Sunday, May 29, 2011

പുതിയ സമവാക്യങ്ങള്‍ (കഥ)

1 + 1 = 0. ചുവന്ന മഷികൊണ്ട്‌ കോറുമ്പോള്‍ സാക്ഷിയുടെ മുഖത്തു നിറഞ്ഞ ചിരിയായിരുന്നു.

സ്വതസിദ്ധമായ ഒരു കുസൃതിച്ചിരി. ഒരു വേള കടലാസിലേക്കു ശ്രദ്ധ പതിഞ്ഞപ്പോള്‍ ആ ചിരി അവിടെ നിന്നും മായുകയും ചെയ്തു. ദൈവമേ, എന്തായീ കാണിച്ചത്‌? ബോര്‍ഡ്‌ മീറ്റിംഗ്‌ തുടങ്ങാന്‍ കഷ്ടിച്ചു പത്തു മിനുട്ടേയുള്ളു. ഡയറക്ടര്‍മാരുടെ പെര്‍ക്ക്സ്‌ കണക്കു കൂട്ടിയിട്ടിരിക്കുന്ന പേപ്പറിലാ തണ്റ്റെ പുതിയ കണ്ടുപിടിത്തം കോറിയത്‌. അതും ചുവന്ന മഴികൊണ്ട്‌. ഈ മീറ്റിങ്ങു തന്നെ ഡയറക്ടര്‍ മാരുടെ ശമ്പള വര്‍ദ്ധന നടപ്പിലാക്കാന്‍ വേണ്ടി മാത്രമുള്ളതാ.

മറ്റൊരു പ്രിണ്റ്റ്‌ ഔട്ട്‌ എടുക്കാനാണു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തത്‌. പക്ഷേ മൌസ്‌ അമര്‍ത്തിയത്‌ ഇണ്റ്റര്‍ നെറ്റിലെ ഒരു തമാശ വെബ്ബ്‌ സൈറ്റിലും. ശരിക്കും ഇന്നെന്താ തനിക്കു പറ്റിയത്‌?

രാവിലെ തൊട്ടേ തുടങ്ങിയതാ. കൃത്യമായി പറഞ്ഞാല്‍ കുളിക്കാനായി കുളിമുറിയിലേക്കു കയറിയ നിമിഷം തൊട്ട്‌. ഷവറില്‍ നിന്നും തണുത്ത വെള്ളം ചീറ്റി തലയില്‍ വീണതും ഒരു തോന്നല്‍. വെറും തോന്നലല്ല. ഉത്കട മായ ഒരു ആഗ്രഹമെന്നോ അല്ലെങ്കില്‍ അടക്കാനാവാത്ത ഒരു വെമ്പലെന്നോ ഒക്കെ പറയാം. മറ്റൊന്നുമല്ല, ഒന്നു തുള്ളിച്ചാടാന്‍. അതില്‍ പുതുമയൊന്നും തോന്നിയില്ല. കാരണം അങ്ങിനെ അകാരണമായി പലതും പലപ്പോഴും മനസില്‍ തോന്നാറുണ്ട്‌. സ്ഥലകാല ബോധം പോലുമില്ലാതെ. പുറത്തു കാണിക്കാതെ അതൊക്കെ അപ്പോള്‍ തന്നെ കുഴിച്ചു മൂടുകയാണു പതിവ്‌. ആ പതിവാണ്‌ ഇന്നു തെറ്റിയത്‌. കുളിമുറിയിലായതുകൊണ്ട്‌ ചാടിയാലും കരണം മറിഞ്ഞാലും ആരറിയാന്‍? പക്ഷേ അത്ഭുതം അതല്ല, തുള്ളിച്ചാടുന്തോറും ശരീരം ഉണരുന്നു. കാലുകളില്‍ ഊര്‍ജം വിജ്രംഭിക്കുന്നു. ആഞ്ഞെറിഞ്ഞ ഒരു റബ്ബര്‍ പന്തു പോലെ മേലോട്ടു മേലോട്ടു തെറിച്ചുയരുന്നു. ഒടുവില്‍ തല ഷവറില്‍ ചെന്നു മുട്ടുമെന്നായപ്പോഴാണു വല്ലവിധേനയും സ്വയമൊന്ന്‌ അടങ്ങിയത്‌.

ടൌവല്‍ എടുത്തപ്പോള്‍ തൊന്നിയതു തോര്‍ത്താനല്ല, വലിച്ചെറിയാന്‍. തോന്നലുകളെല്ലാം ഉടനടി നടപ്പിലാകുന്നുമുണ്ട്‌. ഡ്രസിംഗ്‌ ടേബിളിനു മുന്നില്‍ നിന്നു കഴുത്തോളം വെട്ടിയ മുടി കുടഞ്ഞപ്പോള്‍ കണ്ണാടിയുടെ മിനുപ്പില്‍ തണുത്ത മുത്തുമണികള്‍ ചിതറി വീണു. ലിപ്സ്റ്റിക്ക്‌ ചുണ്ടിലൊന്നു തൊട്ടപ്പോള്‍ കവിളുവരെ തുടുത്തു. എങ്ങിനെ തുടുക്കാതിരിക്കും? വെള്ളത്തുള്ളികളാണ്‌ മുഖമാകെ. കുളിര്‍ മണികളുടെ തലോടലില്‍ കണ്ണുകള്‍ക്ക്‌ എന്തൊരു തിളക്കം! അങ്ങിനെ തെല്ലു നേരം കൂടെ നോക്കി നിന്നാല്‍ കണ്ണാടി കത്തും. ഉറപ്പ്‌.

'ഇന്ന്‌ ഇത്‌ എന്തു പറ്റീ' എന്നു ചിന്തിച്ചുകൊണ്ട്‌ ഡൈനിംഗ്‌ റൂമിലേക്കു ഒരു അപ്പൂപ്പന്‍ താടി പോലെ ഒഴുകി. എന്നാല്‍ എത്തിച്ചേര്‍ന്നത്‌ ലിവിംഗ്‌ റൂമില്‍. 'എന്തൊരു കഷ്ടമാണേ. എത്രകാലമായി ഒറ്റയ്ക്കീ വീട്ടില്‍. ഇതുവരെ ഇങ്ങിനെ കുളിമുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ തോന്നിയിട്ടു പോലുമില്ല. ഒരിക്കലും. '

അതുകൊണ്ടാവണം പുരുഷ ശബ്ദം കേട്ടതും ഞെട്ടിപ്പോയത്‌. ചുമരില്‍ പതിഞ്ഞു കിടക്കുന്ന ടിവി സ്ക്രീനില്‍ ഒരു സുന്ദരന്‍ പ്രഭാത വാര്‍ത്ത വായിച്ചു തുടങ്ങിയതാണ്‌. ഏതോ കുട്ടിനേതാവിനു പോലീസിണ്റ്റെ തല്ലു കൊണ്ട ചവറു വാര്‍ത്ത. എന്നാല്‍ ഒരു ആറ്റം ബോംബു പൊട്ടിയതിണ്റ്റെ ഗൌരവത്തിലാണു മൂപ്പരതു പറയുന്നത്‌. എങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ ആ കണ്ണുകളില്‍ ഒരു കുസൃതിച്ചിരി വിടരുന്നതു കാണാം. റിമോട്ട്‌ എടുത്ത്‌ തെരു തെരെ ഞെക്കി. മലരു പൊരിയുന്ന പോലൊരു നൃത്തവും കടുകു പൊട്ടുന്നതു പോലൊരു പാട്ടും കണ്ടപ്പോഴാണു റിമോട്ട്‌ താഴെ വെച്ചത്‌.

അടുക്കളയില്‍ ചെന്ന്‌ കോഫീ മെഷിനില്‍ വിരല്‍ വെച്ചപ്പോള്‍ കപ്പില്‍ നിന്നും ആവി പൊങ്ങി. കുടകിലെ കാപ്പിത്തോട്ടങ്ങളില്‍ ഇളംകാറ്റടിച്ചു. പതുക്കെ അതില്‍ ചുണ്ടാഴ്ന്നപ്പോള്‍ ശുഭ്രമേഘത്തിണ്റ്റെ ഈറന്‍ ഉടുപ്പിലേക്കു സൂര്യന്‍ കയറി വന്നതു പോലെ. ഒരു വലിയ ഉള്ളി എടുത്തു സ്ളാബിലിട്ടു. കറിക്കത്തിയെടുത്ത്‌ ചറപറാ നുറുങ്ങി. പിന്നെ ഒരു വിരലിഞ്ചിയും പച്ചമുളകും. ഇടത്തേ കൈ കൊണ്ട്‌ ട്രേയില്‍ നിന്നും കോഴിമുട്ട എടുത്ത്‌ മുകളിലേക്കിട്ട്‌ വലതുകൈകൊണ്ടു പിടിച്ച്‌ സ്ളാബിണ്റ്റെ വക്കിലിടിച്ച്‌ സിനിമയില്‍ കണ്ട അതേ രീതിയില്‍ ഗ്ളാസിലൊഴിച്ചു. അടുത്ത മുട്ട വലതു കൈകൊണ്ടു എടുത്ത്‌ മുകളിലേക്കെറിഞ്ഞപ്പോള്‍ ഇളം കാറ്റ്‌ കൊടുങ്കാറ്റായോ? മുട്ട മേല്‍ക്കൂരയിലിടിച്ചൊഴുകി. ചാടി മാറിയതുകൊണ്ട്‌ തലയില്‍ വീണില്ല. വെള്ളമൊഴിച്ച്‌ വൈപ്പര്‍ കൊണ്ട്‌ വലിച്ചു വിടുമ്പോള്‍ ഉറപ്പിച്ചു. 'മതി ഈ പ്രാന്ത്‌'. നാല്‍പ്പതുകാരിയുടെ ശരീരത്തില്‍ നിന്നും ഇരുപതുകാരിയെ ഇറക്കി വിടുക തന്നെ.

ഡ്രസ്‌ ചെയ്തു. ബ്രെഡ്‌ ഓംലറ്റ്‌ കഴിച്ചു. വീടു പൂട്ടി. ലിഫ്റ്റിനു കാത്തു നില്‍ക്കാതെ പടികള്‍ ചടപടാന്ന്‌ ചാടിയിറങ്ങി കാറില്‍ കേറുമ്പോള്‍ അവള്‍ ഇറങ്ങിപ്പോയിട്ടില്ലെന്നു പിടികിട്ടി. പക്ഷേ അവളെ ഇറക്കി വിട്ടേ പറ്റൂ. ഡ്രൈവിങ്ങിനു അവളെ ഒട്ടും കൊള്ളില്ല.

അപ്പാര്‍ട്ടുമെണ്റ്റിണ്റ്റെ പടി കടന്നതും കാറു കുതിച്ചു തുടങ്ങി. ഇല്ല, അവള്‍ ഇറങ്ങിപോകുന്ന മട്ടില്ല. എന്നാല്‍ താനോ?

രാഹുല്‍ പറയേണ്ട താമസം ഇറങ്ങി. അന്നു തന്നെ. അപ്പോള്‍ തന്നെ. തണ്റ്റെ വസ്ത്രങ്ങളും സാധനങ്ങളുമായി കമ്പനി തന്ന കാറില്‍ നേരെ കമ്പനിയുടെ തന്നെ ഗസ്റ്റ്‌ ഹൌസിലേക്ക്‌. അവിടെ രണ്ടു ദിവസം. പിന്നെ വാടക വീട്ടില്‍ നാലു മാസം. പിന്നീടാണു ഈ വീടു വാങ്ങിയത്‌. രാഹുലിനു സ്വപ്നം പോലും കാണാന്‍ കഴിയാത്ത ഈ അപ്പാര്‍ട്ടുമെണ്റ്റില്‍ തന്നെ ഫ്ളാറ്റു വാങ്ങണം എന്നതു മാത്രമായിരുന്നു നിര്‍ബന്ധം. കമ്പനി പലിശയില്ലാ വായ്പ്പ തന്നതോടെ കാര്യങ്ങള്‍ എളുപ്പമായി.

രാഹുല്‍ അതോടെ പത്തി താഴ്ത്തിത്തുടങ്ങി. പിന്നീട്‌ കൈവന്ന അവസരങ്ങളിലെല്ലാം ആ പത്തിയില്‍ ചവിട്ടുകയും തുള്ളുകയും ചെയ്തു്‌. പക്ഷേ അന്നു സാധനങ്ങളുമായി ഇറങ്ങുമ്പോള്‍ വിലയേറിയ മറ്റൊരു സാധനം വയറ്റിലുണ്ടെന്നു അറിയില്ലായിരുന്നു. അവളിന്നു എന്‍ജിനിയറിങ്ങിനു പഠിക്കുന്നു. രാജ്യത്തെ ഏറ്റവും മുന്തിയ എന്‍ജിനിയറിംഗ്‌ കോളേജില്‍ തന്നെ.

രാഹുല്‍ ഏറെ ശ്രമിച്ചു. കുഞ്ഞിണ്റ്റെ കസ്റ്റഡിക്കു വേണ്ടി. ഡൈവോഴ്സിനു വേണ്ടി. എല്ലായിടത്തും അയാളെ തോല്‍പ്പിച്ചത്‌ അയാളുടെ പണം കൊണ്ടു തന്നെയായിരുന്നു. ഭര്‍ത്താവിണ്റ്റെ ശമ്പളത്തിണ്റ്റെ പാതിയും തനിക്കും മകള്‍ക്കുമുള്ള ജീവനാംശമായി കിട്ടാന്‍ കോടതിയുടെ ഇടക്കാല ഉത്തരവ്‌ നേടിയാല്‍ അത്രയും തുക മാസാമാസം വക്കീല്‍ ഫീസായി നല്‍കാമെന്ന വ്യവസ്ഥയിലാണ്‌ നഗരത്തിലെ ഏറ്റവും പ്രമുഖനായ വക്കീല്‍ തണ്റ്റെ കേസ്‌ ഏറ്റെടുത്തതു തന്നെ.

വൈകാതെ വക്കീല്‍ അതു നേടുകയും ചെയ്തു. എന്നിട്ടും രാഹുല്‍ കുറച്ചു കാലം പയറ്റി നിന്നു. ഒടുവില്‍ പടക്കളം വിട്ടു പാഞ്ഞു. ഈ നഗരം... രാജ്യം.. അതോ ഈ ലോകം തന്നെയും... അറിഞ്ഞു കൂടാ. അറിയുകയും വേണ്ടാ. അയാളെ ഒരു പാഠം പഠിപ്പിച്ചിട്ടേ അടങ്ങൂ എന്ന വാശിയായിരുന്നു. അതിനു വേണ്ടിയാണ്‌ പിന്നീട്‌ ഏറെക്കാലം അന്വേഷിച്ചത്‌. തേടിപ്പിടിച്ചു വേട്ടയാടുന്നതിണ്റ്റെ രസം ഒന്നു വേറെ തന്നെയല്ലേ. പക്ഷേ എന്തു ചെയ്യാന്‍, രാഹുല്‍ തണ്റ്റെ ലോകത്തു നിന്നേ രക്ഷപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാന്‍. ഭീരു. എന്തൊക്കെയായിരുന്നു അയാളുടെ ശാഠ്യങ്ങള്‍...

ബെഡ്‌ കാഫി ഭാര്യയുടെ കൈ കൊണ്ട്‌ തന്നെ വേണമെന്നു പറഞ്ഞപ്പോഴാ ഒരു കോഫി മെഷീന്‍ വാങ്ങി വെച്ചത്‌. പക്ഷേ മറ്റു ഭക്ഷണങ്ങള്‍ ഒക്കെ ഉണ്ടാക്കുന്ന മെഷിന്‍ ഒന്നും കണ്ടുപിടിച്ചിട്ടില്ലല്ലോ. വേലക്കാരിയെ വെച്ചപ്പോള്‍ സ്വകാര്യതയ്ക്കു ശല്യമാകുന്നെന്നു പറഞ്ഞ്‌ ഒഴിവാക്കാന്‍ എന്തു ധൃതിയായിരുന്നു. താന്‍ ഓഫീസില്‍ നിന്നു നേരത്തേ എത്തുന്നതു അടുക്കളയില്‍ കേറി നിരങ്ങാനണെന്നാ പുള്ളി ധരിച്ചു വെച്ചിരുന്നത്‌. ഓഫീസില്‍ നിന്നു വന്നതും ചായ. ലഘുഭക്ഷണം. പിന്നെ സംഋദ്ധമായ അത്താഴം. അതും ടി വി യുടെ മുന്നില്‍ നിന്നും എഴുന്നെള്ളിച്ചുകൊണ്ടുവന്നു തീറ്റിക്കണം. എല്ലാറ്റിനും താന്‍ എത്തണം. ഒരു സഹായം പോലുമില്ല. കിടക്കവിരി മാറ്റിയിടാന്‍ പോലും തന്നെ കാത്തു നില്‍ക്കും. ഒന്നോ രണ്ടോ ദിവസമാണെങ്കില്‍ പോട്ടേന്നു കരുതാം. മാസം രണ്ടു കഴിഞ്ഞാല്‍ ആരുടെ ക്ഷമയാ നശിക്കാതിരിക്കുക?

ആഹാരം പുറത്തു നിന്നാക്കാന്‍ ഒരു വഴിയേ കണ്ടുള്ളു. ഓഫീസില്‍ നിന്നും വൈകി എത്തുക. അപ്പോള്‍ അതാ വരുന്നു ചോദ്യങ്ങള്‍... ഏതു മീറ്റിംഗ്‌? എന്തു മീറ്റിംഗ്‌? ആരുടെ കൂടെ? എത്ര മണിവരെ?

അന്നു തെളിച്ചു പറഞ്ഞു. ഓഫീസില്‍ പോലും ഞാന്‍ ഒരാള്‍ക്കും റിപ്പോര്‍ട്ട്‌ ചെയ്യാറില്ല. അതുകൊണ്ട്‌ ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടി പ്രതീക്ഷിക്കയും വേണ്ടാ. എം.ബി.എ ക്കാരിക്കു ജീവിക്കാന്‍ ഒരു എന്‍ജിനിയറുടേയും കാലു പിടിക്കേണ്ട കാര്യവുമില്ല. അന്നു ചെറുതായി വീശിയ കാറ്റ്‌ പെട്ടെന്നു കൊടുങ്കാറ്റായി. വീടു പിളര്‍ത്തുന്ന കൊടുങ്കാറ്റ്‌.

പിളര്‍ന്നു മാറുന്നത്‌ ബദ്ധശത്രുവാകുമെന്ന്‌ ആര്‍ക്കാണു അറിഞ്ഞു കൂടാത്തത്‌. അതു വീട്ടുകാരായാലും നാട്ടുകാരായാലും പാര്‍ട്ടിക്കാരായാലും അല്ല, രാജ്യങ്ങള്‍ തന്നെയായാലും.

എത്രയൊക്കെ ഉപദ്രവിച്ചാലും കുറഞ്ഞു പോയെന്നു തോന്നുന്ന അവസ്ഥ. അതിനു അവസാനമായത്‌ ശത്രു കളം വിട്ടോടിയതോടെയാണ്‌. അതോടെ യുദ്ധപ്പോരാളിയുടെ തളര്‍ച്ചയാണു തോന്നിയതും.

ഓഫീസിലെ ജോലിത്തിരക്കുകള്‍ മാത്രമായിരുന്നു ആശ്വാസമായി എത്തിയത്‌. അപൂര്‍വമായി ഹോസ്റ്റലില്‍ നിന്നും എത്തുന്ന മകളും. എന്നാല്‍ ഇന്നിതാ വീണ്ടും ...


'ഹോ.. അവണ്റ്റെയൊരു സ്പീഡ്‌!' ഒരു ചുവന്ന ബൈക്ക്‌. തന്നെ നിഷ്പ്രയാസം മറികടന്നു പായുകയാണ്‌. ഇരുപതു കാരി ഉടന്‍ ആക്സിലേറ്ററില്‍ കാല്‍ വെച്ചു. കാറ്റില്‍ പെട്ട ഷര്‍ട്ടു പോലെ ചുവന്ന ബൈക്ക്‌ പുറകോട്ടു പറന്നു. അതിപ്പോള്‍ വശത്തെ കണ്ണാടിയിലും ചുരുങ്ങിക്കൂടുകയാണ്‌. സീമന്തരേഖയിലെ സിന്ദൂരപ്പൊട്ടു പോലെ.

സാക്ഷിയുടെ കണ്ണുകളില്‍ ഇപ്പോള്‍ വിടരുന്നത്‌ ആഹ്ളാദം. ദ്വന്ദ യുദ്ധങ്ങളില്‍ വിജയിക്കുന്നതിണ്റ്റെ ഹരം ഒന്നു വേറെ തന്നെ. അതു വീട്ടിലായാലും റോഡിലായാലും കോടതിയിലായാലും.

അരമണിക്കൂറിണ്റ്റെ പതിവു ഡ്രൈവ്‌ ഇന്നു വെറും ഇരുപത്‌ മിനുട്ടായി കുറഞ്ഞു. തനിക്കായി ഒഴിച്ചിട്ടിരിക്കുന്ന സ്ളോട്ടില്‍ കാര്‍ നിര്‍ത്തിയപ്പോഴേക്കും ഗാര്‍ഡ്‌ ഓടി വന്നു വാതില്‍ തുറന്നു പിടിച്ചു.

ഹാളില്‍ കയറേണ്ട താമസം, ഒരു ഷവറില്‍ നിന്നെന്നപോലെ നാലു വശത്തു നിന്നും 'ഗുഡ്‌ മോര്‍ണിംഗ്‌ മേം' പ്രവഹിച്ചു. വീണ്ടും തുള്ളിച്ചാടണമെന്നു തോന്നി. മുകളിലേക്കുള്ള പടവുകള്‍ ഓടിക്കയറിക്കൊണ്ട്‌ ആ വെമ്പല്‍ അടക്കി. വലതു വശത്തു കാണുന്ന മുറികളിലൊന്നും വെളിച്ചമില്ല. എങ്ങിനെ വെളിച്ചം കാണും. ജനറല്‍ മാനേജര്‍ (ഫിനാന്‍സ്‌) അമിത്‌ അറോറ ബൈ പാസ്‌ കഴിഞ്ഞു കിടക്കുന്നു. ഡയറക്ടര്‍ എച്ച്‌. ആര്‍.ഡി. ഹോങ്കോങ്ങിലാണ്‌. കമ്പനി സെക്രട്ടറി ബോര്‍ഡ്‌ റൂമില്‍ അവസാന വട്ട ഒരുക്കങ്ങളിലാണ്‌. മാനേജിംഗ്‌ ഡയറക്ടര്‍ പ്രശാന്ത്‌ ഗുപ്ത യുടെ മുറിയില്‍ മാത്രം വെളിച്ചമുണ്ട്‌. അതിനപ്പുറമുള്ള കോണ്‍ഫ്രന്‍സ്‌ ഹാളും കഴിഞ്ഞ്‌ 'സാക്ഷി മെഹ്‌റ സീനിയര്‍ വൈസ്‌ പ്രസിഡണ്ട്‌' എന്നെഴുതിയ മുറിയുടെ വാതില്‍ തള്ളിത്തുറന്നു കയറി.

രാഹുലിനോടൊപ്പം തണ്റ്റെ ജീവിതത്തിലേക്കു നുഴഞ്ഞു കയറിയ ആ "മെഹ്‌റ" യുടെ കട്ടകളെ പുഴക്കി കളയാന്‍ ഒന്നു രണ്ടു തവണ തുനിഞ്ഞതാണ്‌. അതു സ്റ്റാഫിനിടയില്‍ വേണ്ടാത്ത ഒരു ചര്‍ച്ചക്കു കാരണമാവുമെന്നു കരുതി ചെയ്തില്ല. അതൊക്കെ ഇന്നു എന്തേ ശ്രദ്ധയില്‍ പെടുന്നു?

"മ്യേം.. " ശബ്ദം കേട്ടു സാക്ഷി ചിന്തയില്‍ നിന്നും കുതറിച്ചാടി. ശ്രീനി യാണ്‌ മുന്നില്‍. പുതിയതായി ചേര്‍ന്നിരിക്കുന്ന ശ്രീനിവാസ്‌ ശ്രീവാസ്തവ. അവന്‍ ഒരിക്കല്‍ കൂടെ ഭയബഹുമാനത്തോടെ പൂച്ചയെപ്പോലെ മൊഴിഞ്ഞു. "മ്യേം.. "

"ങും ?"

"ഇന്നു അക്കൌണ്ടണ്റ്റ്‌ ശര്‍മ്മാജി ലീവിലാ. ഞാന്‍ ... ?"

വീണ്ടും കുസൃതിയാണു തോന്നുന്നത്‌. ഇത്‌ ഒന്നു വായിക്ക്‌. സാക്ഷിയുടെ കൈയില്‍ നിന്നും കടലാസു വാങ്ങി.

വണ്‍ പ്ളസ്‌ വണ്‍ ഈസ്‌ ഇക്കുവല്‍ ടു സീറോ... വായിച്ച ശ്രീനി ഒന്നു പരുങ്ങി.

ഷീറ്റിലെ ആ വരി അങ്ങിനെയാക്കി വീണ്ടും കണക്കാക്കി കൊണ്ടു വരൂ.

അതു മ്യേം ??

എന്താ അതു ശരിയല്ലേ?

ഹൌ ക്യാന്‍ ഇറ്റ്‌ മ്യേം?

താന്‍ സി. എ ക്കാരനാണെന്നല്ലേ പറഞ്ഞത്‌? എന്നിട്ട്‌... പരുങ്ങിക്കൊണ്ട്‌ നിന്ന ശ്രീനിയോട്‌ പറഞ്ഞു. കോണ്‍ഫ്രന്‍സ്‌ ഹാളിലെ ബുക്ക്‌ ഷെല്‍ഫില്‍ പുതിയ അക്കൌണ്ടിംഗ്‌ സ്റ്റാണ്റ്റേര്‍ഡിണ്റ്റെ പുസ്തകമുണ്ട്‌. എടുത്തോണ്ട്‌ വാ.

ശ്രീനി പോയപ്പോഴേക്കും ഫോണ്‍ ബീപ്പ്‌. ഇണ്റ്റേണല്‍ കാളിണ്റ്റെ. 'ഹലോ' ശബ്ദത്തില്‍ നിന്നും പ്രശാന്ത്‌ ഗുപ്തയെ തിരിച്ചറിഞ്ഞപ്പോള്‍ അതീവ ഭവ്യമായി വിഷ്‌ ചെയ്തു.

'മോര്‍ണിംഗ്‌.. അജണ്ട സാക്ഷിയുടെ കൈയിലാണോ?' ഗുപ്താജിയുടെ ചോദ്യത്തില്‍ അല്‍പ്പം ശുണ്ഠിയുണ്ടോ?'

'അതു പെര്‍ക്ക്സിണ്റ്റെ ഒന്നു രണ്ടു അനക്സ്ചേഴ്സ്‌'

'ഒകെ. വേഗം കൊണ്ടു വരൂ'

ഗുപ്താജി ഫോണ്‍ വെച്ചു. പെര്‍ക്ക്സിണ്റ്റെ ഷീറ്റ്‌ കമ്പ്യൂട്ടറില്‍ തിരയുന്നതിനു പകരം താനിതാ 'ഫണ്‍ ആന്‍ഡ്‌ ഓണ്‍ലി ഫണ്‍' വെബ്സൈറ്റും തുറന്നു വെച്ചിരിക്കുന്നു. ശരിക്കും എന്തോ കുഴപ്പം തന്നെ.

"മ്യേം ഇതാ പുതിയ പുസ്തകം. എ.എസ്‌. 18" ശ്രീനിയുടെ ശബ്ദം കേട്ടപ്പോള്‍ ദേഷ്യമാണു വന്നത്‌. പുസ്തകത്തിലേക്കു നോക്കാതെ പറഞ്ഞു.

ഇതല്ല, രാമയ്യയുടെ പുസ്തകം.

"അതു മ്യേം..." ശ്രീനി ഒരു മിനുട്ട്‌ എന്തോ പറയാനായി പതറി നില്‍ക്കുന്നതും പിന്നെ മടിച്ചു മടിച്ചു പോകുന്നതും വെനീഷ്യന്‍ ബ്ളൈന്‍ഡിണ്റ്റെ വശങ്ങളില്‍ തെളിഞ്ഞു കണ്ടു.

