Saturday, October 18, 2008
ട്രൂത്ത് സെറം (കഥ)
ശബ്ദമില്ലാതെ കറങ്ങുന്ന പങ്കയുടെ കാറ്റിനൊത്ത് അളകങ്ങളിളകുന്നതും ശ്വാസം ആ സുന്ദരശരീരത്തിലേക്കു തിരകളായി കയറുന്നതും ഇറങ്ങുന്നതും നോക്കിക്കൊണ്ട് തെല്ലുനേരം അങ്ങിനെ കിടന്നു സതീഷ്. ഇഞ്ചുകളകലെ. അതേ കട്ടിലില്‍. വിവസ്ത്രനായി.
അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്; എപ്പോഴോ ഒരു വശത്തേക്കു തെന്നിമാറിയ അവളുടെ തലയിണ. വലിയ ഇതളുകളുള്ള ഏതോ കാട്ടു പൂക്കളുടെ ചിത്രങ്ങളുള്ളത്. സതീഷ് അത് കൈയെത്തി എടുത്തു. പഞ്ഞിയേക്കാള്‍ മൃദുലമായ തലയിണ. വായുവിനോളം ഭാരമില്ലാത്തതും.
പതുക്കെ, അവള്‍ ഉണരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച്, ആ തലയിണ അവളുടെ മുഖത്തിനു കുറുകെ വെച്ചു. പിന്നെ രതിമൂര്‍ച്ഛയിലെന്നോണം ആ തലയിണയെ അമിതമായ ശക്തിയില്‍ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേര്‍ത്തു. മേഘയുടെ സ്നിഗ്ദ്ധമായ ശരീരം വലിഞ്ഞു മുറുകുന്നതും വന്യമായി പിടയുന്നതും സതീഷിന്‍റെ നഗ്നമായ ഉടല്‍ അറിയുന്നുണ്ട്. തലയിണയ്ക്കകത്തെ പഞ്ഞി പോലെ തന്‍റെ പിടിയില്‍ അമര്‍ന്നു കിടക്കുന്ന മരണത്തിന്‍റെ സാന്നിദ്ധ്യം മനസൂം.
തിരയിളക്കം നിലച്ചെന്നുറപ്പായപ്പോള്‍ സതീഷ് പിടി അയച്ചു. തലയിണ മാറ്റി. തുറിച്ച കാഴ്ച്ചകളെ തഴുകിയടച്ചു. കോടിയ ചുണ്ടുകളെ പരമാവധി സ്വാഭാവികമാക്കി. പിന്നെ ജനലിനടുത്തേക്കു നടന്നു. ഒരു സിഗററ്റിനു തീ കൊടുത്ത് ജനല്‍ കര്‍ട്ടണ്‍ വകഞ്ഞു മാറ്റി. സൂര്യന്‍ അകത്തേക്കു താണു നോക്കുന്നുണ്ട്, ചില്ലു ജാലകത്തിലൂടെ. തെല്ലകലെയിരിക്കുന്ന ഒരു കാക്ക ഇടം കണ്ണിട്ടും. ഝടുതിയില്‍ കര്‍ട്ടണ്‍ വലിച്ചടച്ചു കട്ടിലില്‍ ചെന്നിരുന്നു.
ദൂരെയുള്ള പ്രധാന പാതയിലൂടെ സൈറണ്‍ മുഴക്കിക്കൊണ്ടൊരു വാഹനം പാഞ്ഞകലുന്നതിന്‍റെ നേര്‍ത്ത ശബ്ദം കേള്‍ക്കുന്നുണ്ട്. ഏതെങ്കിലും മന്ത്രിയുടെ പരാക്രമം പിടിച്ച പാച്ചിലാകാം. ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള ആംബുലന്‍സിന്‍റെ നെട്ടോട്ടമാകാം. അഗ്നിയുടെ ഒടുങ്ങാത്ത ദാഹത്തിലേക്കു വെള്ളവുമായി കുതിക്കുന്ന അഗ്നിശമന വാഹനമാകാം. അല്ലെങ്കില്‍ ഏതെങ്കിലും പോലീസുകാര്‍ തിരക്കിട്ടു ചായകുടിക്കാന്‍ പോകുന്നതുമാകാം.
"സൂര്യന്‍ പതിവിലേറെ ജ്വലിക്കുന്നതുകൊണ്ടാണോ താന്‍ ഇത്രയധികം വിയര്‍ക്കുന്നത്? അതോ ഈ സൈറണ്‍ കേട്ടിട്ടോ? ഇത്രയേ ഉള്ളോ തന്‍റെ മനക്കരുത്ത്?" സ്വയം കളിയാക്കിക്കൊണ്ട് പിരിമുറുക്കം അയക്കാനുള്ള ശ്രമത്തിലാണ് സതീഷ്.
ഏറെ ദിവസമായി പിരിമുറുക്കത്തിന്‍റെ പിടിയിലാണ് സതീഷ്. കൃത്യമായി പറഞ്ഞാല്‍ ഈ കൊലപാതകം പദ്ധതിയിട്ട അന്നു മുതല്‍ത്തന്നെ. അതിനു പ്രധാന കാരണം എന്നോ എവിടെയോ വായിച്ച ചില വരികളാണ്. 'എത്രയേറെ ശ്രദ്ധിച്ചാലും കൊലപാതകത്തില്‍ ഒരടയാളം അവശേഷിക്കും. അതു കുറ്റവാളിയിലേക്കെത്താനുള്ള വഴികള്‍ തുറന്നിടും.' മറവിയുടെ കൂട തുറന്ന് ഇടയ്ക്കിടെ ഫണം വിരിച്ചാടുന്ന ആ വരികളാണ് സതീഷിന്‍റെ പിരിമുറുക്കത്തിനു പ്രധാന കാരണം.
അതുകൊണ്ടു മാത്രമാണ് സതീഷ് കഴിഞ്ഞ കുറേ നാളായി ഇത്രയേറെ തയ്യാറെടുപ്പുകളില്‍ മുഴുകിയത്.
മേഘയുമായി ഫോണിലൂടെയുള്ള ബന്ധപ്പെടല്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. തന്‍റെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു. മേഘയുടെ മൊബൈല്‍ ഫോണ്‍ ചുളുവില്‍ കവര്‍ന്നെടുത്ത് കൊഴുത്തൊഴുകുന്ന ഓടയിലേക്കു വലിച്ചെറിഞ്ഞു. കണ്ടുമുട്ടലുകള്‍ പരമാവധി കുറച്ചു. എന്തിന് കൃത്യം നടത്താനായി ഈ വീട് തിരഞ്ഞെടുത്തതു പോലും ആ തയ്യാറെടുപ്പിന്‍റെ ഭാഗമായിട്ടായിരുന്നു.
ഭാസ്ക്കറിന്‍റേയാണ് ഈ വീട്. മാസത്തില്‍ പത്തിരുപത് ദിവസവും പുറം യാത്ര വേണ്ടിവരുന്ന ജോലിയാണ് ഭാസ്ക്കറിന്‍റേത്. അങ്ങിനെ വീടുവിട്ടു പുറത്ത് പോകുമ്പോള്‍ സതീഷിന്‍റെ വീട്ടുവേലക്കാരനെ കൊണ്ട് ഒരു പൊടിതട്ടല്‍, അടിച്ചുവാരല്‍, ചട്ടികളിലെ ചെടികള്‍ക്ക് അല്‍പ്പം വെള്ളം... ഇതിനൊക്കെ വേണ്ടിയാണ് ഭാസ്ക്കര്‍ വീടിന്‍റെ ഒരു താക്കോല്‍ തന്‍റെ സഹപ്രവര്‍ത്തകനും ഏറെ ദൂരെയല്ലാതെ താമസിക്കുകയും ചെയ്യുന്ന സതീഷിനെ ഏല്‍പ്പിച്ചത്. ഉള്ളില്‍ നിന്നും പുറത്തുനിന്നും പൂട്ടുകയും തുറക്കുകയും ചെയ്യാവുന്ന തരത്തില്‍ മുന്‍വാതിലില്‍ ഘടിപ്പിച്ചിട്ടുള്ള പൂട്ട് ഇതിനു വലിയൊരു സൌകര്യമാവുകയും ചെയ്തു.
പിന്നീട് ഭാസ്ക്കര്‍ സ്വന്തമായി ബിസിനസ് ചെയ്തു തുടങ്ങി. അതോടെ അയാളുടെ യാത്രകളുടെ എണ്ണവും ദൈര്‍ഘ്യവും വര്‍ദ്ധിച്ചു. സതീഷും കൂടെക്കൂടെ ഭാസ്ക്കറിന്‍റെ വീട്ടിലേക്കു പോകാതായി. എങ്കിലും താക്കോല്‍ കൈയിലുള്ളതുകൊണ്ട് ഞായറാഴ്ച്ചകളില്‍ അങ്ങോട്ടു ചെല്ലും. മിക്കവാറും ഭാസ്ക്കര്‍ അവിടെ ഉണ്ടാകാറില്ല. ഒരു ചെക്കനെ വിളിച്ചു ഒന്നു തൂത്ത് വാരിക്കും. പത്തു രൂപാ കൊടുക്കും. ആദ്യമൊക്കെ ഭാസ്ക്കര്‍ അവിടെ ഇല്ലെങ്കില്‍ കുപ്പി കാറില്‍ തന്നെ വെക്കുമായിരുന്നു. ഈയിടെയായി ഒറ്റയ്ക്കു വീശുന്നതിന്‍റെ രസം അറിഞ്ഞുതുടങ്ങിയിരിക്കുന്നു. അതുകൊണ്ട് വാതില്‍ ഉള്ളില്‍ നിന്നു പൂട്ടും. നന്നായി മിനുങ്ങി ബോധം കെട്ടുറങ്ങും. കണ്ണുതുറക്കുമ്പോള്‍ ചിലപ്പോള്‍ കാണാം ഭാസ്ക്കര്‍ ബാക്കിയുള്ളത് വിഴുങ്ങി ബോധം കെട്ടുറങ്ങുന്നത്. അവനെ ഉണര്‍ത്താതെ വാതില്‍ പുറത്തുനിന്നും പൂട്ടി കാറില്‍ കയറി വീട്ടിലേക്കു പറപ്പിച്ചു വിടും. അടുത്ത ദിവസം തലേന്ന് തങ്ങള്‍ ഒന്നിച്ചാണോ മദ്യപിച്ചതെന്നു രണ്ടുപേരും സംശയിക്കുകയും ചെയ്യും.
അത്തരമൊരു ഉദ്ദേശ്യത്തോടെ ആയിരുന്നിയല്ല ഇത്തവണ സതീഷ് വന്നത്. ഭാസ്ക്കര്‍ ആഴ്ച്ചകളോ മാസങ്ങളോ നീളുന്ന ഒരു യാത്ര പോയിരിക്കുകയാണെന്നു അറിഞ്ഞപ്പോള്‍ത്തന്നെ മനസില്‍ ഉറപ്പിച്ചു. ഇതാണു പറ്റിയ സ്ഥലം. സന്ദര്‍ഭവും. അങ്ങിനെയാണ് മേഘയുമായി ഇവിടെ എത്തിയത്. കൃത്യം ഭംഗിയായി നടത്തിക്കഴിഞ്ഞിരിക്കുന്നു. ഒരു ശല്യമായി മേല്‍ത്തുടയിലരിക്കുന്ന ഉറുമ്പിനെ കീശയില്‍ കൈയിട്ട് ഞെരിച്ചു കൊല്ലുന്നതു പോലെ ആരും അറിയാതെ കാര്യം നടത്തിയിരിക്കുന്നു.
ഇനിയാണ് ഏറ്റവും കരുതലുകള്‍ വേണ്ട രണ്ടാം ഘട്ടം. തെളിവുകള്‍ എല്ലാം നശിപ്പിക്കണം. ആരുമറിയാതെ. നിര്‍ഭാഗ്യത്തിന്‍റെ ഒരു കണ്ണുമതി, എല്ലാം തകരാന്‍. പുതിയ കാമുകനെ കാമുകിയും പഴയ കാമുകനും കൂടെ കൊന്നു മുന്നൂറു തുണ്ടുകളാക്കി കാട്ടില്‍ കൊണ്ടുചെന്നു കത്തിച്ചു കളഞ്ഞ കേസിലേക്കു നിര്‍ഭാഗ്യം തുറിച്ചു നോക്കിയത് അപ്പാര്‍ട്ട് മെന്‍റിലെ ഗാര്‍ഡിന്‍റെ കണ്ണുകളിലൂടെയാണ്. ഗാര്‍ഡ് അവരെ ശ്രദ്ധിക്കുന്നതു അവരറിഞ്ഞില്ല. ചെറിയ ഒരു അശ്രദ്ധ. ആ പഴുതിലൂടെ കയറി വന്ന ഒരു ചോദ്യം പുകഞ്ഞു കത്തി. പടക്കപ്പുരയിലൊന്നു പൊട്ടിയാല്‍ പോരെ നിരന്നു പൊട്ടാന്‍. പൊള്ളല്‍ ഏല്‍ക്കാന്‍. അതുണ്ടാകരുത്.
തെളിവുകളൂടെ തുണികളും വിരികളും മറ്റും തുണ്ടുകളായി. പിന്നെ കത്തിച്ചാരമായി കക്കൂസിലെ ഫ്ളഷിന്‍റെ ശക്തിയിലപ്രത്യക്ഷമായി. മേഘയുടെ ചേതനയറ്റ ശരീരം മാത്രമാണ് ഇനി ബാക്കിയുള്ളത്. പ്രപഞ്ചത്തിലെ എണ്ണമറ്റ രഹസ്യങ്ങളൊടൊപ്പം അതും ചെന്നു ചേരണം. പിന്നെ ബാക്കിയാവുന്നത് അവളുടെ ഓര്‍മ്മകള്‍ മാത്രമാവും. താനുള്ളിടത്തോളം അതു തന്നോടൊപ്പം ഉണ്ടാവുമെന്നുറപ്പ്. ആ ഒര്‍മ്മകളല്ലാതെ മറ്റൊന്നും ബാക്കിയാവരുത്.
മുറിയില്‍ നിന്നും തന്‍റെ ഒരു മുടിയിഴ പോലും കിട്ടിക്കൂടാ. അതു തന്നിലേക്കെത്താവുന്ന തെളിവിന്‍റെ പാലമായേക്കും. ഡി.ഏന്‍.എ. ടെസ്റ്റിലൂടെ. കോടതിക്കു അതു കണ്‍കണ്ട തെളിവാണ്. അതു മാത്രമല്ല, സംശയത്തിന്‍റെ ലെന്‍സില്‍ കുടുങ്ങിയാല്‍ പിന്നെ ആദ്യം നേരിടേണ്ടി വരുക നാര്‍കോ അനാലിസിസ് എന്ന ഭൂതത്തെയാവും. ആ ഭൂതത്തെ ഓര്‍ക്കുമ്പോഴേ പേടിയാകും. ട്രൂത്ത് സെറം എന്നും സോഡിയം പെന്തോത്തല്‍ എന്നും പേരുള്ള മാന്ത്രിക കുപ്പായവും ധരിച്ച് ഭൂതത്താന്‍ ശരീരത്തില്‍ കയറിയാല്‍ പിന്നെ മനസിന്‍റെ ഉള്‍പോക്കറ്റിലൊളിപ്പിച്ച സത്യങ്ങള്‍ വരെ ചുളുവില്‍ കവര്‍ന്നെടുത്തിട്ടേ പുറത്തു വരൂ. മനസിന്‍റെ ഉറച്ച കോട്ടകളില്‍ വിള്ളലുണ്ടാക്കി അകത്തു കയറുന്ന ഭൂതം ആദ്യം യുക്തിയെ കള്ളുകുടിപ്പിക്കും. അതോടെ നാവുറയ്ക്കാതാവുന്ന ബോധത്തെ നുണയന്‍മാരായ പരിചാരകര്‍ വിട്ടൊഴിയും. പിന്നീട് മനസിന്‍റെ ഉള്ളറകളിലേക്കു കയറി സത്യങ്ങള്‍ മൊത്തമായി അടിച്ചു മാറ്റും. പക്ഷേ, മോഷ്ടിച്ചെടുക്കുന്ന മൊഴികളെ കോടതി ബഹുമാനിക്കുന്നില്ല. എന്നാല്‍ അവ കാണിച്ചു കൊടുക്കുന്ന തെളിവുകളെ കോടതി മാനിക്കുന്നുമുണ്ട്. മൂന്നാംമുറ പീഡനങ്ങളെ നേരിടാന്‍ വരെ തയ്യാറെടുത്തിട്ടുള്ള സതീഷ് ഈ പോക്കറ്റടി വീരനെ നേരിടാന്‍ ആയുധമില്ലാതെ കുഴങ്ങുകയാണ്. കൊലപാതകത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ പാളിച്ചകളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ ഈ ഭൂതത്താനെ നേരിടേണ്ടി വരില്ല എന്നതു കൊണ്ടാണ് സതീഷ് ഇത്രയേറെ കരുതലുകള്‍ എടുക്കുന്നത്.
