെ തുടുക്കാതിരിക്കും? വെള്ളത്തുള്ളികളാണ്‌ മുഖമാകെ. കുളിര്‍ മണികളുടെ തലോടലില്‍ കണ്ണുകള്‍ക്ക്‌ എന്തൊരു തിളക്കം! അങ്ങിനെ തെല്ലു നേരം കൂടെ നോക്കി നിന്നാല്‍ കണ്ണാടി കത്തും. ഉറപ്പ്‌.

'ഇന്ന്‌ ഇത്‌ എന്തു പറ്റീ' എന്നു ചിന്തിച്ചുകൊണ്ട്‌ ഡൈനിംഗ്‌ റൂമിലേക്കു ഒരു അപ്പൂപ്പന്‍ താടി പോലെ ഒഴുകി. എന്നാല്‍ എത്തിച്ചേര്‍ന്നത്‌ ലിവിംഗ്‌ റൂമില്‍. 'എന്തൊരു കഷ്ടമാണേ. എത്രകാലമായി ഒറ്റയ്ക്കീ വീട്ടില്‍. ഇതുവരെ ഇങ്ങിനെ കുളിമുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ തോന്നിയിട്ടു പോലുമില്ല. ഒരിക്കലും. '

അതുകൊണ്ടാവണം പുരുഷ ശബ്ദം കേട്ടതും ഞെട്ടിപ്പോയത്‌. ചുമരില്‍ പതിഞ്ഞു കിടക്കുന്ന ടിവി സ്ക്രീനില്‍ ഒരു സുന്ദരന്‍ പ്രഭാത വാര്‍ത്ത വായിച്ചു തുടങ്ങിയതാണ്‌. ഏതോ കുട്ടിനേതാവിനു പോലീസിണ്റ്റെ തല്ലു കൊണ്ട ചവറു വാര്‍ത്ത. എന്നാല്‍ ഒരു ആറ്റം ബോംബു പൊട്ടിയതിണ്റ്റെ ഗൌരവത്തിലാണു മൂപ്പരതു പറയുന്നത്‌. എങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ ആ കണ്ണുകളില്‍ ഒരു കുസൃതിച്ചിരി വിടരുന്നതു കാണാം. റിമോട്ട്‌ എടുത്ത്‌ തെരു തെരെ ഞെക്കി. മലരു പൊരിയുന്ന പോലൊരു നൃത്തവും കടുകു പൊട്ടുന്നതു പോലൊരു പാട്ടും കണ്ടപ്പോഴാണു റിമോട്ട്‌ താഴെ വെച്ചത്‌.

അടുക്കളയില്‍ ചെന്ന്‌ കോഫീ മെഷിനില്‍ വിരല്‍ വെച്ചപ്പോള്‍ കപ്പില്‍ നിന്നും ആവി പൊങ്ങി. കുടകിലെ കാപ്പിത്തോട്ടങ്ങളില്‍ ഇളംകാറ്റടിച്ചു. പതുക്കെ അതില്‍ ചുണ്ടാഴ്ന്നപ്പോള്‍ ശുഭ്രമേഘത്തിണ്റ്റെ ഈറന്‍ ഉടുപ്പിലേക്കു സൂര്യന്‍ കയറി വന്നതു പോലെ. ഒരു വലിയ ഉള്ളി എടുത്തു സ്ളാബിലിട്ടു. കറിക്കത്തിയെടുത്ത്‌ ചറപറാ നുറുങ്ങി. പിന്നെ ഒരു വിരലിഞ്ചിയും പച്ചമുളകും. ഇടത്തേ കൈ കൊണ്ട്‌ ട്രേയില്‍ നിന്നും കോഴിമുട്ട എടുത്ത്‌ മുകളിലേക്കിട്ട്‌ വലതുകൈകൊണ്ടു പിടിച്ച്‌ സ്ളാബിണ്റ്റെ വക്കിലിടിച്ച്‌ സിനിമയില്‍ കണ്ട അതേ രീതിയില്‍ ഗ്ളാസിലൊഴിച്ചു. അടുത്ത മുട്ട വലതു കൈകൊണ്ടു എടുത്ത്‌ മുകളിലേക്കെറിഞ്ഞപ്പോള്‍ ഇളം കാറ്റ്‌ കൊടുങ്കാറ്റായോ? മുട്ട മേല്‍ക്കൂരയിലിടിച്ചൊഴുകി. ചാടി മാറിയതുകൊണ്ട്‌ തലയില്‍ വീണില്ല. വെള്ളമൊഴിച്ച്‌ വൈപ്പര്‍ കൊണ്ട്‌ വലിച്ചു വിടുമ്പോള്‍ ഉറപ്പിച്ചു. 'മതി ഈ പ്രാന്ത്‌'. നാല്‍പ്പതുകാരിയുടെ ശരീരത്തില്‍ നിന്നും ഇരുപതുകാരിയെ ഇറക്കി വിടുക തന്നെ.