തണ്റ്റെ ഇന്നത്തെ വര്‍ത്തമാനം കേട്ടാല്‍ ആരാ പതറാതിരിക്കുക. കമ്പനി നിയമങ്ങളെക്കുറിച്ച്‌ മാത്രം പുസ്തകങ്ങള്‍ എഴുതുന്ന രാമയ്യ അക്കൌണ്ടിങ്ങിനെ കുറിച്ച്‌ എന്തെഴുതാന്‍.

ഇരുപത്തിരണ്ടുകാരന്‍ ശ്രീനിക്ക്‌ തന്നെ കല്യാണം കഴിച്ച കാലത്തെ രാഹുലിണ്റ്റെ പ്രകൃതമാണ്‌. ഉയരവും വണ്ണവും ഒക്കെ.

ഹോ കമ്പ്യൂട്ടറില്‍ ഫയല്‍ തെളിഞ്ഞു. പെട്ടെന്നു ഒന്നു രണ്ടു പ്രിണ്റ്റ്‌ ഔട്ടുകള്‍ എടുത്ത്‌ ഫയലില്‍ വെച്ച്‌ ഗുപ്താജിയുടെ മുറിയിലേക്കു കയറിച്ചെന്നു. നോക്കിക്കൊണ്ടിരുന്ന ഫയല്‍ മടക്കിവെച്ച്‌ തണ്റ്റെ കൈയില്‍ നിന്നു വാങ്ങിയ കണക്കുകളിലൂടെ ഗൌരവത്തോടെ സഞ്ചരിക്കുന്നതിനിടയില്‍ പതുക്കെ പറഞ്ഞൊപ്പിച്ചു. സര്‍.. ഇന്നത്തെ മീറ്റിംഗില്‍ എണ്റ്റെ ആവശ്യമുണ്ടോ?

ങൂം.. ?

ഓഡിറ്റിണ്റ്റെ ജോലി ഏറെ ബാക്കിയുണ്ട്‌.

ഒ.കെ. ക്യാരിയോണ്‍..

താങ്ക്യൂ സാര്‍..

ശബ്ദം ഉണര്‍ത്താതെ വാതില്‍ ചാരി തണ്റ്റെ മുറിയിലേക്കു നടന്നു. ഇനി..?

ഇമെയില്‍ ബോക്സില്‍ പതിവു പോലെ ഇന്നും കുറേ ചവറുണ്ട്‌. ലോട്ടറിയും ഡ്രഗ്സുംഇന്‍വെസ്റ്റ്മെണ്റ്റു പ്രൊപ്പോസലുകളും.

ഗുപ്താജി പടവുകള്‍ ഇറങ്ങുന്ന ശബ്ദം. ഏറ്റവും അവസാനമായാണ്‌അദ്ദേഹം മീറ്റിന്‍ഗിനു പോകാറ്‌. ഇന്നെന്തായാലും താന്‍ ഒഴിവായത്‌ നന്നായി. ചെന്നിരുന്നെങ്കില്‍ എന്തൊക്കെ വിളിച്ചു പറയുമായിരുന്നെന്ന്‌ ആര്‍ക്കറിയാം?

ഇനി കുറേ നേരത്തേക്കു ശല്യമൊന്നുംഉണ്ടാവില്ല. സെക്രട്ടറി സുഷമയെ വിളിച്ചു നോ ഡിസ്റ്റേര്‍ബന്‍സ്‌ പറഞ്ഞു. കുറേ നേരത്തിനുഫോണ്‍ കാളുകള്‍ പോലും തരേണ്ടെന്നും.

ഇനി ആ ട്രെയിനി പയ്യനെക്കൂടെ താഴെ ഇറക്കി വിടണം. പിന്നെ ഇവിടെ ഒരു നൃത്തം ചവിട്ടിയാലുംആരും അറിയില്ല. അവന്‍ എവിടെ? ഇല്ലാത്ത പുസ്തകം തിരയാന്‍ വിട്ടതല്ലേ.. പാവം. എന്താ ചെയ്യുന്നതെന്നു നോക്കിക്കളയാം.

വാതില്‍ തുറക്കുന്ന ശബ്ദം കേട്ട്‌ ശ്രീനി ഞെട്ടി. ഷെല്‍ഫിലെ മുകളിലെ നിരയില്‍ തിരഞ്ഞുകൊണ്ടിരുന്നഅവന്‍ കസേര ചരിഞ്ഞു താഴെ വീണു. കൂടെ കുറച്ചു പുസ്തകങ്ങളും. അതൊക്കെ പെട്ടെന്നു പെറുക്കിയെടുക്കുകയാണ്‌ ശ്രീനി.

എന്താ താനീ കാണിച്ചത്‌?

അത്‌....

പോട്ടെ, ആ പേപ്പര്‍ ശരിയാക്കിയോ? മീറ്റിന്‍ഗിനുള്ളതാ, വേഗം വേണം.

പെട്ടെന്നു ശ്രീനിയുടെ മുഖത്തു ഭാവ വ്യത്യാസം. തന്നെ കുരങ്ങു കളിപ്പിക്കുന്നെന്ന തോന്നല്‍കൊണ്ടാവണം ശ്രീനി ശബ്ദം ഉയര്‍ത്തി പറഞ്ഞു.

എന്താ മ്യേം ഇത്‌? വണ്‍ പ്ളസ്‌ വണ്‍ സീറോ. രാമയ്യയുടെ അക്കൌണ്ടിംഗ്‌ സ്റ്റാന്‍ഡേഡ്‌ ബുക്ക്‌…..

വിവാഹത്തിണ്റ്റെ ആദ്യ നാളുകളില്‍ രാഹുലിനു കോപം വരുന്ന ചിത്രമാണ്‌ തെളിയുന്നത്‌.

അപ്പോ മനസിലായാലേ ഞാന്‍ പറയുന്നത്‌ ചെയ്യൂ? അതിനു താനെന്തിനാ വിയര്‍ക്കുന്നത്‌? ദേഷ്യം വരുന്നുണ്ടോ? ഞാന്‍ പറഞ്ഞത്‌ പിടിച്ചില്ലെങ്കില്‍ താനെന്നെ കയറിപ്പിടിക്കുമോ?

ഇപ്പോള്‍ നൃത്തം വെക്കുന്നത്‌ നാവാണ്‌. പിടിച്ചാല്‍ കിട്ടാത്ത തുള്ളല്‍.

ഇല്ല മ്യേം അതല്ല...

ശ്രീനി ശരിക്കും പകച്ചിരുന്നു. എ.സി. ഓണ്‍ ചെയ്തു കൊണ്ട്‌ തുടര്‍ന്നു. തനിക്കറിയാമോ? ഞാന്‍ ഈ വാതില്‍ തുറന്ന്‌ ഒന്നുവിളിച്ചു കൂവിയാലുണ്ടല്ലോ, മൊത്തം സ്റ്റാഫും മുന്നിലുണ്ടാവും. സാരിയൊന്നു ഉലച്ചിട്ടാല്‍ പിന്നെമറ്റൊന്നും പറയേണ്ടി വരില്ല. നിണ്റ്റെ ജോലി മാത്രമല്ല, മാനവും പോകും. റേപ്‌ അറ്റമ്പ്റ്റിനു പോലീസ്‌സ്റ്റേഷനും കോടതിയും കേറി അലയും. പിന്നെ കോടതി വെറുതെ വിട്ടാലും ദുഷ്പേര്‌ മായില്ല. സ്വസ്ഥത കിട്ടില്ല. അറിയാമോ തനിക്കത്‌?

ശ്രീനി കണ്ണു തള്ളി പകച്ചു നില്‍ക്കുകയാണ്‌. ഒന്ന്‌ അനങ്ങാന്‍ കഴിഞ്ഞാല്‍ അയാള്‍ തണ്റ്റെകാലില്‍ വീഴുമെന്നു ഉറപ്പ്‌.

തനിക്കെന്തെങ്കിലും മനസിലായോടോ?

ഇല്ലെന്നു തലയാട്ടി ക്കൊണ്ട്‌ ശ്രീനി പകച്ചു നിന്നു വിയര്‍ത്തു. എ.സി. ഓണ്‍ ചെയ്താല്‍ കൂടുതല്‍ വിയര്‍ക്കുമെന്ന്‌ ഞാന്‍ പറഞ്ഞാല്‍ ഇപ്പോള്‍ നിനക്കു മനസിലാവുന്നുണ്ടല്ലോ.

വിയര്‍ക്കുന്നെങ്കില്‍ ഷര്‍ട്ടു ഊരി വലിച്ചെറിയടോ. ശ്രീനിയുടെ ഷര്‍ട്ടിണ്റ്റെ കുടുക്കുകള്‍ അടര്‍ത്തിക്കൊണ്ട്‌ തുടര്‍ന്നു.

ഞാന്‍ പറയുന്നതു മനസിലാക്കിയാല്‍ ഒട്ടേറെ ഗുണമുണ്ടാവും. ഇനിയും പഴയ പോലെ ജണ്റ്റില്‍ മാന്‍ശ്രീനി ആയി പുറത്തിറങ്ങി നടക്കാം. ട്രെയിനിംഗ്‌ പൂര്‍ത്തിയാക്കാം. ജോലിയും നേടാം. അല്ലെങ്കില്‍...

കോണ്‍ഫ്രന്‍സ്‌ ഹാളിലെ വലിയ മേശപ്പുറത്തു കിടക്കുമ്പോള്‍ ശ്രീനിയുടെ മനസില്‍ പുതിയ ചില സമവാക്യങ്ങള്‍ രൂപപ്പെടുകയായിരുന്നു. ഇടതു കൈയില്‍ അപ്പോഴും ചുരുട്ടി പ്പിടിച്ചിരുന്ന കടലാസിലേക്കു അഴിച്ചിട്ട ജീന്‍സിണ്റ്റെ പോക്കറ്റില്‍ നിന്നും പേനയെടുത്ത്‌ അയാള്‍ എഴുതി. 1 - 1 = 2.

Tuesday, November 2, 2010

അലാറം

ക..ര്‍ര്‍ര്‍ര്‍....

അലാറം കേട്ടു ഞെട്ടി ഉണര്‍ന്നു. ത്ധടുതിയില്‍ തീപ്പെട്ടി പരതിയെടുത്ത്‌ കൊള്ളി ഉരച്ച്‌ ടൈം പീസിലേക്കു നീട്ടി. പാതി രാത്രി കഴിഞ്ഞിട്ടേയുള്ളു. പുലരാന്‍ ഇനിയും മണിക്കൂറുകളേറെ കഴിയണം.

ലുങ്കിയുടെ കോന്തല കൊണ്ട്‌ ചെന്നിയിലെ വിയര്‍പ്പു തുടച്ചു. കിതപ്പ്‌ അകറ്റാന്‍ ഒരു ദീര്‍ഘശ്വാസം വലിച്ചു വിട്ടു. വെപ്രാളം അകലുമ്പോള്‍ ബോദ്ധ്യമാകുന്നുണ്ട്‌, അലാറം ടൈം പീസിണ്റ്റേതായിരുന്നില്ല. ഉത്കണ്ഠയുടേതായിരുന്നു. ഉറക്കത്തിലേക്കു പോലും വലിഞ്ഞു കയറിത്തുടങ്ങിയ വരണ്ട ഉത്കണ്ഠയുടെ.

തൊട്ടരികില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്‌ ഭാര്യ ഭവാനിയും അവളുടെ വയറ്റിലേക്കു കാലു കയറ്റിവെച്ച്‌ ശ്രുതിമോളും. ഭവാനിയുടെ കൂര്‍ക്കം വലി ഫാനിണ്റ്റെ കറകറ ശബ്ദത്തേയും കവച്ചു വെക്കുന്നുണ്ട്‌. അന്നത്തെ കഠിനാദ്ധ്വാനങ്ങളത്രയും ഒന്നിച്ചു കൂര്‍ക്കം വലിക്കുന്നതു പോലെ. അസൂയയാണ്‌ തോന്നുന്നത്‌. എങ്ങിനെ തോന്നാതിരിക്കും. എത്ര കാലമായി എല്ലാം മറന്നുള്ള ഒരു ഗാഢമായ ഉറക്കം തന്നെ ആശ്ളേഷിച്ചിട്ട്‌? അടുത്തെങ്ങും അങ്ങിനെ ഉറങ്ങാന്‍ കഴിയുമെന്നും തോന്നുന്നില്ല.

മീനം പൊള്ളിതുടങ്ങിയിട്ടേ ഉള്ളു. ഇടവപ്പാതിയിലേക്കു മാസങ്ങളുടെ ദൂരമുണ്ട്‌. ചിലപ്പോള്‍ ഒന്നു രണ്ടു ഇടമഴ കിട്ടുമായിരിക്കും. എന്നിട്ടെന്തു കാര്യം? ഇനി മഴപെയ്യുന്ന രാത്രികളില്‍ പോലും മര്യാദക്ക്‌ ഉറങ്ങാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല; മഴക്കാലം കഴിയുമ്പോഴുണ്ടാകുന്ന വേവലാതികള്‍ ഓര്‍ത്തിട്ട്‌.

മഴയുടെ ഓര്‍മ്മ വരണ്ട വെണ്‍മേഘമായി തൊണ്ടയില്‍ വിങ്ങുകയാണ്‌. ഇനി തൊണ്ടയൊന്നു നനച്ചേ പറ്റൂ. ഇല്ലെങ്കില്‍ ഉറക്കം വരില്ല. മണ്‍കുടത്തിണ്റ്റെ അടപ്പു മാറ്റി ഗ്ളാസ്‌ പതുക്കെ പതുക്കെ താഴോട്ടിറക്കി. ഇല്ല, ഗ്ളാസു വെള്ളത്തില്‍ മുട്ടുന്നേയില്ല. മുട്ടിയത്‌ കുടത്തിനടിയിലാണ്‌. കുടം പൊക്കി കുലുക്കി. കുലുങ്ങുന്നില്ല. കമിഴ്ത്തിപ്പിടിച്ചു. ഇല്ല, ഒരു തുള്ളി പോലുമില്ല.

അടുക്കളയില്‍ ചെന്നു നോക്കിയാലോ? ബക്കറ്റില്‍ കാലു കൊണ്ട്‌ തട്ടേണ്ട താമസം, അതു ചെണ്ട പോലെ ശബ്ദിച്ചു കൊണ്ടുരുണ്ടു. കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെ വാട മൂക്കിലേക്കു കുത്തിക്കയറുകയാണ്‌. അടുക്കള വാതില്‍ വലിച്ചടച്ച്‌ കിടപ്പു മുറിയിലേക്കു നടക്കുമ്പോള്‍ ആശ്വാസം മൂക്കിനു മാത്രം.

വെള്ളമില്ലെന്നറിഞ്ഞിട്ടും ഒരിക്കല്‍ക്കൂടെ മണ്‍കുടം തുറന്നു നോക്കിപ്പോയി. തൊണ്ടയിലെ കനല്‍ ആളിക്കത്താന്‍ തുടങ്ങിയിരിക്കുന്നു. ഭവാനിയുടെ തലയിണയ്ക്കടിയില്‍ നിന്നും താക്കോല്‍ എടുത്ത്‌ അലമാറ തുറന്നാലോ? മനസില്‍ തോന്നുമ്പോഴേക്കും കൈകള്‍ അതു ചെയ്തിരിക്കുന്നു. പ്ളാസ്റ്റിക്‌ ബോട്ടില്‍ വലിച്ചെടുത്ത്‌ ഒരു കവിള്‍ കുടിച്ചു.

തൊണ്ടക്കു താഴെ വരണ്ട താഴ്‌വരകള്‍ പുഴ കണ്ട പോലെ ആര്‍ത്തുല്ലസിക്കുകയാണ്‌. ശ്രുതിമോളുടെ കുഞ്ഞുറക്കത്തിലേക്കും ബോട്ടിലിലെ വെള്ളത്തിലേക്കും മാറി മാറി നോക്കി. കൊതിയടങ്ങുന്നില്ല. മടിച്ചെങ്കിലും അടപ്പു തുറന്നു ഒരു കവിള്‍ കൂടെ വായില്‍ നിറച്ചതും ഭീതി ഉള്ളിലെത്തി. ശ്രുതിമോള്‍ ഉണര്‍ന്നാല്‍?

പൊടുന്നനെ ബോട്ടില്‍ അടച്ച്‌ അലമാറയില്‍ വെച്ചു പൂട്ടി. താക്കോല്‍ ഭവാനിയുടെ തലയിണയ്ക്കടിയിലേക്കു തിരുകി വെച്ചു. ദൈവമേ, കറണ്ട്‌ പോകരുതേ.. കറണ്ട്‌ പോയാല്‍, പങ്കയുടെ കട കട ശബ്ദം നിലച്ചാല്‍, വിയര്‍ത്തു കുളിച്ചു ശ്രുതി മോളുണരും. പിന്നെ വലിയ വായില്‍ കരയും. നിര്‍ത്താതെ. ദാഹം മാറുന്നതു വരെ. ഒരു കുപ്പി വെള്ളമെങ്കിലും കുടിച്ചില്ലെങ്കില്‍ അവളുടെ ദാഹം മാറുകയുമില്ല. അത്‌ അറിയാവുന്നതു കൊണ്ടാണു ഭവാനി ഒരു കുപ്പി വെള്ളം എങ്ങിനേയും സംഘടിപ്പിച്ചു വെക്കുന്നത്‌. പാതിയുറക്കത്തില്‍ എഴുന്നേറ്റ്‌ അറിയാതെ താന്‍ തന്നെ കുടിച്ചു പോയെങ്കിലോ എന്നു ഭയന്നിട്ടാണ്‌ അവള്‍ അതു അലമാറയില്‍ വെച്ചു പൂട്ടുന്നത്‌. വീട്ടില്‍ ഒരു തുള്ളി വെള്ളമില്ലാത്ത ദിവസങ്ങളിലൊക്കെ ഭവാനി ഇങ്ങിനെ ചെയ്യാറുണ്ട്‌. അതിലൊരു കവിള്‍ വെള്ളമാണു വായില്‍ ഇരിക്കുന്നത്‌. ഓരോ തുള്ളിയായി തൊണ്ടയിലൂടെ അരിച്ചിറങ്ങുന്നത്‌.

മലര്‍ന്നു കിടന്നു കണ്ണടക്കുമ്പോള്‍ ഭീതി കണ്ണു തുറന്നു ചോദിക്കുന്നു. നാളെയും പൈപ്പില്‍ വെള്ളം വരാതിരുന്നാല്‍? വീണ്ടും ചാടി എഴുന്നേറ്റ്‌ ടൈം പീസിലേക്കു നോക്കി. അലാറം നാലു മണിക്കു തന്നെയെന്നു ഉറപ്പാക്കി. വീണ്ടും മലര്‍ന്നു കിടന്ന്‌ കണ്ണുകള്‍ അടച്ചു പിടിച്ചു. പക്ഷേ മനസിണ്റ്റെ കണ്ണുകള്‍ ടൈം പീസിലേക്കു തന്നെ ഉറ്റു നോക്കുകയാണ്‌. ഒഴിഞ്ഞ കുടങ്ങള്‍ പോലെ.

അതെ, കണ്ണടച്ചു കിടന്നിട്ടെന്താണ്‌? അടുക്കള കിണറ്റില്‍ മുട്ടയിട്ട്‌ അടയിരിക്കുന്ന വേവലാതി പക്ഷികളെ സ്വപ്നം കാണാനോ? അതോ കൂട്ടമായ്‌ പറന്നെത്തുന്ന വേഴാമ്പലുകളുടെ കര്‍ണ്ണ കഠോരമായ കരച്ചില്‍ കേട്ട്‌ ഞെട്ടി ഉണരാനോ? വേണ്ട, നാളത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്തു കൊണ്ടു കിടക്കാം.

കൃത്യം നാലിനു എഴുന്നേല്‍ക്കണം. പാതമുക്കിലെ പൈപ്പിന്‍ ചുവട്ടില്‍ ആദ്യമെത്തണം. പൈപ്പിണ്റ്റെ താഴെ ആദ്യത്തെ രണ്ടു ബക്കറ്റുകള്‍ ഭാസ്കരണ്റ്റേതാണ്‌. പിന്നെ കാര്‍ത്ത്യാനിയുടെ അലൂമിനിയ കുടം. പിന്നെ സുധാകരണ്റ്റെ പച്ച ബക്കറ്റും മറിയക്കുട്ടിയുടെ ചുവന്ന ബക്കറ്റും. അതിനും പിന്നില്‍ ആറാമതായാണ്‌ തണ്റ്റെ സ്റ്റീല്‍ ബക്കറ്റ്‌. നാലു മണിക്കേ പൈപ്പു കോട്ടു വായിടാന്‍ തുടങ്ങും. പിന്നെ എക്കിട്ടം. തേട്ടല്‍. അര മണിക്കൂറെങ്കിലും കഴിയണം ഛര്‍ദ്ദിയും തൂറ്റലും തുടങ്ങാന്‍. പിന്നേയും പത്തു പതിനഞ്ച്‌ മിനുട്ട്‌ കഴിയണം, കുറച്ചെങ്കിലും തെളിഞ്ഞ വെള്ളത്തിണ്റ്റെ തുള്ളികള്‍ വീഴാന്‍. അപ്പോഴേക്കും ക്യൂവില്‍ തള്ളും തിരക്കും തുടങ്ങിക്കഴിഞ്ഞിരിക്കും. ഉടമസ്ഥനില്ലാത്ത കുടങ്ങളും ബക്കറ്റുകളും നിര്‍ദ്ദാക്ഷിണ്യം തട്ടി മാറ്റപ്പെടും. അല്ലെങ്കില്‍ കലക്ക വെള്ളം പിടിച്ചു മാറ്റി വെക്കപ്പെടും. ഇതിനെ ചൊല്ലിയാണു കഴിഞ്ഞ ആഴ്ച്ച ബഷീറും പ്രഭാകരനും തമ്മില്‍ വഴക്കുണ്ടായത്‌. പിന്നീട്‌ കവലയില്‍ വെച്ച്‌ രണ്ട്‌ വിഭാഗങ്ങള്‍ തമ്മിലുള്ള അടിപിടിയായി മാറിയത്‌. അതിനു ശേഷമാണു പോലീസുകാര്‍ നാട്ടുകാരുടെ യോഗം വിളിച്ചത്‌. ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവിലാണു ഒരു കുടുംബത്തിനു പരമാവധി രണ്ടു കുടം വെള്ളം എന്ന വ്യവസ്ഥയില്‍ ഒത്തുതീര്‍പ്പായത്‌ .

നാട്ടുകാര്‍ വ്യവസ്ഥകള്‍ ഒട്ടൊക്കെ പാലിക്കുന്നുണ്ടെങ്കിലും അത്‌ ഒട്ടും പാലിക്കാത്തത്‌ ജല വിതരണ കോര്‍പ്പറേഷന്‍ ആണ്‌. വൈകുന്നേരത്തെ ജല വിതരണം വായു വിതരണമായിട്ട്‌ മാസങ്ങളായി. പ്രഭാതത്തിലാവട്ടെ, ചാറിത്തുടങ്ങുന്ന മഴ കാറ്റടിച്ചാല്‍ നില്‍ക്കുന്നതു പോലെ നില്‍ക്കുകയും ചെയ്യും. ബാക്കിയാവുന്ന കുടങ്ങളും ബക്കറ്റുകളും നിരന്നിരുന്നു അന്നത്തെ സൂര്യനെ ഭജിക്കും. ദാഹിച്ചെത്തുന്ന പശുക്കളോ പട്ടികളോ അവയെ തട്ടിയുരുട്ടുന്നതു വരെ.

പക്ഷേ ഗ്രാമ വാസികള്‍ക്കു അതുപോലെ ഇരിക്കാന്‍ കഴിയില്ലല്ലോ. അവര്‍ കുട്ടികളും കുടങ്ങളും ഒക്കത്തേറ്റി വരിക്കും നിരക്കും കുന്നിറങ്ങും. ആറു കിലോമീറ്റര്‍ അകലെ അടിവാരത്തിലെ പുഴയിലേക്ക്‌. ചിങ്ങം കഴിഞ്ഞാല്‍ മെലിഞ്ഞു തുടങ്ങുന്ന പുഴ മകരത്തിലൊരു കണ്ണീര്‍ ചാലായി മാറും. പിന്നീട്‌ അതും വറ്റും. എങ്കിലും പുഴയുടെ നടുക്കുള്ള കാളപ്പുല്ലുകള്‍ തഴച്ചു നില്‍ക്കും. അതിനു നടുവിലാണു ഗ്രാമവാസികള്‍ കുഴിച്ച വെട്ടു കുഴി. അതിണ്റ്റെ ആഴങ്ങളില്‍ എപ്പോഴും വെള്ളമുണ്ടാവും. ചാണകത്തിണ്റ്റെ നിറമുള്ള വെള്ളം. കാളപ്പുല്ലിണ്റ്റെ മണമുള്ള വെള്ളം. ഗ്രാമീണരെ ഇടയ്ക്കെങ്കിലും കുളിപ്പിക്കുന്ന, ശുചീകരിക്കുന്ന, അവരുടെ ദാഹം ശമിപ്പിക്കുന്ന ജീവജലം. ശൌചവും കുളിയും കഴിഞ്ഞ്‌, വെട്ടുകുഴിയില്‍ നിന്നും പാട്ടയില്‍ കോരിയെടുക്കുന്ന 'പച്ച'വെള്ളം കുടത്തിണ്റ്റെ വായില്‍ തോര്‍ത്തുകെട്ടി അതിലേക്കൊഴിക്കും. തോര്‍ത്തിലടിയുന്ന പച്ചപ്പായല്‍ കുടഞ്ഞു കളഞ്ഞ്‌ തെരുത്തു കെട്ടി കുടവും തലയിലേറ്റി മല കയറും. ആറു കിലോമീറ്റര്‍ കയറി ഗ്രാമത്തിലെത്തുമ്പോഴേക്കും കുടത്തിലെ വെള്ളം പാതിയോളവും അവര്‍ തന്നെ കുടിച്ചു കഴിഞ്ഞിരിക്കും.

ഗ്രാമവാസികളുടെ മിക്ക വേനല്‍ ദിനങ്ങളും ഇങ്ങിനെയൊക്കെ തന്നെയാണ്‌. പൊറുതി മുട്ടിയ ഗ്രാമവാസികളില്‍ എന്തെങ്കിലും നിവൃത്തിയുള്ളവരൊക്കെ കൂടും കുടിയും വിറ്റൊഴിച്ച്‌ പാലായനം ചെയ്തു കഴിഞ്ഞു. അവരുടെ തുണ്ടു ഭൂമികള്‍ ഒക്കെ തുച്ഛ വിലക്ക്‌ ഔസേപ്പച്ചന്‍ വാങ്ങിക്കൂട്ടി. അവയൊക്കെ ഇന്നു നല്ല റബ്ബര്‍ തോട്ടങ്ങളായി മാറിയിരിക്കുകയാണ്‌. സത്യത്തില്‍ റബ്ബര്‍ തോട്ടം വിഴുങ്ങാന്‍ മറന്ന ചില വീടുകള്‍ ചേര്‍ന്നതാണ്‌ ഇന്നത്തെ ഗ്രാമം. ഒടുവില്‍ ടാപ്പിങ്ങിനു പോലും ജോലിക്കാരെ കിട്ടാതായപ്പോഴാണു സംഗതിയുടെ ഗൌരവം ഔസേപ്പച്ചനു ബോദ്ധ്യമായത്‌. പുറത്തു നിന്നു ജോലിക്കാരെ കൊണ്ടു വരാനുള്ള ബുദ്ധിമുട്ടുകളും അതിണ്റ്റെ ചെലവുകളും കണ്ടപ്പോള്‍ ഔസേപ്പച്ചന്‍ ഒരു കാര്യം തീരുമാനിച്ചു. ഇനിയും ബാക്കിയായ ഗ്രാമീണര്‍ പാലായനം ചെയ്യാതിരിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ.