തെളിവിന്‍റെ ഒരു തരിമ്പുപോലും ഇപ്പോള്‍ അവശേഷിക്കുന്നില്ല, മേഘയുടെ തണുത്തുറഞ്ഞ ജഡമല്ലാതെ. ലോകത്തിന്‍റെ കണ്ണുകളില്‍ നിന്നും ഒളിപ്പിച്ച് മേഘയെ ഇങ്ങോട്ടു കൊണ്ടുവന്നതു പോലെ അവളുടെ ജഡത്തേയും ആരും കാണാതെ കടത്തണം. പ്രപഞ്ചത്തിന്‍റെ ഇരുണ്ട ഒരു കോണില്‍ എന്നേക്കുമായി ഒളിപ്പിക്കണം. രഹസ്യങ്ങളുടെ യാത്രക്ക് എപ്പോഴും നല്ലത് ഇരുട്ടിന്‍റെ വഴികളാണ്. ഇരുട്ടു പരക്കുന്നതു വരെ, കാഴ്ച്ചകളിലേക്കു ഉറക്കം കയറുന്നതുവരെ, അല്‍പ്പനേരം കൂടെ മേഘയുടെ അടുത്തു ചെന്നിരിക്കുക തന്നെ.
മുറിയിലേക്കു കയറിയ സതീഷിന് ദേഷ്യം വന്നു. കറുത്തു വിറങ്ങലിച്ച ചുണ്ടുകളിലും മൂക്കിലും ഇരിക്കുകയും ഇടയ്ക്കിടെ വട്ടമിട്ടു പറക്കുകയും ചെയ്യുന്ന രണ്ടു മൂന്ന് ഈച്ചകള്‍. മരണത്തിണ്റ്റെ മണം പിടിച്ചെത്തിയ ആര്‍ത്തിപ്പണ്ടാരങ്ങള്‍. മേഘയെ ആരെങ്കിലും തൊടുന്നതു പോകട്ടെ, നോക്കുന്നതു പോലും സതീഷിനു സഹിക്കില്ല. അതു മറ്റൊരു പുരുഷനാണെങ്കിലും പൂച്ചയാണെങ്കിലും ഈച്ചയാണെങ്കിലും. ജീവനുണ്ടെങ്കിലും ഇല്ലെങ്കിലും കണ്ട ഈച്ചകള്‍ക്ക് കേറിനിരങ്ങാനുള്ള ശരീരമല്ല അവളുടേത്. ജാലക പഴുതുകളുള്ള ഈ മുറിയില്‍ നിന്നും ശരീരത്തെ പിന്‍വശത്തെ ഇരുട്ടു മുറിയിലേക്കു മാറ്റുക തന്നെ. ജാലകങ്ങളില്ലാത്ത, ഒറ്റവാതില്‍ മാത്രമുള്ള ആ മുറിയിലേക്കു ഒരു ഉറുമ്പിനു പോലും കയറിച്ചെല്ലാന്‍ കഴിയില്ല.
ആനന്ദത്തിന്‍റെ നിമിഷങ്ങളില്‍ ഒരു പഞ്ഞിക്കെട്ടു പോലെ എടുത്തുയര്‍ത്തിയിരുന്ന മേഘയുടെ ശരീരത്തിനു ഇപ്പോള്‍ പൊക്കാന്‍ വയ്യാത്ത ഭാരം! കൈകള്‍ക്കിടയിലൂടെ കൈയിട്ട് പണിപ്പെട്ടു അല്‍പ്പം ഉയര്‍ത്തി. പിന്നെ പതുക്കെ പതുക്കെ വലിച്ചു വലിച്ച് ഇടനാഴിയിലൂടെ പിന്‍ വശത്തെ മുറിയിലേക്കു നടക്കുമ്പോള്‍ പിന്നിലൊരു ശബ്ദം. പകച്ച കണ്ണുകള്‍ ഞെട്ടിത്തിരിഞ്ഞു. മുന്‍വാതിലില്‍ താക്കോല്‍ കിടന്നു കറങ്ങുന്നതിന്‍റേയും താഴുകള്‍ ചാടി മാറുന്നതിന്‍റേയും ശബ്ദം. ഭാസ്ക്കര്‍ ഇപ്പോള്‍! ഇവിടെ!
ഒന്നു പതറി നിന്ന ബോധത്തിന്‍റെ കാലുകള്‍ പെട്ടെന്നു ചടുലമായി. ബദ്ധപ്പെട്ട് ഇരുട്ടു മുറിയിലേക്കു ചാടിക്കയറി. അവിടെ ഭിത്തിയോട് ചേര്‍ന്ന് കിടന്നിരുന്ന രണ്ട് കൂറ്റന്‍ അലമാറകള്‍ക്കിടയിലെ കട്ടപിടിച്ച ഇരുട്ടിലേക്കു സതീഷ് പതുങ്ങി നിന്നു. മേഘയുടെ വിറങ്ങലിച്ച ശരീരത്തോടൊപ്പം.
ഇടനാഴിയിലൂടെ അടുക്കുന്ന കാലൊച്ച. അതു ഭാസ്ക്കര്‍ ആയിരിക്കുമോ? അതോ ആ താക്കോലുമായി മറ്റാരെങ്കിലും? കാലൊച്ചയുടെ താളം പറയുന്നുണ്ട്, അതു ഭാസ്ക്കര്‍ ആണെന്ന്. ഇങ്ങോട്ടു തന്നെയാണോ അവന്‍ വരുന്നത്?
വാതില്‍പ്പാളികള്‍ ചെറുക്കനെ ഞെരങ്ങി. അലമാറയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നു വരുന്ന ശബ്ദം. പെട്ടെന്നൊരു ടോര്‍ച്ച് കണ്ണുതുറന്നു. തുറന്നിട്ട അലമാറിയുടെ പാളി രഹസ്യങ്ങളെ ടോര്‍ച്ചിന്‍റെ കണ്ണില്‍ നിന്നും ഒളിപ്പിച്ചു.
എങ്കിലും മേഘയുടെ പിങ്ക് നിറം പൂശിയ കാല്‍നഖങ്ങളിലേക്കു ടോര്‍ച്ചിന്‍റെ കണ്ണുകള്‍ താഴ്‌ന്നു നോക്കുന്നുണ്ട്. ജഡത്തെ ഒന്നു കൂടെ ഉയര്‍ത്തി തന്നോട് ചേര്‍ത്തു പിടിച്ചു. ഹിമശൈത്യത്തെ ആശ്ളേഷിച്ചു നില്‍ക്കുമ്പോഴും വിയര്‍ത്തൊഴുകുകയാണ്. മുറിയാകെ മുഴങ്ങുന്ന തന്‍റെ ഹൃദയമിടിപ്പ് ഭാസ്ക്കര്‍ കേള്‍ക്കുമോ? കേട്ടിട്ടില്ലെങ്കിലും അവന്‍ കാണും നഗ്നമായ സത്യങ്ങള്‍, അലമാറയുടെ വാതില്‍ വലിച്ചടയ്ക്കുമ്പോള്‍.
ഭാസ്ക്കര്‍ അലമാറയിലേക്കു എന്തൊക്കെയോ കയറ്റി അടുക്കുകയാണ്. ഒരോ സെക്കണ്ടുകള്‍ക്കിടയിലേക്കും മണിക്കൂറുകള്‍ കയറി നില്‍ക്കുന്നതു പോലെ നീളുന്ന നിമിഷങ്ങള്‍! പെട്ടെന്നു ടോര്‍ച്ച് ഒന്നു കറങ്ങി. സര്‍ക്കസ് തുടങ്ങുന്നതിനു മുന്‍പുള്ള സെര്‍ച്ച് ലൈറ്റിന്‍റെ സ്വാഗതമല്ല, ഭീതിയുടെ നിഴലാട്ടമാണ് ടോര്‍ച്ചിന്‍റെ കണ്ണുകളില്‍ കാണുന്നത്. ഭാസ്ക്കര്‍ എന്തിനെയാണ് ഭയക്കുന്നത്? ടോര്‍ച്ച് അണഞ്ഞു. അലമാറയുടെ വാതില്‍ അടഞ്ഞു. ഭാസ്ക്കര്‍ മുറിയില്‍ നിന്നിറങ്ങിപ്പോകുന്ന കാലൊച്ച.
വിയര്‍ത്തൊലിക്കുന്ന സതീഷിന്‍റെ നെഞ്ചില്‍നിന്നും ഹിമപര്‍വ്വതം ഊര്‍ന്നിറങ്ങി. തെല്ലും വളയാതെ. പതിവില്ലാതെ ഭാസ്ക്കര്‍ എന്തിനാണ് ഈ മുറിയുടെ വാതില്‍ പുറത്തു നിന്നും പൂട്ടുന്നത്? ഒളിച്ചിരിക്കുന്ന കള്ളനെ നാട്ടുകാരെ ക്കൊണ്ട് പിടിപ്പിക്കാനാണോ? അതോ പോലീസിനെ വരുത്താനോ?
"ദൈവമേ" സതീഷ് അറിയാതെ വിളിച്ചുപോയി. ഉടന്‍ യുക്തി ഓര്‍ത്തു, കൊലപാതകം ഒളിപ്പിക്കാന്‍ ദൈവത്തെ കൂട്ടു വിളിക്കുന്നതിലെ മൌഢ്യം. മനുഷ്യന്‍റെ കാലങ്ങളായുള്ള ആസൂത്രണങ്ങളെപ്പോലും ദൈവത്തിന്‍റെ നൈമിഷികമായ കുസൃതികള്‍ കീഴ് മേല്‍ മറിക്കും എന്നതും ഓര്‍ത്തു.
ഒന്നു ഉറക്കെ വിളിച്ചാല്‍, ഒരു പക്ഷേ, ഭാസ്ക്കര്‍ തിരിച്ചു വന്നേക്കും. മുറി തുറന്നേക്കും. പക്ഷേ മൂന്നമതൊരാള്‍, അയാള്‍ എത്ര വിശ്വസ്തനെങ്കിലും ഇതറിയുന്നത്? കൊലപാതകത്തിന്‍റെ ഗുഹക്ക് രണ്ടു മുഖങ്ങളേ ഉണ്ടാകാവൂ. ഒന്നു മരണത്തിലേക്കും മറ്റേതു ംകുറ്റവാളിയുടെ കെട്ടുറപ്പുള്ള മനസിലേക്കും. അതല്ലാതെ ആ ഗുഹയില്‍ ഒരു സുഷിരം പോലും ഉണ്ടാകരുത്. അതുകൊണ്ട് ആ വിളി ഒഴിവാക്കുന്നതു തന്നെയാണ് ബുദ്ധി.
മുന്‍വാതില്‍ അടയുന്ന ശബ്ദം. മെയിന്‍ സ്വിച്ച് ഓഫ് ആകുന്ന ശബ്ദം. നടന്നകലുന്ന ശബ്ദം. ഇനിയും ബാക്കിയാകുന്നത് ഭീതിയുടെ, നെഞ്ചിടിപ്പിന്‍റെ, ശബ്ദം മാത്രം.
ഒന്നുകൂടെ ശക്തിയോടെ വലിച്ചു നോക്കി. ബലവത്തായ വാതില്‍ തുറക്കില്ലെന്നു ഉറപ്പായി. ഇനി? ഈ ഇരുട്ടുമുറിയില്‍ വെച്ച് മരണം തന്നെ ഭക്ഷിക്കുമോ? അതോ ജീവിതം ഭാസ്ക്കറിന്‍റെ രൂപത്തില്‍ തിരിച്ചു വരുമോ? അതോ അവന്‍ പോലീസുകാരേയും കൊണ്ട് വരുമോ? ഇല്ല, ആ ടോര്‍ച്ചിന്‍റെ കണ്ണുകളിലെ ഭീതി വിളിച്ചു പറയുന്നുണ്ടായിരുന്നു. കയറ്റി വെച്ചത് കാണിക്കാന്‍ കൊള്ളാത്തതാണെന്ന്. എങ്കില്‍ അവന്‍ പോലീസുകാരെ അടുപ്പിക്കില്ല.
എന്നാലും ഇനി ജീവിതത്തിന്‍റെ വെളിച്ചത്തിലേക്കു കാല്‍ വെക്കുന്നുണ്ടെങ്കില്‍ അത് പോലീസ് അന്വേഷണത്തിന്‍റെ ഇടനാഴിയില്‍ കൂടെ മാത്രമായിരിക്കും. ഇനി തലയൂരാന്‍ എണ്ണമറ്റ നുണകളുടെ മാലകള്‍ കൊരുക്കേണ്ടി വരും.
'കള്ളന്‍മാരുടെ കൈകളില്‍ നിന്നു ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന താനും ആ ഭാഗ്യം ലഭികാതെ പോയ മേഘയും.' ആ വഴിക്കു നീങ്ങിയാല്‍? അടുത്ത ചോദ്യം, "നിങ്ങള്‍ എങ്ങിനെ, എന്തിനു, അവിടെ..?" ഹോ! യോജിക്കാത്ത എത്രയെത്ര മുത്തുകള്‍ കോര്‍ക്കണ്ടി വരും ആ മാലയില്‍! പിന്നെ ഓരോ കണ്ണികളും ബലവത്തായി വിളക്കിച്ചേര്‍ക്കണം. ട്രുത്ത് സെറത്തിനു പോലും ഇളക്കാന്‍ കഴിയാത്ത വിധം.
II
രണ്ട് ഇരുട്ടു മുറിയുടെ ഒരു മൂലയില്‍ അഴുകിയ ജഡവും എതിര്‍വശത്ത് ഏറ്റവും ദൂരെയുള്ള മൂലയില്‍ സതീഷും കിടക്കുന്നു. വിശപ്പും ദാഹവും ചൂടും ഒക്കെ സതീഷിനെ അവശനാക്കിയിരിക്കുന്നു. സഹനത്തിന്‍റെ ഏത് പടവിലാണു താനെന്നു പോലും അയാള്‍ക്കു അറിഞ്ഞുകൂടാ.
തീരെ സഹിക്കാനാവാത്തത് അഴുകുന്ന മാംസത്തിന്‍റെ ഗന്ധമാണ്. സ്വന്തം വിസര്‍ജ്യങ്ങളുടെ നാറ്റത്തെ തള്ളിമാറ്റി അതു മൂക്കിലേക്കു കുത്തിക്കയറുകയാണ്. ഇരുട്ടിനുപോലും ഇരുട്ടായ മുറിയെങ്കിലും ഓരോ മയക്കവും ചെന്നെത്തുന്നത് അഴുകിച്ചീര്‍ത്ത ജഢത്തിന്‍റെ കണ്ണുകളിലാണ്.
അങ്ങിനെ ഒരു മയക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റ സതീഷ് നെഞ്ചു കുലുങ്ങി കിതച്ചു. ഇല്ലെന്നറിഞ്ഞിട്ടും വെള്ളത്തിനായി പരതി. പിന്നെ നെറ്റിയിലെ വിയര്‍പ്പു വടിച്ചെടുത്തു വരണ്ട നാവില്‍ തേച്ചു. എല്ലാ ശക്തിയും ആവാഹിച്ച് ഒന്നു അലറി. ഒരു ചെറിയ മോങ്ങലിന്‍റെ വിങ്ങലായി അതു പുറത്തു വന്നു. ശബ്ദത്തിലും പൂട്ട് വീണിരിക്കുന്നു. ഇനി?
പീളകെട്ടിയ കണ്ണുകളിലെ പ്രതീക്ഷയുടെ ഇമകള്‍ തുറന്നു. ചുവരില്‍ തെല്ലുയരത്തിലായി വെളിച്ചത്തിന്‍റെ ഒരു വെള്ളരി വിത്ത് വീണതായിരുന്നു അതിനു കാരണം. ഈയിടെയായി സതീഷിന്‍റെ ഒരോ ദിവസത്തിന്‍റേയും അവസാനം ആരംഭിക്കുന്നത് ആ വെള്ളരി വിത്തിന്‍റെ രൂപപ്പെടലിലാണ്. ചുവരിലേക്കു പൊട്ടി വീഴുന്ന ആ പാതി വിത്ത് മുഴുവിത്താവും.
ഭസ്മത്തിലിട്ടുണക്കിയ വിത്ത്, മനസിലെന്നും വിഷുക്കണിയായ മുഴുത്തു പഴുത്ത വെള്ളരിക്കയുടേത്. അട്ടത്തു നിരത്തി കെട്ടിതൂക്കിയ വെള്ളരിക്കകളില്‍ ഏറ്റവും സുന്ദരമായത്. വെള്ളരിക്കാപ്പാടത്തു നിന്നും കറിച്ചട്ടിയിലേക്കു കയറാതെ പോയത്. കച്ചവടക്കാരനു കൊടുക്കാഞ്ഞത്. പിന്തുവെള്ളരിക്കയുടെ കുളിര്‍മധുരമായി വെള്ളം ഒഴിക്കുന്ന പെണ്‍കുട്ടിയുടെ വായില്‍ അലിയാതെ പോയത്. പൂമ്പാറ്റകള്‍ പരാഗണം നടത്തിയ മഞ്ഞപ്പൂവില്‍ ഉണ്ണി പിടിച്ചത്. ഒരു വെള്ളരിക്കാപ്പാടത്തിന്‍റെ മൊത്തം മാധുര്യവും മനോഹാരിതയും നിറഞ്ഞത്. അതിന്‍റെ ഒരു വെളുത്ത വിത്ത്. എത്രയെത്ര വെള്ളരിക്കാപ്പാടങ്ങളാണ് അതു ഉള്ളിലൊളിപ്പിച്ചിരിക്കുക! എത്രയെത്രെ പൂമ്പാറ്റകള്‍ക്കുള്ള ആഹ്ളാദമാണ് ആതിനുള്ളിലുണ്ടാവുക! പ്രപഞ്ചത്തിലെ ജീവചൈതന്യത്തിന്‍റെ ഒരു വിത്ത്!