ഡ്രസ്‌ ചെയ്തു. ബ്രെഡ്‌ ഓംലറ്റ്‌ കഴിച്ചു. വീടു പൂട്ടി. ലിഫ്റ്റിനു കാത്തു നില്‍ക്കാതെ പടികള്‍ ചടപടാന്ന്‌ ചാടിയിറങ്ങി കാറില്‍ കേറുമ്പോള്‍ അവള്‍ ഇറങ്ങിപ്പോയിട്ടില്ലെന്നു പിടികിട്ടി. പക്ഷേ അവളെ ഇറക്കി വിട്ടേ പറ്റൂ. ഡ്രൈവിങ്ങിനു അവളെ ഒട്ടും കൊള്ളില്ല.

അപ്പാര്‍ട്ടുമെണ്റ്റിണ്റ്റെ പടി കടന്നതും കാറു കുതിച്ചു തുടങ്ങി. ഇല്ല, അവള്‍ ഇറങ്ങിപോകുന്ന മട്ടില്ല. എന്നാല്‍ താനോ?

രാഹുല്‍ പറയേണ്ട താമസം ഇറങ്ങി. അന്നു തന്നെ. അപ്പോള്‍ തന്നെ. തണ്റ്റെ വസ്ത്രങ്ങളും സാധനങ്ങളുമായി കമ്പനി തന്ന കാറില്‍ നേരെ കമ്പനിയുടെ തന്നെ ഗസ്റ്റ്‌ ഹൌസിലേക്ക്‌. അവിടെ രണ്ടു ദിവസം. പിന്നെ വാടക വീട്ടില്‍ നാലു മാസം. പിന്നീടാണു ഈ വീടു വാങ്ങിയത്‌. രാഹുലിനു സ്വപ്നം പോലും കാണാന്‍ കഴിയാത്ത ഈ അപ്പാര്‍ട്ടുമെണ്റ്റില്‍ തന്നെ ഫ്ളാറ്റു വാങ്ങണം എന്നതു മാത്രമായിരുന്നു നിര്‍ബന്ധം. കമ്പനി പലിശയില്ലാ വായ്പ്പ തന്നതോടെ കാര്യങ്ങള്‍ എളുപ്പമായി.

രാഹുല്‍ അതോടെ പത്തി താഴ്ത്തിത്തുടങ്ങി. പിന്നീട്‌ കൈവന്ന അവസരങ്ങളിലെല്ലാം ആ പത്തിയില്‍ ചവിട്ടുകയും തുള്ളുകയും ചെയ്തു്‌. പക്ഷേ അന്നു സാധനങ്ങളുമായി ഇറങ്ങുമ്പോള്‍ വിലയേറിയ മറ്റൊരു സാധനം വയറ്റിലുണ്ടെന്നു അറിയില്ലായിരുന്നു. അവളിന്നു എന്‍ജിനിയറിങ്ങിനു പഠിക്കുന്നു. രാജ്യത്തെ ഏറ്റവും മുന്തിയ എന്‍ജിനിയറിംഗ്‌ കോളേജില്‍ തന്നെ.

രാഹുല്‍ ഏറെ ശ്രമിച്ചു. കുഞ്ഞിണ്റ്റെ കസ്റ്റഡിക്കു വേണ്ടി. ഡൈവോഴ്സിനു വേണ്ടി. എല്ലായിടത്തും അയാളെ തോല്‍പ്പിച്ചത്‌ അയാളുടെ പണം കൊണ്ടു തന്നെയായിരുന്നു. ഭര്‍ത്താവിണ്റ്റെ ശമ്പളത്തിണ്റ്റെ പാതിയും തനിക്കും മകള്‍ക്കുമുള്ള ജീവനാംശമായി കിട്ടാന്‍ കോടതിയുടെ ഇടക്കാല ഉത്തരവ്‌ നേടിയാല്‍ അത്രയും തുക മാസാമാസം വക്കീല്‍ ഫീസായി നല്‍കാമെന്ന വ്യവസ്ഥയിലാണ്‌ നഗരത്തിലെ ഏറ്റവും പ്രമുഖനായ വക്കീല്‍ തണ്റ്റെ കേസ്‌ ഏറ്റെടുത്തതു തന്നെ.