അങ്ങിനെ ഔസേപ്പച്ചണ്റ്റെ ശ്രമഫലമായാണ്‌ ഗ്രാമത്തിലേക്കു പൈപ്പു വെള്ളം എത്തിയത്‌. അതോടെ ഔസേപ്പച്ചന്‍ ഗ്രാമീണരുടെ കണ്‍കണ്ട ദൈവമായി. കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ഔസേപ്പച്ചനു എതിര്‍സ്ഥാനാര്‍ത്ഥി പോലും ഉണ്ടാകാതിരുന്നതും അതു കൊണ്ടാണ്‌. എന്നാല്‍ ഈയ്യിടെയായി പൈപ്പ്‌ ആശങ്കയും ഉത്കണ്ഠയും മാത്രം കോട്ടുവായിട്ടു തുടങ്ങിയതോടെ സ്ഥിതി അല്‍പ്പം മാറിയിട്ടുണ്ട്‌. അടുത്തു നടക്കാനിരിക്കുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ഔസേപ്പച്ചനു എതിരായി സുഗതന്‍ മത്സരിക്കുമെന്നാണ്‌ പറഞ്ഞു കേള്‍ക്കുന്നത്‌.

ഔസേപ്പച്ചണ്റ്റെ എസ്റ്റേറ്റ്‌ സൂപ്പര്‍ വൈസര്‍ ആയിരുന്ന ഗോവിന്ദന്‍ ആചാരിയുടെ മകനാണു സുഗതന്‍. ഔസേപ്പച്ചന്‍ ഈ മല മുകളിലെ ഗ്രാമത്തിലേക്കു കുടിയേറിയപ്പോള്‍ കൂടെ കൊണ്ടു വന്ന വിശ്വസ്തനായിരുന്നു ഗോവിന്ദന്‍ ആചാരി. സുഗതനെ ആചാരി നഗരത്തിലെ കോളേജില്‍ അയച്ചു പഠിപ്പിച്ചു. വിദ്യാഭ്യാസം കഴിഞ്ഞു സുഗതന്‍ മടങ്ങിയെത്തിയതോടെ ഔസേപ്പച്ചനും ആചാരിയും തമ്മില്‍ അകന്നു തുടങ്ങി. മുരുകാണ്ടിയുടെ ചായക്കടയില്‍ സുഗതന്‍ നടത്തുന്ന പ്രസംഗങ്ങള്‍ ആണു പ്രധാനമായും അതിനു കാരണമായത്‌. കൃത്യമായി പറഞ്ഞാല്‍ ആ വാര്‍ത്തകള്‍ ഔസേപ്പച്ചണ്റ്റെ കാതുകളിലെത്തിയ ദിവസമാണു ആചാരിക്കു സൂപ്പര്‍ വൈസര്‍ പണി നഷ്ടമായത്‌.

യുവാക്കളുടെ ഇടയില്‍ നല്ല മതിപ്പുണ്ടെങ്കിലും സുഗതനു ഔസേപ്പച്ചനെ തോല്‍പ്പിക്കാന്‍ കഴിയുമോ എന്നു കണ്ടറിയണം.

കര്‍ര്‍ര്‍ര്‍.......

അലാറം കേട്ടതോടെ ചിന്തകള്‍ വിട്ട്‌ ചാടിയെഴുന്നേറ്റു. ടൈം പീസിണ്റ്റെ തലക്കു കിഴുക്കി. അലാറം നില്‍ക്കുന്നില്ല. വീണ്ടും വീണ്ടും കിഴുക്കിയിട്ടും അലാറം നില്‍ക്കുന്നില്ല. ഒരു മിനുട്ട്‌ നേരത്തെ അലര്‍ച്ചക്കു ശേഷമേ ഇനി ഇതിണ്റ്റെ വായടയൂ. അപ്പോഴേക്കും ശ്രുതി മോള്‍ ഉണരും. ഉറപ്പ്‌. പിന്നെ വെള്ളത്തിനായി വലിയ വായില്‍ കരയും. ഒരു സൂത്രമേ തോന്നുന്നുള്ളു. ടൈം പീസ്‌ മണ്‍കുടത്തിലിട്ട്‌ അടച്ചു വെക്കുക. അങ്ങിനെ ചെയ്തപ്പോള്‍ കാതടപ്പിക്കുന്ന ശബ്ദം കുറേയൊക്കെ കുറഞ്ഞു കിട്ടി.

ലുങ്കി മടക്കിക്കുത്തി. ശബ്ദമുണ്ടാക്കാതെ വാതില്‍ ചാരി. പിന്നെ ഇരുട്ടിണ്റ്റെ ഇടവഴിയിലൂടെ തുറുക്കനെ ഒരു ഓട്ടമായിരുന്നു, പൈപ്പിണ്റ്റെ ചുവട്ടിലേക്ക്‌. നിലത്തു കിടന്നിരുന്ന കുടങ്ങളില്‍ പലതും ഒക്കത്തു കയറി കഴിഞ്ഞിരിക്കുന്നു. ഒറ്റ നിമിഷം പോലും വേണ്ടിവന്നില്ല, ബക്കറ്റുമെടുത്ത്‌ വേഴാമ്പല്‍ വരിയിലേക്കു ഇടിച്ചു കയറാന്‍.

നാലര....

അഞ്ച്‌....

അഞ്ചര...

സമയം ഇഴഞ്ഞിഴഞ്ഞു പോകുന്നു. വരി നീണ്ടു നീണ്ടും. പൈപ്പാകട്ടെ ഒന്നു കൂര്‍ക്കം പോലും വലിക്കാതെ ചത്തു കിടക്കുന്നു. ജീവന്‍ വെക്കുന്നത്‌ ശാപവാക്കുകള്‍ക്കാണ്‌. ജലവിതരണ കോര്‍പ്പറേഷനും ഔസേപ്പച്ചനും എതിരെയുള്ള അസഭ്യ വാക്കുകള്‍ക്കും.

പരപരാ വെളുത്തു തുടങ്ങി. പൈപ്പു ഇപ്പോഴും ചത്തു തന്നെ കിടക്കുന്നു. പക്ഷേ പലരുടേയും വയറുകള്‍ അങ്ങിനെ കിടക്കുന്നില്ല. ഇരയ്ക്കാനും ഇരമ്പാനും തുടങ്ങിയിരിക്കുന്നു. അവരൊക്കെ കുടവും ബക്കറ്റും തൂക്കി പുഴയിലേക്ക്‌ നടക്കുകയാണ്‌.

പക്ഷേ തനിക്കതിനു കഴിയില്ല. പുഴയിലെ ആ വെള്ളത്തില്‍ കുളിക്കുന്നതു പോലും ചിന്തിക്കാന്‍ വയ്യ. ഒരിക്കലേ പുഴയിലേക്കു ചെന്നിട്ടുള്ളു. ഹോ, അന്നു കണ്ട കാഴ്ച!

കാളപ്പുല്ലുകള്‍ക്കിടയ്ക്ക്‌ കുന്തിച്ചിരിക്കുന്ന ഇരു കാലി മൃഗങ്ങള്‍.... കൊഴുത്തു നില്‍ക്കുന്ന കാളപ്പുല്ലുകള്‍ ഓരോ തവണ തലയാട്ടുമ്പോഴും മൂക്കിലേക്ക്‌ ഇരച്ചെത്തുന്ന വിസര്‍ജ്യ നാറ്റം.... വെട്ടുകുഴിയിലെ വെള്ളത്തിണ്റ്റെ വാടയും അതിലെ പച്ചയും.... ഒഴിഞ്ഞ കുടവുമായി വീട്ടിലെത്തിയിട്ടും ഓക്കാനം നിന്നിരുന്നില്ല.

അതിലും എത്രയോ ഭേദമാണ്‌ ടാപ്പിങ്ങിനിടയില്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്തുന്നത്‌. റബ്ബര്‍ പാലു കൊണ്ട്‌ ശൌചം നടത്താനും ശീലിച്ചിരിക്കുന്നു. മുരുകാണ്ടിയുടെ ചായക്കടയില്‍ കൈ കഴുകാന്‍ തരുന്ന ഒരു ഗ്ളാസു വെള്ളം മതി പല്ലു തേപ്പും മുഖം കഴുകലും ഒപ്പിച്ചെടുക്കാന്‍. പക്ഷേ പ്രശ്നം അവിടേയും തീരുന്നില്ലല്ലോ. പുട്ടും കടലയും പൊതിഞ്ഞു കെട്ടി വീട്ടിലെത്തുമ്പോള്‍ ശ്രുതി മോളുടെ നനഞ്ഞ അടിവസ്ത്രങ്ങള്‍ ഊരി മാറ്റിക്കൊണ്ട്‌ ഭവാനി ചോദിക്കും. "ദ്നേ എങ്ങിന്യാ ഒന്നു നനച്ചു തൊടയ്ക്കാണ്ടിരിക്യാ?"

അപ്പോഴാണു കുഴങ്ങിപ്പോകുന്നത്‌. ഇരന്നാല്‍ കുഞ്ഞിനു കുടിക്കാന്‍ ഒരു കുപ്പി വെള്ളം തരും മുരുകാണ്ടി. പക്ഷേ കാശു കൊടുക്കാമെന്നു പറഞ്ഞാലും രണ്ടാമതൊരു കുപ്പി മുരുകാണ്ടി തരില്ല. "ണ്റ്റെ പീട്യാ പൂട്ടിക്കാനാ പരിപാടീ" ന്നും ചോദിച്ച്‌ അല്ലെങ്കിലേ കറുത്ത ആ മുഖം ഒന്നു കൂടെ കറുപ്പിക്കും.

പക്ഷേ മുരുകാണ്ടിയെ പിണക്കാനും കഴിയില്ല. കാരണം തണ്റ്റെ മാത്രമല്ല, ഗ്രാമത്തിണ്റ്റെ മൊത്തം അക്ഷയ പാത്രമാണ്‌ മുരുകാണ്ടിയുടെ ചായക്കട. പൈപ്പില്‍ വെള്ളം വന്നാലും ഇല്ലെങ്കിലും ചായക്കടയിലെ സാമോവറില്‍ വെള്ളം തിളയ്ക്കും. പുട്ടും കടലയും വേവും. അല്ലെങ്കില്‍ കഞ്ഞിയും മീനും. ഒന്നുമില്ലെങ്കില്‍ കപ്പയും അച്ചാറുമെങ്കിലും അവിടെ കാണും.

പുലര്‍ച്ച നാലു മണിക്കാണു മുരുകാണ്ടിയും ഉണരുന്നത്‌. കൂടെ അയാളുടെ സ്ക്കൂട്ടറും ഉണരും. പക്ഷേ അയാള്‍ പോകുന്നത്‌ പൈപ്പിണ്റ്റെ ചുവട്ടിലേക്കല്ലെന്നു മാത്രം. ചുരവും ചെക്ക്‌ പോസ്റ്റുമൊക്കെ കടന്നു പോകുന്ന മുരുകാണ്ടി ആറു മണിയോടെ കുളിച്ചു കുട്ടപ്പനായി തിരിച്ചെത്തും. സ്ക്കൂട്ടറില്‍ കെട്ടിവെച്ച വെള്ളത്തിണ്റ്റെ കന്നാസുകള്‍ അഴിക്കുന്നതോടെ ചായക്കട ഉണരുകയായി. അടുത്ത സംസ്ഥാനത്തു താമസിക്കുന്ന അയാളുടെ അളിയണ്റ്റെ വീട്ടിലെ കിണറ്റു വെള്ളമാണ്‌ യഥാര്‍ത്ഥത്തില്‍ ആ ചായക്കടക്കു ജീവജലമാകുന്നത്‌.

കാശു കൊടുത്തായാലും ഇരന്നിട്ടായാലും ഇന്നു അല്‍പ്പം കുടിവെള്ളം സംഘടിപ്പിച്ചേ പറ്റൂ. ബക്കറ്റ്‌ ഇവിടെ വരിയില്‍ തന്നെ ഇരുന്നോട്ടെ. വീട്ടില്‍ ചെന്നു മണ്‍കുടവുമെടുത്ത്‌ ചായക്കടയിലേക്കു ചെല്ലാം. ഒന്നു ശ്രമിച്ചു നോക്കുന്നതു കൊണ്ടു നഷ്ടമൊന്നുമില്ലല്ലോ?

ചായക്കടയുടെ മുറ്റത്തെ ബെഞ്ചില്‍ പത്രപാരായണ സംഘം മൊത്തമുണ്ട്‌. അവരുടെ മുന്നിലൂടെ കുടവുമായി ചെന്നാല്‍ മുരുകാണ്ടി കടുപ്പത്തില്‍ വല്ലതും പറയുമെന്നുറപ്പ്‌. രഹസ്യമായി ചെന്ന്‌ ചോദിച്ചാല്‍ എന്തെങ്കിലും തിരിച്ചു പറഞ്ഞാലും അതിനു അല്‍പ്പം മയമുണ്ടാകും. മുരുകാണ്ടി അദ്രുമാണ്റ്റെ സ്പെഷ്യല്‍ സ്ട്രോങ്ങ്‌ ചായ അടിക്കുന്ന തിരക്കിലാണ്‌. അടുക്കള ഭാഗത്തുകൂടെ കയറി അകത്തെ ബെഞ്ചില്‍ ചെന്നിരിക്കാം.

മുരുകാണ്ടി മാത്രമല്ല, അദ്രുമാനും തന്നെ കണ്ടിട്ടില്ല. എങ്ങിനെ കാണാനാ? എല്ലാ കണ്ണുകളും പത്രത്തിലല്ലേ. കുടം പതുക്കെ ബെഞ്ചിനടിയിലേക്കു തള്ളി വെച്ചേക്കാം.

ഒരു ഗ്ളാസ്‌ വെള്ളം മേശപ്പുറത്തു വെച്ചു കൊണ്ട്‌ മുരുകാണ്ടി ഗൌരവത്തോടെ പറഞ്ഞു. "ഇന്നു തൊങ്ങനെ വെള്ളം കെടയ്ക്കില്ല. ആകെ ഇതേ ഉള്ളു. പല്ലു തേച്ചും മൊകം കഴുകീം വീത്തിക്കളഞ്ഞാ പുട്ട്‌ തൊണ്ടേല്‍ കുടുങ്ങുമ്പോള്‍ ഇറക്കാന്‍ മഞ്ഞരളിക്കോലെന്നെ വേണ്ടീരും. പറഞ്ഞില്ലാന്നു വേണ്ടാ"

അപ്പോള്‍ ഒഴിഞ്ഞ കുടവുമായി തിരിച്ചു പോകേണ്ടി വരുമെന്നു ഉറപ്പ്‌.

"കേരളത്തില്‍ കാല വര്‍ഷം വൈകും" പത്രത്തില്‍ നിന്നും എന്തോ കണ്ടു പിടിച്ച ആവേശത്തിലാണ്‌ ഭാസ്ക്കരന്‍.

രണ്ടു കക്ഷണം പുട്ടും നാലു ഞാലിപ്പൂവന്‍ പഴവുമായി വന്നിരുന്ന മുരുകാണ്ടി അതുമായി ത്ധടുതിയില്‍ തിണ്ണയിലേക്കിറങ്ങിച്ചെന്നുകൊണ്ട്‌ പറഞ്ഞു. "വെക്കം വായിക്ക്‌ ബാസ്ക്കരാ".

ആ വാര്‍ത്ത വായിച്ചു കേട്ടിട്ടേ ഇനി മുരുകാണ്ടി പുട്ടു തരൂ. അതിനു മുന്‍പ്‌ അര ഗ്ളാസു വെള്ളത്തില്‍ ഒന്നു പല്ലുഴിഞ്ഞെന്നു വരുത്താം.

"അറബിക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം വടക്കു കിഴക്കോട്ടു ദിശ മാറി നീങ്ങുന്നതു കൊണ്ട്‌ കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര..... "

"അപ്പൊ ഇക്കൊല്ലം നമഃശിവായ അല്ലേ, ഭാസ്ക്കരാ?" പണിക്കരേട്ടന്‍ തിണ്ണയില്‍ നിന്നും മുറ്റക്കിറങ്ങി ചെന്നു.

"പെയ്യാണ്ടിരിക്കില്യ. മിഥുനത്തിലോ കര്‍ക്കിടകത്തിലോ രണ്ട്‌ പാറ്റാണ്ട്‌രിക്കില്യ." തങ്കപ്പണ്റ്റെ സ്വരത്തിലും ആശങ്കയാണ്‌.

"നിക്കാറാവുമ്പം മ്മ്ടെ പൈപ്പില്‌ വെള്ളം ബരണ മാതിരി, ല്ലേ?" അദ്രുമാന്‍ ഇറയത്തു കോലില്‍ കോര്‍ത്തു വെച്ച പത്രക്കടലാസു കക്ഷണത്തില്‍ നിന്നും ഒന്നു കീറിയെടുത്ത്‌ കൈയിലെ പുട്ടിണ്റ്റെ അംശങ്ങള്‍ തുടച്ചു കളഞ്ഞു കൊണ്ടു പറഞ്ഞു.

"അതൊരു കാര്യണ്ട്‌ ഭാസ്ക്കരാ. ഈ പത്രക്കാര്‌ പടച്ചു വിടണതൊക്കെ എപ്പളെങ്കിലും ശര്യാവാറുണ്ടോ?"

"പണിക്കരേട്ടന്‍ കവിടി നിരത്തി പറേണതിനേക്കാളൊക്കെ ശരി ആവാറുണ്ട്‌"

"അമ്മമഴക്കാറിനു കണ്‍ നിറഞ്ഞു..." മൊബേല്‍ ഫോണ്‍ പാടിത്തുടങ്ങിയതും പണിക്കര്‍ 'ഹലോ ഹലോ' എന്നു പറഞ്ഞു കൊണ്ട്‌ ചായക്കടയുടെ പിന്നിലെ ഉയര്‍ന്ന പറമ്പിലേക്കു നടന്നു.

"ഭാസ്ക്കരാ, മൊബേലു പാട്യേതോണ്ട്‌ രക്ഷപ്പെട്ടു. പണിക്കേരേട്ടന്‍ ഒന്നും കേട്ടില്ല്യ. അല്ലെങ്കില്‍ പുകിലായേനേ. കവിടീല്‌ തൊട്ട്‌ കളിച്ചാല്‍ പണിക്കരേട്ടണ്റ്റെ സ്വഭാവം മാറും ന്ന്‌ അറിഞ്ഞുകൂടെ." തങ്കപ്പന്‍ പറഞ്ഞതു സത്യമാണെന്നു പണിക്കരെ അറിയുന്ന എല്ലാവര്‍ക്കും അറിയാം.

"ഇന്ന്‌ മാവോ വാദ്യോള്‍ടെ ന്യൂസൊന്നും ല്ലേ ബാസ്ക്കരാ?" കണ്ണാടിക്കൂടു തുറന്നു ചൂടുള്ള പരിപ്പുവടകള്‍ നിരത്തുന്നതിനിടയില്‍ മുരുകാണ്ടിയുടെ സംശയം.

"എന്താ ഇല്ല്യാണ്ടെ. പട്ടാളക്കാരുടെ ഒരു ലോഡ്‌ വെടിക്കോപ്പുകളാ അവരു കടത്തീത്‌. പിന്നെ കുഴിബോംബു വെച്ച്‌ രണ്ടു പോലീസുകാരേം നാലു ആദിവാസികളേയും കൊല്ലേം ചെയ്തു. "

"ഇനീപ്പൊ ഇവരെ ഒതുക്കാനും ശ്രീലങ്കേടെ പട്ടാളക്കാരെ വിളിക്കേണ്ടീ വരുംന്നാ തോന്നണത്‌"

അതിനിടയില്‍ മൊബേല്‍ ഫോണ്‍ ഓഫ്‌ ചെയ്തുകൊണ്ട്‌ ചായക്കടയിലേക്കു ഓടിയെത്തിയ പണിക്കര്‍ പറഞ്ഞു. "മുരുകാണ്ടിക്കിന്നു കോളാ. ആ സുഗതനും കൂട്ടരും ഒക്കെ ഇങ്ങ്ട്ട്‌ വര്‍ണുണ്ട്‌. "

"പണിക്കരേട്ടാ, അവരു ചായകുടിക്കാനാവില്ല, വോട്ടു ചോദിക്കാന്‍ വരണതാവും". തങ്കപ്പന്‍ പറഞ്ഞു.

"എന്നാ ഒരു കാര്യം ചെയ്യാം. പൈപ്പിണ്റ്റെ കാര്യം ശരിയാക്കുന്നോര്‍ക്കേ വോട്ടു കൊടുക്കൂ ന്ന്‌ പറയാം. സമ്മതിച്ചോ?"

പണിക്കരേട്ടണ്റ്റെ ആശയം എല്ലാവരും തലകുലുക്കി സമ്മതിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ സുഗതനും കൂട്ടുകാരും വന്നെത്തി.

"നിങ്ങള്‍ എല്ലാവരും ഇവിടെ ഉണ്ടാവും ന്ന്‌ അറിഞ്ഞോണ്ടു തന്നെയാ ഞാന്‍ വന്നത്‌. നിങ്ങളെപ്പോലെ പത്ര വായനയും രാഷ്ട്രീയ പ്രബുദ്ധതയുമൊക്കെ ഉള്ളവരോട്‌ വോട്ട്‌ ചോദിക്കേണ്ട കാര്യമില്ലെന്ന്‌ അറിയാം. എന്നാലും വോട്ടു ചോദിക്കേണ്ടത്‌ എണ്റ്റെ കടമയല്ലേ. അതുകൊണ്ട്‌ അടുത്ത ആഴ്ച്ച നടക്കാന്‍ പോകുന്ന പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പില്‍ നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ എനിക്കു തരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു."

പിന്നീട്‌ സുഗതന്‍ ഒരോരുത്തരേയും മാറി മാറി തൊഴുതു. പണിക്കരെ നോക്കി തൊഴുതപ്പോള്‍ പണിക്കര്‍ ഒന്നു പരുങ്ങിക്കൊണ്ട്‌ പറഞ്ഞു. "സുഗതന്‍ കുഞ്ഞിനു വോട്ടൊക്കെ തരാം. പക്ഷേ പൈപ്പു വെള്ളത്തിണ്റ്റെ കാര്യത്തില്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്നു പറഞ്ഞാല്‍... ?"

"എന്താ പണിക്കരേട്ടാ ഈ പറയുന്നത്‌. ഞാന്‍ വെറുതെ ഇരിക്കും ന്ന്‌ തോന്നുന്നുണ്ടോ?"

"ന്നാലും എന്താ പരിപാടീന്ന്‌ അറിയാലോ? അതോണ്ടാ"

"പണിക്കരേട്ടാ, മകന്‍ ദുബായിലെത്തീട്ടും മൊബേലും ടീ.വീം ഒക്കെ ഉണ്ടായിട്ടും നിങ്ങളെപ്പോലെ വിവരവും വിദ്യാഭ്യാസവും ഉള്ളവരു വെള്ളം വെളിച്ചം എന്നൊക്കെ പറഞ്ഞോണ്ടിരിക്കണത്‌ നാണക്കേടന്ന്യാ കേട്ടോ. മഴ ഇന്നല്ലെങ്കില്‍ നാളെ പെയ്യും. അതോടെ നിങ്ങളിതു മറക്കും. ചിലപ്പോള്‍ മഴയെ ശപിച്ചെന്നുമിരിക്കും. എന്നാലും കിണറ്റിലെ തവളയെപ്പോലെ നിങ്ങളൊക്കെ ഇതു തന്നെയാ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നു കരുതുന്നു. ആ പത്രത്തിണ്റ്റെ ഉള്‍പേജൊന്നു തുറന്നു നോക്കിയേ. അമേരിക്ക ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ടണ്‍ കണക്കിനു ബോംബുകള്‍ ഇട്ട്‌ എത്ര സാധാരണക്കാരേയാണ്‌ കൊന്നൊടുക്കുന്നത്‌. അതുപോലെ ഇസ്രായേല്‍ പാലസ്ഥീന്‍ ജനതയെ കൂട്ട മായി കൊന്നൊടുക്കുകയല്ലേ? ഇതൊക്കെ കണ്ടിട്ടും മിണ്ടാതിരിക്കുകയാണ്‌ നമ്മുടെ ഗവണ്‍മെണ്റ്റ്‌. പക്ഷേ രാഷ്ട്രീയ പ്രബുദ്ധരായ സാക്ഷരരായ നമ്മളെപ്പോലുള്ളവര്‍ക്കു കയ്യും കെട്ടി നോക്കിയിരിക്കാന്‍ കഴിയുമോ? ഇല്ല, നാം പ്രതികരിക്കും. പ്രതിഷേധിക്കും. അതിനായി ഈ വരുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ നിങ്ങളെല്ലാവരും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ എനിക്കു തന്നെ തരുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.... "

ഈ പ്രസംഗത്തിണ്റ്റെ മറപറ്റി പതുക്കെ ഇറങ്ങി നടക്കാം. ആരും ശ്രദ്ധിക്കില്ല. ഒഴിഞ്ഞ കുടവും കൊണ്ട്‌ ഇറങ്ങിപ്പോകുന്നതിണ്റ്റെ ചമ്മലും ഒഴിവാക്കാം.

പുട്ടും പഴവും പൊതിഞ്ഞു കെട്ടി ഒഴിഞ്ഞ കുടവുമെടുത്ത്‌ പതുക്കെ ചായക്കടയുടെ മുറ്റത്തേക്കിറങ്ങി.

കര്‍ര്‍ര്‍ര്‍ര്‍.......... പൊടുന്നനെ ആ മണ്‍കുടത്തില്‍ നിന്നും ഉച്ചത്തില്‍ അലാറം മുഴങ്ങാന്‍ തുടങ്ങി.

Tuesday, March 2, 2010

നായിക (കഥ)

മൂടികെട്ടിയ മാനത്തേയും ചാറ്റല്‍ മഴയേയും വക വെക്കാതെ അതുല്യയും വിശ്വവും പുറത്തേക്കിറങ്ങി ധൃതിയില്‍ നടന്നു. അല്ല, ചെറുക്കനെ ഓടി. കുളിരിന്‍റെ ഒരു തുള്ളി കവിളില്‍ വീണു കണ്ണീര്‍ത്തുള്ളിയോടൊത്ത്‌ ഒലിച്ചിറങ്ങി.

"കരഞ്ഞു തോര്‍ന്നില്ലേ?" വിശ്വത്തിന്‍റെ ചോദ്യത്തിനു പരിഹാസത്തിന്‍റെ ധ്വനി. വിശ്വം അങ്ങിനെയാണെന്നു പണ്ടേ അതുല്യക്കറിയാം. വിവാഹം കഴിഞ്ഞു മൂന്നാം ദിവസമാണ്‌ ആദ്യമായി ഒന്നിച്ച്‌ ഒരു സിനിമക്കു അവസരമൊത്തത്‌. ടൌണില്‍ ചില്ലറ ഷോപ്പിംഗ്‌ കഴിഞ്ഞു ഹോട്ടലില്‍ ഉച്ച ഭക്ഷണം. അവിടെ നിന്നു നേരെ തിയേറ്ററില്‍ എത്തിയപ്പോള്‍ ഒരു ജനസമുദ്രം. ഹൌസ്‌ ഫുള്‍! വിശ്വം ഒട്ടോ പിടിച്ചു വീട്ടിലേക്കു തിരിച്ചു പോകാന്‍ തുടങ്ങിയപ്പോള്‍ അല്‍പ്പം മടിച്ചെങ്കിലും പറഞ്ഞു "വിശ്വേട്ടാ, അപ്പുറത്തും ഒരു തീയേറ്റര്‍ ഉണ്ടല്ലോ".

"അയ്യേ... അതിലൊരു മോങ്ങല്‍പ്പടമാ." വിശ്വം മടിച്ചു.

"മോങ്ങല്‍പ്പടമോ? അതെന്താ?"