പ്രതീക്ഷയുടെ ആ വിത്ത് ചുമരിലൂടെ അല്‍പ്പദൂരം അരിച്ചു കയറിയിരിക്കുന്നു. ഇനി അതൊരു പാതി വിത്താവും. പിന്നെ ഒരോ ദിവസത്തെ വിഴുങ്ങുന്ന ഇരുട്ട് അതിനേയും വിഴുങ്ങും. ആ വെളിച്ചത്തിന്‍റെ വിത്തു മാത്രമാണ് ഇന്ന് ആ പീളകെട്ടിയ കണ്ണുകള്‍ക്കു പ്രതീക്ഷിക്കാനായി ബാക്കിയുള്ളത്.
ഒരു കസേരയോ സ്റ്റൂളോ ഉണ്ടായിരുന്നെങ്കില്‍ അതില്‍ കയറി വെളിച്ച വിത്തിന്‍റെ സ്റോതസുഷിരത്തിലേക്കെത്താമായിരുന്നു. പ്രപഞ്ചത്തിലെ ശുദ്ധമായ വായു. ഒരു മൂക്ക് നിറച്ച് വലിച്ചെടുക്കാമായിരുന്നു! പക്ഷേ എന്തു ചെയ്യാം. ഉയരമുള്ള ഒരു വസ്തുവും ആ മുറിയിലില്ല. നടുക്കടലില്‍ കുടുങ്ങിയവനെ ചക്രവാളസീമകളില്‍ രൂപംകൊള്ളുന്ന കാര്‍മേഘത്തുണ്ടുകള്‍ കപ്പലിന്‍റെ പുകക്കുഴലായി കൊതിപ്പിക്കുന്നതു പോലെ വെറും മിഥ്യയാവുമോ ഈ സുഷിര വെളിച്ചവും?
പെട്ടെന്നാണ് പരതുന്ന കൈകളില്‍ അലമാറയുടെ കൈപ്പിടി തടഞ്ഞത്. ഉയരവും വീതിയുമുള്ള കൂറ്റന്‍ അലമാറ! അതിന്‍റെ കൈപ്പിടിയില്‍ കയറി നില്‍ക്കാന്‍ പലതവണ ശ്രമിച്ച് പരാജയപ്പെട്ടതെങ്കിലും വീണ്ടും ശ്രമിച്ചു. ഇത്തവണ വല്ല വിധേനയും അതിലേക്കു വലിഞ്ഞു കയറാന്‍ കഴിഞ്ഞു. പിന്നെ പതുക്കെ പതുക്കെ അലമാറയുടെ എത്താത്ത വശങ്ങളില്‍ കൈയെത്തിപ്പിടിച്ച് പതുക്കെ പതുക്കെ എഴുന്നേറ്റു നിന്നു. ഇനി പതുക്കെയൊന്നു തിരിഞ്ഞുനോക്കിയാല്‍ ഭിത്തിയിലെ സുഷിരം കണ്ടേക്കും. അതോടെ അതു സത്യമാണോ മിഥ്യയാണോ എന്നു തീര്‍ച്ചയാവും.
പതുക്കെ തിരിയുമ്പോള്‍ അറിഞ്ഞു, അള്ളിപ്പിടിയിലേക്കു വിയര്‍പ്പു നുഴഞ്ഞു കയറുന്നത്. അലമാറയുടെ മിനുസമുള്ള കൈപ്പിടിയിലേക്കു അതു ചെന്നെത്തുന്നത്. പൂര്‍ണ്ണമായും തിരിയുന്നതിനു മുമ്പേ അള്ളിപ്പിടി വഴുതി. കാലും.
തറയിലെത്തുന്നതിനു മുന്‍പേ നഗ്നമായ അടിവയറിലേക്കു ഇടിവെട്ടുപോലെ ആ കൈപ്പിടി കയറി. ഒരു നിമിഷം ശരീരം അവിടെ തങ്ങി നിന്നു. പിന്നെ നിലത്തേക്കൂര്‍ന്നു വീണു. അടിവയറ്റില്‍ രണ്ടുകൈകളും കൊണ്ടമര്‍ത്തി ചുരുളാവുന്നതിനേക്കാള്‍ ചുരുണ്ടു കിടന്നു ഞരങ്ങി. മഴുകൊണ്ട് വെട്ടിയതു പോലെ വേദന. ഉരുക്കു കൈകള്‍ കൊണ്ട് കശക്കിപ്പിടിച്ചതുപോലെ വയറു ചുരുങ്ങി കൂടുകയാണ്.
വരള്‍ച്ച വരളുന്ന തൊണ്ടയിലേക്കൊരു തുള്ളി വിയര്‍പ്പെങ്കിലും. ഇപ്പോള്‍ നെറ്റിയും വരണ്ടിരിക്കുന്നു. അടിവയറ്റില്‍ നിന്നും ചോര ഇറ്റുന്നുണ്ട്. അതിലേക്കു കൈകള്‍ കുമ്പിളായി. ചുണ്ടോടടുപ്പിക്കുമ്പോള്‍ മൂക്ക് പറഞ്ഞു, ചോരയല്ല മൂത്രമാണ്. കുടിക്കേണ്ടെന്നു ബോധവും സാരമില്ലെന്നു തൊണ്ടയും. തര്‍ക്കത്തിലേക്കു തല താണപ്പോള്‍ ചുണ്ടുകള്‍ ഉപ്പുവെള്ളം നനഞ്ഞ് നീറി.
ചേരട്ട പോലെ തറയില്‍ ചുരുണ്ടു കിടക്കുമ്പോള്‍ കണ്ടു, പതിവില്ലാതെ സുഷിര വെളിച്ചം മേഘയുടെ ജഡത്തിലേക്കു പാളിനോക്കുന്നത്. വെളിച്ചം കണ്ടു ഭയന്ന ഇരുട്ടിന്‍റെ പുഴുക്കള്‍ ജഡത്തിന്‍റെ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും പുറത്തേക്കു ചാടുന്നു. അടച്ച വായ തുറന്നുവെച്ച് നുരയ്ക്കുന്ന പുഴുക്കള്‍. തറയിലൂടെ ഇഴഞ്ഞെത്തുന്ന പുഴുക്കള്‍.
ചാടി എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിറക്കുന്ന ബലമില്ലാത്ത കാലുകളില്‍ കുമ്പിട്ട് വളഞ്ഞു നിന്നു. കാലിലേക്കും ആ പുഴുക്കള്‍ അരിച്ചെത്തുന്നുണ്ടോ? അപ്പോഴും ഒറ്റി വീഴുന്ന വേദനയിലേക്കാണോ അവ അരിച്ചെത്തുന്നത്? എത്രനേരം ഇങ്ങിനെ നില്‍ക്കണം? ശരീരം തണുത്തുറയുന്നതിനു മുമ്പ് കാലുകള്‍ കുഴഞ്ഞു വീണാല്‍ ഈ പുഴുക്കള്‍... ?
ഒന്നു ചത്തുകിട്ടിയാല്‍ മതിയായിരുന്നു. എങ്ങിനെ? സ്വയം കഴുത്തു ഞെരിച്ചു മരിക്കാന്‍ ആവില്ലല്ലോ. പണം നിറച്ച ഈ കൂറ്റന്‍ അലമാറ തന്‍റെ മേലേക്കു വലിച്ചിട്ടാലോ? പക്ഷേ അലമാറ ഒന്നിളകുന്നു പോലുമില്ല.
പെട്ടെന്നു സതീഷ് തിരിഞ്ഞു നിന്ന് മേഘയുടെ ജഡത്തെ നോക്കി ചോദിച്ചു. "എന്തിന് നീ എന്നെ ഇങ്ങിനെ തവണകളായി കൊല്ലുന്നു. ഞാന്‍ നിനക്കു ഒരു നിമിഷം കൊണ്ട് സമ്മാനിച്ചില്ലേ മരണം? പഞ്ഞിപോലെ മൃദുലമായ മരണം. പക്ഷേ നീ... "
"എന്നെ കൊല്ലാനല്ലല്ലോ നിങ്ങളുടെ സ്വാര്‍ഥ നേട്ടങ്ങള്‍ക്കു വേണ്ടിയല്ലേ നിങ്ങളതു ചെയ്തത്?" സതീഷിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് മേഘയുടെ തൊണ്ട ശബ്ദിച്ചു.
"അതെ ഞാന്‍ സ്വാര്‍ഥനായിരുന്നു. എങ്കിലും നിന്നെ ഞാന്‍ വളരെയധികം സ്നേഹിച്ചിരുന്നു, ഒരു പക്ഷേ എന്‍റെ ഭാര്യയേക്കാളധികം. അതേ സമയം ഭാര്യയേയും കുഞ്ഞുങ്ങളേയും ഞാന്‍ സ്നേഹിച്ചിരുന്നു. അതെ, അവര്‍ എന്‍റെ ഭാര്യയും എന്‍റെ മക്കളും ആയതുകൊണ്ട് മാത്രം തന്നെ. എന്നെ നീയും അവരും സ്നേഹിക്കുന്നുണ്ടായിരുന്നു. ആ സ്നേഹത്തിന്‍റെ പ്രധാന തൂണുകള്‍ എന്‍റെ ധനം, സമൂഹത്തിലെ വിലയും നിലയും, അങ്ങിനെ പലതും ആയിരുന്നു. അതൊക്കെ ഇല്ലാതാകുന്നതോടെ നിങ്ങള്‍ക്കാര്‍ക്കും എന്നെ വേണ്ടാതാകും എന്നു എനിക്കു നല്ലപോലെ അറിയാമായിരുന്നു. അതൊഴിവാക്കാനാണു നഷ്ടങ്ങളുടെ ഒരു നീണ്ട ചങ്ങലക്കു പകരം നീയെന്ന ഒരു കണ്ണി മാത്രം ഇല്ലാതാക്കാന്‍ ഞാന്‍ തീരുമാനിച്ചത്. എന്‍റെ സ്വാര്‍ഥത തന്നെ. സമ്മതിച്ചു. അതിനു പ്രതികാരമായാണോ നീ എന്നോട് ഇത്ര ക്രൂരയാകുന്നത്?"
"ഞാന്‍ എന്തു ക്രൂരത കാണിച്ചെന്നാണു പറയുന്നത്? നിങ്ങളെ വിശ്വസിച്ചതോ? എല്ലാം അറിഞ്ഞിട്ടും സ്നേഹിച്ചതോ? നിങ്ങള്‍ പറഞ്ഞതൊക്കെ അനുസരിച്ചതോ? ങാ, ഒരു ക്രൂരത ഞാന്‍ ചെയ്തിട്ടുണ്ട്. നിങ്ങളുടെ കുട്ടിയെ എന്‍റെ വയറ്റിലിട്ടു കൊന്ന ക്രൂരത. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ചെയ്ത ഒരേ ഒരു ക്രൂരകൃത്യം. അതിന്‍റെ പാപ പുഴുക്കളാണ് എന്നില്‍ ഇപ്പോള്‍ നുരയ്ക്കുന്നത്." ഒന്നു നിര്‍ത്തിയിട്ട് അവള്‍ തുടര്‍ന്നു. "എന്നിട്ട് നിങ്ങള്‍ എന്തു നേടി?"
"ശരിയാണ്, നീയല്ല, എന്‍റെ ചെയ്തികളാണ് എന്‍റെ പ്രശ്നങ്ങള്‍ക്കു കാരണം. എന്‍റെ ഇരുട്ട് ഞാന്‍ അകത്തി നിര്‍ത്തിയ വെളിച്ചം മാത്രമാണ്. ആ വെളിച്ചത്തെ ക്ഷണിക്കേണ്ടതു ഞാന്‍ തന്നെയാണ്. "
ഊക്കില്‍ ഒന്നു വലിച്ചപ്പോള്‍ അലമാറ ഇളകി. അതു ശക്തിയോടെ തന്‍റെ തലയിലേക്കു വലിച്ചിട്ട സതീഷ് അത്ഭുതപ്പെട്ടുപോയി. ഒരു ചിലന്തിവലയിലൂടെന്നപോലെ അലമാറ തുളച്ച് തല മറുവശത്തേക്കു വന്നിരിക്കുന്നു. അപ്പോള്‍ മുറിയിലെങ്ങും വെളിച്ചം പരന്നിരിക്കുന്നു. മൃതഗന്ധം അകന്നിരിക്കുന്നു. ഈ ചെറിയ സുഷിരത്തിലൂടെ ഇത്രയേറെ വെളിച്ചവും വായുവും വന്നെത്തുമെന്നോ!
അവിശ്വാസത്തോടെ തിരിഞ്ഞപ്പോള്‍ സതീഷ് കണ്ടു, മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നത്. അതിലൂടെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിജയകരമായി ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചതിന്‍റെ സന്തോഷത്തോടെ ഇറങ്ങിപ്പോകുന്നത്.
Tuesday, September 23, 2008
സുനാമി
ഒറ്റക്കിരുന്ന് ചെതുമ്പിക്കുമ്പോഴാണ് ഓര്‍മ്മകളുടെ വേലിയേറ്റമുണ്ടാകുന്നത്. ചിന്തകളുടെ കുത്തൊഴുക്കിനു ശക്തി കൂടുന്നത്. 'ഇനിയെന്ത്?' എന്ന ചോദ്യം കൂടെക്കൂടെ അസ്വസ്ഥതയുടെ തല ഉയര്‍ത്തുന്നത്. ഉത്കണ്ഠ വരിഞ്ഞു മുറുക്കുന്നത്. പിന്നെ ആശ്വാസം ലഭിക്കാന്‍ തത്ത്വചിന്തകളുടെ നൂലാമാല നിറച്ചുണ്ടാക്കിയ ഏതെങ്കിലും തലയിണ തപ്പിയെടുത്ത് കണ്ണടച്ച് അതിലേക്ക് തല ചായ്ക്കേണ്ടി വരും. ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഞാനല്ലെന്ന് സ്വയം വിശ്വസിപ്പിക്കേണ്ടി വരും. പലതും മൊത്തമായെടുത്തു വിധിയുടെ പിടലിക്കു കെട്ടേണ്ടി വരും.
എങ്കിലും ഈയിടെയായി അറിയുന്നു, ചെതുമ്പിക്കാതിരിക്കാന്‍ ചിന്തകള്‍ സഹായിക്കുമെന്ന്. ഓര്‍മ്മകള്‍ ചിന്തക്കു വളം ആകുമെന്നും. അതു മാത്രമല്ല, ഓര്‍മ്മകളിലൂടെ അലയാനും ഒരു രസമുണ്ട്. ഒരുപക്ഷേ അവയൊക്കെ വേദനയും വിഷമങ്ങളും ചാലിച്ചു ചേര്‍ത്തതാണെങ്കില്‍ പോലും.
വസന്തയുടെ കൂരയില്‍ താമസിക്കുന്ന കാലത്തെ ഓര്‍മ്മകളാണ് ഏറെയും. അവളുടെ കൂടെ ആ മരക്കട്ടിലില്‍ കിടന്നിരുന്ന കാലം. ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. ഞങ്ങള്‍ നൂറുപേര്‍ ഒന്നിച്ച് ഒരു കടലാസില്‍....
അക്കാലത്ത് അങ്ങാടിയില്‍ സുലഭമായിരുന്ന ഒരു തിരുമ്പ് സോപ്പിന്‍റെ മണമായിരുന്നു വസന്തക്ക്. അവളുടെ കെട്ടിയവനും കുട്ടികള്‍ക്കുമാവട്ടെ വസന്തയുടെ മണമാണ് കൂടുതലും. തോരാതെ കിട്ടുന്ന സ്നേഹത്തിന്‍റെ മണം. എനിക്കും പകര്‍ന്നു കിട്ടിയിട്ടുണ്ട്, ആ മണം.
അയല്‍ വീടുകളില്‍ വീട്ടു പണിക്കും അത്യാവശ്യം പാടത്തു പണിക്കുമൊക്കെ പോകുമെങ്കിലും കിട്ടുന്ന ഇടവേളകളില്‍ അവള്‍ കൂരയിലേക്കോടിയെത്തും. ഇളയ കുട്ടിയെ മുലയൂട്ടും. മൂത്തവളുടെ മുടി ചീകി പേനെടുക്കും. അല്ലെങ്കില്‍ അവളുടെ സ്ളേറ്റില്‍ മഷിത്തണ്ടു തേച്ച് മിനുക്കും. കെട്ടിയവനു വേണ്ടി പിഞ്ഞാണത്തില്‍ മാറ്റി വെച്ച പഴങ്കഞ്ഞിയില്‍ മോരും കാന്താരി മുളകും ഞെരടി ചേര്‍ക്കും. അതിനു വേണ്ടി പണിക്കു ചെല്ലുന്ന വീടുകളില്‍ നിന്ന് അല്‍പം മോര് ഇരന്നു വാങ്ങാനും അവള്‍ക്ക് മടിയില്ല. പകലന്തിയോളം പൊരിവെയിലില്‍ പണിയെടുക്കുന്ന കെട്ടിയവനെ രാത്രിയില്‍ ഉഷ്ണമൂത്രത്തിന്‍റെ പിടിയില്‍ നിന്നു രക്ഷിക്കാന്‍ മോരിനു മാത്രമേ കഴിയൂ എന്നു അവള്‍ക്കറിയാം.