വൈകാതെ വക്കീല്‍ അതു നേടുകയും ചെയ്തു. എന്നിട്ടും രാഹുല്‍ കുറച്ചു കാലം പയറ്റി നിന്നു. ഒടുവില്‍ പടക്കളം വിട്ടു പാഞ്ഞു. ഈ നഗരം... രാജ്യം.. അതോ ഈ ലോകം തന്നെയും... അറിഞ്ഞു കൂടാ. അറിയുകയും വേണ്ടാ. അയാളെ ഒരു പാഠം പഠിപ്പിച്ചിട്ടേ അടങ്ങൂ എന്ന വാശിയായിരുന്നു. അതിനു വേണ്ടിയാണ്‌ പിന്നീട്‌ ഏറെക്കാലം അന്വേഷിച്ചത്‌. തേടിപ്പിടിച്ചു വേട്ടയാടുന്നതിണ്റ്റെ രസം ഒന്നു വേറെ തന്നെയല്ലേ. പക്ഷേ എന്തു ചെയ്യാന്‍, രാഹുല്‍ തണ്റ്റെ ലോകത്തു നിന്നേ രക്ഷപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാന്‍. ഭീരു. എന്തൊക്കെയായിരുന്നു അയാളുടെ ശാഠ്യങ്ങള്‍...

ബെഡ്‌ കാഫി ഭാര്യയുടെ കൈ കൊണ്ട്‌ തന്നെ വേണമെന്നു പറഞ്ഞപ്പോഴാ ഒരു കോഫി മെഷീന്‍ വാങ്ങി വെച്ചത്‌. പക്ഷേ മറ്റു ഭക്ഷണങ്ങള്‍ ഒക്കെ ഉണ്ടാക്കുന്ന മെഷിന്‍ ഒന്നും കണ്ടുപിടിച്ചിട്ടില്ലല്ലോ. വേലക്കാരിയെ വെച്ചപ്പോള്‍ സ്വകാര്യതയ്ക്കു ശല്യമാകുന്നെന്നു പറഞ്ഞ്‌ ഒഴിവാക്കാന്‍ എന്തു ധൃതിയായിരുന്നു. താന്‍ ഓഫീസില്‍ നിന്നു നേരത്തേ എത്തുന്നതു അടുക്കളയില്‍ കേറി നിരങ്ങാനണെന്നാ പുള്ളി ധരിച്ചു വെച്ചിരുന്നത്‌. ഓഫീസില്‍ നിന്നു വന്നതും ചായ. ലഘുഭക്ഷണം. പിന്നെ സംഋദ്ധമായ അത്താഴം. അതും ടി വി യുടെ മുന്നില്‍ നിന്നും എഴുന്നെള്ളിച്ചുകൊണ്ടുവന്നു തീറ്റിക്കണം. എല്ലാറ്റിനും താന്‍ എത്തണം. ഒരു സഹായം പോലുമില്ല. കിടക്കവിരി മാറ്റിയിടാന്‍ പോലും തന്നെ കാത്തു നില്‍ക്കും. ഒന്നോ രണ്ടോ ദിവസമാണെങ്കില്‍ പോട്ടേന്നു കരുതാം. മാസം രണ്ടു കഴിഞ്ഞാല്‍ ആരുടെ ക്ഷമയാ നശിക്കാതിരിക്കുക?

ആഹാരം പുറത്തു നിന്നാക്കാന്‍ ഒരു വഴിയേ കണ്ടുള്ളു. ഓഫീസില്‍ നിന്നും വൈകി എത്തുക. അപ്പോള്‍ അതാ വരുന്നു ചോദ്യങ്ങള്‍... ഏതു മീറ്റിംഗ്‌? എന്തു മീറ്റിംഗ്‌? ആരുടെ കൂടെ? എത്ര മണിവരെ?

അന്നു തെളിച്ചു പറഞ്ഞു. ഓഫീസില്‍ പോലും ഞാന്‍ ഒരാള്‍ക്കും റിപ്പോര്‍ട്ട്‌ ചെയ്യാറില്ല. അതുകൊണ്ട്‌ ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടി പ്രതീക്ഷിക്കയും വേണ്ടാ. എം.ബി.എ ക്കാരിക്കു ജീവിക്കാന്‍ ഒരു എന്‍ജിനിയറുടേയും കാലു പിടിക്കേണ്ട കാര്യവുമില്ല. അന്നു ചെറുതായി വീശിയ കാറ്റ്‌ പെട്ടെന്നു കൊടുങ്കാറ്റായി. വീടു പിളര്‍ത്തുന്ന കൊടുങ്കാറ്റ്‌.