"അറിയില്ലേ. സിനിമ തുടങ്ങുമ്പോഴേ കണ്ണീരൊലിച്ചു തുടങ്ങും. പിന്നെ അതു തകര്‍ത്തൊഴുകും. സിനിമ തീരുവോളം. "

"എന്നാലും ടൌണിലു വന്നിട്ടു വെറുതെ തിരിച്ചു പോകുന്നതിലും ഭേദം.. "

ഒടുവില്‍ അതുല്യയുടെ ഇംഗിതം ജയിച്ചു. ഇരുട്ടില്‍ മുട്ടിയുരുമ്മിയിരുന്നു കുസൃതികള്‍ ഒപ്പിക്കുന്നതിലായിരുന്നു വിശ്വത്തിനു താല്‍പര്യം. ആദ്യമൊക്കെ അതുല്യയും പങ്കുചേര്‍ന്നെങ്കിലും എപ്പോഴോ അവള്‍ സിനിമയില്‍ ലയിച്ചു പോയി. വെറുതെ ലയിക്കുകയല്ല, വേദന പരിണയിച്ച ആ നായികയായി അവള്‍ സ്വയം മാറി. അന്നു സിനിമാഹാളിനു പുറത്തിറങ്ങിയപ്പോഴാണ്‌ വിശ്വം ആദ്യമായി അവളെ പരിഹസിച്ചത്‌. "കണ്ണീരു വിറ്റ്‌ കാശാക്കാന്‍ ചിലര്‍. കാശും കൊടുത്തു കരയാന്‍ നിന്നെപ്പോലെ വേറെ ചിലര്‍. കഷ്ടം. "

"എന്നാലും വിശ്വേട്ടാ, എന്തു തെറ്റാ.." അതുല്യയെ തുടരാന്‍ അനുവദിക്കാതെ വിശ്വം പറഞ്ഞു. "അതൊക്കെ ആ കഥാകൃത്ത്‌ നിന്നെപ്പോലുള്ളവരെ പിഴിയാന്‍ ചുമ്മാ എഴുതുന്നതല്ലേ. "

അന്നു പുതുമണവാളനായതുകൊണ്ട്‌ വായ തുറന്നു പറഞ്ഞില്ലെങ്കിലും മനസിലെങ്കിലും പറഞ്ഞു പോയി, 'കഥാകൃത്തിന്‍റെ ഭാവനയല്ലേ, സംവിധായകന്‍റെ മനോധര്‍മ്മമല്ലേ എന്നൊക്കെ വിചാരിക്കാനാണെങ്കില്‍ സിനിമ കാണാന്‍ മെനക്കെടുന്നതെന്തിനാ' എന്ന്‌.

പക്ഷേ ഇന്ന്‌ അവള്‍ക്കറിയാം. സ്വന്തം മനസിനെ ആശ്വസിപ്പിക്കാന്‍ വിശ്വം കണ്ടെത്തുന്ന ചളുക്കു ബുദ്ധിയാണിതെന്ന്‌.

എന്നാലും വിശ്വം സിനിമാ കാണും. വെറും ഒരു പ്രേക്ഷകന്‍ ആയിട്ടു മാത്രം. അല്‍പ്പമെങ്കിലും അതില്‍ ലയിക്കുമെങ്കില്‍ അതു ഹാസ്യ സിനിമ കാണുമ്പോഴാണ്‌. തീയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ ഗമയോടെ പറയും - "കണ്ടോ ചിരിപ്പിക്കുന്നതിനാ അവരു കാശു വാങ്ങുന്നത്‌. "

"ചില കോപ്രാട്ടികള്‍ കണ്ടപ്പോള്‍ ചിരിയല്ല, ഓക്കാനമാ വന്നതെന്നു ഈയിടെയായി അതുല്യയും തിരിച്ചടിക്കാറുണ്ട്‌. "

ഹാസ്യസിനിമകള്‍ തീയേറ്ററിന്‍റെ പടിയിറങ്ങുമ്പോഴേ മനസിണ്റ്റെ പടിയിറങ്ങും. എന്നാല്‍ മറ്റു സിനിമകള്‍ അങ്ങിനെയല്ല. വിശ്വം ഓഫീസിലേക്കു പോയിക്കഴിഞ്ഞാല്‍ ദു;ഖനായിക കയറിവരും. വൈകുന്നേരം വിശ്വം തിരിച്ചെത്തുന്നതു വരെ അവള്‍ക്കു കൂട്ടിരിക്കും. അടുത്ത സിനിമയിലെ ദു;ഖപുത്രിക്കേ അവളെ അവിടെ നിന്നും തുരത്താനാവൂ.

പക്ഷേ ഇന്നു കണ്ട ഈ സിനിമയിലെ നായിക. അവള്‍ ഒരിക്കലും ഇറങ്ങിപ്പോകില്ലെന്നുറപ്പ്‌. ദൈവമേ, എന്തെല്ലാം പീഡനങ്ങള്‍! വിശ്വം ഉപദേശിച്ച പോലെ കഥാകൃത്തിണ്റ്റെ വികൃതഭാവനയെന്നൊക്കെ കരുതി ആശ്വസിക്കാന്‍ ശ്രമിച്ചിട്ടും കഴിയുന്നില്ല. ഇതു തണ്റ്റെ മാത്രം കാര്യമല്ല. തീയേറ്ററില്‍ നിന്നും പുറത്തേകൊഴുകുന്ന സമുദ്രത്തില്‍ ശബ്ദത്തിന്‍റെ ഒരു അല പോലുമില്ല.

മൂടിക്കെട്ടിയ ആകാശത്തിന്‍റെ പ്രതിഫലനം തന്നെയാണ്‌ വിശ്വത്തിന്‍റെ മുഖത്തും. ഈ സിനിമ കണ്ട്‌ സങ്കടപ്പെടാത്തവര്‍ മനുഷ്യരാണോ?

"ഇന്നു സങ്കടം തോന്നുന്നുണ്ടല്ലേ?"

"ങും" വിശ്വം തലകുലുക്കി സമ്മതിച്ചു.

"നായികയുടെ കഷ്ടകാലം.. "

"നമ്മുടേയും. കാശും സമയവും തൊലഞ്ഞുകിട്ടി"

വിശ്വം പറഞ്ഞതങ്ങിനെയെങ്കിലും മനസു അങ്ങിനെയല്ലെന്നു ശബ്ദത്തിലെ ഇടര്‍ച്ച പറയുന്നുണ്ടായിരുന്നു.

ഓട്ടോറിക്ഷക്കു കൈ കാണിച്ചു പരക്കം പായുന്ന വിശ്വത്തിനു എന്തില്‍ നിന്നോ രക്ഷപ്പെട്ട്‌ പായാനുള്ള വ്യഗ്രതയാണെന്നു തോന്നി. പെയ്യാന്‍ തുടങ്ങുന്ന മഴയുടെ വ്യഗ്രതയാണെങ്ങും. ധൃതിപിടിച്ചു പായുന്ന ബസുകളില്‍ കയറാനിടമില്ല. ഓട്ടോകള്‍ വേഗം കുറക്കുന്നേയില്ല. ഒരു മുഴുത്ത തുള്ളി നെറുകയില്‍ വീണു. ആകാശത്തേക്കു നോക്കി. കറുത്ത മുഖത്തു മഴക്കണ്ണുകള്‍ തുറന്നിട്ടില്ല. പിന്നെ ഈ തുള്ളി? പിന്നിലൊരു കൂറ്റന്‍ കട്ടൌട്ടാണു. സ്ഥാനം തെറ്റിയ വലിച്ചു കീറപ്പെട്ട അല്‍പ്പ വസ്ത്രങ്ങളുമായി നായികയുടെ ഒരു വലിയ ചിത്രം. ദൈന്യം കലങ്ങിനിറഞ്ഞ കണ്ണുകള്‍..

"എന്നെയൊന്നു രക്ഷിക്കാമോ?"

ചോദ്യം കേട്ടു അതുല്യ തിരിഞ്ഞു നോക്കി. ആരുമില്ല. അത്ഭുതം കൂറുന്ന കണ്ണുകളുമായി വീണ്ടും തിരിഞ്ഞു.

"ഇതാ ഇവിടെ. ഞാനാ ചോദിച്ചത്‌." കട്ടൌട്ടിലെ നായികയുടെ ചുണ്ടുകള്‍ ഇളകി.

"രക്ഷിക്കാനോ? സിനിമയില്‍ നിന്നോ?"

"എവിടെയാണെങ്കിലും അടിക്കു വേദന തന്നെയാ. പീഡനത്തില്‍ ചവിട്ടിത്തേക്കപ്പെടുന്ന ആത്മാഭിമാനവും. പിന്നെ സിനിമ ആയതുകൊണ്ട്‌ ദിവസവും പലതവണ അനുഭവിക്കണം. അതും ജനമദ്ധ്യത്തില്‍. "

"രക്ഷിക്കണമെന്നുണ്ട്‌.. പക്ഷേ വിശ്വേട്ടന്‍.... "

ഒരു ഓട്ടോറിക്ഷ മുന്നില്‍ മൂളിനിന്നു. കൈപിടിച്ചു അകത്തേക്കു വലിക്കുന്നതിനിടയില്‍ വിശ്വം പറഞ്ഞു. "വേഗം കേറ്‌. മഴയെത്തി. "

കേറേണ്ട താമസം, ഓട്ടോ മൂളിക്കുതിച്ചു. അതുല്യക്കു സങ്കടമായി. രക്ഷിക്കണമായിരുന്നു. പക്ഷേ എങ്ങിനെ?"

പതുക്കെ തല പുറത്തേക്കിട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണുകള്‍ പകച്ചു പോയി. കട്ടൌട്ടില്‍ നിന്നും കാറ്റിനൊപ്പം ചാടിയിറങ്ങിയ നായിക ഓട്ടോറിക്ഷക്കു പുറകേ ഓടിവരുകയാണ്‌!

തല വലിച്ചു ഞെട്ടല്‍ പുറത്തു കാണിക്കാതിരിക്കാന്‍ ആവത്‌ ശ്രമിച്ചുകൊണ്ടു മുന്നോട്ടു നോക്കിയിരുന്നു. 'അവള്‍ ഓടിവന്നു ഓട്ടോറിക്ഷയില്‍ കയറിയാല്‍?'

ഓട്ടോ മഴയെ തോല്‍പ്പിക്കാനുള്ള തത്രപ്പാടില്‍ മൂളിപ്പറക്കുകയാണ്‌. അതിണ്റ്റെ മുന്‍വശത്തെ കണ്ണാടിയില്‍ കാണാം, ഓടി പരാജയപ്പെട്ടു പിന്നോട്ടു പിന്നോട്ടു പോകുന്ന നായികയുടെ നിസ്സഹായമായ കണ്ണുകള്‍. ഓട്ടോ നിര്‍ത്താന്‍ പറഞ്ഞാലോ? എന്നിട്ടെന്തു ചെയ്യും?

എന്തെങ്കിലും തീരുമാനിക്കുന്നതിനു മുന്‍പ്‌ ഓട്ടോറിക്ഷ ഇടതോട്ടു തിരിഞ്ഞു. ഇപ്പോള്‍ കണ്ണാടിയില്‍ ചാറ്റല്‍ മഴയുടെ മുത്തു മണികള്‍ മാത്രം..

രണ്ട്‌.

നനഞ്ഞ കാലുകള്‍ക്കു വേഗം കൂടുന്നില്ല. കൂടുന്നത്‌ ഭാരമാണ്‌. കൂടെ കിതപ്പും ക്ഷീണവും. അതുല്യ ഈ കൊലച്ചതി ചെയ്യുമെന്നു കരുതിയതേയില്ല. ജീവിതത്തിലേക്കിറങ്ങിയ നിമിഷത്തില്‍ തന്നെ പറ്റിക്കപ്പെട്ടതിന്‍റെ വ്യഥയാണു മനസിലാകെ. മഴയും കനത്തു തുടങ്ങി. എന്തായാലും തുനിഞ്ഞിറങ്ങി. ഇനി രക്ഷപ്പെടുക തന്നെ. എങ്ങിനെ?

അപ്പോഴാണ്‌ കുട മടക്കി സ്കൂട്ടി സ്റ്റര്‍ട്ടു ചെയ്യുന്ന ഒരു യുവതിയെ കണ്ടത്‌. ചാടിക്കയറി പിന്‍സീറ്റിലേക്കു. സീറ്റില്‍ അമര്‍ന്നിരുന്നു, അവളറിയാതെ.

മഴ തകര്‍ത്തു പെയ്യുകയാണ്‌. അതിന്‍റെ വേഗമാണു ചീറിപ്പായുന്ന വാഹനങ്ങളില്‍. പറന്നകലുന്ന പക്ഷികളില്‍. എന്തിന്‌, പാതച്ചാലുകളിലെ കൊഴുത്ത പ്രവാഹങ്ങള്‍ക്കു പോലും. കഥകളിലെന്ന പോലെ മഴക്കു ജീവന്‍ വെക്കുകയാണ്‌. നനഞ്ഞ സ്പര്‍ശത്തിന്‍റെ ചൂടുള്ള രംഗങ്ങള്‍ പോലെ. അതേ വേഗത്തിലാണു സ്കൂട്ടി പാതയിലെ ഒരു സാമാന്യം വലിയ കുഴി താണ്ടിയത്‌. ഭാവനയില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്കെന്ന പോലെ നടു റോഡില്‍ ചന്തികുത്തി വീണു. പുറകില്‍ മറ്റു വണ്ടികള്‍ ഒന്നും ഇല്ലാതിരുന്നതു കൊണ്ട്‌ ജീവന്‍ രക്ഷപ്പെട്ടു. കാലു കുടഞ്ഞെഴുന്നേറ്റ്‌ പാതയരികിലൂടെ നടന്നു.

പാത വിളക്കുകള്‍ മഴകാണാന്‍ കണ്ണു തുറന്നപ്പോള്‍ ഒരു നാണക്കാരിയായി മഴ ചിണുങ്ങി. പിന്നെ ഏതോ മേഘക്കീറുകള്‍ക്കു പിന്നിലൊളിച്ചു.

ഇപ്പോള്‍ മഴയുടെ കുളിര്‍ സ്പര്‍ശം എനിക്കു മാത്രം. മഴയുടെ മണം ഈറന്‍ കാറ്റിനു മാത്രം. അതിണ്റ്റെ കുളിര്‍ ചുംബനം വസ്ത്രത്തിണ്റ്റെ കീറലുകളില്‍ മാത്രം.

തെല്ലു ദൂരെ പ്രകാശിച്ചു നില്‍ക്കുന്ന ഒരു വീടു കാണാം. കാലുകള്‍ ചടുലമായി.

മുറ്റത്തു രണ്ടു പുതിയ മോഡല്‍ കാറുകള്‍. വേലക്കാരി കൂട്ടിലിട്ട കറുത്ത പട്ടിക്കു മാംസം കൊടുക്കുന്ന തിരക്കിലാണ്‌. ഇളം കാറ്റിനു മദ്യത്തിന്‍റെ ഈര്‍പ്പം. ഐസുകട്ടയുടെ തണുപ്പ്‌. അതു കൊണ്ടുവരുന്നത്‌ വെറും ശബ്ദങ്ങളുടെ മുഴക്കങ്ങളും പൊട്ടിച്ചിരികളും. സിനിമയിലെ ചിരപരിചിതമായ പല രംഗങ്ങളും മനസിലേക്ക്‌ എത്തിനോക്കി. തിരിഞ്ഞു നടക്കുമ്പോള്‍ സ്വയം പരിഹസിച്ചു പോയി. മദ്യം മണക്കാത്ത വീടു തിരയുന്നതിലെ മൌഢ്യം.

പിന്നേയും ഏറെ നടന്നിട്ടാണു മറ്റൊരു വീടു കണ്ടത്‌. പ്രകാശം കുറഞ്ഞ ഒരു കൊച്ചു വീട്‌. മദ്യത്തിന്‍റെ മണമില്ലെന്നു മാത്രമല്ല, തോരണ്റ്റേയും ഉള്ളി സാമ്പാറിണ്റ്റേയും ഹൃദ്യമായ മണം തിണ്ണയും കടന്നു മുറ്റത്തേക്കിറങ്ങുന്നുണ്ട്‌. വിശപ്പ്‌ വയറ്റില്‍ സടകുടഞ്ഞെഴുന്നേറ്റു. അപ്പോഴാണു ഓര്‍ത്തത്‌ എത്ര നേരമായി എന്തെങ്കിലും കഴിച്ചിട്ട്‌?

അത്താഴപ്പണികള്‍ തീര്‍ത്ത്‌ അടുക്കളയില്‍ നിന്നും പൂമുഖത്തെ സോഫയില്‍ വന്നിരുന്ന വീട്ടമ്മയുടെ നെറ്റിയില്‍ വിയര്‍പ്പിണ്റ്റെ പൊടിപ്പുകള്‍. അവ സാരിത്തലപ്പുകൊണ്ട്‌ തുടച്ചുകൊണ്ടു അവള്‍ ആരോടോ പറഞ്ഞു. - "എണ്റ്റെ നടുവൊടിഞ്ഞു. അഞ്ചു മിനുട്ട്‌ ഇരിക്കട്ടെ. എന്നിട്ടു വിളമ്പാം കേട്ടോ. "

"ആരാ പറഞ്ഞേ ചക്കരേ, ഇത്ര കറികളൊക്കെ ഉണ്ടാക്കാന്‍. ഞാനിതാ ഫയല്‍ മടക്കി വെച്ചു വരുന്നു." അകത്തെ മുറിയില്‍ നിന്നാണു ശബ്ദം. ശബ്ദത്തിനു പിന്നാലെ ലുങ്കി മുറുക്കിയുടുത്തുകൊണ്ട്‌ ഒരു മദ്ധ്യവയസ്ക്കന്‍ കാറ്റു പോലെ വന്ന്‌ അവളെ ചുറ്റിപ്പിടിച്ച്‌ കവിളില്‍ നാലഞ്ചു മൃദു മുത്തങ്ങള്‍ ചാര്‍ത്തിയ ശേഷം അടുക്കളയിലേക്കോടി. ജീരക വെള്ളം ചൂടാക്കാന്‍.

ആ വീട്ടമ്മയുടെ പാതി തുറന്ന കണ്ണുകളില്‍ നടു വേദനയല്ല, സാന്ത്വനത്തിണ്റ്റെ ആനന്ദക്കടലുകളാണ്‌. അതിണ്റ്റെ ആഴങ്ങളില്‍ എന്തെന്തു മുത്തുകളും പവിഴങ്ങളും വെട്ടിത്തിളങ്ങുന്നുണ്ടാവില്ല! തണ്റ്റെ വേദനകളുടെ ഒരു അംശം ഇവളുടെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍പ്പോലുമുണ്ടാവില്ല. ഇവള്‍ തന്നെ രക്ഷിച്ചിരുന്നെങ്കില്‍..

ഒരു ഇളം കാറ്റ്‌ പാതി ചാരിയ വാതില്‍ അല്‍പ്പം കൂടെ തുറന്ന്‌ അവളെ അകത്തേക്കാനയിച്ചു. ഡൈനിംഗ്‌ ടേബിളില്‍ പ്ളേറ്റുകള്‍ നിരത്തുന്ന മദ്ധ്യവയസ്ക്കനെ ഇപ്പോള്‍ തെളിഞ്ഞു കാണാം. എവിടെയോ കണ്ട മുഖം. സിനിമയുടെ നശിച്ച സ്ക്രീനിലല്ല. പിന്നെ എവിടെ?

അതെ, അയാള്‍ തന്നെ. ഇപ്പോള്‍ ഓര്‍മ്മ തെളിയുന്നുണ്ട്‌.

നട്ടെല്ലില്ലാത്ത നായകന്‍ കാര്യസാദ്ധ്യത്തിനായി തന്നെ ചെള്ളു പോലെ തടിച്ചു വീര്‍ത്ത ആ സത്വത്തിനു തന്ത്രപൂര്‍വ്വം വിട്ടുകൊടുത്ത രാത്രി. രക്ഷപ്പെടാന്‍ കിണഞ്ഞു ശ്രമിക്കുമ്പോഴാണ്‌ പ്രതീക്ഷയുടെ വാതില്‍ ആരോ തള്ളിത്തുറന്നത്‌. സ്ക്രീനിലേക്കെത്തിയ ആ വെളിച്ചത്തില്‍ തെളിഞ്ഞു കണ്ടതാണ്‌ ഈ മുഖം. ഇരുളില്‍ പീഡനം കണ്ട്‌ ആസ്വദിക്കുന്ന ഷണ്ഡന്‍മാരുടെ മുഖങ്ങളില്‍ നിന്നും വേറിട്ട മുഖം ഒറ്റ ക്ളിക്കില്‍ മനസില്‍ പതിഞ്ഞു. അയാള്‍ പോലിസിനെ വിളിക്കുകയാവണം മൊബേലില്‍. പോലിസെത്തുന്നതു വരെ ഈ ഭീകര രൂപിക്കു പിടികൊടുക്കാതെ നില്‍ക്കുക തന്നെ. പൊതു നിരത്തിലൊരു തട്ടിപ്പറിയോ, വഴക്കോ പോകട്ടെ, കൊലപാതകശ്രമമോ പെണ്‍ പീഡനശ്രമമോ കണ്ടാല്‍ പ്പോലും ചുമ്മാ കയ്യും കെട്ടി നില്‍ക്കുന്ന പ്രേക്ഷകരില്‍ നിന്നും വ്യത്യസ്തനായി ഒരാള്‍ മുന്നിലുള്ളത്‌ ആത്മ വിശ്വാസം വളര്‍ത്തി. വെളിച്ചം കയറിയതിന്‍റെ വിസിലടികളും ആര്‍പ്പു വിളികളും ആക്രോശങ്ങളും അടങ്ങിയപ്പോള്‍ വാതില്‍പ്പഴുതിലൂടെ അയാളുടെ ശബ്ദം കേട്ടു തുടങ്ങി.

"ചക്കരേ, വേറെന്തെങ്കിലും. "

"അതൊക്കെ പിന്നെപ്പറയാം. ഞാന്‍ പ്രധാനപ്പെട്ട ഒരു മീറ്റിങ്ങിലാ. ഓഫീസിനു പുറത്ത്‌. നീണ്ട മീറ്റിങ്ങാ. വൈകീട്ടേ ഫ്രീ ആവൂ. "

മോബേലില്‍ നിന്നും ഇളംകാറ്റു മുളങ്കുഴലിലൂടെന്ന പോലെ ഒരു മധുര ശബ്ദം. "മോള്‌ ഹോസ്റ്റലീന്നു വിളിച്ചിരുന്നു. സണ്‍ഡേ ബെര്‍ത്ത്‌ ഡേക്കു വരുന്നുണ്ടത്ര. "

"ഞാന്‍ അവളെ വിളിച്ചോളാം. ഒ.കെ ചക്കരേ. ഞാന്‍ ഇതു കുറച്ചു നേരത്തിനു സ്വിച്ച്‌ ഓഫ്‌ ചെയ്യുകയാണേ. ബൈ... "

വീണ്ടും വാതില്‍ തള്ളിത്തുറന്നു ഇരുട്ടില്‍ വേച്ചു വേച്ചു വരുന്നതു കണ്ടപ്പോള്‍ എന്തൊരു ആവേശമായിരുന്നു. പക്ഷേ എല്ലാം തല്ലിക്കെടുത്തിക്കൊണ്ട്‌ മൊബേല്‍ വെളിച്ചത്തില്‍ തന്‍റെ സീറ്റു കണ്ടെത്തി അമര്‍ന്നിരുന്നു. തൊട്ടടുത്തിരുന്ന യുവതിയുടെ തോളിലേക്കു കൈയിട്ട്‌ താഴേക്കു പരതിക്കൊണ്ട്‌ പറഞ്ഞു. "ഓഫീസിലെ ഒരു ശല്യം. "

"അതങ്ങു സ്വിച്ച്‌ ഓഫ്‌ ചെയ്തേക്കരുതോ?" ചുവപ്പിച്ച ചുണ്ടുകള്‍ക്കും ദേഷ്യം.

"ഓഫ്‌ ചെയ്തു"

പതിവു പോലെ കീറിപ്പറിക്കുകയായിരുന്ന ആ കറുത്ത ചെള്ള്‌ എത്ര ഭേദമെന്നു തോന്നിപ്പോയി. അന്നു കേട്ട ആ 'ചക്കര'യെ ഇപ്പോഴാ നേരില്‍ കാണുന്നത്‌. പാവം.

മുറിയിലാകെ എന്തോ ഒരു വാട. തോരനും സാമ്പാറുകൊക്കെ ഇത്ര വേഗം വളിച്ചുവോ? വിശപ്പ്‌ ചത്തിരിക്കുന്നു. പതുക്കെ ഇറങ്ങി നടന്നു.

മഴയും കാറ്റുമൊന്നും പാതയിലില്ല. ഇരു വശത്തും നിന്നുറങ്ങുന്ന റബ്ബര്‍ മരങ്ങള്‍ മാത്രം. രക്ഷപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഒരു മഴ പോലെ ഇരച്ചു വന്ന ഉത്സാഹവും കെട്ടിരിക്കുന്നു. രക്ഷപ്പെടല്‍ തന്നെ ഒരു ശിക്ഷയായി മാറുകയാണോ?

അല്ല, ആരില്‍ നിന്നാണു രക്ഷപ്പെടേണ്ടത്‌? ആ വീര്‍ത്ത ചെള്ളില്‍ നിന്നോ? അതോ നട്ടെല്ലില്ലാത്ത നായകനില്‍ നിന്നോ? ഒന്നാലോചിച്ചാല്‍ അവരെന്തു തെറ്റാണു ചെയ്തത്‌? കഥാകൃത്തല്ലേ അവരെയൊക്കെ അങ്ങിനെ യാക്കിയത്‌? തണ്റ്റെ ഈ ഗതികേടും അയാളുടെ സംഭാവന തന്നെ.

അല്ല, കഥാകൃത്തിനെ എന്തിനു പഴിക്കണം. അതല്ലേ അയാളുടെ ജോലി. വായനക്കാരെ കഥയിലൂടെ നടത്തിക്കൊണ്ടു ചെന്നു വിസ്മയിപ്പിക്കുക. അതിനു പിടികൊടുക്കാത്ത കഥയുടെ വഴികള്‍ കണ്ടെത്തേണ്ടേ. അത്ഭുതപ്പെടുത്താത്ത ജാലവിദ്യക്കാരന്‍റെ മുന്നില്‍ ഏതു കുട്ടി ചെന്നിരിക്കാനാണ്‌.

ജാലവിദ്യക്കാരനു ഒരേ വിദ്യ പലതവണ കാണിച്ചു കയ്യടി നേടാം. പക്ഷേ ആരെങ്കിലും കാണിച്ച വഴിയിലൂടെ കഥാകൃത്തു സഞ്ചരിച്ചാല്‍ കൂവലാവും കാത്തിരിക്കുന്നത്‌. എന്നും പുതു പുത്തന്‍ വഴികളിലൂടെ സഞ്ചരിക്കേണ്ടവന്‍. എത്രപേര്‍ക്കറിയാം അയാളുടെ മനസ്‌. ഉദ്ദേശ്യം. ഒരു തവണ വിസ്മയിക്കുന്ന വായനക്കാരന്‍റെ മനസില്‍ അത്തരം സാദ്ധ്യതകളൊക്കെ തെളിഞ്ഞു കിടക്കുന്നുണ്ടാവും. കഥാകൃത്തു അതിലൂടെ പോകുന്നെന്നു തോന്നിയാല്‍ മതി. ഉടന്‍ വായന നിര്‍ത്തും. സമയം കൊന്നതിനു ശപിച്ചെന്നുമിരിക്കും.

അതേ സമയം ചില ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുള്ള സ്വാതന്ത്യ്രമേ അയാള്‍ക്കുള്ളു താനും. അറുപത്തിനാലു കളങ്ങളില്‍ ആറുതരം കരുക്കള്‍ കൊണ്ട്‌ നവനീക്കങ്ങള്‍ നടത്തുന്ന ചെസുകളിക്കാരനെപ്പോലെ. സിനിമയിലെ ആ ചെസുകളിക്കാരനാണ്‌ ഓര്‍മ്മയിലെത്തുന്നത്‌. ഓരോ നീക്കത്തിനു മുതിരുമ്പോഴും അതിലെ അപകടങ്ങള്‍ എതിരാളിക്കു ചൂണ്ടിക്കാണിച്ചു കൊടുത്ത്‌ കളിയിലൂടെ കൊണ്ടു പോകുന്നവന്‍. ആ ചാട്ടം കുതിരക്കാലിലേക്കാണല്ലോ. ബ്ളാക്ക്‌ ബിഷപ്പ്‌ ഇവിടെയുണ്ട്‌ കേട്ടോ. എന്നിങ്ങനെ ചില സൂചനകള്‍. അതൊക്കെ കരുതി മുന്നോട്ടു പോകുമ്പോഴാവും ഒരു അപ്രതീക്ഷിത നീക്കവും ചെക്ക്‌ മേറ്റിന്‍റെ വിസ്മയവും.