ചെറിയൊരു സമയത്തിന്‍റെ ആ ഇടവേളകള്‍ എപ്പോഴും അവസാനിക്കുന്നത് ഒരേ രീതിയിലാണ്. അയയില്‍ നിന്നും ഒറ്റമുണ്ട് വലിച്ചെടുത്ത് അതിന്‍റെ കോന്തല എളിയില്‍ കുത്തി സാരി പോലെ വലിച്ചു ചുറ്റി അവള്‍ ഓടും. പാടത്തേക്ക്, അല്ലെങ്കില്‍ അടുത്ത വീട്ടിലേക്ക്.
പടി കടന്നാല്‍ എനിക്കവളെ കാണാന്‍ കഴിയില്ല. കാരണം വീട്ടിനു പുറത്തേക്കു അവള്‍ എന്നെ കൊണ്ടു പോകാറില്ല.
ങാ, ഒന്നു രണ്ടു തവണ കൊണ്ടുപോയിട്ടുണ്ട്. പെരുമഴ തോര്‍ന്ന ഒരു സന്ധ്യക്ക് മഞ്ഞക്കാമാല മൂത്ത ഇളയവളെ തോളിലിട്ട് അവള്‍ ഇറങ്ങിയോടുമ്പോള്‍ എന്നെ മുണ്ടിന്‍റെ കോന്തലയില്‍ കുടുക്കി എളിയില്‍ കുത്തിയിരുന്നു. ശ്വാസം പിടിച്ച് പകച്ചിരിക്കുകയായിരുന്നു ഞാന്‍. ഞാന്‍ മാത്രമല്ല, മറ്റു തൊണ്ണൂറ്റി ഒന്‍പതും മിഴിച്ചിരുപ്പാണ്. ഓടി അണച്ച് ഒരു വലിയ വീട്ടിലേക്കു കയറിയ വസന്ത ഉറക്കെ കരഞ്ഞു. വാതില്‍ തുറന്നിറങ്ങി വന്ന ഡോക്ടറുടെ കാലില്‍ വീണ് അവള്‍ കരഞ്ഞു പറഞ്ഞു - "എന്‍റെ കുഞ്ഞിനെ രക്ഷിക്കണം. " കുഞ്ഞിനു ഇന്‍ജക്ഷനും മരുന്നും ഡ്രിപ്പ്സും ഒക്കെ കൊടുക്കുമ്പോള്‍ അവളുടെ നെഞ്ചിലെ ഏങ്ങലടി ഇങ്ങ് എളിയിലേക്കു കേള്‍ക്കുന്നുണ്ടായിരുന്നു. തെല്ലു സുഖം പ്രാപിച്ച കുഞ്ഞിനേയും കൊണ്ടിറങ്ങാന്‍ നേരം അവള്‍ മുണ്ടിന്‍റെ കോന്തലയഴിച്ച് ഞങ്ങളെ ഡോക്ടര്‍ക്കു വെച്ചു നീട്ടി.
വസന്തയെ വിട്ടു പിരിയുന്ന കാര്യമോര്‍ത്തപ്പോള്‍ എന്‍റെ കണ്ണു നിറഞ്ഞു. എന്‍റെ മാത്രമല്ല, കൂടെയുള്ളവരുടേയും. വിയര്‍പ്പിലും കണ്ണീരിലും മുങ്ങിയ മുഖങ്ങള്‍ കണ്ടു സഹതപിച്ചാവണം, ഡോക്ടര്‍ നിര്‍ബന്ധപൂര്‍വ്വം ഞങ്ങളെ മുണ്ടിന്‍റെ കോന്തലതുമ്പിലേക്ക് തന്നെ മടക്കി വെപ്പിച്ചു.
അന്നു രാത്രി വസന്തയുടെ കെട്ടിയവന്‍ അതിശയിച്ചു - "എന്ത് ധൈര്യത്തിലാ നീ അത്ര വലിയ ഡോക്ടറുടെ വീട്ടിലേക്ക് കയറിച്ചെന്നത്?" കോന്തലയില്‍ ഞങ്ങള്‍ കിടന്നിരുന്നതിന്‍റെ ധൈര്യത്തിലാണെന്നു വസന്ത മറുപടി പറഞ്ഞപ്പോള്‍ ഒരു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചതിന്‍റെ ചാരിതാര്‍ഥ്യം ഞാന്‍ ഉള്ളാലെ തൊട്ടറിഞ്ഞു.
പിന്നീടൊരിക്കല്‍ വസന്തയൂടെ കൂടെ ഞാന്‍ പുറത്തിറങ്ങിയത് അവളുടെ മൂത്ത കുട്ടിയെ സ്ക്കൂളില്‍ ചേര്‍ക്കാനാണ്. സ്ക്കൂളില്‍ കാശിന്‍റെ ആവശ്യം ഉണ്ടായില്ലെങ്കിലും പുസ്തകം, സഞ്ചി, കുട, അങ്ങിനെ കുറച്ച് കാശ് കടയില്‍ കൊടുക്കേണ്ടതായി വന്നു. അത്രയും കാശൊക്കെ കെട്ടിയവന്‍ കരുതിയിരുന്നു. പക്ഷേ അതിനിടയില്‍ കുട്ടിയുടെ കണ്ണ് കടയില്‍ തൂക്കിയിട്ടിരുന്ന ഒരു മിന്നുന്ന മഞ്ഞ ഉടുപ്പിലേക്ക് വിടര്‍ന്നു. അവള്‍ അതിനു വേണ്ടി ചിണുങ്ങാനും വാശി പിടിച്ചു കരയാനും തുടങ്ങി. ഒരുവേള വസന്ത കുപ്പായമെടുത്ത് മുണ്ടിന്‍റെ കോന്തലയില്‍ നിന്ന് ഞങ്ങളെ നിവര്‍ത്തിയെടുത്തതായിരുന്നു. പക്ഷേ പെട്ടെന്ന് ആ മഞ്ഞനിറത്തില്‍ തെളിഞ്ഞ ചില മുന്‍കരുതലുകള്‍ കണ്ടിട്ടാവണം, ഉടുപ്പ് തിരിച്ചു വെച്ച് അവള്‍ ഞങ്ങളെ മുണ്ടിന്‍റെ കോന്തലയിലേക്കു തന്നെ ചുരുട്ടിക്കയറ്റി. വാശിപിടിച്ചു കരയുന്ന ആ കുഞ്ഞിനെ തല്ലുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു, കടക്കാരന്‍റെ മേശവലിപ്പിലേക്കു കയറിച്ചെന്ന് ആ കുപ്പായം കുഞ്ഞിനു സമ്മാനിക്കാന്‍.
പക്ഷെ, എന്തെങ്കിലുമൊക്കെ തീരുമാനിക്കാന്‍ ഞങ്ങളാര്? എല്ലാം നിശബ്ദരായി കാണാനും കേള്‍ക്കാനും മാത്രം വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്‍മാര്‍! പണിയും കൂലിയും അപൂര്‍വ്വമാകുന്ന കര്‍ക്കിടക രാവുകളില്‍ കഞ്ഞിക്കു വേണ്ടി കരയുന്ന കുട്ടികളുടെ വാടിയ മുഖങ്ങളിലേക്കു നോക്കി വെറുതെ ഇരിക്കേണ്ടുന്നവര്‍. കെട്ടുതാലി പോലും കഴുത്തിലില്ലാത്തതുകൊണ്ട് കൂടെ പണിയെടുക്കുന്നവരും അയല്‍ക്കാരും നിഷ്ക്കരുണം തൊടുക്കുന്ന അസ്ത്രങ്ങളേറ്റ് സജലങ്ങളാകുന്ന വസന്തയുടെ കണ്ണുകള്‍ തുടയ്ക്കാന്‍ കഴിയാത്തവര്‍. സ്ക്കൂളിലേക്കു പോകുന്ന മൂത്തവളുടെ ചോറ്റു പാത്രത്തിലേക്കു കെട്ടിയവന്‍റെ പിഞ്ഞാണത്തില്‍ നിന്ന് പഴങ്കഞ്ഞി പകുക്കേണ്ടി വരുമ്പോള്‍ അതിലേക്കിറ്റുന്ന കണ്ണീര്‍ത്തുള്ളികള്‍ക്ക് തട കെട്ടാന്‍ കഴിയാത്തവര്‍. ഒന്നു കരയാന്‍ പോലുമാവാതെ എല്ലാം ഉള്ളിലടക്കിപ്പിടിച്ചിരുന്ന എത്രയെത്ര ദിവസങ്ങള്‍!
എങ്കിലും സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചിരുന്നു, 'ഞങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും?'
ഒരു ദിവസം രാവിലെ സ്ക്കൂളില്‍ പോകാന്‍ നേരത്ത് മൂത്തവള്‍ പത്തു രൂപാ ചോദിച്ചു.
"പത്തു രൂപയോ!! എന്തിനാ?" വസന്തക്ക് അത്ഭുതവും ദേഷ്യവും തോന്നി.
"സുനാമി ഫണ്ടിലേക്കു കൊടുക്കാനാ. "
"അതെന്തു പണ്ടാരാ?"
"പണ്ടാരല്ല, ഫണ്ട്. "
മൂത്തവള്‍ ക്ളാസ് ടീച്ചര്‍ പറഞ്ഞതൊക്കെ അതുപോലെ പറഞ്ഞെങ്കിലും വസന്ത കാശു കൊടുത്തില്ല. കൈയിലില്ലാത്തത് കൊടുക്കാന്‍ ആവില്ലല്ലോ, ആര്‍ക്കും.
അപ്പോള്‍ കുട്ടി ടീച്ചര്‍ കൊടുത്തു വിട്ട ഒരു നോട്ടീസ് തുറന്ന് അമ്മയെ കാണിച്ചു. അക്ഷരമറിയാത്ത വസന്ത നോട്ടീസിലെ ചിത്രം വായിച്ചു. - കടലെടുത്ത വീടിന്‍റെ അവശിഷ്ടങ്ങള്‍ക്കു മുമ്പില്‍ ഒരു കൊച്ചു പെണ്‍കുട്ടിയും ചാവാലിപ്പട്ടിയും തളര്‍ന്നുറങ്ങുന്ന ചിത്രം! -
വസന്തയുടെ കണ്ണുകളില്‍ കരുണയുടെ ഒരായിരം സുനാമികള്‍ ഉയര്‍ന്നു പൊങ്ങുന്നത് കാണാമായിരുന്നു. അവള്‍ ആ ചിത്രത്തിലേക്കും തന്‍റെ മകളുടെ മുഖത്തേക്കും ഒന്നു നോക്കി. പിന്നെ തെല്ലും മടിക്കാതെ ഞങ്ങളെ കുട്ടിയുടെ കൈവെള്ളയിലേക്കു ചുരുട്ടി വെച്ചു.
വസന്തയെ പിരിയുകയാണ്. എന്‍റെ ഉള്ളില്‍ കരച്ചിലുകള്‍ മുളപൊട്ടാനാവാതെ വിങ്ങി.
ഒരു കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചതിന്‍റെ ചാരിതാര്‍ഥ്യം തൊട്ടറിഞ്ഞതാണ്. അങ്ങിനെ എത്രയെത്ര കുഞ്ഞുങ്ങളെ രക്ഷിക്കാനാവും! ഞാന്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സ്ക്കൂളിന്‍റെ ബാങ്ക് അക്കൌണ്ടിലൂടെ ഞാന്‍ സര്‍ക്കാറിന്‍റെ ദുരിതാശ്വാസ നിധിയിലെത്തി. അതിനിടയില്‍ ഞങ്ങള്‍ നൂറുപേരും തമ്മില്‍പ്പിരിയാന്‍ നിര്‍ബ്ബന്ധിതരായി. പക്ഷേ അതൊന്നും ഞങ്ങളെ വേദനിപ്പിച്ചില്ല. കാരണം ദുരിതങ്ങളുടെ സുനാമിക്കു തടയിടാന്‍ ഞങ്ങള്‍ക്കു തിടുക്കമായിരുന്നു.
വൈകിയാണെങ്കിലും ഇന്നറിയുന്നു, ഞങ്ങളിലൊന്നു പോലും സുനാമിയുടെ കെടുതിക്കിരയായവരെ ഇന്നുവരെ കണ്ടിട്ടില്ലെന്ന്. അതേ സമയം ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും മദ്യഷാപ്പും വ്യഭിചാര ശാലയും വരെ കാണേണ്ടി വരികയും ചെയ്തു.
അതിലും പരിതാപകരമാണ് എന്‍റെ കാര്യം. വസന്തയുടെ കൈയില്‍ നിന്നും എന്നെ പറിച്ചെറിഞ്ഞ ആ സുനാമിയെ പഴിച്ച്, എന്നെ വിട്ടകന്ന മറ്റു തൊണ്ണൂറ്റൊന്‍പതിന്‍റേയും വിധി വിപര്യയങ്ങളോര്‍ത്ത്, ഈ ഇരുട്ടറയില്‍ നിഷ്ക്രിയനായി, ക്ളാവു പിടിച്ച്, ചൊറികുത്തി.... ഇനിയുമെത്ര കാലം ഇങ്ങിനെ?? അറിഞ്ഞുകൂടാ.
Saturday, August 16, 2008
പാണ്ടിയുടെ അന്ത്യയാത്ര
"വേലകണ്ട് പോ...
പെണ്ണ് കൊണ്ടു പോ....
ഞണ്ടു കൂട്ടി, ചാറു കൂട്ടിചോറുണ്ട് പോ...
കൂയ്... കൂയ്..... കൂയ്..... "
പാണ്ടിക്ക് പ്രായമോ ഉണങ്ങി മെലിഞ്ഞ തന്‍റെ ശരീരമോ ഒരു പ്രശ്നമായിരുന്നില്ല. ചാടിത്തിമിര്‍ക്കുകയാണ് പാണ്ടി.
നരച്ചു നീണ്ട താടിയിലൂടെ ഈള പതഞ്ഞൊഴുകി. ഒട്ടിയ വയറില്‍ നിന്നും കീറമുണ്ടിന്‍റെ പാതിയോളം ഊര്‍ന്നിറങ്ങിക്കഴിഞ്ഞു. വള്ളി ട്രൌസറിട്ട ചെക്കന്‍മാര്‍ പൂഴിമണ്ണും പുളിയിലയും വീശിയെറിഞ്ഞ് കൂടെ ചാടുന്നുണ്ട്. കൈയിലെ തകരപ്പാട്ടയില്‍ തുള്ളിച്ചാടിത്തളര്‍ന്ന അലൂമിനിയത്തിന്‍റെ രണ്ടു പൈസ തുട്ടുകളും മൂന്നു പൈസ തുട്ടുകളും പൂഴിമണ്ണിലേക്കു ചാടി. കനമുള്ള അഞ്ച് പൈസ തുട്ടുകള്‍ ഇപ്പോഴും പാട്ടയില്‍ തുള്ളിക്കളിക്കുന്നുണ്ട്.
"ആരാണ്ടാ പാണ്ടിക്ക് പിരാന്ത് കേറ്റണത്? ഓടെഡാ മുണ്ടന്‍റെ മക്കളെ...." തങ്കമ്മച്ചെട്ടിച്ചി ചുണ്ണാമ്പു വട്ടി താഴെയിട്ട് വേലി ചുവട്ടിലെ മഞ്ഞരളിക്കൊമ്പ് പൊട്ടിച്ചപ്പോള്‍ ചെക്കന്‍മാര്‍ കൂവി വിളിച്ച് ചിതറിയോടി.
എന്നിട്ടും പാണ്ടി നിര്‍ത്തിയില്ല. "ഡാ പാണ്ടിയേ, വല്ല മുക്കിലും ചുരുണ്ടുകെടന്ന് ചത്തൂടെ നിനക്ക്? ങ്നെ ചാടിചാകണോ?" തങ്കമ്മ ഒച്ചയെടുത്തപ്പോള്‍ പാണ്ടി അടങ്ങി. പിന്നെ പൂഴി മണ്ണില്‍ വളഞ്ഞു കിടന്നു കിതച്ചു.
"പാണ്ടീന്‍റെ പണ്ടാരടക്കല് ന്നും ന്‍റെ കുടീന്‍റെ മുമ്പീ തന്ന്യാ." തങ്കമ്മ തന്‍റെ തലയില്‍ കൈവെച്ചു. പിന്നെ ചുറ്റുപാടും കണ്ണോടിച്ച് ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പ് വരുത്തിയ ശേഷം മണ്ണില്‍ കിടക്കുന്ന കീറ മുണ്ട് കാലുകൊണ്ടെടുത്ത് പാണ്ടിയുടെ ദേഹത്തിട്ടു. പൂഴിമണ്ണില്‍ ചിതറിക്കിടക്കുന്ന നാണയത്തുട്ടുകള്‍ പെറുക്കി തകരപ്പാട്ടയിലിട്ടു. തൊടിയില്‍ വീണുകിടന്ന തേക്കിലയും ഇറയത്തെ ചൂലില്‍ നിന്നും ഈര്‍ക്കില്‍ തുണ്ടും പൊട്ടിച്ചെടുത്ത് തങ്കമ്മ തന്‍റെ പനമ്പട്ട കൊണ്ട് കെട്ടിമേഞ്ഞ കുടിലിലേക്ക് കയറിപ്പോയി.