പിളര്‍ന്നു മാറുന്നത്‌ ബദ്ധശത്രുവാകുമെന്ന്‌ ആര്‍ക്കാണു അറിഞ്ഞു കൂടാത്തത്‌. അതു വീട്ടുകാരായാലും നാട്ടുകാരായാലും പാര്‍ട്ടിക്കാരായാലും അല്ല, രാജ്യങ്ങള്‍ തന്നെയായാലും.

എത്രയൊക്കെ ഉപദ്രവിച്ചാലും കുറഞ്ഞു പോയെന്നു തോന്നുന്ന അവസ്ഥ. അതിനു അവസാനമായത്‌ ശത്രു കളം വിട്ടോടിയതോടെയാണ്‌. അതോടെ യുദ്ധപ്പോരാളിയുടെ തളര്‍ച്ചയാണു തോന്നിയതും.

ഓഫീസിലെ ജോലിത്തിരക്കുകള്‍ മാത്രമായിരുന്നു ആശ്വാസമായി എത്തിയത്‌. അപൂര്‍വമായി ഹോസ്റ്റലില്‍ നിന്നും എത്തുന്ന മകളും. എന്നാല്‍ ഇന്നിതാ വീണ്ടും ...


'ഹോ.. അവണ്റ്റെയൊരു സ്പീഡ്‌!' ഒരു ചുവന്ന ബൈക്ക്‌. തന്നെ നിഷ്പ്രയാസം മറികടന്നു പായുകയാണ്‌. ഇരുപതു കാരി ഉടന്‍ ആക്സിലേറ്ററില്‍ കാല്‍ വെച്ചു. കാറ്റില്‍ പെട്ട ഷര്‍ട്ടു പോലെ ചുവന്ന ബൈക്ക്‌ പുറകോട്ടു പറന്നു. അതിപ്പോള്‍ വശത്തെ കണ്ണാടിയിലും ചുരുങ്ങിക്കൂടുകയാണ്‌. സീമന്തരേഖയിലെ സിന്ദൂരപ്പൊട്ടു പോലെ.

സാക്ഷിയുടെ കണ്ണുകളില്‍ ഇപ്പോള്‍ വിടരുന്നത്‌ ആഹ്ളാദം. ദ്വന്ദ യുദ്ധങ്ങളില്‍ വിജയിക്കുന്നതിണ്റ്റെ ഹരം ഒന്നു വേറെ തന്നെ. അതു വീട്ടിലായാലും റോഡിലായാലും കോടതിയിലായാലും.

അരമണിക്കൂറിണ്റ്റെ പതിവു ഡ്രൈവ്‌ ഇന്നു വെറും ഇരുപത്‌ മിനുട്ടായി കുറഞ്ഞു. തനിക്കായി ഒഴിച്ചിട്ടിരിക്കുന്ന സ്ളോട്ടില്‍ കാര്‍ നിര്‍ത്തിയപ്പോഴേക്കും ഗാര്‍ഡ്‌ ഓടി വന്നു വാതില്‍ തുറന്നു പിടിച്ചു.

ഹാളില്‍ കയറേണ്ട താമസം, ഒരു ഷവറില്‍ നിന്നെന്നപോലെ നാലു വശത്തു നിന്നും 'ഗുഡ്‌ മോര്‍ണിംഗ്‌ മേം' പ്രവഹിച്ചു. വീണ്ടും തുള്ളിച്ചാടണമെന്നു തോന്നി. മുകളിലേക്കുള്ള പടവുകള്‍ ഓടിക്കയറിക്കൊണ്ട്‌ ആ വെമ്പല്‍ അടക്കി. വലതു വശത്തു കാണുന്ന മുറികളിലൊന്നും വെളിച്ചമില്ല. എങ്ങിനെ വെളിച്ചം കാണും. ജനറല്‍ മാനേജര്‍ (ഫിനാന്‍സ്‌) അമിത്‌ അറോറ ബൈ പാസ്‌ കഴിഞ്ഞു കിടക്കുന്നു. ഡയറക്ടര്‍ എച്ച്‌. ആര്‍.ഡി. ഹോങ്കോങ്ങിലാണ്‌. കമ്പനി സെക്രട്ടറി ബോര്‍ഡ്‌ റൂമില്‍ അവസാന വട്ട ഒരുക്കങ്ങളിലാണ്‌. മാനേജിംഗ്‌ ഡയറക്ടര്‍ പ്രശാന്ത്‌ ഗുപ്ത യുടെ മുറിയില്‍ മാത്രം വെളിച്ചമുണ്ട്‌. അതിനപ്പുറമുള്ള കോണ്‍ഫ്രന്‍സ്‌ ഹാളും കഴിഞ്ഞ്‌ 'സാക്ഷി മെഹ്‌റ സീനിയര്‍ വൈസ്‌ പ്രസിഡണ്ട്‌' എന്നെഴുതിയ മുറിയുടെ വാതില്‍ തള്ളിത്തുറന്നു കയറി.