ചെസില്‍ വിസ്മയങ്ങളുടെ ചെക്ക്‌ മേറ്റ്‌ മാത്രം മതി. പക്ഷേ അതു കൊണ്ടു മാത്രം കഥക്കു ജീവന്‍ വെക്കുമോ? കഥാപാത്രങ്ങള്‍ ജീവിക്കുമോ?

എന്തായാലും തനിക്കു ജീവന്‍ വന്ന നിമിഷമാണു ഓര്‍മ്മയിലെത്തുന്നത്‌. കഥാകൃത്തിന്‍റെ പേനയുടെ വരയില്‍ ഒതുങ്ങി നിന്ന ഒരു കേവലം കഥാപാത്രമായിരുന്നു അന്നു ഞാനും. പെട്ടെന്നൊരു നിമിഷത്തില്‍ തോന്നി. ആ പേനയൊന്നു തള്ളിനീക്കാന്‍. അങ്ങിനെ രൂപപ്പെട്ട ആ ഒറ്റ വരി ട്വിസ്റ്റ്‌. അതു വായിച്ച്‌ കഥാകൃത്തു ഞെട്ടുന്നതു കാണാന്‍ എന്തൊരു രസമായിരുന്നു! ജീവന്‍ ലഭിച്ചതിന്‍റെ സ്വാതന്ത്യ്രത്തിന്‍റെ സന്തോഷമായിരുന്നു മനസു മുഴുവന്‍.

അതാ മുന്നിലൊരു വീടു തെളിയുന്നുണ്ട്‌. അതു അതുല്യയുടെ വീടാകാനേ തരമുള്ളു. കഥാകൃത്തിന്‍റെ ദരിദ്ര ഭാവന തനിക്കൂഹിക്കാം. കഥയുടെ ആദ്യ ഭാഗത്തു കാണുന്ന കഥാപാത്രങ്ങള്‍ പൊടുന്നനെ അപ്രത്യക്ഷരായാല്‍ അവരെ വീണ്ടും കഥയില്‍ കണ്ടുമുട്ടുമെന്ന്‌ ഉറപ്പ്‌. അതോടെ കഥ തീരുന്നതും ചിരപരിചിതമായ ഒരു ഏര്‍പ്പാടു തന്നെ. അതു തന്നെയാണു ഇവിടേയും സംഭവിക്കാന്‍ പോകുന്നതെന്നു ആര്‍ക്കും ഊഹിക്കാം. വിശ്വത്തിലും അതുല്യയിലും തുടങ്ങുന്ന കഥ അവരില്‍ തന്നെ അവസാനിക്കാന്‍ പോകുന്നു. ആത്മഹത്യ, കൊലപാതകം, ജയില്‍ വാസം, ഒളിച്ചോട്ടം തുടങ്ങിയ ചിരപരിചിതമായ അവസാനങ്ങള്‍ കാണുന്നില്ലെങ്കിലും വിവാഹമോചനം, ഭ്രാന്താശുപത്രി തുടങ്ങി ചില സാദ്ധ്യതകള്‍ തെളിയുന്നുണ്ട്‌. അങ്ങിനെ ഏതെങ്കിലും അവസാനമാണെങ്കില്‍ വിസ്മയിക്കാന്‍ ആളെ കൂലിക്കു കൊണ്ടു വരേണ്ടിവരും.

പ്രതീക്ഷിച്ചതു പോലെ അതു വിശ്വത്തിന്‍റേയും അതുല്യയുടേയും വാടക വീടു തന്നെ. പല കഥകളിലും കാണുന്നതു പോലെ ഈ രാത്രിയില്‍ അവരും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ തന്നെ. മറ്റാരും അവിടെയില്ലെങ്കിലും അവര്‍ സംസാരിക്കുന്നത്‌ പതിഞ്ഞ ശബ്ദത്തില്‍ തന്നെ. പക്ഷേ വാതില്‍ പഴുതിലൂടെ നോക്കാനും ആ അടഞ്ഞ മുറിയിലെ സംഭാഷണം നിങ്ങളിലെത്തിക്കുവാന്‍ സ്വതന്ത്രയായ എനിക്കു കഴിയും.

"നിനക്കെന്താ ഒരു മൂഡ്‌ ഓഫ്‌? ആ സിനിമയാണോ ഇപ്പോഴും.. "

"എന്താ ചെയ്യ്ക? മനസീന്ന്‌ പോണില്ല്യാ അതിലെ നായിക"

“നോക്ക്‌, അതൊരു സിനിമയല്ല, യാഥാര്‍ത്ഥ്യമാണെങ്കിലോ?"

"എണ്റ്റെ ഈശ്വരാ, ഓര്‍ക്കാന്‍ വയ്യ!"

"എന്തുകൊണ്ട്‌ വയ്യ? അതിലും വലിയ യാഥാര്‍ത്ഥ്യങ്ങള്‍ നാം സിനിമപോലെ കാണാറില്ലേ, ടെലിവിഷന്‍ വാര്‍ത്തകളില്‍. വിദ്യാര്‍ഥിനികളെ ജീവനോടെ ബസിലിട്ടു കത്തിക്കുന്നതിണ്റ്റേയും കുളത്തില്‍ മുക്കിക്കൊല്ലുന്നതിണ്റ്റേയും തത്സമയ സംപ്രേക്ഷണം നാം കണ്ടിട്ടില്ലേ. ഒരു പിഞ്ഞാണം കഞ്ഞിക്കു വേണ്ടി ശ്രീലങ്കന്‍ പട്ടാളക്കാരുടെ കടിച്ചു പറിക്കു വിധേയരാവുന്നത്‌ തമിഴന്‍മാരുടെ പെണ്‍മക്കളാണെന്നു കരുതാം. എന്നാല്‍ അതിലും വലിയ പീഡനങ്ങള്‍ ഇവിടെ നടക്കുന്നില്ലേ. അതു സിനിമയായെങ്കില്‍ മാത്രം വേദനിക്കുന്ന മനസും. അതുപോട്ടെ സിനിമയിലെ ആ നായിക രക്ഷിക്കുവാന്‍ നിന്നോടു യാചിച്ചിരുന്നെങ്കില്‍പ്പോലും നീ സഹായിക്കുമായിരുന്നോ? അവള്‍ ഇങ്ങോട്ടു കയറി വന്നാല്‍ നീ സ്വീകരിക്കുമോ? അഥവാ നീ അങ്ങിനെ ചെയ്താലോ? ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ നിണ്റ്റെ ഏറ്റവും വലിയ ശത്രുവാകില്ലേ? പിന്നെ എന്നെ പോലും നീ സംശയിച്ചെന്നും വരും. അതല്ലേ യാഥാര്‍ത്ഥ്യം?"

എഴുന്നേറ്റിരുന്ന അതുല്യയുടെ നെറ്റിയിലൂടെ വിയര്‍പ്പു ചാലുകള്‍ ഒഴുകിയിറങ്ങി. പ്രതിമ പോലിരുന്ന അവളെ തണ്റ്റെ മാറില്‍ ചേര്‍ത്ത്‌ വിശ്വം പറഞ്ഞു. "ഈശ്വരനാണ്‌ ഏറ്റവും വലിയ കഥാകൃത്ത്‌. നാമൊക്കെ ആ ബൃഹത്‌ കഥയിലെ ഒറ്റ വരി കഥാപാത്രങ്ങളും. എത്രയൊക്കെ ചിന്തിച്ചാലും പ്രവര്‍ത്തിച്ചാലും ഒടുവില്‍ അതു ഒരു കഥാപാത്രത്തിന്‍റെ നവ ചിന്തകള്‍ പോലെ കമ്പ്യൂട്ടറിന്‍റെ ചെസ്‌ കളി പോലെ മറ്റാരുടേയോ വിരലില്‍ ചലിക്കുന്ന ഒരു പാവക്കൂത്തായി മാറുകയും ചെയ്യും. "

ഇപ്പോള്‍ നായികയുടെ നെറ്റിയിലാണു വിയര്‍പ്പു ചാലുകള്‍. ഭ്രാന്തു പിടിച്ച കാറ്റു പോലെ അവള്‍ വാതില്‍ തുറന്നു പുറത്തു ചാടി. കട്ടൌട്ടിലേക്കു കുതിക്കുന്ന ശക്തമായ ഒരു കാറ്റിനെ ലക്ഷ്യം വെച്ച്‌ അവള്‍ പാഞ്ഞു.

Thursday, December 31, 2009

നൂറാം പിറന്നാളിലെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ (കഥ)


ബാപ്പൂജിയോടൊപ്പമെത്താന്‍ പന്നലാലിന്‍റെ കാലുകള്‍ ചടുലമായി കുതിച്ചു. കുതിപ്പിനൊപ്പം കിതയ്ക്കുന്ന നെഞ്ച്‌. നെഞ്ചിനകത്ത്‌ തുടിച്ച്‌ ചുവക്കുന്ന കനല്‍സഞ്ചിക്കു ഉപ്പുപാടത്തു ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്‍റെ ചൂട്‌. അതൊന്നു തണുപ്പിക്കാന്‍ ദേഹമാസകലം ഒലിച്ചിറങ്ങുന്ന ഒരായിരം ഉപ്പുചാലുകള്‍ക്കും കഴിയുന്നില്ല. എങ്കിലും ഒരു ആശ്വാസമുണ്ട്‌. ഭീതിയുടെ പ്രക്ഷുബ്ധമായ കടല്‍ ശാന്തിയുടെ ഉപ്പുപാടത്തു ആവിയായിത്തുടങ്ങിയിരിക്കുന്നു. പ്രതീക്ഷയുടെ വെളുത്ത അവശേഷിപ്പുകള്‍ മനസിലേക്ക്‌ എത്തി നോക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇന്നേക്ക്‌ ഇരുപത്തിയാറു ദിവസമായി സബര്‍മതി ആശ്രമത്തില്‍ നിന്നു യാത്ര തുടങ്ങിയിട്ട്‌. ഇരുനൂറ്റമ്പതില്‍പ്പരം മൈലുകളുടെ വെട്ടു വഴികള്‍ പിന്നിട്ടു കഴിഞ്ഞു. പ്രതീക്ഷകളാണ്‌ എന്നും ഉത്സാഹത്തിനു ഊര്‍ജം പകര്‍ന്നിരുന്നത്‌. ഉള്ളിലെ എണ്ണമറ്റ മുറിവുകള്‍ ഉണങ്ങുമെന്ന ശുഭപ്രതീക്ഷ. ആ മുറിവുകള്‍ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. കാലങ്ങളിഴഞ്ഞ്‌ ശീലങ്ങളുടെ പുണ്ണരിച്ചു ജീവിത ഭാഗമായി മാറിയ കൊടിയ വ്രണങ്ങള്‍. മരുന്നിനു പോലും ഒരു തരി ഉപ്പില്ലാതെ പഴുത്തളിഞ്ഞു കിടക്കുന്ന ചതുപ്പു നിലങ്ങള്‍ പോലെ ചലം നിറഞ്ഞ വ്രണങ്ങള്‍. ആ ദുരിത വ്രണങ്ങളുടെ ആഴങ്ങളെക്കുറിച്ചല്ല, അതില്‍ മുങ്ങിത്താഴാതെ പൊങ്ങിക്കിടക്കുന്നതെങ്ങിനെ എന്നു മാത്രമായിരുന്നു ഓരോ ദിവസവും ഉത്കണ്ഠപ്പെട്ടിരുന്നത്‌. വര്‍ഷങ്ങളായി, ദശകങ്ങളായി, അല്ല നൂറ്റാണ്ടുകളായിത്തന്നെ.

അതെ, തലമുറകളായി പന്നലാലിന്‍റെ കുടുംബത്തെ പട്ടിണിയില്‍ നിന്നു രക്ഷിച്ചു കൊണ്ടിരുന്നത്‌ കച്ചിലെ ചതുപ്പു നിലങ്ങളായിരുന്നു. ഉപ്പിന്‍റെ ശുഭ്ര പാളികള്‍ പ്രദാനം ചെയ്തുകൊണ്ട്‌. ആയിരത്തി എണ്ണൂറിന്‍റെ തുടക്കത്തില്‍ ബ്രിട്ടീഷുകാര്‍ തൊട്ടതോടെയാണു ഉപ്പു ചവര്‍ത്തു തുടങ്ങിയത്‌. പന്നലാലിന്‍റെ മുത്തച്ഛന്‍റെ കാലമാകുമ്പോഴേക്കും ഉപ്പു നികുതി ക്രമാതീതമായി വര്‍ദ്ധിപ്പിച്ചെന്നു മാത്രമല്ല, ഉപ്പിന്‍റെ ഉത്പാദനം, വില്‍പ്പന ഒക്കെ വിലക്കിക്കൊണ്ട്‌ ചൂഷണ നിയമങ്ങള്‍ പലതും അടിച്ചേല്‍പ്പിച്ചു കഴിഞ്ഞിരുന്നു. ക്രമേണ ഉപ്പു നിയമങ്ങള്‍ ഇരട്ട നാവുള്ള വിഷ പാമ്പുകളായി ജീവിതത്തിന്‍റെ പച്ചപ്പുകളിലേക്ക്‌ ഇഴഞ്ഞെത്തി. ഒരിക്കല്‍ അച്ഛന്‍ അമ്മയോടു പറയുന്നത്‌ കേട്ടിരുന്നു, "പന്ന യുടെ ജീവിത കാലം മുഴുവന്‍ വീട്ടുവാനുള്ള കടം ഇപ്പോഴേ ഉണ്ടെന്ന്‌". എന്നിട്ടും അച്ഛന്‍ ഉപ്പു കൃഷി തുടര്‍ന്നു. അല്ല, ആ ചതുപ്പില്‍ പിന്നെന്തു ചെയ്യാന്‍? ചില്ലിക്കാശിനു പോലും ആര്‍ക്കും വേണ്ടാത്ത ആ ചതുപ്പു നിലം വെറുതെയിടാന്‍ മടിച്ചിട്ടായിരുന്നില്ല അവര്‍ ബ്രിട്ടീഷ്‌ സര്‍ക്കാറിന്‍റെ കൊള്ളപ്പലിശക്കുള്ള വായ്പ്പയെടുത്ത്‌ പാട്ടത്തിനു ഉപ്പു കൃഷി തുടര്‍ന്നത്‌. വേറൊരു പണിയും ചെയ്യാനറിയാത്തതുകൊണ്ടായിരുന്നു.

മറ്റെന്തെങ്കിലും പണിചെയ്തതുകൊണ്ടും വലിയ കാര്യമൊന്നുമില്ല. ഒരു ദിവസത്തെ കൂലി ഒരു അണയാണ്‌. കൂടിയാല്‍ ഒന്നര അണ. എത്ര പിശുക്കിയാലും പന്നലാലിന്‍റെ അഞ്ചു പേരുള്ള കുടുംബത്തിനു ഒരു മാസം ഒരു സേര്‍ കല്ലുപ്പു വേണം. അതോടെ കീശ പാതിയൊഴിയും. ഉപ്പിനു വില കുത്തനെ കയറിക്കൊണ്ടിരിക്കുകയാണ്‌. ഏതു പിച്ചക്കാരനും ഒഴിവാക്കാന്‍ വയ്യാത്ത സാധനമാണല്ലോ ഉപ്പ്‌. അതുകൊണ്ടു തന്നെ ഉപ്പുനികുതിയിലെ വര്‍ദ്ധനവ്‌ ആബാലവൃദ്ധം ജനങ്ങളുടെയും കീശയില്‍ കൈയിട്ടു വാരാനുള്ള കുറുക്കു വഴിയാണെന്നു ബ്രിട്ടിഷുകാര്‍ക്ക്‌ നന്നായി അറിയാം. വൈകാതെ ഉപ്പിനു സ്വര്‍ണ്ണ വിലയാകുമെന്നുറപ്പ്‌. കല്ലുപ്പു പൊടിച്ചു പല്ലു തേച്ച കാലം മറന്നു. ചെങ്കല്ലു പൊടിയും കരിപ്പൊടിയുമൊക്കെയാണു പല്ലു വെളുപ്പിക്കാനായി ഉപയോഗിക്കുന്നത്‌. ആഹാരത്തിലൂടെ അവശ്യം വേണ്ട ഉപ്പു പോലും ശരീരത്തില്‍ ചെല്ലുന്നില്ലത്രെ. അതുകൊണ്ടാണത്രെ കുഞ്ഞുങ്ങളുടെ തൊണ്ട വീക്കം മാറാത്തത്‌. നാവിനെ കൊതിപ്പിക്കുന്ന ഉപ്പ്‌. ജീവിതത്തെ ചവര്‍പ്പിക്കുന്ന ഉപ്പ്‌... ദൈനംദിന മുറിവുകളുടെ നീറ്റല്‍ ഏറി വരുകയാണ്‌. അവ വല്ലാതെ കൊതിക്കുന്നുണ്ട്‌, ഒരു തരി ഉപ്പിന്‍റെ സാന്ത്വനത്തിനായി.

അതിനിടയിലാണ്‌ ബാപ്പൂജി ആശ്വാസത്തിന്‍റെ തിരി തെളിച്ചു കൊണ്ട്‌ ഇര്‍വിന്‍ പ്രഭുവിനു കത്തയക്കുന്നത്‌. പട്ടിണിപ്പാവങ്ങളെ ഇറുക്കിപ്പിഴിയുന്ന ചൂഷണത്തിന്‍റെ പര്യായമായ ഉപ്പു നികുതി ഉടന്‍ പിന്‍വലിക്കണം എന്നതായിരുന്നു മാര്‍ച്ച്‌ രണ്ടിനു അയച്ച ആ കത്തിലെ ഏറ്റവും മുഖ്യമായ ആവശ്യം. ഇര്‍വിന്‍ പ്രഭു അതു മുഖവിലക്കെടുക്കില്ലെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ കത്തില്‍ സൂചിപ്പിച്ച പ്രകാരം ഉപ്പു സത്യാഗ്രഹ സമരം നടക്കുമെന്നും.

പ്രതീക്ഷിച്ചതു പോലെ ബാപ്പൂജി മാര്‍ച്ച്‌ പന്ത്രണ്ടിനു അതിരാവിലെ സബര്‍മതിയില്‍ നിന്നും പുറപ്പെട്ടു. താനടക്കം എഴുപത്തിയെട്ടു പ്രവര്‍ത്തകരുമായി. ദണ്ഡിയിലെ ഉപ്പു പാടത്തു ചെന്നു കടല്‍ വെള്ളം വറ്റിച്ച്‌ ഉപ്പു കുറുക്കി ബ്രിട്ടീഷുകാര്‍ ഉപ്പില്‍ അടിച്ചേല്‍പ്പിച്ച കഴുത്തറപ്പന്‍ നിയമങ്ങള്‍ ലംഘിക്കാന്‍ വേണ്ടിയുള്ള യാത്ര. ഓരോ ദിവസവും പത്തു പന്ത്രണ്ടു മൈലുകള്‍ താണ്ടും. പിന്നെ പൊതുയോഗം, പ്രസംഗം, അല്‍പ്പം വിശ്രമവും. പ്രഭാതമുണരും മുമ്പ്‌ വീണ്ടും നടത്തം. അടുത്ത താവളത്തിലേക്ക്‌. അങ്ങിനെ ഇതാ ദണ്ഡിയില്‍ എത്തിയിരിക്കുന്നു.

അല്‍പ്പംകഴിഞ്ഞാല്‍ ബാപ്പൂജി ഉപ്പു പാടത്തിറങ്ങും. ഇ കറുത്ത ഉപ്പു നിയമങ്ങള്‍ കാറ്റില്‍ പറത്തും. പിന്നാലെ ഞങ്ങളും. ഞങ്ങളെ പിന്തുടര്‍ന്ന്‌ ഈ രാജ്യത്തെ ഓരോ പൌരനും. ബ്രിട്ടീഷുകാരുടെ പാലായത്തിനു സമയമടുത്തെന്നു ഒരോ ഭാരതീയനും അറിയാം.

ഈ അറിവ്‌ ബ്രിട്ടീഷു പട്ടാളത്തിനും ഉണ്ടാവും. എപ്പോള്‍ വേണമെങ്കിലും അവരെത്താം. നിറച്ച തോക്കുകളുമായി. ജലിയന്‍ വാലായിലെ മൈതാനത്തിലെന്ന പോലെ ഉപ്പുപാടങ്ങളിലും ചോര തളം കെട്ടും. എന്നാലും ബാപ്പൂജി ഉപ്പ്‌ എടുക്കും. താനും. കഠിനമായ യാത്ര എന്നതിലുപരി ഇതൊക്കെ മനസില്‍ കണ്ടു കൊണ്ടാവും ബാപ്പുജി സ്ത്രീകളെ ഈ യാത്രയില്‍ നിന്നും നിര്‍ബന്ധപൂര്‍വം ഒഴിവാക്കിയത്‌?

വെളുത്ത വസ്ത്രങ്ങളില്‍ പുതിയ ഭൂപടങ്ങള്‍ തീര്‍ക്കുകയാണ്‌ ഒലിച്ചിറങ്ങുന്ന ഉപ്പു ചാലുകള്‍. അതിലേക്കു കടല്‍ക്കാറ്റു ഭീതിയൂതുമ്പോള്‍ കുലുങ്ങാത്ത കാല്‍വെപ്പുകളുമായി മുന്നില്‍ ബാപ്പൂജി. ക്ഷീണം ആവേശത്തിനു വഴി ഒഴിയുന്നു. എങ്കിലും ദാഹം വര്‍ദ്ധിക്കുകയാണ്‌. സ്വാതന്ത്യ്രത്തിനായുള്ള ദാഹം. അതു കാലുകളിലേക്കു നിലയ്ക്കാത്ത ഊര്‍ജം ചുരത്തുന്നു. കാലുകളുടെ ആ ഉറച്ച ചുവടുകളില്‍ ഭൂമി കുലുങ്ങുന്നതു കൊണ്ടാവണം, ദൂരെ വെട്ടിത്തിളങ്ങുന്ന കടല്‍ത്തിരകള്‍ ഇടയ്ക്ക്‌ തല ഉയര്‍ത്തിനോക്കുന്നത്‌. നിശ്ചയ ദാര്‍ഢ്യത്തിന്‍റെ കണ്ണുകള്‍ കണ്ട്‌ അവയോരോന്നും ഉടനെ തന്നെ പത്തി താഴ്ത്തുന്നുമുണ്ട്‌.

ബാപ്പൂജി ഉപ്പു പാടത്തെത്തിക്കഴിഞ്ഞിരിക്കുന്നു. ആ വേഗത്തെ വെല്ലാന്‍ ഏതു ശക്തിക്കാവും! പിന്നീട്‌ എല്ലാം ത്ധടുതിയിലായിരുന്നു. ഉപ്പു പാടത്തു നിന്നും ഒരു ചീളു ഉപ്പുമണ്ണു കൈയിലെടുത്തുകൊണ്ടു ബാപ്പൂജി പ്രഖ്യാപിച്ചു. 'പാവപ്പെട്ടവരുടെ കീശയില്‍ കൈയിട്ടു വാരുന്ന ഇതു വരെ കണ്ടതില്‍ വെച്ച്‌ ഏറ്റവും അന്യായമായ ദുഷിച്ച ഉപ്പു നിയമം ഇതാ ലംഘിക്കപ്പെട്ടിരിക്കുന്നു. '

ബാപ്പൂജിക്കു പുറകേ ഉപ്പു വാരി നിയമം ലംഘിക്കാന്‍ ഒരോ പ്രവര്‍ത്തകരും പായുകയാണ്‌. പന്നലാലും ആവേശത്തോടെ ഉപ്പു പാടത്തേക്കു ഓടിക്കയറി. ഇളം മഞ്ഞ നിറത്തില്‍ ചളിമണ്ണില്‍ ഊറിയ ഉപ്പു പാളി. അതില്‍ നിന്ന്‌ ഒരു ചീള്‌ അടര്‍ത്തിയപ്പോള്‍ ഭൂമി വിറച്ചു, ഇടി മുഴങ്ങിയതു പോലെ. ഭൂകമ്പത്തില്‍ ഭൂമി പിളരുന്നതു പോലെ.

വെറും തോന്നലല്ല, കുഴഞ്ഞ ചളിയില്‍ താഴുകയാണ്‌ കാലുകള്‍. കാലുകള്‍ മാത്രമല്ല, ഉടലും പിന്നെ തലയും. തൊണ്ടയിലെ ശബ്ദം ചളിയില്‍ കുമിളകള്‍ തീര്‍ത്തു. ഉപ്പു പാടത്തെ ആരവങ്ങള്‍ അകലുന്നു. 'രഘുപതി രാഘവ രാജാ റാം' നേര്‍ത്തു വരുന്നു. കുഴഞ്ഞ ചതുപ്പില്‍ മൂക്കും താണു കഴിഞ്ഞു. ചുറ്റും കനത്തുറയുന്ന ഇരുട്ടും തണുപ്പും മാത്രം.

രണ്ട്‌.

ബോധം വരുമ്പോള്‍ കടല്‍ത്തീരത്ത്‌ ഇരിക്കുകയാണ്‌. തിരയൊടുങ്ങിത്തുടിക്കുന്ന അറബിക്കടല്‍. മദപ്പാടിനു മുമ്പുള്ള ആനയുടെ ശാന്തതയാണോ അത്‌?

പ്രഭാതത്തിലേക്കു പറക്കുന്ന ഒരു കടല്‍പ്പക്ഷി. അതിനെ അനുഗമിച്ച കണ്ണുകള്‍ പകച്ചു പോയി. ആകാശത്തിലേക്കു തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി കോണ്‍ക്രീറ്റു കുന്നുകള്‍! എട്ടും പത്തുമല്ല, എണ്ണം പകച്ചു പോകുന്നത്ര! മാത്രമല്ല, താനിരിക്കുന്നത്‌ ഉപ്പുപാടത്തല്ല. പൊടിമണലില്‍. എവിടെയാണു താന്‍? എവിടെ ബാപ്പൂജി? ഭൂകമ്പത്തില്‍ ചളിത്തിട്ട നീങ്ങി മണല്‍ തിട്ടയിലെത്തിയോ? അതോ ഒരു സുനാമിത്തിരയുടെ മസ്തകത്തിലേറി ഇങ്ങോട്ടടിഞ്ഞോ? ഉറപ്പായും താന്‍ എങ്ങോട്ടോ പറിച്ചെറിയപ്പെട്ടിരിക്കുന്നു. എങ്ങോട്ട്‌?

ചാടിയെഴുന്നേറ്റ്‌ മണലിലൂടെ നടന്നു. കടല്‍ത്തീരത്തേക്കുള്ള മൂന്നു വഴികളിലൂടേയും അസംഖ്യം ആളുകള്‍ വന്നു കൊണ്ടിരിക്കുന്നു. കിഴക്കു നിന്നുള്ള വഴിയിലൂടെ ശുഭ്ര വസ്ത്ര ധാരികള്‍ ജാഥയായി വരുന്നുണ്ട്‌. ഇല്ല, ബാപ്പൂജി അവരോടൊപ്പമില്ല. ഉണ്ടെങ്കില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടാകുമായിരുന്നു. ഒരു പക്ഷേ ക്രൂരരായ ബ്രിട്ടീഷു പട്ടാളം അദ്ദേഹത്തെ...? ആ ചിന്തയില്‍ ചങ്കിലൊരു മുളകു കോറി. എന്തു ചെയ്യണം? എവിടെ തിരയണം? ആരോടു തിരക്കണം?