"ഡാ, പാണ്ടിയേ..., ണീറ്റ് കുത്തിരിക്കെഡാ. പിരാന്ത് കാട്ടുമ്പോ പൊലം ണ്ടാവണം. നീയിത് ബെക്കം കുടിച്ച് സ്ഥലം കാലിയാക്ക്". പൂഴിമണ്ണില്‍ കുത്തിയിരുന്ന് വിറക്കുന്ന പാണ്ടിയുടെ വിശപ്പിലേക്ക് ഒരു തേക്കിലക്കുമ്പിള്‍ സാന്ത്വനവുമായി തങ്കമ്മ ഇറങ്ങി വന്നു.
ശബ്ദത്തോടെ വായിലേക്കു കയറുന്ന പഴങ്കഞ്ഞിയില്‍ കുറേ പാണ്ടിയുടെ കുഴിഞ്ഞ കവിളിലൂടെ, നരച്ച താടിരോമങ്ങളിലൂടെ ഒലിച്ചിറങ്ങി.
"വറ്റ് വാരി തിന്നുമ്പോ ദ് നാക്കീ തേച്ചോ" ഒരു വറ്റല്‍ മുളക് പാട്ടയിലേക്കിട്ടുകൊണ്ട് തങ്കമ്മ പറഞ്ഞു. "തീറ്റ കഴിഞ്ഞാ ചെത്തല്ല്യാണ്ടെ വെശക്ക് വിട്ടോളണം. മമ്മതിന്‍റെ വെറക് പേട്ടേല് നാല് ദിവസായീത്രെ കൊടിച്ചി കിടക്കുണൂ. "
താടി രോമങ്ങളില്‍ കുടുങ്ങിയ വറ്റ് നാവുകൊണ്ടെടുക്കാന്‍ യത്നിച്ചു കൊണ്ടിരുന്ന പാണ്ടി തലകുലുക്കി സമ്മതിച്ചു. അനുസരിക്കാതിരിക്കാന്‍ പാണ്ടിക്ക് കഴിയില്ല. തങ്കമ്മയെന്നല്ല, ഒരു കൊച്ചു കുട്ടി പറഞ്ഞാല്‍പ്പോലും.
വേരും നാരുമില്ലാത്ത പ്രായം എത്രയെന്നറിയാത്ത പാണ്ടി ഒരിക്കലും ഒന്നും ഇരക്കാറില്ല. എന്നാല്‍ എന്തെങ്കിലും കൊടുത്താല്‍ വേണ്ടെന്നു പറയുന്ന നിഷേധിയുമല്ല. പക്ഷേ പാട്ടു കേട്ടാല്‍ കൂടെ പാടി നൃത്തം വെച്ചു തുടങ്ങുന്ന പാണ്ടിയെ പിന്തിരിപ്പിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്ത് ഭ്രാന്തായാലും ഈണത്തില്‍ പാടിയാല്‍ പാണ്ടിക്ക് ഉന്‍മാദം കേറും. വിറച്ചു ചാടും.
അന്തിവെട്ടം താണപ്പോള്‍, പ്ളാച്ചിപ്പൊത്തില്‍ നിന്നും കാലന്‍ കോഴികള്‍ ഊഴമിട്ട് ഊളിക്കരക്കാരെ വിളിച്ചപ്പോള്‍, പാണ്ടി എഴുന്നേറ്റ് വേച്ചു വേച്ചു നടന്നു. തോട്ടിന്‍ കരയിലെ കള്ളുഷാപ്പിനു അനുബന്ധമായി കെട്ടിമേഞ്ഞ മമ്മതിന്‍റെ വിറക് പേട്ടയിലേക്കാണ് പാണ്ടിയുടെ വിണ്ടു കീറിയ പാദങ്ങള്‍ നിരങ്ങി നീങ്ങിയത്.
ഷാപ്പടച്ചപ്പോള്‍, അവസാനത്തെ എല്ലിന്‍ തുണ്ടും കാര്‍ന്നു കഴിഞ്ഞപ്പോള്‍, നാലഞ്ചു ദിവസത്തെ കുടികിടപ്പവകാശവുമായി കൊടിച്ചിപ്പട്ടി പാണ്ടിയെ ശല്യപ്പെടുത്തി. ഒടുവില്‍ പരാജയം സമ്മതിച്ച പാണ്ടി തന്‍റെ കീറച്ചാക്കും തകരപ്പാട്ടയുമെടുത്ത് പുറത്തേക്കിറങ്ങി.
ഇരുട്ട് ഒളിച്ച കൈതക്കാടുകള്‍. തൊട്ടാവാടിച്ചെടികളുറങ്ങുന്ന തോട്ടു വരമ്പ്. മീനച്ചൂടില്‍ കട്ടവിണ്ടുണങ്ങിയ പടപ്പരപ്പ്. അങ്ങിങ്ങു ഒളിച്ചു കളിക്കുന്ന മിന്നാമിനുങ്ങുകള്‍. പനമ്പട്ടകളിലിരുന്ന് ചൂളം വിളിക്കുന്ന വരണ്ട കാറ്റ്. അതില്‍ ചെണ്ടയുടേയും ഇലത്താളത്തിന്‍റേയും മണം കലര്‍ന്നിട്ടുണ്ടോ? മൂക്കു വിടര്‍ത്തി മണം പിടിച്ചു പാണ്ടി നടന്നു.
ഇപ്പോള്‍ പൊറാട്ടും കളി പന്തലിലെ റാന്തലുകള്‍ തെളിഞ്ഞു കാണാം. വെയില്‍ തിന്നതിന്‍റെ ക്ഷീണമകറ്റാന്‍ അല്‍പ്പ സ്വല്‍പ്പം സേവിച്ച് പൊറ്റ വരമ്പിലിരുന്ന് ബീഡി വലിക്കുന്ന ആസ്വാദകര്‍. പായും പരമ്പും വിരിച്ചിട്ടിരിക്കുന്ന പെണ്ണുങ്ങളും കുട്ടികളും. അവരുടെ വായില്‍ ചുട്ട ചക്കക്കുരുവും പുളിങ്കുരുവുമൊക്കെയാണ്. പലരുടേയും കൈയില്‍ കുഞ്ഞിപനമ്പട്ട ചെത്തിയുണ്ടാക്കിയ മനോഹരമായ വിശറികളുമുണ്ട്. കളി കൊഴുക്കുന്നതിനൊപ്പം തലകളും വിശറികളും ഇളകുന്നുണ്ട്.
"അപ്പനിന്ന് പറഞ്ഞാടി കാട്ടീ പോണംന്ന്
ഊളിക്കര പൊഴേം കടന്ന് കാട്ടീ പോണംന്ന്"
രാമന്‍ ഇപ്പോള്‍ ആറുമുഖന്‍റെ ശരീരത്തിലാണ്.
"കഞ്ഞി വീത്താന്‍ വരട്ടെടാ പൊണ്ടാട്ടി നാന്
കയ്യാള് കിട്ടാക്കാടാണ് കൂട്ടു വേണ്ടേടാ.. "
ചണ്ടി വേലന്‍ തന്‍റെ ലുങ്കി തോളിലൂടെയിട്ട് സീതയായി മാറി.
"കപ്പ പുഴ്‌ക്കും കാന്താരീം കൂട്ടി കഞ്ഞി കുടിച്ചിട്ട്
കൊട്ടാരത്തീ കെടന്നൊറങ്ങടി രാസാത്തീ നീയ്"
രാമന്‍ സീതയെ പിന്തിരിപ്പിക്കുകയാണ്.
"നീയില്ലാണ്ട് എനിക്കെന്ത് ചീവിതമാണ്ടാ
ഒണ്ടെങ്കീത്തന്നെ നാരില്ലാത്ത കോണകം പോലാണ്ടാ.. "
ചിരിയലകള്‍ക്കൊപ്പം പാണ്ടി പന്തലില്‍ കയറി നൃത്തം തുടങ്ങി.
"പുകാടീ പുകാടീ ഞമ്മളു രണ്ടാളും
പുകാടീ കാട്ടിലിക്ക് ഞമ്മളു രണ്ടാളും. "
പാതി രാത്രി കഴിഞ്ഞു. കളി കഴിഞ്ഞു. കളിക്കാര്‍ കളിപ്പണത്തെ കള്ളുപ്പണമാക്കാന്‍ നടന്നകന്നു. കാണികള്‍ തങ്ങളുടെ ചാളകളിലേക്കും.
തന്‍റെ വീട് കൊടിച്ചിക്ക് തീറെഴുതിയ പാണ്ടി മൊട്ടക്കുന്നിന്‍റെ ഇങ്ങേവശത്തെ പാറക്കെട്ടില്‍ തന്‍റെ കീറച്ചാക്ക് വിരിച്ചു. കിടക്കേണ്ട താമസംപാണ്ടി ഉറങ്ങി. അത്രക്ക് അവശനായിരുന്നു പാണ്ടി. മുമ്പ് മണിക്കൂറുകള്‍ചാടിത്തിമിര്‍ത്താലും അവശനാവാറില്ലായിരുന്നു പാണ്ടി. കഴിഞ്ഞ കൊല്ലംവേനല്‍ക്കാലത്താണ് അവശത പാണ്ടിയെ പിടികൂടിയത്.
ഊളിക്കരക്കാവില്‍ കുമ്മാട്ടി. നെറ്റിപ്പട്ടവും മുത്തുക്കുടയുമായി ഗജവീരന്‍മാര്‍ നിരന്നു. പഞ്ചവാദ്യം പൊടിപൊടിക്കുകയാണ്. കൈതക്കാട്ടില്‍ തൂറ്റല്‍ പിടിച്ചു കിടക്കുന്ന പാണ്ടിക്കു തലയൊന്നു പൊക്കാന്‍ പോലും വയ്യ.
അല്‍പ്പം കഴിഞ്ഞപ്പോള്‍ കരിവേല തുടങ്ങി. ഉള്ളിയും മുളകും കാതിലിട്ട, കരിദൈവങ്ങള്‍ക്കായി ചെണ്ടയും കുഴലും ഇലത്താളവും പറവാദ്യം തുടങ്ങി. കൈതക്കാട്ടില്‍ പാണ്ടിയുടെ തല പൊങ്ങി.
"ആരിന്‍റെ ആരിന്‍റെ ചങ്കര നായാടി
ഊളിക്കര പഗവതീന്‍റെ ചങ്കര നായാടി.... "
നൃത്തം ചവിട്ടാന്‍ ചങ്കരനേക്കാള്‍ ആവേശം പാണ്ടിക്കായിരുന്നു. അവസാനത്തെ അമിട്ടും ആകാശത്ത് പൊട്ടിവിരിയുന്നതു വരെ ചാടിത്തിമിര്‍ത്തു പാണ്ടി.
വേലപ്പറമ്പില്‍ പാണ്ടി ചത്തുകിടക്കുന്ന വാര്‍ത്തയുമായാണ് അടുത്ത പ്രഭാതം ഊളിക്കരയിലെത്തിയത്. ചില്ലറ വൈദ്യം കൈവശമുണ്ടായിരുന്ന മമ്മതിന്‍റെ കൈപുണ്യം കൊണ്ടു മാത്രമാണ് പാണ്ടി വീണ്ടും എഴുന്നേറ്റത്. ആരോഗ്യം ഏറെ കൈയൊഴിഞ്ഞെങ്കിലും. അതിനുശേഷം ക്ഷീണം പാണ്ടിയെ വിട്ടൊഴിഞ്ഞിട്ടേയില്ല.
ശുക്ര നക്ഷത്രം ചിരിച്ചപ്പോള്‍ പാറക്കെട്ടില്‍ നിന്നു തെല്ലു മാറി മാരിയമ്മന്‍ കോവിലിനു മുമ്പില്‍ വിസ്താരത്തില്‍ വെട്ടിയ കനല്‍പ്പാടത്തെ കരിക്കട്ടകള്‍ ചുവന്നു തുടങ്ങി. തുടുതുടുത്ത കനല്‍ക്കട്ടകള്‍ക്കിടയിലൂടെ അഗ്നി ആര്‍ത്തിയുടെ നാവു നീട്ടി.
വെട്ടുവഴിയില്‍ പന്തങ്ങള്‍ തെളിഞ്ഞു. ഉടുക്കുകളുടേയും കോല്‍വിളക്കുകളുടേയും അകമ്പടിയോടെ കുംഭക്കളിക്കാര്‍ തലയില്‍ ഏഴും ഒമ്പതും കുടങ്ങള്‍ വെച്ച് ആടിപ്പാടി വന്നു. കുടങ്ങളില്‍ നിന്നും തുളുമ്പിത്തെറിക്കുന്ന കുരുതി വെള്ളം അവരുടെ ചേലകള്‍ക്ക് നിറം പകര്‍ന്നു. നഗ്ന പാദരായി അവര്‍ കനല്‍പ്പാടം കടന്ന് കാവു തീണ്ടി. ചിലര്‍ കനല്‍പ്പാടത്തുകൂടെ ഓടി. ചിലര്‍ ധൃതിയില്‍ നടന്നു. ഇനിയും ചിലര്‍ പൂക്കളിലെന്നപോലെ നൃത്തം വെച്ചു നീങ്ങി.
ഉടുക്കുമേളം കേട്ടുണര്‍ന്ന പാണ്ടിയുടെ കാലുകള്‍ ചടുലങ്ങളായി. കീറച്ചാക്കില്‍ നിന്നും ചളിക്കട്ടകള്‍ ഇളകിത്തെറിച്ചു.
കനല്‍പ്പാടത്തിനപ്പുറത്ത്, പുകപടലങ്ങള്‍ക്കപ്പുറത്ത്, കളിക്കാരെല്ലാം കാവു തീണ്ടിക്കഴിഞ്ഞതിന്‍റെ ആവേശത്തില്‍ ഉച്ചത്തില്‍ പാടിയാടുകയാണ്.
ഉങ്ങില്‍ കൊമ്പിലിരുന്ന മൂങ്ങ ഭയപ്പാടോടെ നീട്ടിമൂളി. തന്‍റെ കിടക്കയില്‍ ആരംഭിച്ച പാണ്ടിയുടെ നൃത്തം, പാറക്കല്ലുകള്‍ കടന്ന്, കാരപ്പൊന്തകള്‍ കടന്ന്, കനല്‍പ്പാടത്തെത്തുകയാണ്.
"മഞ്ഞള്‍ ചേല ചുറ്റി,
വേപ്പിന്‍ കുരുതി ചൂടി,
ആട്...ആട്... മാരിയമ്മന്‍ തായേ... "
പാണ്ടിയുടെ പാട്ട് നേരിയ ഞരക്കങ്ങളായി കനല്‍പ്പാടത്തൊടുങ്ങി. പിന്നെ ചാരവും പുകയുമൊത്ത് ആകാശത്തേക്കു പടര്‍ന്നു കയറി കാര്‍മേഘങ്ങളില്‍ വിലയിച്ചു.
പിന്നെ മഴത്തുള്ളികളോടൊപ്പം വന്ന് ചങ്കരന്‍റേയും ആറുമുഖന്‍റേയുമൊക്കെ തലയില്‍ മുത്തമിട്ടു. കരിമ്പനകളിലിരുന്ന് കുടുക്കയിലെ കള്ള് മോന്തുന്ന കാക്കകള്‍, പ്ളാച്ചിപ്പൊത്തിലെ കാലന്‍ കോഴികള്‍, മൂങ്ങകള്‍... തവളകള്‍.... എല്ലാം ആ മഴയുടെ താളത്തില്‍ മതി മറന്നാഹ്ളാദിച്ചു.
`എന്തൊക്കെണ്ടായ്ട്ടെന്താ കാര്യം ശകുന്തളേ' കഥ വായിക്കാന്‍ ഇതിലൂടെ
Tuesday, July 22, 2008
കൊഴുത്ത പട്ടിയും ഭ്രാന്തനും പിന്നെ സദാനന്ദനും
സദാനന്ദന്‍ അങ്ങിനെ വരുന്നതു കാണുമ്പോള്‍ തന്നെ പലരും വശത്തേക്ക് വഴിയൊഴിയും. അങ്ങിനെ ചെയ്യാത്ത ചിലരുമായി അയാള്‍ കൂട്ടിയിടിച്ചിട്ടുണ്ട്. ഇടിയേറ്റ ആളുടെ മുഖത്തേക്ക് ഒരു കടുത്ത 'സോറി' വലിച്ചെറിഞ്ഞിട്ട് സദാനന്ദന്‍ നടന്നകലും. കൂടുതല്‍ വേഗത്തില്‍.
ഇനിയൊരു തിരക്കേറിയ പാതയാണ്. നഗരത്തിന്‍റെ ഹൃദയത്തിലേക്കുള്ള പ്രധാന പാത. അതിന്‍റെ അങ്ങേ വശത്തുള്ള ബസ്സ്റ്റോപ്പാണ് സദാനന്ദണ്റ്റെ ലക്ഷ്യം. കൊഴുത്തൊഴുകുന്ന വാഹനങ്ങളുടെ നിര മെലിയുന്ന ലക്ഷണമില്ല. വേഗം കുറയുന്നതിന്‍റെയും. അക്ഷമയുടെ സ്റ്റാര്‍ട്ടിംഗ് ബ്ളോക്കില്‍ എത്ര നേരം ഇങ്ങിനെ നില്‍ക്കേണ്ടി വരും?