രാഹുലിനോടൊപ്പം തണ്റ്റെ ജീവിതത്തിലേക്കു നുഴഞ്ഞു കയറിയ ആ "മെഹ്‌റ" യുടെ കട്ടകളെ പുഴക്കി കളയാന്‍ ഒന്നു രണ്ടു തവണ തുനിഞ്ഞതാണ്‌. അതു സ്റ്റാഫിനിടയില്‍ വേണ്ടാത്ത ഒരു ചര്‍ച്ചക്കു കാരണമാവുമെന്നു കരുതി ചെയ്തില്ല. അതൊക്കെ ഇന്നു എന്തേ ശ്രദ്ധയില്‍ പെടുന്നു?

"മ്യേം.. " ശബ്ദം കേട്ടു സാക്ഷി ചിന്തയില്‍ നിന്നും കുതറിച്ചാടി. ശ്രീനി യാണ്‌ മുന്നില്‍. പുതിയതായി ചേര്‍ന്നിരിക്കുന്ന ശ്രീനിവാസ്‌ ശ്രീവാസ്തവ. അവന്‍ ഒരിക്കല്‍ കൂടെ ഭയബഹുമാനത്തോടെ പൂച്ചയെപ്പോലെ മൊഴിഞ്ഞു. "മ്യേം.. "

"ങും ?"

"ഇന്നു അക്കൌണ്ടണ്റ്റ്‌ ശര്‍മ്മാജി ലീവിലാ. ഞാന്‍ ... ?"

വീണ്ടും കുസൃതിയാണു തോന്നുന്നത്‌. ഇത്‌ ഒന്നു വായിക്ക്‌. സാക്ഷിയുടെ കൈയില്‍ നിന്നും കടലാസു വാങ്ങി.

വണ്‍ പ്ളസ്‌ വണ്‍ ഈസ്‌ ഇക്കുവല്‍ ടു സീറോ... വായിച്ച ശ്രീനി ഒന്നു പരുങ്ങി.

ഷീറ്റിലെ ആ വരി അങ്ങിനെയാക്കി വീണ്ടും കണക്കാക്കി കൊണ്ടു വരൂ.

അതു മ്യേം ??

എന്താ അതു ശരിയല്ലേ?

ഹൌ ക്യാന്‍ ഇറ്റ്‌ മ്യേം?

താന്‍ സി. എ ക്കാരനാണെന്നല്ലേ പറഞ്ഞത്‌? എന്നിട്ട്‌... പരുങ്ങിക്കൊണ്ട്‌ നിന്ന ശ്രീനിയോട്‌ പറഞ്ഞു. കോണ്‍ഫ്രന്‍സ്‌ ഹാളിലെ ബുക്ക്‌ ഷെല്‍ഫില്‍ പുതിയ അക്കൌണ്ടിംഗ്‌ സ്റ്റാണ്റ്റേര്‍ഡിണ്റ്റെ പുസ്തകമുണ്ട്‌. എടുത്തോണ്ട്‌ വാ.

ശ്രീനി പോയപ്പോഴേക്കും ഫോണ്‍ ബീപ്പ്‌. ഇണ്റ്റേണല്‍ കാളിണ്റ്റെ. 'ഹലോ' ശബ്ദത്തില്‍ നിന്നും പ്രശാന്ത്‌ ഗുപ്തയെ തിരിച്ചറിഞ്ഞപ്പോള്‍ അതീവ ഭവ്യമായി വിഷ്‌ ചെയ്തു.

'മോര്‍ണിംഗ്‌.. അജണ്ട സാക്ഷിയുടെ കൈയിലാണോ?' ഗുപ്താജിയുടെ ചോദ്യത്തില്‍ അല്‍പ്പം ശുണ്ഠിയുണ്ടോ?'

'അതു പെര്‍ക്ക്സിണ്റ്റെ ഒന്നു രണ്ടു അനക്സ്ചേഴ്സ്‌'

'ഒകെ. വേഗം കൊണ്ടു വരൂ'

ഗുപ്താജി ഫോണ്‍ വെച്ചു. പെര്‍ക്ക്സിണ്റ്റെ ഷീറ്റ്‌ കമ്പ്യൂട്ടറില്‍ തിരയുന്നതിനു പകരം താനിതാ 'ഫണ്‍ ആന്‍ഡ്‌ ഓണ്‍ലി ഫണ്‍' വെബ്സൈറ്റും തുറന്നു വെച്ചിരിക്കുന്നു. ശരിക്കും എന്തോ കുഴപ്പം തന്നെ.