പെട്ടെന്നതാ സൈറണ്‍ മുഴക്കിക്കൊണ്ട്‌ നിരയായി കാറുകള്‍ വരുന്നു. മനോഹരമായ ആ കാറുകള്‍ കണ്ടാലറിയാം, വന്നത്‌ വൈസ്രോയി ആണെന്ന്‌. കറുത്ത വസ്ത്രം ധരിച്ച തോക്കു ധാരികള്‍ ചാടിനിരന്നു. അവര്‍ക്കിടയിലേക്കു കാറില്‍ നിന്നിറങ്ങിയത്‌ ...! കണ്ണുകളെ വിശ്വസിക്കാമോ? ഇന്ത്യക്കാരനായ വൈസ്രോയിയോ! മുന്നിലേക്കു നടക്കാന്‍ തുനിഞ്ഞെങ്കിലും കഴിഞ്ഞില്ല. ജനത്തിരക്ക്‌ ആ ശ്രമത്തെ വിഫലമാക്കി.
വെയില്‍ മൂത്തു തുടങ്ങി. ദാഹവും. അടുത്തുള്ള ഒരു കൊച്ചുകടയെ ഈച്ചകള്‍ പോലെ പൊതിഞ്ഞിരിക്കുകയാണ്‌ ജനം. കറുത്ത ദ്രാവകം നിറച്ച കുപ്പികളുമായി ചിലര്‍ വിജയശ്രീലാളിതരായി പുറത്തേക്കു തെറിച്ചു വരുന്നുണ്ട്‌. ദാഹം അടക്കാനാവുന്നില്ല. ഒരുവിധം തിരക്കിനുള്ളിലേക്കു നുഴഞ്ഞു കയറി. ഐസു പെട്ടിയില്‍ നിന്നും കറുത്ത കുപ്പി എടുത്തു നീട്ടിക്കൊണ്ട്‌ ഒരുത്തന്‍ പറഞ്ഞു. "കോളാ, ബീസ്‌ റുപ്പയാ". ഇരുപത്‌ രൂപയോ! തന്‍റെ ആറുമാസത്തെ കൂലി അത്രയും വരില്ലല്ലോ. ഇതും വിദേശികളുടെ മറ്റൊരു തട്ടിപ്പാവും. മണ്ണിന്‍റെ മക്കളെ മണ്ണിനും പെണ്ണിനും വേണ്ടി പരസ്പരം വെട്ടിക്കൊല്ലിച്ച്‌ മണ്ണു കവര്‍ന്നവരല്ലേ അവര്‍. ഈ കോളയും അതുപോലെ ഒരു കൊള്ള തന്നെയാവും.

"അതു കുടിക്കാതിരിക്കുന്നതാ ഭേദം. കൊടിയ വിഷമാ അതില്‍" കൈയില്‍ ചില കടലാസുകള്‍ ചുരുട്ടിപ്പിടിച്ചു കുര്‍ത്ത യും പൈജാമയും ധരിച്ച ആരോഗ്യമുള്ള ഒരു വൃദ്ധന്‍.

"താങ്കള്‍ ആരാ? എവിടെ നിന്നാ?"

"ഞാന്‍ വാസുദേവ്‌ പാട്ടീല്‍. ഇപ്പോള്‍ മുംബൈക്കാരന്‍. പക്ഷേ..." അയാളുടെ കണ്ഠം ഇടറി. കണ്ണിലൊരു തുള്ളി ഉരുണ്ടു നിറഞ്ഞു. അതില്‍ അറബിക്കടലിന്‍റെ പ്രക്ഷുബ്ധത പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഒന്നു നിര്‍ത്തിയ ശേഷം അയാള്‍ ചോദിച്ചു.

"താങ്കള്‍ ആരാ?"

"ഞാന്‍ പന്നലാല്‍.. വഴിതെറ്റി ഇവിടെ എത്തിപ്പെട്ടതാ. രാവിലെ തൊട്ട്‌ നടപ്പാ ഏതാ സ്ഥലമെന്നുപോലും നിശ്ചയമില്ലാതെ. "

"ഇതു മുംബൈ നഗരത്തിലെ പ്രശസ്തമായ ജുഹു ബീച്ച്‌ ആണ്‌. അലഞ്ഞു തിരിഞ്ഞതിന്‍റെ ക്ഷീണം മുഖം വിളിച്ചു പറയുന്നുണ്ട്‌. ആഹാരം കഴിച്ചിട്ടില്ലെന്നും. വരൂ നമുക്കാ കടയില്‍ നിന്നും ബേല്‍പ്പുരിയോ പാവ്‌ ബാജിയോ കഴിക്കാം. "

"ഹോ, എന്തൊരു തിരക്കാ?"

കീശയില്‍ കൈവെച്ചു കൊണ്ട്‌ പറഞ്ഞപ്പോള്‍ വാസുദേവ്‌ ചിരിച്ചു. "ഇവിടെ തിരക്കൊഴിയാറില്ല. വരൂ എന്‍റെ
കൈയില്‍ ചില്ലറയുണ്ട്‌. "

വലിയ തിരക്കില്ലാത്ത ഒരു കടയിലേക്കു പതുക്കെ നടന്നു. പാനി പുരിയുടെ മസാലവെള്ളം തയ്യാറാക്കുകയാണു കടക്കാരന്‍. ഒരു വെളുത്ത പൊടി കുടഞ്ഞിട്ട്‌ ഒഴിഞ്ഞ പൊളിത്തീന്‍ കവര്‍ കടക്കാരന്‍ വലിച്ചെറിഞ്ഞു. രണ്ടു പ്ളേറ്റ്‌ ബേല്‍പ്പുരിയുമായും വാങ്ങി അവര്‍ അല്‍പ്പം മാറി ഇരുന്നു. കടല്‍ ഒന്നു ശക്തമായി ഊതിയപ്പോള്‍ ആ ഒഴിഞ്ഞ കവര്‍ പറന്നു അവരുടെ മുന്നിലെത്തി. പന്നലാല്‍ അതിലേക്കു നോക്കി.

വായിച്ചതും അറിയാതെ ചോദിച്ചു പോയി. "ഉപ്പാണോ ഇതില്‍ ഉണ്ടായിരുന്നത്‌?"

"അതെ ഉപ്പു തന്നെ. പുതിയ പാക്കറ്റില്‍. വില പിന്നേയും കൂടിക്കാണും അല്ലേ?"

"തൊള്ളായിരത്തി അമ്പതു ഗ്രാമിനു ഇരുപ്പത്തഞ്ചു രൂപാ". കവറില്‍ പറ്റിയ ഒരു ഒരു നുള്ളു ഉപ്പു കൊതിയോടെ വായിലിട്ടു കൊണ്ടു ചോദിച്ചു. "എന്താ ജി. എസ്‌. ടി. ഇന്‍ക്ളൂഡഡ്‌ എന്നാല്‍?"

"ജി എസ്‌ ടീ ന്നു പറഞ്ഞാല്‍ ഗൂഡ്സ്‌ ആണ്റ്റ്‌ സര്‍വീസസ്‌ ടാക്സ്‌"

"ടാക്സ്‌ എന്നു വെച്ചാല്‍ നികുതിയല്ലേ? ഉപ്പിനും നികുതിയോ?"

"അതെ, ഉപ്പിനെന്നല്ല, ഉല്‍പ്പാദിപ്പിക്കുന്ന എന്തിനും നികുതിയുണ്ട്‌. "

"സര്‍വീസ്‌ എന്നാല്‍ സേവനമല്ലേ?"

"എന്നും പറയാം. പക്ഷേ ഇന്നു സേവനമെല്ലാം കാശിനു വേണ്ടിയാണല്ലോ. മാത്രമല്ല, ഓരോ സേവനവും ഒരു മൂല്യ വര്‍ദ്ധനവ്‌ ഉണ്ടാക്കുന്നുണ്ട്‌. അതിനു നികുതി ബാദ്ധ്യതയും ഉണ്ടെന്നാണു നിയമം നിഷ്ക്കര്‍ഷിക്കുന്നത്‌"


"അപ്പോള്‍ ബ്രിട്ടീഷുകാര്‍... "

പന്നലാലിനെ തുടരാന്‍ അനുവദിക്കാതെ വാസുദേവ്‌ പറഞ്ഞു. -" അവരൊക്കെ പോയിട്ടു പത്തെണ്‍പതു വര്‍ഷം കഴിഞ്ഞില്ലേ. ഇനി രാജ്യത്തിന്‍റെ പുരോഗതിക്കുള്ള പണം നാം തന്നെ സമാഹരിച്ചല്ലേ പറ്റൂ. "

"ഒന്നും മനസിലാവുന്നില്ലല്ലോ. "

"വിശദമായി പറയാം. നോക്കൂ ആ കപ്പലണ്ടി വില്‍ക്കുന്നവനെ കണ്ടോ. അവന്‍ നൂറു രൂപാക്കു ഒരു കിലോ കടല വാങ്ങി മസാല മണലില്‍ വറുത്ത്‌ മുപ്പതു പൊതിയാക്കി പൊതിയൊന്നിനു അഞ്ചു രൂപക്കു വിറ്റ്‌ നൂറ്റമ്പതു രൂപാ ഉണ്ടാക്കുന്നെന്നിരിക്കട്ടെ. അവന്‍ അമ്പതു രൂപാ ലാഭമുണ്ടാക്കുന്നുണ്ട്‌. കടലയിലുണ്ടാകുന്ന ഈ അമ്പതു രൂപയുടെ മൂല്യ വര്‍ദ്ധനവിനു അവന്‍ നികുതി അടക്കേണ്ടതുണ്ട്‌. "

"ആ പാവം കപ്പലണ്ടിക്കാരനോ?"

"എന്താ ഈ രാജ്യത്തിന്‍റെ പുരോഗതിയില്‍ അവനും പങ്കാളിയാവണ്ടേ? മാത്രമല്ല ലക്ഷക്കണക്കിനു കപ്പലണ്ടി വില്‍പ്പനക്കാര്‍ ഈ രാജ്യത്തുണ്ട്‌. അപ്പോള്‍ നല്ലൊരു തുകയാവില്ലേ അത്‌?"

"ങാ, ഗവണ്‍മെണ്റ്റു അവനു വെള്ളവും വെളിച്ചവും ജീവിത സൌകര്യങ്ങളും സൌജന്യമായി നല്‍കുന്നുണ്ടാവുമല്ലോ" "സൌജന്യമായിട്ടോ? ഇളവുകള്‍ പോലും പൂര്‍ണ്ണമായും നിര്‍ത്തിയാലേ രാജ്യത്തെ ഓരോ പൌരനും സ്വയം പര്യാപ്തമാകൂ എന്നാ ഗവണ്‍മെണ്റ്റു പറയുന്നത്‌. "

"എന്നാലും വീട്ടു നികുതി, ഭൂമി നികുതി ഒക്കെ നിര്‍ത്തലാക്കിക്കാണുമല്ലേ?"

"താങ്കള്‍ ഈ രാജ്യത്തല്ലേ ജീവിക്കുന്നത്‌! ഏതെങ്കിലും നികുതി എന്നെങ്കിലും നിര്‍ത്തലാക്കിയിട്ടുണ്ടോ? പേരും രൂപവും ഒക്കെ മാറ്റുമെന്നല്ലാതെ. ഇതിനൊക്കെ പുറമേ ആദായ നികുതി, വാഹന നികുതി, പാര്‍ക്കിംഗ്‌ നികുതി, പാത നികുതി, പാതയിലെ പാലങ്ങള്‍ക്കൊക്കെ വേറേ വേറേ നികുതി... അങ്ങിനെ നികുതി തലയിടാത്ത എന്താ ഇന്നുള്ളത്‌?"

"അപ്പോള്‍ ഭരണം കൊണ്ട്‌ എന്താ ഗുണം?"

"ഭരിക്കുന്നവനു ഗുണം മാത്രമല്ലേയുള്ളു. ജനങ്ങള്‍ക്കും ഗുണമുണ്ട്‌. സൌജന്യമായി ഭരിക്കപ്പെടുന്നുണ്ടല്ലോ. മാത്രമല്ല, അവര്‍ തന്നെയാണു അവരെ ഭരിക്കുന്നതെന്നു ആശ്വസിക്കുകയും ചെയ്യാം. ഇതൊന്നും ഞാന്‍ പറയുന്നതല്ല കേട്ടോ. ഗവണ്‍മണ്റ്റ്‌ പറയുന്നതാ" ഒന്നു നിര്‍ത്തിയിട്ട്‌ വാസുദേവ്‌ തുടര്‍ന്നു.

"ഞാന്‍ കുറേ ദൂരെ ഒരു ഗ്രാമത്തില്‍ ആണു ജനിച്ചത്‌. അടുത്തുള്ള നഗരത്തില്‍ വിദ്യാഭ്യാസം കഴിഞ്ഞു ഗ്രാമത്തിലേക്കു തിരിച്ചു പോയത്‌ അച്ഛനെ കൃഷിയില്‍ സഹായിക്കാനായിരുന്നു. തെല്ലു ദൂരെയായി ഒരു അണക്കെട്ടു വരുന്നെന്നു കേട്ടു. നര്‍മ്മദയിലെ വെള്ളം വേനല്‍ക്കാലത്തും കൃഷിക്കു ലഭ്യമാകുമല്ലോ എന്നു സന്തോഷിച്ചിരിക്കുമ്പോഴാണ്‌ അറിയുന്നത്‌ അണക്കെട്ടു വന്നാല്‍ കൃഷിയും ഗ്രാമം തന്നെയും മുങ്ങിപ്പോകുമെന്ന്‌. പിന്നീട്‌ ആ സ്ഥലമെല്ലാം ഗവണ്‍മെണ്റ്റു കൈയടക്കി, നക്കാപിച്ചക്കാശിന്‌. ഞങ്ങളെയൊക്കെ മുംബൈയുടെ പ്രാന്ത പ്രദേശങ്ങളില്‍ കുത്തി നിര്‍ത്തിയ കെട്ടിടങ്ങളുടെ ഒറ്റമുറി ഫ്ളാറ്റുകളിലേക്കു പറിച്ചു കുത്തി. വര്‍ഷങ്ങള്‍ കഴിഞ്ഞാണു അറിഞ്ഞത്‌ ആ ഗ്രാമം മുങ്ങിയിട്ടില്ലെന്ന്‌. ചെന്നു നോക്കുമ്പോള്‍ അവിടെ അപ്പാര്‍ട്ടുമെണ്റ്റുകളും ആശുപത്രിയും സ്ക്കൂളും ഷോപ്പിംഗ്‌ കോപ്ളക്സുകളും ഒക്കെ ഉയര്‍ന്നിരിക്കയാണ്‌. കുറേ ബുദ്ധിമുട്ടിയാണു ചിതറിപ്പോയ ഗ്രാമവാസികളില്‍ ചിലരെയെങ്കിലും കണ്ടുപിടിച്ചത്‌. ഞങ്ങള്‍ ആ ഭൂമി തിരികെ കിട്ടാനുള്ള ഒരു നിവേദനം തയ്യാറാക്കി. അപ്പോഴാണ്‌ അറിഞ്ഞത്‌ ഉപ്പു സത്യാഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സമ്മേളനം ജുഹു ബീച്ചില്‍ ഗാന്ധിഗ്രാമിനടുത്തു നടക്കാന്‍ പോകുന്നുണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ പ്രധാന മന്ത്രി വരുന്നുണ്ടെന്നും. അങ്ങിനെയെങ്കില്‍ നിവേദനം പ്രധാന മന്ത്രിക്കു നേരില്‍ കൊടുക്കാന്‍ ശ്രമിക്കാമെന്നു കരുതിയാണു ഞാന്‍ ഇങ്ങോട്ടു വന്നത്‌. കൊടുത്തിട്ടും വലിയ പ്രയോജനമില്ലെന്നു അറിയാതല്ല, എങ്കിലും പ്രതിഷേധം അറിയിക്കാമല്ലോ എന്നു കരുതിയിട്ടാ. അതാ, പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിക്കാറായെന്നു തോന്നുന്നു. ഞാന്‍ അങ്ങോട്ടു ചെല്ലട്ടെ. "

വാസുദേവിനെ തെല്ലു ദൂരം അനുഗമിച്ചു. ഇപ്പോള്‍ പ്രസംഗം ശരിക്കും കേള്‍ക്കാം.

" വികസനമാണ്‌ ഈ സര്‍ക്കാറിന്‍റെ മറ്റൊരു മുഖ്യ അജന്‍ഡ. കമ്പ്യൂട്ടറിലോ മൊബേല്‍ ഫോണിലോ ഒന്നു ഞെക്കിയാല്‍ മുറ്റത്തു വന്നു നില്‍ക്കുന്ന ശീതികരിച്ച കാറ്‌. അതിനോടുവാന്‍ അതിവേഗപ്പാതകള്‍. പുതിയ വിമാന ത്താവളങ്ങള്‍. നക്ഷത്ര ഹോട്ടലുകള്‍.. ഈ വികസനം ഇവിടെ നിന്നു പോകരുത്‌. അതേസമയം അനുസ്യൂതമായ വികസന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ അന്തരീക്ഷത്തെ മലിനീകരിച്ചു കൊണ്ടിരിക്കുകയാണ്‌. അതു തടഞ്ഞു ശുദ്ധവായു ലഭ്യമാക്കേണ്ടതുണ്ട്‌. അതിനായി പല പല പദ്ധതികളും നടപ്പിലാക്കാന്‍ തീരുമാനിച്ച കാര്യം ഈ സുദിനത്തില്‍ സന്തോഷ പൂര്‍വം ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്‌."

കൈയടികളുടെ ഒരു ഇടവേളക്കു ശേഷം പ്രസംഗം തുടര്‍ന്നു. "പുറം തള്ളുന്ന മാലിന്യങ്ങള്‍ പലപ്പോഴും വ്യവസായ ശാലകള്‍ ശുദ്ധീകരിക്കാറില്ല. അതുകൊണ്ട്‌ അതിന്‍റെ സംസ്ക്കരണം വരും വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുകയാണ്‌. മറ്റൊരു പദ്ധതി വനവല്‍ക്കരണമാണ്‌. ആള്‍ പാര്‍പ്പു കുറഞ്ഞ കൊച്ചു ഗ്രാമങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ അവിടെ വിപണന സാദ്ധ്യതയുള്ള മരങ്ങള്‍ വെച്ചു പിടിപ്പിച്ച്‌ ആ പ്രദേശങ്ങള്‍ സംരക്ഷിത വനങ്ങളാക്കി മാറ്റും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഉതകുന്ന പലതും ഇതിനോടനുബന്ധിച്ചു നിര്‍മ്മിക്കാന്‍ ഗവണ്‍മെണ്റ്റു മുന്‍ കൈ ഏടുക്കും. അവിടെ താമസിക്കുന്ന ഗ്രാമീണരെ നഗരപ്രാന്തങ്ങളില്‍ നിര്‍മ്മിക്കുന്ന പുതിയ ഫ്ളാറ്റുകളിലേക്കു മാറ്റിപാര്‍പ്പിക്കും. ഇതിനൊക്കെ ഭീമമായ ചിലവുണ്ട്‌. അതിലേക്കായി ഒരു പുതിയ നികുതി കൂടെ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കയാണ്‌. വര്‍ഷം തോറും ഒരു ചെറിയ തുക ശ്വാസനികുതിയായി അടച്ച്‌ ഈ പദ്ധതികളെ വിജയിപ്പിക്കണമെന്നു ഞാന്‍ നിങ്ങളോട്‌ ഈ വേളയില്‍ അഭ്യര്‍ത്ഥിക്കുകയാണ്‌... "

പിന്നീടൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ വടക്കോട്ട്‌ കുതിച്ചോടി. ആരെങ്കിലും പിന്നിലൂടെ ഓടിയെത്തുമെന്നും മൂക്കു പൊത്തിപ്പിടിച്ചു ശ്വാസനികുതി ചോദിക്കുമെന്നും ഉള്ള ഭയമായിരുന്നു ഉള്ളു നിറയെ. മനസു വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു, ഒരിക്കല്‍ കൂടെ മണ്ണില്‍ പുതഞ്ഞു താഴാന്‍.

ഓടിക്കിതച്ച്‌ ഗാന്ധി ഗ്രാമിനപ്പുറത്ത്‌ എത്തിയപ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു വൃദ്ധന്‍ ഇരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. വല്ലാത്ത ആശ്വാസവും തോന്നി. ബാപ്പൂജി!

എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഇത്രയേ പറയാന്‍ കഴിഞ്ഞുള്ളു.

"ബാപ്പൂജി, ഇവര്‍ പറയുന്നതു കേട്ടോ?"

"കേട്ടു" നിശ്ചയദാര്‍ഢ്യത്തിന്‍റെ ആ സ്വരം തുടര്‍ന്നു. "അന്യായത്തിന്‍റെ പര്യായമായ ശ്വാസ നികുതിക്കെതിരെ ഞാന്‍ മൂക്കും വായും പൊത്തി പ്രതിഷേധിക്കാന്‍ പോകുകയാണ്‌. "

ബാപ്പൂജി വായും മൂക്കും പൊത്തുന്നതു കണ്ടപ്പോള്‍ ചങ്കു പറിയുന്ന ശബ്ദത്തില്‍ പന്നലാല്‍ പറഞ്ഞു.

"അരുത്‌, ബാപ്പൂജി അരുത്‌. അവിവേകം ചെയ്യരുത്‌. അങ്ങയെ ശ്രദ്ധിക്കാന്‍ ഇവര്‍ ബ്രിട്ടീഷുകാരല്ലല്ലോ. "

Saturday, December 12, 2009

എ.ടി.എം. (കഥ)

തിരയാന്‍ തുടങ്ങിയിട്ടേറെ നേരമായി. ഒന്നും ബോധിക്കുന്നില്ല. എങ്ങിനെ ബോധിക്കും? ബോധിക്കാന്‍ എന്തെല്ലാം ഒത്തുവരണം? മനോഹരമായില്ലെങ്കില്‍ പോലും 'അയ്യേ.." ന്ന്‌ പറയിക്കാത്തത്‌. കീശക്കു വഴങ്ങുന്നത്‌. കൌതുകക്കണ്ണ്‌ വിടര്‍ത്തുന്നത്‌. ഓര്‍മ്മയിലെന്നും വിരിയുന്നത്‌. വാടാതെ പുഞ്ചിരിക്കുന്നത്‌. അങ്ങിനെ.. അങ്ങിനെ...

പുഞ്ചിരിച്ചാനയിച്ച സുന്ദരി മുഖങ്ങളിലൊക്കെ ഇപ്പോള്‍ പുച്ഛമാണ്‌. 'രാവിലെ തന്നെ വലിഞ്ഞു കേറിക്കോളും' എന്ന ഭാവമാണ്‌. 'ഒന്നിറങ്ങിത്തരുമോ' എന്ന്‌ ഓരോ നോട്ടങ്ങളും കെഞ്ചുന്നുണ്ട്‌. അങ്ങിനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. തിരഞ്ഞിട്ടും തിരഞ്ഞിട്ടും തിരഞ്ഞുകൊണ്ടിരിക്കുന്നവര്‍ വെറും തിരവുകാരാണെന്നും ഒന്നും വാങ്ങാതെ മടങ്ങുന്നവരുമാണെന്നു ഏതു വില്‍പ്പനക്കാര്‍ക്കാണ്‌ അറിയാത്തത്‌?

കയറി വരുമ്പോഴേ സെയിത്സ്‌ സുന്ദരിമാരുടെ വില്‍പ്പനച്ചിരി കടയുടമയുടെ മുഖത്തുണ്ടായിരുന്നില്ല. ചോദ്യ ചിഹ്നത്തിന്‍റെ ആ കണ്ണുകള്‍ തന്‍റെ കൈയിലെ പൊളിത്തീന്‍ കവറിലും അതിലെ ചോറ്റുപാത്രത്തിലും വെള്ളക്കുപ്പിയിലുമൊക്കെ ഇഴയുകയായിരുന്നു. അയാളുടെ ക്യാഷ്‌ കൌണ്ടറില്‍ നിന്നുള്ള പാളിനോട്ടത്തില്‍ ശല്യവും ശകാരവുമൊക്കെ ഇപ്പോള്‍ തെളിഞ്ഞു കാണാം. എന്തെങ്കിലും ഒന്നു തടഞ്ഞിരുന്നെങ്കില്‍ !

തടയുന്നുണ്ടു പലതും. സമ്മാനിക്കാന്‍ മനസു കൊതിക്കുന്നവ തന്നെ. പക്ഷേ അതില്‍ നൂലിട്ടു തൂക്കിയ പ്രൈസ്‌ ടാഗ്‌ ആണു യഥാര്‍ത്ഥത്തില്‍ 'തട'യാവുന്നത്‌. ഇനി തിരയാനും അധികം നേരമില്ല. തീവണ്ടിയെത്താനുള്ള നേരമായി. വെറും കയ്യുമായി ചെല്ലുന്നതേ അവള്‍ പ്രതീക്ഷിക്കൂ. അപ്പോള്‍ ഒരു സമ്മാനപ്പൊതി കാണുമ്പോഴേ ആ കണ്ണുകള്‍ വിടരും. വെറുതെ വിടര്‍ന്നാല്‍ പോരാ, നീലാകാശത്തിന്‍റെ ആഴങ്ങളില്‍ വര്‍ണ്ണ വിസ്മയങ്ങള്‍ പൂക്കണം. പക്ഷേ ആശക്കൊത്ത ഒരു കീശയുണ്ടായിരുന്നെങ്കില്‍ !

പെട്ടന്നാണതു കണ്ണില്‍ തടഞ്ഞത്‌. ഞെട്ടറ്റിട്ടും പൊട്ടിവീഴാത്ത പൊന്‍കതിരിലേക്കു കണ്ണും നട്ട്‌ ഒരു പഞ്ചവര്‍ണ്ണക്കിളി! അതിസുന്ദരം. കാണുന്നതിനു മുന്‍പേ കയ്യ്‌ അതു എടുത്തു കഴിഞ്ഞിരുന്നു. മനസു മയങ്ങിയിരുന്നു. ഉദ്വേഗത്തിന്‍റെ ഹൃദയമിടിപ്പുകള്‍ കണ്ണുകളെ പ്രൈസ്‌ ടാഗിലെത്തിച്ചിരുന്നു. അഞ്ഞൂറ്റി തൊണ്ണുറ്റൊമ്പത്‌ രൂപാ തൊണ്ണൂറു പൈസ.

ഓടുന്ന മിടിപ്പുകള്‍ കാലില്‍ കല്ലു കെട്ടിയപോലെ ഇഴഞ്ഞു. കീശയിലുള്ള നോട്ടുകള്‍ ഒന്നുകൂടെ എണ്ണി നോക്കി. അഞ്ഞൂറു തന്നെ. ഓഫീസില്‍ കൂടെ പണിയെടുക്കുന്നവനോടു കടം ഇരന്നു വാങ്ങിയത്‌. മുന്‍പു കടം വാങ്ങലായിരുന്നു. ഈയിടെയായി വിലക്കയറ്റത്തിന്‍റെ മുന്‍ചക്രങ്ങളോടൊത്തു ശമ്പളത്തിന്‍റെ പിന്‍ചക്രങ്ങള്‍ക്കു കുതിക്കാന്‍ കഴിയാത്തതുകൊണ്ട്‌ കടം വീട്ടല്‍ കടംകഥയായി. അതോടെ കടം ഇരക്കലായി. പുതിയ കടം കൊണ്ട്‌ പഴയ കടം വീട്ടി ജീവിതത്തിന്‍റെ ചക്രങ്ങള്‍ ഉരുട്ടി നീക്കുന്ന ഈ വിദ്യ എത്ര നാള്‍ കൂടെ നടക്കുമെന്നറിയില്ല. പക്ഷേ ഒന്നറിയാം. ചക്രങ്ങള്‍ കുതിച്ചെത്താറായി തെല്ലകലെയുള്ള പ്ളാറ്റ്‌ ഫോമിലേക്ക്‌.

മൊബേല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കില്‍ അറിയാമായിരുന്നു, തീവണ്ടി എപ്പോഴെത്തുമെന്ന്‌. രാവില്‍ നിന്നും പകലിലേക്കും ഭാഷയില്‍ നിന്നു ഭാഷയിലേക്കും നഗരത്തില്‍ നിന്നും നഗരത്തിലേക്കും കുതിച്ചുകൊണ്ടേയിരിക്കുന്ന എക്സ്പ്രസ്‌ തീവണ്ടിക്ക്‌ വെറും അഞ്ചു മിനുട്ട്‌ വിശ്രമമാണ്‌ ഈ നഗരത്തില്‍. ആ അഞ്ചു മിനുട്ട്‌ അവളെ കാണാം. സംസാരിക്കാം.

എത്ര വര്‍ഷങ്ങളായി അവളെ കണ്ടിട്ട്‌! ആ ശബ്ദം കേട്ടിട്ട്‌! വര്‍ഷങ്ങളുടെ നീളത്തെക്കുറിച്ച്‌ ഒരോ ഫോണിലും അവള്‍ പറയാറുണ്ട്‌. കാത്തിരിപ്പിലെ ഉത്കണ്ഠയെ പറ്റി വേവലാതിപ്പെടാറുണ്ട്‌. എന്നാലും ഒളിഞ്ഞു നില്‍ക്കുന്ന പ്രതീക്ഷയുടെ പുഞ്ചിരി വാക്കുകള്‍ക്കിടയില്‍ നിന്നും തലനീട്ടാറുണ്ട്‌.