പെട്ടെന്നതാ ഒരാള്‍ കുത്തിയൊഴുകുന്ന നദിയിലേക്കു സ്പീഡ് ബോട്ടെന്ന പോലെ ചാടി നീങ്ങുന്നു. ഞൊടിയിട ചിന്തിക്കാതെ സദാനന്ദനും അയാളുടെ തൊട്ടു പിന്നിലായി വെച്ചു പിടിച്ചു. മുന്നിലും പിന്നിലും ചീറിക്കടന്നു പോകുന്ന വാഹനങ്ങള്‍ അയാളുടെ മുഖത്തും പുറത്തും ആപത്തിന്‍റെ കാറ്റുതുപ്പിക്കൊണ്ടിരുന്നു. മുന്നില്‍ നടക്കുന്ന ആള്‍ക്ക് നൂല്‍ കോര്‍ത്തിട്ടെന്നപോലെ സദാനന്ദന്‍ തെന്നിച്ചാടിയും നിന്നും ഓടിയും റോഡിനപ്പുറത്തെത്തി ഒരു ദീര്‍ഘശ്വാസം എടുത്തു.
അപ്പോള്‍ മുന്നില്‍ നടന്ന ആള്‍ തിരിഞ്ഞു നിന്നു. വൃത്തികെട്ട താടിയും മുടിയും മൂക്കിണ്റ്റെ ഇടതുവശത്തു ഈച്ചയാര്‍ക്കുന്ന വ്രണവുമുള്ള ആയാള്‍ ഒരു ഭ്രാന്തനാണെന്നു ഏതു ഭ്രാന്തനും എളുപ്പം ഊഹിക്കാം. ഇയാളെ വിശ്വസിച്ചാണല്ലോ താന്‍ ഈ റോഡ് മുറിച്ചു കടന്നതെന്നോര്‍ത്ത് അത്ഭുതപ്പെടുമ്പോള്‍ ഭ്രാന്തന്‍ കൂടുതല്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് സദാനന്ദനോട് പത്തു രൂപ ആവശ്യപ്പെട്ടു.
"പത്തു രൂപയോ!"
"അതെ, വല്ല വാഹനവും ഇടിച്ചിട്ടിരുന്നെങ്കില്‍... വണ്ടി വാടക, ഹോസ്പിറ്റല്‍ ബില്ല് ഒക്കെയായി ചിലവെത്യ്രാവും! അതൊക്കെ ഒഴിവാക്കി തന്നില്ലേ? പത്തു രൂപ കൂടുതലൊന്നുമല്ല. പിന്നെ വിശപ്പടക്കാനല്ലേ എന്നു കരുതൂ"
ഭ്രാന്തന്‍ ആളു കൊള്ളാമല്ലോ. അഞ്ചു രൂപ നീട്ടിക്കൊണ്ട് സദാനന്ദന്‍ സ്റ്റോപ്പിലേക്കു വന്ന ബസിലേക്കു കുതിക്കാന്‍ തുടങ്ങി.
ഭ്രാന്തന്‍ വഴിതടഞ്ഞുകൊണ്ടു പറഞ്ഞു. "എവിടെക്കാ സാറേ ഇങ്ങിനെ ധൃതിപിടിച്ച്? ഓഫീസിലേക്കൊന്നുമല്ലല്ലോ. വീട്ടില്‍ ചെന്ന് ടീവിക്കു മുമ്പില്‍ ചടഞ്ഞിരിക്കാനല്ലേ ഈ ഓട്ടം?"
'അപ്പോള്‍ ഇവന്‍ ഭ്രാന്തന്‍ അല്ലേ? പറയുന്നതില്‍ പതിരൊന്നുമില്ലല്ലോ' പത്തു രൂപാ നീട്ടുമ്പോള്‍ പെട്ടെന്നുണ്ടായ ഒരു കൌതുകം സദാനന്ദന്‍റെ ശീലമായിപ്പോയ ധൃതിയുടെ വഴിക്കു കുറുകെ നിന്നു. പിന്നെ ആ കൌതുകം ഭ്രാന്തനെ പിന്തുടര്‍ന്നു.
സ്റ്റാന്‍ഡിനു തൊട്ടടുത്തുള്ള തട്ടു കടയിലേക്കു കയറാതെ അതിനപ്പുറത്തെ കടയില്‍ നിന്നും മുന്തിയ ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി ഭ്രാന്തന്‍ നടന്നു. തെല്ലു ദൂരം നടന്ന ഭ്രാന്തന്‍ ആക്രിത്തെരുവിലേക്കു കയറി. അഞ്ചാറു തെരുവു പിള്ളേര്‍ അയാള്‍ക്കു ചുറ്റും കൂടി. സ്വന്തം വിശപ്പു വക വെക്കാതെ മറ്റു പിള്ളേര്‍ക്ക് ആഹാരം കൊടുക്കുന്ന ഇയാള്‍ ഭ്രാന്തനല്ല. തീര്‍ച്ച.
സദാനന്ദന്‍റെ ആ ചിന്ത അധികം മുന്നോട്ടു പോയില്ല. അതിനു മുന്‍പേ ഭ്രാന്തന്‍ ബിസ്ക്കറ്റ് പാക്കറ്റ് കുപ്പായത്തിണ്റ്റെ ആഴങ്ങളിലേക്കു പൂഴ്ത്തിവെച്ച് ഒരു ചെക്കന്‍റെ തലക്കു ശക്തിയോടെ കിഴുക്കി. മറ്റൊരുത്തന്‍റെ ചന്തിക്കു ചവുട്ടി. പിള്ളേര്‍ കൂക്കിവിളിച്ചു കൊണ്ട് ചിതറിയോടി. ഇപ്പോള്‍ ഒരു മുഴുത്ത ഭ്രാന്തനെ അയാളില്‍ കാണാം.
ആക്രിത്തെരുവ് അവസാനിക്കുന്നത് സമ്പന്നര്‍ താമസിക്കുന്ന ഭാഗത്തെക്കു നീളുന്ന മറ്റൊരു തെരുവിലേക്കാണ്. അങ്ങോട്ട് കയറേണ്ട താമസം, ഒരു തടിച്ചു കൊഴുത്ത പട്ടി കുരച്ചുകൊണ്ട് ചാടിവീണു. സദാനന്ദന്‍ പേടിച്ചു വഴിയൊഴിഞ്ഞു. പട്ടി സദാനന്ദനെ വിട്ട് ഭ്രാന്തനെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. ഒരു പിച്ചക്കാരനേയോ ഭ്രാന്തനേയൊ കണ്ടാല്‍ ഏതു കൊടിച്ചിപ്പട്ടിക്കും ശൌര്യം കൂടുമെന്ന് സദാനന്ദനറിയാം. നിമിഷങ്ങള്‍ക്കകം ആ കൊഴുത്ത പട്ടിയുടെ കൂര്‍ത്തു നീണ്ട പല്ലുകള്‍ ഭ്രാന്തന്‍റെ മെലിഞ്ഞ ശരീരത്തിലേക്കു ആഴ്ന്നിറങ്ങുമെന്നും.
ഭ്രാന്തന്‍റെ അരക്കെട്ടിലേക്കു മുന്‍കാലുകളെടുത്തു വെച്ച പട്ടി, കുതിച്ചുയര്‍ന്നു. പിന്നെ ആര്‍ത്തിയോടെ ചവച്ചിറക്കി, ഒരു ബിസ്ക്കറ്റ്. ഭ്രാന്തന്‍ ആകാശത്തിലേക്കു ഉയര്‍ത്തിയിടുന്ന ബിസ്ക്കറ്റുകള്‍ ചാടിപ്പിടിച്ചു തിന്നുന്നതിനിടയില്‍ പട്ടി ഇടയ്ക്കിടെ സദാനന്ദനെ ക്രൂരമായി നോക്കുന്നുണ്ട്. 'ബിസ്ക്കറ്റ് തീര്‍ന്നാല്‍ നീയാണെന്‍റെ ലക്ഷ്യം' എന്ന ഭാവത്തില്‍.
സദാനന്ദന്‍ ഓടിച്ചെന്നു കിട്ടിയ ബസില്‍ക്കയറി രക്ഷപ്പെട്ടു.
അടുത്ത ദിവസവും അതേ നേരത്ത് അതേ സ്ഥലത്ത് ഭ്രാന്തന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഇത്തവണ അബദ്ധം പറ്റാതിരിക്കാന്‍ ഭ്രാന്തന്‍ റോഡ് മുറിച്ചു കടന്ന് ഏറെ കഴിഞ്ഞാണ് സദാനന്ദന്‍ അപ്പുറത്തേക്ക് നടന്നത്. അവിടെ കാത്തുനിന്നിരുന്ന ഭ്രാന്തന്‍ അന്നും പത്തുരൂപാ ചോദിച്ചു. മര്യാദക്ക് റോഡ് ക്രോസ് ചെയ്യാന്‍ പഠിപ്പിച്ചതിന്. റോഡിന്‍റെ വശത്തു നിന്നും പട്ടി തല നീട്ടി കുരച്ചപ്പോള്‍ അറിയാതെ കാശു കൊടുക്കുകയും ചെയ്തു. അന്നും ഭ്രാന്തന്‍ ആ പട്ടിക്കു തീറ്റ കൊടുത്തു.
തന്‍റെ കാശിനു വാങ്ങിയ ബിസ്ക്കറ്റ് തിന്ന് തന്‍റെ നേരെ കുരച്ചു ചാടുന്ന ആ പട്ടിയും അതിനെ തീറ്റിപോറ്റുന്ന ഭ്രാന്തനും സദാനന്ദണ്റ്റെ സാമാന്യ ബുദ്ധിക്കു വഴങ്ങാത്ത രണ്ടു പ്രതിഭാസങ്ങളായി മാറി.
ഇനി ഒരു പൈസ പോലും ആ ഭ്രാന്തനു കൊടുക്കുന്ന പ്രശ്നമില്ല. സദാനന്ദന്‍ തീരുമാനിച്ചുറപ്പിച്ചു.
അന്ന് വൈകുന്നേരം സദാനന്ദന്‍ മറ്റൊരു വഴിയിലൂടെയാണ് ബസ് സ്റ്റോപ്പിലേക്കു നടന്നത്. അത് ഏറെ വളഞ്ഞ വഴി ആണെങ്കിലും റോഡ് ക്രോസ് ചെയ്യേണ്ടതില്ല. ഏതാണ്ട് എതിര്‍ദിശയിലുള്ള ഒരു പരിക്രമം.
ഇങ്ങേവശത്തു കൂടെ ബസ് സ്റ്റോപ്പ് എത്താറായപ്പോള്‍ സദാനന്ദന്‍റെ കണ്ണുകള്‍ തെല്ലു ദൂരെ റോഡിനപ്പുറത്തേക്കു പാഞ്ഞു. `ഇല്ല, ഇന്നു ഭ്രാന്തന്‍ അവിടെ കാത്തു നില്‍ക്കുന്നില്ല. '
അറിയാതെ അയാളുടെ കണ്ണുകള്‍ ആക്രിക്കടകള്‍ക്കിടയിലെ വഴിയിലേക്കു തിരിഞ്ഞു. വഴിയുടെ അങ്ങേ തലയ്ക്കലിരിക്കുന്ന ഭ്രാന്തന്‍ കൊഴുത്ത പട്ടിയെ ബിസ്ക്കറ്റു തീറ്റുന്നു. മറ്റാരോ ഇന്നു ഭ്രാന്തന്‍റെ കരുവായിരിക്കുന്നു. കൊഴുത്ത പട്ടി തിന്നു തടിച്ചോട്ടെ. തന്‍റെ കീശ ഭദ്രമായിരുന്നാല്‍ മതി.
ആരോ തോണ്ടി വിളിച്ചപ്പോള്‍ സദാനന്ദന്‍ തിരിഞ്ഞു. കണ്ണട വെച്ച ഒരാള്‍. അതെ, ഭ്രാന്തന്‍ എന്നും ബിസ്ക്കറ്റ് വാങ്ങിക്കാറുള്ള ആ കടയുടെ ഉടമ.
"രൂപാ അന്നന്നു തരുന്നോ, അതോ ശമ്പളദിവസം ഒന്നിച്ചോ?"
"ഏതു രൂപാ?"
"നിങ്ങള്‍ ദിവസവും അയാള്‍ക്കു കൊടുക്കാമെന്നേറ്റിരിക്കുന്ന രൂപാ. അതിനുള്ള ബിസ്ക്കറ്റ് വാങ്ങിക്കൊണ്ടു പോകുമ്പോള്‍ കാശ് നിങ്ങളോട് നേരിട്ട് വാങ്ങിച്ചോളാനാണ് അയാള്‍ പറഞ്ഞിരിക്കുന്നത്. "
"ഞാനറിയാതെ ഞാന്‍ ഇയാളുടെ കടക്കാരനായെന്നോ?!"
വക്രിക്കുന്ന അയാളുടെ പുരികത്തിനു താഴെ കണ്ണടയില്‍ തെളിഞ്ഞ തന്‍റെ മുഖം കണ്ട് സദാനന്ദന്‍ ഞെട്ടി. വൃത്തിഹീനമായ നീണ്ട താടിയും മുടിയും വ്രണവും ....
Friday, July 11, 2008
അമ്മിണി
ഡിക്രൂസിന്‍റെ കനത്ത മൌനം അമ്മിണിയുടെ സഹന പരിധിക്കപ്പുറത്തേക്കു നീളുകയാണ്. അവള്‍ തന്‍റെ കനത്ത ചെരിപ്പു ഡിക്രൂസിന്‍റെ കവിളത്ത് ചാര്‍ത്തിക്കൊണ്ട് അതു തന്നെ വീണ്ടും ചോദിച്ചു.
ഡിക്രൂസിന്‍റെ കവിള്‍ത്തടങ്ങള്‍ മാത്രമല്ല, കണ്ണും മൂക്കും നെറ്റിയുമൊക്കെ ചുവന്നിട്ടുണ്ട്. എല്ലാം അമ്മിണിയുടെ ചെരിപ്പു മുത്തിച്ചുവപ്പിച്ചതാണ്.
ഡിക്രൂസ് അവളുടെ ചോദ്യത്തിനുള്ള ഉത്തരം ആലോചിക്കുകയായിരുന്നു - "ഞാന്‍ ഇവളുടെ ആരാണ്?" തന്തയാണെന്ന് പറഞ്ഞാല്‍..? അവളുടെ കൈയിലെ ചെരിപ്പ് എങ്ങിനെ പ്രതികരിക്കും എന്നറിയില്ല.
ഡിക്രൂസിന്‍റെ ചോര കിനിയുന്ന മുഖം കനത്ത മൌനത്തിന്‍റെ മടിയിലേക്കു തൂങ്ങി കിടന്നു. മുഴുവനായി മുന്നോട്ട് നീട്ടി വെച്ച അയാളുടെ കാലുകളിലിരുന്ന് അമ്മിണി ഭേദ്യം തുടരുകയാണ്.
"ഓ, തന്തയാണല്ലേ. ആരു പറഞ്ഞിട്ടാ നീ എന്നെ ഉണ്ടാക്കിയത്?" ചെരിപ്പു വീണ്ടും തൂങ്ങിക്കിടക്കുന്ന ഡിക്രൂസിന്‍റെ തലയെ ഉലച്ചു.
വിജൃംഭിതമായ ക്ഷോഭത്താല്‍ ഡിക്രൂസ് വിറച്ചു. ഒറ്റപ്പിടുത്തത്തിനു അവളുടെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ വെമ്പുകയായിരുന്നു അയാള്‍. പക്ഷേ അയാളുടെ കൈകള്‍ പുറകിലേക്ക് കൂച്ചിക്കെട്ടിയിരുന്നു അമ്മിണി.
"നീ പറയില്ലേടാ?" അമ്മിണിയുടെ കൈയിലെ ചെരിപ്പു വീണ്ടും പൊന്തി. താണു. ഡിക്രൂസിന്‍റെ തൂങ്ങിക്കിടക്കുന്ന മുഖമൊന്നുലഞ്ഞു. ഈളയും ചോരയും കലര്‍ന്ന് മടിയിലേക്കിറ്റി. ഉള്ളതപ്പടി പറഞ്ഞാല്‍ ഒരു പക്ഷേ ഇവള്‍ തന്നെ വിട്ടേക്കുമോ?
"നിന്‍റെ ആലോചന നല്ല വഴിക്കാണ്. വേഗം പറയെടാ പട്ടീ. "
ഇവള്‍ക്കു തന്‍റെ മനസിലുള്ളതു പോലും അറിയാന്‍ കഴിയുന്നുണ്ടല്ലോ. പിന്നെന്തിനാ ഈ ഭേദ്യം?
"ഞാന്‍ മാത്രം അറിഞ്ഞാല്‍ പോരല്ലോ. വേറേം നാലാളു അറിയണ്ടേ. പ്രത്യേകിച്ച് നിന്‍റെ പുന്നാര വായനക്കാര്‍. "
'അപ്പോള്‍ അതാണ് നിന്‍റെ ലക്ഷ്യം. എന്നെ വായനക്കാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം. '
"പ്രദര്‍ശിപ്പിക്കുമെഡാ. അതും തുണിയില്ലാതെ" ഡിക്രൂസ് വിയര്‍ത്തൊലിച്ചു.