"മ്യേം ഇതാ പുതിയ പുസ്തകം. എ.എസ്‌. 18" ശ്രീനിയുടെ ശബ്ദം കേട്ടപ്പോള്‍ ദേഷ്യമാണു വന്നത്‌. പുസ്തകത്തിലേക്കു നോക്കാതെ പറഞ്ഞു.

ഇതല്ല, രാമയ്യയുടെ പുസ്തകം.

"അതു മ്യേം..." ശ്രീനി ഒരു മിനുട്ട്‌ എന്തോ പറയാനായി പതറി നില്‍ക്കുന്നതും പിന്നെ മടിച്ചു മടിച്ചു പോകുന്നതും വെനീഷ്യന്‍ ബ്ളൈന്‍ഡിണ്റ്റെ വശങ്ങളില്‍ തെളിഞ്ഞു കണ്ടു.

തണ്റ്റെ ഇന്നത്തെ വര്‍ത്തമാനം കേട്ടാല്‍ ആരാ പതറാതിരിക്കുക. കമ്പനി നിയമങ്ങളെക്കുറിച്ച്‌ മാത്രം പുസ്തകങ്ങള്‍ എഴുതുന്ന രാമയ്യ അക്കൌണ്ടിങ്ങിനെ കുറിച്ച്‌ എന്തെഴുതാന്‍.

ഇരുപത്തിരണ്ടുകാരന്‍ ശ്രീനിക്ക്‌ തന്നെ കല്യാണം കഴിച്ച കാലത്തെ രാഹുലിണ്റ്റെ പ്രകൃതമാണ്‌. ഉയരവും വണ്ണവും ഒക്കെ.

ഹോ കമ്പ്യൂട്ടറില്‍ ഫയല്‍ തെളിഞ്ഞു. പെട്ടെന്നു ഒന്നു രണ്ടു പ്രിണ്റ്റ്‌ ഔട്ടുകള്‍ എടുത്ത്‌ ഫയലില്‍ വെച്ച്‌ ഗുപ്താജിയുടെ മുറിയിലേക്കു കയറിച്ചെന്നു. നോക്കിക്കൊണ്ടിരുന്ന ഫയല്‍ മടക്കിവെച്ച്‌ തണ്റ്റെ കൈയില്‍ നിന്നു വാങ്ങിയ കണക്കുകളിലൂടെ ഗൌരവത്തോടെ സഞ്ചരിക്കുന്നതിനിടയില്‍ പതുക്കെ പറഞ്ഞൊപ്പിച്ചു. സര്‍.. ഇന്നത്തെ മീറ്റിംഗില്‍ എണ്റ്റെ ആവശ്യമുണ്ടോ?

ങൂം.. ?

ഓഡിറ്റിണ്റ്റെ ജോലി ഏറെ ബാക്കിയുണ്ട്‌.

ഒ.കെ. ക്യാരിയോണ്‍..

താങ്ക്യൂ സാര്‍..

ശബ്ദം ഉണര്‍ത്താതെ വാതില്‍ ചാരി തണ്റ്റെ മുറിയിലേക്കു നടന്നു. ഇനി..?

ഇമെയില്‍ ബോക്സില്‍ പതിവു പോലെ ഇന്നും കുറേ ചവറുണ്ട്‌. ലോട്ടറിയും ഡ്രഗ്സുംഇന്‍വെസ്റ്റ്മെണ്റ്റു പ്രൊപ്പോസലുകളും.

ഗുപ്താജി പടവുകള്‍ ഇറങ്ങുന്ന ശബ്ദം. ഏറ്റവും അവസാനമായാണ്‌അദ്ദേഹം മീറ്റിന്‍ഗിനു പോകാറ്‌. ഇന്നെന്തായാലും താന്‍ ഒഴിവായത്‌ നന്നായി. ചെന്നിരുന്നെങ്കില്‍ എന്തൊക്കെ വിളിച്ചു പറയുമായിരുന്നെന്ന്‌ ആര്‍ക്കറിയാം?

ഇനി കുറേ നേരത്തേക്കു ശല്യമൊന്നുംഉണ്ടാവില്ല. സെക്രട്ടറി സുഷമയെ വിളിച്ചു നോ ഡിസ്റ്റേര്‍ബന്‍സ്‌ പറഞ്ഞു. കുറേ നേരത്തിനുഫോണ്‍ കാളുകള്‍ പോലും തരേണ്ടെന്നും.