"ഈ ജോലി തല ഉയര്‍ത്തി നില്‍ക്കാന്‍ ഇടം തരുമെന്നു തോന്നുന്നു. അതുകൊണ്ടാണു അങ്ങു ജോലി ചെയ്യുന്ന നഗരവും കടന്നേറെ ദൂരെയുള്ള ഈ ജോലിക്കായി ഞാന്‍ പോകുന്നത്‌. ഞാന്‍ കൊതിക്കുന്ന തണല്‍ അകലുകയാണോ എന്ന ഭീതി വല്ലാതെ വളരുന്നു. നാട്ടിലേക്കില്ല. ഫോണ്‍ വിളിയില്ല. അങ്ങോട്ടു വിളിക്കാമെന്നു വെച്ചാല്‍ മൊബേല്‍ ഫോണുമില്ല. ആ മനസ്‌ അറിയാമെന്ന വിശ്വാസത്തെ ഇനിയും ഭീതി വിഴുങ്ങിയിട്ടില്ല. അതുകൊണ്ട്‌ തീവണ്ടി അവിടെ എത്തുമ്പോള്‍ സ്റ്റേഷനില്‍ വരണം. നേരിട്ടു കാണണം. വന്നില്ലെങ്കില്‍.... എന്നെ തഴയുകയാണെന്ന ഭീതി ഒരു പക്ഷേ... ഇല്ല, വരും. വരണം. വരുമെന്ന പ്രതീക്ഷയോടെ ...
സ്നേഹ പൂര്‍വ്വം
സുമി"

പണ്ടെങ്ങോ കണ്ടു മറന്ന ചങ്ങാതിയുടെ നീല മുഖം വാതില്‍ക്കല്‍ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം ഇന്‍ലാന്‍ഡു ലെറ്റര്‍ തുറന്നു വായിച്ചപ്പോള്‍ വിദ്വേഷമായി മാറി. പക്ഷേ വിവേകം നന്ദി പറഞ്ഞു. അവളുടെ മനസിലെ തീര്‍ത്തും സ്വാഭാവികമായ ഭീതിയെക്കുറിച്ചു പറഞ്ഞതിന്‌. ആധികള്‍ പങ്കു വെച്ചതിനും.

ആധികളെ ആധികള്‍ കൊണ്ടു അടക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ടാണു ഒന്നും അറിയിക്കാതിരുന്നത്‌. ഫോണ്‍ വിളികള്‍ കുറച്ചതും. നീണ്ട ഒരു കടം മൊബേല്‍ ഫോണ്‍ ഭക്ഷിച്ചു വിടവാങ്ങിയപ്പോഴും ആ സന്തോഷം തന്നെയാണു തോന്നിയതും.

ഓര്‍മ്മകള്‍ പിന്നോട്ടോടുമ്പോള്‍ വാച്ചിലെ സൂചികള്‍ കുതിക്കുന്നത്‌ മുന്നോട്ടാണ്‌. കൃത്യ സമയത്തിനു സ്റ്റേഷനിലെത്തണം. എന്നും ഏറെ വൈകിയെത്തുന്ന ബസ്‌ വീട്ടില്‍ നിന്നിറങ്ങാന്‍ ഒരു മിനുട്ടു വൈകുന്ന ദിവസം തനിക്കു ചന്തിയും കാണിച്ചു ഓടി അകലുന്നത്‌ എത്ര തവണ കണ്ടിരിക്കുന്നു. സമയത്തിനു മുന്‍പെത്തി കാത്തിരുന്നാലോ, ഏറെ വൈകുന്ന വണ്ടി തന്‍റെ അരദിവസത്തെ അവധിയെ ഒരു ദിവസത്തെ അവധിയായി മാറ്റുകയും ചെയ്യും. ഇതൊക്കെ മുന്നില്‍ കണ്ട്‌ ജീവിതത്തെ നേരിടാന്‍ പഠിച്ചിരിക്കുന്നു. എന്നാലും ചില നേരങ്ങളില്‍ ചാടി വീഴുന്ന ചില അത്ഭുതങ്ങള്‍ ശരിക്കും അത്ഭുതപ്പെടുത്താറുണ്ട്‌. അതുപോലെ തന്നെ വന്നെത്താറുണ്ട്‌ ചില ഞെട്ടലുകളും.

ഇന്നു രാവിലെ കഴിഞ്ഞേ ഉള്ളു അങ്ങിനെയൊന്ന്‌. എന്നും രാത്രി ഉറങ്ങാന്‍ കിടന്നു അല്‍പ്പം കഴിഞ്ഞാല്‍ തോന്നും വാതില്‍ കുറ്റിയിട്ടിട്ടില്ലെന്നു. ചെന്നു നോക്കുമ്പോള്‍ കാണാം കുറ്റിയും പൂട്ടുമൊക്കെ കിടക്കുന്നത്‌. ഈ പാഴ്‌ വേലക്കൊരു അറുതി വരുത്താന്‍ ഇന്നലെ വാതില്‍ അടക്കാതെ കിടന്നു. അല്‍പ്പം കഴിഞ്ഞു എഴുന്നേറ്റു ചെല്ലുമ്പോള്‍ വിഡ്ഢിയാവില്ലല്ലോ എന്നു കരുതി.

പക്ഷേ എഴുന്നേറ്റ്‌ ചെന്നപ്പോള്‍ ഒന്നു ഞെട്ടി. വാതില്‍ തുറന്നു കിടക്കുന്നതു കണ്ടിട്ടല്ല. സൂര്യന്‍ എത്തിനോക്കുന്നതു കണ്ടിട്ടുമല്ല. മുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടതു കണ്ടിട്ട്‌. പിന്നെ ഒരു കുതിപ്പായിരുന്നു, കട്ടിലിലെ അലാറം ക്ളോക്കിനടുത്തേക്കു. എടുത്തു പിന്നിലൊന്നു ഞെക്കിയപ്പോള്‍ അതാ ബാറ്ററിയിടുന്ന സ്ഥലത്തു ചുരുണ്ടു കിടന്നുറങ്ങുന്നു നൂറിന്‍റെ അഞ്ചു നോട്ടുകള്‍. കൈയിലിരുന്നു മിടിക്കുന്ന ഹൃദയത്തെ അപ്പോഴാണു ഉള്ളിലേക്കിട്ടത്‌. പിന്നീടാണോര്‍ത്തത്‌ വില്‍ക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ തലേന്നു അരിച്ചു പെറുക്കി തിരഞ്ഞത്‌.

അതു പോലെ ഒരു നൂറു രൂപാ നോട്ടിന്‍റെ അത്ഭുതം? ഒരിക്കല്‍ കൂടെ പേഴ്സ്‌ എടുത്തു എണ്ണി. ഇപ്പോഴും അഞ്ചു തന്നെ. പേഴ്സിന്‍റെ എല്ലാ പോക്കറ്റുകളും പരതി. അവളുടെ ഒരു പഴയ ഫോട്ടോ. പിന്നെ ഒരു എ.ടി.എം കാര്‍ഡ്‌. സേവിംഗ്‌ അക്കൌണ്ടു തുറന്നപ്പോള്‍ ബാങ്ക്‌ സൌജന്യമായി തന്നത്‌. ശമ്പളച്ചെക്കു മാറി കാശെത്തുന്ന ദിവസം തന്നെ മിനിമം ബാലന്‍സിലേക്കു കൂപ്പുകുത്തുന്ന സേവിംഗ്‌ ബാങ്ക്‌ അക്കൌണ്ട്‌.

ഈയിടെ യായി എട്ടും പത്തും രൂപാ കൂടി അതു പത്ത്‌ അറുപത്‌ രൂപാ ആയിട്ടുണ്ടെന്നു തോന്നുന്നു. നൂറില്‍ താഴെയുള്ള നോട്ടുകള്‍ എ.ടി.എം മെഷിനില്‍ കിട്ടാത്തതുകൊണ്ട്‌ ബാക്കി കിടക്കുന്ന അറുപത്‌ രൂപാ. ഇനി വല്ല പലിശയോ മറ്റോ കൂടിച്ചേര്‍ന്ന്‌ അതു നൂറു രൂപാ തികഞ്ഞിട്ടുണ്ടെങ്കിലോ? രണ്ടു ദിവസം മുമ്പ്‌ കത്തു കിട്ടിയിരുന്നെങ്കില്‍ അക്കൌണ്ട്‌ അടച്ചു മുഴുവന്‍ കാശുമെടുത്ത്‌ നല്ലൊരു സമ്മാനം വാങ്ങാമായിരുന്നു. എന്തായാലും എ.ടി. എം സ്റ്റേഷണ്റ്റെ പിന്നിലുണ്ട്‌. ബാലന്‍സു നോക്കാന്‍ അധികം നേരം വേണ്ടല്ലോ. കടയില്‍ നിന്നും ഇറങ്ങി ഓടുമ്പോള്‍ കടയുടമ നെഞ്ചില്‍ കുരിശു വരക്കുന്നതു കണ്ടു.

പ്രതീക്ഷിച്ചാല്‍ അത്ഭുതം വരില്ല. വന്നാലും അത്ഭുതത്തിന്‍റെ രൂപത്തിലാവില്ല. ടി.വി. വില്‍ക്കുന്നതിനു മുന്‍പ്‌ കണ്ടറിഞ്ഞിട്ടുള്ളതാണ്‌ ഇത്‌. ക്രിക്കറ്റ്‌ കളി തോല്‍ക്കുമെന്ന്‌ ഉറപ്പാകുമ്പോള്‍ ടി. വി. ഓഫ്‌ ചെയ്ത്‌ കിടന്നുറങ്ങും. രാവിലെ പത്രം തുറക്കുമ്പോള്‍ കാണാം അവസാന ഓവറില്‍ അവസാനത്തെ കളിക്കാരന്‍ അത്ഭുതങ്ങള്‍ കാണിച്ച്‌ ഇന്ത്യ കളി ജയിച്ച വാര്‍ത്ത. ജയിക്കുമെന്നുറപ്പായ കളി അതേ വിധത്തില്‍ തോല്‍ക്കാറുമുണ്ട്‌. അങ്ങിനെ ഒരു അത്ഭുതം പ്രതീക്ഷിച്ചു ഉണര്‍ന്നാലോ. കളി മഴ മൂലം ഉപേക്ഷിച്ച വാര്‍ത്തയാകും. നാലു ദിവസം കഴിഞ്ഞു മാച്ച്‌ ഫിക്സിംഗ്‌ വാര്‍ത്ത വരുമ്പോള്‍ എല്ലാ അത്ഭുതങ്ങളും കുത്തിയൊലിച്ചു പോകുകയും ചെയ്യും.

സാറ്റ്‌ ലൈറ്റ്‌ കണക്ഷന്‍ പ്രശ്നവും പ്രതീക്ഷിച്ചാണ്‌ എ.ടി.എം ലേക്കു ഓടിയെത്തിയത്‌. എന്നും ഒഴിഞ്ഞു കിടക്കുന്നതു കണ്ടിട്ടുള്ള അവിടെ അതാ സാമാന്യം ഭേദപ്പെട്ട ഒരു വരി. വരിയില്‍ നിന്നിട്ടു നില്‍പ്പു ഉറക്കുന്നില്ല. പ്ളാറ്റ്‌ ഫോമിലെ റെയില്‍വേയുടെ അനൌണ്‍സുമെന്‍റുകള്‍ കൃപയോടെ കാറ്റു കൊണ്ടു വരുമ്പോള്‍ അസ്വസ്ഥത ഏറുന്നു. പ്രതീക്ഷിച്ചതു പോലെ അതാ ആ അനൌണ്‍സ്‌മണ്റ്റ്‌, വണ്ടി കൃത്യ സമയത്തു എത്തുമെന്ന്.

എ.ടി.എം ന്‌ അകത്തുള്ള സ്ത്രീ നോട്ടുകള്‍ ഒരോന്നായി എണ്ണി കേടുപാടുകളൊക്കെ സുസൂക്ഷ്മം നിരീക്ഷിച്ച്‌ ബാഗില്‍ വെക്കുകയാണ്‌. ഒടുക്കത്തെ നോട്ടും ബാഗിലിട്ട്‌ വീണ്ടും ബാഗില്‍ തിരയുകയാണ്‌. അതില്‍ നിന്നും ഒരു തുണ്ടു കടലാസു എടുത്ത്‌ പിന്‍ നമ്പര്‍ ഒരോന്നായി നോക്കി നോക്കി കുത്തുന്നതു കണ്ടപ്പോള്‍ ക്ഷമ വിട്ടു പറഞ്ഞു പോയി. 'നാലക്കത്തിന്‍റെ നമ്പര്‍ ഓര്‍ക്കാന്‍ വയ്യാത്ത കഴുത'.

ബാലന്‍സു സ്റ്റേറ്റ്‌ മെന്‍റും വായിച്ചു ഇറങ്ങുന്നതു കണ്ടപ്പോള്‍ ഗേറ്റിലേക്കു ഓടിച്ചെന്നു അവരോടു പറഞ്ഞു, കാര്‍ഡ്‌ കൂടെ എടുത്തോണ്ടു പോകാന്‍.

യാര്‍ഡിലേക്കു മാറ്റുന്ന ഒരു ഗൂഡ്സ്‌ വണ്ടിയുടെ എണ്ണമറ്റ ബോഗികള്‍ പതുക്കെ നടന്നു പോയി.

അയാള്‍ ഇറങ്ങുന്നതിനു മുന്‍പേ ഇടിച്ചു കയറി. ഒറ്റക്കു ഇടിച്ചു കേറുന്നതു കണ്ടിട്ടാവണം അയാള്‍ ചിരിച്ചു കൊണ്ടാണ്‌ ഇറങ്ങിപ്പോയത്‌. കാര്‍ഡ്‌ മെഷീന്‍ വലിക്കേണ്ട താമസം. രഹസ്യ നമ്പര്‍ കുത്തി. ബാലന്‍സ്‌ അന്വേഷണത്തിന്‍റെ ചങ്കിടിപ്പിക്കുന്ന നീണ്ട സെക്കണ്ടുകള്‍.

ചിലപ്പോള്‍ കാരം ബോര്‍ഡില്‍ സ്ട്രക്കര്‍ വെക്കുമ്പോഴേ തോന്നാറില്ലേ, മറുവശത്തെ പള്ളക്കു കിടക്കുന്ന കോയിന്‍ ഈ ചെത്തില്‍ പോക്കറ്റിലേക്കു ഒഴുകുമെന്ന്‌. അത്‌ അതുപോലെ ഒഴുകി പോക്കറ്റില്‍ വീഴുന്ന അതേ ഫീലിംഗ്‌. കട കട ശബ്ദത്തോടെ മെഷീന്‍ നാക്കു നീട്ടിയപ്പോള്‍ മിനിമം ബാലന്‍സിനേക്കാള്‍ നൂറല്ല നൂറ്റി രണ്ടു രൂപാ കൂടുതല്‍! തുള്ളിച്ചാടണമെന്നു തോന്നി. അതോ തുള്ളിച്ചാടിയോ? എന്തായാലും നൂറു രൂപാ പിന്‍ വലിക്കാനുള്ള തന്‍റെ ഓര്‍ഡര്‍ കുത്തിക്കഴിഞ്ഞു.

അറുനൂറു രൂപയുടെ സമ്മാനവുമായി സ്റ്റേഷനിലേക്കു കുതിക്കുന്ന ചിത്രമാണു മനസില്‍. ഇല്ല, ജീവിതം പഠിപ്പിച്ചിട്ടുള്ളതൊക്കെ ഒടുക്കത്തെ ട്വിസ്റ്റുകളെ പ്രതീക്ഷിക്കാനാണ്‌. ഒന്നുകില്‍ നൂറിന്‍റെ നോട്ടു ഉണ്ടാകില്ല. അല്ലെങ്കില്‍ സാറ്റ്‌ ലെറ്റ്‌ ലിങ്ക്‌ മുറിഞ്ഞ്‌ അതു പ്രവര്‍ത്തിക്കാതാകും. അതുമല്ലെങ്കില്‍ കടയിലേക്കു കയറുമ്പോള്‍ മറ്റൊരാള്‍ ആ സമ്മാനവും കൊണ്ട്‌ ഇറങ്ങി വരുന്നതു കാണും.

ഇപ്പോഴും സ്ക്റീനില്‍ പ്ളീസ്‌ വെയിറ്റ്‌ എന്ന സന്ദേശമാണ്‌. എത്ര നേരമാണപ്പാ ഈ കാത്തിരുപ്പ്‌. ഒക്കെ തന്‍റെ ധൃതി കൊണ്ടു തോന്നുന്നതാണോ? അല്ല, ഏറെ നേരമായി. എന്തോ ഉടക്കുണ്ട്‌. പ്ളീസ്‌ വെയിറ്റും അപ്രത്യക്ഷമായിരിക്കുന്നു. എ.ടി.എം കാര്‍ഡും അകത്തു കുടുങ്ങിയിരിക്കുന്നു.

ചുറ്റുമൊന്നു നോക്കി. ആരേയും കാണുന്നില്ല. രണ്ടാമതും നമ്പര്‍ കുത്തി. ക്യാന്‍സല്‍ ബട്ടനില്‍ അമര്‍ത്തിപ്പിടിച്ചു. അനക്കമില്ല.

ദേഷ്യം സഹിക്കാന്‍ കഴിഞ്ഞില്ല, രണ്ടു ഇടിയും ഒരു ചവിട്ടും കൊടുത്ത്‌ പുറത്തേക്കു ഇറങ്ങുമ്പോള്‍ അതാ പിന്നില്‍ `കടാ കടാ' ശബ്ദം. തിരിഞ്ഞപ്പോള്‍ ഒരു നൂറു രൂപാ തല നീട്ടി ചിരിക്കുന്നു.

ഒറ്റക്കുതിപ്പിനു അതെടുത്ത്‌ ഒരുമ്മയും കൊടുത്തു കീശയില്‍ തിരുകി പുറത്തേക്കോടുമ്പോള്‍ വീണ്ടും പിന്നില്‍ `കട കടാ' ശബ്ദം. അപ്പോഴാ ഒാര്‍ത്തത്‌ കാറ്‍ഡെടുത്തില്ല. നോക്കുമ്പോള്‍ കാറ്‍ഡ്‌ പുറത്തേക്കു വന്നിട്ടില്ല. നൂറു രൂപാ അതാ കിടക്കുന്നു അവിടെ തന്നെ. അപ്പോള്‍ ആദ്യം കാശിനു പകരം കാറ്‍ഡാണോ എടുത്തത്‌? അല്ല, അതു കീശയില്‍ ഒടിഞ്ഞു കിടപ്പുണ്ട്‌. പതുക്കെ അതും എടുത്തു.

അപ്പോള്‍ അതാ വരുന്നു ഒരു കെട്ടു നോട്ട്‌! സ്വപ്നമല്ലെന്നു ഉറപ്പിക്കാന്‍ തലക്കിട്ടൊന്നു തല്ലി. പിന്നെ നോട്ടുകള്‍ വാരി കീശയില്‍ നിറച്ചു. അപ്പോള്‍ അതാ വരുന്നു വീണ്ടും നോട്ടുകള്‍. വലിച്ചെടുക്കുന്തോറും നോട്ടുകള്‍.. നോട്ടുകള്‍...

കീശയൊക്കെ നിറഞ്ഞു. പ്ളാസ്റ്റിക്‌ സഞ്ചിയും നിറഞ്ഞു. ഇനി എവിടെ നിറക്കും? ചോറ്റു പാത്രം കാലിയാക്കി അതും നിറച്ചു.

പ്ളാസ്റ്റിക്‌ ബോട്ടിലിലെ വെള്ളം തൂത്തുകളഞ്ഞ്‌ അതിലേക്കു നോട്ടുകള്‍ ചുരുട്ടി നിറച്ചുകൊണ്ടിരിക്കുമ്പോള്‍ പ്ളാറ്റ്‌ ഫോമില്‍ നിന്നും പതിയെ നീങ്ങിയ തീവണ്ടി ദൂരങ്ങളിലേക്കു കുതിക്കുകയായിരുന്നു.

Friday, November 6, 2009

കണ്ടു പിടിച്ചേയ്‌ ! (കഥ)

"ഗീതമ്മായീ ദേ കിട്ടി !" ആവേശത്തോടെ കുതിച്ചോടിയെത്തിയ ദീപുമോന്‍ ഗീതയുടെ മടിയിലേക്കു ചാടി വീണു.

തിണ്ണപ്പടിയിലിരുന്നു വായിക്കുകയായിരുന്ന ഗീതയുടെ പുസ്തകം മുറ്റത്തേക്കു തെറിച്ചു വീണു. പുല്‍ത്തകിടിക്കു അതിരു നില്‍ക്കുന്ന പനിനീര്‍ ചെടികള്‍വകഞ്ഞു മാറ്റി അത്ഭുതത്തിണ്റ്റെ തുറന്ന കണ്ണുകള്‍ മുറ്റത്തേക്കോടിയെത്തി.

"എവിടെ കാണട്ടെ" പുള്ളിപ്പാവാടയില്‍ നിന്നും റോസാമുള്ളു ശ്രദ്ധാപൂര്‍വ്വം മാറ്റുന്നതിനിടയില്‍ ആതിര പറഞ്ഞു.

പനി നീര്‍ ഇതളിണ്റ്റെ ഉള്ളം കൈയില്‍ പച്ച ഓല മടഞ്ഞുണ്ടാക്കിയ ഒരു കൊച്ചു ചതുരക്കട്ട.

"ഇദ്‌ ആണോ ഓല പൂട്ട്‌?" ധീരജിണ്റ്റെ മുഖം കൂമ്പി.

"ഞാന്‍ വിചാരിച്ചു... "

അനു മോളേ തുടരാന്‍ അനുവദിക്കാതെ ഗീതമ്മായി പറഞ്ഞു. -"ഇനി ആരും ഒന്നും വിചാരിക്കേണ്ടാ. ഇത്തവണയും പൂട്ടു തിരയല്‍ മത്സരത്തില്‍ ദീപുക്കുട്ടനാ ജയിച്ചത്‌. "

ദീപു മോന്‍ ഗീതമ്മായിയോടു ഒന്നു കൂടെ ചേര്‍ന്നു നിന്നു. മെഡല്‍ വാങ്ങാന്‍ നില്‍ക്കുന്ന കളിക്കാരനെപ്പോലെ.

"എവിട്യാ അദ്‌ കെടന്നീരുന്നത്‌?" രാധയുടെ സംശയം.

"പറേട്ടേ" ദീപു ഗീതമ്മായിയുടെ സമ്മതത്തിനായി വെമ്പി നിന്നു.

"ങും" ഗീതമ്മായി തലയാട്ടി.

"ദേ, ആ ചട്ടീലെ മുല്ലേടെ ചോട്ടില്‍"

"അദ്‌ എങ്ങിന്യാ നീ കണ്ടേ?" അനൂപിന്‍റെ സംശയം.

"അമ്മായി കാണിച്ചു കൊടുത്തിട്ടുണ്ടാവും" മിഥുനയുടെ മുഖം വീര്‍ത്തു.

അതു കേട്ടതും ഗീതമ്മായി ഉറക്കെ ചോദിച്ചു. -"ഞാന്‍ കാണിച്ചു കൊടുത്തിട്ടുണ്ടാവും ന്ന്‌ തോന്ന്ണുണ്ടോ?"

"ഇല്ല"

മറ്റു കുട്ടികളുടെ സ്വരം മുറ്റവും മതിലും കടന്നു വളര്‍ന്നപ്പോള്‍ അയലത്തുള്ള വീട്ടില്‍ നിന്നും തങ്കപ്പന്‍ നായര്‍ വിളിച്ചു പറഞ്ഞു. -"ഗീതേ, കുട്ടികള്‍ ഒരു പാടു വെളച്ചിലു കാട്ടിയാല്‍ കളി മതിയാക്കി പറഞ്ഞു വിട്ടോളു. "

"വേണ്ടാ..."

കുട്ടികള്‍ ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ തങ്കപ്പന്‍ നായര്‍ കാതു പൊത്തിപ്പിടിച്ച്‌ അയാളുടെ വീട്ടിനകത്തേക്കു തന്നെ കയറിപ്പോയി.

മുറ്റത്തു നിന്നും പുസ്തകം എടുത്തു തിണ്ണയിലിരുന്ന ശേഷം ഗീതമ്മായി ചോദിച്ചു. -"ശരിക്കും ദീപുക്കുട്ടന്‍ എങ്ങിന്യാ അതു കണ്ടു പിടിച്ചത്‌?"

"ഗീതമ്മായി കാണിച്ചു തന്നതാ"

"ഞാനോ!" ദീപു പറഞ്ഞതു കേട്ട്‌ ഗീത അത്ഭുതപ്പെട്ടുപോയി.

"ങും. അമ്മായി ഇടയ്ക്കു പുസ്തകത്തീന്നു കണ്ണെടുക്കുമ്പോഴൊക്കെ ആ ചട്ടിയിലേക്കു നോക്കുന്നുണ്ടായിരുന്നു"

"എഡാ വെളവാ. ആരെങ്കിലും അങ്ങോട്ടു തിരഞ്ഞു പോകുന്നുണ്ടോ ന്ന്‌ നോക്ക്യേതായിരുന്നു ഞാന്‍."

പിന്നെ എല്ലാവരോടുമായി ഗീതമ്മായി പറഞ്ഞു. -"കണ്ടോ, ദീപുക്കുട്ടനു അന്വേഷിക്കാനുള്ള വാസനയുണ്ട്‌. കഴിവും. അതുണ്ടെങ്കിലേ എന്തും കണ്ടെത്താന്‍ കഴിയൂ. "

"അടുത്ത തവണ ഞാനാ കണ്ടുപിടിക്യാ. നോക്കിക്കോ. അമ്മായി നോക്കണ ഭാഗത്തേക്കോടി ചെന്നു തിരയും" ധീരജ്‌ പറഞ്ഞു.

"ഞാനിനി ഒളിപ്പിച്ച സ്ഥലത്തേക്കു നോക്ക്വേന്നില്ല്യ"

ഗീതമ്മായി ഇതു പറഞ്ഞതും ആതിര പറഞ്ഞു. -"ന്നാ ഞാന്‍ കണ്ടുപിടിക്കും. അമ്മായി നോക്കാത്ത ദിക്കിലെന്നെ തിരയും"

"ആതിരക്കുട്ട്യേ.. ഞാന്‍ എങ്ങട്ടും നോക്കില്ല. പുസ്തകത്തൂന്നു കണ്ണെടുക്കില്ലാ. "

ഗീതമ്മായി പറഞ്ഞതും രാധ ചോധിച്ചു. -"പുസ്തകത്തിലും ഒളിപ്പിക്ക്യോ?"

"പുസ്തകത്തില്‍ പൂട്ടല്ലാ ഒളിപ്പിക്ക്യാ. താക്കോലാ. "

ഗീതമ്മായി പറഞ്ഞതു മനസിലാവാതെ കുട്ടികള്‍ പരസ്പരം നോക്കി.

"ഇനി താക്കോലാ തിരയേണ്ടത്‌?" -അയലത്തു നിന്നും അപ്പോള്‍ ഓടിയെത്തിയ കാര്‍ത്തിക ചോദിച്ചു.

"അതെ. ഞാന്‍ പ്ളാവിലയില്‍ നിന്നും ഒരു താക്കോല്‍ രൂപം വെട്ടിയെടുക്കും. അതു ആരാ ആദ്യം കണ്ടുപിടിക്കുക എന്നു നോക്കാം"

"ഏതു നിറത്തിലുള്ള താക്കോലാ?"

"പഴുത്ത പ്ളാവിലേടെ നിറം" ദീപുക്കുട്ടന്‍ പറഞ്ഞതു കേട്ടു ഗീതമ്മായി ചോദിച്ചു - "അതു നിനക്കെങ്ങിന്യാ അറിയാ?"