മേരി ഷെല്ലിയുടെ ഫ്രാങ്കന്‍സ്റ്റയീന്‍ വായിച്ചതിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ന്നു. അതിനേക്കാള്‍ അപകടകരമായി തീര്‍ന്നല്ലോ തന്‍റെ പ്രവര്‍ത്തി എന്നു സ്വയം പരിതപിക്കുകയും ചെയ്തു.
"ഒക്കെ അറിഞ്ഞിട്ടും നീ എന്തിനാടാ ഈ മറ്റേപ്പണിക്ക് ഒരുമ്പെട്ടത്?"
എന്തിനായിരുന്നു? പണം? അതോ പ്രശസ്തിയോ? പ്രശസ്തി എന്നു പറയാമോ? നാലാളുടെ മുമ്പില്‍ ഞെളിഞ്ഞു നടക്കാനുള്ള ദുര്‍മോഹം. സ്വല്‍പ്പം കാലുവാരല്‍ തുടങ്ങിയ നമ്പറുകള്‍. ഒക്കെ കൂടെ വരുത്തി വെച്ച വിനയാണിത്.
"ഇനിയും കണ്ണു തുറന്ന് ഇരുട്ടു നീക്കാനാവും. "
അമ്മിണി തെല്ലു തളര്‍ന്നുവോ? തല്ലുന്നവനും തളരുമെന്നു എവിടെയാ വായിച്ചത്?
"നിന്‍റെ ഒരു പരട്ടു കഥയിലാ"
ഒരു രാത്രി ഉറക്കമിളച്ചിരുന്ന് എഴുതിയ തന്‍റെ കഥയിലേക്കു അമ്മിണി വിളക്കു തെളിക്കുകയാണ്.
പെണ്ണും പുള്ളേരുമൊക്കെയായി സുഖമായി കഴിഞ്ഞു കൂടുന്ന കാലം. നിലാവുള്ള ഒരു രാത്രി സ്തംഭിച്ച വയറുമായി പുറത്തേക്ക് ഇരിക്കുമ്പോള്‍ ഓരിയിടാന്‍ ഉത്കടമായ ഒരാശ. അടക്കാനാവാതെ വന്നപ്പോള്‍ ഓരിയിട്ടു, ഉച്ചത്തില്‍. ദൂരെ നീലക്കുന്നുകളില്‍ അവ ചെന്നിടിച്ച് തിരിച്ചു വരുമ്പോള്‍ കൂടെയുണ്ട് കുറെ കുറുക്കന്‍മാര്‍. അതുവരെ കാണാത്തവ. ഒക്കെ കൂടെ തിണ്ണയില്‍ നിരന്നിരുന്ന് ഒരു റിലേ ഓരിയിടല്‍ ആയിരുന്നു പിന്നീട്.
സഹികെട്ട കുടുംബം ഓടി അകന്നപ്പോള്‍ ഓരിയിടല്‍ രാവില്‍ നിന്നും പകലിലേക്കും പടര്‍ന്നു. ഒക്കെ കുറുക്കന്‍മാരല്ലേ, ഓരിയിടലിലെ ഓരോ കുതന്ത്രങ്ങളേയ്! എത്ര വേഗമാണ് താന്‍ അക്കാര്യത്തില്‍ എല്ലാവരേയും കവച്ചു വെച്ചത്! മറ്റു കുറുക്കന്‍മാരുമായി ഒരു വാക്കാല്‍ ഉടമ്പടി ഉണ്ടാക്കി. അല്‍പം കാശിറക്കിയാലും ആദ്യത്തെ ഓരിശ്രീ അവാര്‍ഡ് കൈക്കലാക്കി. പിന്നീടതു നിര്‍ത്തലാക്കാനുള്ള ബുദ്ധി കൂടെ കാണിച്ചതോടെ സാധാ ഡിക്രൂസ് ഓരിശ്രീ ഡിക്രൂസായി മാറി.
അങ്ങിനെ തിളങ്ങി നില്‍ക്കുന്ന കാലത്താണ് മാതൃവാനം പത്രാധിപരുടെ ഫോണ്‍ വരുന്നത്. ഓണപ്പതിപ്പിലേക്ക് യുവ ഓരിയിടലിന്‍റെ ഒരു കലക്കന്‍ സാധനം വേണം.
കഥയോ, നോവലോ? ഡിക്രൂസ് ഉഷാറായി.
"എന്തായാലും നല്ല നീളം വേണം. പിന്നെ ഒരു കാര്യം കൂടെ, ഇത്തവണത്തേത് ഒരു സ്പെഷ്യല്‍ ഇഷ്യു ആണ്. 'പെണ്ണുങ്ങള്‍ കലിതുള്ളും നൂറ്റാണ്ട് എന്നൊരു പാട്ട് കേട്ടിട്ടില്ലേ. അത്തരത്തിലൊന്ന്. "
അങ്ങിനെയാണ് അമ്മിണി പിറക്കുന്നത്. ഉണ്ണിയാര്‍ച്ചയെ വെല്ലുന്ന ഉറുമിക്കടകന്‍റെ ലഹരിയില്‍ അമ്മിണി അടിച്ചു കയറുമ്പോള്‍ മാതൃവാനവും ഡിക്രൂസും വാനോളം ഉയരുകയായിരുന്നു. അടിച്ചൊതുക്കല്‍ ഒരു രോഗമായി അവളിലേക്കു പടര്‍ന്നു കയറി. ഡിക്രൂസിന് ഓരിയിടല്‍ എന്നതു പോലെ ഇന്ന് അവളും ഒരു രോഗത്തിനു അടിമയാണ്.
കഥാകൃത്തിന്‍റെ രോഗങ്ങള്‍ക്കു മരുന്നുണ്ട്, പക്ഷേ കഥാപാത്രത്തിന്‍റെ രോഗത്തിനോ? പക്ഷിപ്പനി പോലെ പക്ഷികളില്‍ ഒതുങ്ങി നില്‍ക്കാതെ മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിലേക്കു അതു കയറി വന്നാലോ? ദൈവമേ, ഓര്‍ക്കാന്‍ തന്നെ വയ്യ!
"അതു ശരി, അപ്പോള്‍ ആ പന്നക്കഴുവേറികള്‍ക്കു വേണ്ടിയാണല്ലേ നീ എന്നെ തല്ലിപ്പടച്ചുണ്ടാക്കിയത്. അവര്‍ക്കിട്ടു നാല് താങ്ങിയിട്ടു വരാം. " അമ്മിണി ഒരു കാലിലും ഒരു കൈയിലും ചെരിപ്പുമായി ധൃതിയില്‍ നടന്നു.
Wednesday, April 30, 2008
അനുധാവനം (ചെറുകഥ)
പക്ഷേ മുരുകന്‍റെ ചായക്കടയുടെ മുമ്പിലെ മരബെഞ്ചുകളില്‍ ബഷീറും വേണുവും ഇരിക്കുന്നില്ല. അതിനര്‍ത്ഥം അമല ഉടന്‍ ഓടിത്തുടങ്ങുമെന്നാണ്. ചെട്ടിക്കുളത്തുനിന്നുള്ള ഒന്നേകാല്‍ മണിക്കൂറിന്‍റെ ആ ഓട്ടം ടൌണിലാണ് അവസാനിക്കാറ്.
നീണ്ട ഹോറണ്‍ മുഴങ്ങി. ഉഷയുടെ നടത്തം ചെറുക്കനെ ഒരോട്ടമായി.
ഉഷ കയറിയതോടെ ബസ് ഉരുണ്ടുനീങ്ങി. മഴക്കാലത്ത് ഏതോ ട്രാക്റ്ററിന്‍റെ ചക്രം പുതഞ്ഞു രൂപം കൊണ്ട കുഴിയില്‍ക്കയറി ബസ് നല്ലപോലെ ഒന്നൊലുഞ്ഞു. പിന്നെ പിച്ച വെക്കാന്‍ തുടങ്ങിയ ഒരു കുട്ടിയെപ്പോലെ ബസ് അതിന്‍റെ യാത്ര തുടങ്ങി. പട്ടണത്തിലെ തിരക്കുകളിലേക്ക്, ബഹളങ്ങളിലേക്ക്, ധൃതികളിലേക്ക്, നിര്‍വികാരതകളിലേക്ക്.
ബസില്‍ കുറച്ചു യാത്രക്കാര്‍ ഇരിക്കുന്നുണ്ട്. എല്ലാവരേയും ഉഷക്കറിയാം. അവര്‍ക്ക് ഉഷയേയും അറിയാമെന്നു അവരുടെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ തെളിയിക്കുന്നു.
"ഉഷക്കുട്ടീന്ന് ബ്ളൂസ്റ്റാറില് പോയില്ലേ?" ഏറ്റവും പിന്നിലെ നീളന്‍ സീറ്റിനു മുന്നിലിട്ടിരിക്കുന്ന സ്റ്റെപ്പിനി ടയറില്‍ വാഴക്കുലകള്‍ നിരത്തി, അതേ ടയറിന്‍റെ വക്കത്ത് ചടഞ്ഞിരിക്കുന്ന തങ്കമ്മ കുശലങ്ങള്‍ക്കു തുടക്കമിട്ടു.
"ഉഷക്ക് ഞായറാഴ്ച്ചയും വീട്ടിലിരുന്നൂടാന്ന് ണ്ട്വോ?" കണ്ണാശുപത്രിക്ക് പോണ രാമന്‍ നായര്‍.
"ഉഷങ്ക്ഡ് ഇരുന്നോളു, അതുവരെ മിണ്ടീം പറഞ്ഞും പോവാലോ" പരദൂഷണം പാര്‍വ്വതി തന്‍റെ ഉദ്ദേശ്യം മറച്ചു വെച്ചില്ല.
കുറേ മുന്നിലൊരു ഒഴിഞ്ഞ സീറ്റില്‍ ഇരിപ്പുറക്കുന്നതു വരെ ചോദ്യങ്ങള്‍ ഉഷയെ അനുഗമിച്ചു.
എല്ലാ ചോദ്യങ്ങള്‍ക്കും ഉഷയുടെ ഉത്തരം ഒരു ഇടത്തരം പുഞ്ചിരിയായിരുന്നു. ഉഷയുടെ മുഖത്തൊട്ടിച്ച ആ ചിരി അവള്‍ക്കു ദൈവം കൊടുത്തതാണ്, നുണക്കുഴിക്കും കവിളിലെ മറുകിനോടുമൊപ്പം. ഒരിക്കലും അസ്തമിക്കാത്ത ആ ചിരി ഒരു കണ്ണാടിച്ചിരിയാണെന്ന് കുറേക്കാലം കോളേജില്‍ അവളുടെ പുറകെ നടന്ന ശിവരാമന്‍ ഒരിക്കല്‍ പറയുകയുണ്ടായിട്ടുണ്ട്. അതേ ചിരിയാണ് അതിനും മറുപടിയായി അവള്‍ കൊടുത്തത്. 'ഒരു പെണ്‍കുട്ടിയെങ്കിലും തന്നെ സ്നേഹിച്ചിരുന്നെങ്കില്‍!' എന്ന ഉത്ക്കടമായ അഭിവാഞ്ചയുമായി കോളേജില്‍ കറങ്ങി നടക്കുന്നതിനിടയിലാണ് ശിവരാമന്‍ ഉഷയുടെ പുഞ്ചിരിയില്‍ തടഞ്ഞു വീണത്. സ്നേഹം പെയ്യുന്ന പുഞ്ചിരി. അതോ കാമം കണ്ണിറുക്കുന്ന വശ്യച്ചിരിയോ? അറിയാതെ അവന്‍ ആ പുഞ്ചിരിയെ അനുധാവനം ചെയ്തു.
ഒരു ദിവസം ഒരു കൊച്ചു കാര്യത്തിന് ശിവരാമന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഉഷയുടെ ചിരിയില്‍ ദേഷ്യം. അത്രയ്ക്കത്ര! ശിവരാമന്‍ അതിശയിച്ചു പോയി. അപ്പോള്‍ ഉഷയുടെ ചിരിയിലും അതേ അതിശയം! പിന്നീട് പലപ്പോഴായി നീരസം, നിര്‍വികാരത, വെറുപ്പ്, എല്ലാം ആ പുഞ്ചിരിയില്‍ തെളിഞ്ഞപ്പോള്‍ ശിവരാമന് അതൊരു പിടികിട്ടാച്ചിരിയായി മാറി. എത്ര മേക്കപ്പ് ചെയ്താലും കരിങ്കുരങ്ങിന്‍റെ വംശപരമ്പരയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് തന്‍റെ രൂപം കണ്ണാടിയില്‍ തെളിയുന്നതുപോലെ വെറുമൊരു കണ്ണാടിച്ചിരി മാത്രമായിരുന്നോ അത്. ശിവരാമന് തന്നോടു തന്നെ പുച്ഛം തോന്നി. അപ്പോള്‍ ഉഷയുടെ ചിരിയിലും പുച്ഛം നുരഞ്ഞു. പിന്നീടൊരിക്കലും ശിവരാമന്‍ ഉഷയുടെ മുഖത്തേക്കു നോക്കിയിട്ടില്ല.
എന്നാല്‍ സുഹൃത്തുക്കള്‍ക്കോ, ഉഷ എന്നും പുഞ്ചിരിക്കുന്ന ഒരു സൌഹൃദം മാത്രം.
ബഷീറും ബസ്സിന്‍റെ വശത്തെ കണ്ണാടി പിന്നിലിരിക്കുന്ന ഉഷയെ ലക്ഷ്യമാക്കി തിരിച്ചിട്ടില്ല. ആ കണ്ണാടിച്ചിരി അവനേയും കുഴക്കുന്നുണ്ടെന്നു തീര്‍ച്ച.
പക്ഷേ ഇപ്പോള്‍ ഉഷയുടെ ചിരിയില്‍ കണ്ണു വിടര്‍ത്തുന്നത് അത്ഭുതം. കഴിഞ്ഞ സ്റ്റോപ്പില്‍ നിന്നു കയറിയ ഒരു യുവാവിന്‍റെ മുഖത്ത് ആ കണ്ണാടിച്ചിരി കണ്ടതാണ് ഉഷയെ അത്ഭുതപ്പെടുത്തിയത്. ആ ചിരി?? ഉഷ സംശയിച്ചപ്പോള്‍ യുവാവിന്‍റെ മുഖത്തും സംശയം. പിന്നെ അത് കൌതുകമായി, കുശലമായി, സൌഹൃദമായി... വേണ്ട, ഇനി മുന്നോട്ടു പോകണ്ടാ. ആ ചിരിയില്‍ പ്രേമം വിടര്‍ന്നാലോ?
ഉഷ പുറത്തേക്കു നോക്കി. മിന്നി മറയുന്ന വീടുകളും, പാടങ്ങളും, വൃക്ഷങ്ങളും... ബസ് ബൈപ്പാസിലൂടെ പറപറക്കുകയാണ്. എതിര്‍വശത്തുനിന്നും കടന്നു പോകുന്ന വാഹങ്ങള്‍ക്ക് രൂപമോ നിറമോ ഒന്നും തന്നെയില്ല. ത്സീം.... ത്സീം.... എന്ന ശബ്ദം മാത്രം. ഉഷക്കല്‍പം പേടി തോന്നി. ഇന്നലെ പത്രത്തില്‍ കണ്ടത്... മരണം വാരി വിതറിയ പട്ടിക്കാട് ബസ്സപകടം. തൃശൂര്‍ക്കും പാലക്കാട്ടേക്കുമുള്ള ബസ്സുകള്‍ നേര്‍ക്കുനേര്‍ ഇടിച്ചു തകര്‍ന്ന ചിത്രം. ഉഷ അറിയാതെ മുഖം തിരിച്ചു.
യുവാവിന്‍റെ ചിരിയിലും ഭീതി കൂടുകൂട്ടിയിട്ടുണ്ടോ? മാത്രമല്ല, അയാള്‍ ഇപ്പോള്‍ തന്‍റെ തൊട്ടടുത്തുള്ള സീറ്റിലാണ് ഇരിക്കുന്നത്.
ഉഷ ചുറ്റും കണ്ണോടിച്ചു. ഇല്ല, അറിയുന്ന ആരുമില്ല. ശങ്കരിയും രാമന്‍ നായരുമൊക്കെ ഇറങ്ങി പോയിരിക്കുന്നു. ഉഷ മുന്നിലെ സീറ്റിലേക്ക് തല ചായ്ച്ച് കണ്ണുകള്‍ ഇറുക്കിയടച്ചു.
"സ്റ്റാന്‍ഡ്... സ്റ്റാന്‍ഡ്.... സ്റ്റാന്‍ഡ് ഒക്കെ എറങ്ങ്വാ..." കണ്ടക്ടറുടെ ഉയരുന്ന ശബ്ദം ഉഷയെ ഉണര്‍ത്തി. ഇറങ്ങുമ്പോള്‍ ഉഷ ഭീതിയോടെ ചുറ്റും നോക്കി. ഇല്ല, അയാളെ എങ്ങും കാണുന്നില്ല. ഉഷക്ക് ശ്വാസം നേരെ വീണു.