ഇനി ആ ട്രെയിനി പയ്യനെക്കൂടെ താഴെ ഇറക്കി വിടണം. പിന്നെ ഇവിടെ ഒരു നൃത്തം ചവിട്ടിയാലുംആരും അറിയില്ല. അവന്‍ എവിടെ? ഇല്ലാത്ത പുസ്തകം തിരയാന്‍ വിട്ടതല്ലേ.. പാവം. എന്താ ചെയ്യുന്നതെന്നു നോക്കിക്കളയാം.

വാതില്‍ തുറക്കുന്ന ശബ്ദം കേട്ട്‌ ശ്രീനി ഞെട്ടി. ഷെല്‍ഫിലെ മുകളിലെ നിരയില്‍ തിരഞ്ഞുകൊണ്ടിരുന്നഅവന്‍ കസേര ചരിഞ്ഞു താഴെ വീണു. കൂടെ കുറച്ചു പുസ്തകങ്ങളും. അതൊക്കെ പെട്ടെന്നു പെറുക്കിയെടുക്കുകയാണ്‌ ശ്രീനി.

എന്താ താനീ കാണിച്ചത്‌?

അത്‌....

പോട്ടെ, ആ പേപ്പര്‍ ശരിയാക്കിയോ? മീറ്റിന്‍ഗിനുള്ളതാ, വേഗം വേണം.

പെട്ടെന്നു ശ്രീനിയുടെ മുഖത്തു ഭാവ വ്യത്യാസം. തന്നെ കുരങ്ങു കളിപ്പിക്കുന്നെന്ന തോന്നല്‍കൊണ്ടാവണം ശ്രീനി ശബ്ദം ഉയര്‍ത്തി പറഞ്ഞു.

എന്താ മ്യേം ഇത്‌? വണ്‍ പ്ളസ്‌ വണ്‍ സീറോ. രാമയ്യയുടെ അക്കൌണ്ടിംഗ്‌ സ്റ്റാന്‍ഡേഡ്‌ ബുക്ക്‌…..

വിവാഹത്തിണ്റ്റെ ആദ്യ നാളുകളില്‍ രാഹുലിനു കോപം വരുന്ന ചിത്രമാണ്‌ തെളിയുന്നത്‌.

അപ്പോ മനസിലായാലേ ഞാന്‍ പറയുന്നത്‌ ചെയ്യൂ? അതിനു താനെന്തിനാ വിയര്‍ക്കുന്നത്‌? ദേഷ്യം വരുന്നുണ്ടോ? ഞാന്‍ പറഞ്ഞത്‌ പിടിച്ചില്ലെങ്കില്‍ താനെന്നെ കയറിപ്പിടിക്കുമോ?

ഇപ്പോള്‍ നൃത്തം വെക്കുന്നത്‌ നാവാണ്‌. പിടിച്ചാല്‍ കിട്ടാത്ത തുള്ളല്‍.

ഇല്ല മ്യേം അതല്ല...

ശ്രീനി ശരിക്കും പകച്ചിരുന്നു. എ.സി. ഓണ്‍ ചെയ്തു കൊണ്ട്‌ തുടര്‍ന്നു. തനിക്കറിയാമോ? ഞാന്‍ ഈ വാതില്‍ തുറന്ന്‌ ഒന്നുവിളിച്ചു കൂവിയാലുണ്ടല്ലോ, മൊത്തം സ്റ്റാഫും മുന്നിലുണ്ടാവും. സാരിയൊന്നു ഉലച്ചിട്ടാല്‍ പിന്നെമറ്റൊന്നും പറയേണ്ടി വരില്ല. നിണ്റ്റെ ജോലി മാത്രമല്ല, മാനവും പോകും. റേപ്‌ അറ്റമ്പ്റ്റിനു പോലീസ്‌സ്റ്റേഷനും കോടതിയും കേറി അലയും. പിന്നെ കോടതി വെറുതെ വിട്ടാലും ദുഷ്പേര്‌ മായില്ല. സ്വസ്ഥത കിട്ടില്ല. അറിയാമോ തനിക്കത്‌?

ശ്രീനി കണ്ണു തള്ളി പകച്ചു നില്‍ക്കുകയാണ്‌. ഒന്ന്‌ അനങ്ങാന്‍ കഴിഞ്ഞാല്‍ അയാള്‍ തണ്റ്റെകാലില്‍ വീഴുമെന്നു ഉറപ്പ്‌.