"ഇലോളൊക്കെ നല്ല ഒയരത്തിലാ. ഗീതമ്മായിക്കു മരം കേറാനും അറീല്ല്യ. അപ്പോ നിലത്തൂന്നു പ്ളാവില പെറുക്കാനല്ലേ പറ്റൂ. നെലത്തു കിടക്കണതൊക്കെ പഴുത്ത ഇലകളാ. "

"കണ്ടോ ഞാന്‍ പറയാതെ തന്നെ ദീപു ക്കുട്ടന്‍ ക്ളു കണ്ടു പിടിച്ചു. നിങ്ങളാരെങ്കിലും ഇങ്ങിനെ ചിന്തിച്ചോ? ഇനി എല്ലാരും അങ്ങോട്ടു തിരിഞ്ഞു കണ്ണടച്ചു നിന്നു അമ്പതു വരെ എണ്ണിക്കോളു. അമ്മായി താക്കോല്‍ ഒളിപ്പിച്ചു കഴിഞ്ഞാല്‍ റെഡീ ന്ന് പറയാം. അപ്പോഴേ കണ്ണു തുറക്കാവൂ"

"ഞങ്ങള്‍ക്കു വേറേം ക്ളു തരണം" കുട്ടികള്‍ ഓരോരുത്തരായി ശബ്ദം വെച്ചു തുടങ്ങി.

"നടുമുറ്റത്തിന്‍റെ ഈ വട്ടത്തില്‍ മാത്രേ താക്കോല്‍ ഒളിപ്പിക്കൂ?"
"അതോ റോസാ ചെടീടെ താഴെ വെക്കോ?"
"ചട്ടീടെ അടീലൊന്നും വെക്കില്ലല്ലോ?"
"മുറ്റത്തെ മണലിലോ അതോ പുല്ലിലോ ഒളിപ്പിക്കാന്‍ പോണത്‌?"

കുട്ടികളുടെ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ഗീതമ്മായിക്കു ദേഷ്യം വന്നു. - "ഇതൊക്കെ പറഞ്ഞിട്ടു പിന്നെന്തിനാ കളിക്കണത്‌? എല്ലാവര്‍ക്കും ഒരോ താക്കോല്‍ ഉണ്ടാക്കിത്തരാം. പോരേ".

Saturday, September 26, 2009

നിലാ നിഴല്‍ (കഥ)

തുണി പൊക്കി നിന്ന ചിക്കലി ബെന്‍ മുഖം തിരിച്ചു തുപ്പി. ചോരകലര്‍ന്ന കൊഴുത്ത തുപ്പല്‍. അതില്‍ അവളുടെ തുള വീണ അണപ്പല്ല്‌ അടര്‍ന്നുകിടന്നതു അവള്‍ കണ്ടിട്ടില്ല. അറിഞ്ഞിട്ടുമില്ല. കാരണം അടിയേറ്റകവിളാകെ തരിച്ചു മരവിച്ചിരുന്നു.

ചവയ്ക്കാന്‍ കൊള്ളാത്ത പൊട്ടപ്പല്ലും പുലഭ്യം പതയുന്ന തുപ്പലും ചോരയുമൊക്കെ എന്‍റെ കറുത്ത മേലാപ്പിലൊളിപ്പിക്കാന്‍തത്രപ്പെടുകയായിരുന്നു ഞാന്‍. ഒന്നു കുനിഞ്ഞു നിവര്‍ന്ന ചിക്കലി തലവെട്ടിച്ചു കാറി "ബേന്‍ക്കി ലോഡാ, സാലാ, ബൂസഡീക്കാ.. " കവിളിലൂടെ തികട്ടിയൊലിച്ച ചോര പുലഭ്യങ്ങളുടെ ഒഴുക്കു മുറിച്ചു.

തെല്ലകലെ പച്ച വെളിച്ചം കാത്തു കിടന്നിരുന്ന നീലക്കാറിന്‍റെ വാതില്‍ തുറന്ന്‌ ഒരു സര്‍ദാര്‍ പുറത്തേക്കിറങ്ങി. പുച്ഛംകലര്‍ന്ന ക്രൌര്യത്തിന്‍റെ തുണി അഹങ്കാര ചുറ്റലുകളോടെ അയാളുടെ തലയില്‍ ഉണ്ടായിരുന്നു. അതു കണ്ട ചിക്കലി കടലാസു പൊതിയും കക്ഷത്തില്‍ഇറുക്കിപ്പിടിച്ചു പൊള്ളുന്ന നിരത്തിലൂടെ ഓട്ടം തുടങ്ങി. കൂടെ ഞാനും.

തെല്ലു ദൂരം ഓടിയ ചിക്കലി പെട്ടെന്നു തിരിഞ്ഞു നിന്നു. നാലഞ്ചുതെറിത്തുണ്ടുകള്‍ ആട്ടി തുപ്പിയിട്ട്‌ വീണ്ടും അവള്‍ തിരിഞ്ഞു നടന്നു. അവള്‍.. ??

അതെ, വേഷവിധാനം കൊണ്ടു ചിക്കലി അവളാണ്‌. പക്ഷേ സമൂഹത്തിനുചിക്കലി അവനോ അവളോ അല്ല. മനുഷ്യനും മൃഗവുമല്ലാത്ത വെറും ഒരുഹിജഡ (നപുംസകം). എന്നെപ്പോലെ.

ബീഹാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ദേവ്‌ ലഖന്‍ സിഹ്നയുടേയും കഠോരിദേവിയുടേയും മകളായി ജനിക്കുമ്പോള്‍ അവള്‍ ഭാഗ്യവതിയായിരുന്നു. കാരണം ആ ഗ്രാമത്തിലെ മറ്റു പെണ്‍കുഞ്ഞുങ്ങളില്‍ നിന്നും വ്യത്യസ്തമായി അവള്‍ അച്ഛനമ്മമാരുടെ പഴി തിന്നു കൊണ്ടിരുന്നില്ല. പക്ഷേ നിര്‍ഭാഗ്യം ആഴ്ച്ചകള്‍ക്കുള്ളില്‍ അവളെ കാണാനെത്തി. തുടരെ കൈകൊട്ടിയും ചെണ്ടയടിച്ചും പാട്ടു പാടിയും വെറ്റില മുറുക്കിത്തുപ്പിയും അവരെത്തുമ്പോള്‍ വലി വണ്ടിയുടെ ചക്രങ്ങളിലെ ചളിക്കട്ടകള്‍കുത്തിയിളക്കുകയായിരുന്നു ദേവ്‌ ലഖന്‍. ചിക്കലി മലര്‍ന്നു കിടന്നു തന്‍റെ തളയിട്ട കാലുകള്‍ കൊണ്ടു വായുവില്‍ നൃത്തം ചെയ്തു അവരെവരവേറ്റു.

പക്ഷേ ദേവ്‌ ലഖന്‍ അവരുമായി തര്‍ക്കത്തിലാണ്‌, കാശ്‌ കുറയ്ക്കാന്‍. വിവാഹം, വീടു വെക്കല്‍, കുഞ്ഞുണ്ടാകല്‍ ഒക്കെ ഹിജഡകള്‍ക്കുഅപൂര്‍വ അവസരങ്ങളാണ്‌. നക്കാപിച്ചയല്ലാതെ നാലു കാശുണ്ടാക്കാന്‍ കിട്ടുന്നഅസുലഭ സന്ദര്‍ഭങ്ങള്‍. പക്ഷേ ഈയിടെയായി പെണ്‍കുഞ്ഞു ജനിച്ചാല്‍നക്കാപിച്ച പോലും കിട്ടാതാകുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ദേവ്‌ ലഖന്‍റെ സ്ഥിതി കൂടെ അറിയുന്ന അവര്‍ അങ്ങോട്ടു പോകേണ്ടെന്നു കരുതിയതായിരുന്നു. പക്ഷെ ഗ്രാമത്തില്‍ അങ്ങിനെ ഒരു ശീലം ഉണ്ടാകേണ്ട എന്നു കരുതിയാണ്‌ വൈകിയെങ്കിലും അവര്‍ അങ്ങോട്ടു ചെന്നത്‌.

ഷീറ്റു പൊക്കി ചാളയിലേക്കു കയറിയ ഒരു ഹിജഡ ചിക്കലിയെ പൊക്കിയെടുത്തുപുറത്തു വന്നു.

"ദേഖ്‌ ഇസേ, ചാന്ദ്‌ കീ ട്ടൂക്കഡാ ഹേ. ലചുമി ഹേലചുമി. സച്ച്‌ മേം ഹം പൈസേ കം മാംഗേ. " മൂത്രം നനഞ്ഞ അവളുടെഅരക്കുപ്പായം വലിച്ചഴിക്കുന്നതിനിടയില്‍ ഒരു ഹിജഡ പറഞ്ഞു. പെട്ടെന്നു ഒന്നു പകച്ചുപോയ അവള്‍ മറ്റു ഹിജഡകളെ വിളിച്ചു.

കാശിനുള്ള തര്‍ക്കം പെട്ടെന്നു മറ്റൊരു കാര്യത്തെ ചൊല്ലിയായി. ചീരപ്പാടത്തു നിന്നും ചിക്കലിയുടെ അമ്മ അലമുറയിട്ടു കൊണ്ടു വന്നു. പിന്നാലെ അയല്‍ക്കാരും പഞ്ചായത്ത്‌ പ്രമുഖരും. ദേവ്‌ ലഖന്‍റെ ന്യായ വാദങ്ങള്‍ ഒന്നും ഗ്രാമ മുഖ്യനായ ചൌധരി സാബിനെ ബോധിപ്പിക്കാന്‍ പോന്നതായിരുന്നില്ല.

അന്നാണ്‌ ചിക്കലി മാനം നോക്കിയുള്ള തന്‍റെ നരക യാത്രതുടങ്ങിയത്‌. വര്‍ഷങ്ങളിലൂടെ ചിക്കലി സിന്‍ഹ ചിക്കലി ബെന്‍ ആയി വളര്‍ന്നു. തല വളരുന്തോറും ചിക്കലി തളര്‍ന്നു. വാസ്തവത്തില്‍ ചിക്കലിയെ ശരിക്കും തളര്‍ത്തിയതു ചവിട്ടിത്തേക്കപ്പെടുന്ന അഭിമാനം എന്തെന്നറിയാന്‍ മാത്രം ബുദ്ധി വളര്‍ന്നതാണ്‌.

എന്നു വെച്ചു ചിക്കലിക്കു അക്ഷരാഭ്യാസം ഉണ്ടെന്നൊന്നും കരുതരുത്‌. പെന്‍സിലോപേനയോ മര്യാദക്കു പിടിക്കാന്‍ പോലും അറിഞ്ഞു കൂടാ. അവള്‍ക്കെന്നല്ല അവരുടെ കൂട്ടത്തിലാര്‍ക്കും. അതേസമയം അതൊന്നും അറിഞ്ഞിട്ടും കാര്യമില്ലെന്ന സത്യം അവര്‍ക്കൊക്കെ അറിയുകയും ചെയ്യാം. സെക്സിന്‍റെ വൈകൃതങ്ങളാല്‍ രാപ്പകല്‍ വേട്ടയാടപ്പെടുന്ന അവരെ നോക്കി അപേക്ഷാ ഫോറത്തിലെ സെക്സിന്‍റെ കോളം കൊഞ്ഞനം കുത്തുമ്പോള്‍ അതിലേക്കു എന്തെങ്കിലും കോറിയിടാന്‍ അവര്‍ക്കാവില്ല എന്ന പരമമായ സത്യം. ആ സത്യം കൈകൊട്ടി വിളംബരം ചെയ്തുകൊണ്ട്‌ മരണത്തിന്‍റെ അപമാനക്കുഴിയിലേക്കു നടക്കേണ്ടവര്‍.

അതേ സമയം വിവാഹം കഴിഞ്ഞു പതിറ്റാണ്ടു നീണ്ട ചികിത്സക്കൊടുവില്‍ ഷണ്ഡനെന്ന സര്‍ട്ടിഫിക്കറ്റു വാങ്ങിയ സര്‍ദാറാണു മാന്യതയുടെ അഹങ്കാരംതലയില്‍ കെട്ടി ചിക്കലിയുടെ കവിളടിച്ചു തകര്‍ത്തതിരിക്കുന്നത്‌. അതുംതന്‍റെ ജന്‍മ സത്യം തുണിപൊക്കി കാണിച്ചു എന്ന കൊച്ചു തെറ്റിന്‌.

എല്ലാവര്‍ക്കും അവളോടു പുച്ഛമാണു. രാപ്പകല്‍ ഇരന്നു ജീവിക്കുന്നപിച്ചക്കാര്‍ക്കു പോലും. ചിക്കലി ഒരു നപുംസകമായതു കൊണ്ടുമാത്രം. മനുഷ്യരല്ലാത്ത ജീവികള്‍ മാത്രമാണു അവളോടു മാന്യമായിപെരുമാറുന്നതു. അതു കൊണ്ടാവണം ചിക്കലിക്കു എന്നെ വലിയ ഇഷ്ടമാണു. മണിക്കൂറുകളോളം വെയിലത്തിരുന്നു എന്നോടു സംസാരിക്കും. ശകാരിക്കും. പുലഭ്യം പറഞ്ഞു സ്നേഹിക്കും. പക്ഷേ കളി പറയാനും ചിരിക്കാനുംചിക്കലി പഠിച്ചിട്ടില്ല.

എന്നു വെച്ചു ചിക്കലി സന്തോഷിക്കാറില്ല എന്നു ധരിച്ചേക്കരുത്‌. കവിളത്തു അടി വീഴാത്ത പകലുകളിലും അടിവയറ്റില്‍ ഷൂസുകള്‍ നൃത്തംവെക്കാത്ത രാത്രികളിലും അവള്‍ സന്തോഷിക്കുന്നു. അത്തരം ദിവസങ്ങള്‍വളരെ വിരളമാണെങ്കിലും.

പാതയും പായുന്ന വാഹനങ്ങളും ഇപ്പോള്‍ ഏറെ പിന്നിലായിരിക്കുന്നു. മുന്നിലൊരുചേരിപ്രദേശമാണ്‌. കണ്ണുകള്‍ അറയ്ക്കുന്ന നഗരത്തിന്‍റെ ഗുഹ്യഭാഗം. പക്ഷേ നിയമ പാലകരുടെ കണ്ണുകള്‍ ആ ഗണത്തില്‍ പെടില്ല. ഏതെങ്കിലും കൊള്ളയോ കവര്‍ച്ചയോ തെളിയാഞ്ഞാല്‍, അതിനായി ഉയരങ്ങളില്‍ നിന്നുസമ്മര്‍ദ്ധമേറിയാല്‍, കാക്കിയുടെ ജീപ്പു ചേരിയിലേക്കു ഇരച്ചെത്തും. തീട്ടപ്പന്നികള്‍ ചിതറിയോടും. ചൂടിക്കട്ടിലുകളിലിരുന്നു ചീട്ടുകളിക്കുന്ന ചെറുപ്പക്കാരും. അതില്‍ ഒന്നു രണ്ടെണ്ണത്തിനെ പിടിച്ചുഅകത്തിട്ടു ജീപ്പു അകലും. പോലീസുകാരുടെ തൊപ്പി രക്ഷിക്കേണ്ടുന്ന ജോലിയുംഅവരുടെ തലയില്‍ വെച്ചു കെട്ടും.

അങ്ങിനെ ഒരു ഉദ്ദേശ്യത്തോടെയാവണം ഇന്നലേയും ഒരു ജീപ്പുചേരിയിലെത്തിയത്‌. രണ്ടു ഉണക്ക ചപ്പാത്തിയും ഉറുളക്കിഴങ്ങു കറിയും മോഹിച്ചു ആക്രിക്കടയുടെ മേല്‍ക്കൂരയിലിരുന്നു കുപ്പികളും പ്ളാസ്റ്റിക്കുംവേര്‍തിരിക്കുകയായിരുന്നു ചിക്കലി. ജീപ്പിന്‍റെ ശബ്ദം കേട്ടപ്പോള്‍ചിക്കലിക്കൊരു ബുദ്ധി തോന്നി. നേരത്തും കാലത്തും ചുളുവില്‍ ആഹാരം കിട്ടാനുള്ള ഒരു ചളുക്കു ബുദ്ധി.

പെട്ടെന്നു ചിക്കിലി തന്‍റെ കീറക്കുപ്പായവും കെട്ടിവെച്ച നീളന്‍ മുടിയും പറിച്ചെറിഞ്ഞു. ആക്രിക്കടക്കാരന്‍ ഊരിയിട്ടിരുന്ന പാണ്റ്റും കുപ്പായവും അയയില്‍ നിന്നെടുത്തു ഉണങ്ങിയ ദേഹം മറച്ചു. പിന്നെ മേല്‍ക്കൂരയുടെ ഷീറ്റിലൂടെ ഊര്‍ന്നിറങ്ങി ജീപ്പിന്‍റെ വഴിയിലേക്കു ചാടിയോടി. കൂടെ ഞാനും.

പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. കീറത്തുണി ചവറ്റു കൊട്ടയിലേക്കെന്നപോലെ കാക്കിയുടെ ശക്തമായ ഒരു കൈ ചിക്കലിയെ തൂക്കിയെടുത്ത്‌ ജീപ്പിലേക്കിട്ടു.

ജീപ്പിന്‍റെ പിന്നില്‍ തനിക്കു മുന്‍പ്‌ പിടിച്ചിട്ട രണ്ടു പേര്‍ ഇരിക്കുന്നുണ്ട്‌. ആണ്‍ വേഷത്തില്‍ ചിക്കലിയെ കണ്ടപ്പോള്‍ അവരുടെ കണ്ണുകളിലെ ഭീതി കൌതുകത്തിനു വഴി മാറി. അതിലൊരുത്തന്‍ ശബ്ദം താഴ്ത്തി കളിയാക്കി ചോദിച്ചു.

"തൂ മാ ക്കി ഓര്‍ ജാ രഹേ ക്യാ?"

"ചൌക്കി തേരാ ബാപ്പ്‌ ക്കാ ഹേ ക്യാ?"

"ഫിര്‍ ഭി... ബോല്‍ ക്യാ ബാത്ത്‌?"

ഒന്നു പരുങ്ങിക്കൊണ്ടു ചിക്കിലി പറഞ്ഞു "ഓ യീ .. ദാല്‍ റോട്ടി.. "

കുലുങ്ങി ചിരിച്ചുകൊണ്ടു അവര്‍ പറഞ്ഞു. "ഓ സബ്‌ ദോ ദിന്‍ രഖേ തബ്ബ്‌. പഹലേ ത്തോ ഖൂബ്‌ പിഠായി ഹോഗി. "

പെട്ടെന്നു ജീപ്പു നിന്നു. ഹിജഡയുടെ ശബ്ദം ഒന്നേ കേള്‍ക്കേണ്ടു, കാക്കിക്കു പിടികിട്ടും. ഒരു പോലീസുകാരന്‍ ചിക്കലിയുടെ കൊങ്ങക്കു കുത്തിപ്പിടിച്ചു. അടുത്ത നിമിഷം ചിക്കലി പൊടിമണ്ണിന്‍റെ പാതയിലേക്കു കമിഴ്ന്നടിച്ചു വീണു. " ഉരഞ്ഞു പൊട്ടിയ കൈമുട്ടുകള്‍ തുപ്പല്‍ തൊട്ടു തുടച്ചു കൊണ്ട്‌ പാതയോരത്തിരുന്നു. കുടലിനു തിന്നാന്‍ കുടല്‍ പോലും ബാക്കിയാവാതാവുന്ന വിശപ്പില്‍ അവള്‍ പുളഞ്ഞു. അറിയാതെ അവളുടെ കൈകള്‍ പാണ്റ്റിന്‍റെ പോക്കറ്റില്‍ പരതി. ഉപയോഗിച്ച ഉറയും രണ്ടു മുഴുത്ത ബീഡികളും.

തീപ്പെട്ടിക്കായുള്ള ശ്രമങ്ങള്‍ അവസാനിക്കുമ്പോഴേക്കും വഴിവിളക്കുകള്‍ കണ്ണു തുറന്നിരുന്നു. അവയുടെ കണ്ണെത്താത്ത ഒരു മൂലയിലേക്കവള്‍ ഒതുങ്ങി. വിസ്മയ ചുരുളുകള്‍ക്കിടയില്‍ ഒളിച്ചു നിന്ന അമ്മയെ അവള്‍ കണ്ടു. സംസാരിച്ചു. രാവേറെ ചെല്ലുവോളം തര്‍ക്കിച്ചു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ കൊല്ലാഞ്ഞതിന്‍റെ കാരണം ചോദിച്ചു. 'ദൈവ നിശ്ചയമെന്ന' അമ്മയുടെ മറുപടി കേട്ട്‌ അവള്‍ പുലഭ്യങ്ങള്‍ കാറി ചുമച്ചു തുപ്പി.

എന്നിട്ടും ദേഷ്യം അടങ്ങാതെ ലഹരിച്ചുരുളുകള്‍ക്കപ്പുറത്തു ചിരിച്ചു കൊണ്ടു നിന്നിരുന്ന ദൈവത്തെ പാതയിലേക്കു വലിച്ചിട്ടു. നടപ്പാതയില്‍ നഗ്നനാക്കപ്പെട്ട ദൈവം ചിക്കിലിയുടെ മുന്നില്‍ ചൂളി നിന്നു. അതു കണ്ട ചിക്കലി പുകഞ്ഞു കത്തി. "നിനക്കെന്നെ ഒരു കൊടിച്ചിപ്പട്ടിയോ തീട്ടപ്പന്നിയോ ആക്കാമായിരുന്നു. എന്നിട്ടും നീ എനിക്കു വെച്ചു നീട്ടിയ ജന്‍മം... ആണിനും പെണ്ണിനും ദളിതനും എന്തിനു ജന്തു സ്നേഹികള്‍ക്കു പോലും വേണ്ടാത്ത നികൃഷ്ട ജന്‍മം...." സംവാദം എപ്പോഴോ നുഴഞ്ഞെത്തിയ ഉറക്കത്തിന്‍റെ രമ്യതയിലാണ്‌ അവസാനിച്ചത്‌.

ബോധം കിഴക്കു കണ്ണു തുറക്കുമ്പോള്‍ പാണ്റ്റും ഷര്‍ട്ടും പാതയോരത്തു കിടപ്പുണ്ടായിരുന്നു. അതു ആക്രിക്കടക്കാരനു തിരിച്ചു കൊടുക്കാന്‍ അവള്‍ കീറ കടലാസില്‍ പൊതിഞ്ഞെടുത്തു. അപ്പോഴാണ്‌ അവള്‍ കണ്ടത്‌ തന്‍റെ ദേഹത്തൊരു അയഞ്ഞ കുപ്പായം. രാത്രിയുടെ ദാനം. ആരാണതു കൊടുത്തതു എന്നൊന്നും അവള്‍ക്കു ഓര്‍മ്മയില്ല. ഓര്‍മ്മയിലുള്ളതു ഉണക്ക ചപ്പാത്തി മാത്രമാണ്‌. അതൊരു തുണ്ടെങ്കിലും കിട്ടിയിരുന്നെങ്കില്‍..

എന്നാല്‍ ഒന്നും ഇരന്നു വാങ്ങാന്‍ ചിക്കലിക്കു ഇഷ്ടമല്ല. അതു കൊണ്ടാണല്ലോ അവള്‍ കൂട്ടരില്‍ നിന്നും ഒറ്റ പെട്ടത്‌. പിന്നെ ചോദിക്കാനുള്ളതു പണിയാണ്‌. അതു ചോദിച്ചാല്‍ കിട്ടുന്ന മറുപടികള്‍.. ഓര്‍ത്താല്‍ തന്നെ തുണി പൊക്കി പോകും. പുലഭ്യങ്ങളുടെ അകമ്പടിയില്ലാതെ അതു ചെയ്യാനും അവള്‍ പഠിച്ചിട്ടില്ല.

അത്രയും മതി. മാന്യതയുടെ കുപ്പായങ്ങളില്‍ കറ പുരളാന്‍. പിന്നെ ആ കറ അകറ്റാന്‍ അവളുടെ കവിളത്തലക്കണം. അതു തന്നെയാണു ആ സര്‍ദാറും ചെയ്തത്‌. അതൊക്കെ ഓര്‍ത്താല്‍ പട്ടിണിയാണ്‌ ഭേദമെന്നു തോന്നും.

പക്ഷേ, വിശപ്പ്‌?? അതു കടിച്ചു കുടയുന്ന പച്ചക്കുടലിന്‍റെ വേദന. ഏതു ആത്മാഭിമാനവും തല കുനിച്ചു പോകും.

ആ തലയിലേക്കാണ്‌ ആക്രിക്കടക്കാരന്‍ കുടിച്ച ചായയുടെ ബാക്കി കമിഴ്ത്തിയത്‌. എന്നിട്ടും ചിക്കലി തല കുനിച്ചു തന്നെ നിന്നു. അത്യാവശ്യം ആക്രിപ്പണികളും അതിനു നക്കാപിച്ച കൂലിയും കൊടുക്കാറുള്ള ഒരേയൊരു മനുഷ്യ രൂപമാണ്‌ അയാള്‍. പക്ഷേ താന്‍ ഒന്നു ഉപയോഗിച്ചു എന്ന കാരണം കൊണ്ടു കടലാസു പൊതിയിലെ പാണ്റ്റും ഷര്‍ട്ടും അയാള്‍ ഓടയിലേക്കു വലിച്ചെറിഞ്ഞപ്പോള്‍, അറിയാതെ തന്‍റെ അയഞ്ഞ കുപ്പായത്തില്‍ പിടിച്ച ചിക്കലി ഉള്ളുരുകി ആഗ്രഹിച്ചു, 'പൊക്കാനൊരു തുണിയെങ്കിലും സ്വന്തമായുണ്ടായിരുന്നെങ്കില്‍.. !

എനിക്കു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പറഞ്ഞു, ശേഷിച്ച ആ ബീഡി കൂടെ പുകയ്ക്കാന്‍. ആദ്യമായി ഞാന്‍ സംസാരിക്കുന്നതു കേട്ടു അവള്‍ വിസ്മയത്തോടെ എന്‍റെ കറുത്ത മുഖത്തേക്കു നോക്കി. പിന്നെ ഞാന്‍ പറഞ്ഞതൊക്കെ അപ്പാടെ അനുസരിച്ചു. ഇപ്പോള്‍ അവള്‍ നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിന്‍റെ ഉച്ചിയിലെ കൈവരികളില്‍ പിടിച്ചു നില്‍ക്കുകയാണ്‌. ഒറ്റക്ക്‌. അല്ല, മുകളില്‍ പൂര്‍ണ്ണ ചന്ദ്രനും തോട്ടടുത്തു ഞാനും. വളരെ യത്നിച്ചാണെങ്കിലും നഗര സുന്ദരിയുടെ തിളങ്ങുന്ന നിശാ വസ്ത്രത്തിലേക്കവള്‍ തൊണ്ട കാറി നീട്ടി തുപ്പി. പിന്നേയും .. പിന്നേയും...

ഒടുവില്‍ തളര്‍ന്നു നിന്ന ചിക്കലിയെ ഞാന്‍ കറുത്ത വായ തുറന്നു ചൊടിപ്പിച്ചു. "തക്‌ ഗയാ ക്യാ?"

"നഹീ.., കബി നഹീ" കൈവരിയില്‍ പിടിച്ചെഴുന്നേറ്റ അവള്‍ നോക്കിയത്‌ താഴെ നിലമഴയില്‍ കിടക്കുന്ന ഒരു നീല കാറിലേക്കാണ്‌.

അവളുടെ മുഖം ജ്വലിച്ചു. പക്ഷേ എത്ര കാറിയിട്ടും തൊണ്ടയിലൊന്നും കിനിഞ്ഞില്ല. എന്നെ സ്നേഹപൂര്‍വം ഒന്നു നോക്കിയ ശേഷം അവള്‍ കൈവരിയില്‍ നിന്നും താഴേക്കു ചാടി.

എട്ടാം നിലയിലെ താമസക്കാരന്‍ വലിച്ചെറിഞ്ഞ പഴയ ചവിട്ടി പോലെ ജാമുന്‍ മരത്തിന്‍റെ കൊമ്പുകളില്‍ തട്ടിത്തടഞ്ഞു നിലാമഴയില്‍ കിടന്നിരുന്ന നീലക്കാറിന്‍റെ മുകളില്‍ അവള്‍ ചലനമറ്റു വീണു. കൂടെ ഞാനും.
കാറിന്‍റെ പൊട്ടിയ ചില്ലുകളിലേക്കു ചോര പതുക്കെ ചാലിട്ടിറങ്ങി.

മറ്റൊരു കഥ ഇവിടെ വായിക്കാം.