"ചെട്ടിക്കുളം... ചെട്ടിക്കുളം...." കണ്ടക്ടര്‍ കിടന്നു കാറുകയാണ്. ഉഷക്ക് അയാളോടു സഹതാപം തോന്നി. അവസാനിക്കാത്ത ഒരേ യാത്ര. ചെട്ടിക്കുളം... സ്റ്റാന്‍ഡ്... ചെട്ടിക്കുളം...
ഉഷ കുട നിവര്‍ത്തി. കുടയ്ക്കു മുകളില്‍ ഉച്ച വെയിലു കത്തി. വാഹനങ്ങളുടെ ഹോറണും ചീറ്റലും... എങ്ങും ബഹളം. ഉഷയുടെ കാലുകളില്‍ ധൃതിയുടെ കടിഞ്ഞാണ്‍ അയഞ്ഞു.
ഇരുമ്പു ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അമ്മായി വരാന്തയിലേക്കിറങ്ങി വന്നു. താഴത്തെ കൊമ്പില്‍ തൂങ്ങി നില്‍ക്കുന്ന പച്ചമാങ്ങകള്‍ കുടക്കാലുകൊണ്ട് പറിക്കാനുള്ള അമ്മാവന്‍റെ യത്നം തന്നെ കണ്ടതിനുശേഷവും തുടരുകയാണ്.
"ദ് ആരാദ്!! ഇങ്ങ്ട്ട്ള്ള വഴിയൊക്കെ ഇപ്പ്ളും ഓര്‍മ്മേണ്ടോ?" അമ്മായിയുടെ വാക്കുകളില്‍ അതിശയം, സന്തോഷം, പരിഭവം, അന്വേഷണം, സ്നേഹം എല്ലാം അളവില്ലാതെ തുളുമ്പി.
ഉച്ചയൂണിന് വിഭവങ്ങളേറെയുണ്ടായിരുന്നില്ലെങ്കിലും വാത്സല്യത്തിന്‍റെ രുചി ആവോളം കഴിച്ചു. യാത്രാക്ഷീണം പതുക്കെ ശരീരത്തെ കീഴടക്കിത്തുടങ്ങി. മയക്കം കണ്ണുകളില്‍ തൂങ്ങി.
"മതി നിന്‍റെ വര്‍ത്തമാനം. അവളിത്തിരി നേരം ഉറങ്ങട്ടെ. മീനച്ചൂടിലെ യാത്രയല്ലേ, നല്ല ക്ഷീണം ണ്ട്വാവും." അമ്മാമന്‍ ആഴ്ച്ചപ്പതിപ്പു മറിച്ചു കൊണ്ട് അമ്മായിയെ ശാസിച്ചു.
"തെക്കേ മുറീലും വടക്കേ തളത്തിലും ഒക്കെ ഓരോ സാധനങ്ങളിട്ട് അലങ്കോലായി കിടക്ക്വാ. അച്ഛന്‍റെ മുറീല് വിരിക്കട്ടെ?" എവിടെയെങ്കിലും ഒന്നു നടുനിവര്‍ത്താല്‍ മതി എന്നു തോന്നിയതുകൊണ്ട് ഉഷ അമ്മായിയോട് ഒന്നും പറഞ്ഞില്ല.
"അച്ഛന്‍ മരിച്ചിട്ട് കൊല്ലം തികയാണ് മേടത്തില്. അന്നു നിങ്ങളാരും വരാഞ്ഞപ്പോ എഴുതി തള്ളീല്ലേ ന്ന് സങ്കടപ്പെട്ടു. പിന്ന്യേം കൊറേ കഴിഞ്ഞാ അറിഞ്ഞത്, ഉഷേടെ അമ്മടെ ഓപ്പറേഷന്‍.. പാവം ഒരുപാട് കഷ്ടപ്പെട്ടോ ആരൂല്ല്യാണ്ടെ?" വിരിപ്പ് മാറ്റി വിരിച്ച് പോകുമ്പോള്‍ അമ്മായിയുടെ കണ്ണ് നനഞ്ഞിരുന്നു.
വാതില്‍ കുറ്റിയിട്ട് ഫാന്‍ മീഡിയത്തിലിട്ട് ഉഷ കിടന്നു. കിടന്നപാടെ ഉറക്കത്തിലേക്ക് ആണ്ടുപോയി.
ഉറക്കത്തിന്‍റെ ആഴങ്ങളില്‍ എവിടെയോ വെച്ച് കറണ്ടു പോയി. ഫാന്‍ നിലച്ചു.
ഞെട്ടി കണ്ണുതുറന്ന ഉഷ ഒരു നടുക്കത്തോടെ കണ്ടു, നടുക്കം പ്രകടമായ ചിരിയുമായി ആ യുവാവ്... അവളുടെ കൂടെ അതേ കട്ടിലില്‍...
Sunday, April 13, 2008
രാത്രി വണ്ടിയിലെ യാത്രക്കാരനും കൂട്ടുകാരിയും
മഴക്കു ജാള്യം തോന്നിക്കാണണം, പമ്മിയൊളിച്ചു മേഘക്കീറിനു പിന്നില്‍. ആരും അതു കണ്ടില്ല. എങ്ങിനെ കാണും? വെളിച്ചമൊളിച്ച രാത്രിയല്ലേ. കൂട്ടിനു പവര്‍കട്ടും.
ഘടികാരത്തിനു പെട്ടെന്നൊരു ബോധോദയം. ഒന്നും ഉള്ളില്‍ വെക്കുന്ന പതിവ് മൂപ്പര്‍ക്കില്ലല്ലോ. തണ്റ്റെ പുത്തന്‍ അറിവ് ഉടന്‍ വിളിച്ചോതി. നീണ്ട പത്തു മുഴക്കങ്ങളിലൂടെ.
ചുമരില്‍ കുരിശ്ശിലേറ്റിയ കറുത്ത പെട്ടി ചിരട്ടത്തൊണ്ട തുറന്നു. ചകിരി ശബ്ദം കയറുപോലെ പിരിഞ്ഞു നീണ്ടു. പല തവണ. പല ഭാഷയില്‍.
"യാത്രക്കാരുടെ ശ്രദ്ധക്ക്. തിരുവനന്തപുരത്തു നിന്നും പാലക്കാട് വരെ പോകുന്ന ട്രെയിന്‍ നമ്പറ്‍ ആറ് മൂന്ന് നാല് മൂന്ന് അമൃതാ എക്സ്പ്രസ്സ് പത്തു മണി അമ്പത് മിനുട്ടുകള്‍ക്ക് മൂന്നാമത്തെ പ്ളാറ്റ് ഫോമിലേക്കു എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു. യാത്രിഗണ്‍ കൃപയാ ധ്യാന്‍ ദേ....... "
ശ്രദ്ധ ഉണര്‍ന്നു. ധൃതി ഉണര്‍ന്നു. ഒച്ച ഉണര്‍ന്നു. മഴ ഉണര്‍ന്നു. എത്തേണ്ടിടത്തിന്‍റെ ഒാര്‍മ്മകള്‍ ഉണര്‍ന്നു. ഉറക്കം വീണ്ടും ഉറങ്ങാനായി ഉണര്‍ന്നു. നിശബ്ദതയുടെ താരാട്ടു കേട്ടുറങ്ങാന്‍.
എത്രയേറെ ഉറക്കങ്ങളാണാ മുറിയില്‍ വിശ്രമിക്കുന്നത്! എന്തൊക്കെത്തരം ഉറക്കങ്ങള്‍! നിശബ്ദമായത്. കുറുങ്ങുന്നത്. മുരളുന്നത്. തറയില്‍ വളഞ്ഞത്. ബെഞ്ചില്‍ നിവര്‍ന്നത്. പെട്ടിപ്പുറത്തേക്ക് ഒടിഞ്ഞത്. ബാഗിലേയ്ക്ക് തല ചായ്ച്ചത്. മുന്‍സീറ്റിലേക്കു ചാഞ്ഞത്. കണ്ണടച്ചത്. തുറന്നത്. പാതിയടച്ചത്. അനുനിമിഷം പെറ്റു പെരുകുന്ന എണ്ണമറ്റ ഉറക്കങ്ങള്‍. എങ്ങും മുഷിഞ്ഞ ഉറക്കത്തിന്‍റെ വാട.
വസ്ത്രങ്ങളും മുഷിഞ്ഞു ചുളിഞ്ഞവയാണെങ്ങും. തീരെ തിളക്കമില്ലാത്തവ. തിളക്കമുള്ളതായി ?? ഒന്നുണ്ട്. കറുത്ത ബാഗിനെ പാതിമൂടിയ പട്ടുപ്പാവാട. മഞ്ഞക്കസവുള്ള ചുവന്ന പാവാട. അതിനു താഴേ ബാഗിനിരുവശവുമായി രണ്ടു പൊന്‍പാദസരങ്ങള്‍ പുല്‍കിയ മാന്തളിറ്‍ കണങ്കാലുകള്‍. തീര്‍ന്നു. മറ്റൊന്നുമില്ല അവിടെ തിളക്കമുള്ളതായി. ഉറക്കത്തിനു പോലുമുണ്ട്, ഒാര്‍മ്മയുടെ കറ.
ഘടികാരം വീണ്ടും ഉണര്‍ന്നു. പുതിയ കണ്ടെത്തല്‍ ഒറ്റ മുഴക്കത്തിലൂടെ ഉദ്ഘോഷിച്ചു. ഉറക്കം പരക്കെ ഞെട്ടി. സ്വപ്നങ്ങള്‍ മുറിഞ്ഞു. അങ്ങിങ്ങ് കോട്ടുവായ കാറ്റ് ഊതി. ദൂരെയൊരു ജൂസറിന്‍റെ രോദനം. നടന്നകലുന്ന ചെരുപ്പ് നേറ്‍ത്തു നേറ്‍ത്തില്ലാതാകുന്ന താളം.
ചൂളം വിളി കാറ്റിലലിഞ്ഞു ചേരുന്ന സംഗീതം. ചക്രങ്ങളുടെ കരുത്തില്‍ ഞെരിയുന്ന പാളങ്ങളുടെ കിരുകിരുപ്പ്. എല്ലാം മഴയുടെ സാന്ത്വനത്തിലലിഞ്ഞു മണ്ണിലമരുന്ന ഗന്ധം. പോയത് ഗൂഡ്സ് വണ്ടിയെന്നു കണ്ണുതുറക്കാത്ത ബോധം പറഞ്ഞു. പറഞ്ഞില്ലെങ്കിലും അറിയാമായിരുന്നു. വര്‍ത്തമാന തേനീച്ചക്കൂടിന്‍റെ മുഴക്കമില്ലായ്മയില്‍ നിന്ന്. പാദന്യാസങ്ങളുടെ അഭാവത്തില്‍ നിന്ന്. ചായ, കാപ്പി ബഹളങ്ങളുടെ ഉണരായ്മയില്‍ നിന്ന്.
ഉണറ്‍ന്നത് ഏതോ കുഞ്ഞിത്തൊണ്ട. ദാഹത്താലാവാം. വിശപ്പു കൊണ്ടാവാം. മൂട്ട കടിയാലാവാം. അല്ലെങ്കില്‍ മൂത്ര സഞ്ചി നിറഞ്ഞിട്ടാവാം.
മൂത്രപ്പുര വാതില്‍ക്കല്‍ നാണയത്തുട്ടുകളിലേക്കു കെട്ടുവീണ ഉറക്കം. ബോധത്തിന്‍റെ തിരിയിലെവിടെയോ നനവ്. തോന്നലാണോ? എങ്ങോ വാതില്‍പ്പാളികള്‍ കരയുന്നുണ്ട്. പാട്ടയില്‍ വെള്ളം ചിരിക്കുന്നുണ്ട്. നാണയത്തുട്ട് മേശമേലിട്ടപ്പോള്‍ കെട്ടുവീണ ഉറക്കം ഞെട്ടി.
കറുത്ത പെട്ടിയുടെ തൊണ്ട കാറി. "യാത്രക്കാരുടെ ശ്രദ്ധക്ക് .. " ആകാംക്ഷയുടെ കണ്ണുകള്‍ തുറന്നു. പ്രതീക്ഷയുടെ കാതുകള്‍ കൂര്‍ത്തു. "... അമൃതാ എക്സ്പ്രസ് പന്ത്രണ്ടു മണി അമ്പത്തഞ്ചു മിനിട്ടുകള്‍ക്ക് മൂന്നാമത്തെ പ്ളാറ്റ്ഫോമിലേക്ക്.... "
ഉണര്‍വിന്‍റെ കണ്ണുകള്‍ അടഞ്ഞു. ബോധത്തിന്‍റെ കൂര്‍ക്കം വലി ഉയറ്‍ന്നു. അറിവ് ഉറക്കത്തിലാണ്ടു. പ്രജ്ഞയുടെ സ്വയമലിഞ്ഞില്ലാതാകുന്ന ഗാഢ നിദ്ര.
മഴയിലുണറ്‍ന്ന പാളങ്ങള്‍. പാളത്തിലുറങ്ങുന്ന ഒരു ഗൂഡ്സ് സുന്ദരി. മൈഥുനേച്ഛയില്‍ വന്നു മുട്ടിയ മുട്ടാളന്‍ എന്‍ജിന്‍. വിജൃംഭിതമായ കാമത്തിന്‍റെ വന്യമായ മുഴക്കത്തില്‍ പ്ളാറ്റ്‌ഫോം വിറച്ചു.
മഴ ഞെട്ടി. ഉറക്കം ഞെട്ടി. പാളത്തിലേക്കു പായുന്ന കണ്ണുകള്‍. കറുത്ത പെട്ടിയിലേക്കു കൂര്‍പ്പിക്കുന്ന കാതുകള്‍. പരതുന്ന കൈകള്‍. ചടുലമാകുന്ന കാലുകള്‍. അനങ്ങുന്ന ബാഗുകള്‍. നിരങ്ങുന്ന പെട്ടികള്‍. പ്രസരിപ്പിന്‍റെ പാദസരങ്ങള്‍.
ആരോ വാതില്‍ തള്ളിത്തുറന്നു. ഈറനുടുത്ത കാറ്റാണ്. മഴയുടെ മണം മടിക്കുത്തില്‍ ഒളിപ്പിച്ചത്.
മുകളില്‍ അപ്പോഴും പങ്കയുടെ പടപടപ്പ്. ചുമരിലുറങ്ങുന്ന ഘടികാരത്തിന്‍റെ ഹൃദയമിടിപ്പ്. കറുത്ത പെട്ടിയുടെ പിറുപിറുപ്പ്. കാത്തിരുപ്പിന്‍റെ അറുമുഷിപ്പ്. ഘടികാരം വീണ്ടും മുഴങ്ങി. രണ്ടു നീണ്ട മുഴക്കങ്ങള്‍. അതിനിടയിലും ഉറക്കം ഒളിച്ചിരിപ്പുണ്ടോ?
കറുത്തപെട്ടി പിറുപിറുത്തു. "യാത്രക്കാരുടെ ശ്രദ്ധക്ക്. തിരുവനന്തപുരത്തു നിന്നും പാലക്കാട് വരെ പോകുന്ന ട്രെയിന്‍ നമ്പറ്‍ ആറ് മൂന്ന് നാല് മൂന്ന് അമൃതാ എക്സ്പ്രസ്സ് മൂന്ന് മണി മുപ്പത്തഞ്ചു മിനുട്ടുകള്‍ക്ക് മൂന്നാമത്തെ പ്ളാറ്റ് ഫോമിലേക്കു എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു. യാത്രിഗണ്‍ കൃപയാ ധ്യാന്‍ ദേ....... "
കറുത്തപെട്ടിയുടെ താഴെയിരുന്നുറങ്ങുന്ന പാറ്റ. പെട്ടിക്കു മുകളില്‍ ഉറങ്ങാത്ത പല്ലി. ഒന്നു വെട്ടിച്ചാടിയ പല്ലിയുടെ വായില്‍ പിടയ്ക്കുന്ന പാറ്റ. വേദന വിഴുങ്ങുന്ന പാറ്റ. വെളിപാടു പോലെത്തുന്ന അതിന്‍റെ അറിവുകള്‍.
ചെയ്യേണ്ടത് ചെയ്തില്ലെന്ന അറിവ്. പലതും ചെയ്യാമായിരുന്നെന്ന അറിവ്. ഇനിയൊന്നും ചെയ്യാനാവില്ലെന്ന അറിവ്. ചെയ്തിട്ടും പ്രയോജനമില്ലെന്ന അറിവ്. നിസ്സഹായതയെ ഗര്‍ഭം ധരിച്ച അനേകം അറിവുകള്‍. ഒപ്പം രാത്രിവണ്ടി വന്നെത്തിയെന്ന തിരിച്ചറിവും.
വണ്ടിയില്‍ കയറിപ്പറ്റാന്‍ എന്തൊരു തത്രപ്പാട്! പിന്നെ.... ഇരുളിന്‍റെ തുരങ്കത്തിലലിയുന്ന വണ്ടിയില്‍, മറുവശത്തെ വിസ്മയങ്ങള്‍ക്കായി അയാള്‍ തനിച്ച്...? അല്ല, അയാളുടെ ഒരേയൊരു കൂട്ടുകാരിയുമൊത്ത്....