തനിക്കെന്തെങ്കിലും മനസിലായോടോ?

ഇല്ലെന്നു തലയാട്ടി ക്കൊണ്ട്‌ ശ്രീനി പകച്ചു നിന്നു വിയര്‍ത്തു. എ.സി. ഓണ്‍ ചെയ്താല്‍ കൂടുതല്‍ വിയര്‍ക്കുമെന്ന്‌ ഞാന്‍ പറഞ്ഞാല്‍ ഇപ്പോള്‍ നിനക്കു മനസിലാവുന്നുണ്ടല്ലോ.

വിയര്‍ക്കുന്നെങ്കില്‍ ഷര്‍ട്ടു ഊരി വലിച്ചെറിയടോ. ശ്രീനിയുടെ ഷര്‍ട്ടിണ്റ്റെ കുടുക്കുകള്‍ അടര്‍ത്തിക്കൊണ്ട്‌ തുടര്‍ന്നു.

ഞാന്‍ പറയുന്നതു മനസിലാക്കിയാല്‍ ഒട്ടേറെ ഗുണമുണ്ടാവും. ഇനിയും പഴയ പോലെ ജണ്റ്റില്‍ മാന്‍ശ്രീനി ആയി പുറത്തിറങ്ങി നടക്കാം. ട്രെയിനിംഗ്‌ പൂര്‍ത്തിയാക്കാം. ജോലിയും നേടാം. അല്ലെങ്കില്‍...

കോണ്‍ഫ്രന്‍സ്‌ ഹാളിലെ വലിയ മേശപ്പുറത്തു കിടക്കുമ്പോള്‍ ശ്രീനിയുടെ മനസില്‍ പുതിയ ചില സമവാക്യങ്ങള്‍ രൂപപ്പെടുകയായിരുന്നു. ഇടതു കൈയില്‍ അപ്പോഴും ചുരുട്ടി പ്പിടിച്ചിരുന്ന കടലാസിലേക്കു അഴിച്ചിട്ട ജീന്‍സിണ്റ്റെ പോക്കറ്റില്‍ നിന്നും പേനയെടുത്ത്‌ അയാള്‍ എഴുതി. 1 - 1 = 2.

7 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

രാവിലെ തൊട്ടേ തുടങ്ങിയതാ. കൃത്യമായി പറഞ്ഞാല്‍ കുളിക്കാനായി കുളിമുറിയിലേക്കു കയറിയ നിമിഷം തൊട്ട്‌. ഷവറില്‍ നിന്നും തണുത്ത വെള്ളം ചീറ്റി തലയില്‍ വീണതും ഒരു തോന്നല്‍. വെറും തോന്നലല്ല. ഉത്കട മായ ഒരു ആഗ്രഹമെന്നോ അല്ലെങ്കില്‍ അടക്കാനാവാത്ത ഒരു വെമ്പലെന്നോ ഒക്കെ പറയാം. മറ്റൊന്നുമല്ല, ഒന്നു തുള്ളിച്ചാടാന്‍. അതില്‍ പുതുമയൊന്നും തോന്നിയില്ല. കാരണം അങ്ങിനെ അകാരണമായി പലതും പലപ്പോഴും മനസില്‍ തോന്നാറുണ്ട്‌. സ്ഥലകാല ബോധം പോലുമില്ലാതെ. പുറത്തു കാണിക്കാതെ അതൊക്കെ അപ്പോള്‍ തന്നെ കുഴിച്ചു മൂടുകയാണു പതിവ്‌. ആ പതിവാണ്‌ ഇന്നു തെറ്റിയത്‌. കുളിമുറിയിലായതുകൊണ്ട്‌ ചാടിയാലും കരണം മറിഞ്ഞാലും ആരറിയാന്‍? .......

grkaviyoor said...

അതാ വിണ്ടും ഒരു മനോഹര കഥ തങ്ങളുടെ തുലിക തുമ്പില്‍ വിരിയുകയായി
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

ഹരിത് said...

നന്നായിട്ടുണ്ട്. ഇഷ്ടമായി. ഭാവുകങ്ങൾ.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ജി.ആര്‍. , ഹരിത്‌
വളരെ നന്ദി. ഏറെ നാളുകള്‍ക്കുശേഷം കാണുന്ന സന്തോഷവും.

Vinodkumar Thallasseri said...

Changing equations. Beautifully told. Congrats.

sindhu said...

വളരേ നല്ല കഥ .............. നല്ല അവതരണം ............

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഹായ്‌ വിനോദ്‌, സിന്ധു,
വളരെ നന്ദി....